ഇപ്പോഴും അവർ പതാക താലൂക്ക് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു. ഇവിടെത്തന്നെയാണ് ഓഗസ്റ്റ് 18-ന് അവർ അത് ഉയർത്തുന്നത്. 1942-ല്‍ ഇതേദിവസമാണ് ഉത്തർപ്രദേശിലെ ഘാസിപൂർ ജില്ലയിലെ ഈ ഭാഗത്തു നിന്നുള്ള ആളുകൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുഹമ്മദാബാദിലെ തഹസീൽദാർ വെടിയുതിർക്കുകയും ശേർപൂർ ഗ്രാമത്തിലെ എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ശിവ് പൂജൻ റായ് നയിച്ച കോൺഗ്രസ്സുകാരായിരുന്നു ഇവരിൽ മിക്കവരും. മുഹമ്മദാബാദിലെ തഹസീൽ കെട്ടിടത്തിനു മുകളിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിക്കുന്നതിനിടയില്‍ അവർ വെടിയേറ്റു മരിച്ചു.

ബ്രിട്ടീഷുകാർ 129 നേതാക്കൾക്കെതിരെ ഓഗസ്റ്റ് 10-ന് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച ഗ്രാമത്തിലെമ്പാടും സമരങ്ങൾ ഉയര്‍ന്നുവന്നു. അവിടെ നേരത്തെതന്നെ പ്രശ്നങ്ങൾ തിളച്ചു മറിയുകയായിരുന്നു. 19-ഓടുകൂടി തദ്ദേശീയർ ഘാസിപൂരിന്‍റെ ഏതാണ്ട് എല്ലാഭാഗവും നിയന്ത്രണത്തിലാക്കുകയും മൂന്ന് ദിവസം സർക്കാരിനെ നയിക്കുകയും ചെയ്തു.

ജില്ലാ ഗസറ്റിയർ പറയുന്നതനുസരിച്ച് ബ്രിട്ടീഷ് പ്രതികരണം "ഒരു ഭീകര വാഴ്ച”യായിരുന്നു. പെട്ടെന്നുതന്നെ "ഗ്രാമങ്ങൾതോറും കവർച്ചയും കൊള്ളയും തീവെപ്പും ഉണ്ടായി.” പട്ടാളവും പോലീസും ‘ഇന്ത്യ വിടുക’ എന്ന ആവശ്യമുയര്‍ത്തിയ സമരക്കാരെ അടിച്ചമർത്തി. അടുത്ത കുറച്ചു ദിവസങ്ങളിൽ ജില്ലയിലുടനീളം ഏകദേശം 150 ആളുകളെ വെടിവച്ചിട്ടു. ഉദ്യോഗസ്ഥരും പോലീസുകാരും സാധാരണക്കാരിൽ നിന്നും ഏകദേശം 35 ലക്ഷം രൂപ കവർന്നെടുത്തെന്ന് രേഖകൾ പറയുന്നു. 74 ഗ്രാമങ്ങളാണ് കത്തിച്ചത്. ഘാസിപൂരിലെ ജനങ്ങൾ കൂട്ടായി 4.5 ലക്ഷം രൂപ പിഴയടച്ചു - അക്കാലത്തെ ഒരു വലിയ തുക.

ശിക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥർ ശേർപൂരിനെ ഒറ്റപ്പെടുത്തി. അവിടുത്തെ ഏറ്റവും പ്രായമുള്ള ദളിത് നിവാസിയായ ഹരിശരൺ റാം ആ ദിവസം ഓർമ്മിക്കുന്നു: "ഗ്രാമത്തിൽ ഒരു പക്ഷിപോലും അവശേഷിച്ചില്ല, പിന്നയല്ലേ മനുഷ്യർ. സാധിച്ചവരൊക്കെ പലായനം ചെയ്തു. കൊള്ള തുടർന്നുകൊണ്ടേയിരുന്നു.” എന്നിട്ടും ഘാസിപ്പൂരിനെ മൊത്തത്തിൽ ഒരു പാഠം പഠിപ്പിക്കണമായിരുന്നു. 1850-കളിൽ നീലം തോട്ടമുടമകളെ പ്രദേശവാസികൾ ആക്രമിച്ചപ്പോൾ മുതലുള്ള ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ രേഖകൾ ജില്ലയുടെ പക്കലുണ്ട്. വെടിയുണ്ടകളും ലാത്തികളും കൊണ്ടുള്ള ഒരു പാഠം ഇപ്പോൾ ഇത് പഠിച്ചു.

PHOTO • P. Sainath

ചില രക്തസാക്ഷി കമ്മിറ്റികൾ ‘രക്തസാക്ഷി പുത്രന്മാരാ’ൽ നിയന്ത്രിക്കപ്പെടുന്നു.

ഇപ്പോഴും മുഹമ്മദാബാദിലെ തഹ്സിൽ ഓഫീസ് രാഷ്ട്രീയ തീർത്ഥാടകരെ ആകർഷിക്കുന്നു. വർഷങ്ങളായുള്ള ഇതിന്‍റെ സന്ദർശക പട്ടികകയിൽ പ്രധാനമന്ത്രിമാരോ പിന്നീട് പ്രധാനമന്ത്രിമാരോ ആയിട്ടുള്ള 4 വ്യക്തികളും ഉൾപ്പെടുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ഏതാണ്ടെല്ലാവരും തന്നെ ഇവിടെ വന്നിട്ടുണ്ട്. സാധാരണയായി ഓഗസ്റ്റ് 18-ന് സംഘടന തഹ്സീൽ ഓഫീസിൽ 8 രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നുവെന്ന് ശഹീദ് സ്മാരക സമിതിയെ നയിക്കുന്ന ലക്ഷ്മൺ റായ് പറഞ്ഞു. സമരക്കാർ ഉപയോഗിച്ച യഥാർത്ഥ പതാക അദ്ദേഹം ഞങ്ങളെ കാണിച്ചു. ചിലതൊക്കെ പഴകി പിഞ്ചിയിരുന്നു, എങ്കിലും ഇവിടെ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. "വി.ഐ.പി.കളൊക്കെ ഇവിടെവന്ന് പതാക പൂജിക്കുന്നു”, അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. "വരുന്ന വി.ഐ.പി.കളെല്ലാം ഇങ്ങനെ പൂജിക്കുന്നു.”

പൂജയിൽനിന്നും ശേർപൂരിന് കാര്യമായി ഒന്നും ലഭിച്ചിട്ടില്ല. വർഗ്ഗം, ജാതി, സമയം, വ്യവഹാരം എന്നിവയൊക്കെ സ്വാതന്ത്ര്യ സമര സേനാനികളുടെ വീര ത്യാഗങ്ങളുടെ ഓർമ്മകൾക്ക് നിറം നൽകുന്നു. "8 രക്തസാക്ഷികളാണ് ഉണ്ടായിരുന്നത്”, ഇവിടെയുള്ള ഒരു സർക്കാരേതര സംഘടന പ്രവർത്തകൻ പറഞ്ഞു. "പക്ഷെ രക്തസാക്ഷികൾക്കായി 10-ഓളം സ്മാരക കമ്മിറ്റികൾ ഉണ്ട്.” അവയിൽ ചിലത് ഔദ്യോഗികമായി ലഭിക്കുന്ന സാമ്പത്തിക സഹായത്തോടെ വൈവിധ്യമാർന്ന സ്ഥാപനങ്ങൾ നടത്തുന്നു. ശഹീദ് പുത്രൻമാര്‍ എന്ന് ഈ സ്ഥലത്ത് പ്രത്യേകമായി അറിയപ്പെടുന്ന രക്തസാക്ഷികളുടെ പുത്രന്മാർ അവയിൽ ചിലത് നിയന്ത്രിക്കുന്നു.

പൂജകളോടൊപ്പം വാഗ്ദാനങ്ങളുമുണ്ടാകും. ഇതിന്‍റെ ഒരര്‍ത്ഥം 21,000 അടുത്ത് ജനങ്ങളുള്ള വലിയൊരു ഗ്രാമമായ ശേര്‍പൂര്‍ ഒരു വനിതാ ബിരുദ കോളേജിനായി കാത്തിരിക്കണമെന്നാണ്. പക്ഷെ, ഇവിടുത്തെ അഞ്ചില്‍ നാല് വനിതകളും നിരക്ഷരരായതിനാല്‍ പ്രസ്തുത ആശയം നടപ്പാക്കുന്നതിലുള്ള താത്പര്യമില്ലായ്മ പ്രദേശവാസികളെ കാര്യമായി ബാധിക്കില്ലായിരിക്കും.

എന്തുമായി ബന്ധപ്പെട്ടായിരുന്നു ശേര്‍പൂരിന്‍റെ ത്യാഗം? എന്തായിരുന്നു അവിടുത്തെ ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്? നിങ്ങള്‍ എങ്ങനെയാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുകയെന്നത് നിങ്ങളുടെ സാമൂഹ്യ സാമ്പത്തിക പദവിയെ ആശ്രയിച്ചിരിക്കും. ഔദ്യോഗികമായി അംഗീകരിച്ച 8 രക്തസാക്ഷികളും ഭൂമിഹാര്‍മാരായിരുന്നു. ബ്രിട്ടീഷ് ഭീകരതയെ നേരിടുമ്പോഴുള്ള അവരുടെ ധൈര്യം പ്രചോദനാത്മകമായിരുന്നു. എന്നിരിക്കിലും, ഇത്രത്തോളം പ്രബലമല്ലാത്ത സമുദായങ്ങളില്‍പെടുന്ന, പല സമയങ്ങളിലായി ഇതേപോലെ തങ്ങളുടെ ജീവനുകള്‍ കൊടുത്ത, മറ്റുള്ളവര്‍ സമാനമായി സ്മരിക്കപ്പെടുന്നില്ല. ഓഗസ്റ്റ് 18-ന് മുന്‍പും ശേഷവും നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഉദാഹരണമായി നന്ദ്ഗന്‍ജ് റെയില്‍വേ സ്റ്റേഷന്‍റെ നിയന്ത്രണം പിടിച്ചെടുത്ത 50 പേരെ ഓഗസ്റ്റ് 14-ന് പോലീസുകാര്‍ വെടിവച്ചുകൊന്നു. കൂടാതെ ഓഗസ്റ്റ് 19-നും 21-നുമിടയില്‍ അതിന്‍റെ മൂന്നുമടങ്ങ്‌ ആളുകളെ കൊന്നു.

PHOTO • P. Sainath

ശേര്‍പുരിലുള്ള ഒരു രക്തസാക്ഷി സ്മാരകം (ഇടത്), ശേര്‍പുരിലെ രക്തസാക്ഷി സ്മാരകത്തിന്‍റെ കവാടത്തിലുള്ള ഫലകം (വലത്)

അങ്ങനെയെങ്കില്‍, ആളുകള്‍ എന്തിനുവേണ്ടിയാണ് മരിച്ചത്? “സ്വാതന്ത്ര്യമല്ലാതെ മറ്റൊരു ആവശ്യവും ഇല്ലായിരുന്നു”, മുഹമ്മദാബാദിലെ ഇന്‍റര്‍ കോളേജിന്‍റെ പ്രിന്‍സിപ്പാളായ കൃഷന്‍ ദേവ് റായ് ഉറപ്പിച്ചു പറഞ്ഞു. ശേര്‍പുരിലും മറ്റിടങ്ങളിലുമുള്ള ഭൂവുടമകളായ മിക്ക ഭൂമിഹാര്‍മാരും ഈ രീതിയിലാണ് അതിനെ കണ്ടത്. ബ്രിട്ടീഷുകാര്‍ 1947-ല്‍ ഇന്ത്യ വിട്ടുപോയതോടെ കാര്യം അവസാനിച്ചു.

ശേര്‍പുരില്‍ താമസിക്കുന്ന പട്ടികജാതിക്കാരനായ ബാല്‍ മുകുന്ദ് വ്യത്യസ്തമായാണ് ഇതിനെ കണ്ടത്. വിപ്ലവത്തിന്‍റെ സമയത്ത് ചെറുപ്പക്കാരനായിരുന്ന അദ്ദേഹത്തിനും കൂടെയുണ്ടായിരുന്ന മറ്റുദളിതര്‍ക്കും മറ്റൊരു ലക്ഷ്യമാണ്‌ ഉണ്ടായിരുന്നത്. “ഞങ്ങള്‍ ആവേശഭരിതരായിരുന്നു”, അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ വിചാരിച്ചു ഭൂമി ലഭിക്കുമെന്ന്.” 1930-കളിലും പിന്നീടും സജീവമായിരുന്ന ഒരു കിസാന്‍ സഭാ പ്രസ്ഥാനം അത്തരം പ്രതീക്ഷകള്‍ ഉണര്‍ത്തി. 1952-ല്‍ ഉത്തര്‍പ്രദേശ്‌ സമീന്ദാരി ഉന്മൂലന, ഭൂപരിഷ്കരണ, നിയമം (Uttar Pradesh Zamindari Abolition and Land Reforms Act) നിലവില്‍ വന്നപ്പോള്‍ പ്രസ്തുത ആവേശം പുനരുജ്ജീവിക്കപ്പെട്ടു.

പക്ഷെ ഇതിന് അല്‍പ്പായുസ്സെ ഉണ്ടായിരുന്നുള്ളൂ.

ഗ്രാമത്തില്‍ ആകെയുള്ള 3,500 ദളിതരും ഭൂരഹിതരാണ്. “കൃഷിക്ക് ഭൂമിയോ?” പ്രാദേശിക ദളിത്‌ സമിതിയില്‍ നിന്നുള്ള രാധേശ്യാം ചോദിച്ചു. “ഞങ്ങളുടെ വീട് പോലും ഞങ്ങളുടെ പേരിലല്ല.” ഇത് ഭൂമി തീര്‍പ്പാക്കല്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന 35 വര്‍ഷത്തിനു ശേഷമുള്ള കാര്യമാണ്. സ്വാതന്ത്ര്യം സവിശേഷമായ ആനുകൂല്യങ്ങള്‍ കൊണ്ടുവന്നിട്ടുതന്നെയുണ്ട്. കുറച്ചുപേര്‍ക്ക്. ഭൂമിഹാര്‍മാര്‍ക്ക് അവര്‍ കൃഷിചെയ്തുകൊണ്ടിരുന്ന ഭൂമിക്കുള്ള പ്രമാണങ്ങള്‍ ലഭിച്ചു. ഭൂരഹിതരായ താഴ്ന്നജാതിക്കാര്‍ അവര്‍ ആയിരുന്നതുപോലെതന്നെ ആയിരിക്കുന്നു. “ഞങ്ങള്‍ വിചാരിച്ചു ഞങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെ, അവരോടൊപ്പം, സ്ഥാനം ലഭിക്കുമെന്ന്”, ഹരിശരണ്‍ റാം പറഞ്ഞു.

“We thought there would be some land for us,” says Bal Mukund, a Dalit who lives in Sherpur. His excitement was short-lived
PHOTO • P. Sainath

“ഞങ്ങള്‍ വിചാരിച്ചു ഞങ്ങള്‍ക്കും ഭൂമി ഉണ്ടാകുമെന്ന്”, ശേര്‍പുരില്‍ ജീവിക്കുന്ന ദലിതനായ ബാല്‍ മുകുന്ദ് പറയുന്നു. അദ്ദേഹത്തിന്‍റെ ആവേശത്തിന് അല്‍പായുസ്സെ ഉണ്ടായിരുന്നുള്ളൂ.

1975 ഏപ്രിലില്‍ അവര്‍ക്ക് അവരുടെ സ്ഥാനം കാണിച്ചുകൊടുത്തു. ബ്രിട്ടീഷുകാര്‍ ഗ്രാമം കത്തിച്ചതിന് വെറും 33 വര്‍ഷത്തിനുശേഷം ദളിത്‌ ബസ്തി വീണ്ടും കത്തിച്ചു. ഇത്തവണ ഭൂമിഹാര്‍മാരാണ് അത് ചെയ്തത്‌. “കൂലിനിരക്കിനെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിരുന്നു”, രാധേശ്യാം പറഞ്ഞു. “അവരുടെ ബസ്തി യിലുണ്ടായ ഒരു സംഭവത്തിന്‍റെ പേരില്‍ ഞങ്ങളെ കുറ്റപ്പെടുത്തി. മനസ്സിലാക്കൂ, ഞങ്ങള്‍ അവരുടെ വീടുകളിലും പാടങ്ങളിലും പണിയെടുക്കുകയായിരുന്നു ഞങ്ങളുടെ വീടുകള്‍ കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോള്‍!” 100-നടുത്ത് വീടുകള്‍ നശിപ്പിക്കപ്പെട്ടു. പക്ഷെ ശഹീദ് പുത്രന്മാര്‍ ആരും ഉള്‍പ്പെട്ടിരുന്നില്ല എന്ന് അവര്‍ വ്യക്തമാക്കി.

“പണ്ഡിറ്റ്‌ ബഹുഗുണയായിരുന്നു മുഖ്യമന്ത്രി”, ദളിത്‌ സമിതിയുടെ തലവനായിരുന്ന ശിവ് ജഗന്‍ റാം പറഞ്ഞു. “അദ്ദേഹം വന്നുപറഞ്ഞു: ‘നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരു ന്യൂഡല്‍ഹി നിര്‍മ്മിക്കും’. ഞങ്ങളുടെ ന്യൂഡല്‍ഹിയിലേക്ക് നന്നായി നോക്കൂ. മോശമായ ഈ ചേരിയില്‍പോലും സ്വന്തമെന്നു പറയാനായി ഞങ്ങള്‍ക്ക് ഒരുകഷണം കടലാസ് പോലുമില്ല. വേതനത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ഇവിടെ ഞങ്ങള്‍ക്ക് കൂലി തീര്‍ത്തും കുറവാണ് കിട്ടുന്നത്, അതുകൊണ്ട് ഞങ്ങള്‍ ബീഹാറിലേക്ക് ജോലിക്കു പോകുന്നു എന്ന കാര്യം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുമോ?”

ഉയർന്ന ജാതിക്കാരുമായി അല്ലെങ്കിൽ അധികാരികളുമായി പ്രശ്നമുണ്ടാക്കുന്നത് അവരുടെ താത്പര്യത്തില്‍ വരുന്ന കാര്യമല്ല. ഉദാഹരണത്തിന് പോലീസുകാർ ദളിതരെ സമീപിക്കുന്ന രീതി 50 വർഷത്തിനുള്ളിൽ കാര്യമായി മാറിയിട്ടില്ല. കർകത്പൂർ ഗ്രാമത്തിൽ നിന്നുള്ള മുസഹർ ദളിതനായ ദിനനാഥ് വനവാസി അത്തരം സമീപനരീതികൾ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ്. "ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് ജയിൽ നിറയ്ക്കൽ സമരം നടത്തുന്ന അവസരത്തില്‍ ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്കറിയുമോ? നൂറുകണക്കിന് പ്രവർത്തകർ അറസ്റ്റിലാകുന്നു. ഘാസിപ്പൂർ ജയിൽ ആകെ വൃത്തികേടാകുന്നു. അപ്പോൾ പോലീസ് എന്തു ചെയ്യും? കൈയെത്തുന്ന ദൂരത്ത്, ആദ്യം ലഭിക്കുന്ന, കുറച്ച് മുസഹസറുകളെ അവർ അറസ്റ്റ് ചെയ്യും. ‘ആസൂത്രിത കവർച്ച’യായിരിക്കും മിക്കപ്പോഴും കുറ്റം. ഈ മുസഹറുകളെ ജയിലിലേക്ക് കൊണ്ടുപോയി ജയിൽ നിറയ്ക്കലിനെത്തുടര്‍ന്ന് അവിടെയുണ്ടായിട്ടുള്ള മനുഷ്യ വിസർജ്ജ്യങ്ങളും ഛർദ്ദിലും ചവറുകളുമൊക്കെ നീക്കം ചെയ്യിക്കുന്നു. പിന്നീട് സ്വതന്ത്രരായി വിടുകയും ചെയ്യും.”

Fifty years into freedom, Sherpur reeks of poverty, deprivation and rigid caste hierarchies
PHOTO • P. Sainath

അമ്പത് വർഷത്തെ സ്വാതന്ത്ര്യം - ദാരിദ്ര്യവും ഇല്ലായ്മയും കർക്കശമായ ജാതിശ്രേണികളും നിലനിൽക്കുന്ന ശേർ പുർ

"50 വർഷത്തേക്കുറിച്ചല്ല ഞങ്ങൾ സംസാരിക്കുന്നത്”, ഗഗരൻ ഗ്രാമത്തിലെ ദാസുറാം വനവാസി പറഞ്ഞു. "ഇപ്പോഴും ഇത് സംഭവിക്കുന്നു. ചിലർ വെറും രണ്ടുവർഷം മുൻപ് ഇത്തരം അവസ്ഥകൾ അഭിമുഖീകരിച്ചിട്ടുണ്ട്.” മറ്റു തരത്തിലുള്ള പീഡനങ്ങളും നിലനിൽക്കുന്നു. ദാസുറാം ഒന്നാം ഡിവിഷനില്‍ പത്താം ക്ലാസ്സ് പാസ്സായതാണ്. അത്രത്തോളമെത്തിയ മുസഹറുകൾ വളരെ അപൂർവ്വമാണ്. എന്നിരിക്കിലും, ഉയർന്നജാതിക്കാരായ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കുത്തുവാക്കുകളും ഉപദ്രവങ്ങളും മൂലം അദ്ദേഹം കോളേജ് വിട്ടു. വിരോധാഭാസമെന്നു പറയട്ടെ, പ്രസ്തുത ഇന്‍റർ കോളേജിന്‍റെ പേരില്‍ ബാബു ജഗജീവൻ റാമിന്‍റെ പേര്കൂടിയുണ്ട്.

ഞങ്ങൾ ശേർപുർ വിടുമ്പോൾ ഞങ്ങളുടെ പാദം ചെളിയിൽ പുതഞ്ഞിരുന്നു. ദളിത് ബസ്തിയിലേക്കും പുറത്തേക്കുമുള്ള വഴി തടസ്സപ്പെട്ടു. പ്രധാന പാതകളൊക്കെ മഴ നശിപ്പിച്ചു. ഇടവഴികളൊക്കെ കട്ടപിടിച്ച ചെളികൊണ്ട് മൂടപ്പെട്ടു. "ഞങ്ങളുടെ ന്യൂഡൽഹിയിലേക്കുള്ള ഹൈവേ”, ശിവ് ജഗൻ റാം പറഞ്ഞു.

"ഇവിടെയുള്ള ദളിതർ സ്വതന്ത്രരല്ല”, അദ്ദേഹം പറഞ്ഞു. "സ്വാതന്ത്ര്യമില്ല, ഭൂമിയില്ല, പഠനമില്ല, വസ്തുവകകളില്ല, ജോലിയില്ല, ആരോഗ്യമില്ല, പ്രതീക്ഷയില്ല. ഞങ്ങളുടെ സ്വാതന്ത്ര്യം അടിമത്തമാണ്.”

ഇതിനിടയിൽ തഹ്സീൽ ഓഫീസിൽ പൂജകൾ തുടരുന്നു.

ഈ കഥ യഥാർത്ഥത്തിൽ പ്രസിദ്ധീകരിച്ചത് 1997, ഓഗസ്റ്റ് 25-ന് ദി ടൈംസ് ഓഫ് ഇൻഡ്യയിലാണ്

ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

കല്യാശ്ശേരിയില്‍ സുമുഖനെത്തേടി

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു


പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rennymon K. C.