"സമരസ്ഥലത്തേക്ക് അയയ്ക്കുന്നതിനായി പറ്റുന്ന സാധനങ്ങളൊക്കെ നൽകണമെന്നഭ്യർത്ഥിച്ച് ഒരു ട്രാക്ടർ ട്രോളി ഗ്രാമത്തിലൂടെ കയറിയിറങ്ങി വന്നു. ഞാൻ 500 രൂപയും 3 ലിറ്റർ പാലും ഒരു ബൗൾ പഞ്ചസാരയും സംഭാവന ചെയ്തു”, ഹരിയാനയിലെ ഹിസാർ ജില്ലയിലെ പേട്വാഡ് ഗ്രാമത്തിൽ നിന്നുള്ള 34 -കാരിയായ സോണിയ പേട്വാഡ് പറഞ്ഞു.

നാർനൗന്ദ് തഹ്സീലിൽ സ്ഥിതി ചെയ്യുന്ന അവരുടെ ഗ്രാമത്തിൽ നിന്നും ആദ്യം റേഷൻ ശേഖരിച്ചത് 2020 ഡിസംബർ മദ്ധ്യത്തോടെയായിരുന്നു. ശേഖരിച്ച സാധനങ്ങൾ പേട്വാഡിൽ നിന്നും 105 കിലോമീറ്റർ അകലെ ഡൽഹി-ഹരിയാനാ അതിർത്തിയിലെ ടിക്രിയിലേക്കയച്ചു. നവംബർ 26 മുതൽ കേന്ദ്രത്തിന്‍റെ മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തു കൊണ്ടിരിക്കുന്ന കർഷകർക്കു വേണ്ടിയായിരുന്നു ഇത്.

"എനിക്ക് ആവശ്യത്തിനു പണമില്ലായിരുന്നു. അതുകൊണ്ടു ഞാൻ തടിക്കഷണങ്ങൾ കൊടുത്തു”, സോണിയയുടെ വിസ്തൃത കുടുംബത്തിലെ (extended family) അംഗമായ ശാന്തി ദേവി പറഞ്ഞു. "അന്നു തണുപ്പായിരുന്നു. കർഷകർ തീ കായാനായി തടിക്കഷണങ്ങൾ കത്തിക്കട്ടെയെന്ന് ഞാൻ കരുതി.”

രണ്ടാമത്തെ തവണ ട്രാക്ടർ ട്രോളി പേട്വാഡിൽ വന്നത് ജനുവരി ആദ്യമായിരുന്നു. "എപ്പോഴൊക്കെ ആരെങ്കിലും സമരസ്ഥലത്തേക്കു പോയിരുന്നോ അപ്പോഴൊക്കെ ഗ്രാമത്തിലെ ഓരോ സ്ത്രീയും എന്തെങ്കിലുമൊക്കെ നൽകുമായിരുന്നു”, സോണിയ പറഞ്ഞു. കാലികളെ വളർത്തുന്ന സ്ത്രീകൾ പാൽ നൽകി. കർഷ പ്രക്ഷോഭത്തെ പിന്തുണക്കുന്നതിനുള്ള അവരുടെ വഴികളായിരുന്നു ഇതൊക്കെ – പ്രത്യക്ഷത്തിലല്ലാതെ.

കർഷക സമരം ഇപ്പോൾ മൂന്നാം മാസത്തിലാണ്. പതിനായിരക്കണക്കിനു കർഷകർ - പുരുഷന്‍മാരും സ്ത്രീകളും – ഇപ്പോഴും ഡൽഹിയുടെ അതിർത്തികളിൽ കൂടിയിരിക്കുന്നു – പ്രധാനമായും ടിക്രിയിലും സിംഘുവിലും (ഡൽഹി- ഹരിയാനാ അതിർത്തി) ഗാസിപ്പൂരിലും (ഡൽഹി-ഉത്തർ പ്രദേശ് അതിർത്തി).

ഫെബ്രുവരി 3-ന് ഉച്ച കഴിഞ്ഞാണ് ഞാൻ സോണിയയെ ആദ്യം കണ്ടു മുട്ടിയത്. പേട്വാഡിൽ - ഏകദേശം 10,000 ആളുകൾ വസിക്കുന്ന ഒരു ഗ്രാമം (2011 സെൻസസ് പ്രകാരം) – നിന്നും സമരത്തിനു വന്ന ഏകദേശം നൂറ്റമ്പതോളം സ്ത്രീകളുടെ കൂടെയായിരുന്നു അപ്പോഴവർ. പക്ഷെ അവർ അപ്പോൾ തിരിച്ചു പോകാൻ തുടങ്ങുകയായിരുന്നു. "സമരങ്ങൾ കണ്ടാല്‍ ഒരാൾക്ക് ആവേശമുണ്ടാകും”, ഫെബ്രുവരി 7 – ന് ഞാൻ അവരെ പേട്വാഡിൽ സന്ദർശിച്ചപ്പോൾ എന്നോടു പറഞ്ഞു.

Sonia (left) and her family give their share of land in Petwar village (right) to their relatives on rent. They mainly grow wheat and rice there
PHOTO • Sanskriti Talwar
Sonia (left) and her family give their share of land in Petwar village (right) to their relatives on rent. They mainly grow wheat and rice there
PHOTO • Sanskriti Talwar

സോണിയയും (ഇടത്) കുടുംബവും പേട്വാഡ് ഗ്രാമത്തിലെ (വലത്) അവരുടെ ഭൂമിയുടെ ഒരു ഭാഗം ബന്ധുക്കൾക്കു പാട്ടത്തിനു കൊടുത്തു. അവർ അവിടെ പ്രധാനമായും ഗോതമ്പും നെല്ലും കൃഷി ചെയ്യുന്നു.

"നമ്മളിപ്പോൾ വ്യത്യസ്തമായൊരു സമയത്താണ് ജീവിക്കുന്നത്, സ്ത്രീകളെ ഒന്നും ചെയ്യാൻ അനുവദിക്കാതിരിക്കുന്ന മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായ സമയം”, സോണിയ കൂട്ടിച്ചേർത്തു. "ഞങ്ങൾ ഈ സമരത്തിൽ പങ്കെടുക്കേണ്ടതുണ്ട്. സ്ത്രീകൾ പിന്തിരിഞ്ഞാൽ എങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ടു പോകും?"

സ്ത്രീകൾ ഈ സമരത്തിൽ പൂർണ്ണ മനസ്സോടെ പങ്കെടുക്കുന്നുവെന്ന് പഞ്ചാബ് കിസാൻ യൂണിയന്‍റെ സംസ്ഥാന സമിതിയംഗമായ ജസ്ബീർ കൗർ നട്ട് പറഞ്ഞു. "ഗ്രാമങ്ങളിൽ നിന്നും പിന്നികൾ (മധുരം) എത്തിച്ച് അല്ലെങ്കിൽ ഇവിടെ കൂടിയിരിക്കുന്നവർക്കു വേണ്ടി റേഷൻ ശേഖരിച്ച് - സ്ത്രീകൾ എല്ലാത്തരത്തിലും സംഭാവന ചെയ്യുന്നു.”

സോണിയയും അവരുടെ ഭർത്താവ് 43-കാരനായ വീരേന്ദറും ഹരിയാനയിലെ ഭൂഉടമാ വിഭാഗമായ ജാട്ട് സമുദായത്തിൽ പെടുന്നു. വീരേന്ദറിന്‍റെ അച്ഛനും അഞ്ച് സഹോദരന്മാർക്കും പേട്വാഡിൽ 1.5 ഏക്കർ സ്ഥലം വീതം സ്വന്തമായുണ്ടായിരുന്നു. അവരിൽ 4 പേർ, സോണിയയുടെ ഭർതൃ പിതാവ് ഉൾപ്പെടെ, മരിച്ച ശേഷം ഭൂമി അവരുടെ മക്കള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന വീരേന്ദറിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്‍റെയും സംയുക്ത ഉടമസ്ഥതയിലാണ് അവരുടെ പിതാവിന്‍റെ ഭൂമി.

"എനിക്ക് ഏതാണ്ട് 20 വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു”, വീരേന്ദറിന്‍റെ അമ്മാവന്‍റെ വിധവയായ ശാന്തി പറഞ്ഞു. അവർ 14 വയസ്സിൽ വിവാഹിതയായതാണ്. "അന്നുമുതൽ ഞാൻ ഞങ്ങളുടെ വീതത്തിലുള്ള ഭൂമിയിൽ കൃഷി ചെയ്യുന്നു.” സോണിയയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ശാന്തി ഞാനവിടെ ഉണ്ടായിരുന്ന സമയത്ത് അവരെ സന്ദർശിച്ചതാണ്.

“നേരത്തെ ഞങ്ങൾ എല്ലാം കൈകൊണ്ടു ചെയ്തിരുന്നു. ഇപ്പോൾ എതാണ്ടെല്ലാ കാര്യങ്ങളും വൈദ്യുതിയുടെ സഹായത്താൽ നടത്തപ്പെടുന്നു”, സോണിയയുടെ ഭർതൃ പിതാവിന്‍റെ മറ്റൊരു സഹോദരന്‍റെ വിധവയായ വിദ്യാ ദേവി പറഞ്ഞു. പ്രായം അറുപതുകളിലുള്ള വിദ്യ, എങ്ങനെയായിരുന്നു തങ്ങളുടെ ദിവസങ്ങൾ രാവിലെ 4 മണിക്ക് തുടങ്ങിയിരുന്നതെന്ന് ഓർമ്മിച്ചു. "ഞങ്ങൾ ഗോതമ്പു പൊടിച്ച് മാവാക്കുമായിരുന്നു. പിന്നെ പശുക്കൾക്ക് ഭക്ഷണം നല്കി പാൽ കറന്നിരുന്നു. അതിനും ശേഷം കുടുംബത്തിനു മുഴുവൻ വേണ്ട ഭക്ഷണം ഉണ്ടാക്കുമായിരുന്നു.”

Left: Vidya Devi does not farm anymore, but supports the farmers' protests. Right: Shanti Devi started working on her family's land when she was 20 years old
PHOTO • Sanskriti Talwar
Left: Vidya Devi does not farm anymore, but supports the farmers' protests. Right: Shanti Devi started working on her family's land when she was 20 years old
PHOTO • Sanskriti Talwar

ഇടത് : വിദ്യാദേവി കൃഷി ചെയ്യുന്നേയില്ല. പക്ഷെ കർഷക സമരങ്ങളെ പിന്തുണയ്ക്കുന്നു. വലത്: ഏകദേശം 20 വയസ്സുള്ളപ്പോൾ ശാന്തി ദേവി അവരുടെ കുടുംബത്തിന്‍റെ ഭൂമിയിൽ കൃഷി ചെയ്യാൻ തുടങ്ങിയതാണ്.

നാലു കിലോമീറ്റർ നടന്നെത്തേണ്ട പാടത്തേക്ക് പോകാനായി രാവിലെ 8 മണിക്കു തയ്യാറാകുമായിരുന്നുവെന്ന് അവർ പറഞ്ഞു. “അവിടെ ഞങ്ങൾ പണിയെടുത്തിരുന്നു – കളപറിക്കൽ, വിതയ്ക്കൽ, മുറിക്കൽ, പിന്നെ വയ്കുന്നേരം 6 മണിക്കു വീട്ടിലേക്ക് തിരിച്ചു പോരുമായിരുന്നു.” പിന്നെ സ്ത്രീകൾ കാലികളെ തീറ്റി, ഭക്ഷണം ഉണ്ടാക്കി, കിടക്കാൻ പോകുമ്പോൾ രാത്രി 10 മണി ആകുമായിരുന്നു. "അടുത്ത ദിവസം ഇതു വീണ്ടും ആവർത്തിക്കുമായിരുന്നു”, അവർ പറഞ്ഞു.

“അസ്തമയത്തിനു മുമ്പ് അവർ ഒരിക്കലും പാടത്തു നിന്ന് തിരിച്ചു വരുമായിരുന്നില്ല”, ഇപ്പോൾ വനിതാ കർഷകർക്ക് കാര്യങ്ങൾ എളുപ്പമാണെന്ന് പറഞ്ഞു കൊണ്ട് സോണിയ കൂട്ടിച്ചേർത്തു. “ഇപ്പോൾ വിളകൾ മുറിച്ചെടുക്കാനുള്ള യന്ത്രങ്ങളുണ്ട്, കീടനാശിനികൾ തളിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്, ട്രാക്ടറുകൾക്കും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പറ്റും. പക്ഷെ, ഇപ്പോഴും നിങ്ങൾ ഇപ്പറഞ്ഞ എല്ലാക്കാര്യങ്ങൾക്കും പണം ചിലവഴിക്കണം.”

വിദ്യയുടെ കുടുംബം അവരുടെ വീതമായ 1.5 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നില്ല. "23 വർഷങ്ങൾക്കു മുമ്പ് ഞങ്ങളത് അവസാനിപ്പിച്ചു. എന്‍റെ ഭർത്താവ് മരിച്ചു, എനിക്കും സുഖമില്ലായിരുന്നു. എന്‍റെ മകൻ പഠനശേഷം സ്ക്കൂളിൽ അവന്‍റെ അച്ഛന്‍റെ ജോലി [അദ്ധ്യാപകനായിട്ട്] സ്വീകരിച്ചു”, അവർ പറഞ്ഞു.

വിദ്യയുടെ കുടുംബത്തിന്‍റെ സ്ഥലം ശാന്തിയും അവരുടെ 39-കാരനായ മകൻ പവൻ കുമാറും പാട്ടത്തിനെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി സോണിയയുടെ കുടുംബവും അവരുടെ 1.5 ഏക്കർ ഭൂമി വർഷത്തിൽ 60,000 രൂപയ്ക് ശാന്തിക്കും പവനും പാട്ടത്തിനു നൽകിയിരിക്കുകയാണ് – ഈ വരുമാനം വീരേന്ദറും അദ്ദേഹത്തിന്‍റെ സഹോദരനും പങ്കിട്ടെടുക്കുന്നു. ശാന്തിയും പവനും പാട്ടത്തിനെടുത്ത കുറച്ചു ഭൂമിയിൽ അവർ കുടുംബത്തിന്‍റെ ഉപഭോഗത്തിനുള്ള പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നു. കുറച്ചു വിളകള്‍ അവര്‍ വിസ്തൃത കുടുംബത്തിനും നൽകുന്നു.

നെല്ല് കൃഷി ചെയ്താൽ നല്ല വരുമാനം ലഭിക്കില്ല. "നെൽകൃഷിക്കായി ഒരേക്കറിന് ഏകദേശം 25,000 രൂപ ഞങ്ങൾ ചിലവഴിക്കുന്നു”, ശാന്തി പറഞ്ഞു. ഗോതമ്പു കൃഷിക്ക് അവർക്കു ചിലവ് കുറവാണ്. "നെല്ലിന്‍റെ കാര്യത്തിലേതു പോലെ ഗോതമ്പിന് കൂടുതൽ വെള്ളവും ജൈവവളങ്ങളും കീടനാശിനികളും ആവശ്യമില്ല. 10,000 രൂപയ്ക്ക് ഒരേക്കർ നിലം തയ്യാറായി കിട്ടും. മഴ വിളകൾ നശിപ്പിക്കുന്നില്ലെങ്കിൽ നല്ല വിലയ്ക്ക് നമുക്ക് വിളകൾ വിൽക്കാം”, ഹരിയാനയിലെ കർഷകർക്ക് മിനിമം താങ്ങു വിലയായ (എം.എസ്.പി.) ക്വിന്‍റലിന് 1,840 രൂപയ്ക്ക് 2020-ൽ ഗോതമ്പ് വിൽക്കാൻ കഴിഞ്ഞുവെന്നു കൂട്ടിച്ചേർത്തുകൊണ്ട് അവർ പറഞ്ഞു.

Sunita (left) hasn't been to Tikri yet. She gets news about the protests on her phone. Her mother-in-law, Shanti (right), went to Tikri in mid-January
PHOTO • Sanskriti Talwar
Sunita (left) hasn't been to Tikri yet. She gets news about the protests on her phone. Her mother-in-law, Shanti (right), went to Tikri in mid-January
PHOTO • Sanskriti Talwar

സുനിത (ഇടത്) ഈ സമയം വരെ ടിക്രിയിൽ പോയിട്ടില്ല. സമരങ്ങളെക്കുറിച്ചുള്ള വാർത്തകർ അവർക്ക് ഫോണിൽ ലഭിക്കുന്നു. അവരുടെ ഭർതൃ മാതാവ് ശാന്തി (വലത്) ജനുവരി മദ്ധ്യത്തിൽ ടിക്രിയിലേക്കു പോയിരുന്നു.

ശാന്തിയും വിദ്യയും സോണിയയും ആദ്യമായി ടിക്രിയിലേക്കു പോയത് സമര സ്ഥലത്തു സംഘടിപ്പിച്ച വനിതാ കർഷക ദിനത്തിൽ പങ്കെടുക്കുന്നതിനായി വാടകയ്ക്കെടുത്ത ഒരു ബസിൽ ജനുവരി 18 – നാണ്.

“കർഷകരെ പിന്തുണയ്ക്കാൻ ഞങ്ങൾ പോയത് വിളകൾക്കു വില കുറയുമെന്നുളളതു കൊണ്ടാണ്. ഒരു നിശ്ചിത വിലയ്ക്ക് വിളകൾ വിൽക്കാൻ ഞങ്ങൾക്കു പറ്റാതാവും. ഞങ്ങൾ അടിമകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് കർഷകർ അവരുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നത്”, വിദ്യ വിശദീകരിച്ചു. "ഞങ്ങൾ ഇപ്പോൾ കൃഷി ചെയ്യുന്നില്ല. പക്ഷെ ഞങ്ങളെല്ലാം ഒരു കുടുബത്തിലെ അംഗങ്ങളാണ്.”

സോണിയയ്ക്ക് ചെറു കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടേണ്ടതുണ്ടായിരുന്നു. "വലിയ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്ക് നല്ല വില ലഭിക്കുന്നതു വരെ ഒന്നോ രണ്ടോ വർഷത്തേക്ക് വിളവുകൾ സൂക്ഷിച്ചു വയ്ക്കാം. പക്ഷെ ഒരു ചെറുകിട ഭൂഉടമ വിളവുകൾ വിൽക്കുന്നതിനു മുൻപു തന്നെ അടുത്ത വർഷത്തെ ചിലവുകളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാൻ തുടങ്ങും”, സോണിയ പറഞ്ഞു. "അവർ [സർക്കാർ] എത്ര കാലത്തേക്ക് ഞങ്ങളെ ഒരിടത്തുമല്ലാതെ നിർത്തുകയും പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാതെ ഇരിക്കുകയും ചെയ്യും?"

ഇവരും മറ്റു കർഷകരും എതിർക്കുന്ന നിയമങ്ങൾ 2020 ജൂൺ 5-നാണ് ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി നിലവിലുള്ള സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

Vegetables and fruits, planted by Shanti in small patches of the family lands, are plucked by the women for consumption at home
PHOTO • Sanskriti Talwar
Vegetables and fruits, planted by Shanti in small patches of the family lands, are plucked by the women for consumption at home
PHOTO • Sanskriti Talwar

കുടുംബവക ചെറിയ സ്ഥലത്ത് ശാന്തി കൃഷി ചെയ്ത പച്ചക്കറികളും പഴങ്ങളും വീട്ടിലെ ഉപഭോഗത്തിനായി സ്ത്രീകൾ പറിച്ചെടുക്കുന്നു .

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

തന്‍റെ രണ്ടു പുത്രന്മാരും തീർത്തും ചെറുതായതിനാൽ പവന്‍റെ ഭാര്യയും വീട്ടമ്മയുമായ 32-കാരി സുനിത ഇതുവരെ ടിക്രിയിൽ പോയില്ല. ഒരു തവണയെങ്കിലും സമരസ്ഥലം സന്ദർശിക്കണമെന്നവർക്കുണ്ട്. "അവിടെ സംഭവിക്കുന്നതെല്ലാം എനിക്കറിയാം. ഞാൻ വാർത്ത കാണുകയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ അവയൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്നു”, അവർ എന്നോടു പറഞ്ഞു. "ജനുവരി 26-ന് ഡൽഹിയിൽ കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടർ ജാഥയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവർ ഫോണിൽ കണ്ടിരുന്നു.

സമരം ചെയ്യുന്ന കർഷകർക്കു ഗ്രാമം നൽകുന്ന പിന്തുണ തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനുമായി റിപ്പബ്ലിക് ദിനം കഴിഞ്ഞയുടനെ പേട്വാഡിൽ ഒരു യോഗം വിളിച്ചു ചേർത്തു. "അവർ ഇപ്പോൾ പ്രശ്നമുണ്ടാക്കിയിരിക്കുന്നു [സമര സ്ഥലങ്ങളിൽ]. ഇതാണോ സമരം ചെയ്യുന്ന ആളുകളെ സമീപിക്കുന്ന രീതി?", സംഭവങ്ങളുടെ പോക്കിൽ ദേഷ്യപ്പെട്ടുകൊണ്ട് വിദ്യ എന്നോടു ചോദിച്ചു.

"ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള പല സ്ത്രീകൾക്കും സമര സ്ഥലത്ത് തങ്ങണമെന്നുണ്ട്. പക്ഷെ ഞങ്ങൾക്കിവിടെ ഉത്തരവാദിത്തങ്ങളുണ്ട്. ഞങ്ങളുടെ കുട്ടികൾ വളരുന്നു. അവർക്കു ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് അവരെ ഞങ്ങൾക്കു സ്ക്കൂളിൽ അയയ്ക്കണം”, സോണിയ പറഞ്ഞു. അവരുടെ മൂന്നു പെൺമക്കൾക്ക് കൗമാര പ്രായമാണ്, മകന് ഏഴു വയസ്സുണ്ട്. “ആവശ്യമെങ്കിൽ ഞങ്ങൾ മക്കളെയും കൂട്ടും”, സുനിത കൂട്ടിച്ചേർത്തു.

കർഷക സമരങ്ങളിൽ തങ്ങളുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് സോണിയ വിശ്വസിക്കുന്നു. "ഇത് ഒരു വ്യക്തിയുടെ മാത്രം സമരമല്ല. ഞങ്ങളോരോരുത്തരും അതിനെ മുന്നോട്ടു നയിക്കുകയും കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.