അശോക് ജാദവ് മരിച്ചുജീവിക്കുകയാണ്.

ആ 45 വയസ്സുകാരൻ മറ്റേതൊരാളെയുംപോലെ രാവിലെ എഴുന്നേൽക്കും. ജോലിയ്ക്ക് പോവും, മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ കഠിനാധ്വാനം ചെയ്യും. മറ്റെല്ലാ ജോലിക്കാരെപ്പോലെത്തന്നെ വൈകീട്ട് ജോലി അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്യും. അദ്ദേഹവും ബാക്കിയുള്ളവരും തമ്മിൽ ഒരേയൊരു വ്യത്യാസമേയുള്ളു. ഔദ്യോഗികമായി മരണപ്പെട്ട ആളാണ് അശോക്.

കോർഘർ നിവാസിയായ അശോക്, 2023 ജൂലൈയിലാണ്, കഴിഞ്ഞ രണ്ടുവർഷമായി തനിക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് കീഴിൽ വർഷംതോറും ലഭിക്കേണ്ട 6,000 രൂപ ലഭിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നത്. കേന്ദ്രസർക്കാർ 2019-ൽ പ്രഖ്യാപിച്ച ഈ പദ്ധതിയ്ക്ക് കീഴിൽ, കർഷകർക്ക് വരുമാനം മെച്ചപ്പെടുത്താനായി 6,000 രൂപവരെ ധനസഹായം ലഭിക്കാൻ അർഹതയുണ്ട്.

ആദ്യത്തെ ഒന്നുരണ്ട് വർഷം പണം കൃത്യമായി അശോകിന്റെ അക്കൗണ്ടിൽ വന്നിരുന്നു. പൊടുന്നനെ അത് നിലച്ചു. എന്തെങ്കിലും സാങ്കേതികത്തകരാർമൂലമാകും തനിക്ക് പണം വരാൻ വൈകുന്നതെന്നും ക്രമേണ അത് ശരിയാകുമെന്നുമുള്ള ധാരണയിലായിരുന്നു അശോക്. കരുതിയതുപോലെ സാങ്കേതികത്തകരാർതന്നെയായിരുന്നു പ്രശ്നം; എന്നാൽ അദ്ദേഹം വിചാരിച്ചിരുന്നതുപോലെയുള്ള ഒന്നായിരുന്നില്ലെന്നുമാത്രം.

തുക അക്കൗണ്ടിൽ വരുന്നത് നിലച്ചതിനുള്ള കാരണം തേടി അശോക് ജില്ലാ കലക്ടറേറ്റിൽ ചെന്നപ്പോൾ, അവിടത്തെ ഉദ്യോഗസ്ഥൻ കമ്പ്യൂട്ടറിൽ വിവരങ്ങൾ പരിശോധിച്ചശേഷം തികഞ്ഞ ശാന്തതയോടെ അശോകിനെ അറിയിച്ചു, അയാൾ 2021-ൽ കോവിഡ്-19 മഹാമാരി ബാധിച്ച് മരിച്ചുവെന്ന്. കരയണോ ചിരിക്കണോ എന്നറിയാത്ത ഭാവത്തിൽ അശോക് പറയുന്നു, "എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി."

Ashok Jatav, a farm labourer from Khorghar, Madhya Pradesh was falsely declared dead and stopped receiving the Pradhan Mantri Kisan Samman Nidhi . Multiple attempts at rectifying the error have all been futile
PHOTO • Parth M.N.

മധ്യപ്രദേശിലെ കോർഘറിൽനിന്നുള്ള കർഷകത്തൊഴിലാളിയായ അശോക് ജാദവ് മരിച്ചതായി തെറ്റായി പ്രഖ്യാപിക്കപ്പെട്ടു. അതുമൂലം അദ്ദേഹത്തിന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയ്ക്ക് കീഴിൽ ലഭിച്ചുവന്നിരുന്ന ധനസഹായം നിലച്ചിരിക്കുകയാണ്.  തെറ്റ് തിരുത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി

മധ്യപ്രദേശിൽ പട്ടികജാതിയായി പരിഗണിക്കപ്പെടുന്ന ജാദവ് സമുദായക്കാരനായ അശോക്, മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ 350 രൂപ ദിവസക്കൂലിയ്ക്ക് അധ്വാനിച്ച് ഉപജീവനം കണ്ടെത്തുന്ന ഒരു തൊഴിലാളിയാണ്. അദ്ദേഹത്തിന് സ്വന്തമായുള്ള ഒരേക്കർ ഭൂമിയിൽ വീട്ടിലെ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യവിളകളാണ് കൃഷി ചെയ്യുന്നത്. അശോകിന്റെ ഭാര്യ ലീലയും കർഷക തൊഴിലാളിയാണ്.

"പകൽനേരത്ത് പണിയെടുത്ത് പണം സമ്പാദിച്ചാൽ മാത്രമേ ഞങ്ങൾക്ക് അത്താഴത്തിനുള്ള വക കണ്ടെത്താനാകൂ," ശിവ്പുരി ജില്ലയിലുള്ള തന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ സോയാബീൻ വിളവെടുക്കുന്നതിനിടെയുള്ള ഇടവേളയിൽ അദ്ദേഹം പറയുന്നു. "വർഷത്തിൽ 6,000 രൂപ എന്നത്  ഒരു വലിയ തുകയായി നിങ്ങൾക്ക് തോന്നില്ല. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ രൂപയും വിലപ്പെട്ടതാണ്. എനിക്ക് 15 വയസ്സുകാരനായ ഒരു മകനുണ്ട്. സ്കൂൾ വിദ്യാർത്ഥിയായ അവൻ  ഉപരിപഠനത്തിന് പോകാൻ ആഗ്രഹിക്കുന്നു. അതിലുപരി, എനിക്ക് മരിച്ചയാളായി തുടരാൻ താത്പര്യമില്ല."

തന്റെ മരണ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവ്പുരി ജില്ലാ കലക്ടർക്ക് അശോക് സ്വയം ഒരു കത്തയച്ചിരുന്നു. ഗ്രാമത്തിൽ നടന്ന അടുത്ത പൊതു ഹിയറിങ്ങിൽ, നടപടിക്രമങ്ങൾ വേഗത്തിലാക്കാനായി അദ്ദേഹം ഗ്രാമപഞ്ചായത്തിലും തന്റെ വിഷയം ഉന്നയിച്ചു. ഹിയറിങ്ങിനുശേഷം അശോകിനെ സന്ദർശിച്ച പഞ്ചായത്തുദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അദ്ദേഹം ജീവനോടെ ഉണ്ടെന്നതിന്റെ തെളിവ് ഹാജരാക്കണമെന്നാണ്. "ഞാൻ അവർക്ക് മുന്നിൽ നിന്നു," അദ്ദേഹം അവിശ്വസനീയതയോടെ പറയുന്നു, "ഇതിൽക്കൂടുതൽ എന്ത് തെളിവാണ് അവർക്ക് വേണ്ടത്?"

ഇത്രയും അസാധാരണവും ദുരിതപൂർണ്ണവുമായ സാഹചര്യത്തിൽ അകപ്പെട്ടിരിക്കുന്ന ഏക വ്യക്തിയല്ല അശോക് എന്നതാണ് വസ്തുത.

Ashok was asked by the officials to prove that he is alive. ‘I stood in front of them,' he says, bewildered , 'what more proof do they need?’
PHOTO • Parth M.N.

തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 'ഞാൻ അവർക്ക് മുന്നിൽ നിന്നു,' അദ്ദേഹം അവിശ്വസനീയതയോടെ പറയുന്നു, 'ഇതിൽക്കൂടുതൽ എന്ത് തെളിവാണ് അവർക്ക് വേണ്ടത്?'

2019-നും 2022-നുമിടയിൽ, ബ്ലോക്ക് പഞ്ചായത്തിലെ – ഗ്രാമപഞ്ചായത്തിന് മുകളിലും  ജില്ലാ പഞ്ചായത്തിന് കീഴിലും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം- സി.ഇ.ഒയും കമ്പ്യൂട്ടർ ഓപ്പറേറ്ററും ചേർന്ന്, ശിവ്പുരി ജില്ലയിലെ 12-15 ഗ്രാമങ്ങളിൽനിന്നുള്ള 26 ആളുകളെ രേഖകളിൽ 'പരേത’രായി പ്രഖ്യാപിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സംഭാൽ യോജനയ്ക്ക് കീഴിൽ, അപകടത്തിൽ മരണപ്പെടുന്ന ഒരു വ്യക്തിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിൽനിന്ന് 4 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും. ഇതനുസരിച്ച്, ‘പരേത‘രായി പ്രഖ്യാപിക്കപ്പെട്ട 26 പേരിൽ ഓരോരുത്തർക്കും നഷ്ടപരിഹാരമായി ലഭിക്കേണ്ട 4 ലക്ഷം രൂപവെച്ച്, ഏതാണ്ട് ഒരു കോടിയിലധികം രൂപ നേടിയെടുക്കുന്നതിൽ തട്ടിപ്പുകാർ വിജയിച്ചു. ഈ തട്ടിപ്പിൽ പങ്കാളികളായവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 409 എന്നീ വകുപ്പുകൾപ്രകാരം - വഞ്ചനയും വ്യാജരേഖ ചമയ്ക്കലും സംബന്ധിച്ച വകുപ്പുകൾ - അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

"ഗഗൻ വാജ്‌പേയ്, രാജീവ് മിശ്ര, ശൈലേന്ദ്ര പർമ, സാധന ചൗഹാൻ, ലത ദുബെയ് എന്നിവരെ പ്രതിചേർത്ത് ഞങ്ങൾ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്," ശിവ്പുരി പോലീസ് സ്റ്റേഷനിലെ ടൗൺ ഇൻസ്പെക്ടറായ വിനയ് യാദവ് പറയുന്നു. "ഞങ്ങൾ കൂടുതൽ തെളിവുകൾ തേടുകയാണ്."

ഈ കേസിൽ അന്വേഷണം വ്യാപിപ്പിച്ചാൽ, ശിവ്പുരിയിൽ ഇനിയും ഒരുപാട് പരേതരെ കണ്ടെത്താനാകുമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രാദേശിക പത്രലേഖകർ പറയുന്നു; നീതിപൂർവ്വകമായ അന്വേഷണം നടന്നാൽ പല വമ്പന്മാരും കുടുങ്ങുമെന്നാണ് അവരുടെ നിഗമനം.

അതേസമയം, മരിച്ചവരായി പ്രഖ്യാപിക്കപ്പെട്ട മനുഷ്യർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ പാടുപെടുകയാണ്.

Dataram Jatav, another victim of the scam, says, ‘when you declare me dead, I lose access to all credit systems available to me’. In December 2022, the farmer from Khorgar could not get a loan from the bank to buy a tractor
PHOTO • Parth M.N.

തട്ടിപ്പിന്റെ മറ്റൊരു ഇരയായ ദത്താറാം ജാദവ് പറയുന്നു, 'നിങ്ങൾ എന്നെ മരിച്ചതായി പ്രഖ്യാപിച്ചാൽ, എനിക്ക് ലഭ്യമായ വായ്പാ  സംവിധാനങ്ങൾ എല്ലാം അപ്രാപ്യമാകും.' 2022 ഡിസംബറിൽ, കോർഘറിൽനിന്നുള്ള ഈ കർഷകന് ട്രാക്ടർ വാങ്ങിക്കാൻ ബാങ്കിൽനിന്ന് വായ്പ എടുക്കാൻ സാധിച്ചില്ല

കോർഘറിൽ അഞ്ചേക്കർ ഭൂമി സ്വന്തമായുള്ള കർഷകൻ, 45 വയസ്സുകാരൻ ദത്താറാം ജാദവിന് ഇതേ കാരണത്താൽ ട്രാക്ടർ വാങ്ങാനുള്ള വായ്പ നിഷേധിക്കപ്പെട്ടു. 2022 ഡിസംബറിൽ, ദത്താറാമിന് ട്രാക്ടർ വാങ്ങാൻ പണം ആവശ്യം വന്നപ്പോൾ, അദ്ദേഹം വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചു-സാധാരണഗതിയിൽ സുഗമമായി നടക്കേണ്ട ഒരു പ്രക്രിയയാണത്. അങ്ങനെതന്നെയായിരുന്നു അദ്ദേഹം ധരിച്ചതും. "എന്നാൽ മരിച്ചവർക്ക് വായ്പ കിട്ടുക അത്ര എളുപ്പമല്ലത്രെ," ദത്താറാം ചിരിച്ചുകൊണ്ട് പറയുന്നു. "എന്താണാവോ അതിന് കാരണം."

ഒരു കർഷകനെ സംബന്ധിച്ചിടത്തോളം, സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും സബ്‌സിഡികളുമെല്ലാം പ്രാണവായുപോലെ വിലപ്പെട്ടതാണെന്ന് ദത്താറാം തികഞ്ഞ ഗൗരവത്തോടെ വിശദീകരിക്കുന്നു. "എനിക്ക് ഇപ്പോൾ വലിയൊരു തുക കടമുണ്ട്," കൃത്യം തുക എത്രയെന്ന് വെളിപ്പെടുത്താതെ അദ്ദേഹം പറയുന്നു. "നിങ്ങൾ എന്നെ മരിച്ചതായി പ്രഖ്യാപിച്ചാൽ, എനിക്ക് ലഭ്യമായ വായ്പാ  സംവിധാനങ്ങൾ എല്ലാം അപ്രാപ്യമാകും. പിന്നെ എങ്ങനെയാണ് ഞാൻ എന്റെ കൃഷിഭൂമിയിൽ വിളവിറക്കാൻ പണം കണ്ടെത്തുക? എവിടെനിന്നാണ് എനിക്ക് കാർഷിക വായ്പ ലഭിക്കുക? സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുകയല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സ്വകാര്യ പണമിടപാടുകാർ അഥവാ കൊള്ളപ്പലിശക്കാർ രേഖകൾ ഒന്നും ആവശ്യപ്പെടുകയില്ല. നിങ്ങൾ മരണപ്പെട്ട ഒരാളായാൽപ്പോലും അവർക്ക് വിഷയമല്ല എന്നതാണ് സത്യം; മാസത്തിൽ 4-8 ശതമാനംവരെ ഉയർന്ന നിരക്കിൽ കൊള്ളപ്പലിശ കിട്ടണമെന്നത് മാത്രമാണ് അവരുടെ താത്പര്യം. കർഷകർ ഒരുതവണ കൊള്ളപ്പലിശക്കാരുടെ വലയിൽ വീണുകഴിഞ്ഞാൽ, പിന്നീട് വർഷങ്ങളോളം അവർ പലിശ മാത്രം അടയ്‌ക്കേണ്ടിവരുന്ന അവസ്ഥയാണ് മിക്കപ്പോഴും കണ്ടുവരുന്നത്; അതേസമയം മുതലിൽനിന്ന് ഒരുരൂപപോലും വീടിയിട്ടുമുണ്ടാകില്ല. ഇത്തരത്തിൽ, ചെറിയ തുകയ്ക്കുള്ള വായ്പപോലും ക്രമേണ കർഷകരുടെ കഴുത്തിൽ വലിയ കുരുക്കായി മാറുന്നു.

"ഞാൻ ഏറെ അപകടകരമായ അവസ്ഥയിലാണ്," ദത്താറാം പറയുന്നു. ബി.എഡിനും ബി.എയ്ക്കും പഠിക്കുന്ന രണ്ട് ആൺമക്കളാണ്‌ എനിക്ക്. അവരെ ഇനിയും പഠിപ്പിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ, ഈ തട്ടിപ്പ് കാരണം എനിക്ക്  തെറ്റായ ഒരു തീരുമാനം എടുക്കേണ്ടിവന്നു. ഇപ്പോൾ  എന്റെ സാമ്പത്തികസ്ഥിതി തന്നെ അവതാളത്തിലായിരിക്കുകയാണ്."

Left: Ramkumari with her grandchild in their house in Khorghar and (right) outside her home. Her son Hemant was a victim of the fraud. While they did not suffer financial losses, the rumour mills in the village claimed they had declared Hemant dead on purpose to receive the compensation. ' I was disturbed by this gossip,' says Ramkumari, 'I can’t even think of doing that to my own son'
PHOTO • Parth M.N.
Left: Ramkumari with her grandchild in their house in Khorghar and (right) outside her home. Her son Hemant was a victim of the fraud. While they did not suffer financial losses, the rumour mills in the village claimed they had declared Hemant dead on purpose to receive the compensation. ' I was disturbed by this gossip,' says Ramkumari, 'I can’t even think of doing that to my own son'
PHOTO • Parth M.N.

ഇടത്ത്:: രാംകുമാരി, പേരക്കിടാവിനോപ്പം കോർഘറിലെ അവരുടെ വീട്ടിലും വീടിന് പുറത്തും (വലത്ത്). അവരുടെ മകൻ ഹേമന്ത് തട്ടിപ്പിനിരയായിരുന്നു. രാംകുമാരിയുടെ കുടുംബത്തിന്  സാമ്പത്തികനഷ്ടം ഒന്നും ഉണ്ടായില്ലെങ്കിലും, നഷ്ടപരിഹാരത്തുക കിട്ടാനായി ഹേമന്ദ് മരിച്ചെന്ന് പ്രഖ്യാപിക്കാൻ അവർ മനഃപൂർവം ശ്രമിച്ചതാണെന്ന് ഗ്രാമത്തിലെ ചിലർ പറഞ്ഞുപരത്തി. 'ആ അപവാദം കേട്ട് എനിക്ക് മന:സമാധാനം നഷ്ടപ്പെട്ടു,' രാംകുമാരി പറയുന്നു. 'എന്റെ മകനോട് അങ്ങനെ ചെയ്യുന്നത് എനിക്ക് ഓർക്കാൻപോലും വയ്യ'

45 വയസ്സുകാരിയായ രാംകുമാരി റാവത്തിന് മറ്റൊരു തരത്തിലാണ് ഈ തട്ടിപ്പിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നത്. അവരുടെ മകൻ, 25 വയസ്സുകാരനായ ഹേമന്തും തട്ടിപ്പിനിരയായിരുന്നു. ഭാഗ്യവശാൽ, അവരുടെ 10 ഏക്കർ കൃഷിഭൂമി ഹേമന്ദിന്റെ അച്ഛന്റെ പേരിലായിരുന്നതിനാൽ, അവർക്ക് സാമ്പത്തികനഷ്ടം ഒന്നും സംഭവിച്ചില്ല.

"പക്ഷെ ആളുകൾ ഞങ്ങളെക്കുറിച്ച് പലതും പറയാൻ തുടങ്ങി," കോർഘറിലെ വീടിന്റെ വരാന്തയിലിരുന്ന് പേരമകനെ കളിപ്പിക്കുന്നതിനിടെ രാംകുമാരി പറയുന്നു. "4 ലക്ഷം രൂപ കിട്ടാൻ വേണ്ടി ഞങ്ങൾ മനഃപൂർവ്വം മകൻ മരിച്ചതായി രേഖ ഉണ്ടാക്കിയതാണെന്ന് ഗ്രാമത്തിലുള്ളവർ സംശയിച്ചു. ആ അപവാദം കേട്ട് എനിക്ക് മന:സമാധാനം നഷ്ടപ്പെട്ടു. എന്റെ മകനോട് അങ്ങനെ ചെയ്യുന്നത് എനിക്ക് ഓർക്കാൻപോലും വയ്യ," അവർ കൂട്ടിച്ചേർക്കുന്നു.

ഇത്തരത്തിൽ അപമാനകരമായ അപവാദങ്ങളുമായി പൊരുത്തപ്പെടാൻ ആഴ്ചകളോളമെടുത്തെന്ന് രാംകുമാരി പറയുന്നു. തീർത്തും മന:സമാധാനം നഷ്ടപ്പെട്ട അവസ്ഥയിലായി അവർ. "ഞാനാകെ പരിഭ്രാന്തിയിലും അസ്വസ്ഥതയിലുമായി," അവർ സമ്മതിക്കുന്നു. "എങ്ങനെയാണ് ഈ തെറ്റിധാരണകളെല്ലാം മാറ്റി ആളുകളുടെ വായടയ്ക്കുക എന്ന ചിന്തയായിരുന്നു സദാസമയവും എന്റെ മനസ്സിൽ."

സെപ്റ്റംബർ ആദ്യവാരം, രാംകുമാരിയും ഹേമന്തും ജില്ലാ കലക്റ്ററുടെ ഓഫീസിൽ നേരിട്ട് ചെന്ന്, ഇതേപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. "ഞാൻ ജീവനോടെ ഉണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു," ഒരു പരിഹാസച്ചിരിയോടെ ഹേമന്ദ് പറയുന്നു. "അങ്ങനെയൊരു അപേക്ഷയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ പോകുന്നത് എനിക്ക് ഏറെ വിചിത്രമായി തോന്നി. എന്നാലും ഞങ്ങളെക്കൊണ്ടാകുന്നത് ഞങ്ങൾ ചെയ്തു. ബാക്കിയൊന്നും ഞങ്ങളുടെ കയ്യിലല്ലല്ലോ. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക് പൂർണ്ണബോധ്യമുണ്ട്. ഞങ്ങളുടെ മനസാക്ഷി ശുദ്ധമാണ്," ഹേമന്ദ് പറയുന്നു.

അശോകും താൻ ജീവനോടെയുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമം ഉപേക്ഷിച്ച മട്ടാണ്. ദിവസക്കൂലിക്കാരനായ അദ്ദേഹം പ്രാധാന്യം കല്പിക്കുന്നത് അന്നന്നത്തെ ഭക്ഷണത്തിന്  വക കണ്ടെത്തുന്നതിനാണ്. "ഇത് വിളവെടുപ്പ് കാലമായതുകൊണ്ട് സ്ഥിരമായി ജോലിയുണ്ടാകും," അദ്ദേഹം പറയുന്നു. "ബാക്കി സമയങ്ങളിൽ, വല്ലപ്പോഴുമാണ് ജോലി ഉണ്ടാകുക. അപ്പോൾ ഞാൻ ജോലി അന്വേഷിച്ച് നഗരത്തിന്റെ സമീപപ്രദേശങ്ങളിലേക്ക് പോകും."

ഇടയ്ക്ക്  സമയം ലഭിക്കുമ്പോഴെല്ലാം അശോക് തന്റെ അപേക്ഷയുടെ തുടർനടപടികളെക്കുറിച്ച് അന്വേഷിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ഹെൽ‌പ്പ്ലൈനിലേക്ക് അദ്ദേഹം പലകുറി വിളിച്ചെങ്കിലും ഫലമൊന്നുന്നുമുണ്ടായില്ല. എന്നാൽ, ദിവസക്കൂലി ഉപേക്ഷിച്ച് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ അദ്ദേഹത്തിന് സാധിക്കില്ല. "ഈ പ്രശ്‌നം ശരിയാകുന്ന സമയത്ത് ശരിയാകും," തന്റെ സാഹചര്യത്തെക്കുറിച്ച് ഓർത്ത് അവിശ്വാസവും വിഷമവും അനുഭവപ്പെടുമ്പോഴും മുൻപത്തേക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന അശോക് പറയുന്നു. എന്നിട്ട് പിന്നെയും മരിച്ചുജീവിക്കുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Editors : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Editors : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

Other stories by Sarbajaya Bhattacharya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.