22 വയസുള്ള സുഷമ മാലി അഹമ്മദ്നഗർ ജില്ലയിലെ തന്റെ ഗ്രാമമായ ആധാൽഗാവിൽ മൂന്നുവസ്സുകാരിയായ തന്റെ മകളെയും കൃഷിക്കാരനായ ഭർത്താവിനെയും വിട്ടുപോന്നിട്ട് എട്ടുമാസമായി. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള വാർഷികാവധിക്ക് വീട്ടിൽ പോകുന്നതിനുമുൻപ് നർത്തകിയായി താൻ ജോലിചെയ്യുന്ന തമാശസംഘത്തിന്റെ ഉടമകളുമായുള്ള കണക്കിടപാടുകൾ പൂർത്തിയാക്കണം.

'ഫഡ്‌' എന്നറിയപ്പെടുന്ന തമാശസംഘത്തിന്റെ ഉടമയായ, 'മമ്മി' എന്ന് വിളിപ്പേരുള്ള, മംഗള ബൻസോഡേ സതാര ജില്ലയിലെ കർവഡി ഗ്രാമത്തിലെ തന്റെ വീട്ടിലെ സ്വീകരണമുറിയിൽ ഒരു കസേരയിലിരുന്ന് കണക്കുകൾ നോക്കുകയാണ്. കനമേറിയ കണക്കുപുസ്തകങ്ങൾ പിടിച്ച് ചില പുരുഷന്മാർ നിലത്തിരിക്കുന്നു. കലാകാരന്മാരും, കൂലിപ്പണിക്കാരും, ഡ്രൈവർമാരും, വയറിങ് പണിക്കാരും, മാനേജർമാരും, പാചകക്കാരുമടങ്ങുന്ന സംഘത്തിലെ 170 അംഗങ്ങൾ ഓരോരുത്തരായി കടന്നുവരുന്നതിനൊപ്പം മുറിയുടെ കതക് അടക്കുകയും ചെയ്യുന്നു.

Kiran Bade (centre) cracks a joke during a performance with Nitin Bansode, Mummy’s younger son
PHOTO • Shatakshi Gawade ,  Vinaya Kurtkoti

ഒരു അവതരണത്തിനിടയിൽ നിതിൻ ബൻസോഡെയും  (ഇടത്) കിരൺ ബഡെയും (നടുവിൽ) തമാശ പങ്കുവെക്കുന്നു. ഫഡിന്റെ ഉടമകളിലൊരാളായ നിതിൻ, മംഗള ബൻസോഡെയുടെ ഇളയമകനാണ്

ഇപ്പോൾ 66 വയസുള്ള മംഗളാത്തായി തമാശ എന്ന കലയിലെ ഇതിഹാസമായ വിഠാബായ് നാരായൺഗാവ്‌കറിന്റെ മകളാണ്. ഏഴുവയസുള്ളപ്പോൾ അമ്മയുടെ സംഘത്തിൽ ജോലിചെയ്യാൻ തുടങ്ങി. പിന്നീട് തന്റെ ഭർത്താവ് രാംചന്ദർ ബൻസോഡെയെ അവിടെ കണ്ടുമുട്ടുകയും, ഇരുവരും ചേർന്ന് 1983-ൽ ഒരു 'ഫഡ്‌ ' തുടങ്ങുകയും ചെയ്തു. (സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത്, നടൻ എന്ന നിലയിലെല്ലാം പ്രവർത്തിച്ച അദ്ദേഹം ഇപ്പോൾ ആരോഗ്യം ക്ഷയിച്ചതിനാൽ വിശ്രമത്തിലാണ്). അവരുടെ 'ഫഡ്‌ ' ഇപ്പോൾ 'മംഗളാ ബെൻസോഡേ നിതിൻ കുമാർ തമാശ മണ്ഡൽ' എന്നാണ് അറിയപ്പെടുന്നത്. നിതിൻ അവരുടെ ഇളയമകനാണ്.

മംഗളാത്തായിയുടെ സ്വീകരണമുറിയിലേക്ക് കടന്നുവന്ന തമാശസംഘാംഗങ്ങളിൽ ഒരാൾ കിരൺ ബഡെയാണ്. 'ഉചൽ' അല്ലെങ്കിൽ മുൻ‌കൂർ പണമായി 50,000 രൂപ വാങ്ങിയാണ് അയാൾ മടങ്ങുന്നത്. നാലുമാസം നീളുന്ന വാർഷികാവധിക്കാലത്ത്, അഹമ്മദ് നഗർ ജില്ലയിലെ പാഥർഡി പട്ടണത്തിലെ അയാളുടെ ഏഴംഗങ്ങൾ അടങ്ങുന്ന കുടുംബത്തെ പരിപാലിക്കാൻ ഈ ഉചൽ സഹായകമാകും. അയാളുടെ അച്ഛനും സഹോദരനും മറ്റൊരു തമാശ സംഘത്തിൽ ജോലി ചെയ്യുന്നുണ്ട്.

ചികിത്സാവശ്യങ്ങൾ, കല്യാണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് ആളുകൾ പണം മുൻകൂറായി വാങ്ങാറുള്ളത്. "പക്ഷെ, തമാശ ട്രൂപ്പ് ഉടമകൾ ഉചൽ തരുന്നത് അംഗങ്ങളെ അവരുടെ ബന്ധനത്തിലാക്കാനാണ്," കിരൺ പറഞ്ഞു.

കിരണിന്റെ മാസവേതനമായ 15,000 രൂപയിൽ ഒരുഭാഗം 2017-2018 സീസണിൽ ഈ ഉചൽ തിരിച്ചടയ്ക്കാൻ വിനിയോഗിക്കും. സീസൺ പരിശീലനം സെപ്റ്റംബറിൽ തുടങ്ങും, പരിപാടികൾ മേയിൽ അവസാനിക്കും. "ഞാൻ ചെയ്യുന്ന ജോലികളെല്ലാം കണക്കിലെടുത്താൽ എനിക്ക് ഇതിലും വളരെയധികം കിട്ടണം," 24 വയസുള്ള കിരൺ പറഞ്ഞു. അയാൾക്ക്‌ പാടാനും, ആടാനും, അഭിനയിക്കാനുമുള്ള കഴിവുകളുണ്ട്.

എന്നാൽ ഭാര്യ അയാളോട് തമാശ ഉപേക്ഷിച്ചിട്ട് വേറെ തൊഴിലന്വേഷിക്കാൻ പറഞ്ഞപ്പോൾ, കിരൺ വിസമ്മതിച്ചു. തമാശ അയാൾക്ക്‌ ആവേശമാണ്. "വേറെ ഭാര്യയെ വേണമെങ്കിൽ കണ്ടുപിടിക്കാം, എന്നാൽ ഫഡ്‌ ഞാൻ വിടില്ല എന്ന് അവളോട് പറഞ്ഞു. ഞാൻ മോചനം ആഗ്രഹിക്കാത്ത ഒരു തടവറയാണ് തമാശ."

സീസൺ ആരംഭിക്കുമ്പോൾ കിരണിന് 50 രൂപ 'ശിധാ' അല്ലെങ്കിൽ ദിവസവേതനം ലഭിക്കും. കൂടുതൽ വരുമാനത്തിനുവേണ്ടി അയാൾ ഇലെക്ട്രിഷ്യനായും ഡ്രൈവറായും ജോലി ചെയ്യും - ഓരോ ജോലിക്കും 200 രൂപ ദിവസക്കൂലി എന്ന നിരക്കിൽ. സീസൺ അവസാനിക്കുമ്പോൾ ദിവസവേതനം കുറച്ചിട്ടുള്ള വരുമാനം അയാൾക്ക്‌ മൊത്തമായി ലഭിക്കും.

PHOTO • Shatakshi Gawade ,  Vinaya Kurtkoti

66 വയസുള്ള മംഗളാത്തായിയും അവരുടെ മൂത്തമകനായ അനിലും കരാഡ് ജില്ലയിലെ സാവ്‌ലജ്ജ് ഗ്രാമത്തിലെ ഒരു പരിപാടി ചർച്ച ചെയ്യുന്നു. മഹാരാഷ്ട്രയിലെ വലിയ തമാശ സംഘങ്ങളിൽ ഒരെണ്ണം ഇവരുടേതാണ്

മിക്ക തമാശ കലാകാരന്മാരുടെയും ധനസ്ഥിതി ഇതേ ക്രമത്തിലാണ്: ഉചൽ വാങ്ങുക, അത് തിരിച്ചടയ്ക്കാൻവേണ്ടി ജോലിചെയ്യുക, വരുംവർഷത്തേക്കു പിന്നെയും മുൻ‌കൂർ പണം വാങ്ങുക. 210 ദിവസം നീളുന്ന സീസണിൽ നിയമപ്രകാരമുള്ള ഒരു കരാറിനാൽ അവർ ഒരു സംഘത്തോട് ബാധ്യസ്ഥരാണ്. ശമ്പളം കൂടാതെ, സംഘത്തിലെ ഓരോ അംഗത്തിനും വസ്ത്രങ്ങളും, ദിവസവും രണ്ടുനേരത്തെ ഭക്ഷണവും ലഭിക്കും. പക്ഷെ മേക്കപ്പ് അവർ സ്വയം ചെയ്യണം.

ഫഡ്‌ അവധിയെടുക്കുന്ന നാലുമാസങ്ങളിൽ കലാകാരന്മാരും ജോലിക്കാരും സ്വന്തം കൃഷിയിടങ്ങളിൽ ജോലിചെയ്യുകയോ അല്ലെങ്കിൽ ഡ്രൈവർമാരായോ, വീട്ടുജോലിക്കാരായോ പണിയെടുക്കുകയുമാവും ചെയ്യുക. അവർക്കു തമാശയിലൂടെ ലഭിച്ച സമ്പാദ്യം ഈ കാലയളവിൽ സഹായകമാകും.

Woman dancing in tamasha
PHOTO • Shatakshi Gawade ,  Vinaya Kurtkoti

അമ്മയുടെ പാത പിന്തുടർന്ന് സുഷമ മാലി 12 വയസ്സിൽ നർത്തകിയായി

ഈ സംഘത്തിൽ ഏകദേശം 16 നർത്തകികളുണ്ട്, അവർക്കാണ് ഏതു തമാശസംഘത്തിലും ഏറ്റവും കൂടുതൽ വേതനം നൽകുക, അനിൽ ബൻസൊഡെ പറഞ്ഞു. സംഘത്തിന്റെ മാനേജരായ ഈ 45 വയസ്സുകാരൻ മംഗളാത്തായിയുടെ മൂത്ത മകനാണ്. "2016-17 സീസണിൽ ഒരു നർത്തകിക്ക് നൽകിയ കൂടിയ ശമ്പളം 30,000 രൂപയാണ്," അയാൾ പറഞ്ഞു. ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കുന്നതും, അവരിൽനിന്ന് ഏറ്റവുമധികം പ്രശംസ ലഭിക്കുന്നതും നർത്തകിമാർക്കാണ്. എന്നാൽ എട്ടുമാസം യാത്രചെയ്യാൻ സന്നദ്ധരായ നർത്തകിമാരെ കണ്ടെത്തുന്നത് എളുപ്പമല്ല, അനിൽ പറഞ്ഞു. "വലിയ ശമ്പളമാണ് അവരെ നിലനിർത്താനുള്ള ഒരേയൊരു വഴി."

ഈ സീസണിൽ സുഷമ മാലിയായിരുന്നു ഗാനരംഗങ്ങളിലെ മുഖ്യനർത്തകി. അവർ 12-13 വയസുള്ളപ്പോൾ തമാശയിൽ ജോലി ആരംഭിച്ചതാണ്. തന്റെ അമ്മ ഒരു സംഘത്തിൽ നൃത്തംചെയ്യുന്നത് കണ്ടാണ് അവർ വളർന്നത്. തമാശ കലാകാരിയാകാനുള്ള സുഷമയുടെ തീരുമാനത്തിൽ ആദ്യം അമ്മ വിഷമം പ്രകടിപ്പിച്ചു. താൻ നേരിട്ട യാതനകൾ മകൾ നേരിടരുത് എന്നായിരുന്നു അവരുടെ ആഗ്രഹം. സാമ്പത്തിക സ്വാതന്ത്ര്യം ഇഷ്ടപെടുന്നതിനാൽ സുഷമ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. "കൃഷിക്കാരനായ എന്റെ ഭർത്താവിന് ഞാൻ ഫഡിൽ ജോലിചെയ്യുന്നത് ഇഷ്ടമല്ല. എന്നാൽ എനിക്ക് എന്റെ എട്ടുവയസ്സുകാരൻ അനിയനെയും മൂന്നുവയസ്സുകാരി മകളെയും നോക്കണം," സുഷമ പറഞ്ഞു. അവർക്കും തന്റെ മകൾ ഈ രംഗത്ത് പ്രവേശിക്കരുത് എന്നാണ് ആഗ്രഹം. താനൊരു തമാശ നർത്തകിയാണെന്ന് അവർ മകളോട് പറഞ്ഞിട്ടില്ല.

പലരും തമാശയിൽ ചേരുന്നത് അച്ഛനമ്മമാരോ മുതിർന്ന സഹോദരങ്ങളോ സംഘങ്ങളിൽ ജോലിചെയ്യുന്നത് കാരണമാണ്. കൃഷിപ്പണിയെക്കാൾ സ്ഥിരതയുള്ള ഒരു ഉപജീവനമായാണ് അവർ ഈ തൊഴിലിനെ കാണുന്നത്. ഒരു ഫഡിന്റെ ഭാഗമാകുമ്പോൾ തങ്ങൾ കലാകാരന്മാരായി അറിയപ്പെടുകയും, സമൂഹത്തിൽ കൂടുതൽ ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്.

സാംഗ്ലി ജില്ലയിലെ ദുബൽ ധുൽഗാവ് ഗ്രാമത്തിലെ ശാരദ ഖാഡെയുടെ കുടുംബത്തെപ്പോലെ ചിലർക്ക് തമാശ ഒരു വീടാണ്. 'വാഗ് നാട്യ' എന്ന നാടോടിനാടക സംഘത്തിലെ ഒരു അഭിനേതാവും നർത്തകിയുമാണ് ശാരദ. അവരുടെ ഒരു മകൻ ഒരു കൊട്ടുവാദ്യക്കാരനും, മറ്റൊരാൾ വയറിങ് ജോലിക്കാരനുമാണ്. ശാരദയുടെ ഭർത്താവും സംഘത്തിലെ ഒരു നടനാണ്. തമാശസംഘത്തിലെ ജോലിയാണ് അവർക്ക് കിട്ടാവുന്നതിൽ‌വെച്ച് ഏറ്റവും നല്ല തൊഴിൽ. കാരണം, കർഷകരായ അവരുടെ ബന്ധുക്കൾ കഷ്ടിച്ച് 200 രൂപയാണ് ഒരുദിവസം സമ്പാദിക്കുന്നത്. ദിവസവും ജോലി ലഭിക്കുമെന്ന് ഉറപ്പുമില്ല.

പക്ഷെ തമാശ ജോലിയിൽനിന്നുള്ള സ്ഥിരവരുമാനത്തിന് ഒരു വില നൽകേണ്ടതുണ്ട്. ഓരോ ദിവസവും പുതിയ ഒരു ഗ്രാമത്തിൽ കൂടാരമടിക്കുന്നത് സുഖപ്രദമായ ഒരു കാര്യമല്ല, ശാരദ പറഞ്ഞു. ക്രമമില്ലാത്ത തൊഴിൽസമയവും, രാത്രി വളരെ വൈകിയുള്ള ജോലിയും, സമയം തെറ്റിയുള്ള ഭക്ഷണവും, മിക്കപ്പോഴും വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളുമാണ് ഇവർ നേരിടുന്ന മറ്റു ബുദ്ധിമുട്ടുകൾ.

Sharda gets ready for the last performance of the season. Her husband Nagesh Khade (centre) is an actor in the vag natya and her son Sagar Khade is a percussionist
PHOTO • Shatakshi Gawade ,  Vinaya Kurtkoti

സീസണിലെ അവസാനത്തെ അവതരണത്തിനായി ശാരദ ഖാഡെ തയ്യാറെടുക്കുന്നു. അവരുടെ ഭർത്താവ് നാഗേഷ് (നടുവിൽ) ഒരു അഭിനേതാവും, മകൻ സാഗർ (ഇടത്) ഒരു കൊട്ടുവാദ്യക്കാരനുമാണ്

തമാശയിൽനിന്നുള്ള സ്ഥിരവരുമാനത്തിന് ഒരു വില നൽകണം. ഓരോ ദിവസവും പുതിയ ഒരു ഗ്രാമത്തിൽ കൂടാരമടിക്കുക, സമയനിഷ്ഠയില്ലാത്ത കാര്യക്രമങ്ങൾ, സമയം തെറ്റിയുള്ള ഭക്ഷണം, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങളും – പലപ്പോഴും ആഭാസകരമായ അഭിപ്രായങ്ങളും

പുരുഷന്മാരായ കാണികൾ പലപ്പോഴും ആഭാസകരമായ ആംഗ്യങ്ങൾ കാണിക്കുകയും, അശ്ലീലം കലർന്ന അഭിപ്രായങ്ങൾ വിളിച്ചുപറയുകയും ചെയ്യും. ചിലപ്പോൾ ശാരദ അവരോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്നും, അവർക്ക് വീട്ടിൽ അമ്മപെങ്ങന്മാർ ഇല്ലേയെന്നും? ചോദിക്കും. "എന്നാൽ ഞങ്ങളുടെ പെണ്ണുങ്ങൾ തമാശയിലെ പെണ്ണുങ്ങളെപോലെ പെരുമാറില്ല!" എന്നാണ് അവരുടെ മറുപടി. മറ്റുള്ളവരുടെ മുമ്പിൽ നൃത്തം ചെയ്യേണ്ടതില്ലാത്ത മറ്റെന്തെങ്കിലും ജോലി എന്തുകൊണ്ടാണ് ചെയ്യാത്തതെന്നാണ് ചില പുരുഷന്മാരുടെ ചോദ്യം. "എന്നാൽ ഇതും ഒരു ജോലിയാണല്ലോ," എന്ന് ശാരദ മറുപടി നൽകും.

തമാശയിലെ പുരുഷന്മാർക്കും ദുരനുഭവങ്ങൾ നേരിടേണ്ടിവരാറുണ്ട്. കുട്ടിയായിരുന്നപ്പോൾ തന്നെയും സഹോദരങ്ങളെയും "ആട്ടക്കാരിയുടെ മക്കൾ" എന്ന് തന്റെ ഗ്രാമവാസികൾ വിളിക്കാറുണ്ടായിരുന്നു എന്ന് അനിൽ പറഞ്ഞു.

***

Mohit in the rahuti [tent] in Narayangaon
PHOTO • Shatakshi Gawade ,  Vinaya Kurtkoti

തമാശ ട്രൂപ്പ് ഉടമ മോഹിത് നാരായൺഗാവ്ക്കർ തന്റെ ഫഡ്‌ ആൾക്കാരുടെ ഓർമയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു

തമാശ വ്യവസായം നിലനിൽക്കുന്നത് മിക്കപ്പോഴും പണമിടപാടുകളിലാണ്. ട്രൂപ്പുടമകൾ സ്വാകാര്യ പണമിടപാടുകാരിൽനിന്നും 4-5 ശതമാനം മാസപലിശക്ക് കടമെടുക്കും. "ബാങ്കുകൾ ഞങ്ങൾക്ക് ലോൺ തരില്ല. ഞങ്ങൾ സ്വകാര്യ പണമിടപാടുകാരിൽനിന്നും പണം കടം വാങ്ങും, ഫഡ്‌ സീസണായ അടുത്ത എട്ടുമാസങ്ങളിൽ തിരിച്ചു കൊടുക്കും," മറ്റൊരു തമാശസംഘത്തിന്റെ ഉടമയായ മോഹിത് നാരായൺഗാവ്ക്കർ പറഞ്ഞു. മംഗളാത്തായിയുടെ സഹോദരൻ കൈലാഷിന്റെ മകനാണ് മോഹിത്.

എന്നാൽ, മംഗളാത്തായിയുടെ സംഘത്തിന് ബാങ്കുകളിൽനിന്ന് ലോൺ ലഭിക്കാറുണ്ട്. അവർക്ക് ലോൺ തിരിച്ചടയ്ക്കാൻ കഴിവുണ്ടെന്നാണ് ബാങ്കുകൾ കണക്കാക്കുന്നത്. അധികം കടബാധ്യത ഇല്ലാത്തതും, സ്വന്തം ഉപകരണങ്ങൾകൊണ്ട് തമാശ നടത്തുന്നതുമായ ചുരുക്കം സംഘങ്ങളിൽ ഒന്നാണ് അവരുടേത്. അംഗങ്ങളുടെ എണ്ണത്തിലും, വരുമാനത്തിലും ഗ്രാമീണ മഹാരാഷ്ട്രയിൽ, ഇപ്പോഴും പ്രവർത്തിക്കുന്ന വമ്പൻ സംഘങ്ങളിൽ ഒന്നാണ് മംഗളാത്തായിയുടെ ഫഡ്‌. ഓരോ വർഷവും അവരുടെ ഫഡിന്റെ മൊത്തം ഇടപാടുകൾ ഒരുകോടി രൂപയോളം വരും. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഇത്തരത്തിൽ 70-150 അംഗസംഖ്യ ഉള്ള, 30-40 സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന്, പുണെയിലെ ഫോട്ടോ ജേർണലിസ്റ്റായ സന്ദേശ് ഭണ്ഡാരെ പറഞ്ഞു. തമാശ സമൂഹത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 20 -22 അംഗങ്ങളുള്ള ഏകദേശം 200 സംഘങ്ങളുമുണ്ട്. എന്നാൽ ഇവരിൽ എല്ലാവരും സീസൺ മുഴുവൻ പ്രവർത്തിക്കാറില്ല.

സെപ്റ്റംബർ - മേയ് സീസണിൽ ഒരു ഫഡ്‌ രണ്ടുതരത്തിൽ പണം സമ്പാദിക്കും. ദസറ ആഘോഷം കഴിഞ്ഞാണ് ടിക്കറ്റ്  വെച്ചുള്ള പരിപാടികളുടെ കാലം ആരംഭിക്കുക. പൊതുവെ ഒരു ടിക്കറ്റിന് 60 രൂപയാണ്. മാർച്ച് /ഏപ്രിൽ മാസങ്ങളിൽ വരുന്ന ഗുഡി പഡുവ ആഘോഷംവരെ ടിക്കറ്റുള്ള പരിപാടികൾ തുടരും.

The audience stayed on till the end of the show in Gogolwadi village, Pune district
PHOTO • Shatakshi Gawade ,  Vinaya Kurtkoti

തുറന്ന സ്ഥലങ്ങളിൽ വെറും രണ്ടുമണിക്കൂറിൽ നിർമ്മിക്കുന്ന ഒരു താത്കാലിക അരങ്ങിലാണ് പൊതുവെ തമാശ അവതരിപ്പിക്കാറുള്ളത്

കുറഞ്ഞത് 1,000 കാണികളുണ്ടെങ്കിലേ ടിക്കറ്റ് വെച്ചുള്ള ഒരു പരിപാടിയുടെ മുഴുവൻ ചെലവും നടത്താനുള്ള വരുമാനം ലഭിക്കുകയുള്ളു. ആ ഗ്രാമത്തിൽനിന്നും, അയൽഗ്രാമങ്ങളിൽനിന്നുമുള്ള ആൾക്കാരാണ് കാണികൾ. അതിൽ 90 ശതമാനം പുരുഷന്മാരായിരിക്കും. പൊതുവെ ഒരു പരിപാടി 5-6 മണിക്കൂർ നീളും. എന്നാൽ രാത്രി 11 മണിയോ അല്ലെങ്കിൽ പാതിരാത്രിയോ കഴിഞ്ഞാണ് പരിപാടി തുടങ്ങുന്നതെങ്കിൽ വെളുപ്പിന് 2 അല്ലെങ്കിൽ 3 മണിക്ക് അവസാനിക്കും.

തുറന്ന സ്ഥലങ്ങളിൽ, രണ്ടുമണിക്കൂറിൽ ജോലിക്കാർ പണിയുന്ന സ്റ്റേജിലാണ് തമാശ അവതരിപ്പിക്കാറുള്ളത്. ഓരോ ദിവസവും ഓരോ സംഘവും പുതിയ സ്ഥലങ്ങളിലായിരിക്കും പരിപാടി അവതരിപ്പിക്കുക. ചില ഗ്രാമങ്ങളിൽ, സംഘങ്ങൾ 'സകാൽച്ചി ഹജേരി' എന്ന് വിളിക്കുന്ന, സമയം കുറഞ്ഞ പരിപാടി രാവിലെ അവതരിപ്പിക്കും. ഇത്തരം പകൽ അവതരണങ്ങൾ 2-3 മണിക്കൂർ നീളും.

പണം സമ്പാദിക്കാനുള്ള രണ്ടാമത്തെ മാർഗ്ഗം ഗ്രാമത്തിലെ വാർഷികാഘോഷം നടത്തുന്ന 'ജാത്ര' കമ്മിറ്റികൾ, സംഘങ്ങളെ തമാശ അവതരിപ്പിക്കാൻ വിളിക്കുമ്പോഴാണ്. ഓരോ ഗ്രാമത്തിലും ഇത്തരത്തിലുള്ള കമ്മിറ്റികളുണ്ട്. വലിയ തമാശസംഘങ്ങൾക്ക് ഒരു പരിപാടിക്ക് 1 ലക്ഷം രൂപയെങ്കിലും മുൻ‌കൂർ പണം അല്ലെങ്കിൽ 'സുപാരി' നൽകണം.

ജാത്ര കമ്മിറ്റികൾ ഒരുക്കുന്ന 'സുപാരി ' പരിപാടികൾക്ക് ടിക്കറ്റ് ഉണ്ടാകാറില്ല. എല്ലാവർക്കും വന്ന് തമാശ എന്ന കലാരൂപം കാണാം. "മേയ് 2017-ൽ അവസാനിച്ച സീസണിൽ ഞങ്ങൾ 60 ലക്ഷം രൂപ ലാഭമുണ്ടാക്കി, എന്നാൽ അത് ഉച്ചൽ നൽകാൻ ചെലവഴിക്കേണ്ടിവന്നു. കലാകാരന്മാർ മറ്റൊരു തമാശസംഘത്തിലേക്ക് പോകുമെന്ന് പേടിയുള്ളതിനാൽ, ഉച്ചൽ ഒഴിവാക്കാൻ പറ്റില്ല," മോഹിത് പറഞ്ഞു.

എന്നാൽ വരൾച്ചയുള്ള കൊല്ലങ്ങളിൽ, ഗ്രാമവാസികളുടെ കൈയ്യിൽ ചെലവഴിക്കാൻ പണം ഉണ്ടാകില്ല. അപ്പോൾ ടിക്കറ്റുള്ളതും ഇല്ലാത്തതുമായ അവതരണങ്ങളെല്ലാം ഒരുപോലെ ബുദ്ധിമുട്ടും. "പക്ഷെ, കലാകാരന്മാർക്ക് ശമ്പളം നൽകണം. മാത്രമല്ല അവർ എല്ലാ വർഷവും വർദ്ധനവ് ആവശ്യപ്പെടും," മോഹിത് പറഞ്ഞു. "ഉടമ ആ നഷ്ടം സഹിക്കണം."

Babaso Nyanu Mane (centre) is going to apply for a pension this year. He tried setting up his own phad, but had to return to his life as just an actor when his phad failed
PHOTO • Shatakshi Gawade ,  Vinaya Kurtkoti

മംഗളാത്തായിയുടെ സംഘത്തിൽ അഭിനേതാവായ ബാബാസോ ന്യാണു മാനേ (നടുവിൽ) ഈ വർഷം സർക്കാർ പെൻഷന് അപേക്ഷിക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നു

എന്നാൽ ലാഭമല്ല മുഖ്യലക്ഷ്യമെന്ന് മംഗളയും മോഹിതും ഒരുപോലെ സമ്മതിക്കുന്നു. "ജനം ഞങ്ങളുടെ ഫഡിനെ ഓർക്കണം എന്നതാണ് മുഖ്യലക്ഷ്യം," മോഹിത് പറഞ്ഞു. "തമാശ എന്ന കല നിലനിൽക്കണം." തന്റെ കുടുംബത്തിന്റെ പേര് നിലനിർത്തുക എന്ന ഒരു പ്രേരണ മാത്രമാണ് ഇപ്പോഴും ഈ തൊഴിൽ നടത്താൻ കാരണമെന്ന് മംഗളാത്തായിയും തറപ്പിച്ച് പറഞ്ഞു. "സമ്പാദിക്കുന്ന മുഴുവൻ പണവും ഞങ്ങളുടെ കലാകാരന്മാർക്കും ജോലിക്കാർക്കും വീതിച്ചുനൽകുന്നു. തമാശ നടത്തുന്നതിൽനിന്ന് ഞങ്ങൾ ഒന്നും നേടുന്നില്ല," അവർ കൂട്ടിച്ചേർത്തു.

വിരമിക്കലിനുശേഷം എങ്ങനെയാണ് ജീവിതം? "ഞങ്ങൾക്ക് മാസം 3,000 രൂപ സർക്കാർ പെൻഷൻ ലഭിക്കേണ്ടതാണ് [അത് കിട്ടുമെന്ന് ഉറപ്പില്ല]. എന്നാൽ അതെങ്ങനെ തികയും? ശരീരം അനുവദിക്കുന്നതുവരെ ജോലിചെയ്യാനാണ് എന്റെ ആഗ്രഹം. അതിനുശേഷം ജീവിക്കാൻ എന്റെ മക്കളെ ആശ്രയിക്കേണ്ടിവരും," 48 വയസ്സിനോടടുത്ത ശാരദ പറഞ്ഞു.

അനുബന്ധം: ഈ തമാശ ട്രൂപ്പിന്റെ 2017 സീസൺ തുടങ്ങിയത് സെപ്റ്റംബർ 17-ന് ബീഡ് ജില്ലയിലെ വൽവഡ് ഗ്രാമത്തിൽ അവതരിപ്പിച്ച ഒരു പരിപാടിയിൽനിന്നാണ്. ഒക്ടോബർ 9 -ന് കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ, സർഗ്ഗാത്മക കലകളുടെ വിഭാഗത്തിനുള്ള 2017-ലെ വയോശ്രേഷ്ഠ സമ്മാൻ എന്ന ദേശീയ പുരസ്‌കാരം മംഗള ബൻസോഡേക്കു ലഭിച്ചു.

പരിഭാഷ: ജ്യോത്സ്ന വി.

Shatakshi Gawade

Shatakshi Gawade is an independent journalist based in Pune. She writes about the environment, rights and culture.

Other stories by Shatakshi Gawade
Vinaya Kurtkoti

Vinaya Kurtkoti is a copy editor and independent journalist from Pune. She writes about arts and culture.

Other stories by Vinaya Kurtkoti
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.