ഒറ്റപ്പെടൽ ജിഗർദേദിന് ഒരു പുതുമയല്ല. അവർ ശ്രീനഗറിലെ ദാൽനദിയിലെ ഒരു ഘാട്ടി ലുള്ള അവരുടെ ഹൗസ്ബോട്ടിനു സമീപത്തായി ഒരു മരക്കുടിലിലാണ് താമസം. ഭർത്താവിനേയും പിന്നീട് മകനേയും നഷ്ട്ടപ്പെട്ടിട്ട് ഇപ്പോൾ 30 വർഷത്തോളമായി. ഈ ദീർഘകാലത്തിനിടയിൽ അവർ ഒരുപാട്‌ പ്രാരാബ്ധങ്ങൾ ഒറ്റയ്ക്ക് സഹിച്ചു.

അവർ പറയുന്നു, "ഈ ആയുസ്സിനിടയിൽ 30 കൊല്ലങ്ങളായി ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നു, എന്നാൽ കഴിഞ്ഞകൊല്ലത്തേതുപോലെ ഒരൂ ബുദ്ധിമുട്ട് ഇതിനുമുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഷട്ട്ഡൗൺ കഴിഞ്ഞ് വിനോദസഞ്ചാരികൾ വന്നുതുടങ്ങിയപ്പോഴേക്കും ഈ കൊറോണ വന്നു, പിന്നെ എല്ലാവരെയും ബന്ദികളാക്കി വീണ്ടും ലോക്ക്ഡൗണും. "

ഓഗസ്റ്റ് 5, 2019ന് ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിനെത്തുടർന്ന് കശ്മീരിലുണ്ടായ ലോക്ക്ഡൗൺ വ്യാപകമായ നഷ്ട്ടങ്ങൾ സൃഷ്ട്ടിച്ചു. "അതിനുശേഷം ഞാൻ ഒരു വിനോദസഞ്ചാരിയെപ്പോലും കണ്ടിട്ടില്ല," ജിഗർ പറയുന്നു. തദ്ദേശവാസികളല്ലാത്ത എല്ലാവരും മടങ്ങണമെന്ന ഔദ്യോഗികമായ അറിയിപ്പ് വന്നപ്പോൾ വിനോദസഞ്ചാരിക:ൾക്കും ആ താഴ്വാരത്തുനിന്ന് മടങ്ങേണ്ടിവന്നു. "അത് ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു", അവർ കൂട്ടിച്ചേർത്തു. "ഞങ്ങളുടെ കച്ചവടം മുഴുവൻ നഷ്ടത്തിലായി. പണ്ടേ തകർന്ന എന്റെ ജീവിതം കൂടുതൽ ദുരിതത്തിലായി”.

ഒറ്റപ്പെടലിലേക്ക് അവരെ നയിച്ച ആ തകർച്ചയെക്കുറിച്ച് അവർ വ്യക്തമായി ഓർക്കുന്നുണ്ട്. "അന്ന് എന്റെ സഹോദരിയുടെ വിവാഹനിശ്ചയമായിരുന്നു. കുടുംബം മുഴുവനും ഒരുമിച്ച് ആട്ടവും പാട്ടുമൊക്കെയായി സന്തോഷത്തോടെ ഒരുമിച്ചുകൂടിയിരുന്നു". 80 വയസ്സായി എന്ന് സ്വയം വിശ്വസിക്കുന്ന ജിഗർ പറയുന്നു. "എന്റെ ഭർത്താവ്, അലി മുഹമ്മദ് തുള്ള, എന്റെ അടുത്ത് വന്ന് നെഞ്ചുവേദനിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെ മടിയിൽക്കിടത്തിയപ്പോൾ, ആ ശരീരം തണുത്തുറക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു..... ആ നിമിഷം, ആകാശം എന്റെ തലയ്ക്ക് മുകളിൽ ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി."

ജിഗറിനേയും 17 വയസ്സുണ്ടായിരുന്ന മന്ന എന്ന് വിളിപ്പേരുള്ള മകൻ മൻ‌സൂറിനേയും  ഒറ്റയ്ക്കാക്കി 50 വയസ്സുള്ള അലി മുഹമ്മദ് യാത്രയായി.  ഒരു ഹൌസ്ബോട്ടായിരുന്നു ഉണ്ടായിരുന്ന ഒരേയൊരു ഉപജീവനമാർഗ്ഗം. അവരുടെ കുടിലിൽനിന്നും ഒരുചെറിയ പാലത്തിനപ്പുറത്ത് കെട്ടിയിട്ടിരിക്കുകയയൈരുന്നു 4 മുറികളുള്ള ഇൻഡോറ എന്ന ആ ഹൌസ്ബോട്ട്.

"വിനോദസഞ്ചാരികളെ അന്വേഷിച്ച് പുറത്തുപോവുമ്പോൾ, എന്റെ കാര്യം ശ്രദ്ധിക്കാൻ മകൻ അയൽക്കാരോട് ശട്ടം കെട്ടും. ഞാൻ അവന്റെ അച്ഛനെ ഓർത്ത് കരഞ്ഞുകൊണ്ടിരിക്കുമെന്ന് അവനറിയാമായിരുന്നു", ആ ഒറ്റമുറിപ്പുരയിലെ ഒരു മെത്തയിലിരുന്ന്, കതകിന് പുറത്തേക്കുനോക്കിക്കൊണ്ട് ജിഗർ പറയുന്നു. മുറിയിലെ മരത്തിന്റെ ചുവരുകളിൽ ഭർത്താവിന്റെയും മകന്റെയും ഫോട്ടോകളുണ്ടായിരുന്നു.

ഭർത്താവ് മരിച്ച ദു:ഖത്തിൽനിന്ന് കരകയറുന്നതിനുമുന്നേ, മൻ‌സൂറും മരിച്ചു. ഏഴുമാസത്തിനകം.  മരണകാരണമോ, ദിവസമോ ജിഗറിന് ഓർമയില്ല. അച്ഛൻ മരിച്ചതിന്റെ ദുഖമാണ് അവന്റെ ജീവനെടുത്തതെന്ന് അവർ വിശ്വസിക്കുന്നു.

"എന്റെ ലോകം തകിടം മറിഞ്ഞു", അവർ പറയുന്നു. "ഓർമ്മകൾ നിറഞ്ഞ ഒരു ഹൗസ്ബോട്ടിൽ എന്നെ ഒറ്റക്കാക്കിക്കൊണ്ട് എന്റെ ജീവിതത്തിലെ രണ്ട് നായകൻമാരും എന്നെ വിട്ടുപോയി. രോഗം മൂലം എന്റെ ഓർമകൾ മിക്കതും മങ്ങിത്തുടങ്ങിയെങ്കിലും ആ രണ്ടുപേരെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു”, അവർ പറഞ്ഞു.

PHOTO • Muzamil Bhat

മകനോടൊപ്പം ജിഗർ ദേദ് (വലത്ത്; ഇടത്ത്: ഒരു വിനോദസഞ്ചാരി). 'എന്റെ മൻസൂർ ഒരു നായകനായിരുന്നു. ഒരേവസ്ത്രം അവൻ രണ്ടുദിവസം അടുപ്പിച്ച് ഇടില്ലായിരുന്നു'

അത്തരം ചില ഓർമ്മകൾ സംസാരത്തിനിടയിൽ പൊങ്ങിവന്നു, "എന്റെ മന്നാ ഈ മെത്തയിലാണ് ഉറങ്ങിയിരുന്നത്," അവർ ഓർത്തെടുക്കുന്നു. "അവൻ ഒരു വികൃതിയായിരുന്നു. ഒറ്റ കുട്ടി ആയിരുന്നതുകൊണ്ട് ഞങ്ങൾ മാതാപിതാക്കളോട് ഒരമിതമായ അടുപ്പമുണ്ടായിരുന്നു അവന്. ഒരിക്കൽ ഞങ്ങൾ അവനെ അറിയിക്കാതെ ഒരു സോഫ വാങ്ങി. അതറിഞ്ഞപ്പോൾ അവൻ ഭക്ഷണം കഴിക്കാതെ ഇരുന്നു. ഒടുവിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നതുവരെ.  അള്ളാ, എന്റെ കുഞ്ഞിനെ എനിക്ക് കാണാൻ തോന്നുന്നല്ലോ..”.

അതിൽപ്പിന്നെ, ഭർത്താവ് ബാക്കിവെച്ച ആ ഹൗസ്ബോട്ടിൽനിന്ന് കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ് ജിഗർദേദ് ഒറ്റയ്ക്ക്  കഴിഞ്ഞുകൂടുന്നത്. വിനോദസഞ്ചാര സീസണുകളിൽ, ഏപ്രിൽമുതൽ ഓഗസ്റ്റുവരെ, മിക്കവാറും പ്രതിമാസം 15000-20000 രൂപവരെ, അതിൽനിന്ന് കിട്ടും.

കഴിഞ്ഞകൊല്ലത്തെ ഷട്ട്ഡൗണിനെത്തുടർന്ന് വരുമാനം നഷ്ടപ്പെട്ടതിന്റെകൂടെ മറ്റൊരു പ്രഹരവും അവർക്ക്  നേരിടേണ്ടിവന്നു. ഓഗസ്റ്റ് 2019 കഴിഞ്ഞ് രണ്ട്മാസങ്ങൾക്കുശേഷം, ദീർഘകാലം അവരുടെ സഹായിയും ഹൌസ്ബോട്ടിന്റെ മേൽ‌നോട്ടക്കാരനുമായ ജീവനക്കാരൻ ജോലിയുപേക്ഷിച്ച് പോയി.   "സന്ദർശകരുടെ കാര്യങ്ങൾ അയാളായിരുന്നു നോക്കിനടത്തിയിരുന്നത്. ഗുലാംറസൂൽ. മകനെപ്പോലെയായിരുന്നു എനിക്കവൻ. ബോട്ടിന്റെ കാര്യങ്ങളും നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. എനിക്ക് പുറത്തുനിന്ന് ഭക്ഷണമോ മറ്റെന്തെങ്കിലുമോ ആവശ്യമുള്ളപ്പോൾ അവനായിരുന്നു ആശ്രയം."

മാസശമ്പളമായ 4500-5000 രൂപ കൊടുക്കാൻ ജിഗാറിന് പറ്റാതായപ്പോൾ ഗുലാം റസൂൽ വിട്ടുപോയി. വിനോദസഞ്ചാരികളില്ലാത്തതിനാൽ അവരിൽനിന്ന് കിട്ടിയിരുന്ന ചില്ലറ തുകയും  കിട്ടാതായിരുന്നു.  . "എന്നെ ഒറ്റക്കാക്കി പോകുന്നതിൽനിന്ന് അയാളെ തടയാൻ ഞാൻ മുതിർന്നില്ല. അയാൾക്കും ഒരു കുടുംബമുണ്ടായിരുന്നു"

പ്രായമേറെയായ  ജിഗർദേദിന്, അവരുടെ ഹൗസ്‌ബോട്ടിൽനിന്ന് പുറത്ത് പോയി എന്തെങ്കിലും ചെയ്യാനോ ദാൽനദിക്കപ്പുറം ചെന്ന് സാധനങ്ങൾ വാങ്ങാനോ പറ്റുന്നില്ല. ആരുടെയെങ്കിലും സഹായം അവർക്കാവശ്യമാണ്. ഒരു പഴയ കുടുംബസുഹൃത്താണ് അവരെ സഹായിക്കാറുള്ളത്. എങ്കിലും എപ്പോഴും അയാളെ ആശ്രയിക്കാനും കഴിയില്ല. ആരെങ്കിലും സഹായത്തിന് വന്നെത്തുന്നതുവരെ ചിലപ്പോൾ അവർക്ക് ഹൌസ്ബോട്ടിന് പുറത്ത് മണിക്കൂറുകൾ  കാത്തിരിക്കേണ്ടിവരാറുണ്ട്.  ആരെയും നിർബന്ധിച്ച് ജോലി ചെയ്യിക്കാനും എനിക്കാവില്ല. ആരെങ്കിലും വരുന്നതുവരെ കാത്തിരിക്കുകയേ പറ്റൂ”, അവർ പറയുന്നു.

"മുൻപ്, കയ്യിൽ പണമുണ്ടായിരുന്നപ്പോൾ വിളിച്ചാൽ ആളുകൾ വേഗം വന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുമായിരുന്നു.", അവർ കൂട്ടിച്ചേർക്കുന്നു, "പക്ഷെ ഈയിടെയായി ആരെയെങ്കിലും കാത്തിരിക്കേണ്ടിവരുന്നു. സാധനങ്ങൾ വാങ്ങാനും മറ്റും എന്റെ കൈയ്യിൽ പണമില്ലെന്നാവും അവർ ഒരുപക്ഷേ കരുതുന്നത്."

എന്നാലിപ്പോൾ, 30 വർഷത്തിൽ ആദ്യമായി അവരുടെ കരുതൽധനമൊക്കെ തീർന്നുതുടങ്ങി. രണ്ട് ലോക്ഡൌണുകളും വിനോദസഞ്ചാരികൾ വരാതായതും അവരെ ബാധിച്ചുതുടങ്ങി. അതുകൊണ്ട് ഭക്ഷണം രണ്ടുനേരത്തിനുപകരം ഒരുനേരം മാത്രമാക്കി അത്താഴത്തിന്  ചോറും പരിപ്പും . ഉച്ചയ്ക്ക് പ്രാദേശികമായി കിട്ടുന്ന ഉപ്പുചായയും . ചിലപ്പോഴൊക്കെ ദാൽനദിയിലെ അവരുടെ അയൽവാസികൾ വീട്ടിലോ ബോട്ടിലോ ഭക്ഷണപ്പൊതികൾ എത്തിക്കാറുണ്ട്.

"ആളുകളുടെ മുന്നിൽ കൈനീട്ടുന്നതിലും നല്ലത് പട്ടിണികിടന്ന് ചാവുന്നതാണ്. അല്ലെങ്കിൽ എന്റെ മോനും ഭർത്താവിനും ചീത്തപ്പേരുണ്ടാവും. എല്ലാവരുടേയും അവസ്ഥ ഇതുതന്നെയാണ്. അതുകൊണ്ട് ആരെയും കുറ്റപ്പെടുത്താനാവില്ല. ലോക്ക്ഡൗണുകൾ കാരണം ഞങ്ങളുടെ കച്ചവടമൊക്കെ സ്തംഭിച്ചിരിക്കുകയാണ്. ആരുടെ കയ്യിലും പണം ബാക്കിയില്ല. കഴിഞ്ഞ ഓഗസ്റ്റ്തൊട്ട് ഒരു വിനോദസഞ്ചാരിപോലും വരുന്നില്ല. പല ഹൌസ്ബോട്ട് ഉടമകളുടേയും ശിക്കാരവാലകളുടേയും സ്ഥിതി ഇതുതന്നെയാണ്”.

മഞ്ഞുകാലം അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. അവരുടെ ഹൗസ്ബോട്ടിന് അറ്റകുറ്റപ്പണികളൊന്നും ചെയ്തിട്ടില്ല. തണുപ്പുകാലത്തിനെ ആ ഹൌസ്ബോട്ട് അതിജീവിക്കുമോ എന്നറിയില്ല. അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള പണവും അവരുടെ കൈയ്യിലില്ല.  . കാലാവസ്ഥ മോശമാവുമ്പോഴെല്ലാം ജിഗർദേദിന് ഉറക്കം നഷ്ടമാവും. "മഴ പെയ്താൽ ഞാൻഎന്ത്ചെയ്യുമെന്നാണ് എന്റെ പേടി. ഞാനും ഹൗസ്ബോട്ടും ഒരുമിച്ച് മുങ്ങിപ്പോവുമോ എന്നാണ് എന്റെ പേടി. ഈ ശൈത്യകാലം രൂക്ഷമാവുന്നതിനുമുൻപ് കുറച്ച് വിനോദസഞ്ചാരികളെ തരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എന്റെ ഒരേയൊരു ജീവിതമാർഗം, എന്റെ അലിയുടെ ഈ സമ്മാനം നഷ്ടപ്പെടാതിരിക്കാൻ"

PHOTO • Muzamil Bhat

ഓർമ്മകൾ നിറ ഞ്ഞുനിൽക്കുന്ന ഹൗസ്ബോട്ടിൽ . കഴിഞ്ഞ 30 വർഷത്തോളമായി ജിഗർദേദ്, ഡാൽനദി യിൽ തീർത്തും ഒറ്റ പ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്നു . ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിനെ ത്തു ടർ ന്ന് കഴിഞ്ഞ കൊല്ലമുണ്ടായ ലോക്ക്ഡൌൺ വരെ അവർ എങ്ങിനെയൊക്കെയോ ജീവിച്ചുപോന്നു . അവരുടെ ഭർത്താവ് ബാക്കിവെച്ച ഹൌസ്ബോട്ടിൽനിന്നുള്ള വരുമാനം കൊണ്ട് .  'കഴിഞ്ഞകൊല്ലത്തിലേതുപോലെ ഒരു ബുദ്ധിമു ട്ട് ഞാനിതിനു മുൻ പ് ണ്ടിട്ടില്ല' ,' അവർ പറയുന്നു. ‘ഷട്ട്ഡൗൺകഴി ഞ്ഞ് വി നോദസഞ്ചാരികൾ വന്നുതുടങ്ങിയപ്പോഴേക്കും ഈ കൊറോണ വന്നു , പിന്നെ വീണ്ടും ലോക്ക്ഡൗൺ...'

PHOTO • Muzamil Bhat

പ്രായമേറെയായ  ജിഗർദേദിന്, ദാൽനദിക്കപ്പുറമുള്ള അങ്ങാടിയിൽ ചെന്ന് സാധനങ്ങൾ വാങ്ങാനും മറ്റും സാധിക്കുന്നില്ല. പലവ്യഞ്ജനങ്ങൾ കൊണ്ടുവരാൻ, ഭർത്താവിന്റെ സുഹൃത്തും ശിക്കാർവാലയുമായ ഒരാളെ എപ്പോഴും അവർക്ക് ആശ്രയിക്കേണ്ടിവരുന്നു

PHOTO • Muzamil Bhat

താമസിക്കുന്ന കുടിലും , ഹൗസ്ബോട്ടും, അവയെ ബന്ധിപ്പിക്കുന്ന മരത്തിന്റെ ചെറിയ പാലവു മായി അവരുടെ ജീവിതം ചുരുങ്ങിയിരിക്കുന്നു . ‘ സ്വന്തം ജോലികൾ മാറ്റിവെച്ച് എ ന്നെ സഹായിക്കാൻ ആരെയും എനിക്ക് നിർബന്ധിക്കാനാവില്ല . എന്തെങ്കിലും സഹായം വരുന്നതുവരെ കാത്തിരുന്നേ പറ്റൂ

PHOTO • Muzamil Bhat

ഭർത്താവിന്റെ സുഹൃത്ത് മാ ർക്കറ്റിൽനിന്നും സാധനങ്ങൾ കൊണ്ടുവ രുന്നതും കാത്തിരിക്കുന്നു . ‘ ഇന്ന് രാവിലെ ഞാൻ അയാളെ മൂന്നുപ്രാവശ്യം വിളിച്ചു , വീട്ടിലെ ഭക്ഷണസാധനങ്ങളെല്ലാം തീർന്നിരിക്കുകയാണ് . ഇപ്പൊ വരാമെന്ന് പറഞ്ഞുപറഞ്ഞ് 11 മണിയായി. ഇതുവരെ എത്തിയിട്ടില്ല. വേഗം വന്നിരുന്നെങ്കിൽ എനിക്കൊരു കപ്പ് ചായ ഉണ്ടാക്കി കുടിക്കാമായിരുന്നു

PHOTO • Muzamil Bhat

എന്നാലി പ്പോൾ , 30 വർഷത്തിൽ ആദ്യമായി അവരുടെ കരുതൽധനമൊക്കെ തീർന്നുതുടങ്ങി . രണ്ട് ലോക്ഡൌണുകളും വിനോദസഞ്ചാരികൾ വരാതായതും അവരെ ബാധിച്ചുതുടങ്ങി . അതുകൊണ്ട് ഭക്ഷണം ഒരുനേരം മാത്രമാക്കി . ‘ പാചകം ചെയ്യാനും അധികം പാത്രങ്ങളൊന്നും ഉപയോഗിക്കാറില്ല . അതുകൊണ്ട് കഴുകി വൃത്തിയാ‍ക്കാനും അധികമൊന്നുമില്ല . തണുപ്പുകാലം വന്നാൽ , കയ്യിൽ തണുത്ത വെള്ളം തട്ടുന്നത് സഹിക്കാൻ പറ്റില്ല

PHOTO • Muzamil Bhat

ഭർത്താ വ്‌ മരിച്ചതിനുശേഷം ഞാൻ എന്റെ മകൻ മന്നയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയിരുന്നത് . ഒറ്റ യ്ക്കല്ല എന്ന തോന്നൽ അത് തന്നിരുന്നു . ഓർമ്മകളുടെ ഭാ രം എന്നെ ഏൽ‌പ്പിച്ച് മന്നയും വേറെ ലോകത്തേ ക്ക് പോ യപ്പോൾ എല്ലാം മാറി മറിഞ്ഞു

PHOTO • Muzamil Bhat

നീണ്ട ഏകാന്തത യ്ക്ക് മുമ്പുള്ള കാലം : ഒരു കുടുംബചിത്രം , മൻസൂർ ( മുകളിൽ ഇട ത്ത് ), ഭർത്താവ് അലി മുഹമ്മദ്തുള്ള ( വല ത്ത് ). ഒരു ഗ്രൂപ്പ് ഫോട്ടോ : പഴയ ജോലിക്കാരൻ അസദുള്ള , മൻസൂ , അലി മുഹമ്മ ദ് , ഒരു സഞ്ചാരി , പിന്നെ ജിഗർദേ ദും

PHOTO • Muzamil Bhat

കാലാവസ്ഥ മോശമാവുമ്പോഴെല്ലാം ജിഗർദേദിന് ഉറക്കം നഷ്ടമാവും. "മഴ പെയ്താൽ ഞാൻഎന്ത് ചെയ്യുമെന്നാണ് എന്റെ പേടി. ഞാനും ഹൗസ്ബോട്ടും ഒരുമിച്ച് മുങ്ങിപ്പോവുമോ എന്ന് ഭയമുണ്ട്. ഈമഞ്ഞുകാലം അതിജീവിക്കണമെങ്കിൽ ഹൌസ്ബോട്ടിന് ഒരുപാട് അറ്റകുറ്റപ്പണി  ആവശ്യമുണ്ട്'

അടിക്കുറിപ്പ് : ഡിസംബർ 25, 2020, ക്രിസ്തുമസ് ദിവസം രാവിലെ ജിഗർദേദ് അന്തരിച്ചു . ആ മാസം കശ്മീരിൽ അനുഭവപ്പെട്ട രൂക്ഷവും അസഹനീയവു മായ ശൈത്യം മാ വാം മരണകാരണം .

പരിഭാഷ: ഗ്രേയ്സ് പോൾ വല്ലൂരാന്‍

Muzamil Bhat

Muzamil Bhat is a Srinagar-based freelance photojournalist and filmmaker, and was a PARI Fellow in 2022.

Other stories by Muzamil Bhat
Translator : Grace Paul Vallooran

Grace Paul is a PG student of Journalism at Savitribai Phule Pune University.

Other stories by Grace Paul Vallooran