'ഗാന്ധിയുടെ ഡയറിയിൽനിന്നും ഞങ്ങൾ നിങ്ങളുടെ നമ്പർ കണ്ടെത്തി. അദ്ദേഹം ഹൈവേക്ക് സമീപത്ത് കാറിടിച്ച് മരിച്ചു,' റേഷൻ കടയുടമയും രാഷ്ട്രീയപ്രവർത്തകനുമായ ബി കൃഷ്ണയ്യ ഡിസംബർ 9 ഞായറാഴ്ച രാത്രി ഏഴരയോടെ എന്നെ ഫോണിൽ അറിയിച്ചു.

നവംബർ 24-ന് ബാംഗ്ലൂർ-ഹൈദരാബാദ് ഹൈവേയിലൂടെ നടക്കുമ്പോഴാണ് ഗംഗപ്പയെ (ഗാന്ധി) ഞാൻ അവസാനമായി കണ്ടത്. സമയം ഏകദേശം രാവിലെ 10:30. അദ്ദേഹം ഗാന്ധിവേഷത്തിൽ തന്റെ ദിവസം തുടങ്ങാനായി അനന്തപൂർ നഗരത്തിലേക്ക് പോവുകയായിരുന്നു. അനന്തപുരിൽനിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള റാപ്താഡു ഗ്രാമത്തിലെ ഒരു വഴിയോര ഭക്ഷണശാലയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ''ഏകദേശം രണ്ട് മാസം മുമ്പ്, ഒരു വൃദ്ധന് താമസിക്കാൻ ഒരു സ്ഥലം ആവശ്യമുണ്ടെന്ന് ആരോ എന്നോട് പറഞ്ഞു, അതിനാൽ ഞാൻ അദ്ദേഹത്തെ ഇവിടെ താമസിക്കാൻ അനുവദിച്ചു. ചിലപ്പോൾ അദ്ദേഹത്തിന് ഭക്ഷണവും നൽകിയിട്ടുണ്ട്,'' ഭക്ഷണശാലയുടെ ഉടമ വെങ്കിട്ടരാമി റെഡ്ഡി പറഞ്ഞു. എന്നെ ഫോണിൽ വിളിച്ച കൃഷ്ണയ്യർ പലപ്പോഴും ഇവിടെ ചായ കുടിക്കുകയും ഗംഗപ്പയുമായി ഇടയ്ക്കിടെ സംസാരിക്കുകയും ചെയ്തിരുന്നു.

2017 മേയ് മാസത്തിൽ പാരി-യ്ക്ക് വേണ്ടി ഞാൻ ഗംഗപ്പയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അന്ന് അദ്ദേഹത്തിന് ഏകദേശം 83 വയസ്സായിരുന്നു പ്രായം. കർഷകത്തൊഴിലാളിയായി 70 വർഷം അദ്ധ്വാനിച്ചതിനുശേഷം, അദ്ദേഹം മഹാത്മാവിന്റെ വേഷം ധരിച്ച് പടിഞ്ഞാറൻ ആന്ധ്രാപ്രദേശിലെ അനന്തപൂർ നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ നിൽക്കാൻ തുടങ്ങി. കർഷകത്തൊഴിലാളിയുടെ ജോലിയിൽനിന്ന് ലഭിച്ചതിനേക്കാൾ മികച്ച വരുമാനമാണ് അദ്ദേഹത്തിന് ആ വേഷപ്പകർച്ചയിൽനിന്ന് ദാനമായി ലഭിച്ചത്.

2016-ൽ വയലിൽ ജോലി ചെയ്യുന്നതിനിടെ, ബോധരഹിതനായതിനെത്തുടർന്ന് ഗംഗപ്പ ജോലിയിൽനിന്ന് വിരമിച്ചിരുന്നു. പിന്നീട് അദ്ദേഹം പണത്തിനായി കയർ മെടയുവാൻ തുടങ്ങി. പക്ഷേ, വാർധക്യത്തിലെ വൈദഗ്ദ്ധ്യം കാര്യമായ വേതനം നൽകിയില്ല. അങ്ങനെയാണ് അദ്ദേഹം ഗാന്ധിവേഷം ധരിക്കാൻ തീരുമാനിച്ചത്.

ദൈനംദിന വസ്തുക്കൾ ഉപയോഗിച്ച് അദ്ദേഹം ദിവസവും തന്റെ വേഷം പുതുക്കാറുണ്ടായിരുന്നു. മഹാത്മാവിനെപ്പോലെ 'തിളങ്ങുന്ന‘തിനായി' അദ്ദേഹം 10 രൂപയുടെ പോണ്ട്‌സ് പൗഡർ ഉപയോഗിച്ചു. റോഡരികിലെ കടയിൽനിന്ന് വാങ്ങിയ വിലകുറഞ്ഞ സൺഗ്ലാസുകൾ അദ്ദേഹം തന്റെ ഗാന്ധി കണ്ണടയാക്കി. നാട്ടിലെ ചന്തയിൽനിന്ന് കിട്ടിയ 10 രൂപയുടെ ചൂരലായിരുന്നു ഗംഗപ്പയുടെ ഊന്നുവടി. ഒപ്പം, തന്റെ മേക്കപ്പും വേഷവിധാനവും പരിശോധിക്കാൻ, എവിടെനിന്നോ കളഞ്ഞുകിട്ടിയ ഒരു മോട്ടോർബൈക്കിന്റെ റിയർ വ്യൂ കണ്ണാടിയും അദ്ദേഹം ഉപയോഗിച്ചിരുന്നു.

M. Anjanamma and family
PHOTO • Rahul M.

ഇടത്: 2017-ൽ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ (ഗംഗപ്പ ടാൽക്കം പൗഡർ പൂശി, 'ഗാന്ധി' ആകാൻ ഒരുങ്ങുന്നു). വലത്: അദ്ദേഹത്തിന്റെ ഭാര്യ അഞ്ജനമ്മ (ഇടത്തുനിന്ന് മൂന്നാമത്) അവരുടെ ഗ്രാമത്തിൽ

ഈ രീതിയിൽ, 2016 ഓഗസ്റ്റ് മുതൽ, എല്ലാ ദിവസവും, ഗംഗപ്പ ഗാന്ധിയായി വേഷപ്പകർച്ച നടത്തിക്കൊണ്ട് അനന്തപുരിലെ തെരുവുകളിലൂടെ സഞ്ചരിച്ചിരുന്നു. ചുറ്റുമുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലെ മേളകളിലും മാസച്ചന്തകളിലും യാത്രചെയ്ത്, ദിവസവും 150-600 രൂപവരെ സമ്പാദിക്കുകയും ചെയ്തു. 'അടുത്തിടെ ഒരു നാടൻ‌മേളയിൽ പോയി ഞാൻ ഏകദേശം 1,000 രൂപ സമ്പാദിച്ചു”, അദ്ദേഹം അഭിമാനത്തോടെ എന്നോട് പറഞ്ഞു.

ഗാന്ധിയെപ്പോലെ ഒരു ദുർബലനായ മനുഷ്യന് ഒരു സാമ്രാജ്യത്തെ ഇളക്കിമറിക്കാനും താഴെയിറക്കാനും കഴിഞ്ഞത് കുട്ടിക്കാലത്ത് തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയാവാൻ അവശ്യ്യം വേണ്ടത്, യാത്രയും ക്ഷമയുമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. നിരന്തരം സഞ്ചരിച്ചും പുതിയ ആളുകളുമായി പരിചയപ്പെട്ടും, ഗംഗപ്പ ജീവിതത്തിൽ തന്നെ വേട്ടയാടിക്കൊണ്ടിരുന്ന ദളിത ജാതിബോധത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

ഞാൻ ആദ്യമായി ഗംഗപ്പയെ കണ്ടപ്പോൾ, തന്റെ ജാതിയെക്കുറിച്ച് എഴുതരുതെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. കാരണം, രാത്രി അദ്ദേഹം തങ്ങിയിരുന്ന അനന്തപുരിലെ ഒരു ക്ഷേത്രത്തിൽ ആരോടും താൻ ദളിത് വിഭാഗത്തിൽപ്പെട്ടവനാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഗാന്ധിയായി രൂപം മാറുമ്പോഴും ഒരു മതപുരോഹിതനെപ്പോലെ പൂണൂൽ, കുങ്കുമം തുടങ്ങിയ മതചിഹ്നങ്ങൾ അദ്ദേഹം അണിഞ്ഞിരുന്നു.

രൂപമാറ്റം നടത്തിയെങ്കിലും, ഗംഗപ്പയുടെ ജാതിയും ദാരിദ്ര്യവും എല്ലായിടത്തും അദ്ദേഹത്തെ പിന്തുടർന്നു. വിവാഹമോചനം നേടിയ അദ്ദേഹത്തിന്റെ ഭാര്യ എം. അഞ്ജനമ്മയെ കണ്ട് അവരുടെ ഒരു കുടുംബചിത്രം 2017-ൽ ഞാനെടുത്തപ്പോൾ, അവരുടെ ഗ്രാമത്തിലെ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാൾ ദളിതർക്കൊപ്പം ഫോട്ടോ എടുക്കാൻ വിസമ്മതിച്ചു.

ഞായറാഴ്ച കൃഷ്ണയ്യ എന്നെ വിളിച്ചപ്പോൾ, ഞാൻ തയ്യാറാക്കിയ ലേഖനത്തിൽനിന്ന് കുറച്ച് വിശദാംശങ്ങൾ അദ്ദേഹത്തിന് നൽകുകയും ഗംഗപ്പയുടെ കുടുംബത്തിന്റെ ഫോട്ടോ അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. അഞ്ജനാമ്മയുടെ കൃത്യമായ മേൽവിലാസം അറിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, ജാതി‌യുടെ അടിസ്ഥാനത്തിൽ വീട് കണ്ടെത്താമെന്ന് കൃഷ്ണയ്യ നിർദ്ദേശിച്ചു (ഗ്രാമങ്ങളിൽ ജാതിയുടെ അടിസ്ഥാനത്തിലാണ് ആളുകൾ താമസിച്ചിരുന്നത്). 'നമുക്ക് ഗോരന്തലയിലെ അദ്ദേഹത്തിന്റെ വീട് കണ്ടെത്താൻ ശ്രമിക്കാം. അദ്ദേഹം എപ്പോഴെങ്കിലും താൻ ഏത് ജാതിയിൽനിന്നാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നുവോ?'', കൃഷ്ണയ്യ ചോദിച്ചു.

ക്യഷ്ണയ്യയുടെ ഒരു ബന്ധുവിന് അനന്തപുരിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗോരന്തലയിലെ സർക്കിൾ ഇൻസ്‌പെക്ടറെ പരിചയമുണ്ടായിരുന്നു. അവിടെയാണ് അഞ്ജനമ്മ അവരുടെ ഇളയ മകളോടൊപ്പം താമസിച്ചിരുന്നത്. അവരുടെ മൂത്ത മകൾ ഒരു ദശാബ്ദം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഗോരന്തലയിലെ ഒരു കോൺസ്റ്റബിൾ ഭർത്താവിന്റെ മരണവിവരം അഞ്ജനമ്മയെ അറിയിച്ചു. ഡിസംബർ 10 തിങ്കളാഴ്ച ഉച്ചയോടെ അവർ ഗംഗപ്പയുടെ മൃതദേഹം ഏറ്റുവാങ്ങി.

അവശനായ ആ വൃദ്ധനെ ഇടിച്ചുവീഴ്ത്തിയ കാർ മാത്രം ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

പരിഭാഷ: അനിറ്റ് ജോസഫ്

Rahul M.

Rahul M. is an independent journalist based in Andhra Pradesh, and a 2017 PARI Fellow.

Other stories by Rahul M.
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph