"ഇവിടെ മേദാപുരത്ത് ഞങ്ങൾ ഉഗാദി ആഘോഷിക്കുന്നതുപോലെ വേറെയൊരിടത്തും ആഘോഷിക്കില്ല," പാസാല കൊണ്ടണ്ണ പറയുന്നു. ആന്ധ്രാ പ്രദേശിലുള്ള തന്റെ ഗ്രാമത്തിൽ നടക്കാറുള്ള ഉഗാദി ആഘോഷങ്ങളെപ്പറ്റിയാണ് 82 വയസ്സുകാരനായ ഈ കർഷകൻ പറയുന്നത്. തെലുഗു പുതുവർഷത്തെ കുറിക്കുന്ന ഉഗാദി, മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസത്തിലാണ്  കൊണ്ടാടപ്പെടുന്നത്.

ശ്രീ സത്യസായി ജില്ലയിലുള്ള മേദാപുരം ഗ്രാമത്തിൽ, പട്ടികജാതിവിഭാഗമായ മഡിഗകളാണ് ഉഗാദി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ഉഗാദിയുടെ തലേന്ന് രാത്രി, മൂർത്തിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാവുന്നത്. ഗുഹയിൽനിന്ന് അമ്പലത്തിലേയ്ക്ക് യാത്ര ചെയ്യുന്ന മൂർത്തിയെ ഭക്തർ ഏറെ ആകാംക്ഷയോടും ആവേശത്തോടുംകൂടി വരവേൽക്കുന്നു. അമ്പലത്തിന്റെ രക്ഷാകർതൃപദവിയിലുള്ള എട്ട് കുടുംബങ്ങൾ ഉൾപ്പെടുന്ന, താരതമ്യേന അംഗസംഖ്യ കുറവായ പട്ടികജാതി സമുദായമാണ് ആഘോഷത്തിന്റെ പ്രധാന ചുമതലകൾ വഹിക്കുന്നത്. എന്നാൽ, 2011-ലെ ജനസംഖ്യാപ്രകാരം 6,641 ആളുകൾ താമസിക്കൂന്ന മേദാപുരം ഗ്രാമത്തിൽ മഡിഗകൾ ന്യൂനപക്ഷമാവുമാണ്.

ഉഗാദി നാളിൽ, ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തുന്ന അലങ്കരിച്ച വാഹനങ്ങൾ ഗ്രാമത്തെ വർണ്ണശബളമാക്കും. ഭക്തർ പ്രസാദം തയ്യാറാക്കുകയും പങ്കുവെക്കുകയും വരുംവർഷത്തേയ്ക്ക് വേണ്ടുന്ന അനുഗ്രഹങ്ങളുടെ പ്രതീകമെന്നോണം അത് വിതരണം ചെയ്യുകയും ചെയ്യും. ഉച്ചയോടടുത്ത് രഥയാത്ര സമാപിക്കുന്നതോടെ പഞ്ചു സേവ എന്ന ചടങ്ങ് ആരംഭിക്കുയായി. തലേന്ന് രാത്രി ഘോഷയാത്ര നടന്ന പാത ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി, ഇതേ പാതയിലൂടെത്തന്നെയാണ് പഞ്ചു സേവയിൽ പങ്കെടുക്കുന്ന ഭക്തർ സഞ്ചരിക്കുക.

മഡിഗ സമുദായം തങ്ങളുടെ ആരാധനാമൂർത്തിയെ ഗ്രാമത്തിലുള്ള അമ്പലത്തിലേക്ക് കൊണ്ടുവന്ന കഥ പുനരാവിഷ്‌ക്കരിക്കുന്ന ഉഗാദി ചടങ്ങുകൾ,  അതിനായി ഇക്കൂട്ടർ നേരിട്ട യാതനകളെക്കുറിച്ച് സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.

ചിത്രം കാണുക: മേദാപുരത്തെ ഉഗാദി ആഘോഷങ്ങൾ: പാരമ്പര്യം, അധികാരം, സ്വത്വം

പരിഭാഷ: പ്രതിഭ ആര്‍. കെ.

Naga Charan

Naga Charan is an independent filmmaker based in Hyderabad.

Other stories by Naga Charan
Text Editor : Archana Shukla

Archana Shukla is a Content Editor at the People’s Archive of Rural India and works in the publishing team.

Other stories by Archana Shukla
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.