"ഓരോ കൈയ്യിലും ഒരു സ്പാന്നർ പിടിച്ചുകൊണ്ടായിരിക്കും ഞാൻ മരിക്കുന്നത്," ഷംസുദ്ദിൻ മുല്ല പറഞ്ഞു. "മരിക്കുമ്പോഴായിരിക്കും ഞാൻ വിരമിക്കുക."

അത് നാടകീയമായി തോന്നുമെങ്കിലും, 70 വർഷത്തിലധികമായി ജോലി ചെയ്തതിന്റെ വലിയൊരു ഭാഗം കട്ടമുറുക്കിയും മറ്റ് പണിയായുധങ്ങളും കയ്യിലേന്തിയാണ് ഷംസുദ്ദിൻ പൂർത്തിയാക്കിയത്. അവയുപയോഗിച്ച്‌ അദ്ദേഹം എല്ലാവിധ യന്ത്രങ്ങളും നന്നാക്കും - വെള്ളത്തിന്റെ പമ്പുകൾ, കുഴൽകിണർ പമ്പുകൾ, ചെറിയ ഖനനയന്ത്രങ്ങൾ, ഡീസൽ എൻ‌ജിനുകൾ, അങ്ങനെ പലതും.

ശരിയായി പ്രവർത്തിക്കാത്തവയും, പ്രവർത്തനം നിലച്ചതുമായ കാർഷികയന്ത്രങ്ങൾക്ക് ജീവൻ നൽകാനുള്ള ഷംസുദ്ദിന്റെ പാടവത്തിന് കർണാടകയിലെ ബെൽഗാവ്, മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ എന്നീ ജില്ലകളിലെ ഗ്രാമങ്ങളിൽ ആവശ്യക്കാരേറെയാണ്. "ആളുകൾ എന്നെമാത്രമേ വിളിക്കുകയുള്ളു," സ്വല്പം അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.

യന്ത്രങ്ങളുടെ തകരാർ കണ്ടുപിടിക്കാനുള്ള അദ്ദേഹത്തിന്റെ പ്രത്യേകരീതി തേടിയാണ് കർഷകരും മറ്റ് ഇടപാടുകാരും ഷംസുദ്ദിന്റെ അടുത്തെത്തുന്നത്. "ഞാൻ യന്ത്രം പ്രവർത്തിപ്പിക്കുന്നയാളോട് അതിന്റെ പിടി തിരിക്കാൻ പറയും. അതിൽനിന്നുമാത്രം എനിക്ക് യന്ത്രത്തിന്റെ തകരാർ എന്താണെന്ന് മനസ്സിലാകും," അദ്ദേഹം വിശദീകരിച്ചു.

അതിനുശേഷം ശരിയായ പണി തുടങ്ങും. കേടായ ഒരു യന്ത്രം നന്നാക്കാൻ എട്ടുമണിക്കൂറെടുക്കും. "യന്ത്രം തുറക്കുമ്പോൾമുതൽ തിരിച്ചടയ്ക്കുന്നതുവരെയുള്ള സമയം അതിൽ ഉൾപ്പെടും," ഷംസുദ്ദിൻ പറഞ്ഞു. "ഇന്ന്, എൻജിൻ കിറ്റുകളിൽ പണിപൂർത്തിയായ ഭാഗങ്ങളാണ് വരുന്നത്, അതിനാൽ നന്നാക്കൽ എളുപ്പമായിരിക്കുന്നു."

തകരാർ ശരിയാക്കുന്ന ഈ എട്ടുമണിക്കൂർ ശരാശരി കൈവരിക്കാൻ എണ്ണമറ്റ മണിക്കൂറുകളുടെ പ്രവൃത്തി വേണ്ടിവന്നു. 73 വർഷങ്ങളിൽ അൻപതിനായിരത്തിലധികം യന്ത്രങ്ങൾ നന്നാക്കിയിട്ടുണ്ടെന്നാണ് 83 വയസുള്ള ഷംസുദ്ദിൻ പറയുന്നത് - നദിയിൽനിന്ന് വെള്ളം വലിക്കാനുള്ള പമ്പുകൾ, നിലക്കടലയിൽനിന്നും മറ്റ് എണ്ണക്കുരുക്കളിൽനിന്നും എണ്ണ എടുക്കാനുള്ള യന്ത്രങ്ങൾ, കെട്ടിടനിർമ്മാണ സ്ഥലങ്ങളിൽനിന്നും, കിണറുകളിൽനിന്നും പാറകൾ നീക്കാനുള്ള യന്ത്രങ്ങൾ തുടങ്ങി മറ്റ് പല ആവശ്യങ്ങൾക്കുമുള്ള യന്ത്രങ്ങൾ.

PHOTO • Sanket Jain

83 വയസ്സുള്ള ഷംസുദ്ദിൻ മുല്ല ബെൽഗാവ്, കൊൽഹാപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിൽ അറിയപ്പെടുന്നത്, യന്ത്രത്തകരാർ മാറ്റുന്ന അദ്ദേഹത്തിന്റെ പ്രത്യേക വൈഭവത്തിനാണ്. കനത്ത വെയിലിൽ ഒരു കൂസലുമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന് കൊൽഹാപ്പൂർ പട്ടണത്തിലെ ഹാർഡ്‌വെയർ കച്ചവടക്കാരിൽനിന്നും ധാരാളം വിളികൾ വരുന്നു. 'എന്റെയടുത്തു വന്ന ഇടപാടുകാരന്റെ പേര് മാത്രം കച്ചവടക്കാരൻ പറഞ്ഞാൽ മതി, എന്തൊക്കെ ഭാഗങ്ങളാണ് ആവശ്യമെന്നും ചോദിക്കും'

കമ്പനി നിയോഗിച്ചിട്ടുള്ള ടെക്‌നീഷ്യന്മാർ ഗ്രാമങ്ങളിൽ പൊതുവെ ചെല്ലാത്തതുകൊണ്ട് പല കർഷകർക്കും കഴിവുള്ള മെക്കാനിക്കുകളെ കിട്ടാൻ ബുദ്ധിമുട്ടാണ്. "മാത്രമല്ല, കമ്പനിയുടെ മെക്കാനിക്കിനെ വരുത്തുന്നത് ചെലവേറിയ കാര്യവുമാണ്," ഷംസുദ്ദിൻ കൂട്ടിച്ചേർത്തു. "അകലെയുള്ള ഗ്രാമങ്ങളിൽ അവർ എത്താൻ സമയമെടുക്കും." എന്നാൽ ഷംസുദ്ദിനു കേടായ യന്ത്രത്തിന്റെയടുത്ത് വേഗമെത്താൻ കഴിയും. ചെറുപ്പക്കാരായ ടെക്‌നീഷ്യൻമാർ തകരാർ കണ്ടുപിടിക്കുന്നതിലോ യന്ത്രം നന്നാക്കുന്നതിലോ പരാജയപ്പെട്ടാൽ കർഷകർ ഷംസുദ്ദിന്റെ ഉപദേശം തേടും.

അതിനാൽത്തന്നെ ബെൽഗാവ് ജില്ലയിലെ ചിക്കോടി താലൂക്കിലെ തന്റെ ഗ്രാമമായ ബാർവാഡിൽ ഷംസുദ്ദിൻ വിദഗ്ദ്ധനായ മെക്കാനിക്കായ ഷാമാ മിസ്ത്രി എന്നറിയപ്പെടുന്നതിൽ അത്ഭുതമില്ല. ഈ ഗ്രാമത്തിലേക്കാണ് ആളുകൾ തങ്ങളുടെ പ്രവർത്തനം നിലച്ച യന്ത്രങ്ങൾ നന്നാക്കാൻ കൊണ്ടുവരാറുള്ളത്. ഇതേ ഗ്രാമത്തിൽനിന്ന് തന്നെയാണ് ഷംസുദ്ദിൻ തന്റെ വൈദഗ്ദ്ധ്യം കാത്തുകിടക്കുന്ന കേടായ യന്ത്രങ്ങൾ തേടി പാടങ്ങളിലേക്കും യന്ത്രപ്പണിശാലകളിലേയ്ക്കും പോകാറുള്ളത്.

യന്ത്രങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്കും ഷംസുദ്ദിന്റെ കഴിവുകൾ വിലമതിപ്പുള്ളവയാണ്. കിർലോസ്കർ, യാന്മാർ, സ്‌കോഡ തുടങ്ങിയ വലിയ കമ്പനികളും, നാട്ടിലെ ധാരാളം ചെറുകിട കമ്പനികളും നിർമിച്ച യന്ത്രങ്ങൾ അദ്ദേഹത്തിന് നന്നാക്കാൻ കഴിയും. "എൻജിനുകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്‌ അവർ എന്റെ ഉപദേശം തേടും. ഞാൻ എപ്പോഴും മറുപടി നൽകും," അദ്ദേഹം പറഞ്ഞു.

ഉദാഹരണത്തിന്, യന്ത്രങ്ങളുടെ പിടികൾക്ക് പണ്ട് ബലമോ ഒതുക്കമോ ഉണ്ടായിരുന്നില്ല. "ആളുകൾ പിടി പലവട്ടം കറക്കണമായിരുന്നു (ക്രാങ്ക് ഷാഫ്റ്റ്). അപ്പോൾ അവർക്ക് പരുക്കേൽക്കാറുണ്ടായിരുന്നു. ഞാൻ കമ്പനികളോട് പിടികൾ മെച്ചപ്പെടുത്താൻ ഉപദേശിച്ചു. ഇപ്പോൾ പലരും രണ്ട് ഗിയറുകൾക്കുപകരം മൂന്നെണ്ണം നൽകുന്നുണ്ട്," അദ്ദേഹം പറഞ്ഞു. അത് പിടികളുടെ സന്തുലനം, സമയം, ചലനം എന്നിവ മെച്ചപ്പെടുത്തി. കൊൽഹാപ്പൂർ ജില്ലയിൽ ശാഖകളുള്ള ചില കമ്പനികൾ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, കമ്പനിയുടെ വാർഷികം തുടങ്ങിയ വിശേഷാവസരങ്ങളിലുള്ള ആഘോഷങ്ങൾക്ക് അദ്ദേഹത്തെ ക്ഷണിക്കാറുണ്ട്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളാണ് ഷംസുദ്ദിന് തിരക്കേറിയത്. ആ സമയം അദ്ദേഹം മാസത്തിൽ 10 യന്ത്രങ്ങളോളം നന്നാക്കും. തകരാറിന്റെ സങ്കീർണതയനുസരിച്ച്‌ 500 മുതൽ 2,000 രൂപവരെ ഓരോ പണിക്ക് കൂലി വാങ്ങിക്കും. "മഴക്കാലത്തിനുമുൻപ് ധാരാളം കർഷകർ അവരുടെ ഭൂമിയിൽ കിണറുകുഴിക്കും, ആ സമയത്താണ് വളരെയധികം എൻ‌ജിനുകൾക്കു നന്നാക്കൽ ആവശ്യം വരുന്നത്," അദ്ദേഹം വിശദീകരിച്ചു. വർഷത്തിലെ ബാക്കി മാസങ്ങളിൽ അദ്ദേഹത്തിന്റെ പണി തുടരും, പക്ഷെ വിളികൾ കുറവായിരിക്കും.

PHOTO • Sanket Jain

മുകളിലെ നിര: പുതുതലമുറയിലെ അധികമാരും പശിമയുള്ള, കരിപിടിച്ച യന്ത്രങ്ങളിൽ കൈയ്യിടാൻ തയ്യാറല്ലെന്ന് ഷംസുദ്ദിൻ പറയുന്നു. 'ഞാൻ ഒരിക്കലും കൈയ്യുറകൾ ധരിച്ചിട്ടില്ല, ഇനി അവ ഉപയോഗിച്ചിട്ട് എന്ത് ചെയ്യാൻ?' അദ്ദേഹം ചോദിക്കുന്നു. താഴത്തെ നിര: വിഘടിപ്പിച്ച ഒരു യന്ത്രത്തിന്റെ അകത്തുള്ള ഭാഗങ്ങൾ (ഇടത്), ഏഴുപതിറ്റാണ്ടുകൾക്കിടയിൽ ഷംസുദ്ദിൻ വാങ്ങിയ കുറച്ച് പണിയായുധങ്ങൾ (വലത്). ശരിയായ പണിയായുധം വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്, എന്തെങ്കിലും നന്നാക്കാൻ പോകുമ്പോൾ സ്വന്തം പണിയായുധങ്ങൾ കൂടെ കൊണ്ടുപോകും

എൻജിൻ നന്നാക്കുന്ന പണിയില്ലാത്തപ്പോൾ, ഷംസുദ്ദിൻ തന്റെ രണ്ടേക്കർ കൃഷിയിടത്തിൽ കരിമ്പ് കൃഷിചെയ്യും. അദ്ദേഹത്തിന് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ് കൃഷിക്കാരായ അച്ഛൻ അപ്പാലാലും, അമ്മ ജന്നത്തും  കൊൽഹാപ്പൂരിലെ ഹട്കനാനഗളെ താലൂക്കിലെ പട്ടൻ കൊഡോളിയിൽനിന്ന് ബാർവാഡിലേയ്ക്ക് താമസം മാറിയത്. കുടുംബത്തിന്റെ വരുമാനം വർദ്ധിപ്പിക്കാൻ 1946-ൽ പത്തുവയസ്സുകാരനായ ഷംസുദ്ദിൻ ബാർവാഡിലെ ഒരു മെക്കാനിക്കിന്റെ സഹായിയായി ജോലി തുടങ്ങി. ദിവസവുമുള്ള പത്തുമണിക്കൂർ ജോലിക്ക് ഒരു രൂപയാണ് കൂലിയായി ലഭിച്ചിരുന്നത്. കുടുംബത്തിന്റെ ദാരിദ്ര്യംമൂലം അദ്ദേഹത്തിന് ഒന്നാം ക്ലാസ്സിനപ്പുറം പഠിക്കാൻ കഴിഞ്ഞില്ല. "വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നെങ്കിൽ, ഞാൻ ഇപ്പോൾ ഒരു വിമാനം പറത്തുമായിരുന്നു," അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.

അൻപതുകളുടെ മധ്യത്തിൽ രണ്ടാഴ്ച കൂടുമ്പോൾ തന്റെ ഗ്രാമത്തിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഹട്കനാനഗളെ ഗ്രാമത്തിലേക്ക് കാളവണ്ടിയിൽ യാത്ര ചെയ്തിരുന്നത് ഷംസുദ്ദിൻ ഓർക്കുന്നു. ആ ഗ്രാമത്തിൽ ചരക്കുവണ്ടികൾ കുറച്ചുനേരം നിർത്തുമായിരുന്നു. എൻജിനുകൾക്ക് ഡീസൽ വാങ്ങാനായിരുന്നു ആ യാത്ര. "അന്ന് ഡീസൽ ലിറ്ററിന് ഒരുരൂപയായിരുന്നു വില. ഓരോ തവണയും ഞാൻ മൂന്ന് ബാരൽ (മൊത്തം 600 ലിറ്റർ) ഡീസൽ വാങ്ങുമായിരുന്നു." അക്കാലത്ത് ഷംസുദ്ദിൻ യന്ത്രങ്ങളെ പരിപാലിക്കുന്ന 'ഷാമാ ഡ്രൈവർ ' എന്നാണ് അറിയപ്പെട്ടിരുന്നത്.

1958-ൽ, അടുത്തുള്ള ദൂധ്‌ഗംഗ നദിയിലെ വെള്ളം പാടങ്ങളിലെത്തിക്കാൻവേണ്ടി 18 കുതിരശക്തിയുടെ ഒരു പമ്പ് സ്ഥാപിക്കാൻ കൊൽഹാപ്പൂർ പട്ടണത്തിൽനിന്ന് കുറച്ച് മെക്കാനിക്കുകൾ ബാർവാഡിൽ വന്നു. അന്ന് 22 വയസുള്ള ഷംസുദ്ദിൻ അവർ പണിയുന്നത് കൃത്യമായി നിരീക്ഷിച്ച് ഒരു എൻജിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കി. "ദിവസവും രണ്ടുരൂപയ്ക്കുള്ള അസംസ്‌കൃത എണ്ണ വേണമായിരുന്നു അതിന്," അദ്ദേഹം ഓർത്തെടുത്തു. അടുത്തവർഷം നദിയിൽ വെള്ളമുയർന്നപ്പോൾ ആ യന്ത്രം കേടായി. ടെക്‌നീഷ്യൻസ് വീണ്ടും വന്നപ്പോൾ തന്റെ അറിവ് മെച്ചപ്പെടുത്താൻ ഷംസുദ്ദിൻ ആ അവസരം ഉപയോഗിച്ചു. 1960-ൽ യന്ത്രം പിന്നെയും വെള്ളത്തിനടിയിൽ പോയപ്പോൾ അദ്ദേഹം സ്വയം അത് നേരെയാക്കി (പിന്നീട് പുതിയ യന്ത്രം സ്ഥാപിച്ചു). "ആ ദിവസംമുതൽ എന്റെ പേര് 'ഷാമാ ഡ്രൈവർ' എന്നതിൽനിന്നു 'ഷാമാ മിസ്ത്രി' എന്നായി," അഭിമാനത്തോടെ അദ്ദേഹം പറയുന്നു.

എൻജിനുകളുടെ ലോകത്തെ കൂടുതലറിയാൻ നല്ല സമയമായെന്ന് ഷംസുദ്ദിന് ബോധ്യമായത് 1962-ലെ ഒരു സംഭവത്തോടെയാണ്. ബാർവാഡിലെ ഒരു കർഷകൻ തന്റെ പാടത്തിനാവശ്യമായ ഒരു എൻജിൻ വാങ്ങാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. "ഹട്കനാനഗളെ താലൂക്കിലെ ഘുനാക്കി ഗ്രാമത്തിലുള്ള (ഏകദേശം 50 കിലോമീറ്റർ അകലെ) കമ്പനി ഗോഡൗൺവരെ ഞാൻ പോയി, 5,000 രൂപയ്ക്ക് എൻജിൻ വാങ്ങി," അദ്ദേഹം പറഞ്ഞു. അത് സംയോജിപ്പിക്കാൻ മൂന്ന് ദിവസങ്ങളിലായി 20 മണിക്കൂർ വേണ്ടിവന്നു. "കമ്പനിയുടെ മെക്കാനിക് പിന്നീട് അത് പരിശോധിച്ചു, പണി കൃത്യമായി തന്നെയാണ് ചെയ്തതെന്ന് പറഞ്ഞു," അദ്ദേഹം ഓർമ്മിക്കുന്നു.

PHOTO • Sanket Jain

ബാർവാഡ് ഗ്രാമത്തിലെ സ്വന്തം വീട്ടിൽ ഷംസുദ്ദിനും ഭാര്യ ഗുൽഷനും. 'യന്ത്രങ്ങൾ നന്നാക്കുന്നതിനേക്കാൾ നല്ലത് കൃഷിയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്,' ഗുൽഷൻ പറയുന്നു

കാലക്രമേണ ഷംസുദ്ദിൻ കഴിവുള്ള ഒരു മെക്കാനിക്ക് എന്ന നിലയിൽ പ്രസിദ്ധനായി. അപ്പോഴേക്കും അദ്ദേഹം അഞ്ചുവർഷം, ദിവസം രണ്ടുരൂപ കൂലിക്ക്, മറ്റൊരു മെക്കാനിക്കിന്റെ സഹായിയായി ജോലിചെയ്തുകഴിഞ്ഞിരുന്നു. സ്വന്തമായി എൻജിനുകൾ നന്നാക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ വരുമാനം ദിവസം അഞ്ചുരൂപവരെ ഉയർന്നു. അന്ന് അദ്ദേഹം തന്റെ സൈക്കിളിൽ അടുത്തുള്ള ബെൽഗാവിലെ (ഇപ്പോൾ ബെലഗാവി) ചിക്കോടി താലൂക്കിലെ ഗ്രാമങ്ങളിൽ പോകുമായിരുന്നു. ഇന്ന് ആവശ്യക്കാർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും, കൊണ്ടുപോകാൻ വാഹനം അയക്കുകയും ചെയ്യും.

എൻജിൻ നേരെയാക്കുന്ന തൊഴിലിനും അതിന്റേതായ അപകടങ്ങളുണ്ട്. "ഒരിക്കൽ (അമ്പതുകളിൽ) ജോലിക്കിടയിൽ എനിക്ക് പരിക്കേറ്റു. എന്റെ പുറത്ത് മുറിപ്പാടുകൾ ഇപ്പോഴും കാണാം. അവ ഒരിക്കലും മായില്ല," ഷംസുദ്ദിൻ പറഞ്ഞു. കുറച്ച് മാസങ്ങൾക്കുമുൻപ് കൊൽഹാപ്പൂരിലെ ഒരു ആശുപത്രിയിൽ അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി. "ഡോക്ടർമാർ അദ്ദേഹത്തിന് ആറുമാസം വിശ്രമമാണ് നിർദ്ദേശിച്ചത്, എന്നാൽ എൻജിൻ നന്നാക്കാൻ വേറെ ആളില്ല," ഗുൽഷൻ പറഞ്ഞു. "രണ്ടുമാസമായപ്പോഴേക്കും ആളുകൾ അവരുടെ എൻജിൻ നന്നാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി”.

എഴുപതുകളുടെ മധ്യത്തിൽ എത്തിനിൽക്കുന്ന ഗുൽഷൻ, കുടുംബത്തിന്റെ രണ്ടേക്കർ കൃഷിയിടത്ത് കരിമ്പ് കൃഷിചെയ്യാനും അവ ചന്തയിൽ വിൽക്കാനും സഹായിക്കും. "എന്നോട് എൻജിൻ നേരെയാക്കുന്നത് പഠിക്കാൻ അദ്ദേഹം പറയും, ഇടയ്ക്ക് പഠിപ്പിക്കും. എന്നാൽ എനിക്കതിൽ വലിയ താത്പര്യമില്ല. എന്നെ സംബന്ധിച്ച് കൃഷിയാണ് യന്ത്രം നന്നാക്കുന്നതിനേക്കാൾ നല്ലത്," അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവരുടെ ആണ്മക്കളും ഈ തൊഴിലിൽ താത്പര്യം കാണിച്ചിട്ടില്ല. അവർക്ക് പെണ്മക്കളില്ല. മൂത്തമകനായ 58 വയസ്സുള്ള മൗല ബാർവാഡിൽ ഒരു ഇലക്ട്രിക്ക് മോട്ടോറിന്റെ കട നടത്തുന്നു. അമ്പതുകളുടെ മധ്യത്തിൽ എത്തിയ രണ്ടാമത്തെ മകൻ ഇസാഖ് കൃഷിയിടം പരിപാലിക്കുന്നതിൽ സഹായിക്കും. ഏറ്റവും ഇളയമകൻ സിക്കന്ദർ ഒരു പതിറ്റാണ്ട് മുൻപ് മരിച്ചു.

"ഞാൻ പുറത്തുപോയി ആളുകളെ നിരീക്ഷിച്ചാണ് ഈ കല പഠിച്ചെടുത്തത്," ഷംസുദ്ദിൻ അല്പം സങ്കടത്തോടെ പറഞ്ഞു. "ഇന്ന് ഞങ്ങളുടെ വീട്ടിൽ അറിവും സാധനങ്ങളുമുണ്ട്, എന്നിട്ടും ആർക്കും ഒരു എൻജിൻ തൊട്ടുനോക്കണം എന്നുപോലും ആഗ്രഹമില്ല."

PHOTO • Sanket Jain
PHOTO • Sanket Jain

വലിയതും ഭാരമേറിയതുമായ യന്ത്രങ്ങൾ നന്നാക്കാൻ ഷംസുദ്ദിൻ നേരിട്ട് സ്ഥലത്ത് ചെല്ലും. ചിത്രത്തിൽ അദ്ദേഹം ബെൽഗാവ് ജില്ലയിലെ ഗജബർവാഡി ഗ്രാമത്തിൽ, കിണർകുഴിക്കുമ്പോൾ പാറകൾ പൊക്കിമാറ്റാനുള്ള ഒരു ഡീസൽ എൻജിൻ നന്നാക്കുകയാണ്

അവരുടെ വീടിന് പുറത്തും സ്ഥിതി സമാനമാണ്. "കറുത്തതും, വഴുവഴുപ്പുമുള്ള (കാലാകൂട്ട് എന്ന് വിളിക്കുന്ന) എൻജിൻ എണ്ണ തൊട്ട് കൈകൾ വൃത്തികേടാക്കാൻ ആർക്കും വയ്യ. പുതുതലമുറ ഇതിനെ 'വൃത്തികെട്ട ജോലിയെന്ന്' വിളിക്കും. എണ്ണ തൊടാൻ തയ്യാറല്ലെങ്കിൽ പിന്നെ എങ്ങനെ എൻജിൻ ശരിയാക്കും?" അദ്ദേഹം ഒരു ചിരിയോടെ ചോദിച്ചു. "മാത്രമല്ല ഇപ്പൊൾ ആളുകൾക്ക് ധാരാളം പണമുണ്ട്, എൻജിൻ കേടായാൽ അവർ പൊതുവെ പുതിയ ഒരെണ്ണം വാങ്ങും."

എന്നിരുന്നാലും ഷംസുദ്ദിൻ കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ അടുത്തുള്ള ഗ്രാമങ്ങളിലെ 10-12 മെക്കാനിക്കുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവർക്ക് ഇപ്പോൾ എളുപ്പത്തിൽ എൻജിൻ നന്നാക്കാൻ കഴിയുമെന്നതിൽ അദ്ദേഹത്തിന് അഭിമാനവുമുണ്ട്. എന്നാലും അവരാരും അദ്ദേഹത്തിന്റെ അത്രയും കഴിവുള്ളവരല്ല. ചിലപ്പോൾ യന്ത്രത്തിന്റെ തകരാർ എന്താണെന്ന് കണ്ടുപിടിക്കാൻ അവർ അദ്ദേഹത്തിന്റെ സഹായം തേടാറുമുണ്ട്.

പുതുതലമുറയ്ക്ക് നൽകാൻ എന്തെങ്കിലും ഉപദേശമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു,"എന്തിലെങ്കിലും നിങ്ങൾക്ക് അമിതാവേശമുണ്ടാകണം. നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയിൽ നിങ്ങൾക്ക് താത്പര്യ്മുണ്ടായിരിക്കണം. എനിക്ക് എൻജിനുകൾ ഹരമാണ്, അതുകൊണ്ടാണ് ഞാൻ എന്റെ ജീവിതം അവയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ചത്. കുട്ടിക്കാലംമുതൽ എനിക്ക് എൻജിനുകൾ പരിശോധിച്ച് അവ നന്നാക്കണം എന്നായിരുന്നു, ഞാൻ എന്റെ ആ സ്വപ്നം കൈവരിച്ചു."

അപ്പോഴാണ് അദ്ദേഹം പ്രഖ്യാപിച്ചത് - "ഞാൻ മരിക്കുന്നത് ഓരോ കൈയിലും ഓരോ സ്പാന്നർ പിടിച്ചുകൊണ്ടായിരിക്കും" - എന്നാൽ കൗമാരപ്രായത്തിൽ തന്റെ മാർഗ്ഗദർശിയായിരുന്ന ഒരു മെക്കാനിക്കിന്റെ വാക്കുകൾ കടമെടുത്തതാണെന്ന് അദ്ദേഹം വേഗത്തിൽ വിശദീകരിച്ചു. എൻജിൻ നന്നാക്കാനുള്ള ആ മെക്കാനിക്കിന്റെ ആവേശം അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. "അദ്ദേഹം ഈ ജോലിചെയ്യാൻ നൂറുകണക്കിന് കിലോമീറ്റർ താണ്ടുമായിരുന്നു," ഷംസുദ്ദിൻ പറഞ്ഞു. ആ മെക്കാനിക് (ഷംസുദ്ദിന് അയാളുടെ പേര് ഓർത്തെടുക്കാനായില്ല) ഒരിക്കൽ ഷംസുദ്ദിനോട് തന്റെ കൈകളിൽ സ്പാന്നർ പിടിച്ചുകൊണ്ടു മരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. "ആ വാക്കുകൾ എനിക്ക് പ്രചോദനമേകി. അതുകൊണ്ടാണ് ഞാൻ 83 വയസ്സിലും ജോലിചെയ്യുന്നത്. മരിക്കുമ്പോഴായിരിക്കും എന്റെ വിരമിക്കൽ," ഷാമാ മിസ്ത്രി വീണ്ടും പറഞ്ഞു.

പരിഭാഷ: ജ്യോത്സ്ന വി.

Sanket Jain

Sanket Jain is a journalist based in Kolhapur, Maharashtra. He is a 2022 PARI Senior Fellow and a 2019 PARI Fellow.

Other stories by Sanket Jain
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.