കൊമ്പ് വിളിച്ചുകൊണ്ട് മരിക്കണമെന്നാണ് എം. കറുപ്പയ്യ ആഗ്രഹിക്കുന്നത്. യുദ്ധക്കളങ്ങളില്‍ യുദ്ധകാഹളം മുഴക്കുന്നതിനായി ഉപയോഗിച്ചു കൊണ്ടിരുന്ന ഉപകരണമായാണ് ചരിത്രത്തില്‍ ഇതിനെ കാണാവുന്നത്. മരിക്കുന്നതിനുള്ള സംഗീതം എന്ന് വേണമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ പറയാം. പിച്ചള അല്ലെങ്കില്‍ ഓട് ഉപയോഗിച്ചുകൊണ്ട് ആനയുടെ തുമ്പിക്കൈയുടെ രൂപത്തില്‍ ഉണ്ടാക്കുന്ന ഈ കൊമ്പ് വിളിച്ചുകൊണ്ട് ലോകം വിടണമെന്ന് കറുപ്പയ്യ ആഗ്രഹിക്കുന്നതിനുള്ള കാരണം പക്ഷെ ഇതല്ല.

കറുപ്പയ്യയെ (49) സംബന്ധിച്ചിടത്തോളം കൊമ്പ് ഒരു മഹത്തായ കലാരൂപമാണ്‌. നാലാം തലമുറയില്‍പ്പെട്ട കൊമ്പുവിളിക്കാരനാണ് അദ്ദേഹം. ജീവിക്കുന്നതിനായി മധുരയിലെ തന്‍റെ ഗ്രാമത്തില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ നിര്‍ബ്ബന്ധിനാകുന്ന അദ്ദേഹം അതിനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഈ ഉപകരണത്തെയാണ്.

ഏകദേശം മൂന്ന് ദശകങ്ങള്‍ മുമ്പുവരെ ഈ കല “ഉയര്‍ന്ന” രൂപത്തിലായിരുന്നുവെന്ന് കറുപ്പയ്യ പറയുന്നു. 1991-ല്‍ മുഖ്യമന്ത്രി ജെ. ജയലളിതക്കുവേണ്ടി കൊമ്പ് വിളിച്ചത് അദ്ദേഹം ഓര്‍മ്മിച്ചു. “അവര്‍ ഞങ്ങളോട് ഒരിക്കല്‍ക്കൂടി വായിക്കാന്‍ പറഞ്ഞു. അവര്‍ക്കിതില്‍ വളരെയധികം മതിപ്പ് തോന്നിയിരുന്നു.”

പക്ഷെ നിലവില്‍ അദ്ദേഹത്തെയും മറ്റ് കൊമ്പുവിളി കലാകാരന്മാരെയും സംബന്ധിച്ചിടത്തോളം ഈ ജോലി തിരുപ്പാറന്‍കുണ്ട്രം ബ്ലോക്കിലെ മേളക്കുയില്‍കുടി ഗ്രാമത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. നേരത്തെതന്നെ വളര്‍ച്ച കുറയുകയും നിലവിലെ ജനകീയ സംസ്കാരത്താല്‍ മാറ്റപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ താളാത്മക കലാരൂപം 2020 മാര്‍ച്ചില്‍ കോവിഡ്-19-നെത്തുടര്‍ന്ന് ആരംഭിച്ച ലോക്ക്ഡൗണുകള്‍ കാരണം വലിയ പ്രശ്നം നേരിടുന്നു. കലാകാരന്‍മാര്‍ക്ക് ജോലിയില്ല – പണവുമില്ല.

ജോലിയുള്ള സമയത്ത് – ക്ഷേത്രങ്ങളിലോ പൊതുപരിപാടികളിലോ ശവസംസ്കാര ചടങ്ങുകളിലോ കൊമ്പ് വിളിക്കുമ്പോള്‍ - ഒരു പ്രകടനത്തിന് 700 മുതല്‍ 1000 രൂപവരെ കറുപ്പയ്യയ്ക്ക് ലഭിക്കാറുണ്ട്. “കഴിഞ്ഞവര്‍ഷം മുതല്‍ ലോക്ക്ഡൗണ്‍ കാരണം അളഗര്‍ കോവില്‍ തിരുവിഴായ്ക്ക് ഞങ്ങള്‍ കൊമ്പ് വിളിച്ചിട്ടില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് 8 ദിവസത്തെ ജോലി ലഭിക്കുമായിരുന്നു.” മധുര നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന അളഗര്‍ കോവില്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന് (ഏപ്രില്‍-മെയ്) കൊമ്പുവിളി കലാകാരന്മാര്‍ പ്രകടനം നടത്തുമായിരുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ കൂടിച്ചേരുന്ന ഉത്സവമാണിത്.

“എല്ലാവര്‍ക്കും കൊമ്പ് വിളിക്കാന്‍ പറ്റില്ല. ഇതിന് വളരെ വൈദഗ്ദ്യം ആവശ്യമാണ്”, നാടന്‍ കലാകാരന്‍മാരെയും കലകളെയും പിന്തുണയ്ക്കുന്ന ആള്‍ട്ടര്‍നേറ്റീവ് മീഡിയ സെന്‍റര്‍ (എ.എം.സി.) എന്ന ചെന്നൈയിലുള്ള സംഘടനയുടെ സ്ഥാപകനായ ആര്‍. കാളീശ്വരന്‍ പറയുന്നു. ഒരു പരിപാടിയുടെ തുടക്കത്തിലും പിന്നീട് ഇടയ്ക്ക് പല സമയങ്ങളിലുമാണ് ഉപകരണം വായിക്കുന്നത്, തുടര്‍ച്ചയായല്ല. അതിനാല്‍ കലാകാരന്മാര്‍ സാധാരണയായി 15 മിനിറ്റ് ഉപകരണം വായിക്കുകയും പിന്നീട് 5 മിനിറ്റ് വിശ്രമിക്കുകയും ചെയ്തശേഷം വീണ്ടും 15 മിനിറ്റ് വായിക്കുന്നു. “കലാകാരന്‍ നന്നായി ശ്വാസം എടുത്തശേഷം അതിലേക്കു [കൊമ്പിലേക്ക്] ഊതുന്നു.” ശ്വാസോച്ഛ്വാസത്തിലുള്ള അവരുടെ പ്രാവീണ്യത്തിന് നന്ദി. നൂറ് വയസ്സിനടുത്ത് പ്രായമുള്ള കലാകാരന്മാര്‍ ഇപ്പോഴുമുണ്ടെന്ന് കാളീശ്വരന്‍ ചൂണ്ടിക്കാണിച്ചു.

Left: M. Karuppiah is a fourth-generation kombu artiste. Right: K. Periasamy is the leader of the artistes' group in Melakuyilkudi
PHOTO • M. Palani Kumar
Left: M. Karuppiah is a fourth-generation kombu artiste. Right: K. Periasamy is the leader of the artistes' group in Melakuyilkudi
PHOTO • M. Palani Kumar

ഇടത്: നാലാം തലമുറയില്‍പ്പെട്ട കൊമ്പുവിളി കലാകാരനായ എം. കറുപ്പയ്യ. വലത്: മേളക്കുയില്‍കുടിയിലെ കലാകാരന്‍മാരുടെ നേതാവായ കെ. പെരിയസാമി.

മേളക്കുയില്‍ക്കുടിയിലെ കലാകാരന്‍മാരുടെ കൂട്ടമായ കൊമ്പ് കലൈ കുഴുവിന്‍റെ തലവനാണ് 65-കാരനായ കെ. പെരിയസാമി. കൊമ്പ് വിളിക്കുക എന്നതാണ് അദ്ദേഹത്തിനറിയാവുന്ന കാര്യം. മറ്റുള്ള നിരവധി ആളുകളെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മിക്ക വായനക്കാരും 30-നും 65-നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരാണ്. “മറ്റൊരു ജോലിയും ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ഗുണമേന്മ കുറഞ്ഞ റേഷനരിയാണ് ഞങ്ങള്‍ക്കുള്ളത്. ഞങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടും?”, പെരിയസാമി പറഞ്ഞു.

വീട്ടിലുള്ള വിലയുള്ളതൊക്കെ – ഒരു സ്റ്റീല്‍ പാത്രം, ഓട് കൊണ്ടുള്ള ഒരു അരി പാത്രം, ഭാര്യയുടെ താലി – പണയത്തിലാണ്. “ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളതൊക്കെ വെള്ളം ശേഖരിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ ആണ്”, പെരിയസാമി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്‍റെ ആശങ്ക മുഴുവന്‍ കലാരൂപത്തെക്കുറിച്ചാണ്. സര്‍ക്കാര്‍ കലയ്ക്കും കലാകാരന്മാര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യുമോ? ഇല്ലെങ്കില്‍, കൊമ്പുവിളി തന്നോടൊപ്പം അവസാനിക്കുമോ?

മേളക്കുയില്‍കുടിയിലെ 20 പേരുള്ള ഒരുകൂട്ടം കൊമ്പുവിളിക്കാര്‍ക്ക് 15 ഉപകരണങ്ങള്‍ ഉണ്ട്. നാല്‍പ്പത്തിലധികം വര്‍ഷങ്ങളായി സമുദായം കൊമ്പുകുഴല്‍ കൈവശം വയ്ക്കുന്നു. തലമുറകളായി കൈവശം വച്ചിരിക്കുന്ന ഉപകരണമായ പഴയ കൊമ്പ് ശ്രദ്ധാപൂര്‍വ്വം ഇന്‍സുലേഷന്‍ ടേപ്പ്കൊണ്ട് ഒട്ടിച്ചു ചേര്‍ത്തിരിക്കുന്നു. സമയം മോശമാകുമ്പോള്‍ കൊമ്പ് വായനക്കാര്‍ അവ പണയം വയ്ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നു. പുതിയ ഉപകരണങ്ങള്‍ വില കൂടിയവയാണ് - 20,000 മുതല്‍ 25,000 രൂപ വരെ. 250 കിലോമീറ്റര്‍ അകലെയുള്ള കുമ്പകോണത്തു മാത്രമെ അവ ലഭിക്കൂ.

പത്ത് വയസ്സ് തികയുന്നതിന് വളരെ മുന്‍പുതന്നെ കൊമ്പ് വായിക്കാന്‍ തുടങ്ങിയവരാണ് പ്രായം മുപ്പതുകളില്‍ ഉള്ള പി. മഹാരാജനും ജി. പാല്‍പാണ്ടിയും. കലയോടൊപ്പമാണ് ഇരുവരും വളര്‍ന്നത്, അതുകൊണ്ടുതന്നെ പ്രതിഫലവും സ്വീകരിച്ചിരുന്നു. “10 വയസ്സുള്ളപ്പോള്‍ വായിക്കുന്നതിനുള്ള ഓഹരിയായി എനിക്ക് 50 രൂപ ലഭിച്ചിരുന്നു. ഞാന്‍ പുളകിതനാകുമായിരുന്നു. ഇപ്പോള്‍ എനിക്ക് 700 കിട്ടുന്നു”, മഹാരാജന്‍ പറഞ്ഞു.

പ്രതിദിനം 700 രൂപ കൂലിക്ക് പാല്‍പാണ്ടി മേസ്തിരിജോലി ചെയ്യുന്നു. വരുമാനം സ്ഥിരമായി ലഭിക്കുന്നു, പണിയും ഉറപ്പാണ്. പക്ഷെ കൊമ്പിനെയാണ് അദ്ദേഹം സ്നേഹിക്കുന്നത്. മുത്തശ്ശന്‍റെ അടുത്തുനിന്നാണ് അദ്ദേഹം അത് വായിക്കാന്‍ പഠിച്ചത്. “ താത്ത ജീവിച്ചിരുന്നപ്പോള്‍ ഈ കലയുടെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കിയില്ല”, അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ അദ്ദേഹത്തിന് ഇരട്ടപ്രഹരമായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊക്കെ കുറഞ്ഞു, കൊമ്പുവിളിക്കുള്ള അവസരങ്ങളുടെ കാര്യവും അങ്ങനെതന്നെ. “ഞാന്‍ സഹായം അന്വേഷിക്കുന്നു”, അദ്ദേഹം പറഞ്ഞു.

“കാളീശ്വരന്‍ സര്‍ സഹായിച്ചു”, കറുപ്പയ്യ പറഞ്ഞു. മെയ് മാസത്തില്‍ തമിഴ്‌നാട് ലോക്ക്ഡൗണില്‍ ആയപ്പോള്‍ കാളീശ്വരന്‍റെ എ.എം.സി. ഓരോ കലാകുടുംബത്തിനും 10 കിലോഗ്രാം വീതം അരി നല്‍കി. നാല് പെണ്‍മക്കളും ഒരു മകനും ഉള്‍പ്പെടെ കറുപ്പയ്യയുടേത് ഒരു വലിയ കുടുംബമാണ്. പക്ഷെ തങ്ങള്‍ക്ക് കഴിഞ്ഞുകൂടാന്‍ പറ്റുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “പാടത്ത് കുറച്ച് പച്ചക്കറികളെങ്കിലും ഞങ്ങള്‍ക്ക് അന്വേഷിക്കാം. വഴുതനങ്ങയൊ ഉള്ളിയൊ മറ്റോ ലഭിക്കും. പക്ഷെ നഗരത്തിലെ ആളുകള്‍ എന്തുചെയ്യും?”

PHOTO • M. Palani Kumar

മേളക്കുയില്‍കുടിയിലെ കൊമ്പുവിളി കലാകാരന്‍മാരുടെ കൂട്ടായ്മയായ  കൊമ്പ് കലൈ കുഴുവില്‍ നിന്നുള്ളവരും കുറച്ച് കുടുംബാംഗങ്ങളും

PHOTO • M. Palani Kumar

കെ. പെരിയസാമി കൊച്ചുമക്കളോടൊപ്പം. ഈ പരമ്പരാഗത ഉപകരണം വായിക്കാന്‍ അദ്ദേഹം നിരവധിയാളുകളെ പഠിപ്പിച്ചിട്ടുണ്ട്.

PHOTO • M. Palani Kumar

കൊമ്പിനെ സ്നേഹിക്കുന്ന ജി. പാല്‍പാണ്ടി. മുത്തശ്ശനില്‍ നിന്നുമാണ് അദ്ദേഹം അത് വായിക്കാന്‍ പഠിച്ചത്.

PHOTO • M. Palani Kumar

മേളക്കുയില്‍കുടിയിലെ അടുത്ത തലമുറ കൊമ്പ് കലാകാരന്മാരായ 10 വയസ്സുകാരനായ സതീഷും (ഇടത്) 17 വയസ്സുകാരനായ അറുസാമിയും (വലത്). ഉപരണംവായന തുടരുന്ന കാര്യത്തില്‍ അവര്‍ ശ്രദ്ധാലുക്കളാണ്.

PHOTO • M. Palani Kumar

ഇടത്: 55-കാരിയായ എ. മലര്‍ 1991-ല്‍ 100 രൂപയ്ക്ക് കൊമ്പ് വിളിച്ചതോര്‍ക്കുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 800 മുതല്‍ 1000 രൂപവരെ ലഭിക്കുന്നു. വലത്: എം. കറുപ്പയ്യ പറയുന്നത് ഇപ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് പണി ലഭിക്കുന്നില്ലെന്നാണ്.

PHOTO • M. Palani Kumar

പി. മഹാരാജന്‍ (35) ഉപകരണം വായിക്കാന്‍ തുടങ്ങിയത് 7 വയസ്സുള്ളപ്പോഴാണ്.

PHOTO • M. Palani Kumar

പി. ആണ്ടി (57) മേളക്കുയില്‍കുടിയിലെ കുട്ടികളെ കൊമ്പ് വായിക്കാന്‍ പരിശീലിപ്പിക്കുന്നു

PHOTO • M. Palani Kumar

ഇടത്തുനിന്ന്: പി. ആണ്ടി, പി. മഹാരാജന്‍, പേരറിയാത്ത മറ്റൊരു കലാകാരന്‍, കെ. പെരിയസാമി എന്നിവര്‍ അവരുടെ ഉപകരണങ്ങളുമായി. ‘S’ ആകൃതിയിലുള്ള കൊമ്പ് പിച്ചള അല്ലെങ്കില്‍ ഓട് ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്.

അപര്‍ണ കാര്‍ത്തികേയനാണ് റിപ്പോര്‍ട്ടറുമായി സഹകരിച്ച് ഈ കഥയുടെ വിവരണം എഴുതി തയ്യാറാക്കിയിരിക്കുന്നത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

M. Palani Kumar

M. Palani Kumar is PARI's Staff Photographer and documents the lives of the marginalised. He was earlier a 2019 PARI Fellow. Palani was the cinematographer for ‘Kakoos’, a documentary on manual scavengers in Tamil Nadu, by filmmaker Divya Bharathi.

Other stories by M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.