സതി മണി രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ വീടിനു ചുറ്റും നോക്കുകയും പെട്ടെന്നൊരു പരിശോധന നടത്തുകയും ചെയ്യാറുണ്ട്: അവരുടെ പ്രധാനപ്പെട്ട പ്രമാണങ്ങളും ഏറ്റവും നല്ല വസ്ത്രങ്ങളും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഭിത്തിയില്‍ തൂക്കിയിടിരിക്കുന്നു. തറയില്‍ നിന്നും രണ്ടടി ഉയരത്തില്‍ സിമന്‍റ്  സ്ലാബിലാണ് പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

“വീട്ടില്‍ വെള്ളം കയറുന്നതുകണ്ട് രാത്രി രണ്ടുമണിക്ക് പലതവണ ഞാന്‍ ഉണര്‍ന്നിട്ടുണ്ട്. ഒരുപാട് തലയണകളും കിടക്കവിരികളും എനിക്കു നഷ്ടപ്പെട്ടിട്ടുണ്ട്. എത്ര കഴുകിയാലും വൃത്തിയാകാത്ത രീതിയില്‍ കരിമ്പനും ദുര്‍ഗന്ധവും പിടിച്ചതുകൊണ്ട് അവയൊക്കെ എനിക്ക് എറിഞ്ഞു കളയേണ്ടി വന്നിട്ടുണ്ട്”, ഗാന്ധി നഗറിലെ പി. & റ്റി. കോളനിയിലെ താമസക്കാരിയായ 65 വയസ്സുള്ള സതി പറഞ്ഞു. കൊച്ചിയിലെ തേവര-പേരണ്ടൂര്‍ (റ്റി.പി.) കനാലിന്‍റെ ഒരു വശത്തായി നീണ്ടു കിടക്കുകയാണ് പ്രസ്തുത കോളനി.

കൊച്ചിയുടെ വടക്ക് പേരണ്ടൂര്‍ പുഴയില്‍നിന്നും തെക്ക് തേവരയിലേക്കാണ് റ്റി.പി. കനാല്‍ ഒഴുകുന്നത്. ഇത് 9.84 കിലോമീറ്റര്‍ ഒഴുകി നഗരത്തിലെ കായലില്‍ ചെന്നു ചേരുന്നു. കൊച്ചിയിലൂടെ ഒഴുകുന്ന 11 പ്രധാനപ്പെട്ട ജലപാതകളില്‍ ഒന്നാണ് ഈ കനാല്‍. എറണാകുളത്തിന്‍റെ വിവിധ ഭാഗത്തുള്ള ഗതാഗത തിരക്കുകളില്‍ നിന്നുള്ള മോചനത്തിനായി ഇവയില്‍ ചിലതിനെ ജലപാതകളായി പ്രോത്സാഹിപ്പിക്കാനും സംസ്ഥാനം പദ്ധതിയിടുന്നു.

കഴിഞ്ഞ മൂന്നു ദശകങ്ങള്‍ കൊണ്ട് കൊച്ചി നഗരത്തിലെ ജനസംഖ്യ ഇരട്ടിച്ച് 2.1 ദശലക്ഷം ആയിത്തീര്‍ന്നതിനാല്‍ ഒരു മീറ്ററില്‍ താഴെ മാത്രം ആഴമുള്ള റ്റി.പി. കനാല്‍ ഒരു തുറന്ന ഓവുചാലായി അധഃപതിച്ചിരിക്കുന്നു. മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒഴുക്കില്ലായ്മയും കാരണം രണ്ടു സ്ഥലങ്ങളില്‍ കനാല്‍ തടസ്സപ്പെട്ടിരിക്കുന്നു. കനാലിനോടു ചേര്‍ന്നിരിക്കുന്ന ആശുപത്രികള്‍, പ്രാദേശിക ചന്തകള്‍, വ്യവസായങ്ങള്‍, വീടുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നേരിട്ട് അതിലേക്ക് പതിക്കുന്നു. ഏകദേശം 632 പുറംപൈപ്പുകളില്‍ നിന്നും തെരുവുകളിലെ 216 ഓവു ചാലുകളില്‍ നിന്നും കനാലിലേക്ക് നേരിട്ട് അസംസ്കൃത മാലിന്യങ്ങളും വ്യാവസായിക മാലിന്യങ്ങളും മഴവെള്ളവും എത്തുന്നു. പെട്ടെന്നു നശിക്കാത്ത മാലിന്യങ്ങള്‍ വശങ്ങളിലടിഞ്ഞ് കനാലിന്‍റെ വീതി പലയിടങ്ങളിലും 8 മീറ്റര്‍ വരെ ചുരുങ്ങി.

പി. & റ്റി. കോളനിയിലെ മറ്റെല്ലാ വീടുകളേയും പോലെ സതിയുടെ വീടും എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍റെ പിറകിലുള്ള കനാല്‍ വക്കത്താണ് സ്ഥിതി ചെയ്യുന്നത്. 250 മീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പുറമ്പോക്കു ഭൂമിയിലാണ്‌ (സര്‍ക്കാര്‍ വക ഭൂസ്വത്ത് അല്ലെങ്കില്‍ പൊതു ഉപയോഗത്തിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന ആരും കയ്യേറിയിട്ടില്ലാത്ത ഭൂമി) കോളനി സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ളവര്‍ പറയുന്നത് പുറമ്പോക്കില്‍ ഒരു താത്കാലിക വീട് പണിയുന്നതാണ് വാടകയ്ക്ക് വീട് എടുക്കുന്നതിനേക്കാള്‍ ചിലവു കുറഞ്ഞത് എന്നാണ്. പിന്നീടവര്‍ രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് വൈക്കോല്‍ മേല്‍ക്കൂരകളും ടാര്‍പ്പോളിന്‍ വീടുകളും മാറ്റി പ്രാദേശിക സഭകളുടെ സഹായത്താല്‍ കോണ്‍ക്രീറ്റ് കട്ടകളും തകര മേല്‍ക്കൂരകളും ഉള്ള ഇടത്തരം വീടുകള്‍ നിര്‍മ്മിച്ചു.

'I have woken up many times to find water flooding my home', says Sathi; she and her husband Mani live next to this canal where all the waste of the area is dumped
PHOTO • Adarsh B. Pradeep
'I have woken up many times to find water flooding my home', says Sathi; she and her husband Mani live next to this canal where all the waste of the area is dumped
PHOTO • Adarsh B. Pradeep

‘എന്‍റെ വീട് വെള്ളത്തിലാവുന്നതു കണ്ടുകൊണ്ട്‌ നിരവധി തവണ ഞാന്‍ എഴുന്നേറ്റിട്ടുണ്ട്’, സതി പറയുന്നു; പ്രദേശത്തെ മാലിന്യങ്ങളൊക്കെ നിക്ഷേപിക്കുന്ന ഈ കനാലിനു തൊട്ടടുത്താണ് അവരും ഭര്‍ത്താവ് മണിയും താമസിക്കുന്നത്.

“ഞാന്‍ [ഇവിടെ] ആദ്യം എത്തിയപ്പോള്‍ ഇവിടുത്തെ വെള്ളം നന്നായി തെളിഞ്ഞതായിരുന്നു. വല്ലപ്പോഴും നന്നായി മീന്‍ പിടിക്കാനുള്ള അവസരങ്ങളും കിട്ടുമായിരുന്നു. ആളുകള്‍ ചിലപ്പോള്‍ മീന്‍ വില്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് മീനുകളൊന്നും ഇല്ല, ആകെയുള്ളത് മാലിന്യങ്ങള്‍ തള്ളുന്ന പൈപ്പുകള്‍ മാത്രമാണ്”, അവരുടെ വീടിനു പിന്നിലുള്ള വൃത്തിഹീനമായ ചാര നിറത്തിലുള്ള വെള്ളം ചൂണ്ടിക്കാട്ടിക്കൊണ്ട് സതി പറഞ്ഞു. എല്ലാ വീടുകളില്‍ നിന്നുമുള്ള അടുക്കള, കക്കൂസ് മാലിന്യങ്ങള്‍ നേരിട്ട് കനാലിലേക്കു വരുന്നു. “ഓരോ തവണ മലിന ജലത്തില്‍ ചവിട്ടുമ്പോഴും എന്‍റെ കാലുകള്‍ ചൊറിഞ്ഞു തിണര്‍ക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

സതി ഒരു വീട്ടുജോലിക്കാരി ആയിരുന്നു. “ഞാന്‍ രണ്ടു വീടുകളില്‍ ജോലി ചെയ്ത് മാസം 4,500 രൂപ വരെ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കനാലില്‍ വെള്ളം ഉയരുമ്പോള്‍ എനിക്കു വീടു വിട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. ആ ദിവസങ്ങളിലെ വേതനവും നഷ്ടപ്പെടുമായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അസംസ്കൃത മാലിന്യങ്ങള്‍, അടുത്ത ബസ് ഡിപ്പോയില്‍ നിന്നുള്ള ഗ്രീസ് എന്നിങ്ങനെ വെള്ളം കയറിയതുമൂലം വീട്ടിലടിഞ്ഞവയെല്ലാം നീക്കം ചെയ്യുന്നതും വൃത്തിയാക്കുന്നതും ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പണിയായിരുന്നു”, അവര്‍ പറഞ്ഞു.

അവരുടെ ഭര്‍ത്താവ് 69-കാരനായ കെ. എസ്. മണി ദിവസ വേതന തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും 160 കിലോമീറ്റര്‍ മാറി പത്തനംതിട്ട ജില്ലയിലെ ശബരിമല ക്ഷേത്രത്തിനു പുറത്ത് ചായയും ചെറുകടികളും വില്‍ക്കുന്ന ഒരു താത്കാലിക കട തീര്‍ത്ഥാടന സമയത്ത് അദ്ദേഹം വാടകയ്ക്കെടുക്കുമായിരുന്നു. ദിവസ വേതന തൊഴിലുകളില്‍ നിന്നും അദ്ദേഹത്തിനു സാധാരണയായി ലഭിച്ചിരുന്ന 3,000 രൂപ തീര്‍ത്ഥാടന സമയത്ത് കുറച്ചു കാലത്തേക്ക് - നവംബര്‍ മുതല്‍ ഫെബ്രുവരി വരെ - 20,000 രൂപ വരെയായി ഉയര്‍ന്നിരുന്നുവെന്ന് സതി പറഞ്ഞു.

പ്രമേഹ രോഗിയായ മണി കുറച്ചു വര്‍ഷങ്ങളായി കിടപ്പിലാണ്. അണുബാധയെത്തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലിന്‍റെ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. വലിവിനും പ്രമേഹത്തിനുമുള്ള അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി പ്രതിമാസം 2,000 രൂപയാണ് ആ ദമ്പതികള്‍ക്കു ചിലവാകുന്നത്. “ഞങ്ങള്‍ രണ്ടുപേരും സംസ്ഥാനം നല്‍കുന്ന വാര്‍ദ്ധക്യകാല പെന്‍ഷന് അര്‍ഹരാണ് – ഒരാള്‍ക്ക്‌ 1,400 രൂപ വീതം. കഴിഞ്ഞ 4 മാസങ്ങളായി അദ്ദേഹത്തിനു പെന്‍ഷന്‍ ലഭിക്കുന്നില്ല. കൈകള്‍ നന്നായി പ്രവര്‍ത്തിക്കാത്തതു കാരണം ഒപ്പിടാന്‍ സാധിക്കുന്നില്ല”, സതി പറഞ്ഞു. സതിയുടെ പെന്‍ഷന്‍ - അവരുടെ ഒരേയൊരു വരുമാന സ്രോതസ്സ് – എത്തുന്നത് രണ്ടു കിലോമീറ്റര്‍ അകലെയുള്ള യൂണിയന്‍ ബാങ്കിന്‍റെ ബ്രാഞ്ചിലാണ്. അവിടെയാണ് അവര്‍ക്ക് അക്കൗണ്ട് ഉള്ളത്.

കൊച്ചിക്ക്‌ തെക്കുള്ള പറവൂര്‍ സ്വദേശിനിയായ സതി പി. & റ്റി. കോളനിയില്‍ ജീവിക്കാന്‍ വരുന്നത് 46 വര്‍ഷം മുന്‍പ് മണിയെ വിവാഹം കഴിച്ചതിനു ശേഷമാണ്. “ഈ സ്ഥലം നഗരവുമായുള്ള ബന്ധം എളുപ്പമാക്കി തീര്‍ത്തു. യാത്രാ ചിലവുകളും അതുമൂലം കുറവായിരുന്നു”, ആ സ്ഥലം തിരഞ്ഞെടുത്തതിനു കാരണമായി സതി പറഞ്ഞു.

Left: during high tide, the canal overflows. Right: Invasive weeds grows in the stagnant water, where mosquitoes, files, snakes and rats proliferate
PHOTO • Adarsh B. Pradeep
Left: during high tide, the canal overflows. Right: Invasive weeds grows in the stagnant water, where mosquitoes, files, snakes and rats proliferate
PHOTO • Adarsh B. Pradeep

ഇടത്: വേലിയേറ്റ സമയത്ത് കനാല്‍ കവിഞ്ഞൊഴുകുന്നു. വലത്: പെട്ടെന്ന് പടര്‍ന്നു പിടിക്കുന്ന കളകള്‍ നിശ്ചല ജലത്തില്‍ വളരുന്നു. അവിടെ കൊതുകുകളും കീടങ്ങളും പാമ്പുകളും എലികളും പെരുകുന്നു.

മണിയുടെ സഹോദരിയായ തുളസി കൃഷ്ണന്‍ തൊട്ടടുത്തു തന്നയാണ് താമസിക്കുന്നത്. “ഏകദേശം 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ഇവിടെ എത്തുമ്പോള്‍ വളരെ കുറച്ചു വീടുകളാണ് ഇവിടുണ്ടയിരുന്നത്. ഇപ്പോള്‍ ഇവിടെ 85 വീടുകളും 81 കുടുംബങ്ങളും ഉണ്ട്”, അവര്‍ പറഞ്ഞു. പ്രാദേശിക തിരഞ്ഞെടുപ്പിനുവേണ്ടി അടുത്തിടെ നടത്തിയ ഒരു സര്‍വ്വെയാണ് കോളനി വാസികള്‍ക്ക് കോളനികളെപ്പറ്റിയുള്ള വിശദാംശങ്ങള്‍ നല്‍കിയത്.

അസ്ഥിക്ഷയം മൂലം തുളസിക്ക് എഴുന്നേറ്റു നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ടാണ്. “പ്രധാന റോഡിലേക്ക് [ഉയര്‍ന്ന സ്ഥലമായ] എത്തുന്നതിനായി വെള്ളത്തിലൂടെ നടക്കുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാനും ഭര്‍ത്താവും മകളുടെ വീട്ടിലേക്ക് താമസം മാറിയിരിക്കുന്നു. പക്ഷെ എത്ര നാള്‍ അവരോടൊപ്പം താമസിക്കാന്‍ പറ്റും?” അവര്‍ ചോദിച്ചു. പി. & റ്റി. കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി ഗാന്ധി നഗറിലാണ് അവരുടെ മകന്‍ രേഖ സാജന്‍ താമസിക്കുന്നത്.

മുനിസിപ്പല്‍ സ്ഥാപനമായ വിശാല കൊച്ചി വികസന അഥോറിറ്റി (Greater Cochin Development Authority - GCDA) അല്ലെങ്കില്‍ ജി.സി.ഡി.എ. യുടെ വകയാണ് കോളനി ഭൂമി. കോളനി നിവാസികള്‍ പറയുന്നതനുസരിച്ച് ‘പി’യും ‘റ്റി’യും ‘പവര്‍’, ‘ടെലികമ്മ്യൂണിക്കേഷന്‍സ്’ എന്നീ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്; വെറും 50 മീറ്റര്‍ മാറിയാണ് ഭാരത്‌ സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍.) സ്ഥിതി ചെയ്യുന്നത്.

എഴുപത്തിരണ്ടു വയസ്സുള്ള ആജിറ മരിച്ചു പോയ മകളുടെയും മരുമകന്‍റെയും വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. പലവ്യഞ്ജനങ്ങള്‍ വിറ്റിരുന്ന ചെറിയൊരു കട റോഡിനു സമീപം  തനിക്കുണ്ടായിരുന്നെന്നും സര്‍ക്കാര്‍ അത് പൊളിച്ചു നീക്കിയെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ കുറച്ചു സാധനങ്ങള്‍ വീട്ടില്‍ വച്ചു തന്നെ വില്‍ക്കുന്നു. ആ വകയില്‍ പ്രതിദിനം 200 രൂപ ലഭിക്കുകയും ചെയ്യുന്നു. “പലരും സാധനങ്ങള്‍ കടം വാങ്ങാറുണ്ട്. അതിനാല്‍ ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ ബുദ്ധിമുട്ടും ഉണ്ട്. തളര്‍ന്ന കാലും ശ്വസന പ്രശ്നവും മൂലം കടയിലേക്കു കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ നടന്നു പോവുക ബുദ്ധിമുട്ടാണ്”, അവര്‍ പറഞ്ഞു.

തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്ത് (ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ) ശരാശരി 2855 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. മണ്‍സൂണ്‍ പേമാരിയില്‍ കൊച്ചിയിലെ ഓട സംവിധാനങ്ങള്‍ പ്ലാസ്റ്റിക്കുകളും ചെളിയും അടിഞ്ഞു തടസ്സപ്പെടുന്നു. റോഡില്‍ നിറയുന്ന മഴവെള്ളം അവസാനം കനാലില്‍ എത്തുകയും കനാല്‍ നിറഞ്ഞു കവിഞ്ഞ് അവിടെ നിന്നുള്ള കറുത്ത മലിന ജലം പി. & റ്റി. കോളനി നിവാസികളുടെ വീടുകളിലെത്തുകയും ചെയ്യുന്നു. വേലിയേറ്റം ജലത്തിന്‍റെ അളവു വര്‍ദ്ധിപ്പിക്കുകയും മലിന ജലത്തെ നേര്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ കനാല്‍ തീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലങ്ങളും ഉയരം കുറഞ്ഞ ലംബമോ തിരശ്ചീനമോ ആയ നിര്‍മാര്‍ജ്ജന സംവിധാനങ്ങളോടു കൂടിയ പാലങ്ങളും കനാല്‍ ജലത്തെ നിശ്ചലമാക്കിക്കൊണ്ട് കടല്‍ ജലം കനാലിന്‍റെ പല ഭാഗങ്ങളിലേക്കും ഒഴുകുന്നതിനു തടസ്സമായി നില്‍ക്കുന്നു.

Left: Mary Vijayan remembers a time when her brothers swam in the canals. Right: Aajira's small grocery store was demolished by the government
PHOTO • Adarsh B. Pradeep
Left: Mary Vijayan remembers a time when her brothers swam in the canals. Right: Aajira's small grocery store was demolished by the government
PHOTO • Adarsh B. Pradeep

ഇടത്: സഹോദരന്മാര്‍ കനാലുകളില്‍ നീന്തിയിരുന്ന ഒരു സമയം മേരി വിജയന്‍ ഓര്‍മ്മിച്ചെടുക്കുന്നു. വലത്: പലവ്യഞ്ജനങ്ങള്‍ വിറ്റിരുന്ന അജീറയുടെ ചെറിയ കട സര്‍ക്കാര്‍ പൊളിച്ചു നീക്കി.

കുളവാഴ പോലെ എല്ലായിടത്തും വ്യാപിക്കുന്ന കളകള്‍ ദ്രുത ഗതിയില്‍ വളരുന്നതിനു നിശ്ചല ജലം കാരണമാവുകയും അതു വളരെ പെട്ടെന്നു തന്നെ വെള്ളത്തിന്‍റെ ഒഴുക്കിനു തടസ്സമാവുകയും ചെയ്യുന്നു. കൊതുകുകളുടെയും ഷഡ്പദങ്ങളുടെയും പ്രജനനത്തിനും ഇത് കാരണമാകുന്നു. കക്കൂസിന്‍റെ പൈപ്പുകളിലൂടെയൊക്കെ കയറി വരുന്ന സാധാരണ സന്ദര്‍ശകരാണ്‌ പാമ്പുകളും എലികളുമൊക്കെ ഇവിടെ. “എലികള്‍ സ്റ്റീല്‍ അലമാരയ്ക്കകത്തു കയറി എന്‍റെ ഒരുപാടു തുണികള്‍ നശിപ്പിച്ചു”, സതി പറഞ്ഞു.

കേരളാ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കൊര്‍പ്പറേഷന്‍റെ ജനുവരി 2017-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് കനാലിന് പ്രതിബന്ധമായത് “സിമന്‍റും മണ്ണും മൂലമുള്ള തടസ്സങ്ങള്‍, ഉയരം കുറഞ്ഞ പാലങ്ങള്‍, കയ്യേറ്റം, അധിവാസം” എന്നിവയാണെന്നാണ്. “കനാലിന്‍റെ വീതികൂട്ടുന്നത് വെള്ളത്തിന്‍റെ ഒഴുക്ക് എളുപ്പമാക്കുന്നതിനും സൗകര്യപ്രദമായ ഒരു ഗതാഗത മാര്‍ഗ്ഗമായി ജലപാതയെ വികസിപ്പിക്കുന്നതിനും  ആവശ്യമാണ്” എന്നും പഠനം നിരീക്ഷിച്ചു.

സതിയുടെ അയല്‍ക്കാരിയായ മേരി വിജയന്‍ അവരുടെ സഹോദരന്മാര്‍ കനാലില്‍ നീന്തിയിരുന്ന കാലം ഓര്‍മ്മിച്ചെടുത്തു. മേരിയും ഭര്‍ത്താവ് വിജയനും 30 വര്‍ഷങ്ങളായി കോളനിയില്‍ താമസിക്കുന്നു. അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുകാരനാണ് വിജയന്‍. വിവാഹിതരായ ശേഷമാണ് അവര്‍ കൊച്ചിയില്‍ നിന്നും ഇവിടെത്തിയത്. “കനാല്‍ യഥാര്‍ത്ഥത്തില്‍ പേരണ്ടൂര്‍ പുഴയുടെ കൈപ്രവാഹമാണ്. ആളുകള്‍ അവിടേക്ക് കുളിക്കുന്നതിനും നനയ്ക്കുന്നതിനുമായി എത്തിയിരുന്നു. അടിത്തട്ടില്‍ ഒരു രൂപ കിടന്നാല്‍ അതു കാണാവുന്നത്ര വിധത്തില്‍ തെളിഞ്ഞതായിരുന്നു വെള്ളം. ഇപ്പോള്‍ അടിയില്‍ എന്തെങ്കിലും ചത്തുകിടന്നാല്‍ പോലും കാണാന്‍ പറ്റില്ല”, 62-കാരിയായ മേരി പറഞ്ഞു.

ഞങ്ങള്‍ അവരെ കണ്ടപ്പോള്‍ അവര്‍ വീടിന്‍റെ തറയില്‍ ലോട്ടറി ടിക്കറ്റുകള്‍ എണ്ണിക്കൊണ്ട് ഇരിക്കുകയായിരുന്നു. “റെയില്‍വേ ജംഗ്ഷന്‍ പരിസരത്ത് ലോട്ടറി വിറ്റുകൊണ്ട് ഞാന്‍ 100 മുതല്‍ 200 രൂപ വരെ ഉണ്ടാക്കിയിരുന്നു”, ഞങ്ങളോടു സംസാരിക്കാനായി വാതില്‍ക്കലേക്ക് വരുമ്പോള്‍ അവര്‍ പറഞ്ഞു. പക്ഷെ ഈ മഹാമാരി തുടങ്ങിയതില്‍ പിന്നെ ടിക്കറ്റ് വില്‍പ്പന വല്ലപ്പോഴുമായിരിക്കുന്നു.

“കോളനി നിവാസികളെ മുണ്ടംവേലിയില്‍ [10 കിലോമീറ്ററുകള്‍ അകലെ] സ്ഥിരമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു കൊണ്ടിരിക്കുന്നു”, ദിവസ വേതന തൊഴിലാളിയായ അജിത്‌ സുകുമാരന്‍ പറഞ്ഞു. “എനിക്കു 10 വയസ്സ് പോലും തികയുന്നതിനു മുന്‍പ് ഇത്തരമൊരു നിദ്ദേശത്തെക്കുറിച്ച് ഞാന്‍ കേട്ടു തുടങ്ങിയതാണ്‌. ഇപ്പോള്‍ എനിക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.” അജിത്തിന്‍റെ ഭാര്യ വീട്ടുജോലി ചെയ്ത് പ്രതിമാസം 6,000 രൂപ നേടുന്നു. അജിത്‌ പ്രതിദിനം 800 രൂപയ്ക്ക് പണിയെടുക്കുന്നു. പക്ഷെ മാസം 15 ദിവസത്തിലധികം ജോലി ലഭിക്കുന്നത് അപൂര്‍വ്വമായാണ്. രണ്ടുപേരും അജിത്തിന്‍റെ മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നു. അജിത്തിന്‍റെ അമ്മ 54-കാരിയായ ഗീതയും അച്ഛന്‍ 60-കാരനായ സുബ്രഹ്മണ്യവും തൊട്ടടുത്താണ് താമസിക്കുന്നത്.

Left: A bridge on the canal that reduces its width and slows down the flow of water. Right: Waste dumped by Kochi city residents on the canal banks
PHOTO • Adarsh B. Pradeep
Left: A bridge on the canal that reduces its width and slows down the flow of water. Right: Waste dumped by Kochi city residents on the canal banks
PHOTO • Adarsh B. Pradeep

ഇടത്: കനാലിലെ ഒരു പാലം. ഇത് കനാലിന്‍റെ വീതി കുറക്കുകയും വെള്ളത്തിന്‍റെ ഒഴുക്ക് മന്ദഗതിയിലാക്കുകയും ചെയ്യുന്നു. വലത്: കനാലിന്‍റെ തീരത്ത് കൊച്ചി നഗരവാസികള്‍ മാലിന്യങ്ങള്‍ തള്ളുമ്പോള്‍.

കൗണ്‍സിലര്‍ [2015 മുതല്‍ 2020 വരെ ഗാന്ധി നഗര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ ആയിരുന്ന] പൂര്‍ണ്ണിമ നാരായണ്‍ 2018 ജൂലൈ 31-ന് ഞങ്ങളുടെ ഓരോ കുടുംബത്തില്‍ നിന്നും ഒരാളെ വീതം മുണ്ടംവേലിയിലേക്കു കൊണ്ടുപോകുന്നതിനായി ഒരു ബസ് ഏര്‍പ്പാടാക്കി. പിന്നീടവര്‍ സ്ഥലത്ത് തറക്കല്ലിട്ടു. 10 മാസത്തിനകം അത് പൂര്‍ത്തിയാകുമെന്ന് പിണറായി വിജയന്‍ [കേരളാ മുഖ്യമന്ത്രി] ഞങ്ങള്‍ക്കു വാഗ്ദാനം തരികയും ചെയ്തു”, സതി ഓര്‍മ്മിച്ചു.

അതിനു ശേഷം മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. കോളനി നിവാസികള്‍ പറയുന്നത് താത്കാലികാശ്വാസ കേന്ദ്രങ്ങളാണ് അവര്‍ കണ്ടിട്ടുള്ള ഏക സഹായം എന്നാണ്. 2019-ല്‍ ഏറണാകുളത്ത് 2375.9 മില്ലി മീറ്റര്‍ മഴ ലഭിക്കുകയും (തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയത്തെ സാധാരണയായ 2038 മില്ലി മീറ്ററിനേക്കാള്‍ 17 ശതമാനം കൂടുതല്‍) ഓഗസ്റ്റ് 8 മുതല്‍ 15 വരെ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. താഴ്ന്ന പ്രദേശത്തു താമസിച്ചിരുന്ന ആയിരക്കണക്കിന് ആളുകളെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റേണ്ടിവന്നു. മഴ റ്റി.പി. കനാലില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും കാരണമായി. “എനിക്കും എന്‍റെ അയല്‍വാസികള്‍ക്കും മണിയെ ചുമലിലേറ്റി ദുരിതാശ്വാസ കേന്ദ്രത്തിലേക്കു കൊണ്ടുപോകേണ്ടി വന്നു”, സതി ഓര്‍മ്മിച്ചു. “ഉയര്‍ന്ന വേലിക്കും [ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പോയുടെ] ഞങ്ങളുടെ വീടുകള്‍ക്കും ഇടയിലുള്ള ഇടവഴിയിലൂടെ രണ്ടുപേര്‍ക്ക് ഇരുവശത്തുമായി നടക്കുവാന്‍ കഷ്ടിച്ചുമാത്രം സ്ഥലം ഉണ്ടായിരുന്നതു കൊണ്ട് അതുവഴി കടന്നുപോവുക വളരെ ബുദ്ധിമുട്ടായിരുന്നു.”

2020 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി 10 മാസത്തിനുള്ളില്‍ പുനരധിവാസം എന്ന വാഗ്ദാനം സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടു വച്ചു. അതേത്തുടര്‍ന്ന് ‘ഭൂരഹിതര്‍’ക്കും ‘വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍’ക്കും വീടുവച്ചു നല്‍കുന്ന കേരളാ സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ മുണ്ടംവേലിയില്‍ 88 അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മ്മിക്കാന്‍ ജി.സി.ഡി.എ. പദ്ധതിയിട്ടു. എന്നിരിക്കിലും പദ്ധതിക്കു വേണ്ട സാമഗ്രികള്‍ നല്‍കാന്‍ ചുമതലപ്പെട്ട കമ്പനി പാപ്പരായതിനെ തുടര്‍ന്ന് എല്ലാ ഉത്പാദനങ്ങളും പദ്ധതികളും അവസാനിച്ചു. “ഇപ്പോള്‍ പുതിയൊരു നിര്‍ദ്ദേശം (proposal) ഉണ്ടായിട്ടുണ്ട്. അതിന്‍റെ ടെസ്റ്റ് പൈലിംഗും ഞങ്ങള്‍ പൂര്‍ത്തിയാക്കി. കേരളാ സര്‍ക്കാരിന്‍റെ സാങ്കേതിക സമിതി തടസ്സങ്ങള്‍ നീക്കുന്നതിനായി (clearance) ഞങ്ങള്‍ കാത്തിരിക്കുന്നു”, ജി.സി.ഡി.എ.യുടെ ചെയര്‍പെഴ്സണ്‍ ആയ വി. സലീം പറഞ്ഞു.

എന്നിരിക്കിലും കോളനി നിവാസികള്‍ സംശയാലുക്കള്‍ ആണ്. “ഞങ്ങളെ നോക്കാന്‍ ഇവിടെ ആരും വരില്ല”, തുളസി പറഞ്ഞു. “മുണ്ടംവേലി സന്ദര്‍ശിച്ചത് ഞങ്ങളുടെ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞു പോയതുപോലെ ഉദ്യോഗസ്ഥരും അതു മറന്നു പോയിരിക്കുന്നു.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Adarsh B. Pradeep

Adarsh B. Pradeep is studying print journalism at the Asian College of Journalism, Chennai

Other stories by Adarsh B. Pradeep
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.