ശങ്കർ വാഘേരെ തന്‍റെ പ്ലാസ്റ്റിക് സഞ്ചി നിലത്തിട്ട്, ഊന്നുവടിയിൽ ശരീരം താങ്ങി, പിന്നെ, കിതച്ചുകൊണ്ട് കുന്തിച്ചിരുന്ന് കണ്ണുകളടച്ചു. ഒരു 15 മിനിറ്റുനേരം അങ്ങിനെ കിടന്നു അദ്ദേഹം. ഈ 65 വയസ്സുകാരനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ നടപ്പ് ദീർഘമായ ഒന്നായിരുന്നു. അയാളുടെ ചുറ്റുമായി, ഇരുട്ടത്ത്, ഏകദേശം 25,000 കർഷകർ വേറെയുമുണ്ടായിരുന്നു.

“ഞങ്ങളുടെ അവകാശങ്ങൾക്കായി പോരാടേണ്ടിവരും” ഇഗത്പുരിയുടെ റായ്ഗാഡ്‌നഗർ പ്രദേശത്തിന് സമീപമുള്ള നാസിക്ക്-ആഗ്ര ഹൈവേയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു. മാർച്ച് 6-ന് ഒരു തിരക്കുള്ള ചൊവ്വാഴ്ച ദിവസം നാസിക്ക് പട്ടണത്തിൽനിന്ന് ആരംഭിച്ച കർഷകരുടെ വമ്പൻ യാത്രയുടെ ആദ്യത്തെ താവളമായിരുന്നു അത്. മാർച്ച് 11-ന് ഞായറാഴ്ച മുംബൈയിലെത്താനാണ് കർഷകർ പദ്ധതിയിടുന്നത്. പിറ്റേന്ന് അവർ നിയമസഭാ മന്ദിരം വളയുകയും ചെയ്യും. വാക്കുകൾ പാലിക്കുന്നതിൽ സർക്കാർ വരുത്തിയ പരാജയത്തിൽ പ്രതിഷേധിച്ചുകൊണ്ട്. (ഇവകൂടി കാണുക Long March: Blistered feet, unbroken spirit , After the March, the aftermath… )

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ കർഷകക്കൂട്ടായ്മയായ അഖില ഭാരതീയ കിസാൻ സഭയായിരുന്നു ഈ മഹായാത്രയ്ക്ക് ആഹ്വാനം ചെയ്തത്. വെറും വാക്കുകൾകൊണ്ട് സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ലെന്ന്, സംഘാടകരിലൊരാളും കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയുമായ അജിത് നവാലെ പറയുന്നു. “കർഷകർക്ക് വനഭൂമിയിൽ അവകാശം ഉറപ്പാക്കുക, വിളകൾക്ക് ന്യായമായ വില ലഭിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ച് 2015-ൽ ഞങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പറഞ്ഞ് ഓരോ തവണയും സർക്കാർ ഞങ്ങൾ വഞ്ചിക്കുകയായിരുന്നു. ഇനിയത് നടക്കില്ല”

Farmers sitting in Nasik waiting for the march to start
PHOTO • Shrirang Swarge
Farmers sitting in nasik waiting for the march to start
PHOTO • Shrirang Swarge

സർക്കാർ നിരന്തരം ആവശ്യങ്ങൾ അവഗണിച്ചതിനെത്തുടർന്ന്, മാർച്ച് 6-ന് നാസിക്കിലെ സി.ബി.എസ് . ചൌക്കിൽനിന്ന് ആയിരക്കണക്കിന് കർഷകർ പ്രകടനം തുടങ്ങി

പ്രകടനം മുന്നോട്ട് പോവുന്തോറും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്ന് – മറാത്തവാഡയും റായ്ഗഢും വിദർഭയും മറ്റ് ജില്ലകളുമടക്കം പലയിടങ്ങളിൽനിന്ന് – കൂടുതൽ കർഷകർ ഇതിൽ അണിചേരുമെന്നും 180 കിലോമീറ്റർ അകലെയുള്ള മുംബൈയിലെത്തുമ്പോഴേക്കും കർഷകരുടെ എണ്ണം എത്രയോ ഇരട്ടിയാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇപ്പോൾ പ്രകടനത്തിലുള്ളത് അധികവും നാസിക്ക് ജില്ലയിൽനിന്നും സമീപപ്രദേശത്തുനിന്നും ഉള്ള ആദിവാസി സമുദായക്കാരാണ് (നോക്കുക, They run the farm, they made the March )

നാസിക്കിലെ ഡിൻ‌ദോരി താലൂക്കിലെ നാലെഗാംവ് ഗ്രാമത്തിലെ കോലി മഹാദേവ് സമുദായത്തിൽ‌പ്പെട്ട ആളാണ് വാഘേരെ. നാലെഗാംവിൽനിന്ന് 28 കിലോമീറ്റർ താണ്ടി നാസിക്കിലെ സി.ബി.എസ് ചൌക്കിലേക്ക് കാൽനടയായിട്ടാണ് അദ്ദേഹം എത്തിയത്. തലേന്ന് ഉച്ചയ്ക്കാണ് നാസിക്കിൽനിന്ന് മുംബൈയിലേക്കുള്ള യാത്ര ആരംഭിച്ചത്.

Portrait of an old man
PHOTO • Shrirang Swarge

ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടേണ്ടിവരും,' 65 വയസ്സുള്ള ശങ്കർ വാഘേരെ തറപ്പിച്ച് പറയുന്നു

“തലമുറകളായി ഞങ്ങൾ കൃഷി ചെയ്യുന്ന സ്ഥലമാണ്. എന്നിട്ടും അത് വനംവകുപ്പിന്‍റെ പരിധിയിലാണ് വരുന്നത്. 2006-ലെ വനാവകാശനിയമപ്രകാരം ആദിവാസി കർഷകർക്ക് ഭൂമിയിൽ അവകാശം കൊടുക്കാമെന്ന് നിരവധി തവണ വാക്കുതന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ഞങ്ങൾക്ക് ആ ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടിയിട്ടില്ല”, വാഘേരെയുടെ ഗ്രാമത്തിൽ മിക്കവാറും എല്ലാവരും നെൽക്കൃഷിയാണ് നടത്തുന്നത്. “ഒരേക്കർ നെല്ല് ഉത്പാദിപ്പിക്കാൻ 12,000 രൂപ ചിലവ് വരും. നല്ല മഴ കിട്ടിയാൽ ഒരേക്കറിൽനിന്ന് 15 ക്വിന്‍റൽ വരെ അരി കിട്ടും. നിലവിലുള്ള അങ്ങാടിവില കിലോഗ്രാമിന് 10 രൂപയാണ്. (ക്വിന്‍റലിന് 1,000 രൂപ). എങ്ങിനെയാണ് ജീവിക്കുക. പ്രകടനത്തെക്കുറിച്ച് കേട്ടപ്പോൾ, വരുന്നത് വരട്ടെ എന്ന് കരുതി ഇതിൽ പങ്കെടുക്കണമെന്ന് ഞാൻ തീരുമാനിച്ചു”.

ഉച്ചയ്ക്ക് 1 മണിക്ക് സി.ബി.എസ്. ചൌക്കിൽ ഞാൻ എത്തിയപ്പോൾ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. സാവധാനം, കർഷകരെ കുത്തിനിറച്ച് ജീപ്പുകൾ വരാൻ തുടങ്ങി. ചുവന്ന കൊടിയും തൊപ്പിയുമിട്ട് തെരുവ് മുഴുവൻ അവർ നിറഞ്ഞു. വെയിലിനെ പ്രതിരോധിക്കാൻ പുരുഷന്മാർ തലയിൽ തൂവാലകൾ കെട്ടുകയും, സ്ത്രീകൾ സാരികൊണ്ട് മുഖം മറയ്ക്കുകയും ചെയ്തിരുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രകടനത്തിൽ പങ്കെടുക്കാൻ ആവശ്യമായ ഗോതമ്പും, അരിയും, ചൊവ്വരിയും മറ്റ് ധാന്യങ്ങളും പ്ലാസ്റ്റിക്ക് സഞ്ചികളിലും തോൾ‌‌സഞ്ചികളിലുമായിട്ടായിരുന്നു അവർ വന്നത്.

2.30 ആയപ്പോഴേക്കും പുരുഷന്മാരും സ്ത്രീകളും അവരവരുടെ സഞ്ചികളിൽനിന്ന് കടലാസ്സിൽ പൊതിഞ്ഞ ചപ്പാത്തിയും സബ്ജിയുമെടുക്കാൻ തുടങ്ങി. വഴിയരികിലിരുന്നായിരുന്നു അവരുടെ ഉച്ചയൂണ്. സമീപത്ത്, മറ്റൊരു കൂട്ടം ആദിവാസി കർഷകർ സമയം കളയാൻ നാടൻ പാട്ടുകൾ പാടുന്നുണ്ടായിരുന്നു. ബാലു പവാർ, വിഷ്ണു പവാർ, യെവജി പിതെ എന്നിവർ - നാസിക്കിലെ സർഗുണ താലൂക്കിലെ പാൻ‌ഗാർനേ ഗ്രാമത്തിൽനിന്നുള്ളവര്‍ – ഒരു അവതരണത്തിനുള്ള ഒരുക്കത്തിലായിരുന്നു. തന്ത്രിവാദ്യവും ഗഞ്ചിറയും ഇലത്താളവുമൊക്കെയായിട്ടായിരുന്നു അവരുടെ നിൽ‌പ്പ്. “നിങ്ങളെന്താണ് ചെയ്യാൻ പോവുന്നത്”, ഞാനവരോട് ചോദിച്ചു. “ഞങ്ങളുടെ മൂർത്തിയായ ഖണ്ടരായയ്ക്കുള്ള സ്തുതിയാണ്," അവർ പറഞ്ഞു.

മൂന്ന് ഗായകരും കോലി മഹാദേവ് സമുദായക്കാരായിരുന്നു. വാഘേരെയുടെ അതേ പരാതികളായിരുന്നു അവർക്കും. “ഞാൻ അഞ്ച് ഏക്കർ ഭൂമി കൃഷി ചെയ്യുന്നുണ്ട്”, വിഷ്ണു പറഞ്ഞു. “സാങ്കേതികമായി ആ ഭൂമി എന്‍റേതാണ്. പക്ഷേ വനം വകുപ്പുദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ, അവരുടെ ഔദാര്യത്തിലാണ് നമ്മൾ കഴിയുന്നതെന്നാണ് തോന്നുക. ഏത് സമയത്തും അവർ വന്ന് എന്നെ ഒഴിപ്പിക്കാൻ സാധ്യതയുണ്ട്. അടുത്തുള്ള ഒരു ഗ്രാമത്തിൽ, കർഷകർ നെല്ല് കൃഷിചെയ്തിരുന്ന ഭൂമിയിൽ, അവർ കുഴികൾ കുത്തി ചെടികൾ നടുകയുണ്ടായി. അടുത്തത് ഇനി ഞങ്ങളുടെ ഊഴമായിരിക്കും."

Top left - Three men singing and playing instruments. One of them is playing the cymbals. Men in red hats look on

Top right - An old woman dancing in front of people marching

Bottom left - Farmers marching holding red communist flags

Bottom right - Farmers marching holding red communist flags
PHOTO • Shrirang Swarge

മുകളിൽ ഇടത്ത്: ആദിവാസി സമൂഹങ്ങളിൽനിന്നുള്ള കർഷകർ ഭജനകൾ ആലപിക്കുന്നു. മുകളിൽ വലത്ത്: 60 വയസ്സുള്ള രുക്മാബായി ബെന്ദ്കുലെ ചുവന്ന കൊടിയും പിടിച്ച് പ്രകടനത്തി ന്‍റെ മുമ്പിൽ നൃത്തം ചെയ്യുന്നു. താഴെ: കൊടിയും ബാനറുകളുമായി ആയിരക്കണക്കിന് കർഷകർ നീങ്ങുന്നു

സഞ്ജയ് ബൊറാസ്തെയും പ്രകടനത്തിൽ പങ്കെടുക്കാൻ വന്നതാണ്. നാസിക്ക് പട്ടണത്തിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള ഡിൻ‌ദോരി താലൂക്കിലെ ഡിൻ‌ദോരി ഗ്രാമത്തിലാണ് സഞ്ജയ് താമസിക്കുന്നത്. 8 ലക്ഷത്തിന് മീതെ കടമുണ്ട് അദ്ദേഹത്തിന്. “സർക്കാർ കടം എഴുതിത്തള്ളൽ പ്രഖ്യാപിച്ചപ്പോൾ ആശ്വാസം കിട്ടുമെന്ന് കരുതി. പക്ഷേ 1.5 ലക്ഷത്തിന്‍റെ പരിധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഞങ്ങളെ കളിപ്പിക്കുകയായിരുന്നു”, തന്‍റെ 2.5 ഏക്കറിൽ മത്തൻ കൃഷി ചെയ്തിരുന്നു 48 വയസ്സുള്ള ബൊറാസ്തെ. “കിലോഗ്രാമിന് 2 രൂപ വെച്ച് എനിക്ക് അത് വിൽക്കേണ്ടിവന്നു. വിലയൊക്കെ ഇടിഞ്ഞു. മത്തനാണെങ്കിൽ എളുപ്പത്തിൽ ചീത്തയാവുന്ന സാധനവും”, ബൊറാസ്തെ പറയുന്നു.

മിനിമം താ‍ങ്ങുവില, കാർഷിക കടം എഴുതിത്തള്ളൽ, ആശ്രയിക്കാവുന്ന ജലസേചനം – ഈ മൂന്ന് കാര്യത്തിലും സ്വാമിനാഥൻ കമ്മീഷൻ സൂചിപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളെക്കുറിച്ചായിരുന്നു കഴിഞ്ഞ വർഷം മറാത്തവാഡ പ്രദേശത്തുനിന്ന് റിപ്പോർട്ട് ചെയ്തപ്പോൾ കർഷകർ എന്നോട് ആവർത്തിച്ച് സംസാരിച്ചത്. നാസിക്കിൽ ഒരുമിച്ചുകൂടിയ കർഷകർക്ക് ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നുവെങ്കിലും, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആശങ്ക, ഭൂവുടമസ്ഥതയെക്കുറിച്ചുള്ളതായിരുന്നു. പ്രകടനം പുരോഗമിക്കുന്തോറും അതിൽ ചേരുന്ന കർഷകരുടെ ആശങ്കളും വ്യത്യാസപ്പെടും.

3 മണിയോടെ സംഘാടകർ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങി. 4 മണിയോടെ ആയിരക്കണക്കിനാളുകൾ നാസിക്ക്-ആഗ്ര ഹൈവേയിലേക്കുള്ള തെരുവുകളിലൂടെ നടക്കാൻ തുടങ്ങി. പ്രകടനത്തിന്‍റെ മുമ്പിൽ 60 വയസ്സുള്ള രുക്മാബായി ബെന്ദുകുലെയായിരുന്നു. കൈയ്യിൽ ഒരു ചുവന്ന കൊടിയുമായി അവർ താളത്തിൽ നൃത്തം ചെയ്തിരുന്നു. ഡിൻ‌ദോരി താലൂക്കിലെ ഡൊണ്ടിഗാംവ് ഗ്രാമത്തിൽനിന്നാണ് രുക്മാബായ് എന്ന കർഷകത്തൊഴിലാളി വരുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് അവർക്ക് പണിയുള്ളത്. പ്രതിദിനം 200 രൂപ കിട്ടും. വിലപ്പെട്ട ആ 600 രൂപ ഉപേക്ഷിച്ചിട്ടാണ് അവർ പ്രകടനത്തിന് വന്നിട്ടുള്ളത്. “ഞാൻ കൃഷിയൊന്നും ചെയ്യുന്നില്ലെങ്കിലും നാട്ടുകാർക്ക് അവരുടെ ഭൂമി വനംവകുപ്പിന് കൊടുക്കേണ്ടിവന്നാൽ, എനിക്കും തൊഴിൽ നഷ്ടപ്പെടും” അവർ പറയുന്നു. “സർക്കാർ വഴങ്ങുമെന്ന് തോന്നുന്നുണ്ടോ?” എന്ന് ഞാൻ ചോദിച്ചു. “വേറെ എന്ത് മാർഗ്ഗമാണ് അവർക്കുള്ളത്?” രുക്മാബായി പുഞ്ചിരിക്കുന്നു.

Farmers dancing the Toor dance and playing the drum
PHOTO • Shrirang Swarge
An old man sitting on his haunches leaning his head against his staff
PHOTO • Shrirang Swarge
People sleeping in an open field at night
PHOTO • Shrirang Swarge

ഇടത്തുനിന്ന് വലത്തേക്ക്: ഒരു നീണ്ട ദിവസത്തെ നടപ്പിനുശേഷം ചില കർഷകർ രാത്രിയിൽ പാട്ടും നൃത്തവുമായി കഴിയുന്നു; വാഘേരെ യെപ്പോലുള്ളവർ ക്ഷീണിച്ചിരിക്കുന്നു, അധികം താമസിയാതെ, തുറന്ന ആകാശത്തിനുകീഴെ എല്ലാവരും ഉറക്കമാവും

ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് നവാലെ പറയുന്നു. “ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുന്നു. ഒഴിവുകഴിവുകളോടെയാണെങ്കിലും വായ്പ എഴുതിത്തള്ളാൻ ഇപ്പോൾ സർക്കാർ നിർബന്ധിതമായിട്ടുണ്ട്. ഞങ്ങൾ ഇതിനെ ലൂട്ട് വാപസി എന്നാണ് വിളിക്കുന്നത് അഥവാ, കൊള്ള അവസാനിപ്പിക്കൽ. വർഷങ്ങളായി ഞങ്ങളുടെ പൂർവ്വികരെ സർക്കാർ കൊള്ള ചെയ്യുകയായിരുന്നു. അത് മെല്ലെമെല്ലെ അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ”

സംഘാടകർ ഒരുക്കിക്കൊടുത്ത ഒരു വാട്ടർ ടാങ്കറിൽനിന്ന് കർഷകർ അവരുടെ കൈയ്യിലുള്ള പ്ലാസ്റ്റിക്ക് കുപ്പികൾ നിറയ്ക്കുന്നുണ്ടായിരുന്നു. ഇനി, അഞ്ച് മണിക്കൂറിനുശേഷം 9 മണിക്ക് റായ്ഗഢ് നഗറിലെത്തുമ്പോഴേ അവർ യാത്ര നിർത്തുകയുള്ളു. അവിടെ രാത്രി, വാൽദേവി അണക്കെട്ടിനടുത്ത്, ഹൈവേയിൽ, ആകാശത്തിനുകീഴെ അവർ രാത്രി ചിലവഴിക്കും.

രാത്രി ചപ്പാത്തിയും കറിയും കഴിച്ചതിനുശേഷം ചില കർഷകർ, കൂടെയുള്ള ഒരു ട്രക്കിലെ സ്പീക്കറിലൂടെ പാട്ടുകൾ വെക്കാൻ തുടങ്ങി. ഇരുണ്ട രാത്രിയിൽ, നാടൻ പാട്ടിന്‍റെ പശ്ചാത്തലത്തിൽ, കൈകൾ പിന്നിൽക്കെട്ടി, അർദ്ധചന്ദ്രാകൃതിയിൽ അണിനിരന്ന് നിരവധി പുരുഷന്മാർ പാട്ടിനോടൊപ്പം ചുവടുകൾ വെച്ചു.

അവരുടെ ഊർജ്ജം കണ്ട് വാഘാരേക്ക് അത്ഭുതം. ഒരു കമ്പിളികൊണ്ട് പുതച്ച്, അയാൾ പറയുന്നു. “ഞാൻ ക്ഷീണിച്ചു. കാലുകൾ വേദനിക്കുന്നു.”, “അടുത്ത ആറു ദിവസവും ഈ പ്രകടനത്തിൽ പങ്കെടുക്കാൻ സാധിക്കുമോ” ഞാൻ ചോദിച്ചു. “പിന്നെന്താ, ഇപ്പോൾ ഞാൻ ഉറങ്ങാൻ പോകുന്നു” അദ്ദേഹം പറഞ്ഞു.

'I am a farmer, I walk this long journey' , From fields of despair – a march with hope എന്നിവകൂടി കാണുക.

പരിഭാഷ : രാജീവ് ചേലനാട്ട്

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat