അത് കുറച്ചു വിചിത്രമായിരുന്നു, പക്ഷെ ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസില്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ അതു സംഭവിക്കുകയായിരുന്നു.

ഒരുകൂട്ടം ട്രാക്ടറുകള്‍ ഡല്‍ഹി ഭാഗത്തേക്കും മറ്റൊരുകൂട്ടം എതിര്‍ ദിശയില്‍ സിംഘു ഭാഗത്തേക്കും പോവുകയായിരുന്നു. ഈ രണ്ടു കൂട്ടങ്ങളും ഹൈവേയില്‍ പരസ്പരം കടന്നുപോയപ്പോഴുണ്ടായ സാമീപ്യം ചില ധാരണാ പിശകുകള്‍ സൃഷ്ടിച്ചു. ഡല്‍ഹിയില്‍നിന്നും വന്ന സംഘം അവരുടെ നേതാക്കന്മാര്‍ പറഞ്ഞതനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. പോലീസുമായി യോജിച്ച് മുന്‍കൂട്ടി തീരുമാനിച്ച പാതകളില്‍നിന്നു വ്യത്യസ്തമായി മറ്റൊരു പാതയിലൂടെ നഗരത്തിലേക്കു പോകാന്‍ നേതാക്കള്‍ തീരുമാനിച്ചു എന്നു തെറ്റിദ്ധരിച്ച്‌ അവയില്‍ ചിലത് രാവിലെ തലസ്ഥാനത്തേക്കു പോയി.

പാര്‍ലമെന്‍റ്  സെപ്തംബറില്‍ പാസാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെ സിംഘു, ടിക്രി, ഗാസിപ്പൂര്‍, ചില്ല, മേവാത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിക്കൊണ്ട് മറ്റൊരു ജാഥകൂടി ഏകദേശം 60 കിലോമീറ്റര്‍ മാറി രാജസ്ഥാന്‍-ഹരിയാനാ അതിര്‍ത്തിയിലെ ശാഹ്ജഹാന്‍പൂരില്‍ സംഘടിപ്പിച്ചിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭ പറഞ്ഞതുപോലെ എക്കാലത്തെയും ഏറ്റവും വലുതും ജനകീയവുമായ സിവിലിയന്‍ റിപ്പബ്ലിക് ദിനാഘോഷമായിരുന്നു ഇത്.

സാധാരണ പൗരന്മാരും, കര്‍ഷകരും, തൊഴിലാളികളും, മറ്റുള്ളവരും ചേര്‍ന്നു വീണ്ടെടുത്ത ഈ റിപ്പബ്ലിക് ദിനാഘോഷം വളരെ ജനകീയവും, സമാധാനപരവും, അച്ചടക്കപൂര്‍ണ്ണവും, സര്‍വ്വോപരി അഭൂതപൂര്‍വ്വവുമായ ഒന്നായിരുന്നു. ഇതില്‍ ലക്ഷക്കണക്കിനു ജനങ്ങളും പതിനായിരക്കണക്കിനു ട്രാക്ടറുകളും പങ്കെടുക്കുകയും, ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സമാനമായ പരിപാടികളേയും പരേഡുകളേയും ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷെ താരതമ്യേന ചെറിയ ഒരു സംഘത്തിനു വലുതും അവിശ്വസനീയവുമായ ഈ വിജയത്തില്‍നിന്നും ഡല്‍ഹിയിലെ ഒറ്റപ്പെട്ടതും പെട്ടെന്നുണ്ടായതുമായ സംഭവങ്ങളിലേക്ക്‌ മാദ്ധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ കഴിഞ്ഞു. ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ടുമാസത്തിലധികമായി സമരം നയിച്ചുകൊണ്ടിരിക്കുന്ന, 32 കര്‍ഷക യൂണിയനുകള്‍ ഉള്‍പ്പെടുന്ന, സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) മുന്‍കൂട്ടി തീരുമാനിച്ച പാതയില്‍നിന്നും വ്യതിചലിച്ചു ഡല്‍ഹിയില്‍ പ്രവേശിച്ച പ്രസ്തുത ചെറു സംഘത്തിന്‍റെ നശീകരണ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു. “സമാധാനപരവും ശക്തവുമായ കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനുള്ള ആഴത്തിലുള്ള ഗൂഢാലോചന” എന്ന നിലയില്‍ എസ്.കെ.എം. ഈ പ്രവൃത്തിയെ തള്ളിക്കളഞ്ഞു.

Around 7:45 a.m. at the Singhu border. A group of farmers break down barricades and wagons before starting their tractors along the parade route. The breakaway groups launched their ‘rally’ earlier and breaking the barricades caused confusion amongst several who thought this was the new plan of the leadership.
PHOTO • Anustup Roy
Around 7:45 a.m. at the Singhu border. A group of farmers break down barricades and wagons before starting their tractors along the parade route. The breakaway groups launched their ‘rally’ earlier and breaking the barricades caused confusion amongst several who thought this was the new plan of the leadership.
PHOTO • Anustup Roy

രാവിലെ ഏകദേശം 7:45-ന് സിംഘു അതിര്‍ത്തിയില്‍: പരേഡിനായി നിശ്ചയിച്ച പാതയിലൂടെ ട്രാക്ടറുകള്‍ ഓടിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് ഒരുകൂട്ടം കര്‍ഷകര്‍ ബാരിക്കേഡുകളും വാഗണുകളും തകര്‍ക്കുന്നു. വിഘടിത വിഭാഗം ‘റാലി’ നേരത്തെ ആരംഭിച്ചതും ബാരിക്കേഡുകള്‍ തകര്‍ത്തതും നേതൃത്വത്തിന്‍റെ പുതിയ പദ്ധതിയാണോ എന്ന് ധാരാളംപേര്‍ ചിന്തിച്ചത് ആശയക്കുഴപ്പം ഉണ്ടാക്കി.

“ഈ പ്രധാന റാലി രാവിലെ 10 മണിക്കു തുടങ്ങേണ്ടതുണ്ടായിരുന്നു”, എസ്.കെ.എം.ലെ 32 യൂണിയനുകളില്‍ ഒന്നായ കീര്‍ത്തി കിസാന്‍ യൂണിയനില്‍ നിന്നുള്ള കരംജിത് സിംഗ് പറഞ്ഞു. “കുഴപ്പക്കാരായ ദീപ് സിദ്ധുവും ലാഖാ സിദാനയും മറ്റുള്ളവരും - അവരിലാരും തന്നെ 32 യൂണിയനുകള്‍ ഉള്‍പ്പെടുന്ന എസ്.കെ.എം.ന്‍റെ ഭാഗമല്ല - കാര്യങ്ങള്‍ക്കു തടസ്സം ഉണ്ടാക്കി. അവര്‍ രാവിലെ 8 മണിക്ക് ഡല്‍ഹിയിലെ റിംഗ് റോഡിലേക്കു നീങ്ങുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ തുടങ്ങുകയും മറ്റുള്ളവരെ കൂടെചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ ആളുകളായിരുന്നു ചെങ്കോട്ടയില്‍ പ്രവേശിച്ചു സ്വന്തം പതാക ഉയര്‍ത്തിയത്.”

ദീപ് സിദ്ധു പിന്നീട് ഡല്‍ഹി സംഭവങ്ങളിലെ തന്‍റെ പങ്കാളിത്തം സ്ഥിരീകരിച്ചു. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നുള്ള ബി.ജെ.പി. ലോക്സഭാംഗമായ സണ്ണി ഡിയോളുമായി വളരെ അടുത്തു ബന്ധമുള്ള ആളാണ്‌ സിദ്ധു.

“അവരെ ഞങ്ങള്‍ ഒട്ടും പിന്തുണക്കുന്നില്ല. അവര്‍ ചെയ്തത് തെറ്റാണെന്നു ഞങ്ങള്‍ക്കറിയാം. 26-നു സംഭവിച്ചതൊന്നും ആവര്‍ത്തിക്കില്ല. ഈ സമരം ഇതുവരെ ആയിരുന്നതുപോലെ ഇനിയും ഞങ്ങള്‍ സമാധാനപരമായി സൂക്ഷിക്കും. ബാരിക്കേഡുകള്‍ തകര്‍ക്കാനോ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താനോ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നില്ല. ഭാവിയില്‍ അത്തരം ഉപദ്രവങ്ങള്‍ ഉണ്ടാകില്ല എന്നു ഞങ്ങള്‍ ഉറപ്പാക്കും”, കരംജിത് സിംഗ് പറഞ്ഞു.

വിഘടിത വിഭാഗം ‘റാലി’ നേരത്തെ ആരംഭിച്ചതും ബാരിക്കേഡുകള്‍ തകര്‍ത്തതും നേതൃത്വത്തിന്‍റെ പുതിയ പദ്ധതിയാണെന്നു പലരും ചിന്തിച്ചത് ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കി. സിംഘുവില്‍നിന്നും ഡല്‍ഹിലേക്ക് ജാഥ നടത്താനിരുന്ന പാത മുന്‍കൂട്ടി നിശ്ചയിച്ചതും പൊലീസിന്‍റെ അനുമതി ലഭിച്ചതും ആയിരുന്നു. പക്ഷെ ഈ കൂട്ടര്‍ ഡല്‍ഹിയിലേക്കു പ്രവേശിച്ചപ്പോള്‍ മറ്റൊരു പാത തിരഞ്ഞെടുക്കുകയും ചെങ്കോട്ടയ്ക്കു തിരിക്കുകയും ചെയ്തു. അവര്‍ കോട്ടയില്‍ പ്രവേശിച്ചപ്പോള്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമായി. ചിലര്‍ കോട്ടയില്‍ പ്രവേശിച്ച് ഇന്ത്യന്‍ പതാകയോടൊപ്പം മതപരമായ പതാക സ്ഥാപിച്ചു.

PHOTO • Anustup Roy

രാവിലെ ഏകദേശം 7:50-ന് സിംഘു അതിര്‍ത്തിയില്‍: പോലീസ് തൊട്ടടുത്ത് നോക്കി നില്‍ക്കുമ്പോള്‍ ഒരുകൂട്ടം കര്‍ഷകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. സിംഘുവില്‍നിന്നും ഡല്‍ഹിലേക്ക് ട്രാക്ടര്‍ പരേഡ് നടത്താനിരുന്ന പാത മുന്‍കൂട്ടി നിശ്ചയിച്ചതും പൊലീസിന്‍റെ അനുമതി ലഭിച്ചതും ആയിരുന്നു. പക്ഷെ, ഇപ്പറഞ്ഞ വിഭാഗം മറ്റൊരു പാത തിരഞ്ഞെടുത്തു.

നേരെ മറിച്ച് വലിയ പ്രധാനപ്പെട്ട റാലിയില്‍, ഡല്‍ഹിയിലെ നശീകരണ പ്രവര്‍ത്തനങ്ങളെ ചെറുതാക്കിക്കൊണ്ട്, ട്രാക്ടറുകളും സംഘങ്ങളും അഭിമാനപൂര്‍വ്വം ദേശീയ പതാക വീശി.

“ഞങ്ങള്‍ കര്‍ഷകര്‍ ആണ്. ഞങ്ങള്‍ കൊയ്തെടുക്കുന്ന വിളകളാണ് നിങ്ങള്‍ക്കു ഭക്ഷണം തരുന്നത്. മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ചെങ്കോട്ടയില്‍ കയറി അവിടെ പതാക സ്ഥാപിക്കുക ഒരിക്കലും ഞങ്ങളുടെ ലക്ഷ്യം ആയിരുന്നില്ല. ഇന്നലെ സംഭവിച്ചതൊക്കെ തെറ്റാണ്”, പഞ്ചാബിലെ മോഗായിലെ ശേരാ ശേരാ ഗ്രാമത്തില്‍ നിന്നുള്ള 45-കാരനായ ബാല്ജീന്ദര്‍ സിംഗ് പറഞ്ഞു.

പക്ഷെ ഈ സമയം മുതല്‍ മാദ്ധ്യമ ശ്രദ്ധ മുഴുവനായും ചെറു വിഘടിത വിഭാഗങ്ങളിലേക്കും ഡല്‍ഹിയില്‍ അവര്‍ കളിച്ച നാടകങ്ങളിലേക്കും തിരിഞ്ഞു. ഇതിനര്‍ത്ഥം പ്രധാനപ്പെട്ട, തികച്ചും സമാധാനപരമായ, റാലി അവഗണിക്കപ്പെട്ടു എന്നാണ്. യോജിച്ചു പ്രവര്‍ത്തിച്ച 32 യൂണിയനുകളില്‍പെട്ട കര്‍ഷകര്‍ അനുമതി ലഭിച്ച വഴികള്‍ മാത്രം പിന്തുടര്‍ന്നാണ് ട്രാക്ടറുകള്‍ ഓടിച്ചത്. നിരവധിപേര്‍ ട്രാക്ടറുകള്‍ക്കൊപ്പം നടന്നു. മറ്റുചിലര്‍ ബൈക്കുകളിലും സൈക്കിളുകളിലുമായി നീങ്ങി.

റാലിയില്‍ പങ്കെടുത്ത കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോള്‍ എട്ടുമുട്ടലുകളും ലഹളകളുമായി ബന്ധപ്പെട്ട ഒരു സംഭവവും ഉണ്ടായിരുന്നില്ല. അവര്‍ കടന്നുപോയ പാതകളില്‍ നിരവധി ഡല്‍ഹി നിവാസികള്‍ പുഷ്പങ്ങളും പഴങ്ങളും വെള്ളവുമൊക്കെ നല്‍കി അവരെ അഭിവാദ്യം ചെയ്തു. രോഹിണിയില്‍ നിന്നുള്ള 50-കാരിയായ ബബ്ലി കൗര്‍ ഗില്‍ അത്തരത്തില്‍ ഒരാളാണ്. ട്രാക്ടറുകളില്‍ കടന്നു പോകുന്ന കര്‍ഷകര്‍ക്ക് അവര്‍ വെള്ള പാക്കറ്റുകള്‍ വിതരണം ചെയ്തു. “ഞാന്‍ അവര്‍ക്കുവേണ്ടിയാണ് ഇവിടെ വന്നിട്ടുള്ളത്. നമുക്കാവശ്യമുള്ളതെല്ലാം അവര്‍ നമുക്ക് നല്‍കുന്നു. ഞാന്‍ രാവിലെ നേരത്തെ എഴുന്നേറ്റ് ചായ ചോദിക്കുന്നു. പ്രഭാത ഭക്ഷണമായി എനിക്ക് റോട്ടി ലഭിക്കുന്നു. കര്‍ഷകരാണ് ഇതെല്ലാം നമുക്ക് നല്‍കുന്നത്. സമരങ്ങളെയും കര്‍ഷകരുടെ കഷ്ടപ്പാടുകളെയും നോക്കൂ. സിംഘുവില്‍ ഒരു സ്ത്രീ അവരുടെ 12 മാസം പ്രായമായ കുഞ്ഞുമായി തങ്ങുന്നു. എന്തുകൊണ്ടാണ് അവര്‍ അതു ചെയ്യുന്നത്. ഭൂമിയില്ലാതെ അവര്‍ക്കു എങ്ങനെ അവനെ വളര്‍ത്താന്‍ പറ്റും? ഏറ്റവും പെട്ടെന്നുതന്നെ സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കേണ്ടതുണ്ട്”, അവര്‍ പറഞ്ഞു.

“ഇതൊരു പൊതു അവധി ദിവസമായതുകൊണ്ട് എനിക്കു വീട്ടില്‍ കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചിലവഴിക്കാമായിരുന്നു. പക്ഷെ, ഇവിടെ വന്നു കര്‍ഷകര്‍ക്ക് തുണയാകാന്‍ ഞാന്‍ തീരുമാനിച്ചു”, ഡല്‍ഹിയിലെ സാദര്‍ ബസാറില്‍ നിന്നുള്ള 38-കാരനായ അഷ്ഫാഖ് ഖുറേഷി പറഞ്ഞു. ‘ഡല്‍ഹിയിലേക്കു സ്വാഗതം’ എന്നൊരു ബോര്‍ഡും പിടിച്ച് ഖുറേഷി റാലിയെ സ്വാഗതം ചെയ്തു.

വര്‍ണ്ണക്കടലാസുകള്‍, റിബ്ബണുകള്‍, പൂക്കള്‍ എന്നിവകൊണ്ട് മനോഹരമായി അലങ്കരിക്കപ്പെട്ട ട്രാക്ടറുകള്‍ ഒരു തികഞ്ഞ കാഴ്ചയായിരുന്നു. അവയുടെ മുകളില്‍ ഇന്ത്യന്‍ പതാകകള്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന ദൃഢ തീരുമാനത്തോടെ കര്‍ഷകര്‍ അഭിമാനത്തോടും ഐകമത്യത്തോടും പാട്ടുകള്‍ പാടി. “സര്‍ക്കാര്‍ ഞങ്ങളുടെ അപേക്ഷ പരിഗണിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്കു വേണ്ടാത്ത നിയമങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. അംബാനിക്കും അദാനിക്കുമൊക്കെ നേരത്തെ തന്നെ അതൊക്കെ വിറ്റതാണ്”, പരേഡില്‍ പങ്കെടുക്കുന്ന ട്രാക്ടറുകള്‍ക്കൊപ്പം നടന്നുകൊണ്ട് പട്യാലയില്‍ നിന്നുള്ള 48-കാരനായ മനീന്ദര്‍ സിംഗ് പറഞ്ഞു. “പക്ഷെ ഈ സമരത്തില്‍ ഞങ്ങള്‍ പരാജയപ്പെടില്ല. അവസാന ശ്വാസംവരെ ഞങ്ങള്‍ പൊരുതും.”

PHOTO • Anustup Roy

രാവിലെ ഏകദേശം 8:40-ന് സിംഘു അതിര്‍ത്തിയില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ ദൂരെ: പതാകകളും പിടിച്ചു മുദ്രാവാക്യങ്ങളും മുഴക്കി നീങ്ങുന്ന ആളുകളോടൊപ്പം ഭൂരിഭാഗം ട്രാക്ടറുകളും നീങ്ങി. യോജിച്ചു പ്രവര്‍ത്തിക്കുന്ന 32 യൂണിയനുകളില്‍പ്പെട്ട കര്‍ഷകര്‍ അനുമതി ലഭിച്ച വഴികള്‍ മാത്രം പിന്തുടര്‍ന്ന് ട്രാക്ടറുകള്‍ ഓടിച്ചു

PHOTO • Anustup Roy

രാവിലെ ഏകദേശം 9 മണി, സിംഘു അതിര്‍ത്തിയില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരെ: ഒരു കര്‍ഷകന്‍ പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളെ കൈ വീശി കാണിക്കുന്നു. വര്‍ണ്ണക്കടലാസുകള്‍ കൊണ്ടും റിബ്ബണുകള്‍ കൊണ്ടും അദ്ദേഹം ഇരിക്കുന്ന ട്രാക്ടര്‍ അലങ്കരിച്ചിരിക്കുന്നു.

PHOTO • Anustup Roy

രാവിലെ ഏകദേശം 9:10, സിംഘു അതിര്‍ത്തിയില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ ദൂരെ: കുറച്ചു കര്‍ഷകര്‍, ഉത്സാഹത്തോടെ, പക്ഷെ സമാധാനപരമായി, ട്രാക്ടറുകള്‍ക്കരികെ പരേഡിനായി നിശ്ചയിച്ച പാതയിലൂടെ നടക്കുന്നു.

PHOTO • Anustup Roy

രാവിലെ ഏകദേശം 9:30, സിംഘു അതിര്‍ത്തിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരെ: എല്ലാ പ്രായത്തിലുമുള്ള കര്‍ഷകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി, നിയുക്ത പാതയിലൂടെത്തന്നെ ട്രാക്ടറുകള്‍ക്കരികിലൂടെ നടക്കുന്നു.

PHOTO • Anustup Roy

രാവിലെ ഏകദേശം 10 മണി, സിംഘു അതിര്‍ത്തിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരെ: പരേഡിനായി നിശ്ചയിച്ച പാതയിലൂടെ ട്രാക്ടറില്‍ നീങ്ങുമ്പോള്‍ ഒരുകൂട്ടം കര്‍ഷകര്‍ പാടുകയും ഡ്രം മുഴക്കുകയും ചെയ്യുന്നു.

PHOTO • Anustup Roy

രാവിലെ ഏകദേശം 10:10, സിംഘു അതിര്‍ത്തിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരെ: ‘കര്‍ഷകരെ രക്ഷിക്കുക, ദേശത്തെ രക്ഷിക്കുക’ എന്നെഴുതിയിരിക്കുന്ന പ്ലക്കാര്‍ഡുകളും പിടിച്ച് പരേഡ് നടക്കുന്ന പാതയിലൂടെ ട്രാക്ടറില്‍ ഒരു കര്‍ഷക കുടുംബം.

PHOTO • Anustup Roy

രാവിലെ ഏകദേശം 11 മണി, ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസ്: സിംഘു അതിര്‍ത്തിയില്‍ നിന്നും 12-13 കിലോമീറ്റര്‍ ദൂരെ.

PHOTO • Anustup Roy

രാവിലെ ഏകദേശം 11:10, ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസ്

PHOTO • Anustup Roy

കര്‍ഷകര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി സുഹൃത്തുക്കളോടൊപ്പം ‘ഡല്‍ഹി നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന ബാനര്‍ പിടിച്ചുകൊണ്ടു ഡല്‍ഹിയിലെ സാദര്‍ ബസാറില്‍ നിന്നുള്ള 38-കാരനായ അഷ്ഫാഖ് ഖുറേഷി കര്‍ണാല്‍ ബൈപാസിലെ റോഡരികില്‍ നില്‍ക്കുന്നു

PHOTO • Anustup Roy

രാവിലെ ഏകദേശം 12:15, ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസ്: ഡല്‍ഹിയില്‍ നിന്നുള്ള ഒരുകൂട്ടം സ്ത്രീകള്‍ ട്രാക്ടറുകള്‍ കടന്നുപോകുമ്പോള്‍ റോഡിന്‍റെ ഓരത്ത് നില്‍ക്കുന്നു. അവര്‍ ഉറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു.

PHOTO • Anustup Roy

ഏകദേശം ഉച്ചക്ക് ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസ്: ഒരുകൂട്ടം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന പിന്തുണയുടെ സൂചനയായി പാട്ടുകള്‍ പാടിക്കൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും റോഡില്‍ പ്രതിഷേധിക്കുന്നു.

PHOTO • Anustup Roy

ഉച്ചകഴിഞ്ഞ് ഏകദേശം 2:15, ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസ്: ഒരു കുട്ടി അതുവഴി പോകുന്നവര്‍ക്കൊക്കെ ഭക്ഷണം നല്‍കുന്നു. അവന്‍റെ മാതാപിതാക്കള്‍ സന്തോഷത്തോടെ അരികെ നില്‍ക്കുന്നു.

PHOTO • Anustup Roy

ഉച്ചകഴിഞ്ഞ് ഏകദേശം 2:30, ഡല്‍ഹിയിലെ ജി.റ്റി. കര്‍ണാല്‍ ബൈപാസ്: ഡല്‍ഹിയിലെ രോഹിണി പ്രദേശത്തുനിന്നും വന്ന 50-കാരിയായ ബബ്ലി കൗര്‍ ഗില്‍ പരേഡ് നടക്കുന്ന പാതയില്‍ കര്‍ഷകര്‍ക്ക് പിന്തുണയേകി വെള്ളം നല്‍കുന്നു.

PHOTO • Anustup Roy

അടുത്ത ദിവസം ജനുവരി 27, രാവിലെ ഏകദേശം 11 മണിക്ക് സിംഘു അതിര്‍ത്തി: റിപ്പബ്ലിക് ദിന കര്‍ഷക പരേഡില്‍ ചെറു വിഘടിത സംഘങ്ങള്‍ എങ്ങനെയാണ് കര്‍ഷക പ്രസ്ഥാനത്തെ തടസ്സപ്പെടുത്തിയതെന്ന് കീര്‍ത്തി കിസാന്‍ യൂണിയനില്‍ നിന്നുള്ള 28-കാരനായ കരംജിത് സിംഗ് പറയുന്നു. മുന്‍കൂട്ടി തീരുമാനിച്ച പാതയില്‍നിന്നും വ്യതിചലിച്ചു ഡല്‍ഹിയില്‍ പ്രവേശിച്ച പ്രസ്തുത ചെറു സംഘത്തിന്‍റെ നശീകരണ പ്രവര്‍ത്തനങ്ങളെയും ആക്രമണങ്ങളെയും ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ടുമാസത്തിലധികമായി സമരം നയിച്ചുകൊണ്ടിരിക്കുന്ന, 32 കര്‍ഷക യൂണിയനുകള്‍ ഉള്‍പ്പെടുന്ന, സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.) ശക്തമായി അപലപിച്ചു. “സമാധാനപരവും ശക്തവുമായ കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനുള്ള ആഴത്തിലുള്ള ഗൂഢാലോചന” എന്ന നിലയില്‍ എസ്.കെ.എം. ഈ പ്രവൃത്തിയെ തള്ളിക്കളഞ്ഞു. മൊത്തത്തില്‍ നോക്കിയാല്‍ സാധാരണ പൗരന്മാരും, കര്‍ഷകരും, തൊഴിലാളികളും, മറ്റുള്ളവരും ചേര്‍ന്നു വീണ്ടെടുത്ത റിപ്പബ്ലിക് ദിനാഘോഷം വളരെ ജനകീയവും, സമാധാനപരവും, അച്ചടക്കപൂര്‍ണ്ണവും, സര്‍വ്വോപരി അഭൂതപൂര്‍വ്വവുമായ ഒന്നായിരുന്നു. ഇതില്‍ ലക്ഷക്കണക്കിനു ജനങ്ങളും പതിനായിരക്കണക്കിനു ട്രാക്ടറുകളും പങ്കെടുക്കുകയും, ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സമാനമായ പരിപാടികളേയും പരേഡുകളേയും ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.

Anustup Roy

Anustup Roy is a Kolkata-based software engineer. When he is not writing code, he travels across India with his camera.

Other stories by Anustup Roy