"ഞങ്ങൾക്ക് ഇത് വെറും തുകൽവസ്തുക്കളല്ല. ഇത് ദേവന്മാരും ദേവതകളും ദൈവങ്ങളുടെ പ്രതിരൂപങ്ങളുമാണ്," രാമചന്ദ്ര പുലവർ തനിക്ക് മുന്നിലുള്ള വ്യത്യസ്തയിനം പാവകളെക്കുറിച്ച് പറയുന്നു. തികഞ്ഞ സൂക്ഷ്മതയോടെ രൂപപ്പെടുത്തിയിട്ടുള്ള ഈ പാവകൾ, തെക്കൻ തീരമേഖലയായ കേരളത്തിലെ മലബാർ പ്രദേശത്ത് പ്രചാരത്തിലുള്ള ജനപ്രിയ നാടകരൂപമായ തോൽപ്പാവക്കൂത്തിൽ ഉപയോഗിക്കുന്നവയാണ് .

ചക്കിലിയന്മാർ ഉൾപ്പെടെയുള്ള ചില പ്രത്യേക സമുദായങ്ങളാണ് പരമ്പരാഗതമായി ഈ രൂപങ്ങൾ നിർമ്മിച്ചിരുന്നത്. എന്നാൽ തോൽപ്പാവക്കൂത്തിന് പ്രചാരം കുറഞ്ഞതോടെ, അവർ ഈ ജോലിയുപേക്ഷിച്ച്  മറ്റ് മേഖലകൾ തേടിപ്പോയി. ഈയൊരു സാഹചര്യത്തിലാണ് കൃഷ്ണൻകുട്ടി പുലവർ ഈ കലാരൂപത്തെ സജീവമായി നിലനിർത്താൻ ലക്ഷ്യമിട്ട് പാവനിർമ്മാണം മറ്റുള്ളവരെ പഠിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. രാമചന്ദ്ര പുലവർ ഒരുപടി കൂടി കടന്ന് തന്റെ കുടുംബത്തിലെയും ചുറ്റുവട്ടത്തെയും സ്ത്രീകളെയും പാവനിർമ്മാണം അഭ്യസിപ്പിക്കുന്നുണ്ട്.  പരമ്പരാഗതമായി പുരുഷന്മാർ അമ്പലപരിസരങ്ങളിൽ ചെയ്തുവന്നിരുന്നതാണ് പാവനിർമ്മാണം. എന്നാൽ ഇന്ന്, രാജലക്ഷ്മി, രജിത, അശ്വതി എന്നീ തോൽപ്പാവക്കൂത്ത് കലാകാരികളും ഈ മേഖലയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

പാവനിർമ്മാണ തൊഴിലാളികൾ മാത്രമല്ല, തോൽപ്പാവക്കൂത്ത് കാണാനെത്തുന്ന കാഴ്ചക്കാരും ഈ പാവകളെ ദൈവരൂപങ്ങളായാണ് കാണുന്നത്. പോത്തിന്റെയും ആടിന്റേയും തോൽ ഉപയോഗിച്ചാണ് പാവകൾ നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ, പാവനിർമ്മാണ തൊഴിലാളികൾ പാവയുടെ ആകൃതി  തോലിൽ സൂക്ഷ്മമായി വരച്ചെടുക്കും. ഉളിയും കുത്തുകോലുംപോലെയുള്ള പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ, നേരത്തെ വരച്ച  മാതൃകയുടെ ആകൃതിയിൽ തോൽ മുറിച്ചെടുക്കുകയാണ് അടുത്ത പടി. "മികവുള്ള കൊല്ലപ്പണിക്കാരുടെ അഭാവം കാരണം ഈ ഉപകരണങ്ങൾ കണ്ടെത്തുക പ്രയാസമായിരിക്കുകയാണ്," രാമചന്ദ്രന്റെ മകൻ രാജീവ് പുലവർ പറയുന്നു.

വീഡിയോ കാണുക: പാലക്കാട്ടെ പാവനിർമ്മാതാക്കൾ

പ്രകൃതിയിൽ നിന്നും പുരാണങ്ങളിൽനിന്നുമുള്ള ആശയങ്ങൾ സംയോജിപ്പിച്ചാണ് പാവകളിലെ അലങ്കാരങ്ങൾ ചമയ്ക്കുന്നത്. അരിമണികൾ, ചന്ദ്രൻ, സൂര്യൻ എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പാറ്റേണുകൾ പ്രകൃതിയോടുള്ള ആദരവ് സൂചിപ്പിക്കുന്നു. ഭഗവാൻ ശിവന്റെ ഡമരുപോലെയുള്ള വിശേഷാലങ്കാരങ്ങളും പാവകൾക്കായി തീർക്കുന്ന പ്രത്യേക വസ്ത്രങ്ങളുമെല്ലാം കൂത്തിൽ അവതരിപ്പിക്കുന്ന കഥ അനുസരിച്ച് രൂപപ്പെടുത്തുന്നവയാണ്. കാണുക: തോൽപ്പാവക്കൂത്ത്: മലബാറിന്റെ സാംസ്‌കാരിക സമന്വയം

പാവകൾക്ക് നിറം പകരാൻ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം പാവനിർമ്മാതാക്കൾ ഇപ്പോഴും തുടരുന്നുണ്ട്; എന്നാൽ ഏറെ അധ്വാനം ആവശ്യമുള്ള പ്രക്രിയയാണിത്. അതുകൊണ്ടുതന്നെ പുതിയ കാലത്തെ ആവശ്യകതകൾ നിറവേറ്റാനായി അവർ അക്രിലിക്ക് നിറങ്ങളും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്, ആടിന്റെ തോലിലാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്, . ഡിസൈനുകളിലും നിറക്കൂട്ടുകളിലും പുത്തൻ പരീക്ഷണങ്ങൾ നടത്താൻ ഇത് സഹായകമാണ്.

മലബാറിലെ ബഹുസ്വരവും വിവിധ ധാരകളുടെ സമന്വയവുമായ പാരമ്പര്യങ്ങളുടെ പ്രതീകമാണ് തോൽപ്പാവക്കൂത്ത് കലാരൂപം. അതുകൊണ്ടുതന്നെ, ഈ മേഖലയിൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള കലാകാരൻമാർ ഉയർന്നുവരുന്നത് ശുഭപ്രതീക്ഷയേകുന്ന ഒരു പ്രവണതയാണ്.

മൃണാളിനി മുഖർജി ഫൗണ്ടേഷൻ (എം.എം.എഫ്)  നൽകുന്ന ഫെല്ലോഷിപ്പിന്റെ സഹായത്തോടെയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

പരിഭാഷ: പ്രതിഭ ആര്‍. കെ.

Sangeeth Sankar

Sangeeth Sankar is a research scholar at IDC School of Design. His ethnographic research investigates the transition in Kerala’s shadow puppetry. Sangeeth received the MMF-PARI fellowship in 2022.

Other stories by Sangeeth Sankar
Text Editor : Archana Shukla

Archana Shukla is a Content Editor at the People’s Archive of Rural India and works in the publishing team.

Other stories by Archana Shukla
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.