കിഴക്കൻ ഇന്ത്യയിലെ ഒരു സമുദ്രതീരത്ത് ഇപ്പോൾ സമയം അതിരാവിലെ മൂന്നുമണി. രാമോളു ലക്ഷ്മയ്യ ഒരു ടോർച്ചിന്റെ സഹായത്തോടെ ഒലിവ് റിഡ്‌ലി ആമയുടെ മുട്ടകൾ തേടുകയാണ്. മരംകൊണ്ടുള്ള ഒരു നീണ്ട വടിയും ഒരു തോട്ടിയും കൈയ്യിലേന്തി അയാൾ ജലാറിപേട്ടയിലുള്ള തന്റെ വീടിനും ആർ.കെ. ബീച്ചിനും ഇടയ്ക്കുള്ള ചെറിയ മണൽപ്പാതയിൽ പതുക്കെ സഞ്ചരിക്കുകയാണ്.

പെൺ ഒലിവ് റിഡ്‌ലി കടലാമകൾ മുട്ടയിടാൻ കരയിലേക്ക് വരാറുണ്ട്. വിശാഖപട്ടണത്തിലെ ചെരിവോടുകൂടിയ മണൽത്തീരം ഇവർക്ക് കൂടൊരുക്കാൻ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ 1980കളുടെ തുടക്കംമുതൽ ഇവർ ഇവിടെ കാണപ്പെടാറുണ്ടായിരുന്നു .പക്ഷെ, ഏതാനും കിലോമീറ്ററുകൾ വടക്കുള്ള ഒഡീഷയുടെ തീരത്താണ് രാജ്യത്തെ ഏറ്റവും വലിയ ആവാസകേന്ദ്രമുള്ളത്. പെൺ കടലാമകൾ ഓരോ തവണയും 100 - 150 മുട്ടകളിടുകയും, അവയെ നല്ല  ആഴമുള്ള മണൽക്കുഴികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

"മണൽ ഇടതൂർന്നതായി തോന്നുകയാണെങ്കിൽ, അമ്മ കടലാമ ഇവിടെ മുട്ടയിട്ടിട്ടുണ്ടെന്നു മനസ്സിലാക്കാം," നനഞ്ഞ മണലിനെ ശ്രദ്ധയോടുകൂടി വടികൊണ്ട് കുത്തിനോക്കി ലക്ഷ്മയ്യ വിശദീകരിക്കുന്നു. ലക്ഷ്മയ്യയെ അനുഗമിച്ചുകൊണ്ട് ജലാരി സമൂഹത്തിൽപ്പെട്ട (ആന്ധ്ര പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗക്കാരാ‍ണ് അവർ) മത്സ്യത്തൊഴിലാളികളായ കറി ജല്ലിബാബു, പുട്ടിയപ്പണ്ണ യെറണ്ണ, പുല്ല പോലാറാവു എന്നിവരുമുണ്ട് കൂടെ. മറൈൻ ടർട്ടിൽ കൺസർവേഷൻ പ്രോജക്ടിന് കീഴിൽ ഒലിവ് റിഡ്ലി ആമയുടെ മുട്ടകൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2023-ൽ ഇവർ ആന്ധ്രാപ്രദേശ് വനം വകുപ്പിൽ (എ.പി.എഫ്.ഡി) കാവൽക്കാരായി പാർട്ട് ടൈം ജോലി ഏറ്റെടുത്തു.

ഒലിവ് റിഡ്‌ലി ആമകൾ (ലെപിഡോചെലിസ് ഒലിവാസിയ) ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റ് പ്രകാരം 'ദുർബലമായ വംശം' ആയി തരംതിരിക്കപ്പെടുകയും, (1991-ൽ ഭേദഗതിവരുത്തിയ) 1972 ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ-1 പ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

നിരവധി കാരണങ്ങളാൽ കടലാമകളുടെ ജീവിതം ഇപ്പോൾ ഭീഷണി നേരിടുകയാണ്. "വിശേഷിച്ചും, വികസനത്തിന്റെ പേരിൽ ഇവയുടെ പ്രജനനകേന്ദ്രങ്ങളും, കാലാവസ്ഥാ വ്യതിയാനം‌മൂലം സമുദ്രത്തിന്റെ ആവാസവ്യവസ്ഥയും" അപകടത്തിലായ സാഹചര്യത്തിൽ. വിശാഖപട്ടണത്തെ കമ്പളക്കൊണ്ട വന്യജീവി സങ്കേതത്തിലെ പ്രോജക്ട് ശാസ്ത്രജ്ഞനായ യാഗ്നപതി അടാരി പറയുന്നു. പോരാതെ കടലാമകൾ അവയുടെ മാംസത്തിനും മുട്ടകൾക്കുമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു.

Left to right: Ramolu Lakshmayya, Karri Jallibabu, Puttiyapana Yerranna, and Pulla Polarao are fishermen who also work as guards at a hatchery on RK Beach, Visakhapatnam where they are part of a team conserving the endangered Olive Ridley turtle at risk from climate change and loss of habitats.
PHOTO • Amrutha Kosuru

ഇടത്തുനിന്ന് വലത്തോട്ട്: രാമോളു ലക്ഷ്മയ്യ, കറി ജല്ലിബാബു, പുട്ടിയപ്പണ്ണ യെറണ്ണ, പുല്ല പോലാറാവു എന്നിവർ ഒരേസമയം മുക്കുവരായും, വിശാഖപട്ടണത്തിലേ ആർ.കെ. ബീച്ചിലെ ഒരു ഹാച്ചറിയിൽ കാവൽക്കാരായും ജോലിയെടുക്കുന്നു. കാലാവസ്ഥാവ്യതിയാനവും, ആവാസവ്യവസ്ഥയുടെ നാശവും‌മൂലം. വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി കടലാമകളെ സംരക്ഷിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ഇവർ

Olive Ridley turtle eggs (left) spotted at the RK beach. Sometimes the guards also get a glimpse of the mother turtle (right)
PHOTO • Photo courtesy: Andhra Pradesh Forest Department
Olive Ridley turtle eggs (left) spotted at the RK beach. Sometimes the guards also get a glimpse of the mother turtle (right)
PHOTO • Photo courtesy: Andhra Pradesh Forest Department

ആർ. കെ. ബീച്ചിൽ കാവൽക്കാർ കണ്ടെത്തിയ ഒലിവ് റിഡ്‌ലി കടലാമയുടെ മുട്ടകൾ (ഇടത്ത്). ചിലപ്പോൾ അവർക്ക് അമ്മ കടലാമയേയും കാണാൻ സാധിക്കാറുണ്ട് (വലത്ത്)

"അമ്മ എത്ര ആഴത്തിൽ തന്റ് മുട്ടകൾ കുഴിച്ചുമൂടിയാലും, അവയെ കണ്ടെത്താൻ എളുപ്പമാണ്.. മനുഷ്യർ അറിയാതെ അവയുടെ മേൽ ചവിട്ടിയേക്കാം, അതല്ലെങ്കിൽ, നായ്ക്കൾ അവയെ മാന്തിയെടുത്തേക്കാം" മുട്ടകളെ സംരക്ഷിക്കേണ്ട ആവശ്യകതയിൽ ഊന്നൽ നൽകി ലക്ഷ്മയ്യ പറയുന്നു. "ഹാച്ചറിയിൽ അവ സുരക്ഷിതരാണ്" ഈ 32 വയസ്സുകാരൻ കൂട്ടിച്ചേർക്കുന്നു.

അതിനാൽ  ലക്ഷ്മയ്യയെപ്പോലുള്ള കാവൽക്കാർ അവയുടെ അതിജീവനത്തിൽ നിർണായകമായ  പങ്കാണ് വഹിക്കുന്നത്. ഒലിവ് റിഡ്‌ലികൾ ഏറ്റവും ചെറിയ കടലാമ ഇനമാണ്, അവയുടെ ഒലിവ്-ഗ്രീൻ നിറമുള്ള പുറംതോടിൽനിന്നാണ് അവർക്ക് ഈ  പേര് ലഭിച്ചത്.

കടലാമയുടെ മുട്ടകൾ തിരയാനും, ഹാച്ചറിയിൽ സൂക്ഷിക്കാനും, മുട്ടകൾ വിരിയുമ്പോൾ വീണ്ടും അവയെ കടലിലേക്ക് വിടാനുമായിട്ടാണ് ലക്ഷ്മയ്യയെപ്പോലുള്ള കാവൽക്കാരെ നിയമിച്ചിരിക്കുന്നത്. ആർ.കെ. ബീച്ചിലെ ഹാച്ചറി ആന്ധ്രാപ്രദേശിലെ നാല് ഹാച്ചറികളിൽ ഒന്നാണ് - സാഗർ നഗർ, പെതനാഗമയപാലം, ചേപ്പലൗപാട എന്നിവയാണ് മറ്റുള്ളവ.

സാഗർ നഗർ ഹാച്ചറിയിൽ, എല്ലാ കാവൽക്കാരും മത്സ്യത്തൊഴിലാളികളല്ല - ചിലർ അധികവരുമാനത്തിനായി ഈ പാർട്ട് ടൈം ജോലി ഏറ്റെടുത്ത കുടിയേറ്റത്തൊഴിലാളികളാണ്. തൻ്റെ  ജീവിതച്ചെലവുകൾ വഹിക്കാൻ ഈ  ജോലി ഏറ്റെടുത്ത ഒരു ഡ്രൈവറാണ് രഘു. ശ്രീകാകുളത്തിൽനിന്നുള്ള കുടിയേറ്റക്കാരനായ രഘു, തന്റെ 22 ആം വയസ്സിൽ  വിശാഖപട്ടണത്തിലേക്ക് താമസം മാറ്റി. സ്വന്തമായി വാഹനമില്ലെങ്കിലും ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ  7,000  രൂപ സമ്പാദിക്കുന്നു.

ഈ പാർട്ട് ടൈം ജോലിയേറ്റെടുത്തത് രഘുവിന് സഹായകമായി. "എനിക്കിപ്പോൾ വീട്ടിലുള്ള എന്റെ മാതാപിതാക്കൾക്ക് 5,000-6,000 രൂപ അയയ്ക്കാൻ സാധിക്കുന്നുണ്ട്".

Left: B. Raghu, E. Prudhvi Raj, R. Easwar Rao, and G. Gangaraju work as guards at the Sagar Nagar hatchery. Right: Turtle eggs buried in sand at the hatchery
PHOTO • Amrutha Kosuru
Left: B. Raghu, E. Prudhvi Raj, R. Easwar Rao, and G. Gangaraju work as guards at the Sagar Nagar hatchery. Right: Turtle eggs buried in sand at the hatchery
PHOTO • Amrutha Kosuru

ഇടത്ത്: ബി. രഘു, ഇ. പൃഥ്‌വി രാജ്, ആർ. ഈശ്വർ റാവു, ജി. ഗംഗാരാജു തുടങ്ങിയവർ സാഗർ നഗർ ഹാച്ചറിയിൽ കാവൽക്കാരായി ജോലി ചെയ്യുന്നു. വലത്ത്: കടലാമ മുട്ടകൾ ഹാച്ചറിയിൽ മണലിൽ കുഴിച്ചുമൂടിയിരിക്കുന്നു

Guards at the Sagar Nagar hatchery digging a hole to lay the turtle eggs
PHOTO • Amrutha Kosuru
Guards at the Sagar Nagar hatchery digging a hole to lay the turtle eggs.
PHOTO • Amrutha Kosuru

സാഗർ നഗർ ഹാച്ചറിയിൽ കാവൽക്കാർ ഒലിവ് റിഡ്‌ലി കടലാമ മുട്ടകളിടാൻ ഒരു കുഴി കുഴിക്കുന്നു

എല്ലാ വർഷവും ഡിസംബർമുതൽ മേയ് വരെ, കാവൽക്കാർ ആർ.കെ. ബീച്ചിൽ ഏഴ്-എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഇടയ്ക്കിടെ നിന്ന് മുട്ടകൾ തിരയുന്നു. ഇന്ത്യയിൽ ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനനകാലം സാധാരണയായി നവംബർമുതൽ മേയ് വരെയാണെങ്കിലും, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മുട്ടകൾ കാണപ്പെടുന്നത്.

"ചിലപ്പോൾ, അമ്മയുടെ കാൽപ്പാടുകൾ നമുക്ക് കാണാം; ചില അപൂർവ സന്ദർഭങ്ങളിൽ അമ്മയെത്തന്നെ (കടലാമയെ) നമുക്ക് നേരിൽ കാണാനും സാധിക്കാറുണ്ട്", ജല്ലിബാബു പറയുന്നു.

മുട്ടകൾ കണ്ടെത്തിയാൽ, അവിടെനിന്നെടുത്ത കുറച്ച് മണലിനൊപ്പം ശ്രദ്ധാപൂർവം സഞ്ചികളിൽ നിക്ഷേപിക്കുന്നു. പിന്നീട് ഹാച്ചറിയിൽ മുട്ടകൾ വീണ്ടും കുഴിച്ചുമൂടാൻ ഈ മണൽ ഉപയോഗിക്കും.

മുട്ടകളുടെ എണ്ണം, അവ കണ്ടെത്തിയ സമയം, വിരിയാൻ സാദ്ധ്യതയുള്ള തീയ്യതി എന്നിവ ഒരു വടിയിൽ രേഖപ്പെടുത്തി, മുട്ടകൾ കുഴിച്ചുമൂടിയ സ്ഥലത്തിനടുത്ത് വെക്കുന്നു. വിരിയാനുള്ള കാലയളവ് ഗണിക്കുന്നതിന് ഇത് സഹായിക്കുന്നു. സാധാരണയായി 45-65 ദിവസമാണ് മുട്ടകൾ വിരിയാനുള്ള സമയം.

രാവിലെ 9 മണിവരെ കാവൽക്കാർ ഹാച്ചറിയിൽ നിലയുറപ്പിച്ചിരിക്കും, അതായത് അവരുടെ പ്രധാന വരുമാന സ്രോതസ്സായ മത്സ്യബന്ധനത്തിനായി കടലിലേക്ക് കപ്പൽ കയറുന്നതിനുമുമ്പ് വരെ . ഡിസംബർമുതൽ മേയ് വരെയുള്ള അവരുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി അവർക്ക് പ്രതിമാസം 10,000 രൂപ ശമ്പളം ലഭിക്കുന്നു.  2021-22-ലെ അവസാന പ്രജനന കാലയളവുവരെ ഈ തുക 5,000 രൂപയായിരുന്നു. "ഈ ജോലിയിൽനിന്നും (കടലാമക്കുഞ്ഞുങ്ങളെ സഹായിക്കുന്ന ജോലി) ലഭിക്കുന്ന പണം ഉപകാരപ്പെടാറുണ്ട്" ജല്ലിബാബു കൂട്ടിച്ചേർക്കുന്നു.

Lakshmayya buries the Olive Ridley turtle eggs he collected at RK Beach at the hatchery. 'In the hatchery the eggs are safe,' he says
PHOTO • Amrutha Kosuru
Lakshmayya buries the Olive Ridley turtle eggs he collected at RK Beach at the hatchery. 'In the hatchery the eggs are safe,' he says.
PHOTO • Amrutha Kosuru

ലക്ഷ്മയ്യ ആർ.കെ. ബീച്ചിൽനിന്ന് താൻ ശേഖരിച്ച ഒലിവ് റിഡ്‌ലി കടലാമ മുട്ടകൾ ഹാച്ചറിയിൽ കുഴിച്ചുമൂടുന്നു. ‘ഹാച്ചറിയിൽ മുട്ടകൾ സുരക്ഷിതമാണ്’ അയാൾ പറയുന്നു

"എല്ലാ വർഷവുമുള്ള 61 ദിവസത്തെ മത്സ്യബന്ധന നിരോധനകാലത്ത്, അതായത് മത്സ്യങ്ങളുടെ പ്രജനനകാലമായ ഏപ്രിൽ 15 മുതൽ ജൂൺ 14 വരെയുള്ള സമയത്തിൽ ഇത് ശരിക്കും സഹായകമായിരിക്കും" ലക്ഷ്മയ്യ കൂട്ടിച്ചേർക്കുന്നു. എന്നാൽ ഈ മാസങ്ങളിൽ കാവൽക്കാർക്ക് അവരുടെ ശമ്പളം ലഭിച്ചില്ല. പാരി ജൂണിൽ അവരെ കണ്ടുമുട്ടിയപ്പോൾ, ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നീ ആദ്യ മൂന്നുമാസങ്ങളിലെ കുടിശ്ശിക മാത്രമാണ് അവർക്ക് ലഭിച്ചിരുന്നത്.

നിരോധനകാലത്ത് അവരുടെ വരുമാനം നന്നേ കുറവോ തീരെ ഇല്ലാതെയോ ആകാറുണ്ട്. "സാധാരണയായി അങ്ങനെയുള്ളപ്പോൾ ഞങ്ങൾ നിർമ്മാണസ്ഥലങ്ങളിലും മറ്റുമാണ് ജോലിയേറ്റെടുക്കാറുള്ളത്. പക്ഷെ, ഇക്കൊല്ലം, ഈ മിച്ചവരുമാനം ഉപയോഗപ്രദമായി. ബാക്കിയുള്ള തുകയും ഉടൻ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നായിരുന്നു ലക്ഷ്മയ്യ ജൂണിൽ പറഞ്ഞിരുന്നത്.

അവരിൽ ചിലർക്ക് അടുത്തിടെ സെപ്റ്റംബറിൽ ശമ്പളം കിട്ടിയപ്പോൾ മറ്റ് ചിലർക്ക് ഓഗസ്റ്റിലാണ് കിട്ടിയത് - അതായത് മത്സ്യബന്ധന നിരോധനം കഴിഞ്ഞ് മാസങ്ങൾക്കുശേഷം.

തന്റെ  ജോലിയിലെ ഏറെ പ്രിയപ്പെട്ട ഭാഗം കടലാമകൾ വിരിയുന്നതിന് ശേഷമാണ് ആരംഭിക്കുന്നതെന്ന് രഘു പറയുന്നു. അപ്പോൾ കാവൽക്കാർ അവരെ സൗമ്യമായി ഒരു ബുട്ടയിൽ (കൊട്ടയിൽ) വെക്കുകയും കടൽത്തീരത്ത് തുറന്നുവിടുകയും ചെയ്യുന്നു.

"അവർ അതിവേഗത്തിൽ അവരുടെ മണലിനിടയിൽനിന്നും അവരുടെ കുഞ്ഞിക്കാലുകൾ ഉപയോഗിച്ച് പുറത്തേക്ക് വരുന്നു. പിന്നീട് സമുദ്രത്തിലെത്തുന്നതുവരെ നിർത്താതെ ചെറിയ ചുവടുകൾ വെച്ച് അവർ അതിവേഗത്തിൽ നീങ്ങുന്നു", അദ്ദേഹം പറയുന്നു. "അപ്പോൾ തിരമാലകൾ വന്ന് ആ കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നു".

After the eggs hatch, the hatchlings are carefully transferred into the a butta (left) by the guards. The fishermen then carry them closer to the beach
PHOTO • Photo courtesy: Andhra Pradesh Forest Department
After the eggs hatch, the hatchlings are carefully transferred into the a butta (left) by the guards. The fishermen then carry them closer to the beach
PHOTO • Photo courtesy: Andhra Pradesh Forest Department

മുട്ടകൾ വിരിഞ്ഞതിനുശേഷം, കുഞ്ഞുങ്ങളെ  കാവൽക്കാർ ശ്രദ്ധാപൂർവം ഒരു ബുട്ടയിലേക്കു (ഇടത്) മാറ്റുന്നു. പിന്നീട് മത്സ്യത്തൊഴിലാളികൾ അവരെ എടുത്ത് കടൽത്തീരത്തിനടുത്തേക്ക് കൊണ്ടുപോയി തുറന്നുവിടുന്നു

Guards at the Sagar Nagar hatchery gently releasing the hatchlings into the sea
PHOTO • Photo courtesy: Andhra Pradesh Forest Department
Guards at the Sagar Nagar hatchery gently releasing the hatchlings into the sea
PHOTO • Photo courtesy: Andhra Pradesh Forest Department

സാഗർ നഗർ ഹാച്ചറിയിലെ കാവൽക്കാർ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെ പതുക്കെ തുറന്നുവിടുന്നു

ഈ വർഷം ജൂണിലാണ് അവസാനത്തെ മുട്ടകളുടെ കൂട്ടം വിരിഞ്ഞത്. എ.പി.എഫ്.ഡി. പ്രകാരം മൊത്തം 21 കാവൽക്കാരുള്ള നാല് ഹാച്ചറികൾ 46,754 മുട്ടകൾ ശേഖരിക്കുകയും 37,630 കുഞ്ഞുങ്ങളെ വിരിയിക്കുകയും സമുദ്രത്തിലേക്ക് തുറന്നുവിടുകയും ചെയ്തു. 5,655 മുട്ടകൾ വിരിഞ്ഞില്ല.

"2023 മാർച്ചിലുണ്ടായ കനത്ത മഴയിൽ കുറേ മുട്ടകൾ നശിച്ചുപോയി. അത് വളരെ സങ്കടകരമായിരുന്നു. മേയ് മാസത്തിൽ, കുറച്ച് കുഞ്ഞുങ്ങൾ പുറത്തുവന്നപ്പോൾ അവയുടെ ദേഹത്ത് പൊട്ടിയ തോടുകലുണ്ടായിരുന്നു", ലക്ഷ്മയ്യ പറയുന്നു.

കടലാമകൾ തങ്ങളുടെ ജനിച്ച ഭൂമിശാസ്ത്രപരമായ സ്ഥാനം അടയാളപ്പെടുത്താറുണ്ടെന്ന് അടാരി വിശദീകരിക്കുന്നു. 5 വർഷത്തിനുള്ളിൽ ലൈംഗിക പക്വത കൈവരിച്ചതിനുശേഷം പെൺ കടലാമകൾ മുട്ടയിടുന്നതിനായി അവർ ജനിച്ച അതേ കടൽത്തീരത്തേക്ക് മടങ്ങുന്നു.

"ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കടലാമയുടെ മുട്ടകൾ വളരെ ലോലമാണെന്നും അവയ്ക്ക് സംരക്ഷണം ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കുന്നു", അടുത്തുവരുന്ന പ്രജനനകാലത്തെ കാത്തിരിക്കും ലക്ഷ്മയ്യ പറയുന്നു.

രംഗ് ദേയുടെ ഗ്രാന്റിന്റെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്

പരിഭാഷ: വിശാലാക്ഷി ശശികല (വൃന്ദ)

Amrutha Kosuru

Amrutha Kosuru is a 2022 PARI Fellow. She is a graduate of the Asian College of Journalism and lives in Visakhapatnam.

Other stories by Amrutha Kosuru
Editor : Sanviti Iyer

Sanviti Iyer is Assistant Editor at the People's Archive of Rural India. She also works with students to help them document and report issues on rural India.

Other stories by Sanviti Iyer
Translator : Visalakshy Sasikala

Visalakshy Sasikala is a doctoral scholar at IIM Kozhikode. A postgraduate in business management from IIM Lucknow and a qualified architect from NIT Calicut, she explores the impact of business on disrupting and creating sustainable livelihoods.

Other stories by Visalakshy Sasikala