തീയ്യതി കൃത്യമായി ലക്ഷിമാ ദേവിക്ക് ഓർമ്മയില്ലെങ്കിലും, തണുപ്പുകാലത്തെ ആ രാത്രി അവരുടെ ഓർമ്മയിൽ ഇപ്പോഴും ബാക്കിയാണ്. “ഞെരിയാണിയുടെ പൊക്കത്തിൽ ഗോതമ്പുചെടികൾ വളർന്നുനിന്നപ്പോഴായിരുന്നു വെള്ളപ്പോക്ക് തുടങ്ങിയതും പ്രസവ വേദന ആരംഭിച്ചതും. “2018/19-ലെ ഡിസംബറോ ജനുവരിയോ ആയിരുന്നിരിക്കണം”, അവർ പറഞ്ഞു.

ഒരു ടെമ്പോ വാടകയ്ക്കെടുത്ത് കുടുംബം അവളെ ബാരഗാംഗ് ബ്ലോക്കിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലെ അശ്വരി എന്ന അവരുടെ ഗ്രാമത്തിൽനിന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരത്തായിരുന്നു ആ പി.എച്ച്.സി. 30 വയസ്സുള്ള ലക്ഷിമ ഓർത്തെടുക്കുന്നു. 5 വയസ്സിനും 11 വയസ്സിനുമിടയിലുള്ള അവളുടെ മൂന്ന് കുട്ടികളും – രേണു, രാജു, റിഷാം – വീട്ടിലായിരുന്നു. “ആശുപത്രിയിലെ ജോലിക്കാരി എന്ന അഡ്മിറ്റ് ചെയ്യാൻ സമ്മതിച്ചില്ല. എനിക്ക് ഗർഭമൊന്നും ഇല്ലെന്നും, വയർ വീർത്തിരിക്കുന്നത് എന്തോ അസുഖം‌കൊണ്ടാണെന്നുമായിരുന്നു അവർ പറഞ്ഞത്”.

ലക്ഷിമയുടെ ഭർത്തൃമാതാവ് ഹീരാമണി അവരോട് താണുകേണ് അപേക്ഷിച്ചു, അവളെ പ്രവേശിപ്പിക്കാൻ. അവർ സമ്മതിച്ചില്ല. ഒടുവിൽ അവിടെത്തന്നെ കിടത്തി പ്രസവിപ്പിക്കുമെന്ന് ഹീരാമണി അവരോട് പറഞ്ഞു. “വേറെ എവിടേക്കെങ്കിലും കൊണ്ടുപോകാൻ ഭർത്താവ് ഓട്ടോ അന്വേഷിക്കുകയായിരുന്നു” ലക്ഷിമ പറഞ്ഞു. “ പക്ഷേ എനിക്കൊട്ടും വയ്യായിരുന്നു. അതുകൊണ്ട്, ആ പി.എച്ച്.സി.യുടെ മുമ്പിലുള്ള മരത്തിന്‍റെ ചോട്ടിൽ ഞാനിരുന്നു”.

ഏതാണ്ട് 60 വയസ്സുള്ള ഹീരാമണി, ലക്ഷിമയുടെയടുത്തിരുന്ന് കൈപിടിച്ച്, ദീർഘശ്വാസമെടുക്കാൻ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ്, അർദ്ധരാത്രിയോടടുപ്പിച്ച് ലക്ഷിമ പ്രസവിച്ചു. പുറത്ത് കൂരിരുട്ടും മരവിപ്പിക്കുന്ന തണുപ്പുമായിരുന്നു എന്ന് ലക്ഷിമ ഓർക്കുന്നു.

Lakshima with her infant son Amar, and daughters Resham (in red) and Renu. She remembers the pain of losing a child three years ago, when the staff of a primary health centre refused to admit her
PHOTO • Parth M.N.

കൈക്കുഞ്ഞ് അമറും, റിഷാം (ചുവപ്പ് ഉടുപ്പിട്ടത്) രേണു എന്നീ പെണ്മക്കളുമൊത്ത് ലക്ഷിമ. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചതിനാൽ മൂന്ന് വർഷം മുൻപ് കുഞ്ഞിനെ നഷ്ടമായതി ന്‍റെ വേദന അവർ ഓർത്തെടു ക്കുന്നു

കുട്ടിക്ക് അധികം ആയുസ്സുണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ പറ്റാത്ത വിധം ക്ഷീണിതയായിരുന്നു ലക്ഷിമ. “പ്രസവം കഴിഞ്ഞപ്പോൾ അവരെന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും പിറ്റേന്ന് വിട്ടയയ്ക്കുകയും ചെയ്തു”, അവർ ഓർക്കുന്നു. “ആവശ്യം വന്നസമയത്ത് അവർ എന്‍റെ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ എനിക്കെന്‍റെ കുഞ്ഞിനെ നഷ്ടപ്പെടില്ലായിരുന്നു”, ലക്ഷിമ പറഞ്ഞു.

മുസഹർ സമുദായാംഗമാണ് ലക്ഷിമ. ഉത്തർപ്രദേശിലെ ഏറ്റവും അധസ്ഥിതരും ദരിദ്രരുമായ ഒരു ദളിത് സമുദായം. നിരവധി വിവേചനങ്ങൾ അനുഭവിക്കുന്നവർ. “ആശുപത്രികളിൽ ചെന്നാലും, ഞങ്ങളെപ്പോലുള്ളവരോട് അവർ മര്യാദയോടെ പെരുമാറാറില്ല“, ലക്ഷിമ പറഞ്ഞു.

ആ രാത്രി അവർക്ക് കിട്ടിയ പരിചരണം, അഥവാ, കിട്ടാതെപോയ പരിചരണം, അവൾക്ക് പുതിയ അനുഭവമായിരുന്നില്ല. അത് അവളുടെ മാത്രം അനുഭവവുമായിരുന്നില്ല.

വിവേചനം നടക്കുന്നത് എങ്ങിനെയാണെന്ന്, അശ്വരിയിൽനിന്ന് ഒന്നുരണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ദല്ലിപുരിലെ മുസഹർ ബസ്തിയിലെ 36 വയസ്സുള്ള നിർമ്മല വിശദീകരിച്ചുതന്നു. “ആശുപത്രിയിൽ പോയാൽ ഞങ്ങളെ അഡ്മിറ്റ് ചെയ്യാൻ അവർക്ക് മടിയാണ്. ഒരുകാര്യവുമില്ലാതെ ജോലിക്കാർ പൈസ ചോദിക്കും. ആ വളപ്പിനകത്തേക്ക് കടക്കാതിരിക്കാനുള്ള എല്ലാ വിദ്യയും അവർ പ്രയോഗിക്കും. ഇനി അകത്ത് കടന്നാൽത്തന്നെ നിലത്തിരിക്കണം. മറ്റുള്ളവരോടാണെങ്കിൽ അവർ ബഹുമാനത്തോടെ സംസാരിക്കുകയും അവർക്കിരിക്കാൻ കസേര കൊണ്ടുവരികയും ഒക്കെ ചെയ്യും”, അവർ പറഞ്ഞു.

അതിനാൽ, മുസഹർ സ്ത്രീകൾക്ക് ആശുപത്രിയിൽ പോകാൻ മടിയാണെന്ന് മംഗള രാജ്ഭാർ പറഞ്ഞു. വാരണാസി കേന്ദ്രമാക്കി മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന ജനകീയ ജാഗ്രതാ സമിതിയിലെ പ്രവർത്തകനാണ് അയാൾ. “ആശുപത്രിയിൽ പോകാൻ അവരെ നിർബന്ധിക്കണം. വീട്ടിൽത്തന്നെ പ്രസവിക്കാനാണ് മിക്കവരും ആഗ്രഹിക്കുന്നത്“, അയാൾ പറഞ്ഞു.

Mangla Rajbhar, an activist in Baragaon block, has been trying to convince Musahar women to seek medical help in hospitals
PHOTO • Parth M.N.

ആശുപത്രികളിൽനിന്ന് വൈദ്യസഹായം ആവശ്യപ്പെടണമെന്ന് മുസഹ ർ സ്ത്രീകളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ബഡാഗാവ് ബ്ലോക്കിലെ പ്രവർത്തകനായ മംഗള രാജ്ഭർ

ദേശീയ കുടുംബാരോഗ്യ സർവ്വേ-5 പ്രകാരം, ഉത്തർപ്രദേശിലെ പട്ടികജാതി സ്ത്രീകളിൽ 81 ശതമാനം പേരും പ്രസവത്തിന് ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ്. സംസ്ഥാനത്തിന്‍റെ കണക്കനുസരിച്ച് അത് 2.4 ശതമാനം കുറവാണ്. പട്ടികജാതിക്കാരിൽ കൂടുതൽ കാണുന്ന നവജാതശിശുമരണനിരക്കിനുള്ള പ്രധാന കാരണവും അതായിരിക്കണം

ദേശീയ കുടുംബാരോഗ്യ സർവ്വേ-5 പ്രകാരം, ഉത്തർപ്രദേശിലെ പട്ടികജാതി സ്ത്രീകളിൽ 81 ശതമാനം പേരും പ്രസവത്തിന് ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ്. സംസ്ഥാനത്തിന്‍റെ കണക്കനുസരിച്ച് അത് 2.4 ശതമാനം കുറവാണ്. പട്ടികജാതിക്കാരിൽ കൂടുതൽ കാണുന്ന നവജാതശിശുമരണനിരക്കിനുള്ള – പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ 28 ദിവസം പൂർത്തിയാക്കുന്ന ശിശുക്കളുടെ നിരക്ക്- പ്രധാന കാരണവും അതായിരിക്കണം. സംസ്ഥാനത്ത് ആ നിരക്ക് 35.7 ആണെങ്കിൽ, പട്ടികജാതിക്കാർക്കിടയിൽ അത് 41.6 ശതമാനമാണ്.

ബഡാഗാവ് ബ്ലോക്കിലെ ഏഴ് ബസ്തികളിൽ നടന്ന 64 പ്രസവങ്ങളിൽ 35-ഉം വീടുകളിൽ‌വെച്ചാണ് നടന്നത് എന്നായിരുന്നു 2022 ജനുവരിയിൽ നടത്തിയ ഒരു സർവ്വേയിൽ രാജ്ഭർ കണ്ടെത്തിയത്,

2020-ൽ മകൻ കിരണിനെ പ്രസവിക്കുമ്പോൾ ലക്ഷിമ തിരഞ്ഞെടുത്തത് വീടായിരുന്നു. “മുമ്പ് നടന്നത് എനിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. അവിടേക്ക് (പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്) തിരിച്ചുപോവുന്ന കാര്യം പോലും എനിക്കാലോചിക്കാൻ കഴിഞ്ഞിരുന്നില്ല”, അവർ പറഞ്ഞു. “അതുകൊണ്ട് ഒരു ആശാ പ്രവർത്തകയ്ക്ക് 500 രൂപ കൊടുത്ത് വീട്ടിൽ വരുത്തിച്ചു. അവരാണ് പ്രസവത്തിന് സഹായിച്ചത്. അവരും ദളിതയായിരുന്നു”.

ആരോഗ്യപ്രവർത്തകരിൽനിന്നും ആശുപത്രികളിൽനിന്നും അവളെപ്പോലെ ധാരാളം‌പേർക്ക് വിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. രോഗികളുടെ അവകാശങ്ങളെക്കുറിച്ച് നവംബർ 2021-ന് ഓക്സ്ഫാം ഇന്ത്യ നടത്തിയ റാപ്പിഡ് സർവ്വേയിൽ പങ്കെടുത്തവരിൽ പ്രതികരിച്ച 472 ആളുകളിൽ 52.44 ശതമാനം പേരും പറഞ്ഞത്, സാമ്പത്തികാവസ്ഥയുടെ പേരിൽ അവർ വിവേചനം അനുഭവിക്കുന്നുണ്ടെന്നായിരുന്നു. മതത്തിന്‍റെ പേരിൽ 14.34 ശതമാനവും ജാതിയുടെ പേരിൽ 18.68 ശതമാനവും വിവേചനം അനുഭവിക്കുന്നതായി സർവ്വേയിൽ കണ്ടെത്തി.

20.7 ശതമാനം ആളുകൾ പട്ടികജാതിയിലും 19.30 ശതമാനം ആളുകൾ ഇസ്ലാം മതത്തിലും ഉൾപ്പെടുന്ന ഒരു സംസ്ഥാനത്ത് ആരോഗ്യനീതി ഉറപ്പാക്കുന്നതിൽ ഈ മുൻ‌വിധികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

അതുകൊണ്ടാണ് യു.പി.യിൽ കോവിഡ്-19 പടർന്നുകൊണ്ടിരുന്നപ്പോൾ പലരും പരിശോധനയ്ക്ക് വിധേയരാവാതിരുന്നത്. “ഗ്രാമത്തിൽ ഞങ്ങൾ പലരും അസുഖബാധിതരായെങ്കിലും വീട്ടിൽത്തന്നെ ഇരുന്നു”, 2021-ലെ കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ചോർത്ത് നിർമ്മല പറഞ്ഞു. “വൈറസിനെ പേടിക്കുന്നതിന് പുറമേ അപമാനവും കൂടി സഹിക്കേണ്ടിവരുന്നത് ആർക്കെങ്കിലും താങ്ങാനാവുമോ?”

Salimun at home in Amdhha Charanpur village. She says she has faced humiliating experiences while visiting health facilities
PHOTO • Parth M.N.

അംദഹ ചരൺപുർ ഗ്രാമത്തിലെ ത ന്‍റെ വീട്ടിലിരിക്കുന്ന സലിമ ൻ. ആരോഗ്യകേന്ദ്രങ്ങളിൽ പോകേണ്ടിവന്നപ്പോൾ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു

പക്ഷേ, 2021 മാർച്ചിൽ അസുഖബാധിതയായപ്പോൾ, ചന്ദൗളി ജില്ലയിലെ അംദഹ ചരൺപുർ ഗ്രാമത്തിലെ 55 വയസ്സായ സലിമൻ വീട്ടിലിരിക്കാൻ തീരുമാനിച്ചില്ല. “അത് മഞ്ഞപ്പിത്തമാണെന്ന് തിരിച്ചറിഞ്ഞു” അവർ പറഞ്ഞു. “ഞാൻ ലാബിൽ പോയപ്പോൾ രക്തം പരിശോധിക്കുന്ന ആൾ പരമാവധി ദൂരെ മാറിയിരുന്നാണ് രക്തം ശേഖരിച്ചത്. കൈകൾ നീട്ടിപ്പിടിച്ചാണ് അയാളിരുന്നിരുന്നത്. നിങ്ങളെപ്പോലെ പലരേയും ഞാൻ കണ്ടിട്ടുണ്ടെന്ന് ഞാനയാളോട് പറഞ്ഞു”.

ലാബ് അസിസ്റ്റന്‍റിന്‍റെ സ്വഭാവം അവൾക്ക് പരിചിതമായിരുന്നു. “തബ്‌ലീഗി ജമാ‍‌അത്ത് സംഭവമായിരിക്കണം അയാളങ്ങിനെ പെരുമാറാനുള്ള കാരണം. ഞാനുമൊരു മുസ്ലിമാണല്ലോ”, 2020 മാർച്ചിലെ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു. ദില്ലിയിലെ നിസാമുദ്ദീൻ മർക്കസിൽ അന്ന് ഒരു വിഭാഗം മുസ്ലിങ്ങൾ സമ്മേളനത്തിനായി ഒത്തുകൂടിയിരുന്നു. അതിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾക്ക് കോവിഡ്-19 ഉണ്ടായിരുന്നെന്ന് പരിശോധനയിൽ തെളിഞ്ഞപ്പോൾ ആ കെട്ടിടം അടച്ചുപൂട്ടുകയും, അതിനെത്തുടർന്ന് വൈറസ് വ്യാപനത്തിന് മുസ്ലിങ്ങളെ പൊതുവായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള വ്യാപകമായ പ്രചാരണങ്ങൾ നടക്കുകയും ചെയ്തു. രാജ്യത്തൊട്ടാകെയും യു.പി.യിൽ വിശേഷിച്ചും മുസ്ലിങ്ങൾക്ക് ഇതിനെച്ചൊല്ലി ധാരാളം ദുരനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

ഇത്തരം വിവേചനപരമായ ആരോഗ്യപരിചരണങ്ങൾ തടയുന്നതിനായി, താൻ ആരോഗ്യകേന്ദ്രങ്ങൾ സന്ദർശിക്കാറുണ്ടെന്ന് നീതു സിംഗ് എന്ന 43 വയസ്സുള്ള ആക്ടിവിസ്റ്റ് പറഞ്ഞു. “അതുകൊണ്ട്, ഞാനവിടെയുള്ളപ്പോൾ രോഗികളോട് വർഗ്ഗ-ജാതി-മത ഭേദങ്ങളില്ലാതെ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ പെരുമാറാൻ ശ്രദ്ധിക്കാറുണ്ട്. അതല്ലെങ്കിൽ, വ്യാപകമായ വിവേചനമാണ് അവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്”, അവർ പറഞ്ഞു. സഹ്‌യോഗ് എന്ന ഒരു എൻ.ജി.ഒ.യുമായി ബന്ധപ്പെട്ടാണ് അവർ പ്രവർത്തിക്കുന്നത്. അംദഹ ചരൺപുർ സ്ഥിതി ചെയ്യുന്ന നാവ്‌ഘർ ബ്ലോക്കിലെ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളിലാണ് അവർ ഇടപെടുന്നത്.

സൽ‌മൻ കൂടുതൽ അനുഭവങ്ങൾ വിവരിച്ചു. 2021 ഫെബ്രുവരിയിൽ അവരുടെ 22 വയസ്സായ പുത്രവധു ഷംസുനീസയ്ക്ക് പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായി. “ചോര നിൽക്കുന്നുണ്ടായിരുന്നില്ല. അവൾ തളർന്നവശയായി. അതിനാൽ, പി.എച്ച്.സിയിലെ സ്റ്റാഫ് നഴ്സ് അവളെ നൗഗഢ് പട്ടണത്തിലെ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഞങ്ങളോട് പറഞ്ഞു”, സലിമൻ പറഞ്ഞു.

നൗഗഢിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ‌വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വയറ്റാട്ടി നഴ്സ് ഷംസൂനിസയെ പരിശോധിക്കുകയായിരുന്നു. ശരീരത്തിലെ തുന്നലിൽ അവരുടെ കൈതട്ടിയപ്പോൾ “ഞാൻ വേദനകൊണ്ട് നിലവിളിച്ചു. അപ്പോൾ അവർ എന്നെ തല്ലാൻ കൈയ്യുയർത്തി. ഭർത്തൃമാതാവാണ് അവരുടെ കൈയ്ക്ക് കടന്നുപിടിച്ച് അതിൽനിന്ന് അവരെ തടഞ്ഞത്”, ഷംസുനിസ പറഞ്ഞു.

സാമൂഹികാരോഗ്യകേന്ദ്രത്തിലെ ജോലിക്കാർ അവളെ പരിശോധിക്കാൻ വിസമ്മതിച്ചു. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോയ്ക്കൊള്ളാനും പറഞ്ഞു. “ഞങ്ങൾ നൗഗഢിലെ ഒരു സ്വകാര്യാശുപത്രിയിലേക്ക് പോയപ്പോൾ അവർ ഞങ്ങളോട് വാരാണസിയിലേക്ക് പോവാനാണ് ആവശ്യപ്പെട്ടത്. അവളെക്കുറിച്ചോർത്ത് ഞാൻ ആശങ്കപ്പെട്ടു. ചോര പോയ്ക്കൊണ്ടേയിരുന്നു. പ്രസവം കഴിഞ്ഞ് ഒരു ദിവസം മുഴുവൻ ഒരു ശുശ്രൂഷയും അവൾക്ക് കിട്ടിയില്ല”, സൽമൻ പറഞ്ഞു.

Neetu Singh, an activist in Naugarh block, says that discrimination is rampant in hospitals
PHOTO • Parth M.N.

ആശുപത്രികളിൽ വിവേചനം വ്യാപകമാണെന്ന് നൗഗഢ് ബ്ലോക്കിലെ ആക്ടിവിസ്റ്റായ നീതു സിംഗ് പറയുന്നു

എല്ലാ ദിവസവും പരിപ്പും പച്ചക്കറിയും ഉണ്ടാക്കാൻ കുടുംബത്തിന് സാധിക്കുന്നില്ല. 'അതുപോലെത്തന്നെ, ചോറും ചപ്പാത്തിയും. ഏതെങ്കിലും ഒന്നേ ദിവസവും പറ്റൂ. എല്ലാവരുടേയും കാര്യം അതുതന്നെയാണ്. നിലനിൽക്കാൻ പോലും കടം വാങ്ങണമെന്ന അവസ്ഥയാണ്', സൽമൻ പറഞ്ഞു

ഒടുവിൽ, നൗഗഢിലെ മറ്റൊരു ആശുപത്രിയിൽ പിറ്റേന്ന് അവളെ പ്രവേശിപ്പിച്ചു. “ജോലിക്കാരിൽ ചിലർ മുസ്ലിങ്ങളായിരുന്നു. അവർ ഞങ്ങളെ ആശ്വസിപ്പിച്ചു. അടുത്ത ചില ദിവസങ്ങളിൽ ഡോക്ടർമാർ അവളെ പരിചരിച്ചു”, സൽമൻ പറഞ്ഞു.

ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വിട്ടയച്ചപ്പോൾ ചികിത്സാച്ചിലവ് 35,000 രൂപയോളമായിരുന്നു. “വീട്ടിലുണ്ടായിരുന്ന കുറച്ച് ആടുകളെ 16,000 രൂപയ്ക്ക് വിൽക്കേണ്ടിവന്നു. ധൃതി പിടിച്ച് വിറ്റിരുന്നില്ലെങ്കിൽ അവയ്ക്ക് 30,000 രൂപ കിട്ടേണ്ടതായിരുന്നു. മകൻ ഫാറൂക്കിന്‍റെ കൈവശം കുറച്ച് പണം നീക്കിയിരിപ്പുണ്ടായിരുന്നു”, അങ്ങിനെയൊക്കെയാണ് ആ പൈസ വീട്ടിയത്”, സൽമൻ പറഞ്ഞു.

ഷംസുനിസയുടെ ഭർത്താവ്, 25 വയസ്സുള്ള ഫാറൂഖ് പഞ്ചാബിൽ തൊഴിലാളിയാണ്. അയാളുടെ മറ്റ് മൂന്ന് ഇളയ സഹോദരന്മാരും പഞ്ചാബിൽത്തന്നെയാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാനും വീട്ടിലേക്ക് പണമയയ്ക്കാനും നന്നേ ബുദ്ധിമുട്ടുകയാണ് അവർ. “ഗുഫ്രാന്‍റെ (അവരുടെ കുഞ്ഞ്) കൂടെ ചിലവഴിക്കാൻ പോലും അദ്ദേഹത്തിന് (ഫറൂഖിന്) സമയം കിട്ടുന്നില്ല. ഞങ്ങൾക്കെന്ത് ചെയ്യാൻ പറ്റും. ഇവിടെ തൊഴിലൊന്നുമില്ല”, ഷംസുനിസ പറഞ്ഞു.

“പൈസ സമ്പാദിക്കാൻ എന്‍റെ മൂന്ന് ആണ്മക്കൾക്കും നാട് വിടേണ്ടിവന്നു”, സൽമൻ പറഞ്ഞു. തക്കാളി, മുളക് കൃഷികൾ നടക്കുന്ന നൗഗഢിൽ ഒരു ദിവസം മുഴുവൻ പണിയെടുത്താൽ ആ സഹോദരന്മാർക്ക് കിട്ടുക 100 രൂപ വീതം മാത്രമാണ്. പുറമേ, ഈരണ്ടാഴ്ച കൂടുമ്പോൾ അരക്കിലോ തക്കാളിയും മുളകും കിട്ടിയേക്കും. പക്ഷേ അതുകൊണ്ടെന്താകാനാണ്?” സൽമൻ ചോദിക്കുന്നു. പഞ്ചാബിൽ ഫാറൂഖിന് 400 രൂപവെച്ച് കിട്ടും. പക്ഷേ ആഴ്ചയിൽ മൂന്നോ നാലോ ദിവസമേ ജോലി ഉണ്ടാകൂ. “കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബുദ്ധിമുട്ടിയാണ് കഴിഞ്ഞുകൂടിയിരുന്നത്. ആവശ്യത്തിനുള്ള ഭക്ഷണം പോലും കിട്ടുന്നില്ല”, സൽമൻ പറഞ്ഞു.

എല്ലാ ദിവസവും പരിപ്പും പച്ചക്കറിയും ഉണ്ടാക്കാൻ കുടുംബത്തിന് സാധിക്കുന്നില്ല. “അതുപോലെത്തന്നെയാണ്, ചോറും ചപ്പാത്തിയും. ഏതെങ്കിലും ഒന്നേ ദിവസവും പറ്റൂ. എല്ലാവരുടേയും കാര്യം അതുതന്നെയാണ്. നിലനിൽക്കാൻ പോലും കടം വാങ്ങണമെന്ന അവസ്ഥയാണ്”, സൽമൻ പറഞ്ഞു.

Salimun with Gufran, her grandson
PHOTO • Parth M.N.
Shamsunisa cooking in the house. She says her husband, Farooq, could not spend much time with the baby
PHOTO • Parth M.N.

ഇടത്ത്: സാൽമുനും പേരക്കുട്ടി ഗുഫ്രാനും. വലത്ത്: പാചകം ചെയ്യുന്ന ഷംസുനിസ. കുട്ടിയുടെ കൂടെ ചിലവഴിക്കാൻ ഭർത്താവിന് സമയം കിട്ടുന്നില്ലെന്ന് അവൾ പറയുന്നു

യു.പി.യിലെ ഒമ്പത് ജില്ലകളിലായി നിരവധി ഗ്രാമങ്ങളിൽ, മഹാവ്യാധിയുടെ ആദ്യത്തെ മൂന്ന് മാസത്തിനിടയിൽ (2020 ഏപ്രിൽ മുതൽ ജൂൺ‌ വരെ) ആളുകളുടെ കടബാധ്യത 83 ശതമാനമാണ് വർദ്ധിച്ചത്. താഴേത്തട്ടിലുള്ള സംഘടനകളുടെ കൂട്ടായ്മയായ കളക്ട് ഒരു സര്‍വേയിലൂടെയാണ് ഈ സ്ഥിതിവിവരക്കണക്ക് ശേഖരിച്ചത്. 2020 ജൂലായ്-സെപ്റ്റംബർ മാസത്തിലും, ഒക്ടോബർ-ഡിസംബർ മാസത്തിലും ഇത് യഥാക്രമം 87-ഉം 80-ഉം ആയി വർദ്ധിച്ചു.

ഈ അവസ്ഥയാണ് അടുത്തുള്ള ഇഷ്ടികക്കളത്തിൽ പണിയെടുക്കാൻ ലക്ഷിമയെ നിർബന്ധിതയാക്കിയത്. 2021 ഡിസംബറിൽ ഏറ്റവും ഒടുവിലത്തെ കുട്ടിയെ പ്രസവിച്ച് വെറും 15 ദിവസം കഴിഞ്ഞപ്പോൾ മുതൽ അവർ അവിടെ പണിയെടുക്കുന്നു. “ഞങ്ങളുടെ സ്ഥിതി കണ്ടറിഞ്ഞ്, തൊഴിലുടമസ്ഥൻ ഭക്ഷണത്തിനായി എന്തെങ്കിലും കുറച്ചധികം പണം തരും എന്നാണ് എന്‍റെ പ്രതീക്ഷ”, കുഞ്ഞിനെ താലോലിച്ചുകൊണ്ട് അവർ പറഞ്ഞു. അവളും 30 വയസ്സുള്ള ഭർത്താവ് സഞ്ജയും ചേർന്ന് ഇഷ്ടികക്കളത്തിൽ ജോലി ചെയ്ത് ദിവസത്തിൽ 350 രൂപ സമ്പാദിക്കുന്നു. ഗ്രാമത്തിൽനിന്ന് ആറ്‌ കിലോമീറ്റർ അകലെ ദേവ്‌ചന്ദ്പുരിലാണ് ഇഷ്ടികക്കളം.

ഇത്തവണ പക്ഷേ വീട്ടിൽ‌വെച്ച് പ്രസവം നടത്തരുതെന്ന് മംഗള രാജ്ഭർ ലക്ഷിമയെ ഉപദേശിച്ചു. “അവളെ സമ്മതിപ്പിക്കാൻ ബുദ്ധിമുട്ടി. അവളെ അതിന് കുറ്റം പറയാൻ പറ്റില്ല. എന്നാലും ഒടുവിൽ സമ്മതിച്ചു”, രാജ്ഭർ പറഞ്ഞു.

പക്ഷേ ഇത്തവണ ലക്ഷിമയും ഹീരാമണിയും രണ്ടും കല്പിച്ചായിരുന്നു. ലക്ഷിമയെ അഡ്മിറ്റ് ചെയ്യാൻ ജോലിക്കാർ വിസമ്മതിക്കുന്നു എന്ന് മനസ്സിലായപ്പോൾത്തന്നെ രാജ്ഭറിനെ വിളിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. അതോടെ ആശുപത്രിജീവനക്കാർ മുട്ടുമടക്കി. ഒടുവിൽ, മൂന്ന് വർഷം മുൻപ് തന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ട ആ സ്ഥലത്തിന് ഏതാനുമടി അകലെയുള്ള ആ പി.എച്ച്.സി.യിൽ ‌വച്ചുതന്നെ അവൾ തന്‍റെ കുഞ്ഞിന് ജന്മം നൽകി. എല്ലാ മാറ്റങ്ങളുടേയും പിന്നിലുള്ളതും ആ ഹ്രസ്വദൂരം‌തന്നെയാണ്.

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ പാര്‍ത്ഥ് എം. എന്‍. പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat