ഇടവേള അവസാനിച്ചു എന്നാരോ ദൂരെ നിന്ന് വിളിച്ചു പറഞ്ഞു. മേൽനോട്ടക്കാരൻ അവദ്ധി ഭാഷയിൽ ഓരോരുത്തരെ ജോലികൾ ചുമതലപെടുത്താൻ തുടങ്ങി. പണി വീണ്ടുമാരംഭിച്ചു. ചെറിയൊരു കൂടാരത്തിന്‍റെ തറ നിർമ്മിക്കാനായി രാംമോഹനെ മൈതാനത്തിന്‍റെ ഒഴിഞ്ഞ ഒരു കോണിലേക്കു പറഞ്ഞയച്ചു.

ജനുവരി 23 ശനിയാഴ്ച. രണ്ടു ദിവസമായി രാമുൾപ്പെടെ അമ്പത് ആളുകൾ പത്തുമണിക്കൂർ ഷിഫ്റ്റുകളിൽ ജോലിചെയ്തു പന്തലുകൾ (കൂടാരങ്ങൾ/ടെന്‍റുകൾ) നിർമ്മിക്കുകയാണ്. ജനുവരി 24 രാവിലെ മുതൽ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും അവ പിൻവലിക്കണമെന്ന് ആവശ്യപ്പെടാനുംവേണ്ടി വന്നുചേരുന്ന പതിനായിരക്കണക്കിനു കർഷകർക്കുവേണ്ടിയാണ്  ഇവ നിർമ്മിക്കുന്നത്. ആ റാലി ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ അവസാനിക്കും.

പ്രതിഷേധിക്കുന്ന കർഷകരുടെകൂടെ ചേരാൻ വേണ്ടി രാംമോഹൻ തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തിൽ തുടരാനാണ് ഉദ്ദേശിക്കുന്നത്. "എന്താണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഞാൻ. മറ്റു കർഷകരെന്താണ് പറയുന്നതെന്ന് കേൾക്കാൻ ആഗ്രഹമുണ്ട് - അവരുടെ ആവശ്യങ്ങൾ ഞങ്ങളെ എങ്ങനെ സഹായിക്കുമെന്നറിയാനും," അയാൾ പറഞ്ഞു.

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ഉമരി ബേഗംഗഗഞ്ജ് ഗ്രാമത്തിലെ അയാളുടെ കുടുംബം ഗോതമ്പും നെല്ലും കൃഷി ചെയ്യുന്നുണ്ട്. “ആറോ ഏഴോ ബീഗ (ഒരു ഏക്കറിലധികം) സ്ഥലംകൊണ്ടു ഞങ്ങളെന്തു ചെയ്യാനാണ്? ഉപജീവനത്തിനുതകും, അതിലധികമൊന്നുമില്ല,” അയാൾ പറഞ്ഞു. താൻ കൂടാരങ്ങളൊരുക്കുന്ന ഈ റാലി തന്‍റെയും മറ്റു കർഷകകുടുംബങ്ങളുടെയും വിളവിനു കൂടുതൽ വില നേടിത്തരുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു.

നാൽപ്പത്തിമൂന്നു വയസ്സുള്ള രാംമോഹൻ 23 വർഷമായി മുംബൈയിൽ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ്. വടക്കൻ മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനടുത്തുള്ള ലേബർ നാകാ (കോൺട്രാക്ടർമാർ തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന സ്ഥലം) എന്നയിടത്തു കാത്തുനിന്നാണ് അയാൾ ജോലി നേടുന്നത്. ജോലിയുള്ള ദിവസം 700 രൂപ വരെ കൂലി ലഭിക്കും.

Ram Mohan has been working two days to pitch tents for the rally against the new farm laws in Azad Maidan, which he hopes to join
PHOTO • Riya Behl
PHOTO • Riya Behl

ആസാദ് മൈതാനത്തിൽ കൃഷി നിയമങ്ങൾക്കെതിരായുള്ള റാലിക്കുവേണ്ടി രണ്ടു ദിവസമായി കൂടാരങ്ങളൊരുക്കുന്ന രാംമോഹൻ അതിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു

വലിയ സമ്മേളനങ്ങൾക്ക് പന്തലുകളും അലങ്കാരങ്ങളും ഒരുക്കുന്ന ഒരു കമ്പനിയുടെ കോൺട്രാക്ടറാണ് രാംമോഹനെയും കൂട്ടരെയും ഇവിടെയെത്തിച്ചത്. ഈ സംഘം കൂടാരങ്ങളൊരുക്കി തീരുമ്പോഴേക്കും ആസാദ് മൈതാനത്തിൽ കൃഷിക്കാരെത്തി തുടങ്ങും. ജനുവരി 23-നു 180 കിലോമീറ്റർ അകലെ നാസിക്കിൽ ആരംഭിച്ച ഒരു ജാഥയുടെ ഭാഗമായാണ് അവരിൽ മിക്കവരും വരുന്നത്. ആ ജാഥയും ആസാദ് മൈതാനത്തിലെ റാലിയും സംയുക്ത ഷേത്കാരി കാംഗാർ മോർച്ച എന്ന വിവിധ കർഷകസംഘടനകൾ ഉൾപ്പെടുന്ന സഖ്യമാണ് ഒരുക്കിയിരിക്കുന്നത്. ഈ സംഘടനകൾ ഓൾ ഇന്ത്യ കിസാൻ സംഘർഷ്‌ കോ-ഓർഡിനേഷൻ കമ്മിറ്റി, ട്രേഡ് യൂണിയൻസ് ജോയിന്‍റ്  ആക്ഷൻ കമ്മിറ്റി, നേഷൻ ഫോർ ഫാർമേഴ്‌സ് തുടങ്ങി നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തികളിൽ നടന്നുവരുന്ന കർഷകസമരത്തോടൊപ്പം നിൽക്കുന്ന മറ്റു സഖ്യങ്ങളിൽ അംഗങ്ങളാണ്.

2020 സെപ്റ്റംബറിൽ പാർലമെന്‍റ് പാസ്സാക്കിയ മൂന്നു നിയമങ്ങൾക്കെതിരെയാണ് കർഷകർ പ്രതിഷേധിക്കുന്നത്. 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങുവില (എം.എസ്.പി.), കര്‍ഷകരുടെയും, കാര്‍ഷികോത്പന്ന വിപണന കമ്മിറ്റികള്‍ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

സമരക്കാർ ആസാദ് മൈതാനത്തിലെത്തുന്നതു വരെ ദേവേന്ദ്ര സിങ്ങും തിരക്കിലാണ്. സ്റ്റേജ് ഒരുക്കുന്ന അലങ്കാരക്കാരുടെ സംഘത്തിലെ അംഗമാണയാൾ. റാലിക്കു വേണ്ടി കൂടാരങ്ങളൊരുക്കാൻ മൂവായിരം മുളയും നാലായിരം മീറ്റർ തുണിയും അനേകം കെട്ട് ചണക്കയറും ആവശ്യംവരുമെന്ന് അയാൾ കണക്കുകൂട്ടി.

PHOTO • Riya Behl

ദേവേന്ദ്ര സിങിന്‍റെ  ഉത്തർപ്രദേശിലുള്ള കുടുംബം മൂന്നു ബീഗ സ്ഥലത്തു കൃഷി ചെയ്യുന്നു. മുംബൈയിലെ ദിവസക്കൂലിയുള്ള പണിയാണ് അയാൾക്ക്‌ താല്പര്യം. ഈ ജോലി കൊണ്ട് ആവശ്യമുള്ളപ്പോൾ കുടുംബത്തിനു പണമയക്കാൻ അയാൾക്ക്‌ സാധിക്കുന്നുണ്ട്.

മൈതാനത്തു കൂടാരങ്ങളൊരുക്കുന്ന മിക്ക തൊഴിലാളികളെപ്പോലെ 40 വയസ്സുള്ള ദേവേന്ദ്രയും ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽനിന്നാണ്. "കൊറോണ മൂലം കഴിഞ്ഞ 1-2 വർഷമായി സർക്കാരുകൾ [കേന്ദ്രവും സംസ്ഥാനവും] പരുങ്ങലിലാണ്," അയാൾ പറഞ്ഞു. "കൃഷിക്കാർക്കുവേണ്ടി അവർക്കെന്തു ചെയ്യാനാകും?"

മാതാപിതാക്കളും ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന ദേവേന്ദ്രയുടെ കുടുംബം കർണയിൽഗഞ്ജ് ബ്ലോക്കിലെ രാജാത്തോല ഗ്രാമത്തിലെ തങ്ങളുടെ മൂന്നു ബീഗ സ്ഥലത്തു ഗോതമ്പും നെല്ലും ചോളവും കൃഷിചെയ്യുന്നുണ്ട്. ജോലി അന്വേഷിച്ചു 2003-ൽ അയാൾ മുംബൈയിലെത്തി. "എല്ലാതരം ജോലികളും ഞാൻ ചെയ്തു. ഈ തൊഴിലാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്," അയാൾ പറഞ്ഞു.

“മറ്റെവിടെയെങ്കിലുമാണ് ജോലി ചെയ്യുന്നതെങ്കിൽ മാസത്തിന്‍റെ അവസാനമേ ശമ്പളം കിട്ടൂ. എന്നാൽ ഈ ജോലിയുള്ളപ്പോൾ എന്തെങ്കിലും പ്രശ്നത്തിന്‍റെ പേരില്‍ വീട്ടില്‍ പണത്തിന് ആവശ്യം വന്നാല്‍ എനിക്കതു പിറ്റേ ദിവസം തന്നെ അയക്കാൻ കഴിയും,” അയാൾ കൂട്ടിച്ചേർത്തു. ദിവസവേതനമായി അയാൾക്ക്‌ സാധാരണ 500 രൂപ ലഭിക്കും.

ജനുവരി 23 ഉച്ചക്ക് 1 മണിതൊട്ട് 2 മണിവരെ ജോലിക്കാർക്ക് ഊണിനുള്ള ഒരു മണിക്കൂർ ഇടവേളയാണ്. കറുപ്പും ചുവപ്പും നിറത്തിലുള്ള തുണികൊണ്ട് പണിപകുതിയായ കൂടാരമെന്നു തോന്നിക്കുന്ന ഒരിടത്തു ദേവേന്ദ്ര വിശ്രമിക്കുകയാണ്. പണി പൂര്‍ത്തിയാകുമ്പോൾ ആ തുണി പന്തലിന്‍റെ മേൽക്കൂരയാകും. അയാളുടെ അടുത്തിരിക്കുന്നത് ഗോണ്ടയിലെ ലക്ഷ്മൺപുർ ഗ്രാമത്തിലെ 20 വയസ്സുകാരനായ ബ്രിജേഷ്‌കുമാറാണ്. 16 വയസ്സുള്ളപ്പോൾ അയാൾ മുംബൈയിൽ ജോലി ചെയ്യാൻ തിടങ്ങി.
മാസത്തിൽ ഏകദേശം 20 ദിവസം ജോലി ലഭിക്കും. 500 രൂപ ദിവസവേതനമായി ലഭിക്കുന്നുണ്ട്. “കിട്ടാവുന്ന ജോലിയെല്ലാം ഞങ്ങള്‍ ചെയ്യും,” ബ്രിജേഷ് പറഞ്ഞു. പെയിന്‍റിംഗ്, കെട്ടിടനിർമ്മാണം തുടങ്ങിയവ. ഈ കൂറ്റൻ പന്തലുകൾ നിർമ്മിക്കാൻ എവിടെനിന്നാണ് അയാൾ പഠിച്ചത്? “ഞങ്ങൾക്ക് മുമ്പേ വന്നവർക്ക് എന്ത് ചെയ്യണമെന്ന് അറിയാമായിരുന്നു,” അയാൾ മറുപടി പറഞ്ഞു. “ഞങ്ങൾ അവരോടൊപ്പം ജോലി ചെയ്തു. എങ്ങനെയാണ് കെട്ടേണ്ടതെന്നും കയറേണ്ടതെന്നും അവർ പറഞ്ഞുതന്നു. അങ്ങനെ ഞങ്ങൾ പഠിച്ചു. ഗ്രാമത്തിൽ നിന്നാരെങ്കിലും വന്നാൽ ഞങ്ങൾ അവരെയൊപ്പം കൂട്ടും.”

കൂടാരങ്ങളുടെ മുളകൊണ്ടുള്ള ചട്ടക്കൂടിനു 18-20 അടി ഉയരമുണ്ട്. രണ്ടു ദിവസമായി രാവിലെ 9 മണി മുതൽ രാത്രി 9 വരെ പണിക്കാർ സുരക്ഷാസംവിധാനം ഒന്നുമില്ലാതെ തട്ടുകൾ കയറുകയാണ്. ചെറുതും വലുതുമായ കൂടാരങ്ങൾ സമയത്തിനു പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. ജനുവരി 22-നു സൂര്യനസ്തമിച്ച ശേഷം ദേവേന്ദ്ര ഒരു മിന്നുന്ന വിളക്കിന്‍റെ വെളിച്ചത്തിലാണ് ജോലി ചെയ്തത്. ഓരോ നിര മുളകളും ഒരേ ഉയരത്തിലാണ് കെട്ടിയിരിക്കുന്നതെന്ന് ഉറപ്പാക്കാൻ അയാൾക്ക്‌ പലവട്ടം കണ്ണുചിമ്മി നോക്കേണ്ടി വന്നു.

'I won’t be joining the protest,' says Santraman (left). Brijesh adds: 'We don’t get any time away from work'
PHOTO • Riya Behl
'I won’t be joining the protest,' says Santraman (left). Brijesh adds: 'We don’t get any time away from work'
PHOTO • Riya Behl

“ഞാൻ സമരത്തിൽ ചേരുന്നില്ല,” സന്ത്‌രമൺ (ഇടത്) പറഞ്ഞു. “ഞങ്ങൾക്കു ജോലി ഒഴിഞ്ഞ നേരമില്ല,” ബ്രിജേഷ് കൂട്ടിച്ചേർത്തു.

തങ്ങൾ മുംബൈയിൽ മാത്രമാണ് ജോലി ചെയ്യുന്നതെന്ന് അയാൾ പറഞ്ഞു. മഴക്കാലത്തു ഭക്ഷണശാലകളുടെയും ഉയർന്നകെട്ടിടങ്ങളുടെയും മറ്റും മേൽക്കൂര മൂടാനുള്ള ജോലിക്കു [അവർ അതിനെ ഛാപ്പറെ കാ കാം എന്ന് പറയുന്നു] വിളിക്കുമ്പോൾ അവർ 30 തൊട്ട് 80 അടി വരെ ഉയരത്തിൽ കയറിയിട്ടുണ്ട്. “പുതിയൊരാളെ ഞങ്ങൾ ആദ്യം മുളകൾ എടുത്തു തരാനുള്ള ജോലിയാണ് ഏൽപ്പിക്കുക. പിന്നെ പതുക്കെ താഴത്തെ നിരകളിലെ മുളകൾ കെട്ടിക്കും. പിന്നീട് തട്ടുകൾ കയറാൻ പഠിപ്പിക്കും,” ദേവേന്ദ്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇവിടെ ഞങ്ങൾ മസ്ദൂരി (കൂലിപ്പണി) ചെയ്തില്ലെങ്കിൽ ഗ്രാമത്തിൽ ഞങ്ങൾക്കു കൃഷിചെയ്യാൻ കഴിയുകയില്ല,” രാംമോഹൻ കൂട്ടിച്ചേർത്തു. “വളം, വിത്ത് തുടങ്ങി മറ്റു സാധനങ്ങൾ വാങ്ങാൻ പണം വേണം. കൃഷിയിൽനിന്ന് അതു ലഭിക്കുകയില്ല. അതു കൊണ്ടാണ് ഞങ്ങൾ ഇവിടെ (മുംബൈയിൽ) ജോലി ചെയ്യുന്നത്.”

തെക്കൻ മുംബൈയിലെ ആസാദ് മൈതാനത്തിൽ ജനുവരി 24-നു നടക്കുന്ന റാലിയിൽ ചേരാൻ രാംമോഹൻ ഇവിടെ തങ്ങും. മറ്റുള്ളവർ വടക്കൻ മുംബൈയിലെ തങ്ങളുടെ വാടകമുറികളിലേക്കു മടങ്ങും. “ഞാൻ സമരത്തിൽ ചേരുന്നില്ല. എനിക്കു കൃഷിനിയമങ്ങളെക്കുറിച്ചു കാര്യമായ അറിവില്ല. ഞാൻ ജോലിചെയ്യുന്നു, കൂലി വാങ്ങുന്നു. അത്ര തന്നെ,” ഗോണ്ട ജില്ലയിലെ പാരസ്പുർ ഗ്രാമത്തിലെ 26 വയസ്സുകാരനായ സന്ത്‌രമൺ പറഞ്ഞു. അയാളുടെ കുടുംബത്തിനു സ്വന്തമായി കൃഷിഭൂമി ഇല്ല.

“കാം സെ ഫുർസത് നഹി ഹോത്തി [ഞങ്ങൾക്ക് ജോലി ഒഴിഞ്ഞ നേരമില്ല],' ബ്രിജേഷ് പറഞ്ഞു. ”ഇവിടുത്തെ ജോലി കഴിഞ്ഞാൽ, മറ്റെവിടെയെങ്കിലും ജോലിക്കു പോകും. പലരും ഈ സമരത്തിൽ പങ്കുചേരുന്നുണ്ട്. പക്ഷെ ജോലി ചെയ്തില്ലെങ്കിൽ, ഞങ്ങൾ എന്ത് ഭക്ഷിക്കും?“

PHOTO • Riya Behl

തൊഴിലാളികൾ കൂടാരങ്ങളൊരുക്കി കഴിയുമ്പോഴേക്കും നാസിക്കിൽ നിന്ന് ജനുവരി 23-നു ആരംഭിച്ച ഒരു സമരജാഥയിലെ ആയിരക്കണക്കിനു കർഷകർ ആസാദ് മൈതാനത്തിലെത്താൻ തുടങ്ങും

PHOTO • Riya Behl

മൈതാനത്തിലെ മുളംചട്ടക്കൂടുകൾക്ക് 18-20 അടി ഉയരമുണ്ട്. കൂടാരങ്ങൾ സമയത്തു പൂർത്തിയാക്കാൻ വേണ്ടി പണിക്കാർ രണ്ടു ദിവസമായി രാവിലെ 9 മുതൽ രാത്രി 9 വരെ യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെ തട്ടുകൾ കയറുകയാണ്

PHOTO • Riya Behl

സൂര്യനസ്തമിച്ച ശേഷം തൊഴിലാളികൾ ഒരു മിന്നുന്ന വിളക്കിന്‍റെ വെളിച്ചത്തിലാണ് ജോലി ചെയ്യുന്നത്. 19 വയസ്സുള്ള ശങ്കർ ചൗഹാൻ ഉൾപ്പെടെയുള്ളവർ പലവട്ടം കണ്ണുചിമ്മി നോക്കിയാണ് മുളകൾ ഒരേ നിരയിലാണെന്ന് ഉറപ്പു വരുത്തുന്നത്

PHOTO • Riya Behl

'കിട്ടാവുന്ന ജോലിയെല്ലാം ഞങ്ങൾ ചെയ്യും,' ബ്രിജേഷ് കുമാർ പറഞ്ഞു. പെയിന്‍റിംഗ്, കെട്ടിടനിർമ്മാണം തുടങ്ങിയവ

PHOTO • Riya Behl

റാലിക്കുള്ള കൂടാരങ്ങളൊരുക്കാൻ 3,000 മുളകൾ, 4,000 മീറ്റർ തുണി, അനേകം കെട്ട് ചണക്കയറുകൾ എന്നിവ ആവശ്യമാണ്

PHOTO • Riya Behl

'ഞങ്ങൾക്ക് മുമ്പേ വന്നവർക്ക് എന്ത് ചെയ്യണമെന്ന് അറിയാമായിരുന്നു,' ബ്രിജേഷ് (നടുവിൽ) പറഞ്ഞു. ഒപ്പം മഹേന്ദ്ര സിങ്ങും (ഇടത്) രുപേന്ദ്ര കുമാർ സിങ്ങും. 'ഞങ്ങൾ അവരോടൊപ്പം ജോലി ചെയ്തു. എങ്ങനെയാണ് കെട്ടേണ്ടതെന്നും കയറേണ്ടതെന്നും അവർ പറഞ്ഞുതന്നു. അങ്ങനെ ഞങ്ങൾ പഠിച്ചു. ഗ്രാമത്തിൽ നിന്നാരെങ്കിലും വന്നാൽ ഞങ്ങൾ അവരെയൊപ്പം കൂട്ടും'

PHOTO • Riya Behl

'പുതിയൊരാളെ ഞങ്ങൾ ആദ്യം മുളകൾ എടുത്തു തരാനുള്ള ജോലിയാണ് ഏൽപ്പിക്കുക. പിന്നെ പതുക്കെ താഴത്തെ നിരകളിലെ മുളകൾ കെട്ടിക്കും. പിന്നീട് തട്ടുകൾ കയറാൻ പഠിപ്പിക്കും,' ദേവേന്ദ്ര പറഞ്ഞു.

PHOTO • Riya Behl

ചില തൊഴിലാളികൾ ജനുവരി 24-ലെ റാലിയിൽ ചേരാൻവേണ്ടി ഇവിടെ തങ്ങും, മറ്റുള്ളവർ വടക്കൻ മുംബൈയിലെ തങ്ങളുടെ വാടകമുറികളിലേക്കു മടങ്ങും

PHOTO • Riya Behl

'ഇവിടെ ഞങ്ങൾ മസ്ദൂരി (കൂലിപ്പണി) ചെയ്തില്ലെങ്കിൽ ഗ്രാമത്തിൽ ഞങ്ങൾക്കു കൃഷിചെയ്യാൻ കഴിയുകയില്ല,' രാംമോഹൻ (താഴെ) കൂട്ടിച്ചേർത്തു. 'വളം, വിത്ത് തുടങ്ങി മറ്റു സാധനങ്ങൾ വാങ്ങാൻ പണം വേണം. കൃഷിയിൽനിന്ന് അതു ലഭിക്കുകയില്ല'

PHOTO • Riya Behl

'എനിക്കു കൃഷിനിയമങ്ങളെക്കുറിച്ചു കാര്യമായ അറിവില്ല. ഞാൻ ജോലിചെയ്യുന്നു, കൂലി വാങ്ങുന്നു. അത്ര തന്നെ,' സന്ത്‌രമൺ (മുഖാവരണം ധരിച്ചിരിക്കുന്നു) പറഞ്ഞു. യു. പി.യിലെ ഗോണ്ട ജില്ലയിലെ മറ്റുള്ളവരോടൊപ്പം

PHOTO • Riya Behl

'ഇവിടുത്തെ ജോലി കഴിഞ്ഞാൽ, മറ്റെവിടെയെങ്കിലും ജോലിക്കു പോകും," ബ്രിജേഷ് പറഞ്ഞു. 'പലരും ഈ സമരത്തിൽ പങ്കുചേരുന്നുണ്ട്. പക്ഷെ ജോലി ചെയ്തില്ലെങ്കിൽ, ഞങ്ങൾ എന്ത് ഭക്ഷിക്കും?'

പരിഭാഷ: ജ്യോത്സ്ന വി.

Riya Behl is Senior Assistant Editor at People’s Archive of Rural India (PARI). As a multimedia journalist, she writes on gender and education. Riya also works closely with students who report for PARI, and with educators to bring PARI stories into the classroom.

Other stories by Riya Behl
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.