“ഇല്ല, ഞങ്ങളെ നിരോധനാജ്ഞയുടെ പരിധിയിൽ പെടുത്തിയിട്ടില്ല. ഒരു ദിവസത്തെ അവധി പോലും ഞങ്ങൾക്ക് എടുക്കാൻ കഴിയില്ല. എല്ലാറ്റിനുമുപരി ജനങ്ങൾ സുരക്ഷിതരായിരിക്കണം – അതിനുവേണ്ടി ഞങ്ങൾക്ക് നഗരം വൃത്തിയാക്കുന്നത് തുടരേണ്ടതുണ്ട്”, ചെന്നൈയിലെ ആയിരം വിളക്കുകള്‍ പ്രദേശത്തെ ശുചീകരണ തൊഴിലാളിയായ ദീപിക പറഞ്ഞു.

മാർച്ച് 22-ന് ‘ജനതാ കർഫ്യൂ’ നിമിത്തം രാജ്യത്തെ മുഴുവൻ ജനങ്ങളും ഏതാണ്ട് വീടുകളിലായിരുന്നു - ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാരോട് ‘നന്ദി’ പ്രകടിപ്പിക്കുന്നതിനായി വൈകുന്നേരം അഞ്ചുമണിക്ക് കൂടിച്ചേർന്ന ആളുകളുടെ കൂട്ടം ഒഴിച്ചു നിർത്തിയാൽ. നന്ദി ചൊരിയപ്പെട്ട വിഭാഗങ്ങളിൽ പെടുന്നതായി കരുതപ്പെടുന്ന ശുചീകരണ തൊഴിലാളികൾ നഗരം തൂത്തും വൃത്തിയാക്കിയും പകൽ മുഴുവൻ ജോലി ചെയ്തു. “ഞങ്ങളുടെ സേവനങ്ങൾ ഇപ്പോൾ കൂടുതൽ വിലപ്പെട്ടതാണ്”, ദീപിക പറഞ്ഞു. "ഈ തെരുവുകളിൽ നിന്നും ഞങ്ങൾക്ക് വൈറസുകളെ തുടച്ചു നീക്കേണ്ടതുണ്ട്.”

മറ്റേതൊരു ദിവസവും പോലെ ദീപികയും മറ്റുള്ളവരും സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ തെരുവുകൾ വൃത്തിയാക്കുകയായിരുന്നു. എന്നാൽ, മറ്റു മിക്ക ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ സാധാരണ നിലവിട്ട് കൂടുതൽ വഷളായി. ദേശീയ വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കിയതിനാൽ അവരിൽ പലരും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങളിൽ ബുദ്ധിമുട്ടി യാത്ര ചെയ്ത് ജോലിക്കെത്താൻ നിർബന്ധിതരായി. ചിലർ ജോലി സ്ഥലത്തെത്താൻ കിലോമീറ്ററുകളോളം നടന്നു. “അകലെയുള്ള എന്‍റെ സഹപ്രവർത്തകർക്ക് എത്താൻ കഴിയാതിരുന്നതിനാൽ മാർച്ച് 22-ന് സാധാരണ ദിവസങ്ങളിലുള്ളതിലുമധികം തെരുവുകൾ എനിക്ക് വൃത്തിയാക്കേണ്ടിവന്നു”, ദീപിക പറഞ്ഞു.

ഈ ഫോട്ടോഗ്രാഫുകളിൽ കാണുന്ന മിക്ക സ്ത്രീകളും മദ്ധ്യ-ദക്ഷിണ ചെന്നൈയിലെ വിവിധ പ്രദേശങ്ങളായ ആയിരം വിളക്കുകള്‍, ആൽവാർപേട്ട് എന്നിവ പോലെയുള്ള സ്ഥലങ്ങളിലും അണ്ണാ സാലൈയിലെ ഒരു മേഖലയിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു. പ്രധാനമായും വടക്കൻ ചെന്നൈയിലെ വീടുകളിൽ നിന്നും യാത്രചെയ്തു വേണം ഈ സ്ത്രീകൾക്ക് ഇപ്പറഞ്ഞ സ്ഥലങ്ങളിൽ എത്താൻ.

വിചിത്രമായ രീതിയിലുള്ള ഒരു ഉപകാരസ്മരണയാണ് അവർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾ ആരോപിക്കുന്നത് മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ അവർക്ക് അവധി എടുക്കാൻ സാധിക്കുന്നില്ല എന്നാണ്. "സ്വന്തം നിലയിൽ ജോലിക്ക് വരാതിരിക്കുകയാണെങ്കിൽ ജോലി നഷ്ടപ്പെടുമെന്നാണ് അവരോടു പറഞ്ഞിരിക്കുന്നത്”, സി.ഐ.റ്റി.യു.വുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെന്നൈ കോർപ്പറേഷൻ റെഡ് ഫ്ലാഗ് യൂണിയന്‍റെ ജനറൽ സെക്രട്ടറി ബി. ശ്രീനിവാസുലു പറഞ്ഞു. ഗതാഗത സൗകര്യത്തിനായി ബസുകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ പോലും അവ ആവശ്യത്തിനില്ലെന്നും പലപ്പോഴും താമസിച്ചാണോടുന്നതെന്നും ശ്രീനിവാസുലു പറഞ്ഞു. അങ്ങനെ മാലിന്യങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന ലോറികൾ യാത്രയ്ക്കായി ഉപയോഗിക്കാൻ തൊഴിലാളികൾ നിർബ്ബന്ധിതരാകുന്നു. പ്രതിമാസം 9 , 000 രൂപയാണ് ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുന്നത് . പക്ഷെ , ദിവസേന 60 രൂപ വീതം യാത്രയ്ക്കായി അവർക്കു ചിലവാകുന്നു. കർഫ്യൂ , ലോക്ക്ഡൗൺ സമയങ്ങളിൽ സർക്കാർ ബസുകളോ കോർപ്പറേഷൻ ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളോ ലഭിക്കാത്തവർ മുഴുവൻ ദൂരവും നടക്കാൻ നിർബ്ബന്ധിതരാവുന്നു .

PHOTO • M. Palani Kumar

‘എന്തായാലും ജനങ്ങൾ സുരക്ഷിതരായിരിക്കണം – അതിനായി ഞങ്ങൾക്ക് നഗരം വൃത്തിയാക്കുകയും വേണം’, ചെന്നൈയിലെ ആയിരം വിളക്കുകള്‍ പ്രദേശത്തെ ശുചീകരണ തൊഴിലാളിയായ ദീപിക പറയുന്നു.

"വളരെ അടുത്ത സമയത്ത് ചെന്നൈ കോർപ്പറേഷൻ അവർക്ക് സുരക്ഷാ ആവരണങ്ങൾ നൽകാൻ തുടങ്ങി, പക്ഷെ അവ നല്ല ഗുണമേന്മയുള്ളതായിരുന്നില്ല. ഒരു തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചു കളയേണ്ട മുഖാവരണങ്ങൾ ആണ് നൽകിയത്. പക്ഷെ അവ വീണ്ടും ഉപയോഗിക്കാൻ ഇവർ നിർബ്ബന്ധിതരാകുന്നു. മലേറിയയ്ക്കെതിരെ പ്രവർത്തിക്കുന്ന[കൊതുകുകളെ തുരത്താനുള്ള വാതകം പ്രായോഗിക്കുന്ന] ഒരുവിഭാഗം പ്രവർത്തകർക്ക്  – അവരിലെ കുറച്ചുപേർക്കു മാത്രം – കുറച്ച് സുരക്ഷാ ആവരണങ്ങൾ നൽകിയിട്ടുണ്ട്. പക്ഷെ കാലുറകളോ (ഷൂ), നല്ല ഗുണമേന്മയുള്ള കൈയുറകളോ നൽകിയിട്ടില്ല", ശ്രീനിവാസുലു പറഞ്ഞു. ഇതിനൊക്കെ പുറമേ കൊറോണയ്ക്കെതിരെയുള്ള അവബോധം നൽകുന്നതിനായി മേഖല തിരിച്ച് ുറച്ചുകൂടി പണം കോർപ്പറേഷൻ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . പക്ഷെ, ഇവയൊക്കെ താഴെതട്ടിൽ ഒരു യാഥാർത്ഥ്യമായി മാറുന്നതിന് കുറച്ച് സമയമെടുക്കും.

ശൂന്യവും അസാധാരണമാംവിധം ശാന്തവുമായ തെരുവുകളും, അടഞ്ഞ വാതിലുകളും ജനലുകളും ഈ ദിവസങ്ങളിൽ ശുചീകരണ തൊഴിലാളികൾക്ക് എല്ലാ വാസസ്ഥലങ്ങളിലും കാണാമായിരുന്നു. "ഞങ്ങൾ വെയിലത്ത് പണിയെടുത്തെങ്കിൽ മാത്രമെ അവരുടെ കുട്ടികളെ ഒരു വൈറസും പിടിക്കാതെ ഇരിക്കുകയുള്ളൂ. ഞങ്ങളുടെ കുട്ടികളെയും അവരുടെ സുരക്ഷിതത്വവും ആരു ശ്രദ്ധിക്കുന്നു?", അവരിലൊരാൾ ചോദിച്ചു. കർഫ്യൂവിനു ശേഷം തെരുവുകളിലെ ചപ്പുചവറുകൾ കുറഞ്ഞപ്പോൾ വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ വർദ്ധിച്ചു. "ഈയൊരു സാഹചര്യത്തിൽ ഞങ്ങളുടെ തൊഴിലാളികൾക്ക് നശിപ്പിക്കപ്പെടാവുന്ന മാലിന്യങ്ങളെ ജൈവ മാലിന്യങ്ങൾ, അജൈവ മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിക്കുക അസാദ്ധ്യമായിരുന്നു. താൽക്കാലികമായി ഈ തരംതിരിക്കൽ നിർത്തിവയ്ക്കാൻ ഞങ്ങൾ കോർപ്പറേഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്”, ലോക്ക്ഡൗൺ കാലയളവിൽ ശുചീകരണ തൊഴിലാളികൾക്ക് കുടിവെള്ളം ലഭിക്കുന്നതു പോലും വളരെ ബുദ്ധിമുട്ടാണെന്നുള്ള കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീനിവാസുലു പറഞ്ഞു. നേരത്തെ അവർ പണിയെടുക്കുന്ന കോളനികളിലെ നിവാസികൾ അവർക്ക് വെള്ളം കൊടുക്കുമായിരുന്നു. എന്നാൽ ഈ സമയത്ത് അവർക്ക് കുടിവെള്ളവും നിഷേധിക്കപ്പെടുന്നു എന്ന് അവരിൽ പലരും പറഞ്ഞു.

തമിഴ്നാട്ടിൽ ഏകദേശം രണ്ട് ലക്ഷം ശുചീകരണ തൊഴിലാളികൾ ഉണ്ട്. ചെന്നൈയിൽ മാത്രമുള്ളത് ഏകദേശം 70,000 മുഴുവൻ സമയ തൊഴിലാളികളാണ്. പക്ഷെ, ഈ അംഗസംഖ്യയും ഇപ്പോഴത്തെ ആവശ്യത്തിനു തികയില്ല. "2015-ലെ വെള്ളപ്പൊക്കത്തെയും അതിനു തൊട്ടടുത്ത വർഷത്തെ വാർധാ ചുഴലിക്കാറ്റിനെയും പറ്റി ചിന്തിക്കുക. ചെന്നൈയിൽ സാധാരണ നില പുന:സ്ഥാപിക്കാൻ 13 ജില്ലകളിൽ നിന്നുള്ള തൊഴിലാളികൾക്ക് 20 ദിവസങ്ങൾ പണിയെടുക്കേണ്ടി വന്നു. സംസ്ഥാന തലസ്ഥാനത്തിന്‍റെ അവസ്ഥ ഇതാണെങ്കിൽ ജില്ലകളിൽ വൻതോതിൽ ജീവനക്കാരുടെ കുറവ് ഉണ്ടായിരിക്കും.”

വിരമിക്കുന്നതിന് മുമ്പ് മരിക്കുക എന്നത് ശുചീകരണ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അസാധാരണമായ കാര്യമല്ല. "ഞങ്ങൾക്ക് സുരക്ഷാ ആവരണങ്ങൾ ഇല്ല, ഇപ്പറഞ്ഞ ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട് ഞങ്ങളുടെ ജീവിതം അവസാനിക്കുന്നു”, അവരിൽ ഒരാൾ പറഞ്ഞു. വൃത്തിയാക്കുന്നതിനായി ഓടയിൽ ഇറങ്ങുന്ന അവരിൽ ചിലർ ശ്വാസംമുട്ടി മരിക്കുന്നു. തമിഴ് നാട്ടിൽ ഫെബ്രുവരി മാസത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ചു തൊഴിലാളികൾ എങ്കിലും ഓടകളിൽ മരിച്ചിട്ടുണ്ട്.

"തെരുവുകൾ വൃത്തിയായി സൂക്ഷിച്ചുകൊണ്ട് ജനങ്ങളെ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നതിനാൽ അവർ ഇപ്പോൾ തീർച്ചയായും ഞങ്ങളോടു നന്ദിയുള്ളവർ ആണെന്നു പറയും. ഞങ്ങളുമായി അഭിമുഖം നടത്തുന്ന ടെലിവിഷൻ ചാനലുകൾ ഉണ്ട്. ഇതൊക്കെ ഞങ്ങൾ എപ്പോഴും ചെയ്യുന്ന കാര്യമാണ്”, അവർ പറഞ്ഞു.

"നഗരം വൃത്തിയായി സൂക്ഷിക്കാൻ ഞങ്ങൾ എല്ലാ സമയത്തും പണിയെടുത്തിട്ടുണ്ട്. അവർ ഞങ്ങളോട് നന്ദി പറയുന്നത് ഇപ്പോൾ മാത്രമായിരിക്കണം. പക്ഷെ, ഞങ്ങൾക്ക് എല്ലാം സമയത്തും അവരുടെ ക്ഷേമത്തിൽ കരുതൽ ഉണ്ടായിരുന്നു.”

ലോക്ക്ഡൗൺ സമയത്ത് പണിയെടുക്കുന്നതിന് സാധാരണയിലധികമുള്ള വേതനമൊന്നും ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.

നിങ്ങളോടു നന്ദിയുണ്ട്.

PHOTO • M. Palani Kumar

ശുചീകരണ തൊഴിലാളിക ചെന്നൈയിലെ ഏറ്റവും തിരക്കു കൂടിയ റോഡുകളിലൊന്നായ അണ്ണാ സാലൈയിലെ മൗണ്ട് റോഡിൽ . പ്രതിമാസം 9 , 000 രൂപയാണ് ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുന്നത് . പക്ഷെ , ദിവസേന 60 രൂപ വീതം യാത്രയ്ക്കായി അവർക്കു ചിലവാകുന്നു. കർഫ്യൂ , ലോക്ക്ഡൗൺ സമയങ്ങളിൽ സർക്കാർ ബസുകളോ കോർപ്പറേഷൻ ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളോ ലഭിക്കാത്തവർ മുഴുവൻ ദൂരവും നടക്കാൻ നിർബ്ബന്ധിതരാവുന്നു .

PHOTO • M. Palani Kumar

തങ്ങളുടെ വീടുകളിൽ നിന്നും ണ്ണാ സാലൈയിലെ മൗണ്ട് റോഡിലും ചെന്നൈയിലെ മറ്റു പണി സ്ഥലങ്ങളിലും മിക്ക ശുചീകരണ തൊഴിലാളികളും എത്തുന്നത് മാലിന്യങ്ങൾ നീക്കുന്ന ട്രക്കുകളിൽ കയറിയാണ്

PHOTO • M. Palani Kumar

പൊതുവെ തിരക്കുള്ള എല്ലിസ് റോഡിൽ ഒരു ശുചീകരണ തൊഴിലാളി കൈയുറകൾ മാത്രം ധരിച്ച്, മറ്റു സുരക്ഷാ ആവരണങ്ങൾ ഒന്നുമില്ലാതെ, നതാ കർഫ്യൂ ദിനമായ മാർച്ച് 22 -ന് ശുചീകരണ ജോലിയിൽ ഏർപ്പെടുന്നു

PHOTO • M. Palani Kumar

ഒരു തവണ മാത്രം ഉപയോഗിക്കേണ്ടതും സുരക്ഷിതം എന്ന് കരുതപ്പെടുന്നതുമായ ആവരണങ്ങൾ ധരിച്ച ജോലിക്കാർ ജനതാ കർ ഫ്യൂ നടന്ന ദിവസം എല്ലിസ് റോഡിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു

PHOTO • M. Palani Kumar

ഒരു ശുചീകരണ തൊഴിലാളി എല്ലിസ് റോഡിൽ നിന്നുള്ള ഒരു ഇടവഴി വൃത്തിയാക്കുന്നു : ‘ ഞങ്ങൾക്ക് സുരക്ഷാ ആവരണങ്ങൾ ഇല്ല , ഇപ്പറഞ്ഞ ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട് ഞങ്ങളുടെ ജീവിതം അവസാനിക്കുന്നു’, അവരിലൊരാൾ പറയുന്നു.

PHOTO • M. Palani Kumar

വിജനമായ മൗണ്ട് റോഡ് നതാ കർഫ്യൂ ദിനത്തിൽ പോലും ശുചീകരിക്കപ്പെട്ടിരിക്കുന്ന നിലയിൽ - മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട് തെരുവുകൾ തൂത്തു വൃത്തിയാക്കപ്പെട്ടിരിക്കുന്നു

PHOTO • M. Palani Kumar

ചെ പ്പാക്ക് പ്രദേശത്ത് ഒരു ശുചീകരണ തൊഴിലാളി : ലോക്ക്ഡൗൺ സമയത്ത് പണിയെടുക്കുന്നതിന് സാധാരണയിലധികമുള്ള വേതനമൊന്നും അവർക്കു ലഭിക്കുന്നില്ല .

PHOTO • M. Palani Kumar

ചെന്നൈയിലെ എം.എ. ചിദംബരം അന്താരാഷ്‌ട്ര ക്രിക്കറ്റ് മൈതാനത്തിനു സമീപത്ത് ചെ പ്പാക്ക് വൃത്തിയാക്കുമ്പോൾ

PHOTO • M. Palani Kumar

ചെ പ്പാക്കിലെ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടം വിജനമായപ്പോൾ

PHOTO • M. Palani Kumar

സുരക്ഷയ്ക്കായി സാധാരണ മുഖാവരണങ്ങളും കൈയുറകളും ധരി ച്ചുകൊണ്ട് ശുചീകരണ തൊഴിലാളികൾ ആൽവാർ പേട്ടിലെ തെരുവുകൾ അണു വിമുക്തമാക്കുന്നു

PHOTO • M. Palani Kumar

ആൽവാർപേട്ടിലെ ശുചീകരിച്ച വിജനമായ റോഡ്

PHOTO • M. Palani Kumar

റ്റി. നഗർ വാണിജ്യ മേഖലയിലെ പൊതുവെ തിരക്കുള്ള തെരുവുകൾ മികച്ച സുരക്ഷാ ആവരണങ്ങളൊന്നും ഉപയോഗിക്കാതെ , മുഖാവരണങ്ങൾ മാത്രം ഉപയോഗിച്ച്കഴുകുകയും വൃത്തിയാക്കുകയും ചെയ്യുന്നു.

PHOTO • M. Palani Kumar

റ്റി. നഗറിലെ വിവിധ തെരുവുകൾ ശുചിയാക്കപ്പെടുന്ന ജോലി തുടരുന്നു

PHOTO • M. Palani Kumar

ചൂളൈമേട് പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയം അണുവിമുക്തമാക്കാൻ തൊഴിലാളികൾ തയ്യാറെടുക്കുന്നു

PHOTO • M. Palani Kumar

കോയമ്പേട്ടിലെ വിപണന കേന്ദ്രം തൂത്തു വൃത്തിയാക്കുന്നു

PHOTO • M. Palani Kumar

കോയമ്പേട്ടിലെ ശുചീകരണ തൊഴിലാളികൾ : ‘ഞങ്ങൾ എല്ലാ സമയത്തും നഗരം വൃത്തിയായി സൂക്ഷിക്കാൻ പണിയെടുക്കുകയും അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മാത്രമാണ് അവർ ഞങ്ങളോട് നന്ദി പറയുന്നത്. പക്ഷെ , ഞങ്ങൾക്ക് എല്ലാ സമയത്തും അവരുടെ ക്ഷേമത്തിൽ കരുതലുണ്ടായിരുന്നു.’


പരിഭാഷ: റെന്നിമോന്‍ കെ. സി.

M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.