ഒരല്പം കുടിവെള്ളത്തിനായി ആളുകളുടെ മുന്നിൽ യാചിക്കേണ്ട അവസ്ഥയിലാണ് ഗംഗുഭായി ചവാൻ. 'സർക്കാർ! വാച്ച്മാൻ സാഹിബ്! ദയവ് ചെയ്ത് ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തരൂ. ഞാൻ ഇവിടത്തെ താമസക്കാരിയാണ്, സർ."

യാചനകൊണ്ടുമാത്രം കാര്യമില്ല. അവർ ഒരു ഉറപ്പ് നൽകുകകൂടി വേണം. "ഞാൻ നിങ്ങളുടെ പാത്രങ്ങൾ തൊടില്ല."

സ്വകാര്യ പൈപ്പുകൾ, ചായക്കടകൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ഗംഗുഭായി  (പേര് മാറ്റിയിരിക്കുന്നു) ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. നാന്ദെദ് പട്ടണത്തിലെ ഗോകുൽ നഗർ പ്രദേശത്ത്, നടപ്പാതയിലുള്ള തന്റെ 'വീടിന്റെ' എതിർവശത്തുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന വാച്ച്മാൻമാരോട് അവർ വെള്ളത്തിനായി കെഞ്ചും. വെള്ളം ആവശ്യം വരുമ്പോഴൊക്കെ ഓരോ തവണയും അവരിത് ആവർത്തിക്കണം. അതല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ല.

വെള്ളം കണ്ടെത്തുക എന്നത് ഗംഗുഭായിയ്ക്ക് നിത്യേന ഒരു വെല്ലുവിളിയാണ്; മുൻകാലങ്ങളിൽ 'ക്രിമിനൽ ഗോത്രങ്ങൾ'എന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഫാൻസെ-പർദ്ദി സമുദായത്തിലെ അംഗം എന്ന നിലയിൽ അവർ നിത്യേന നേരിടുന്ന സാമൂഹികവിവേചനം ഇത് ദുഷ്കരമാക്കുന്നു. കൊളോണിയൽ കാലത്തിന്റെ സംഭാവനയായ 'ക്രിമിനൽ ഗോത്രങ്ങൾ' എന്ന പദപ്രയോഗം ഇന്ത്യൻ സർക്കാർ 1952-ൽ പിൻവലിച്ചിരുന്നു . എന്നാൽ 70 വർഷങ്ങൾക്കിപ്പുറവും ഗംഗുഭായിയെപ്പോലുള്ളവർ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പൊരുതുകയാണ്; താൻ ഒരു കള്ളിയല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അവർക്ക് ഒരു പാത്രം നിറച്ച് വെള്ളം ലഭിക്കുകയുള്ളൂ.

" 'നിങ്ങൾ ഇവിടെവെച്ചിരിക്കുന്ന സാധനങ്ങൾ ഒന്നും ഞങ്ങൾ തൊട്ടിട്ടില്ല' എന്ന് ഞങ്ങൾ ഉറപ്പ് കൊടുത്താൽ മാത്രമേ അവർ ഞങ്ങൾക്ക് കുറച്ച് വെള്ളം തരുകയുള്ളൂ," ഗംഗുഭായി പറയുന്നു. വെള്ളമെടുക്കാൻ അനുമതി ലഭിച്ചുകഴിഞ്ഞാൽ അവർ ചെറിയ പാത്രങ്ങളിലും പ്ലാസ്റ്റിക് ഡ്രമ്മുകളിലും കുപ്പികളിലുമായി പരമാവധി വെള്ളം ശേഖരിക്കും. ഒരു ഹോട്ടലിലെ ആളുകൾ വെള്ളം നൽകാൻ വിസമ്മതിച്ചാൽ, പരുക്കൻ സ്വഭാവക്കാരായ ഉടമകളെ അവഗണിച്ച് അവർ അടുത്ത സ്ഥലത്ത് ശ്രമിക്കും. ഇത്തരത്തിൽ നാലഞ്ച് സ്ഥലത്ത് ആവശ്യപ്പെടുമ്പോൾ ആരെങ്കിലുമൊരാൾക്ക് കനിവ് തോന്നിയാൽ ഗംഗുഭായിക്ക് അന്നത്തേയ്ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വീട്ടിലെ ആവശ്യങ്ങൾ നടത്താനുമുള്ള വെള്ളം ലഭിക്കും.

A settlement of the Phanse Pardhi groups on the municipal grounds of Gokulnagar in Nanded. Migrants and transhumants live here on footpaths
PHOTO • Prakash Ransingh
A settlement of the Phanse Pardhi groups on the municipal grounds of Gokulnagar in Nanded. Migrants and transhumants live here on footpaths
PHOTO • Prakash Ransingh

നാന്ദെദിലെ ഗോകുൽ നഗറിലുള്ള മുൻസിപ്പൽ മൈതാനത്ത് ഫാൻസെ പർദ്ദി സമുദായാംഗങ്ങൾ താമസിക്കുന്ന പ്രദേശം. കുടിയേയേറ്റക്കാരും നാടോടികളായ ഇടയന്മാരും ഇവിടത്തെ നടപ്പാതകളിലാണ് താമസിക്കുന്നത്

Left: Children taking a bath near the road settlements. Right: An enclosure created for men to bath
PHOTO • Prakash Ransingh
Left: Children taking a bath near the road settlements. Right: An enclosure created for men to bath
PHOTO • Prakash Ransingh

ഇടത്: റോഡരികിലുള്ള താമസസ്ഥലത്തിനടുത്ത് കുളിക്കുന്ന കുട്ടികൾ. വലത്: പുരുഷന്മാർക്ക് കുളിക്കാനായി കെട്ടിതിരിച്ച ഇടം

ഗംഗുഭായിയെപ്പോലുള്ള കുടിയേറ്റക്കാർ മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിൽനിന്നും ഗ്രാമങ്ങളിൽനിന്നുമെല്ലാമാണ് നാന്ദെദിലെത്തുന്നത്. "ഇവിടെ (നാന്ദെദിൽ) എട്ടുമാസം താമസിച്ചതിനുശേഷം മഴക്കാലം തുടങ്ങുമ്പോൾ ഞങ്ങൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും," അവർ വിശദീകരിക്കുന്നു. നഗരത്തിലെ തുറസ്സായ മൈതാനങ്ങളിലും, നടപ്പാതകളിലും, ഉയരത്തിലുള്ള ജലസംഭരണികളുടെ താഴെയും, ലാൻഡ്‌ഫില്ലുകൾക്ക് സമീപത്തും റെയിൽവേ സ്റ്റേഷനിലുമെല്ലാമാണ് കുടുംബങ്ങൾ താത്ക്കാലിക വീടുകൾ ഉയർത്തുക. ഇവിടെ താമസിക്കുന്ന കാലയളവിൽ പ്രാദേശികമായി ലഭ്യമായ ജോലികൾ ചെയ്യുകയും ആവശ്യത്തിനനുസരിച്ച് സഞ്ചരിക്കുകയുമാണ് ഇവരുടെ രീതി.

കുടിയേറ്റക്കാർക്കും സഞ്ചാരികളായ ഇടയവിഭാഗങ്ങൾക്കും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനുള്ള സ്ഥിരം സംവിധാനങ്ങൾ നഗരത്തിൽ ഒരിടത്തുമില്ല. ഇതുമൂലം, വെള്ളം അന്വേഷിച്ചു നടക്കുന്ന കുട്ടികളും സ്ത്രീകളും, പ്രത്യേകിച്ച് പെൺകുട്ടികൾ, പലപ്പോഴും അപമാനവും ആക്രമണങ്ങളും നേരിടേണ്ടിവരുന്നു.

നഗരത്തിലെത്തുന്ന മിക്കവരും ഒടുവിൽ ഗോകുൽ നഗർ, ദെഗ്ലൂർ നാകാ, വാജെഗാവ്, സിഡ്‌കോ റോഡ് എന്നീ പ്രദേശങ്ങളിലും ഹുസൂർ സാഹിബ് റെയിൽവേ സ്റ്റേഷന്റെ പരിസരത്തുമാണ് താമസമാക്കുക. അടുത്ത നഗരത്തിലേക്ക് പോകുകയോ സ്വഗ്രാമങ്ങളിലേയ്ക്ക് മടങ്ങുകയോ ചെയ്യുന്നതുവരെ അവർ ഇവിടെ കൈയ്യിൽ കിട്ടുന്ന എല്ലാ ജോലികളും ചെയ്യും.

ഇവിടെയുള്ള കുടിയേറ്റക്കാർ കൂടുതലും ഫാൻസെ പർദ്ദി, ഖിസാദി, വഡാർ എന്നീ സമുദായക്കാരും ഉത്തർ പ്രദേശിലെ ലക്നൌ, കർണ്ണാടകയിലെ ബിഡാർ എന്നീ പ്രദേശങ്ങളിൽനിന്നുള്ളവരുമാണ്. തെലങ്കാനയിൽനിന്നുള്ള മുസ്‌ലിം, ചമർ, ജോഗി സമുദായാംഗങ്ങളും ഇവിടേയ്ക്ക് കുടിയേറിയെത്താറുണ്ട്. ഇവിടെ അവർ ജാതിയിൽ അധിഷ്ഠിതമായ തങ്ങളുടെ പരമ്പരാഗത തൊഴിലുകൾ ചെയ്യുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ തേടുകയും ചെയ്യുന്നു. കൈകൊണ്ട് നിർമ്മിച്ച ഇരുമ്പ് ഉപകരണങ്ങൾ, പേനകൾ, ബലൂണുകൾ, പായകൾ, ചില്ലുപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വിൽക്കുന്ന ജോലിയും ഇക്കൂട്ടർ ചെയ്യാറുണ്ട്. ചിലപ്പോഴെല്ലാം അവർ സിഗ്നലുകളിൽ ഭിക്ഷ യാചിക്കുകയോ കെട്ടിടനിർമ്മാണ തൊഴിലിന് പോവുകയോ ചെയ്യും. ജീവിക്കാനായി ഏത് ജോലി ചെയ്യാനും അവർ തയ്യാറാണ്.

സിഡ്‌കോ എം.ഐ.ഡി.സി റോഡിൽ താമസമാക്കിയ ഒരു ഖിസാദി കുടുംബത്തിലെ അംഗമായ കാജൽ ചവാൻ, തങ്ങൾ എപ്പോഴും വെള്ളത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണെന്ന് പറയുന്നു. "ചില സന്ദർഭങ്ങളിൽ ഞങ്ങൾ റോഡിലൂടെ പോകുന്ന വെള്ള ടാങ്കറുകൾ ഓടിക്കുന്നവരോട് വെള്ളം ചോദിക്കും. പകരമായി, അവരാവശ്യപ്പെടുന്ന പണികൾ ഞങ്ങൾക്ക് ചെയ്യേണ്ടി വരും." ഇത് കാജലിന്റെ മാത്രം അനുഭവമല്ല. മുൻസിപ്പൽ മൈതാനത്ത് താമസമാക്കിയവരും പറയുന്നത് സ്വകാര്യ പൈപ്പുടമകളിൽനിന്ന് വെള്ളം വാങ്ങുന്നതിന് പകരമായി തങ്ങൾ അവർക്ക് ജോലികൾ ചെയ്തുകൊടുക്കാറുണ്ടെന്നാണ്.

പൈപ്പുവെള്ളം ലഭ്യമല്ലാതാകുമ്പോൾ ആളുകൾ മറ്റ് വഴികൾ തേടാൻ നിർബന്ധിതരാകും. ഗോകുൽ നഗറിലെ നടപ്പാതയിൽ, മുൻസിപ്പൽ വാട്ടർ പൈപ്പ് ലൈനിൽ ഒരു അറയുണ്ട്. അതിൽനിന്ന് ചോരുന്ന വെള്ളം താഴെ ഒരു കുഴിയിൽ തളംകെട്ടി കിടക്കും. "ആഴ്ചയിൽ രണ്ടുതവണ അറയിൽ (പൈപ്പ് ലൈനിൽനിന്ന്) വെള്ളം ലഭിക്കും. അറയിൽ വെള്ളം ഉണ്ടാകുന്ന ദിവസം ഇവിടെ ആഘോഷമാണ്," ഗോകുൽ നഗറിൽ കരിമ്പ് ജ്യൂസ് വിൽക്കുന്ന പ്രദേശവാസി പറയുന്നു.

A collection of containers lined up to collect water. Their temporary homes on the side of a road  (right)
PHOTO • Prakash Ransingh
A collection of containers lined up to collect water. Their temporary homes on the side of a road  (right).
PHOTO • Prakash Ransingh

വെള്ളം ശേഖരിക്കാനായി നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങൾ, റോഡരികിലായി ഉയർത്തിയിട്ടുള്ള താത്ക്കാലിക വീടുകൾ (വലത്)

A Ghisadi family (right) makes iron tools using different alloys (left)
PHOTO • Prakash Ransingh
A Ghisadi family (right) makes iron tools using different alloys (left)
PHOTO • Prakash Ransingh

വിവിധ തരം ലോഹക്കൂട്ടുകൾ (ഇടത്) ഉപയോഗിച്ച് ഇരുമ്പുപകരണങ്ങൾ നിർമ്മിക്കുന്ന ഒരു ഖിസാദി കുടുംബം (വലത്)

ചെറിയ കുട്ടികൾക്ക് കുഴിയിൽലിറങ്ങി വെള്ളം കോരിയെടുക്കാനാകും. മണ്ണും അടുത്തുള്ള ഹോട്ടലുകളിൽ നിന്നുള്ള അഴുക്കുവെള്ളവും മലിനമാക്കിയ വെള്ളമാണ് ഈ കുഴിയിൽ ഉണ്ടാകുക. പക്ഷെ വെള്ളമാവശ്യമുള്ള കുടുംബങ്ങൾക്ക് ഈ വെള്ളം കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഉപയോഗിക്കുകയേ നിവൃത്തിയുള്ളൂ. കുറഞ്ഞത് 50 കുടുംബങ്ങൾ ഈ നടപ്പാതയിലെ അറയിൽനിന്ന് ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്; അവരുടെ സംഖ്യ ഇതിലും കൂടുതലാകാമെങ്കിലും കൃത്യമായ എണ്ണം കണ്ടെത്തുക ബുദ്ധിമുട്ടാണ്.

2021-ലെ ഒരു റിപ്പോർട്ട് പ്രകാരം, നാന്ദെദ് പട്ടണത്തിന് ദിവസേന ആളൊന്നിന് 120 ലിറ്റർ വെള്ളം എന്ന കണക്കിൽ 80 എം.എൽ.ഡി വെള്ളം ലഭിക്കുന്നുണ്ട്. എന്നാൽ തെരുവിൽ കഴിയുന്നവർക്ക് ഇത് ലഭ്യമാകുന്നില്ല.

*****

ദെഗ്ലൂർ നാകയിൽ ഉയരത്തിലുള്ള ഒരു ജലസംഭരണിക്ക് താഴെയാണ് ഖാൻ കുടുംബം താമസമാക്കിയിരിക്കുന്നത്. ബീഡ് ജില്ലയിലെ പാർലി സ്വദേശികളായ ഇവർ വർഷത്തിൽ പല തവണയായി നാന്ദെദിൽ എത്താറുണ്ട്; ഇതിൽ റംസാന്റെ സമയത്ത് വരുമ്പോൾ അവർ ഇവിടെ രണ്ടാഴ്ച താമസിക്കും.

ഉയരത്തിൽ നിൽക്കുന്ന, സിമെന്റിൽ തീർത്ത വെള്ളടാങ്കിന് കീഴിൽ തലചായ്ക്കുന്ന ഇവർ തൊട്ടടുത്തുള്ള ഹോട്ടലുകളിൽനിന്നും വളരെ അകലെയുള്ള സർക്കാർ ക്ലിനിക്കിലെ കുടിവെള്ള ഫിൽട്ടറിൽനിന്നുമാണ് വെള്ളം ശേഖരിക്കുന്നത്. ക്ലിനിക്ക് അടച്ചിടുന്ന ദിവസങ്ങളിൽ അവിടെനിന്നുള്ള വെള്ളവും മുടങ്ങും. "കുഴൽക്കിണറിൽനിന്നോ പൈപ്പിൽനിന്നോ എന്നുവേണ്ട, എവിടെനിന്നാണോ വെള്ളം കിട്ടുന്നത്, അത് ഞങ്ങൾ കുടിക്കും," 45  വയസ്സുകാരനായ ജാവേദ് ഖാൻ പറയുന്നു. "മുകളിലെ ടാങ്കിന്റെ വാൽവിൽനിന്ന് ചോരുന്ന അഴുക്കുവെള്ളം പോലും ഞങ്ങൾ കുടിക്കാറുണ്ട്."

കുടിയേറ്റക്കാർ വെള്ളത്തിനുവേണ്ടി പരക്കം പറയുമ്പോൾ, ഈ പ്രദേശത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ജല ഫിൽട്ടറുകൾക്ക് യാതൊരു ക്ഷാമവുമില്ല- 10 രൂപയ്ക്ക് 5 ലിറ്റർ വെള്ളം ലഭിക്കും. തണുത്ത വെള്ളത്തിന് 10 രൂപയും സാധാരണ വെള്ളത്തിന് 5 രൂപയുമാണ് വില.

സോലാപൂരിൽനിന്നുള്ള കുടിയേറ്റക്കാരിയായ 32 വയസ്സുകാരി നയന കാലെ, മുംബൈ-നാസിക്-പൂനെ എന്നീ നഗരത്രയങ്ങളിൽ സഞ്ചരിച്ചശേഷമാണ് നാന്ദെദിലെത്തിയത്. "10 രൂപയ്ക്ക് ലഭിക്കുന്ന അഞ്ച് ലിറ്ററിന്റെ വെള്ളക്കുപ്പിവെച്ച് ഒരു ദിവസം തള്ളിനീക്കാൻ ഞങ്ങൾ ശ്രമിക്കും," അവർ പറയുന്നു.

Left: Some migrants get access to filtered tap water from a clinic.
PHOTO • Prakash Ransingh
Right: A water pot near Deglur Naka
PHOTO • Prakash Ransingh

ഇടത്: കുടിയേറ്റക്കാരിൽ ചിലർക്ക് ക്ലിനിക്കിൽനിന്നുള്ള ഫിൽട്ടർ വെള്ളം ലഭിക്കും. വലത്: ദെഗ്ലൂർ നാകയ്ക്ക് സമീപത്തായി കാണുന്ന ഒരു വെള്ളക്കുടം

എല്ലാ ദിവസവും വെള്ളം പണം കൊടുത്ത് വാങ്ങാൻ കഴിയാത്തതിനാൽ ആളുകൾ പകരം ശേഖരിക്കാറുള്ളത് മലിനജലമാണ് - റിവേഴ്‌സ് ഓസ്മോസിസ് (ആർ.ഓ) ഫിൽട്രേഷൻ വഴി വെള്ളം ശുദ്ധീകരിക്കുമ്പോൾ ഫിൽട്ടറിൽനിന്ന് പുറന്തള്ളപ്പെടുന്ന മലിനജലം. മനുഷ്യർക്ക് ഉപയോഗയോഗ്യമല്ലാത്ത ഈ വെള്ളമാണ് അവർ കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും എടുക്കുന്നത്.

"ഹോട്ടലുകാരോട് വെള്ളം ചോദിച്ചാൽ അവർ ഞങ്ങളോട് വെള്ളം വാങ്ങാൻ പറയും; അല്ലെങ്കിൽ, അവരുടെ ഉപഭോക്താക്കൾക്ക് കൊടുക്കാൻപോലും വെള്ളം ഇല്ലാത്തപ്പോൾ ഞങ്ങൾക്ക് എങ്ങനെ വെള്ളം ചോദിക്കും," ഖാത്തൂൻ പട്ടേൽ പറയുന്നു. 30 വയസ്സുകാരിയായ ഖാത്തൂൻ നാന്ദെദ് സ്റ്റേഷന് സമീപത്താണ് താമസിക്കുന്നത്.

"ഞങ്ങളുടെ പക്കൽ വെള്ളമുണ്ട്," ഗോകുൽ നഗറിൽ ജോലി ചെയ്യുന്ന ഒരു വാച്ച്മാൻ പറയുന്നു, "പക്ഷെ ഞങ്ങൾ അവർക്ക് വെള്ളം കൊടുക്കാറില്ല. ഇവിടെ വെള്ളമില്ലെന്ന് പറഞ്ഞ് അവരെ ഞങ്ങൾ ആട്ടിയോടിക്കും."

ഒരു കല്യാണമണ്ഡപത്തിന്റെ ഉടമ (അദ്ദേഹം തന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) പറയുന്നത് ഇപ്രകാരമാണ്, "രണ്ടു കാൻ വെള്ളം എടുത്തോളാൻ ഞങ്ങൾ അവരോട് (താത്കാലിക വീടുകളിൽ താമസിക്കുന്നവരോട്) പറഞ്ഞിട്ടുണ്ട്, പക്ഷെ അവർ പിന്നെയും വെള്ളം ആവശ്യപ്പെട്ട് വരും. ഞങ്ങൾ ചിലവാക്കുന്ന വെള്ളത്തിന് മീറ്റർ അനുസരിച്ച് പണം കൊടുക്കേണ്ടതുണ്ട്. അതിനാൽ കൂടുതൽ വെള്ളം കൊടുക്കാൻ കഴിയില്ല."

*****

വെള്ളം ശേഖരിക്കാൻ പോകുന്നതും വെള്ളം നിരസിക്കപ്പെടുന്നതിന്റെ അപമാനം ഏൽക്കേണ്ടിവരുന്നതും കൂടുതലും സ്ത്രീകളും പെൺകുട്ടികളുമാണ്. എന്നാൽ പ്രശ്നങ്ങൾ അവിടെ തീരുന്നില്ല. നടപ്പാതയിൽ എല്ലാ സമയത്തും ആളുകളുടെ തിരക്കായിരിക്കും എന്നതിന് പുറമേ ഈ പ്രദേശത്ത് പൊതു കുളിമുറികളുമില്ല. " വസ്ത്രങ്ങൾ ധരിച്ചുതന്നെ കുളിക്കേണ്ട സ്ഥിതിയാണ് ഞങ്ങൾക്ക്. വളരെ പെട്ടെന്ന് കുളിക്കുകയാണ് പതിവ്. കാരണം, ചുറ്റും എപ്പോഴും ഒരുപാട് പുരുഷന്മാരുണ്ടാകും. ആളുകൾ നോക്കിനിൽക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് നാണക്കേടാണ്. അതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് കുളിച്ച്, വസ്ത്രം മാറ്റി, അലക്കിയെടുക്കും," സമീറ ജോഗി പറയുന്നു. ലക്ക്‌നൗ സ്വദേശിനിയായ ഈ 35 വയസ്സുകാരി ഉത്തർ പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗമായി പരിഗണിക്കേപ്പെടുന്ന ജോഗി സമുദായാംഗമാണ്.

ദെഗ്ലൂർ നാകയിൽ താമസമാക്കിയിട്ടുള്ള പർദ്ദി കുടുംബങ്ങളിലെ സ്ത്രീകൾ തങ്ങൾ ഇരുട്ടിയതിനുശേഷമേ കുളിക്കാറുള്ളൂ എന്ന് പറയുന്നു. നിർത്തിയിട്ടിരിക്കുന്ന ട്രക്കുകളുടെ മറവിൽ സാരികൾ കൊണ്ട് മറ തീർത്താണ് അവർ കുളിക്കുന്നത്.

"ഞങ്ങൾ റോഡിലാണ് താമസിക്കുന്നത്. ഇതുവഴി കടന്നുപോകുന്നവർ എപ്പോഴും ഇങ്ങോട്ട് നോക്കുമെന്നത് കൊണ്ടാണ് ഞങ്ങൾ കുളിക്കാനായി ചെറുതായി ഒരു മറ തീർത്തിരിക്കുന്നത്. എന്റെ ഒപ്പം ഒരു ചെറിയ പെൺകുട്ടി ഉള്ളതുകൊണ്ട് ഞാൻ കൂടുതൽ സൂക്ഷിക്കണം," സിഡ്‌കോ റോഡിൽ താമസിക്കുന്ന കാജൽ ചവാൻ പറയുന്നു.

Left: The board at the public toilet with rate card for toilet use.
PHOTO • Prakash Ransingh
Right: Clothes create a private space for women to bathe
PHOTO • Prakash Ransingh

ഇടത്: പൊതുശൗചാലയം ഉപയോഗിക്കുന്നവർ നൽകേണ്ട നിരക്കുകൾ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വലത്: തുണികൾകൊണ്ട് മറ തീർത്താണ് സ്ത്രീകൾ കുളിക്കാനായി സ്വകാര്യത കണ്ടെത്തുന്നത്

ഗോകുൽ നഗറിലെ താമസക്കാരിയായ നയന കാലേ അതിരാവിലെതന്നെ വേഗത്തിൽ കുളിക്കും. തന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് അവർക്ക് സദാ ആശങ്കയാണ്. "ഇവിടെ വെള്ളമോ മറ്റ് സജ്ജീകരണങ്ങളോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ ആഴ്ചയിൽ രണ്ടുതവണയേ കുളിക്കാറുള്ളൂ.," ദെഗ്ലൂർ നാകയിൽ താമസിക്കുന്ന, നാല്പത് വയസ്സുകാരിയായ ഇർഫാന ഷെയ്ഖ് പറയുന്നു.

"പൊതുകുളിമുറിയിൽ കുളിക്കണമെങ്കിൽ ദിവസേന 20 രൂപ കൊടുക്കണം. വല്ലവിധേനയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഞങ്ങൾക്ക് എങ്ങനെയാണ് ഇത്രയും പണം ചിലവാക്കാനാകുക?" ഗംഗുഭായി ചോദിക്കുന്നു. "ഞങ്ങളുടെ കയ്യിൽ പണമില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ കുളി ഒഴിവാക്കും." റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഖാത്തൂൻ പട്ടേൽ പറയുന്നു, "ഞങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ ഞങ്ങൾ കുളിക്കാനായി പുഴയിൽ പോകും. പക്ഷെ ആ പരിസരത്ത് ഒരുപാട് ആണുങ്ങളുള്ളതിനാൽ ഞങ്ങൾക്കത് ബുദ്ധിമുട്ടാണ്."

ഗോകുൽ നഗറിലെ പൈപ്പ് ലൈനിലുള്ള അറയിൽ വെള്ളം കിട്ടുന്ന ദിവസം, ചെറിയ കുട്ടികൾ എല്ലാവരും കുളിക്കാൻ അതിനുചുറ്റും നിരക്കും. കൗമാരക്കാരികളായ പെൺകുട്ടികൾ നടപ്പാതയ്ക്കരികിലായി വസ്ത്രങ്ങൾ ധരിച്ചു കൊണ്ടുതന്നെ കുളിക്കുന്നത് കാണാം. സ്ത്രീകൾ ശരീരം സാരികൊണ്ട് മൂടിയാണ് വെള്ളം ഒഴിക്കുക. ഏതെങ്കിലുമൊരിടത്ത് ഒരു മറ കണ്ടെത്താൻ ശ്രമിക്കുന്നതിനേക്കാൾ ഒരുപക്ഷെ സുരക്ഷിതം വസ്ത്രങ്ങൾ അണിഞ്ഞുതന്നെ കുളിക്കുന്നതാണെന്ന് അവർക്ക് തോന്നുന്നുണ്ടാകാം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവദിനങ്ങളിൽ അവർക്ക് മുന്നിലുള്ള വെല്ലുവിളികൾ പതിന്മടങ്ങാകും. "ആർത്തവ ദിവസങ്ങളിൽ, ശൗചാലയം ഉപയോഗിക്കാനെന്ന വ്യാജേന അകത്ത് കയറിയാണ് ഞാൻ പാഡ് മാറ്റുന്നത്. ആർത്തവം തുടങ്ങി ഏഴാം നാൾ നിർബന്ധമായും കുളിക്കണമെന്നാണ് ഞങ്ങൾക്കിടയിലെ സമ്പ്രദായം. ആ ദിവസം 20 രൂപ കൊടുത്ത് ഞാൻ പൊതുകുളിമുറിയിൽ കുളിക്കും," ഇർഫാന പറയുന്നു.

"ഇവിടത്തെ ഭയ്യമാർ (മറ്റ് സംസ്ഥാനക്കാർ) ഞങ്ങളോട് 'നിങ്ങളുടെ ആളുകളോട് ഇവിടത്തെ ശൗചാലയങ്ങൾ ഉപയോഗിക്കരുതെന്ന് പറയണം' എന്ന് പറഞ്ഞ് കയർക്കും. ഞങ്ങളുടെ ആളുകൾക്ക് കൊമോഡ് ഒന്നും ഉപയോഗിച്ച് ശീലമില്ലാത്തതുകൊണ്ട് അവർ ചിലപ്പോൾ അത് വൃത്തികേടാക്കും. അതുകൊണ്ടാണ് അവർ ഞങ്ങളെ ശൗചാലയം ഉപയോഗിക്കാൻ സമ്മതിക്കാത്തത്," ഗംഗുഭായി പറയുന്നു.

Left: Requesting water from security guards of buildings doesn't always end well.
PHOTO • Prakash Ransingh

ഇടത്: കെട്ടിടങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നവരോട് വെള്ളം ചോദിക്കുന്നത് പലപ്പോഴും നല്ല രീതിയിൽ അവസാനിക്കാറില്ല. വലത്: ഒരു കുടിയേറ്റക്കാരൻ ഒരു സ്വകാര്യ ഫിൽട്ടറിൽനിന്ന് വെള്ളം ശേഖരിക്കുന്നു

ഓരോ തവണ പൊതുശൗചാലയം ഉപയോഗിക്കുന്നതിനും 10 രൂപ കൊടുക്കണമെന്നിരിക്കെ ഒരുപാട് അംഗങ്ങളുള്ള കുടുംബത്തിന് അതിന്റെ പണച്ചിലവ് താങ്ങാനാകില്ല. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതാണ് അവർക്ക് ലാഭം. "പൊതുശൗചാലയം രാത്രി 10 മണിയാകുമ്പോൾ അടയ്ക്കും. അതിനുശേഷം പുറത്ത് പോകുകയല്ലാതെ ഞങ്ങൾക്ക് എന്ത് ചെയ്യാനാകും?",  മുൻസിപ്പൽ മൈതാനത്ത് താമസമാക്കിയിട്ടുള്ള 50 വയസ്സുകാരൻ രമേശ് പട്ടോഡെ പറയുന്നു.

"ഞങ്ങൾ തുറസ്സായ സ്ഥലത്താണ് മലവിസർജനം നടത്തുന്നത്. രാത്രി പോകേണ്ടിവന്നാൽ പേടി കാരണം ഒന്നോ രണ്ടോ പെൺകുട്ടികളെ  തുണയ്ക്ക് കൂട്ടിയാണ് ഞങ്ങൾ പോകാറുള്ളത്," ഗോകുൽ നഗറിൽ മുൻസിപ്പൽ മൈതാനത്തിന് സമീപം നടപ്പാതയ്ക്കരികിൽ താമസിക്കുന്ന നയന കാലെ പറയുന്നു. "ഞങ്ങൾ പുറത്തിറങ്ങുമ്പോൾ ആണുങ്ങൾ ശല്യം ചെയ്യുകയും കളിയാക്കുകയും ചെയ്യും. ചിലപ്പോൾ അവർ ഞങ്ങളെ പിന്തുടരാറുമുണ്ട്. ഞങ്ങൾ പോലീസിന്റെ അടുക്കൽ ഒരു നൂറുതവണയെങ്കിലും പരാതിപ്പെട്ടിട്ടുണ്ട്."

"അതിന് ആകെയുള്ള പരിഹാരം "റോഡരികുകളിൽ വിസർജനം നടത്തുക" ആണെന്ന് സിഡ്‌കോ റോഡ് പ്രദേശത്തുനിന്നുള്ള കാജൽ ചവാൻ പറയുന്നു.

2011-12-ൽ ടോട്ടൽ സാനിറ്റേഷൻ കാമ്പയിന് കീഴിൽ നാന്ദെദിൽ ഒരു നഗര ശുചീകരണ പദ്ധതി തയ്യാറാക്കിയിരുന്നു. അക്കാലത്ത്, നഗരവാസികളിൽ ഏകദേശം 20 ശതമാനം ആളുകൾ തുറസ്സായ സ്ഥലങ്ങളിലാണ് മലവിസർജ്ജനം നടത്തിയിരുന്നത്. 2014-15-ൽ നാന്ദെദിൽ 23 പൊതുശൗചാലയങ്ങളിലായി വെറും 214 സീറ്റുകൾ, അതായത് ആവശ്യമുള്ളതിലും 4,100 സീറ്റുകൾ കുറവാണെന്ന്, ഒരു റിപ്പോർട്ട് പറയുന്നു. അന്നത്തെ മുൻസിപ്പൽ കമ്മീഷണർ ആയിരുന്ന നിപുൺ വിനായക് കമ്യൂണിറ്റി ലെഡ് ടോട്ടൽ സാനിറ്റേഷൻ പ്രോഗ്രാമിന് കീഴിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ശുചീകരണവും മലിനജല സംസ്കരണവും മാലിന്യസംസ്കരണവും മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതി നടപ്പിലാക്കുകയുണ്ടായി. 2021-ൽ വഗാല മുൻസിപ്പൽ കോർപ്പറേഷന് ODF+, ODF++ സാക്ഷ്യപ്പെടുത്തലും (തുറസ്സായ സ്ഥലങ്ങളിൽ മലവിസർജ്ജനം പൂർണമായും അവസാനിപ്പിച്ച പ്രദേശങ്ങൾ) ലഭിച്ചു.

എന്നാൽ നഗരത്തിൽ താമസിക്കുന്ന അരികുവത്കൃത വിഭാഗങ്ങളായ നാടോടി ഇടയ സമുദായങ്ങൾക്ക് കുടിവെള്ളവും വൃത്തിയുള്ളതും സുരക്ഷിതവുമായ ശൗചാലയസൗകര്യങ്ങളും ഇപ്പോഴും കിട്ടാക്കനിയാണ്. "കുടിക്കാനായി ശുദ്ധമായ വെള്ളം കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല," ജാവേദ് ഖാൻ പറയുന്നു.

പൂനെ എസ്.ഓ.പി.പി.ഇ.സി.ഓ.മിലെ സീമ കുൽക്കർണി,പല്ലവി ഹാർഷെ, അനിത ഗോഡ്‌ബോലെ, ഡോക്ടർ ബോസ് എന്നിവർക്ക് ഈ ലേഖകൻ നന്ദി പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് (ഐ.ഡി.എസ്) എന്ന സ്ഥാപനവുമായി സഹകരിച്ച്  നടത്തിയ 'ടുവേർഡ്‌സ് ബ്രൗൺ ഗോൾഡ് റി-ഇമാജിനിങ് ഓഫ്-ഗ്രിഡ് സാനിറ്റേഷൻ ഇൻ റാപിഡ്‌ലി അർബനൈസിംഗ് ഏരിയാസ് ഇൻ ഏഷ്യ ആൻഡ് ആഫ്രിക്ക' എന്ന പഠനത്തെ ആധാരമാക്കിയായിരുന്നു അവരുടെ ഗവേഷണം

പരിഭാഷ: പ്രതിഭ ആര്‍. കെ.

Prakash Ransingh

Prakash Ransingh is a research associate at the Society for Promoting Participative Ecosystem Management (SOPPECOM), Pune.

Other stories by Prakash Ransingh
Editor : Medha Kale

Medha Kale is based in Pune and has worked in the field of women and health. She is the Translations Editor, Marathi, at the People’s Archive of Rural India.

Other stories by Medha Kale
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.