33-കാരനായ ആരെതി വാസുവിന്റെ പേരിൽ 23 ക്രിമിനൽ കേസുകളാണുള്ളത്‌. അദ്ദേഹത്തിന്റെ അമ്മ, 55-കാരി എ. സത്യവതിയുടെ പേരിൽ എട്ടും. ആന്ധ്രാപ്രദേശിലെ തന്റെ ഗ്രാമമായ തുണ്ടുരുവിൽ, വാസു വിവിധ അനുനയനശ്രമങ്ങൾക്ക്‌ പാത്രമായി. ഒപ്പം ഭീഷണിക്കും. മൂന്ന് തവണ ജയിലിൽ കഴിയേണ്ടിവരികയും ചെയ്തു. 2016 സെപ്‌റ്റംബർ മുതൽ ഇതുവരെ ആകെ 67 ദിവസം അദ്ദേഹം ജയിലിൽ കഴിഞ്ഞു. ആരെതിയുടെ അമ്മ ജയിൽവാസം അനുഭവിച്ചത്‌ 45 ദിവസവും.

"ഒരു വിവരാവകാശം ഫയൽ ചെയ്തു എന്നതുമാത്രമാണ്‌ ഞാൻ ചെയ്തത്”, അവൻ ലളിതമായി പറഞ്ഞു.

പക്ഷേ ആ  പ്രവൃത്തിയുടെ  അനന്തരഫലം സുഖകരമായിരുന്നില്ല. പോലീസ് റെയ്ഡ്, ഭീഷണിപ്പെടുത്തൽ, വീടുകളിൽനിന്ന് ആളുകളെ വലിച്ചിഴച്ച് കസ്റ്റഡിയിൽ പാർപ്പിക്കൽ എന്നിവ ഇപ്പോൾ തുണ്ടുരുവിൽ സാധാരണമാണ്.  അയൽഗ്രാമങ്ങളായ ഭീമവാരം മണ്ഡലത്തിലെ ജോന്നലഗരുവിലും നരസാപൂർ മണ്ഡലത്തിലെ കെ ബെത്തപുഡിയിലും ഇതുതന്നെയാണ്‌ സ്ഥിതി. ഈ മൂന്ന്‌ മേഖലകളും പശ്ചിമ ഗോദാവരി ജില്ലയിലാണ്.

കർഷകരും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക്‌ പണിയെടുക്കുന്നവരും അടങ്ങുന്ന ഭൂരിപക്ഷം ഗ്രാമീണരും ഗോദാവരി മെഗാ അക്വ ഫുഡ്‌ പാർക്‌ ലിമിറ്റഡ്‌ (ജിഎംഎഎഫ്‌പി) സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധത്തിലാണ്‌. ഈ പദ്ധതി അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനൊപ്പം വായു, ജല മലിനീകരണത്തിനും കാരണമാകുമെന്ന്‌ അവർക്കറിയാം. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും മത്സ്യം, ചെമ്മീൻ, ഞണ്ട്‌ എന്നിവ കയറ്റി അയക്കുക എന്നതാണ് എ ഫുഡ് പാർക്കുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രദേശത്ത്‌ രൂപംകൊണ്ട ‘ജിഎംഎഎഫ്‌പിയ്‌ക്കെതിരായ സമരസമിതി'യുടെ കണക്കുപ്രകാരം പ്രതിദിനം കുറഞ്ഞത് 1.5 ലക്ഷം ലിറ്റർ വെള്ളമെങ്കിലും ഈവിധത്തിൽ പുറന്തള്ളപ്പെടുന്നുണ്ട്. "ഓരോ ദിവസവും - 50,000 ലിറ്റർ മലിനജലം പുറന്തള്ളും”, അവർ പറയുന്നു. ജില്ലയിൽനിന്ന് കടലിലേക്കൊഴുകുന്ന ഗോണ്ടേരു ചാലിലേക്കാണ്‌ ഈ മലിനജലം തുറന്നുവിടുന്നത്.

A man and a woman standing in a doorway
PHOTO • Sahith M.
A woman holding out her hand to show the injuries on her palm.
PHOTO • Sahith M.

തുണ്ടുരു ഗ്രാമത്തിലെ ആരേതി വാസുവിനും അമ്മ സത്യവതിക്കുമെതിരേ ആകെ 31 കേസുകളുണ്ട്. വലത്ത്: പ്രതിഷേധത്തിനിടെ പരിക്കേറ്റ സത്യവതിയുടെ കൈ

2017 ഒക്‌ടോബർ 30ലെ സർക്കാർ ഉത്തരവ്‌ പറയുന്നത്‌ -ജിഎംഎഎഫ്‌പിയിൽനിന്ന്‌ പ്രതിദിനം 3,00,000 ലിറ്റർ ശുദ്ധീകരിക്കപ്പെട്ട മലിനജലം ചിനഗൊല്ലപ്പാലത്തെ കടൽത്തീരത്തേക്കെത്തിക്കാൻ കഴിയുന്ന ഒരു പൈപ്പ് ലൈൻ നിർമ്മിക്കണമെന്നാണ്‌ സർക്കാരിന്റെ ഉത്തരവ്. എന്നാൽ അത്തരത്തിലുള്ള പൈപ്പ് ലൈനോ ട്രീറ്റ്‌മെന്റ് പ്ലാന്റോ ഇവിടെ കാണാനില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. വൻതോതിൽ മലിനജലം ഗോണ്ടേരു അഴുക്കുചാലിലേക്ക് പോകുന്നതിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വകാര്യമായി ഏറ്റെടുത്ത 57ഏക്കറിലെ നിർമാണപ്രവൃത്തികൾ 2015-ലാണ്‌ ആരംഭിച്ചത്‌. ഈ വർഷം ഇത് പ്രവർത്തനക്ഷമമാകേണ്ടതാണ്‌. "പരിസ്ഥിതിയിലേക്ക്‌ പുറംന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ്‌ (കാർബൺ ഫുട്‌പ്രിന്റ്‌)  കഴിയുന്നത്ര ചെറുതാക്കാൻ ശ്രമിക്കും. പരമ്പരാഗത വൈദ്യുതിയെ ആശ്രയിക്കുന്നത് കുറച്ച്‌ കാറ്റ്, സൗരോർജ്ജം, ജലം തുടങ്ങിയ ബദൽ ഊർജ്ജസ്രോതസ്സുകൾ ഞങ്ങൾ ഉപയോഗിക്കും” എന്നാണ് കമ്പനിയുടെ ‘നയരേഖ’ അവകാശപ്പെടുന്നത്.

എന്നാൽ ഗ്രാമീണരെ സംബന്ധിച്ച്‌ ഈ കാഴ്ചപ്പാട്‌ മിഥ്യയാണ്‌. പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് (വിവരാവകാശ നിയമപ്രകാരം) ആരെതി വാസു നൽകിയ വിവരാവകാശ അപേക്ഷയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്‌. വാസു തന്റെ ഗ്രാമത്തിൽ ഒരു ‘മീ സേവാ കേന്ദ്രം’ നടത്തുകയാണ്‌. ബിൽ അടയ്ക്കൽ, സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകൾ തയ്യാറാക്കൽ എന്നീ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് നൽകാനുള്ള സംസ്ഥാനത്തിന്റെ ഒരു സംരംഭമാണിത്.

വാസു ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ അവന്റെ അമ്മ ഫുഡ്‌ പാർക്കിനെതിരേ പൊതുജനങ്ങളെ അണിനിരത്തുന്നതിന്‌ നേതൃത്വം നൽകി. അതേത്തുടർന്ന്‌ മകനെതിരായ കുറ്റപത്രത്തിലെ "മറ്റുള്ളവർ" എന്ന കോളത്തിൽ തന്റെ പേരുകൂടി ചേർക്കപ്പെട്ടതായി സത്യവതി ഉടൻ മനസിലാക്കി.

Coconut trees
PHOTO • Sahith M.
Cans of drinking water stored underneath a table in a house
PHOTO • Sahith M.

ഭാവയിൽ ഗോദാവരി തുരുത്തുകളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന മെഗാ അക്വ പാർക്കിന്റെ ഭൂമി.  ഇവിടെ ജനങ്ങൾ കുടിവെള്ളത്തിനായി ഇതിനകം‌തന്നെ പ്ലാസ്റ്റിക്‌ ക്യാനുകളെ ആശ്രയിക്കാൻ തുടങ്ങികഴിഞ്ഞു

പൊലീസ്‌ പറയുന്നത്‌ ക്രമസമാധാനപാലനം മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ്‌. എന്നാൽ ഈ റിപ്പോർട്ടറുടെ കൈയിലുള്ള എഫ്‌ഐആറുകളുടെ (പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌) പകർപ്പുകൾ, വിവിധ കുറ്റങ്ങൾ ഇവർക്കുമേൽ ചാർത്തപ്പെട്ടത്‌ വ്യക്തമാക്കുന്നു. "35 വർഷമായി എനിക്ക് പോലീസുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല”, സത്യവതി പറയുന്നു. "എന്നിട്ടും, അവർ എന്നെ ഒമ്പത് കേസുകളിൽ കുടുക്കി”. വധശ്രമം ഉൾപ്പെടെയുള്ളതാണ്‌ ഈ കേസുകൾ. സത്യവതി മാത്രമായിരുന്നില്ല. ഇവിടെയുള്ള പല ഗ്രാമീണരും ഇപ്പോൾ കോടതികളും പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങാൻ നിർബന്ധിതരായിക്കഴിഞ്ഞു. ചിലപ്പോൾ ആഴ്ചയിൽ രണ്ടുതവണവരെ.

കൃഷിയെ മാരകമായി  നശിപ്പിക്കുന്നതിനുപുറമേ,  മലിനജലം ഗോണ്ടേരു ചാലിലേക്ക്‌ പോകുന്നത് മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന സമീപത്തെ 18 ഗ്രാമങ്ങളെ നശിപ്പിക്കും. "ഈ ഫാക്ടറി ഞങ്ങളിൽ 40,000 പേരെ ബാധിക്കും”, മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നേതാവ് ബാരെ നാഗരാജു പറയുന്നു.

അനിയന്ത്രിതമായി ഭൂഗർഭജലം പമ്പുചെയ്യുന്നതും മറ്റ് പദ്ധതികളിലേക്ക് തിരിച്ചുവിടുന്നതും ഇതിനോടകം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജലസമൃദ്ധമായ ഗോദാവരിയുടെ തുരുത്തുകളിൽ കഴിയുന്ന ഗ്രാമവാസികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടിവെള്ളത്തിനായി വലിയ പ്ലാസ്റ്റിക് ക്യാനുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരം ക്യാനുകളുടെ വിൽപ്പന ഇപ്പോൾ കുതിച്ചുയരുകയാണ്‌. ജിഎംഎഎഫ്‌പി ഈ അവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു.

"ഈ ഫാക്ടറി ഫലഭൂയിഷ്‌ഠമായ ഭൂമി നശിപ്പിക്കുകയും കർഷകത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്യും”, അക്വാ ഫുഡ് പാർക്കിന് സമീപമുള്ള ജോന്നലഗരുവ് ഗ്രാമത്തിലെ കർഷകത്തൊഴിലാളി കോയ മഹേഷ് പറയുന്നു. ഭൂരിപക്ഷവും ദളിതുകളായ മഹേഷിന്റെ ഗ്രാമത്തിലുള്ളവരും ഈ പദ്ധതിക്കെതിരായ യുദ്ധത്തിലാണ്‌. ആവർക്ക്‌ ആകെയുള്ള ശുദ്ധജല ചാലായ ഗൊണ്ടേരുവിനെ ഈ പദ്ധതി മലീമസമാക്കുമെന്ന്‌ അവർ പരാതിപ്പെടുന്നു. അതുപോലെതന്നെ ഫാക്ടറിയിൽനിന്ന്‌ വരുന്ന ദുർഗന്ധം ഗ്രാമത്തിലെ ജീവിതം ദുസ്സഹവുമാക്കും.

A man sitting on a chair outdoors
PHOTO • Sahith M.
Portrait of a man outdoors with his hands folded across his chest
PHOTO • Sahith M.
Portrait of a man sitting on a chair
PHOTO • Sahith M.

കോയ മഹേഷ് (ഇടത്), സമുദ്രാല വെങ്കിടേശ്വര റാവു (വലത്) എന്നിവർക്കെതിരേ ഒന്നിലധികം കേസുകളുണ്ട്. മത്സ്യത്തൊഴിലാളി നേതാവായ ബാരെ നാഗരാജു (മധ്യത്തിൽ) പറയുന്നത്‌ തന്റെ സമുദായത്തിലെ 40,000 പേരെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നാണ്‌

ജൊന്നലഗരുരിലെ ആകെ 70 കുടുംബങ്ങൾ മാത്രമുള്ള ദളിത്‌ ഗ്രാമത്തിലെ 20-ലധികം പേർക്കെതിരേ വിവിധ കേസുകളാണുള്ളത്‌. കൊലപാതകശ്രമം ഉൾപ്പെടെ ഒമ്പത് കേസുകളാണ്‌ മഹേഷിന്റെ പേരിലുള്ളത്‌. 53 ദിവസം മഹേഷ്‌ ജയിലിൽ കഴിഞ്ഞു. അതിനുശേഷം ആറുദിവസംകൂടി. അക്വ പാർക്കിനെതിരായ യോഗത്തിൽ പങ്കെടുത്തതിന്‌ ജയിലിൽ കഴിയേൻണ്ടിവന്നു. തൊട്ടടുത്ത ദിവസം മഹേഷിന്റെ ഭാര്യ കീർത്തനയുടെ പേരിലും കേസ്‌ രജിസ്റ്റർ ചെയ്യപ്പെട്ടു. "ഭീഷണിപ്പെടുത്തൽ ഇപ്പോൾ സാധാരണമാണ്, അവൾ പറഞ്ഞു. അന്താരാഷ്‌ട്ര വനിതാദിനത്തിൽ വിജയവാഡയിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ ഗർഭിണിയായ ഒരു സ്‌ത്രീയെ പച്ചക്കറിച്ചാക്കുപോലെ പൊലീസ്‌ വാനിലേക്ക്‌ എറിഞ്ഞതായും അവൾ ഓർക്കുന്നു.

ഇവിടെ പ്രായം നിങ്ങൾക്ക്‌ ഒരു ഇളവും നൽകില്ല. എല്ലാ വർഷവും നടത്തുന്ന കബഡി മത്സരത്തിന്‌ മുൻകൂർ അനുമതി വാങ്ങിയില്ലെന്നാരോപിച്ച്‌, അതിൽ പങ്കെടുത്ത കുട്ടികളെ പൊലീസ്‌ സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചാണ്‌ കൊണ്ടുപോയത്‌. മുൻവർഷങ്ങളിൽ യാതൊരു പ്രശ്നവും കൂടാതെ സംഘടിപ്പിക്കപ്പെട്ടതാണ്‌ ഈ മത്സരം. എന്നാൽ ഗ്രാമീണർ പാർക്കിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനുശേഷം കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.

A bunch of women standing outside a house
PHOTO • Sahith M.

‘...എന്നാൽ ഇന്ന് ഞങ്ങൾ റോഡിലിറങ്ങുന്നു, ജയിലിൽ പോകുന്നു',  സമുദ്ര സത്യവതി പറയുന്നു

സംഭവവികാസങ്ങളിൽ ജിഎംഎഎഫ്‌പിയുടെ പക്ഷം ആരാഞ്ഞ്‌ ഈ റിപ്പോർട്ടർ അയച്ച ഇ മെയിലുകളോട്‌ കമ്പനി പ്രതികരിച്ചിട്ടില്ല. എന്നാൽ, പദ്ധതിയെ സംബന്ധിച്ച ആശങ്കകൾക്ക്‌ അടിസ്ഥാനമില്ലെന്നും പുറംന്തള്ളൽ ഉണ്ടാകില്ലെന്നും പാർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ വർമ്മ പറഞ്ഞു. ജലവും മറ്റെല്ലാ മാലിന്യങ്ങളും ശുദ്ധീകരിക്കുകയും പുനഃരുപയോഗിക്കുകയും ചെയ്യും (ദി ഹിന്ദു ബിസിനസ് ലൈൻ, ഒക്ടോബർ 17, 2016).

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാന് പദ്ധതിക്ക് ആരംഭം കുറിച്ചത്. “ചിലയാളുകൾ അക്വാ ഫുഡ് പാർക്ക് പൂട്ടാൻ ശ്രമിക്കുകയാണ്. ഈ ഫാക്ടറി മൂലം യാതൊരു നഷ്ടവും സംഭവിക്കുന്നില്ല”, 2016 ഫെബ്രുവരി 25-ന് എല്ലൂരുവിലെ ഒരു പൊതുസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. “അവശിഷ്ടങ്ങളും മാലിന്യങ്ങളും ശുദ്ധിചെയ്ത്, കടലിലേക്ക് പൈപ്പ്‌ലൈൻ വഴി തിരിച്ചുവിടും. ഫാക്ടറി അതേ സ്ഥാനത്ത് നിർമ്മിക്കും”.

ആന്ധ്രപ്രദേശിൽ കോൺഗ്രസ്‌ പാർട്ടി അധികാരത്തിലിരുന്നപ്പോളാണ്‌ അക്വ പാർക്കിന്‌ അനുമതി ലഭിച്ചത്‌. 2014-ൽ അധികാരത്തിലെത്തിയ തെലുങ്കുദേശം പാർട്ടി (ടിഡിപി) അതിന്‌ പൂർണ പിന്തുണയും നൽകി. കഴിഞ്ഞ രണ്ടുവർഷത്തിൽ 300-ഓളം ഗ്രാമീണരുടെ പേരിൽ വിവധ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ മെഗാ അക്വ പാർക്ക്‌ ‘മലിനീകരണരഹിതം' ആണെന്ന്‌ ടിഡിപി വക്താവ്‌ വൈ.യു.ബി. രാജേന്ദ്ര പ്രസാദ്‌ ഊന്നിപ്പറയുന്നു. പക്ഷേ ഗ്രാമീണർ അഭിമുഖീകരിക്കുന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഈ വിഷയത്തിലെ അവരുടെ അതൃപ്തി തിളച്ചുമറിയുകയാണ്‌. "ഫാക്‌ടറി ഇവിടെ വരുന്നതിനുമുമ്പ്, ഞാൻ ഒരിക്കലും പോലീസ് സ്റ്റേഷനിൽ പോയിട്ടില്ല”, സമീപത്തുള്ള കെ ബേത്തപുഡി ഗ്രാമത്തിലെ കർഷകനായ സമുദ്രല വെങ്കിടേശ്വർ റാവു പറയുന്നു. കൊലപാതകശ്രമവും ക്രിമിനൽ ഗൂഢാലോചനയും ഉൾപ്പെടെ 17 കേസുകളാണ് റാവുവിന്റെ പേരിലുള്ളത്. നടുറോഡിൽ ഒരു പ്രതിഷേധസമരത്തിൽ പങ്കാളിയായതുമുതലാണ്‌ തുടക്കം. "പിന്നീട് അന്ന് രാത്രി എന്നെ പോലീസ് പിടികൂടി 53 ദിവസം ജയിലിലടച്ചു”.

"നേരത്തെ, ഇവിടുത്തെ മിക്ക സ്ത്രീകളും മുഗ്ഗു (തറയിൽ വരയ്ക്കുന്ന അലങ്കാരം) വരയ്ക്കാൻ മാത്രമാണ് വീടുകളിൽനിന്ന് പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇന്ന് ഞങ്ങൾ റോഡിലിറങ്ങുന്നു, ജയിലിൽ പോകുന്നു”,  അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരിയായ സമുദ്ര സത്യവതി പറയുന്നു. എന്തുകൊണ്ടാണ് ഒരു ഫാക്ടറിയുടെ പേരിൽ ആയിരക്കണക്കിനാളുകൾ ആശങ്കാകുലരാകുന്നത്‌? നാലുവർഷത്തെ സമാധാനപരമായ പ്രതിഷേധത്തിനുശേഷം ഗ്രാമീണർ ചോദിക്കുന്നു. "അടുത്ത ദിവസം ഫാക്ടറിയിലേക്കുള്ള യന്ത്രസാമഗ്രികൾ വരുമെന്നതിനാൽ ഞങ്ങളെ വലിച്ചിഴയ്ക്കുകയും മർദിക്കുകയും തടങ്കിലാക്കുകയും ചെയ്യുന്നത് ന്യായമാണോ? ജീവൻ പോയാലും ഈ ഫാക്ടറി തുടങ്ങാൻ ഞങ്ങൾ അനുവദിക്കില്ല”.

പൊതുജനങ്ങൾ ശക്തമായി എതിർക്കുന്ന ഒരു സ്വകാര്യ ഫാക്ടറിയെ എന്തിനാണ് സർക്കാർ പിന്തുണയ്ക്കുന്നതെന്ന് കെ ബേത്തപ്പുഡിയിലെ  ജെ സത്യനാരായണ ആശ്ചര്യപ്പെടുന്നു. "ഇന്നും, പോലീസ് സംരക്ഷണമില്ലാതെ ഫാക്ടറിയിൽ ഒരു ഇഷ്ടികപോലും സ്ഥാപിക്കാൻ കഴിയില്ല”, ജെ സത്യനാരായണ ചൂണ്ടിക്കാട്ടുന്നു.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Sahith M.

Sahith M. is working towards an M.Phil degree in Political Science from Hyderabad Central University.

Other stories by Sahith M.
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup