ഒരു നായയുടെ കുര. ഒരു കടുവയുടെ മുരൾച്ച. ഒരൾക്കൂട്ടത്തിന്റെ ബഹളം അന്തരീക്ഷത്തിൽ നിറയുന്നു.

ചന്ദ്രപുരിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽനിന്ന് കഷ്ടി 100 കിലോമീറ്റർ അകലെയെത്തിയ ഞങ്ങൾക്ക് ഇതിൽ അസാധാരണത്വമൊന്നും തോന്നിയില്ല.

എന്നാൽ മൃഗങ്ങളുടേയും ആളുകളുടേയും ഈ ശബ്ദമൊക്കെ മാംഗി ഗ്രാമത്തിൽനിന്ന് ഉച്ചഭാഷിണിയിലൂടെ പുറപ്പെടുന്ന റിക്കാർഡ് ചെയ്യപ്പെട്ട ശബ്ദമാണെന്നതാണ് അസാധാരണമായി തോന്നിയത്. ഗ്രാമീണ വിദർഭയിലെ ഒരു പരുത്തി-തുവരപ്പരിപ്പ് പാടത്ത് ഒരു ചൂരൽദണ്ഡിലാണ് ഉച്ചഭാഷിണി സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന കീടനാശിനി തളിക്കുന്ന പമ്പിലേക്ക് അത് വയർ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു.

“രാത്രി ഈ ശബ്ദം പ്രവർത്തിപ്പിച്ചില്ലെങ്കിൽ പന്നികളും നീലക്കാളകളും, അഥവാ നീൽഗായ്‌കളും (രാത്രിഞ്ചരന്മാരായ മൃഗങ്ങളാണ് ഇവ‌) എന്റെ വിളവുകൾ തിന്നുകളയും. വന്യമൃഗങ്ങളെ ഓടിക്കാൻ നിവൃത്തികെട്ട് താൻ നടത്തുന്ന പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു 48 വയസ്സുള്ള സുരേഷ് റെംഗെ എന്ന കൃഷിക്കാരൻ. “അവ കൂടുതലും തിന്നുതീർക്കുക, തുവരയും ചണയുമാണ് (വലിയ കടല)“. വിളവിനെ തീർത്തും നശിപ്പിച്ചുകളയും ഈ രണ്ട് മൃഗങ്ങളും.

സൌരോർജ്ജ-വൈദ്യുതി വേലികളുപയോഗിച്ച് ഇവയെ അകറ്റിനിർത്താൻ സാധിക്കാത്തതിനാൽ അദ്ദേഹം തന്റെ ഗാ‍ഡ്ജറ്റിന്റെ (യന്ത്രത്തിന്റെ) ഇരട്ടപ്പിന്നുകൾ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്പ്രേ പമ്പിലേക്ക് ബന്ധിപ്പിക്കുന്നു. അതോടെ, മനുഷ്യരുടേയും മൃഗങ്ങളുടേയും ശബ്ദങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുകയായി.

PHOTO • Sudarshan Sakharkar
PHOTO • Sudarshan Sakharkar

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെയും നീലക്കാളകളേയും അകറ്റുവാൻ ഉപയോഗിക്കുന്ന അലാറമണിയുടെ പ്രവർത്തനം കാണിച്ചുതരുന്ന യവത്‌മാലിലെ മാംഗി ഗ്രാമത്തിലെ സുരേഷ് റെംഗെ

PHOTO • Sudarshan Sakharkar

മൊബൈലിൽ പ്രവർത്തിക്കുന്ന, സൌരോർജ്ജമുപയോഗിച്ചുള്ള ഉപകരണത്തിലൂടെ രാത്രിയിൽ ശബ്ദങ്ങൾ സൃഷ്ടിച്ച് കൃഷിനശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ റെംഗെ അകറ്റിനിർത്തുന്നു

പരുത്തി, ചണ, തുവര, മുളക്, സോയാബീൻ, നിലക്കടല, ചെറുപയർ എന്നുതുടങ്ങി വിവിധ വിളകൾ ഉത്പാദിപ്പിക്കുന്ന തന്റെ 17 ഏക്കർ കൃഷിയിടത്തെക്കുറിച്ചോർത്ത് ആശങ്കയിലാണ് റെംഗെ.

വന്യമൃഗശല്യത്തെ ഇല്ലാതാക്കാൻ ഗ്രാമീണ വിദർഭയിലെ നൂറുകണക്കിന് ഗ്രാമങ്ങൾ ഈ നൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അപായമണികൾ ഉപയോഗിക്കുന്നു.

പക്ഷേ മൃഗങ്ങളെ മാത്രമല്ല ഈ ശബ്ദം ഭയപ്പെടുത്തുക. “വഴിയിലൂടെ സഞ്ചരിക്കുന്ന ബൈക്ക് യാത്രക്കാരും മറ്റ് സഞ്ചാരികളുമൊക്കെ ഇതുകേട്ട് ഭയപ്പെടാറുണ്ട്”, റെംഗെ പറയുന്നത് കേട്ട് ചുറ്റുമുള്ള കർഷകർ ചിരിക്കുന്നു.

മാംഗി ഗ്രാമത്തിന് ചുറ്റും തേക്കിൻ‌കാടുകളും കുറ്റിക്കാടുകളും കാണാം. യവത്‌മാൽ ജില്ലയിലെ റാലെഗാംവ് തെഹ്സിലിലൂടെ കടന്നുപോകുന്ന നാഗ്പുർ-പന്ധർകവ‌ഡ ഹൈവേയിൽനിന്ന് അല്പം വിട്ടിട്ടാണ് ഈ ഗ്രാമം. അതിന്റെ കിഴക്കൻ അതിരിലാണ് ടി.എ.ടി.ആർ (തഡോബ അന്ധാരി ടൈഗർ റിസർവ്). മഹാരാഷ്ട്രയിലെ 315 കടുവകളിൽ 82-ഉം ഇവിടെയാണുള്ളത്. വലത്തേ അതിർത്തിയിലാണ് യവത്‌മാൽ ജില്ലയിലെ തിപേശ്വർ വന്യമൃഗസംരക്ഷണകേന്ദ്രം. അവിടെ കടുവകൾക്ക് പുറമേ, പുലികളും, കാട്ടുനായ്ക്കളും, കാട്ടുപോത്തും നീലക്കാളകളും പുള്ളിമാനുകളും മ്ലാവുകളുമൊക്കെ സ‌മൃദ്ധമായി വിലസുന്നു. ഇവയെല്ലാം അപകടകാരികളാവാൻ സാധ്യതയുള്ള മൃഗങ്ങളാണ്.

ഇവയ്ക്ക് രണ്ടിനുമിടയിലുള്ള ഇടനാഴിയിലാണ് 850 ആളുകളോളം താമസിക്കുന്ന ഈ ഗ്രാമം. കൃഷിസ്ഥലവും കുറ്റിക്കാടുകളും ഇടകലർന്ന് കിടക്കുന്ന ഗ്രാമങ്ങൾക്ക് പൊതുവായുള്ള പ്രശ്നമാണ് മാംഗി ഗ്രാമത്തിന്റേതും. കാട് സ‌മൃദ്ധമായിരുന്നപ്പോൾ മൃഗങ്ങൾക്ക് അതിനകത്തുതന്നെ വെള്ളവും ഭക്ഷണവും കിട്ടിയിരുന്നു. എന്നാൽ, ഈയിടെയായി, ഈ കൃഷിക്കാരുടെ പാടങ്ങളാണ് അവയുടെ ആശ്രയം.

“ഒന്നുകിൽ അവർ ഈ മൃഗങ്ങളെ കൊണ്ടുപോകണം. അല്ലെങ്കിൽ അവയെ കൊല്ലാൻ ഞങ്ങളെ അനുവദിക്കണം”, തങ്ങളുടെ പ്രശ്നങ്ങൾക്ക് വനംവകുപ്പിനെ കുറ്റപ്പെടുത്തുന്ന ഗ്രാമീണർ പറഞ്ഞു. “ഇവയൊക്കെ അവരുടെ (വനംവകുപ്പിന്റെ) മൃഗങ്ങളാണ്” എന്നാണ് സ്ഥിരം പല്ലവി.

PHOTO • Sudarshan Sakharkar
PHOTO • Sudarshan Sakharkar

ഇടത്ത്: മാംഗിയിലെ പാടത്തിന് സമീപത്ത് ദൃശ്യമായ ഒരു നീലക്കാള. നീൽഗായ് എന്നും അതിന് പേരുണ്ട്. വലത്ത്: മാംഗിയിലെ വിളവെടുക്കാറായ നിലക്കടല കൃഷി. കാട്ടുപന്നികൾക്കും നീലക്കാളകൾക്കും നിലക്കടല പ്രിയമാണെന്ന് കർഷകർ പറയുന്നു

1972-ലെ വന്യജീവി സംരക്ഷണനിയമ പ്രകാരം, അവയെ കൊല്ലുകയും പിടിക്കുകയും ചെയ്യുന്നത്, “ഒരുവർഷത്തിൽ കുറയാത്തതും എന്നാൽ ഏഴുവർഷംവരെ നീളുന്നതുമായ തടവുശിക്ഷയോ, അയ്യായിരം രൂപയിൽ കുറയാത്ത പിഴയോ കിട്ടാവുന്ന കുറ്റകൃത്യമാണ്”. വന്യജീവികൾമൂലമുള്ള കൃഷിനഷ്ടം അറിയിക്കാനുള്ള സംവിധാനമുണ്ടെങ്കിലും, ആ പ്രക്രിയ ഏറെ സങ്കീർണ്ണവും ലഭിക്കുന്ന നഷ്ടപരിഹാരം പലപ്പോഴും അപര്യാപ്തവുമാണ്. വായിക്കുക: ‘ മറ്റൊരുതരം വരൾച്ചയാണിത്’

സാധാരണയായി കാട്ടുപന്നികളും നീലക്കാളകളും വരുന്നത് വലിയൊരു സംഘമായിട്ടാണ്. പത്തും ഇരുപതും അതിൽക്കൂടുതലും വരുന്ന കൂട്ടങ്ങൾ. “നിങ്ങളുടെ അഭാവത്തിൽ അവ പാടത്ത് കടന്നുകൂടിയാൽ, അവ വലിയ നാശനഷ്ടങ്ങൾ വരുത്തും”, റെംഗെ പറഞ്ഞു.

ആളുകളുണ്ടെങ്കിൽ കുറേയൊക്കെ ഒഴിവാക്കാം. എന്നാൽ മാംഗിയിലെ കർഷകർ രാത്രി കാവലിരിക്കാറില്ല. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. മാത്രമല്ല അത് അപകടകരവുമാണ്. പകരം, ഈ ചെറിയ ഉപകരണങ്ങൾ നാട്ടിൻ‌പുറങ്ങളിൽ ധാരാളമായി പ്രചരിച്ചുകഴിഞ്ഞു.

“ആരോഗ്യപരമായ കാരണങ്ങളാൽ, എല്ലാ ദിവസവും രാത്രി പാടത്ത് ഉറക്കമിളച്ചിരിക്കാൻ എനിക്കാവില്ല. ഈ മാർഗ്ഗമേയുള്ളു”, റെംഗെ പറയുന്നു. ഇത് പ്രവർത്തിപ്പിക്കാൻ എളുപ്പമാണ്. അധികം ചിലവുമില്ല. ആളുകളുണ്ടെന്ന ഒരു പ്രതീതിയുളവാക്കാൻ ഈ ഉപകരണങ്ങൾക്ക് സാധിക്കും. എന്നാലും ആക്രമണം പൂർണ്ണമായി തടയാൻ ഇതുകൊണ്ട് സാധിക്കില്ല എന്ന് റെംഗെ ചൂണ്ടിക്കാണിച്ചു. “എങ്ങിനെയായാലും, വന്യമൃഗങ്ങൾ കുറേയൊക്കെ നാശനഷ്ടങ്ങൾ വരുത്തും”.

എന്നാൽ, ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണ് ഈ സൂത്രവിദ്യ.

*****

യവത്‌മാലിൽ മാത്രമല്ല, പരുത്തിരാജ്യം എന്നറിയപ്പെടുന്ന കിഴക്കൻ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കൃഷി അധികവും മഴവെള്ളത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പക്ഷേ മാംഗി ഗ്രാമത്തിനടുത്തുള്ള ബാഭുൽഗാംവിൽ ഏകദേശം പൂർത്തിയായിക്കഴിഞ്ഞ ബെംബ്ല ഡാം കുറേ ആശ്വാസം ഈ പ്രദേശത്ത് കൊണ്ടുവരുമെന്ന് കേൾക്കുന്നു. എങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാവും. ഈ ഗ്രാമത്തിലെ കനാലുകളിലൂടെ വെള്ളം വന്നുതുടങ്ങിയാൽ, ഇരട്ടവിളവിൽനിന്ന് കൂടുതൽ വരുമാനമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

“ഒന്നിലധികം വിളകളുണ്ടാവുമെന്ന് പറഞ്ഞാൽ, ഈ മൃഗങ്ങൾക്ക് കൂടുതൽ ഭക്ഷണം കിട്ടുമെന്നാണ് അതിന്റെ അർത്ഥം. ഈ മൃഗങ്ങൾക്ക് നല്ല ബുദ്ധിയുണ്ട്. വീണ്ടും വീണ്ടും ഈ പാടങ്ങളിൽ വരാൻ കഴിയുമെന്ന് അവർക്കറിയാം”, റെംഗെ പറയുന്നു.

PHOTO • Sudarshan Sakharkar
PHOTO • Jaideep Hardikar

ഇടത്ത്: വിവിധ വിളകൾ കൃഷിചെയ്യുന്ന സുരേഷ് റെംഗെയുടെ 17 ഏക്കർ പാടം. വലത്ത്: മാംഗി ഗ്രാമത്തിലെ ഒരു പരുത്തിപ്പാടത്ത് കാട്ടുപന്നിക്കൂട്ടം അതിക്രമിച്ച് കയറി, പച്ച കുരുക്കൾ തിന്നതിന്റെ ലക്ഷണം

കൂടുതലും പരുത്തിയും സോയാബീനും വിളയുന്ന യവത്‌മലിലെ ഈ മേഖല ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾക്കും, കഴിഞ്ഞ രണ്ട് ദശകങ്ങളായി തുടരുന്ന കാർഷികപ്രതിസന്ധിക്കും പേരെടുത്തതാണ്. നിയമാനുസൃതമായ വായ്പകളുടെ അഭാവവും, വർദ്ധിച്ചുവരുന്ന കടബാധ്യതയും, മഴയെ ആശ്രയിച്ചുള്ള നനയും, വിലയിലെ ഏറ്റക്കുറച്ചിലുകളും, ക്ഷയിക്കുന്ന വരുമാനവും, വർദ്ധിച്ചുവരുന്ന ഉത്പാദനച്ചിലവുകളും എല്ലാം ഗൌരവമായ ആശങ്കകളായി നിലനിൽക്കുന്നു. വന്യമൃഗങ്ങളുടെ അക്രമത്തെ കർഷകർ ഉപമിക്കുന്നത് “ക്ഷണിക്കപ്പെടാത്ത കീടങ്ങളായി”ട്ടാണ്.

2021 ജനുവരിയിൽ, ഈ റിപ്പോർട്ടർ മാംഗി ഗ്രാമം സന്ദർശിച്ചപ്പോൾ, പരുത്തിയുടെ ആദ്യത്തെ പറിച്ചെടുക്കൽ -മൊട്ടുകളിൽനിന്നുള്ള വെളുത്ത പഞ്ഞിക്കഷണങ്ങൾ - കഴിഞ്ഞിരുന്നു. തുവരച്ചെടികളിൽനിന്ന് പയറുകൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. റെംഗെയുടെ പാടത്തിന്റെ ഒരുഭാഗത്ത് നട്ടിരുന്ന മുളകുചെടികൾ ഒരുമാസത്തിനുള്ളിൽ പാകമാകും.

വിളവെടുക്കാറയാപ്പോൾ വലിയൊരു ഭാഗം കൃഷിയും വന്യമൃഗ ആക്രമണത്തിൽ നഷ്ടപ്പെട്ടുവെന്ന് അയാൾ ഞങ്ങളോട് പറഞ്ഞു

2021 ജനുവരിക്കും 2023 ഫെബ്രുവരിക്കുമിടയിൽ - രണ്ട് കൊല്ലക്കാലം – പാരി റെംഗെയെ നിരവധിതവണ സന്ദർശിക്കുകയുണ്ടായി. ആ രണ്ട് കൊല്ലത്തിനുള്ളിൽ പലപ്പോഴും റെംഗെക്ക്, വന്യമൃഗങ്ങളുടെ ആക്രമണം‌മൂലം വിളകൾ നഷ്ടപ്പെട്ടിരുന്നു.

നിവൃത്തിയില്ലാതെ, അദ്ദേഹം ആ ഉച്ചഭാഷിണിയുള്ള ചെറിയ ഇലക്ട്രോണിക്ക് പെട്ടിയിൽ നിക്ഷേപം നടത്തി. സൌരോർജ്ജത്തിൽ പ്രവർത്തിക്കുന്നതും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതുമായ ഈ ഉപകരണം കമ്പോളത്തിൽ ഏറ്റവുമടുത്ത് വന്നതാണ്. ചൈനയിൽനിന്നുള്ള വിലകുറഞ്ഞ ഉപകരണങ്ങളും ലഭ്യമാണ്. സാധനത്തിന്റെ ഗുണത്തിനും ബാറ്ററിയുടെ ഈടിനും ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കൾക്കും അനുസൃതമായി, 200 രൂപമുതൽ 1,000 രൂപവരെ വിലവരുന്ന ഉപകരണങ്ങൾക്കാണ് കൂടുതൽ പ്രചാരമുള്ളത്. ഒരു സാധാരണ ഡോർബെല്ലിന്റെ വലിപ്പമാണ് അതിന്. ബാറ്ററി 6-7 മണിക്കൂർവരെ നിൽക്കും. സൌരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന സ്പ്രേ പമ്പുകൾ ഉപയോഗിച്ച് ബാറ്ററികൾ റീചാർജ്ജും ചെയ്യാൻ കഴിയും. സാധാരണയായി കർഷകർ രാവിലെ അത് ചാർജ് ചെയ്ത് രാത്രി മുഴുവൻ ഉപയോഗിക്കുന്നു. പാടത്തിന്റെ നടുക്ക് ഒരു വലിയ വടിയിലാണ് അത് സ്ഥാപിക്കുക.

ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾക്കും, കഴിഞ്ഞ രണ്ട് ദശകങ്ങളായി തുടരുന്ന കാർഷികപ്രതിസന്ധിക്കും പേരെടുത്തതാണ് യവത്‌മൽ. വന്യമൃഗങ്ങളുടെ കടന്നുവരവിനെ കർഷകർ ഉപമിക്കുന്നത് ‘ക്ഷണിക്കപ്പെടാത്ത കീടങ്ങളായി’ട്ടാണ്

വീഡിയോ കാണുക: അപായമണികൾ: നിരാശയുടെ ശബ്ദം

കഴിഞ്ഞ ഒരുവർഷത്തിനുള്ളിലായി, വിദർഭയുടെ നിരവധി ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നതിനിടയ്ക്ക്, രാത്രിയിൽ ഈ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വ്യത്യസ്തതരം ഉപകരണങ്ങൾ കാണാൻ ഈ റിപ്പോർട്ടർക്ക് ഇടവന്നു.

“കുറച്ച് വർഷങ്ങൾക്കുമുമ്പാണ് ഞങ്ങൾ ഇത് ഉപയോഗിക്കാൻ തുടങ്ങിയത്’, മാംഗിയിൽ നാലേക്കർ ഭൂമിയുള്ള രമേഷ് സാരോദ് പറഞ്ഞു. വിളകളെ സംരക്ഷിക്കാനായി, നോക്കുകുത്തികൾക്ക് പുറമേ, പാടത്ത് ഈ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു രമേഷ്. “ഞങ്ങൾ പകൽ‌സമയങ്ങളിൽ പടക്കങ്ങൾ പൊട്ടിച്ച് നോക്കി. പക്ഷേ അത് വളരെ ചിലവ് കൂടിയ മാർഗ്ഗമാണ്. പ്രായോഗികവുമല്ല. ഈ അപായമണികൾ മിക്ക ഇലക്ട്രോണിക്ക് ഷോപ്പുകളിലും ലഭ്യമാണ്”, അദ്ദേഹം പറഞ്ഞു.

വൈകീട്ട് വീടുകളിലേക്ക് പോവുന്നതിനുമുൻപ് എല്ലാ കർഷകരും ഈ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചുവെക്കും. ഏതാനും കിലോമീറ്റർ അകലെയുള്ള വീട്ടിലിരുന്നുപോലും ഈ യന്ത്രങ്ങളുണ്ടാക്കുന്ന മൃഗശബ്ദങ്ങൾ കേൾക്കാനാവും. ഈ യന്ത്രംകൊണ്ട് മാത്രം വന്യമൃഗങ്ങളെ അകറ്റിനിർത്താനാവില്ലെന്ന് അറിയാവുന്നതുകൊണ്ട്, കാറ്റിന്റെ സഹായത്താൽ കറങ്ങുന്ന ഒരു യന്ത്രഫാനിന്റെ സഹായവും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഫാൻ കറങ്ങുമ്പോൾ അതിനുമുമ്പിൽ വിലങ്ങനെ വെച്ചിട്ടുള്ള ഒരു ലോഹപ്പാത്രം കടകട ശബ്ദമുണ്ടാക്കും. മറ്റൊരു മൂലയിൽ കെട്ടിവെച്ചിട്ടുള്ള കമ്പിന്മേലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. അതിനാൽ എല്ലാ ഭാഗത്തേക്കും ഈ കാറ്റെത്തുകയും ചെയ്യും.

“ഞങ്ങളുടെ ഒരു മനസ്സമാധാനത്തിനുവേണ്ടി ചെയ്യുന്നതാണ്. വേറെ എന്ത് വഴിയാണുള്ളത്”, ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് റെംഗെ പറഞ്ഞു.

ഇവിടെയുള്ള ഒരു കുഴപ്പം, ഈ യന്ത്രങ്ങൾക്ക് ശബ്ദമുണ്ടെങ്കിലും മനുഷ്യരുടേയോ കാവൽ‌നായ്ക്കളുടേയോ മണമില്ല എന്നതാണ്. അതുകൊണ്ട് വന്യമൃഗങ്ങളെ അധികം ഭയപ്പെടുത്താനാവില്ല.

PHOTO • Jaideep Hardikar
PHOTO • Sudarshan Sakharkar

ഇടത്ത്: രമേഷ് സാരോദും (വെളുത്ത സ്വറ്ററിൽ), സുരേഷ് റെംഗെയും (മഞ്ഞ ഷർട്ടിൽ) മാംഗിയിലെ മറ്റ് കർഷകരും, വന്യമൃഗങ്ങളെ അകറ്റിനിർത്താൻ ഒരു പുതിയ വഴി കണ്ടുപിടിച്ചിട്ടുണ്ട്. സൌരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന സ്പ്രേ പമ്പുകളിലേക്കും ഉച്ചഭാഷിണിയിലേക്കും വയർകൊണ്ട് ഘടിപ്പിച്ച ഒരു യന്ത്രം അവർ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കുന്നു. നായകൾ കുരയ്ക്കുന്നതിന്റേയും പക്ഷികൾ ചിലയ്ക്കുന്നതിന്റേയും കടുവകൾ മുരളുന്നതിന്റേയുമൊക്കെ ശബ്ദം പുറപ്പെടുവിക്കുന്ന ചെറിയ യന്ത്രങ്ങളാണവ. അവ വന്യമൃഗങ്ങളെ അകറ്റിനിർത്തുന്നു. വലത്ത്: ശബ്ദമുണ്ടാക്കുന്ന മറ്റൊരു യന്ത്രം കാണിച്ചുതരുന്ന ഗണേഷ് സാരോദും സുഹൃത്തും. നോക്കുകുത്തികൾക്കുപകരം, ഒരു ഫാനിന്റെ കാറ്റിൽ വലിയ ശബ്ദത്തോടെ ചലിക്കുന്ന യന്ത്രപ്പാത്രങ്ങൾ

*****

“വിളവിനുമുമ്പ് ജാഗ്രതയോടെയിരുന്നില്ലെങ്കിൽ, 50 മുതൽ 100 ശതമാനംവരെ നഷ്ടം സംഭവിക്കാം”, റെംഗെ പറയുന്നു.

“മൃഗങ്ങൾ പാടം മുഴുവൻ തിന്നുനശിപ്പിക്കും”, മറാത്തിയുടെ മറ്റൊരു വകഭേദമായ തന്റെ സ്വന്തം വർഹാദി ഭാഷയിൽ അദ്ദേഹം ഇതുകൂടി സൂചിപ്പിച്ചു.

2023 ഫെബ്രുവരി പകുതിയിലാണ് ഞങ്ങൾതമ്മിൽ കണ്ടത്. അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് അധികം ദൂരത്തല്ലാത്ത പാടത്ത് ഞങ്ങൾ നടക്കുമ്പോൾ റെംഗെ കാട്ടുമൃഗങ്ങളുടെ വിസർജ്ജ്യം കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ഗോതമ്പുകൃഷിയിലെ ഒരു ഭാഗം അവ നശിപ്പിച്ചതിന്റെ പ്രത്യക്ഷമായ തെളിവുകളായിരുന്നു അത്..

മുളകുചെടികൾപോലും സുരക്ഷിതമല്ല. “മയിലുകൾ മുളകുകൾ തിന്നും”, പാകമായ പച്ചമുളകും ചുവന്ന മുളകും നിരനിരയായി വിളഞ്ഞുകിടക്കുന്ന ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ റെംഗെ പറഞ്ഞു. ‘അവയുടെ ഭംഗി കണ്ട് തെറ്റിദ്ധരിക്കരുത്. വന്യമൃഗങ്ങളെപ്പോലെത്തന്നെ ഉപദ്രവകാരികളാണ് അവയും”. ഒന്നുരണ്ടേക്കറിൽ അദ്ദേഹം നിലക്കടലയും കൃഷി ചെയ്തിട്ടുണ്ട്. ഏപ്രിൽ മധ്യത്തോടെ അവ വിളവെടുക്കാറാവും. കാട്ടുപന്നികളുടെ ഇഷ്ടവിഭവമാണ് അത്.

നടുവൊടിക്കുന്ന വിളനാശത്തിന് പുറമേയാണ്, ഈ അപായമണികൾക്കും ബാറ്ററികൾക്കും, പാടത്തിന് ചുറ്റും കെട്ടിവെക്കാനുള്ള നൈലോൺ സാരികൾക്കുമുള്ള ചിലവുകൾ. ചെടികളുടെ ചുവട്ടിൽ തുണിയിൽ കെട്ടിവെച്ചിരിക്കുന്ന നാഫ്ത്തലീൻ ഉണ്ടകൾ (പാറ്റഗുളികകൾ) റെംഗെ കാണിച്ചുതന്നു. ഇവയുടെ മണം വന്യമൃഗങ്ങളെ അകറ്റിനിർത്തുമെന്ന് ആരോ പറഞ്ഞുവത്രെ. ഈ വിദ്യകളിൽ ഏതെങ്കിലും ഫലപ്രദമായില്ലെങ്കിലും ശരി, എല്ലാം പരീക്ഷിക്കാൻ തയ്യാറാണ് അദ്ദേഹം. അത്രയ്ക്കും മനസ്സ് മടുത്തിരിക്കുന്നു.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്ത്: കാട്ടുപന്നിയുടെ വിസർജ്ജ്യം പാടത്ത് കിടക്കുന്നത് സുരേഷ് കാണിച്ചുതരുന്നു. വലത്ത്: പരിഹാരമില്ലാതെ തുടരുന്ന ഈ വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പരിചയസമ്പന്നനായ കർഷകനും നാട്ടിലെ സാമൂഹികപ്രവർത്തകനുമായ രമേഷ് സാരോദ്

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

വന്യമൃഗങ്ങളെ അകറ്റിനിർത്താൻ കർഷകർ എല്ലാ മാർഗ്ഗവും പരീക്ഷിക്കുന്നു. ചില കർഷകർ നാഫ്ത്തലീൻ ഉണ്ടകൾ ചെടികളുടെ ചുവട്ടിൽ തുണിയിൽ കെട്ടിവെക്കുന്നു (ഇടത്ത്) അവയുടെ മണം വന്യമൃഗങ്ങളെ അകറ്റിനിർത്തുമെന്ന് കരുതപ്പെടുന്നു. മറ്റൊരു ചിലവ് ചുരുങ്ങിയ രീതിയാണ്, പാടത്തിന് നാലുചുറ്റും സിന്തറ്റിക്ക് സാരികൾ (വലത്ത്) കെട്ടിവെക്കുന്നത്

‘ഈ പ്രശ്നത്തിന് ഒരു പരിഹാരവുമില്ല“, സാരോദ് പറയുന്നു. തന്റെ പ്രധാന പാടത്തിൽനിന്ന് അല്പം വിട്ടുനിൽക്കുന്ന മറ്റൊരു ചെറിയ സ്ഥലം അയാൾ തരിശിട്ടിരിക്കുകയാണ്. “കാവൽ നിൽക്കാനായി രാത്രി ഉറക്കമൊഴിച്ചാൽ ഞങ്ങൾ രോഗികളാവും. ഉറങ്ങിയാൽ ഞങ്ങൾക്ക് വിളകൾ നഷ്ടമാവുകയും ചെയ്യും. എന്ത് ചെയ്യാനാണ്?”, അദ്ദേഹം ചോദിക്കുന്നു.

കാടുകളും കൃഷിസ്ഥലങ്ങളും ഇടകലർന്ന് കിടക്കുന്ന വിദർഭയിലെ ഈയൊരു ഗുരുതരപ്രശ്നം‌മൂലം ചില കർഷകർ അവരുടെ കൃഷിയിടങ്ങളുടെ ചില ഭാഗങ്ങൾ തരിശിട്ടിരിക്കുകയാണ്. വിളനഷ്ടവും ധനനഷ്ടവും പാഴാവുന്ന അദ്ധ്വാനവും എല്ലാം ഒരുമിച്ച് അനുഭവിക്കാൻ അവർ തയ്യാറല്ല. വിളകൾ സംരക്ഷിക്കാൻ ഉറക്കമിളച്ച് കാത്തിരിക്കേണ്ടിവന്നാൽ അതവരുടെ ആരോഗ്യത്തെക്കൂടി ഇല്ലാതാക്കുകയാവും ഫലം.

തങ്ങളുടെ വിളകളുടെ ഒരു ഭാഗം ഈ വന്യമൃഗങ്ങൾക്ക് കൊടുക്കേണ്ടിവരുന്നത് പതിവായ കർഷകർ പറയുന്നു, നിങ്ങൾക്ക് ഈ വന്യമൃഗങ്ങളെ തോല്പിക്കാനാവില്ല എന്ന്.

ദിവസവും രാവിലെ റെംഗെ തന്റെ പാടത്തേക്ക് നടക്കുന്നു. ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രാർത്ഥനയോടെ, എന്നാൽ എന്തും സഹിക്കാനുള്ള തയ്യാറെടുപ്പോടെ.

പരിഭാഷ: രാജീവ് ചേലനാട്ട്

Jaideep Hardikar

Jaideep Hardikar is a Nagpur-based journalist and writer, and a PARI core team member.

Other stories by Jaideep Hardikar
Photographs : Sudarshan Sakharkar

Sudarshan Sakharkar is a Nagpur-based independent photojournalist.

Other stories by Sudarshan Sakharkar
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat