എല്ലാത്തിനുമുപരിയായി പ്ലാസ്റ്റിക് ഉണ്ട്. ആയിരിക്കാന്‍ക്കാന്‍ പറ്റുന്ന രൂപത്തിലൊക്കെ ഇത് ഏതാണ്ട് എല്ലായിടത്തുമുണ്ട് - അവ തെരുവുകളിലാവാം, വെള്ളത്തില്‍ ഒഴുകി നടക്കുകയാവാം, ചാക്കുകളില്‍ സൂക്ഷിക്കപ്പെട്ട നിലയിലാവാം, വീപ്പകളിലിട്ട നിലയിലാവാം, മേല്‍ക്കൂരകളില്‍ കൂനയായി കിടക്കുകയുമാവാം. ഉയര്‍ന്ന മൂല്യമുള്ള ലോഹഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ 13-ാം കോമ്പൗണ്ടുമായി അതിര്‍ത്തി പങ്കിടുന്ന നദീമുഖങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കുമ്പോള്‍ രൂക്ഷഗന്ധമുള്ള പുക അന്തരീക്ഷത്തില്‍ നിറയുന്നു.

പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര മലിനവസ്തുക്കളുടെ അവസാനിക്കാത്ത നിര മുംബൈയുടെ എല്ലാ ഭാഗത്തുനിന്നും സ്ഥിരമായി ധാരാവിയിലെ പുനരുല്‍പാദന മേഖലയായ ഈ കോമ്പൗണ്ടിലെത്തുന്നു. പ്രതിദിനം നഗരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പതിനായിരം ടണ്ണിലധികം വരുന്ന മാലിന്യങ്ങള്‍ കൈവണ്ടികളിലും ട്രക്കുകളിലും ടെമ്പോകളിലും ഇവിടെത്തിക്കുന്നു. ഈ മേഖലയിലെ അസാധാരണമാംവിധം ഇടുങ്ങിയ തെരുവുകളിലൂടെ തൊഴിലാളികള്‍ (വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ചെറുപ്പക്കാര്‍) ഈ വസ്തുക്കള്‍ ചുമക്കുകയും ഇറക്കുകയും ചെയ്യുന്നു.

ഇവിടുത്തെ നിറഞ്ഞുകവിഞ്ഞ ഷെഡുകളില്‍ (അവയില്‍ ചിലതിന് 4 തലങ്ങള്‍ ഉണ്ട്) പുനരുല്‍പാദനത്തിന്‍റെ വിവിധ അടരുകളായുള്ള പ്രക്രിയകള്‍ വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്നു. ‘പുതിയ’ ഒരു അസംസ്കൃതവസ്തുവോ മറ്റൊരു പുതിയ ഉല്‍പന്നമോ ആയി മാറ്റപ്പെടുന്നതിനു മുന്‍പ് ഓരോ ഇനവും അസ്സംബ്ലി ലൈന്‍ പ്രകാരം ഒരു വ്യക്തിയില്‍നിന്നും അടുത്ത വ്യക്തിയിലേക്കും ഒരു പ്രക്രിയയില്‍ നിന്നും അടുത്ത പ്രക്രിയയിലേക്കും മാറ്റപ്പെടുന്നു.

ടെറ കോമ്പൗണ്ടിലെ പുനരുല്‍പാദന വ്യവസ്ഥയുടെ ആന്തരിക യുക്തി ഏറ്റവും നന്നായിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്: വാങ്ങല്‍-വില്‍പന ക്രമീകരണങ്ങള്‍ക്ക് ഒരു ഘടനയുണ്ട്, ആളുകള്‍ ഓരോ പ്രത്യേക തൊഴിലിനും സാങ്കേതികപദങ്ങള്‍ ഉപയോഗിക്കുന്നു, പ്രക്രിയയുടെ തുടര്‍ച്ചയായ ഘട്ടങ്ങളെ വളരെനന്നായി സ്ഥാപിച്ചിരിക്കുന്നു, ഒന്നോ അതിലധികമോ തൊഴിലുകളില്‍ ഓരോരുത്തരും വിദഗ്ദ്ധരായിരിക്കുന്നു. മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍ നഗരത്തിലുടനീളം ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്നു, അവയുടെ വ്യാപാരികള്‍ അവ ദിനംപ്രതി ശേഖരിച്ച് ഷെഡില്‍ എത്തിക്കുന്നു. വാഹനങ്ങള്‍ ഓടിക്കുന്നവരും സഹായികളും തൂക്കം നോക്കുന്നിടത്ത് സാധനങ്ങള്‍ ഇറക്കുന്നു. അടുത്തത് ഗോഡൗണുകളുടെ ഉടമകളായ സേഠുമാരാണ്. മേല്‍നോട്ടക്കര്‍ക്കിടയില്‍ അവര്‍ സാധനങ്ങള്‍ ഉപവിഭജനം നടത്തുന്നു. പുരുഷന്മാരും സ്ത്രീകളുമായ തൊഴിലാളികള്‍ ആയിരക്കണക്കിന് ജോലികളില്‍ ഏര്‍പ്പെടുന്നു.

PHOTO • Sharmila Joshi
PHOTO • Sharmila Joshi

ധാരാവിയിലെ 13-ാം കോമ്പൗണ്ടിലെ പുനരുല്‍പാദന വ്യവസ്ഥക്ക് നന്നായി സംവിധാനം ചെയ്ത ഒരു ആന്തരിക യുക്തിയുണ്ട്

പുനരുപയോഗം നടത്താവുന്ന ഷീറ്റുകള്‍ ഫാക്ടറികള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നതിനായി മുഴക്കങ്ങളും കടകട ശബ്ദങ്ങളും ഉണ്ടാക്കിക്കൊണ്ട് യന്ത്രങ്ങള്‍ ലോഹങ്ങള്‍ കത്തിക്കുകയും ഉരുക്കുകയും ചെയ്യുന്നു. ഉപയോഗിച്ച പെട്ടികളില്‍ നിന്നും കൊള്ളാവുന്നഭാഗം വെട്ടിയെടുത്ത് തൊഴിലാളികള്‍ കാര്‍ഡ്‌-ബോര്‍ഡ് പെട്ടികള്‍ പുനഃസൃഷ്ടിക്കുകയും, പഴയ ചെരിപ്പുകളുടെ അടിഭാഗം യന്ത്രത്തിലിടുകയും, ചെറുതകരപ്പാത്രങ്ങള്‍ വൃത്തിയാക്കി അവയെ കുന്നുകൂട്ടി മുകളില്‍ അടുക്കിവയ്ക്കുകയും ചെയ്യുന്നു. പഴയ റെഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും 13-ാം കോമ്പൗണ്ടില്‍ മുറിക്കുകയും അതില്‍നിന്നുള്ള ലോഹ, പ്ലാസ്റ്റിക് ഭാഗങ്ങള്‍ പുനരുല്‍പാദനത്തിനായി മാറ്റുകയും ചെയ്യുന്നു. കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ പൊളിക്കുകയും പഴയ ഫര്‍ണിച്ചറുകള്‍ നന്നാക്കുകയും എണ്ണയുടെയും പെയിന്‍റുകളുടെയും ഒഴിഞ്ഞ വീപ്പകള്‍ രണ്ടാമതുപയോഗിക്കാനായി വൃത്തിയാക്കി തയ്യാറാക്കുകയും ചെയ്യുന്നു. അപ്പോള്‍ അവയില്‍നിന്നുള്ള ഹാനികരമായ അവശിഷ്ടങ്ങള്‍ തുറന്ന ഓടകളിലൂടെ ഒഴുകുകയും ചെയ്യുന്നു.

ചില ഗോഡൗണുകളില്‍ തൊഴിലാളികള്‍ പ്ലാസ്റ്റിക് ഇനങ്ങള്‍ (കുപ്പികള്‍, ബക്കറ്റുകള്‍, പെട്ടികള്‍ തുടങ്ങിയവ) അവയുടെ ഗുണമേന്മയും വലിപ്പവും തരവും അനുസരിച്ച് പരിശോധിക്കുന്നു. പിന്നീട്, തരംതിരിക്കുകയും പ്രത്യേകം മാറ്റിവയ്ക്കുകയും കഴുകുകയും ചെയ്തശേഷം മേന്മകുറഞ്ഞ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാക്കി മാറ്റാനായി ചില പണിഷെഡുകളില്‍വച്ച് അവയെ ചെറിയ ഉണ്ടകളാക്കി മാറ്റുന്നു. പിന്നെ ചാക്കുകളില്‍ നിറച്ച സാധനങ്ങള്‍ ടെമ്പോകളിലോ ട്രക്കുകളിലോ കയറ്റി പുനരുല്‍പാദന ചങ്ങലയുടെ അടുത്ത ഘട്ടത്തിലേക്ക് മാറ്റുന്നു – ഒരുപക്ഷെ കവര്‍ചിത്രത്തില്‍ കാണുന്ന മനുഷ്യനും അയാളുടെ സംഘവും ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ഒരു ജോലി.

“ഇതുപോലെ മറ്റേതെങ്കിലും ഗ്രാമം നിങ്ങള്‍ കണ്ടിട്ടുണ്ടോ?” ഒരിക്കല്‍ ഇവിടെയുള്ള ഒരു തൊഴിലാളി എന്നോട് ചോദിച്ചു. “ഈ സ്ഥലം നിങ്ങള്‍ക്ക് എന്തും നല്‍കും. ഇവിടെ വരുന്ന ആര്‍ക്കും എന്തെങ്കിലുമൊരു പണി കണ്ടെത്താം. അവസാനം ഇവിടെ നിന്നാരും വിശന്ന് പോവില്ല.”

എന്നിരിക്കിലും കഴിഞ്ഞ കുറച്ചു ദശകങ്ങളായി ധാരാവിയിലെ നിരവധി ഗോഡൗണുകള്‍ വര്‍ദ്ധിതമായ ചിലവുകളും പുനര്‍വികസനത്തിന്‍റെ അനിശ്ചിതത്വങ്ങളും നിമിത്തം മുംബൈയുടെ ഉത്തരതീരത്തുള്ള നാലാസോപാര, വസയി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ പുനരുല്‍പാദന കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു ചതുരശ്രമൈലോളം വരുന്ന സെന്‍ട്രല്‍ മുംബൈ പ്രദേശമായ ധാരാവി ‘പുനര്‍വികസിപ്പിക്കാനുള്ള’ പദ്ധതികള്‍ വര്‍ഷങ്ങളായി ആവിഷ്കരിക്കപ്പെടുന്നു. അവ നടപ്പിലാകുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ വളരെക്കാലമായി വേതനം കണ്ടെത്തിയിരുന്ന, മാലിന്യ വസ്തുക്കളെ കേന്ദ്രീകരിച്ചുള്ള, കൂടുതല്‍ ബിസിനസ്സുകള്‍ ക്രമേണ പുറന്തള്ളപ്പെടാം. അങ്ങനെ അവരുടെ നഗര ‘ഗ്രാമം’ ഉയര്‍ന്നുനില്‍ക്കുന്ന കൂടുതല്‍ ഗോപുരങ്ങള്‍ക്ക് വഴിമാറാം.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.