"മരുന്നുകളും പണവും ഗ്യാസുമെല്ലാം തീർന്നു", ഏപ്രിൽ മാസം പകുതിയായപ്പോൾ സുരേഷ് ബഹാദൂർ എന്നോട് പറയുകയുണ്ടായി.

നാലുവർഷമായി, ചുണ്ടിൽ ഒരു സീട്ടിയും (വിസിൽ) കയ്യിൽ ഒരു ലാത്തി യുമേന്തി, എല്ലാ രാത്രിയും സൈക്കിളിൽ റോന്തുചുറ്റി പ്രദേശത്തെ വീടുകൾക്കും കടകൾക്കും സുരക്ഷ ഉറപ്പാക്കുകയായിരുന്നു സുരേഷിന്റെ പതിവ്. സുരേഷും പിതാവ് റാം ബഹാദൂറും ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലുള്ള ഭീമാവരം പട്ടണത്തിൽ സുരക്ഷാഗാർഡുകളായി ജോലി ചെയ്തുവരികയായിരുന്നു.

മാർച്ച് 22-ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, സൈക്കിൾ ഒരു മൂലയിലേക്ക് ഒതുക്കിവച്ച സുരേഷ് പിന്നീടുള്ള സമയം മുഴുവനും ചിലവഴിച്ചത് ഫോണിൽ കോവിഡ്-19 സംബന്ധിച്ച വാർത്തകൾ തിരയാനും വീട്ടിലേയ്ക്കാവശ്യമായ ഭക്ഷണവും വെള്ളവും പാചകവാതകവുമെല്ലാം കണ്ടെത്താനുമാണ്.

23-കാരനായ സുരേഷ്,  43 വയസ്സുകാരൻ ശുഭം ബഹാദൂറിനും 21 വയസ്സുള്ള രാജേന്ദ്ര ബഹാദൂറിനുമൊപ്പം തമ്മി രാജുനഗർ പ്രദേശത്തെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സുരേഷിന്റെ സ്വദേശമായ, നേപ്പാളിലെ ഭജാങ് ജില്ലയിൽ ഉൾപ്പെടുന്ന ദിക്ലാ ഗ്രാമത്തിൽനിന്നുതന്നെയുള്ള സുഹൃത്തുക്കളാണിവർ. ഭീമാവരം പട്ടണത്തിന്റെ വേറൊരു ഭാഗത്ത് മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന റാം ബഹാദൂറും ലോക്ക്ഡൗൺ തുടങ്ങിയതിന് പിന്നാലെ ഇവർക്കൊപ്പം താമസമാക്കി.

ലോക്ക്ഡൗണിനു മുൻപുവരെ, എല്ലാ മാസത്തിലെയും ആദ്യത്തെ രണ്ടാഴ്ച, റാമും സുരേഷും വീടുകളിലും കടകളിലും കയറിയിറങ്ങി തങ്ങളുടെ ശമ്പളം വാങ്ങുമായിരുന്നു. ഓരോ വീട്ടിൽനിന്നും 10-20 രൂപയും കടകളിൽനിന്ന് 30-40 രൂപയുമായിരുന്നു കണക്ക്.  ഇത്തരത്തിൽ ഓരോരുത്തരും 7,000-9,000 രൂപ സമ്പാദിച്ചിരുന്നു. അനൗപചാരികമായ ഒരു ഏർപ്പാട് ആയതുകൊണ്ടുതന്നെ,  ഈ തുകയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും- "ചില മാസങ്ങളിൽ 5,000 രൂപ  മാത്രമേ കിട്ടിയിരുന്നുള്ളൂ",  ഏപ്രിലിൽ സംസാരിച്ചപ്പോൾ റാം ബഹാദൂർ പറഞ്ഞു. "ഇപ്പോൾ അതും നിന്നുപോയി."

Suresh Bahadur's work required making rounds on a bicycle at night; he used wood as cooking fuel during the lockdown
PHOTO • Rajendra Bahadur
Suresh Bahadur's work required making rounds on a bicycle at night; he used wood as cooking fuel during the lockdown
PHOTO • Rajendra Bahadur

ജോലിയുടെ ഭാഗമായി സുരേഷിന്  രാത്രികാലങ്ങളിൽ സൈക്കിളിൽ റോന്തുചുറ്റേണ്ടതുണ്ടായിരുന്നു; ലോക്ക്ഡൗൺ കാലത്ത് വിറകുപയോഗിച്ചാണ് അദ്ദേഹം പാചകം ചെയ്തത്

"ലോക്ക്ഡൗണിനു മുൻപ്, ദിവസേന 4 പേർക്കുവേണ്ടി 3 നേരവും ഭക്ഷണം ഉണ്ടാക്കേണ്ട സാഹചര്യം ഞങ്ങൾക്ക് ഒരിക്കലും വന്നിട്ടില്ല.", സുരേഷ് കൂട്ടിച്ചേർത്തു. ഉച്ചഭക്ഷണവും അത്താഴവും റോഡരികിലെ കടകളിൽനിന്ന് കഴിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്- മാസത്തിൽ ഏകദേശം 1,500 രൂപ ഈയിനത്തിൽ ചിലവാകും. പാചകാവശ്യത്തിന് അങ്ങാടിയിൽനിന്ന് വാങ്ങുന്ന ഗ്യാസ് സിലിണ്ടറുപയോഗിച്ച് പ്രഭാതഭക്ഷണം മാത്രമാണ് സുരേഷും സുഹൃത്തുക്കളും പാചകം ചെയ്തിരുന്നത്. എന്നാൽ മാർച്ച് 22-ന് ശേഷം, അവർ മൂന്ന് നേരത്തേയ്ക്കുള്ള ഭക്ഷണവും വീട്ടിൽത്തന്നെ ഉണ്ടാക്കാൻ തുടങ്ങി.

"ഏപ്രിലിലെ രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും വീട്ടിലെ ഗ്യാസും ഭക്ഷണസാധനങ്ങളും തീർന്നുപോയി.",  സുരേഷ് പറഞ്ഞു.  ഏപ്രിൽ 12-ന് രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാത്രമുള്ള ഭക്ഷണം മാത്രം ബാക്കിയായപ്പോൾ, സുരേഷ്, ആന്ധ്രാപ്രദേശിലെ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ നടത്തുന്ന ഹെൽപ് ലൈനുമായി ബന്ധപ്പെട്ടു.  വീട്ടിലേയ്ക്ക് അത്യാവശ്യം വേണ്ട മാവ്, പരിപ്പ്, പച്ചക്കറികൾ, എണ്ണ, പഞ്ചസാര, സോപ്പ്, അലക്ക് പൊടി, മരുന്നുകൾ എന്നിവ വാങ്ങാൻ ഹെൽപ് ലൈൻ പ്രവർത്തകർ സുരേഷിനെയും സുഹൃത്തുക്കളെയും സഹായിച്ചു. ഏപ്രിൽ 12-നും മേയ് 2-നും  ഇടയിൽ മൂന്ന് തവണയാണ് ഹെൽപ്‌ലൈൻ സുരേഷിന്റെ തുണയ്‌ക്കെത്തിയത്.

ഗ്യാസ് നിറച്ച സിലിണ്ടർ അവർക്ക് മേയ് 2 –ന് മാത്രമാണ് ലഭിച്ചത്. അതുവരെ സമീപപ്രദേശങ്ങളിൽനിന്ന് ശേഖരിച്ച വിറകുപയോഗിച്ചായിരുന്നു പാചകം. എത്ര കാലം സഹായം ലഭിക്കുമെന്ന്  ഉറപ്പില്ലാത്തതിനാൽ, സിലിണ്ടർ ലഭിച്ചതിനുശേഷവും സുരേഷും കൂട്ടരും വിറക് ശേഖരിക്കുന്നത് തുടർന്നു. "ഈ രാജ്യം ഞങ്ങളുടേതല്ലല്ലോ.", സുരേഷ് പറഞ്ഞു. "പിന്നെ വേറെ എന്താണ് ഞങ്ങൾക്കുണ്ടാവുക”? (ഞങ്ങളുടെ നിയന്ത്രണത്തിൽ ഉള്ളത്?)

ലോക്ക്ഡൗണിനുമുൻപ്, എല്ലാ ദിവസവും ഉച്ചയ്ക്ക് വീടിനടുത്തെത്തുന്ന, മുൻസിപ്പൽ കോർപ്പറേഷൻറെ വെള്ളടാങ്കറിൽനിന്ന് സുരേഷും കൂട്ടുകാരും 8-10 ബക്കറ്റ് വെള്ളം പിടിച്ചുവെക്കുമായിരുന്നു. പ്രദേശവാസികൾക്ക് സൗജന്യമായി വെള്ളം ലഭ്യമാക്കിയിരുന്ന ഈ സംവിധാനം ലോക്ക്ഡൗൺ കാലത്തും മുടക്കമില്ലാതെ തുടർന്നു. ഇതിനുപുറമേ, സമീപത്തുതന്നെയുള്ള കോർപ്പറേഷൻ ഓഫീസിൽനിന്ന് ഒരു വെള്ളക്കാനിന് 5 രൂപ നിരക്കിൽ, 10-15 ലിറ്റർ വരെ കൊള്ളുന്ന 2 കാൻ കുടിവെള്ളവും അവർ വാങ്ങുമായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ഈ കാനുകൾ കോർപ്പറേഷൻ സൗജന്യമായി നൽകി.

'ദി പോപുലേഷൻ മോണോഗ്രാഫ് ഓഫ് നേപ്പാൾ' (2014) അനുസരിച്ച്, 2011-ൽ ഇന്ത്യയിൽ 7  ലക്ഷത്തിലേറെ നേപ്പാളീസ് കുടിയേറ്റക്കാരുണ്ടായിരുന്നു- നേപ്പാളിന്റെ 'മൊത്തം അദൃശ്യ ജനസംഖ്യയുടെ' 37.6 ശതമാനം. നേപ്പാൾ സർക്കാരിന്റെ 2018-19 വർഷത്തിലെ സാമ്പത്തിക സർവ്വേ പ്രകാരം, നേപ്പാളിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ കാൽഭാഗത്തിലധികവും 'റെമിറ്റൻസ് ഇൻകം' അഥവാ വിദേശത്ത്നിന്ന് നേപ്പാളിലേക്ക് അയച്ച പണമാണ്.

Rajendra (left), Ram (centre), Suresh (right) and Shubham Bahadur ran out of rations by April 12
PHOTO • Shubham Bahadur

ഏപ്രിൽ 12 ആയപ്പോഴേക്കും, രാജേന്ദ്ര (ഇടത് ), റാം (നടുക്ക്) സുരേഷ് (വലത്) എന്നിവരുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ തീർന്നുപോയി

" കുടുംബത്തിനുവേണ്ടി പൈസ സമ്പാദിക്കാനാണ് ഞാൻ വന്നത്", 2016-ൽ കോളേജ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ സുരേഷ് പറഞ്ഞു. "ഭക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്" ആറുപേരടങ്ങുന്ന കുടുംബത്തിൽ റാമും സുരേഷും മാത്രമാണ് പണം സമ്പാദിക്കുന്നവർ. വീട്ടമ്മയായ തന്റെ അമ്മ നന്ദാ ദേവിയെ സുരേഷ് കണ്ടിട്ട് ഏപ്രിലിലേയ്ക്ക് ഒൻപത് മാസമായിരുന്നു. അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാർ - 18 വയസുള്ള രബീന്ദ്ര ബഹാദൂറും 16 വയസുള്ള കമൽ ബഹാദൂറും ദിക്ല ഗ്രാമത്തിൽ വിദ്യാർത്ഥികളാണ്. ഇന്ത്യയിലേക്ക് കുടിയേറുന്നതിന് തൊട്ടുമുൻപ് സുരേഷ് സ്കൂളിൽ സഹപാഠിയായിരുന്ന സുഷ്മിതാ ദേവിയെ വിവാഹം ചെയ്തു. "ഞങ്ങൾക്ക് പതിനാറോ പതിനേഴോ വയസ്സുള്ളപ്പോഴാണ് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായത്", ഒരു ചെറുചിരിയോടെ സുരേഷ് ഓർത്തെടുത്തു. ലോക്ക്ഡൗണിനുമുൻപ് എല്ലാ മാസവും സുരേഷ് 2,000 – 3,000 രൂപ വീട്ടിലേയ്ക്ക് അയച്ചിരുന്നു.

"അവൾ (റാമിന്റെ ഭാര്യ) തത്കാലത്തേക്ക് എന്നോട് പൈസ ഒന്നും ചോദിച്ചിട്ടില്ല", ലോക്ക്ഡൗൺ കാലത്ത് റാം ബഹാദൂർ എന്നോട് പറഞ്ഞു. റാമും സുരേഷും ലോക്ക്ഡൗണിനുമുൻപ് അയച്ചുകൊടുത്ത പണവും നേപ്പാൾ സർക്കാർ ഇടയ്ക്കിടെ കൊടുക്കുന്ന റേഷൻ സാധനങ്ങളുംവെച്ചാണ് നേപ്പാളിലെ അവരുടെ കുടുംബം കഴിഞ്ഞുകൂടിയിരുന്നത്.

1950-ൽ നേപ്പാളും ഇന്ത്യയും 'ട്രീറ്റി ഓഫ് പീസ് ആൻഡ് ഫ്രണ്ട്ഷിപ്' ഒപ്പുവച്ചതിനുശേഷം ഇരുരാജ്യങ്ങൾക്കിടയിലെ അതിർത്തി കടക്കുക ഏറെ എളുപ്പമായിരുന്നു. 2022 മാർച്ച് 22-ന് കോവിഡ് വ്യാപനം തടയാനായി നേപ്പാൾ സർക്കാർ അതിർത്തി അടച്ചു. ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം, നേപ്പാളിൽനിന്നുള്ള അനേകം കുടിയേറ്റത്തൊഴിലാളികൾ അതിർത്തി കടക്കാനാകുന്നതും കാത്ത് ഇന്ത്യയുടെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തമ്പടിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പതിനൊന്നാമത്തെ വയസ്സിലാണ് റാം ബഹാദൂർ ആദ്യമായി നേപ്പാൾ - ഇന്ത്യ അതിർത്തി മുറിച്ചുകടന്നത് - അന്ന്, സ്വദേശമായ ദിക്ലാ ഗ്രാമത്തിൽനിന്ന് ജോലി അന്വേഷിച്ച് ഓടിപ്പോരുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ തിലക് നഗറിൽ വീട്ടുജോലിക്കാരനായും ഡൽഹിയുടെയും ഉത്തർ പ്രദേശിന്റെയും വിവിധഭാഗങ്ങളിൽ സുരക്ഷാ ഗാർഡായും പലവിധ ജോലികൾ അദ്ദേഹം ചെയ്തു. "11 വയസ്സുള്ളപ്പോൾ ബുദ്ധിമുട്ടും കഷ്ടപ്പാടും എന്താണെന്ന് എങ്ങനെ അറിയാനാണ്? എങ്ങനെയൊക്കെയോ ഞാൻ ജീവിച്ചു.", റാം ബഹാദൂർ പറഞ്ഞു.

"ഈ മാസം വീട്ടിൽ പോകാമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്.", ഏപ്രിലിൽ സുരേഷ് എന്നോട് പറഞ്ഞു. എല്ലാ വർഷവും വേനൽക്കാലത്ത് സുരേഷും അച്ഛനും മലമ്പ്രദേശത്തുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് പോകും. തീവണ്ടിയിലും  ഷെയർ ഓട്ടോയിലുമെല്ലാമായി 3 - 4 ദിവസമെടുത്താണ് അവർ വീടെത്തുക. എന്നാൽ ഈ വർഷം ഏപ്രിൽ ആയപ്പോൾ, ഇനി എന്ന് വീട്ടിൽ പോകാനാകുമെന്നോ എങ്ങനെ പോകുമെന്നോ അവർക്ക് യാതൊരു രൂപവുമുണ്ടായിരുന്നില്ല. സുരേഷിനെ മറ്റൊരു ചിന്തയും അലട്ടുന്നുണ്ടായിരുന്നു: "എനിക്ക് ഇപ്പോൾത്തന്നെ സുഖമില്ല. പുറത്തിറങ്ങിയാൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാലോ?"

2019 ഏപ്രിലിൽ നടന്ന അപകടം അവശേഷിപ്പിച്ച ബുദ്ധിമുട്ടുകളാണ് സുരേഷ് ഉദ്ദേശിച്ചത്. അന്ന് ഒരു ഉച്ചനേരത്ത്, ശമ്പളം വാങ്ങി വീട്ടിലേയ്ക്ക് സൈക്കിളിൽ മടങ്ങുമ്പോൾ ഒരു ലോറി അദ്ദേഹത്തെ ഇടിച്ചു. ലോറി ഡ്രൈവർ ഉടൻതന്നെ സുരേഷിനെ ഭീമാവരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. ഒട്ടും വൈകാതെതന്നെ കരളിൽ ഒരു ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. ഇതിനുപിന്നാലെ, സുരേഷും റാമും ഒരു ടാക്സി പിടിച്ച് 75 കിലോമീറ്റർ അകലെയുള്ള, എല്ലൂരു പട്ടണത്തിലെ സർക്കാർ ആശുപത്രിയിലെത്തി. എന്നാൽ അവിടെ ശസ്ത്രക്രിയ ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. ഒടുവിൽ, വിജയവാഡയിലെ ഒരു സ്വകാര്യാശുപത്രിയിൽ സുരേഷ് ചികിത്സ തേടി. ആന്ധ്രയിൽ താമസിക്കുന്ന, നേപ്പാളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളായ സുഹൃത്തുക്കളുടെ സഹായത്താലാണ് സുരേഷ് ആശുപത്രി ബില്ലുകൾ അടച്ചുതീർത്തത്. "കാക്കിനഡയിൽനിന്നും  ഭീമാവരത്തുനിന്നുമുള്ള എന്റെ എല്ലാ ആളുകളും എന്നെ കാണാൻ വന്നിരുന്നു. തങ്ങളുടെ കയ്യിലുള്ള പണം മുഴുവൻ അവർ കൊണ്ടുവന്നു."

'This country is not ours', said Suresh. 'How can anything else be [in our control]?'
PHOTO • Rajendra Bahadur

'ഈ രാജ്യം ഞങ്ങളുടേതല്ലല്ലോ,' സുരേഷ് പറഞ്ഞു. 'പിന്നെ വേറെ എന്താണ് ഞങ്ങൾക്കുണ്ടാവുക?' (ഞങ്ങളുടെ നിയന്ത്രണത്തിൽ ഉള്ളത്?)

അപകടം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും തനിക്ക് "ലക്ഷക്കണക്കിന് രൂപയുടെ" ബാധ്യത ഉണ്ടായിരുന്നെന്ന് സുരേഷ് പറയുന്നു; ഇതിനുപുറമേ ഓരോ മാസവും മരുന്നിനും മറ്റ് പരിശോധനകൾക്കുമായി 5,000 രൂപ ചിലവാകും. ലോക്ക്ഡൗൺ ഏപ്രിലിലേയ്ക്ക് നീണ്ടതോടെ സുരേഷിന്റെ ആധി കൂടി. "ഇപ്പോൾ ഇവിടെയുള്ള എന്റെ ആളുകളും (നേപ്പാളിൽനിന്നുള്ള സുഹൃത്തുക്കൾ) പണത്തിനായി ബുദ്ധിമുട്ടുകയാണ്. സിഗരറ്റ് വിൽക്കുക, ഹോട്ടലുകളിൽ ജോലി ചെയ്യുക എന്നിങ്ങനെ ഇന്ത്യയിൽ ലഭിക്കാവുന്ന പല ജോലികളും ചെയ്തിട്ടുള്ളവരാണ് അവർ. എന്റെ അപകടത്തിനുശേഷം ഞാൻ എപ്പോഴും ആലോചിക്കും - ഞാൻ രക്ഷപ്പെട്ടെങ്കിലും ഞങ്ങളുടെ സമ്പാദ്യം മുഴുവനും നഷ്ട്ടപ്പെട്ടുപോയല്ലോ എന്ന്".

ഏപ്രിൽ 13-നും മേയ് 10-നും ഇടയിൽ അഞ്ചുതവണ ഞാൻ സുരേഷ് ബഹാദൂറിനോട് ഫോണിൽ സംസാരിച്ചപ്പോഴും താൻ ഇപ്പോഴും അപകടത്തിന്റെ പരിക്കിൽനിന്ന് മോചിതനായിട്ടില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. മാർച്ച് 2-ന് വിജയവാഡയിലെ ഡോക്ടറുടെ അടുക്കൽ മാസത്തിൽ ഒരിക്കലുള്ള പതിവ് പരിശോധനയ്ക്ക് പോകേണ്ടതായിരുന്നെങ്കിലും ലോക്ക്ഡൗൺ മൂലം സുരേഷിന് യാത്രചെയ്യാൻ സാധിച്ചില്ല.

"എങ്ങനെയൊക്കെയോ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും ഞങ്ങൾ വലിയ ബുദ്ധിമുട്ടിലാണ്.", സുരേഷ് എന്നോട് പറഞ്ഞു. "ജോലിയില്ല എന്ന് മാത്രമല്ല, ഞങ്ങൾക്ക് ഇവിടത്തെ ഭാഷയും അറിയില്ല, ഞങ്ങളുടെ ആളുകളും ഇവിടെയില്ല (നേപ്പാളിൽനിന്നുള്ളവരാരും അടുത്തില്ല) - ഇത് എങ്ങനെ മുന്നോട്ടുപോകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ." മാർച്ച് മാസത്തെ വീട്ടുവാടക സുരേഷ് കൊടുത്തിരുന്നെങ്കിലും ഏപ്രിലിലെയും മേയിലെയും വാടക കൊടുക്കാൻ കുറച്ച് അവധി കൊടുക്കണമെന്ന് വീട്ടുടമസ്ഥനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മെയ് 10-ന് അവസാനമായി സംസാരിച്ചപ്പോൾ, പുതുതായി നിറച്ച ഗ്യാസ് സിലിണ്ടർ ഒരു മാസത്തേയ്ക്ക് മാത്രമേ മതിയാകുകയുള്ളൂ എന്ന് സുരേഷ് എന്നോട് പറഞ്ഞു. ഹെൽപ്‌ലൈൻ പ്രവർത്തകരും തങ്ങൾ മേയ് 10-ന് ശേഷം പുതിയ അപേക്ഷകൾ ഒന്നും സ്വീകരിക്കുന്നില്ലെന്നും മാസാവസാനത്തോടെ ഹെൽപ് ലൈൻ സേവനങ്ങൾ നിർത്തിവെക്കുകയാണെന്നും അവരെ അറിയിച്ചു. ഹെല്പ് ലൈനിൽനിന്നുള്ള സഹായംകൂടി നിലച്ചാൽ ഭക്ഷണവും മരുന്നും വീട്ടിലേയ്ക്കുള്ള ഗ്യാസും സംഘടിപ്പിക്കുക കൂടുതൽ ദുഷ്കരമാകുമെന്ന് സുരേഷിന് അറിയാമായിരുന്നു. വീട്ടിലെ നാലുപേർക്കുംകൂടി ഉപയോഗിക്കാനുള്ള മൂന്ന് ഫോണുകളിലും ബാലൻസ് കഴിയാറാകുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

മേയ് 30- മുതൽ സുരേഷിന്റെയും റാം ബഹാദൂറിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ലോക്ക്ഡൗൺ കാലത്ത് സുരേഷിനും ഒപ്പമുള്ളവർക്കും പലചരക്ക് സാധനങ്ങളും മരുന്നുകളും വിറ്റിരുന്ന മണികണ്ഠ പറഞ്ഞത് "കുറച്ച് ദിവസങ്ങൾക്കുമുൻപ്, കുറെ നേപ്പാളികൾ തങ്ങളുടെ സാധനങ്ങൾ എല്ലാം പൊതിഞ്ഞുകെട്ടി പോകുന്നത് കണ്ടിരുന്നു" എന്നാണ്. സുരേഷ് ബഹാദൂറിന്റെ മുറി പൂട്ടിക്കിടക്കുകയാണെന്നും മണികണ്ഠ സ്ഥിരീകരിച്ചു.

2020 ഏപ്രിൽ, മേയ് മാസങ്ങളിൽ ലേഖിക ആന്ധ്രാപ്രദേശ് കോവിഡ് ലോക്ക്ഡൗൺ റിലീഫ് ആൻഡ് ആക്ഷൻ ആൻഡ് കളക്ടീവ് എന്ന സന്നദ്ധസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള ഹെൽപ് ലൈൻ നടത്തിയിരുന്നത് ഈ സംഘടനയാണ്.

പരിഭാഷ: പ്രതിഭ ആർ.കെ.

Riya Behl is Senior Assistant Editor at People’s Archive of Rural India (PARI). As a multimedia journalist, she writes on gender and education. Riya also works closely with students who report for PARI, and with educators to bring PARI stories into the classroom.

Other stories by Riya Behl
Editors : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Editors : Oorna Raut

Oorna Raut is Research Editor at the People’s Archive of Rural India.

Other stories by Oorna Raut
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.