“ഞങ്ങളുടെ ഗ്രാമത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ഒരു ജോലിയുമില്ല,” ജങ്കം ധനലക്ഷ്‌മി പറയുന്നു. “മുഴുവൻ കൃഷിയിടങ്ങളെയും മീൻവളർത്തുന്ന കുളങ്ങളാക്കി മാറ്റിക്കഴിഞ്ഞു.”

ആന്ധ്രപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ തമിരിശ ഗ്രാമത്തിൽ 450 ഓളം ദളിതർ ജീവിക്കുന്ന അങ്കെന്നഗുഡ ഊരിലെ സ്വദേശിയാണ്‌ 40-കാരിയായ ധനലക്ഷ്‌മി (മുകളിൽ കവർ ചിത്രത്തിൽ). ജോലിയ്ക്കായി കൃഷിയിടങ്ങളിലെത്താൻ ദിവസവേതനമായ 200 രൂപയുടെ നാലിലൊന്ന് ചിലവാക്കി 60 കിലോമീറ്റർ ഓട്ടോറിക്ഷ യാത്ര ചെയ്യണം അവൾക്ക്.

“ഇത്രയധികം യാത്ര ചെയ്തിട്ടും വർഷത്തിൽ വെറും 30 ദിവസമാണ്‌ ഞങ്ങൾക്ക്‌ ജോലിയുള്ളത്‌. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിൽ 10 ദിവസം വീതവും കൃഷിയുടെ സീസണായ ഡിസംബറിൽ പത്ത്‌ ദിവസവും,” ധനലക്ഷ്‌മിയുടെ അയൽക്കാരിയും 60-കാരിയുമായ ഗാന്ധ സരോജ പറയുന്നു. അങ്കെന്നഗുഡക്കാർ  കൃഷിപ്പണിയിൽനിന്ന്‌ വർഷം സമ്പാദിക്കുന്നത്‌ 5,000 മുതൽ 6,000 രൂപവരെയാണ്‌. നിരവധിപേർ ഇതിനോടകം മറ്റിടങ്ങളിലേക്ക്‌ കുടിയേറിക്കഴിഞ്ഞു. “ഏകദേശം പത്തുവർഷംമുമ്പ്‌ ഈ ഗ്രാമത്തിൽ 150-ഓളം കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോൾ 60 കുടുംബങ്ങൾ മാത്രമാണുള്ളത്‌,” സരോജ പറഞ്ഞു. “കുറച്ചുപേർ ഗുഡിവാഡ, വിജയവാഡ, ഹൈദരാബാദ്‌ എന്നിവിടങ്ങളിലേക്ക്‌ കുടിയേറി. മറ്റുള്ളവർ ഭാര്യാവീടുകളുള്ള മറ്റ്‌ ഗ്രാമങ്ങളിലേക്ക്‌ ജോലിയന്വേഷിച്ച്‌ പോയി.”

ഏകദേശം 36,000 ജനസംഖ്യയുള്ള നന്ദിവാഡ മണ്ഡലത്തിലാണ്‌ അങ്കെന്നഗുഡം. മത്സ്യക്കൃഷിയിൽനിന്നുള്ള വരുമാനം കാരണം പ്രതിശീർഷവരുമാനത്തിൽ ആന്ധ്രപ്രദേശിൽ രണ്ടാമതാണ്‌ നന്ദിവാഡ (വിശാഖപട്ടണം ജില്ലയിലെ അച്ച്യുതപുരമാണ്‌ ഒന്നാമത്‌). ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യം സംസ്കരണത്തിനുശേഷം കിഴക്കേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ്‌ കയറ്റി അയയ്ക്കുന്നത്‌. 2014-15-ൽ സംസ്ഥാനത്തിന്റെ തലസ്ഥാന മേഖലാ വികസന അതോറിറ്റിയുടെ കണക്കുകൾപ്രകാരം, നന്ദിവാഡയിലെ പ്രതിശീർഷ വാർഷിക വരുമാനം 308,371 രൂപയായിരുന്നു. അതേ വർഷം കൃഷ്ണാ ജില്ലയുടെ മൊത്തവരുമാനം 140,628 രൂപയും.

PHOTO • Rahul Maganti

നന്ദിവാഡ മണ്ഡലത്തിൽ, 2000-ഓടെയാണ്‌ മുഴുവൻ കൃഷിഭൂമിയും അക്വാകൾച്ചർ കൈക്കലാക്കിയത്‌; ഇപ്പോൾ ചെമ്മീനും മറ്റ് മത്സ്യങ്ങളും കയറ്റുമതിക്കായി ഇവിടെ കൃഷി ചെയ്യുന്നു

2000ത്തിന്റെ തുടക്കംമുതൽ ഓരോ വർഷവും ജനസംഖ്യയിൽ വർധനയുണ്ടാകുന്ന സംസ്ഥാനത്തെ ഒരേയൊരു മണ്ഡലമാണ്‌ നന്ദവാഡയെന്ന്‌ 2001-ലെയും 2011-ലെയും സെൻസസ്‌ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനസംഖ്യയിൽ കുറവുണ്ടായതിനാൽ മണ്ഡൽ പരിഷത്ത് പ്രാദേശിക ടെറിറ്റോറിൽ സീറ്റുകളുടെ (ജനസംഖ്യയെ അടിസ്ഥാനമാക്കി) എണ്ണവും 12-ൽ നിന്ന് 11 ആയി കുറഞ്ഞു.

“ഏകദേശം 15 വർഷങ്ങൾക്കുമുമ്പ്‌ ഞങ്ങൾക്ക്‌ 370 ഏക്കർ കൃഷിയിടമുണ്ടായിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലെ കമ്മ, യാദവ ഭൂവുടമകളുടേതായിരുന്നു ഈ സ്ഥലം. ദളിതുകൾക്ക്‌ സ്വന്തമായി ഉണ്ടായിരുന്നത്‌ 50 ഏക്കർ ഭൂമിമാത്രമാണ്‌. കുറഞ്ഞ സമയംകൊണ്ട്‌ കൂടുതൽ പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഭൂവുടമകൾ കൃഷിയിടങ്ങളിൽ മത്സ്യവളർത്തൽ ആരംഭിച്ചതോടെ, മണ്ണിന്റെ ഫലഭൂയിഷ്‌ടത നഷ്‌ടമാവുകയും ജലം മലിനമാവുകയും ചെയ്തു. അതോടെ, ഞങ്ങളെയും അതേ പാത പിന്തുടരാൻ നിർബന്ധിതരായി.” ധനലക്ഷ്‌മിയുടെ സഹോദരനും കർഷകത്തൊഴിലാളിയുമായ ജങ്കം യഹോഷ്വ പറഞ്ഞു.

ദളിത്‌ കുടുംബങ്ങൾക്ക്‌ പണം ആവശ്യമായതിനാൽ അവരുടെ ഉടമസ്ഥതയിലായിരുന്ന 50 ഏക്കർ ഭൂമിയും കാലക്രമേണ ഭൂവുടമകൾ വാങ്ങി. “ഞങ്ങളുടെ ഈ ഗ്രാമത്തിൽ ഇനി കൃഷിയിടങ്ങൾ ബാക്കിയില്ല. ഇതുകാരണം വലിയ തൊഴിൽ പ്രതിസന്ധിയുണ്ടായി. ഉപജീവന മാർഗം തേടി ഞങ്ങൾക്ക്‌ പുറത്തുപോകേണ്ടിവന്നു. പക്ഷേ ചുറ്റുമുള്ള ഗ്രാമങ്ങളിലും ഇതേ അവസ്ഥയായിരുന്നു. അതോടെ ഈ മേഖലയിലെ മുഴുവൻ തൊഴിലും ഗണ്യമായി കുറയുകയും അത്‌ കുടിയേറ്റത്തിന്‌ കാരണമാകുകയും ചെയ്തു.” യഹോഷ്വ പറയുന്നു.

PHOTO • Rahul Maganti

കൃഷ്ണാ നദിയുടെ ഒരു ചെറിയ കൈവഴിയായ ബുഡമേരുവിൽനിന്നുള്ള വെള്ളമാണ്‌ മത്സ്യക്കുളങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് പ്രാദേശിക ജലസ്രോതസ്സുകളെ കൂടുതൽ നശിപ്പിക്കുന്നു

തൊഴിൽനഷ്‌ടത്തിന്റെ വ്യാപ്തി വളരെ വലുതാണ്: 100 ഏക്കർ കൃഷിഭൂമി പ്രതിവർഷം 11,000—12,000 പ്രവൃത്തിദിനങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നത്‌. അതേസമയം 100 ഏക്കറിലെ മത്സ്യക്കൃഷി പ്രതിവർഷം നൽകുന്നത്‌ 1,000 പ്രവൃത്തിദിനങ്ങൾ മാത്രം. (ജോലി ലഭിക്കുന്ന ആളുകളുടെ എണ്ണത്തെ ജോലി ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണംകൊണ്ട് ഗുണിക്കുന്നതാണ് പ്രവൃത്തിദിനങ്ങൾ).

അങ്കെന്നഗുഡം എന്ന ദളിത്ഗ്രാമം മാത്രമല്ല, ഈ രീതിയിൽ ബുദ്ധിമുട്ടുന്നത്. “നന്ദിവാഡ മണ്ഡലത്തിലെ 32,000 ഏക്കർ ഭൂമിയിൽ 28,000-ഉം മീൻവളർത്തലിനുള്ള ഇടമായി മാറിക്കഴിഞ്ഞുവെന്നാണ്‌ ഞങ്ങളുടെ കണക്കുകൾ. അതിൽ കൂടുതലും ജില്ലാ അധികൃതരിൽനിന്ന്‌ അനുമതിയില്ലാതെ പ്രവർത്തിക്കുന്നവയാണ്‌,” കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുമായി (മാർക്സിസ്റ്റ്‌) ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ആന്ധ്രപ്രദേശ്‌ അഗ്രികൾച്ചർ വർക്കേഴ്‌സ്‌ യൂണിയന്റെ പ്രവർത്തകൻ മുരാല രാജേഷ്‌ (28) പറയുന്നു. ആന്ധ്രപ്രദേശിൽ രാഷ്‌ട്രീയമായും സാമൂഹ്യമായും ഉയർന്ന നിലയിലുള്ള കമ്മ വിഭാഗക്കാരാണ്‌ ഈ മേഖലയിലെ കൂടുതൽ ഭൂമിയുടെയും ഉടമസ്ഥർ. ഇവർക്ക്‌ പിന്നാലെ റെഡ്ഡി, കാപു, രാജക, യാദവ എന്നീ വിഭാഗങ്ങൾക്കും ഭൂമിയിന്മേൽ ഉടമസ്ഥാവകാശമുണ്ട്‌. ഇവരുടെ വരുമാനം ഇപ്പോൾ പ്രധാനമായും മീൻവളർത്തലിൽനിന്നാണ്‌ വരുന്നത്‌.

ധനലക്ഷ്‌മിയുടെ മകനായ 20-കാരൻ അജയ് ജോലി ചെയ്യുന്നത്‌ യാദവ വിഭാഗക്കാരൻ പാട്ടത്തിനെടുത്ത കമ്മയുടെ മത്സ്യകൃഷിയിടത്തിലാണ്‌. രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക്‌ ഒന്നുവരെ ജോലി ചെയ്യുന്ന അജയ്‌യുടെ ശമ്പളം 7,500 രൂപയാണ്‌. അതിലൂടെ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന്‌ വലിയ പിന്തുണയാണ്‌ അജയ്‌ നൽകുന്നത്‌. “പത്തുവർഷങ്ങൾക്ക്‌ മുമ്പ്‌ ദിവസം മൂന്നുനേരം ഞങ്ങൾ ഭക്ഷണം കഴിക്കുമായിരുന്നു. ഇപ്പോൾ രണ്ടുതവണ ഭക്ഷണം കഴിക്കാനുള്ള പണംതന്നെയില്ല,” ധനലക്ഷ്‌മി പറയുന്നു.

PHOTO • Rahul Maganti

ഹനുമാനപുഡി ഗ്രാമത്തിലെ വസന്ത റാവു (ഇവിടെ അദ്ദേഹത്തിന്റെ ചെറുമകൻ മഹേഷിനൊപ്പം താമസിക്കുന്നു), ഇപ്പോൾ ജീവിതം മുന്നോട്ട്‌ നയിക്കാൻ തന്റെ മക്കളെ (ഗുഡിവാഡയിലും ഹൈദരാബാദിലും ജോലി ചെയ്യുന്നവർ) ആശ്രയിക്കുകയാണ്‌

നന്ദിവാഡയിലെ ദളിത്‌ കുടുംബങ്ങളിലെ പ്രായമുള്ളവരുടെയല്ലാം കഥ ഇതുതന്നെയാണ്‌. 1990-ൽ ആരംഭിച്ച്‌ 2000-ത്തിൽ അക്വാകൾച്ചർ വ്യാപകമായ എല്ലായിടത്തും ഇതാണവസ്ഥ. “ ഞാൻ ദിവസം 100 രൂപവെച്ച്‌ സമ്പാദിക്കുമായിരുന്നു. വർഷം 200 ദിവസം തൊഴിലെടുക്കും,” നന്ദിവാഡയുടെ സമീപഗ്രാമമായ ഹനുമനപുഡിയിലുള്ള 55-കാരി കാന്തമ്മ പറയുന്നു. “മീൻവളർത്തൽ വർധിച്ചതോടെ ജോലി അവസരങ്ങൾ കുറഞ്ഞു. അതോടെ തൊഴിലന്വേഷിച്ച്‌ പുറത്തുപോകാൻ ഞാൻ നിർബന്ധിതയായി. പക്ഷേ എന്റെ ആരോഗ്യം സമ്മതിച്ചില്ല…”

25-കാരനായ മകൻ ചന്തുവാണ്‌ കാന്തമ്മയെ നോക്കുന്നത്‌. ഹൈദരാബാദിലെ ഒരു വെൽഡിങ്‌ കമ്പനിയിൽ ജോലി ചെയ്യുകയാണ്‌ അവൻ. അമ്മയെ സഹായിക്കാനായി ചന്തു ഏഴാംക്ലാസിൽ പഠനം ഉപേക്ഷിച്ച്‌ കർഷകത്തൊഴിലാളിയായി മാറി. പിന്നീട്‌ ജോലി കിട്ടാതെയായപ്പോൾ നാലുവർഷം മുമ്പ്‌ അവൻ ഹൈദരാബാദിലേക്ക്‌ മാറി. “ഇപ്പോൾ ഞാൻ 12,000 രൂപ സമ്പാദിക്കുന്നു. അതിന്റെ പകുതി വീട്ടിലേക്കും അയക്കുന്നുണ്ട്‌,” അവൻ പറയുന്നു.

കുറച്ചുവർഷങ്ങൾക്ക്‌ മുമ്പുവരെ ഉപജീവനത്തിനായി കൃഷിപ്പണികൾ ചെയ്തിരുന്ന ഹനുമനപുഡിയിലെ വസന്ത റാവുവും ഇപ്പോൾ മകനെ ആശ്രയിച്ചാണ്‌ വീട്‌ നയിക്കുന്നത്‌. “രണ്ടുപേർ ഗുഡിവാഡയിൽ (ഏഴ്‌ കിലോമീറ്റർ ദൂരയുള്ള ഏറ്റവും അടുത്ത നഗരം) ജോലി ചെയ്യുന്നു. മൂന്നാമൻ ഹൈദരാബാദിലും,” വസന്ത റാവു പറഞ്ഞു. തങ്ങളുടെ മേഖലയിലുള്ള 50 ദളിത്‌ കുടുംബങ്ങളിലെ 30-ഓളം കുടുംബങ്ങളിൽനിന്ന്‌ ആൺമക്കൾ ജോലിതേടി മറ്റിടങ്ങളിലേക്ക്‌ കുടിയേറിയതായി അദ്ദേഹം പറയുന്നു.

ഉയർന്ന പ്രതിശീർഷവരുമാനം ഉണ്ടായിട്ടും മണ്ഡലത്തിലെ ജനസംഖ്യ കുത്തനെ കുറയുന്നതിൽ ചന്തുവിന്‌ അത്ഭുതമില്ല. “സമീപത്തായി ജോലി ലഭ്യമല്ലാത്തതിനാൽ സ്‌ത്രീകൾ വീട്ടുജോലി നോക്കി സ്വന്തം നാട്ടിൽതന്നെ നിൽക്കും. അടുത്തുള്ള ഗ്രാമങ്ങളിലേക്ക്‌ പോകാൻ ആരോഗ്യം അനുവദിച്ചാൽ പുരുഷൻമാരെ സംബന്ധിച്ച്‌ ജോലിയുണ്ട്‌. പെൺമക്കളെ വിവാഹം ചെയ്യിച്ച്‌ മറ്റ്‌ ഗ്രാമങ്ങളിലെ ഭർതൃഗൃഹങ്ങളിലേക്ക്‌ അയക്കുന്നു. ആൺമക്കൾ ഗുഡിവാഡയിലേക്കും ഹൈദരാബാദിലേക്കും ജോലിക്കായി പോകുന്നു. ഓട്ടോറിക്ഷ ഓടിക്കലും, നിർമ്മാണത്തൊഴിലും പെയിന്റിങ്ങും ഒക്കെയാണ്‌ അവർ ചെയ്യുക. -മറ്റൊരിടത്ത്‌ ദുരിതപൂർണമായ ജീവിതം നയിക്കുമ്പോളും മാതാപിതാക്കൾക്ക് പണം നാട്ടിലേക്ക്‌ അയയ്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മണ്ഡലത്തിലെ ജനസംഖ്യ എങ്ങനെ കുറയാതിരിക്കും?” അവൻ ചോദിക്കുന്നു.

PHOTO • Rahul Maganti

അങ്കണ്ണഗുഡെമിലെ ദളിതർക്ക് ഇനിമുതൽ, മലിനമായ കുളം (ഇടത്ത്‌) ഉപയോഗിക്കാൻ കഴിയില്ല; ഉയർന്ന ജാതിയിൽപ്പെട്ടവർ ഉപയോഗിക്കുന്ന തമിരിസയിലെ (വലത്ത്‌) കുളമാകട്ടെ താരതമ്യേന മെച്ചപ്പെട്ട രൂപത്തിലാണ്

മീൻവളർത്തുന്ന കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നയാളാണ്‌ ചന്തുവിന്റെ സുഹൃത്ത്‌ മട്ടുപ്പള്ളി ജോസഫ്‌. തന്റെ പ്രായമുള്ള മാതാപിതാക്കളെ നോക്കാനായി ജോസഫ്‌ ഗ്രാമത്തിൽ തുടരുകയായിരുന്നു. “നടപ്പാക്കുന്നില്ലെങ്കിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ നിയമത്തിന്റെ (എംജിഎൻആർഇജിഎ) ഉദ്ദേശലക്ഷ്യം എന്താണ്‌? തൊഴിലുറപ്പ്‌ പദ്ധതിപ്രകാരം കുറച്ചെങ്കിലും ജോലി ലഭ്യമാക്കാൻ ഞങ്ങൾ ഉദ്യോഗസ്ഥരോട്‌ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2005-ൽ നിയമം പാസാക്കിയതിനുശേഷം ഒരിക്കൽപ്പോലും അത് സംഭവിച്ചിട്ടില്ല. ഒരുദിവസം എന്റെ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ച്‌ മറ്റൊരു നഗരത്തിൽ പോയി ജോലിയെടുക്കാൻ ഞാനും നിർബന്ധിതനാകും,” വിഷമവും ദുഃഖവും കലർന്ന മുഖത്തോടെ ജോസഫ്‌ പറഞ്ഞു.

അതേസമയം, അക്വാകൾച്ചർ ഈ കുഗ്രാമത്തിലെ ഭൂഗർഭജലത്തെയും കുളങ്ങളെയും, കനാലുകളും അരുവികളുംപോലെ,  ജലസേചനത്തിനുള്ള ഉപരിതല ജലസ്രോതസുകളെയും ഒരുപോലെ മലിനമാക്കുകയും ചെയ്തു. “പഞ്ചായത്ത് ടാപ്പിലെ കുടിവെള്ളത്തിന് ഇപ്പോൾ പച്ചനിറമാണ്. താമിരിസയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കടകളിൽനിന്ന് 20 ലിറ്റർ കുടിവെള്ളത്തിന്റെ ഒരു ക്യാൻ 15 രൂപയ്ക്ക് ഞങ്ങൾ വാങ്ങുകയാണ്‌. ഒരു മാസം 20 ക്യാനുകളെങ്കിലും ഞങ്ങൾക്ക്‌ വേണം. ഇവിടെയുള്ള ദളിതർ കുടിയേറാൻ നിർബന്ധിതരായി, എന്നാൽ ഭൂവുടമകളായ ഉന്നതജാതിക്കാർ പ്രകൃതിയുടെ ക്രോധത്തിൽനിന്ന് രക്ഷപ്പെടുമോ?” സരോജ ചോദിക്കുന്നു.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Rahul Maganti

Rahul Maganti is an independent journalist and 2017 PARI Fellow based in Vijayawada, Andhra Pradesh.

Other stories by Rahul Maganti
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup