ലല്ലൻ പസ്വാൻ ആദ്യമായി റിക്ഷാവണ്ടി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചപ്പോൾ മറ്റു വണ്ടിക്കാർ, യാത്രക്കാരെപ്പോലെ, അയാൾക്ക്‌ പരിശീലിക്കാനായി സീറ്റിലിരുന്നുകൊടുത്തു. “ഞാൻ ആദ്യമായിട്ട് വണ്ടി (റിക്ഷയുടെ മുൻഭാഗം) വലിച്ചു മുമ്പോട്ടു കൊണ്ടുപോവാൻ ശ്രമിച്ചപ്പോൾ, സാധിച്ചില്ല” അയാൾ പറഞ്ഞു. ”പിന്നെ രണ്ട് മൂന്ന് ദിവസങ്ങളെടുത്തു ശരിയാവാൻ.”

എങ്ങനെയാണു വണ്ടി മറിയാതെ മുന്നോട്ടു കൊണ്ടുപോകാൻ പഠിച്ചത് എന്ന് കള്ളിമുണ്ട് കൊണ്ട് നെറ്റിയിലെ വിയർപ്പു തുടച്ചുകൊണ്ട് അയാൾ വിശദീകരിച്ചു. “മുൻവശത്തെ പിടികൾ യാത്രക്കാരിൽ നിന്നും ദൂരേക്ക്‌ നീക്കി പിടിച്ചാൽ വണ്ടി മറിയില്ല”. വണ്ടി മറിയുമോ എന്ന പേടി കൂടാതെ യാത്രക്കാരെ ഇരുത്തി വലിക്കാൻ അയാൾക്ക് സാധിച്ചത് കുറച്ചുകൂടി കഴിഞ്ഞാണ്. എന്നാൽ,"ഇപ്പൊള്‍ പേടിയില്ല. രണ്ട് പേരെ ഇരുത്തി സുഖമായിട്ടു വലിക്കാം. മൂന്ന് പേരെയും പറ്റും, മൂന്നാമത്തേത് കുട്ടിയാണെങ്കിൽ"

ആ ആദ്യകാല ശ്രമങ്ങൾക്ക് ശേഷം ഇപ്പോള്‍ ഏകദേശം 15 കൊല്ലം കഴിഞ്ഞു. അന്ന്, ആദ്യ ചുവടുകൾ വെക്കുമ്പോൾ, ലല്ലൻ ബിഹാറിലെ കിഴക്കേ ചമ്പാരൻ ജില്ലയിലെ രഘു നാത്പൂർ എന്ന ഗ്രാമത്തിൽ നിന്ന് കൊൽക്കത്ത നഗരത്തിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളു. അയാൾ 9-ാം ക്ലാസ് വരെ പഠിച്ചു. പിന്നെ കുറച്ചു നാള് കുടുംബത്തിലെ ഒരു ബിഘ (ഒരു ഏക്കറിലും താഴെ) സ്ഥലത്തു നെല്ലും ഗോതമ്പും കൃഷി ചെയ്തു. പക്ഷെ കൃഷിയിൽ നിന്നും അധികം വരവ് കിട്ടാഞ്ഞതിനാൽ ഒരു ഭേദപ്പെട്ട ജോലി നോക്കിയാണ് ലല്ലൻ കൊൽക്കത്തയിൽ വന്നത്.

കുറച്ചു മാസം ഒരു ഓഫീസിൽ ജോലിക്കായി ശ്രമിച്ചു. "എനിക്ക് ജോലിയൊന്നും കിട്ടാതായപ്പോൾ, എന്‍റെ ഗ്രാമത്തിൽ നിന്നുള്ള ചില റിക്ഷാവണ്ടിക്കാരാണ് ഈ ജോലി പരിചയപ്പെടുത്തിയത്"

ഏകദേശം 40 വയസുള്ള ലല്ലൻ തെക്കൻ കൊൽക്കത്തയിലെ കോൺഫീൽഡ് റോഡും ഏക്ഡാലിയ റോഡും ചേരുന്ന കവലയിലെ റിക്ഷ സ്റ്റാൻഡിൽ, അവിടെത്തന്നെയുള്ള മറ്റു 30 പേരേപ്പോലെ, പ്രവർത്തിക്കുന്നു. അവരിൽ പലരും മാർച്ചിൽ രാജ്യത്ത് കോവിഡ്-19 ലോക്‌ഡൗണ്‍ തുടങ്ങിയപ്പോൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയെന്ന് അയാൾ പറഞ്ഞു. “കൊറോണ കാരണം ഇവിടെ ജോലി നല്ല രീതിയിൽ നടക്കുന്നില്ലായിരുന്നു. ഇവിടെ നിന്നിട്ട് അവർ എന്ത് ചെയ്യാൻ? അതുകൊണ്ട് അവർ മടങ്ങി പോയി.”

പക്ഷെ ലല്ലൻ കൊൽക്കത്തയിൽ തുടർന്നു. കാരണം അയാൾ നാട്ടിലെ ഒരു മഹാജനിൽ നിന്ന് ഒരു നല്ല വീട് വെക്കുന്നതിനായി ഒരുലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരിച്ചു പോയിരുന്നെങ്കിൽ ആ തുക തിരികെ നല്‍കാന്‍ കടം കൊടുത്തയാൾ ആവശ്യപ്പെടുമായിരുന്നു. അത് തിരികെ കൊടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല ലല്ലൻ ഇപ്പോൾ.

'I can easily pull the rickshaw with two passengers, even three, if the third is a child,' says Lallan, who came to Kolkata from Bihar 15 years ago
PHOTO • Puja Bhattacharjee
'I can easily pull the rickshaw with two passengers, even three, if the third is a child,' says Lallan, who came to Kolkata from Bihar 15 years ago
PHOTO • Puja Bhattacharjee

എനിക്ക് രണ്ട് പേരെ ഇരുത്തി സുഖമായിട്ടു റിക്ഷ വലിക്കാം . മൂന്ന് പേരെയും പറ്റും , മൂന്നാമത്തേത് കുട്ടിയാണെങ്കിൽ " എന്ന് 15 കൊല്ലം മുൻപ് കൊൽക്കത്തയിലേക്ക് ബിഹാറിൽ നിന്നും വന്ന ലല്ലൻ പസ്വാൻ പറയുന്നു

മഹാമാരിക്ക് മുൻപ് രാവിലെ 6 മണിക്ക് തുടങ്ങി രാത്രി 10 മണി വരെ ലല്ലൻ ജോലി ചെയ്തിരുന്നു. റിക്ഷ സ്റ്റാൻഡിന്‍റെ ഏകദേശം 5 കി.മീ. ദൂരപരിധിയിലുള്ള ഗോൽപാർക്, ഗരിയാഹാട്, ബലിഗഞ്ജ് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്രക്കാരെ എത്തിച്ചു ദിവസം 200 മുതൽ 300 രൂപ വരെ അയാൾ സമ്പാദിച്ചിരുന്നു.

റിക്ഷയും യാത്രക്കാരുമായി കുറഞ്ഞത് 150 കിലോ ഭാരം ഉന്തി 1 കി.മീ. കടക്കാൻ ഏകദേശം 15 മിനിറ്റ് പസ്വാൻ എടുക്കും. “യാത്രക്കാരെകൊണ്ട് എന്‍റെ സ്ഥിരം റൂട്ടിൽ നിന്നും കൂടുതൽ പോകേണ്ടിവന്നാൽ, കാലുകളും തോളും സവാരി തീരുമ്പോഴേക്കും കഴച്ചു തുടങ്ങും,ഞാൻ വളരെ ക്ഷീണിക്കും”, അയാൾ പറഞ്ഞു.

ലോക്‌ഡൗണിന് മുൻപ്, ദൂരവും ആളുകളുടെ എണ്ണവും അനുസരിച്ച് അയാൾ 30 മുതൽ 50 രൂപ വരെ ഒരു സവാരിക്ക് വാങ്ങിയിരുന്നു. "ചില മാസങ്ങളിൽ എനിക്ക് 8,000 വും മറ്റു മാസങ്ങളിൽ 10,000 വും കിട്ടിയിരുന്നു" എന്ന് അയാൾ പറഞ്ഞു. ഈ വരുമാനത്തിൽ നിന്ന് 200 രൂപ ആഴ്ചതോറും റിക്ഷ ഉടമക്ക് കൊടുക്കും, 2,000 രൂപ സ്വന്തം ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി മാറ്റിവയ്ക്കും. ബാക്കിയുള്ള പണം മുഴുവനും നാട്ടിലുള്ള തന്‍റെ കുടുംബത്തിന് അയച്ചു കൊടുക്കും.

ലോക്‌ഡൗണ്‍ സമയത്ത്, വല്ലപ്പോഴുമൊക്കെ കിട്ടിയ കൂലിയും മിച്ചം വെച്ച പണവും ഉപയോഗിച്ചു അയാൾ കഴിഞ്ഞു കൂടി. മാത്രമല്ല ആ പ്രദേശത്തെ കൗൺസിലറിൽ നിന്നും ചില ലാഭരഹിത സംഘടനകളില്‍ നിന്നും കുറച്ച് ഭക്ഷണസാമഗ്രികൾ റേഷൻ കിട്ടി. ലോക്‌ഡൗണ്‍ അവസാനിച്ചപ്പോള്‍ അത് നിന്നു.

ലോക്‌ഡൗണിനു മുൻപ് മഴ പെയ്താലും പസ്വാൻ റിക്ഷ ഓടിക്കുമായിരുന്നു. ഒരു പ്ലാസ്റ്റിക് ഷീറ്റ് വച്ച് സ്വയം ഒന്ന് മൂടിയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് അത് അത്ര സുരക്ഷിതല്ല എന്ന് അയാൾ പറഞ്ഞു. "മഴ പെയ്യുമ്പോൾ ഞാൻ റിക്ഷയിൽ തന്നെ ഇരിക്കും. യാത്രക്കാരെ ആരെയും അപ്പോൾ എടുക്കാറില്ല. എങ്ങാനും നനഞ്ഞ് പനി പിടിച്ചാൽ, എനിക്ക് കൊറോണ ആണ് എന്ന് ആളുകൾ പറയും. മുൻപ് എനിക്ക് സ്ഥിരം പനി വരുമായിരുന്നു. പക്ഷെ അന്നത്തെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇന്ന് ഞാൻ പനിക്ക് ചികിത്സക്ക് പോയാൽ, കൊറോണ ടെസ്റ്റ് ചെയ്യാൻ പറയും. അതുകൊണ്ടു ഞങ്ങൾക്ക് (റിക്ഷ വലിക്കുന്നവർക്ക്) മഴ നനയാൻ പേടിയാണ്."

ചുഴലിക്കാറ്റ് ഉംപുന്‍ കൊൽക്കത്തയെ ബാധിച്ച ആ ദിവസം, മെയ് 20, പസ്വാൻ ഓർക്കുന്നു. "ആ കൊടുംകാറ്റ് വളരെ വലുതായിരുന്നു", അയാൾ പറഞ്ഞു. റിക്ഷ സ്റ്റാൻഡില്‍ നിന്നും ഉച്ചകഴിഞ്ഞ് 3 മണിയായപ്പോള്‍, അതായത് പതിവിലും നേരത്തെ, അയാൾ മുറിയിലേക്ക് പോയി. “അകത്ത് നിന്ന് മരങ്ങൾ വീഴുന്നതിന്‍റെ ഒച്ച എനിക്ക് കേൾക്കാമായിരുന്നു.” കിഴക്കേ ചമ്പാരനിൽ നിന്നുള്ള വേറെ 8 റിക്ഷവലിക്കാരോടൊപ്പം കക്കൂലിയയിലെ (റിക്ഷ സ്റ്റാൻഡിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെ) ഒരു ചേരി പ്രദേശത്തെ വാടക മുറിയിലാണ് അയാളുടെ താമസം.

Paswan operates from a rickshaw stand in South Kolkata along with around 30 others, many of whom returned to their villages during the lockdown
PHOTO • Puja Bhattacharjee
Paswan operates from a rickshaw stand in South Kolkata along with around 30 others, many of whom returned to their villages during the lockdown
PHOTO • Puja Bhattacharjee

പസ്വാൻ തെക്കൻ കൊൽക്കത്തയിലെ ഒരു റിക്ഷ സ്റ്റാൻഡിൽ മറ്റു 30 പേരോടൊപ്പം പ്രവർത്തിക്കുന്നു . കൂടെയുള്ളവരിൽ മിക്കവരും ലോക്‌ഡൗൺ സമയത്ത്‌ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെ പോയിരുന്നു

ചുഴലിക്കാറ്റ് കടന്നു പോയതിനു ശേഷം അയാൾ പിറ്റേ ദിവസം ഉച്ചക്ക് ജോലിയിലേക്ക് മടങ്ങി. “അക്കാലത്ത് എനിക്ക് കുറച്ചു യാത്രക്കാരെ കിട്ടുമായിരുന്നു. ചിലർക്ക് ടോളിഗഞ്ചും സിയാൽദയും പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് പോവേണ്ടിയിരുന്നു. അതുകൊണ്ടു അവരിൽ നിന്ന് ഞാൻ 500 രൂപ ഈടാക്കിയിരുന്നു”, അയാള്‍ പറഞ്ഞു.

"ഇപ്പൊ ലോക്‌ഡൗൺ കഴിഞ്ഞതിനാൽ അതുപോലുള്ള (ദൂര യാത്ര ആവശ്യപ്പെടുന്ന) യാത്രക്കാരെ കിട്ടാറില്ല. അടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പോലും ആളുകളെ (അധികം പേരെ) കിട്ടുന്നില്ല. ഇന്ന് ഇതുവരെ ഞാൻ രണ്ടു യാത്രക്കാരെ മാത്രമേ കൊണ്ടുപോയുള്ളൂ." അയാൾ എന്നോട് രണ്ടു ആഴ്ചകൾക്കു മുന്നേ പറഞ്ഞു. “ഒരെണ്ണം 30 രൂപയ്ക്കും, മറ്റേതു 40 രൂപയ്ക്കും. ആളുകൾക്ക് ഇന്ന് റിക്ഷകൾ ഉപയോഗിക്കണമെന്നില്ല. കൊറോണ പിടിപെടുമോ എന്ന് അവർ പേടിക്കുന്നു. വീടുകളിൽ നിന്ന് പുറത്തു വരാൻ അവർ ഭയപ്പെടുന്നു.”

ലല്ലന്‍റെ യാത്രക്കാരിൽ കൂടുതലും അടുത്തുള്ള സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾ ആയിരുന്നു. “ഇപ്പോള്‍ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്" അയാൾ പറഞ്ഞു. “ലോക്‌ഡൗൺ തുടങ്ങിയപ്പോൾ മാലിക് (റിക്ഷ ഉടമ) ആഴ്ചതോറുമുള്ള വാടക 50 രൂപയാക്കി കുറച്ചു. പക്ഷെ എന്നിട്ടും ഞാൻ അധികം പണമൊന്നും ഉണ്ടാക്കുന്നില്ല.” ചില സമയങ്ങളിൽ ഒരു നിവൃത്തിയുമില്ലാതാകുമ്പോൾ കുറഞ്ഞ കൂലിക്കുവേണ്ടി ഏതെങ്കിലും യാത്രക്കാരൻ വിലപേശിയാൽ, പസ്വാൻ എളുപ്പത്തിൽ സമ്മതിക്കും. "എനിക്ക്‌ എന്ത് ചെയ്യാൻ പറ്റും?" അയാൾ ചോദിക്കുന്നു.

സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചിരുന്ന സമയത്ത് റോഡിൽ വലിയ ഗതാഗത തിരക്കുള്ളപ്പോള്‍ "പോലീസുകാർ ഞങ്ങളുടെ യാത്ര തടയുമായിരുന്നു. ചിലപ്പോൾ അവർ, 'നോ എൻട്രി' ബോർഡുകളും തൂക്കും. അപ്പോള്‍ ഞാൻ ചെറിയ റോഡുകളിലൂടെ പോകും" പസ്വാൻ പറഞ്ഞു. ഈ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടെങ്കിലും, പസ്വാൻ സാധാരണ റിക്ഷകളാണ് സൈക്കിൾ റിക്ഷകളേക്കാളും ഇഷ്ടപ്പെടുന്നത്. "പോലീസുകാർ അവരെയും പിടിക്കും. പക്ഷെ ഞങ്ങളെ താരതമ്യേന കുറവേ പിടിക്കാറുള്ളു", ഒരു പുഞ്ചിരിയോടെ പസ്വാൻ പറഞ്ഞു.

വർഷങ്ങളായി പശ്ചിമ ബംഗാള്‍ ഭരണകൂടം റിക്ഷകളുടെ പ്രവർത്തനം നിരോധിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുന്നു. നഗരവുമായി ബന്ധപ്പെട്ട അനേകം വിവരണങ്ങളുടെയും കഥകളുടെയും ഒരു പ്രതീകമാണിത്. ഈ റിക്ഷകളെ ക്രമേണ ഇല്ലാതാക്കാനായി സംസ്ഥാനം 2006 ൽ കൽക്കട്ട ഹാക്ക്‌നെ-ക്യാരേജ് (അമെൻഡ്മെന്‍റ്) ബിൽ കൊണ്ടുവന്നു. ഈ ബില്ലുകള്‍ പിന്നീട് ചോദ്യം ചെയ്യപ്പെട്ടെന്നും തുടര്‍ന്ന്‍ കോല്‍ക്കത്ത ഹൈക്കോടതി അവ തടഞ്ഞുവച്ചുവെന്നും പത്ര റിപ്പോർട്ടുകൾ പറയുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം 2005 ന് ശേഷം കൊൽക്കത്ത അധികാരികൾ പുതിയ ലൈസൻസുകൾ നല്‍കിയിട്ടില്ല.

PHOTO • Puja Bhattacharjee

റിക്ഷയും യാത്രക്കാരുമുള്‍പ്പെടെ ഏകദേശം 200 കിലോ വലിച്ചു കൊണ്ട് ഒരു കിലോമീറ്റർ നീങ്ങാന്‍ പസ്വാന് ഏറെക്കുറേ പതിനഞ്ചു മിനിറ്റ് എടുക്കും

പഴയ റിക്ഷകൾ ഇപ്പോഴും ഓടിക്കുന്നുണ്ട്. എന്നാൽ അവയെക്കുറിച്ചുള്ള കണക്കുകൾ വ്യത്യസ്തമാണ്. 2005 ലെ ഒരു സർവ്വേ ആസ്പദമാക്കി ഓൾ ബംഗാൾ റിക്ഷ യൂണിയന്‍റെ ജനറൽ സെക്രട്ടറിയായ മുക്‌തർ അലി പറഞ്ഞത് (ഈ ലേഖകനോട് സംസാരിച്ചപ്പോൾ), കൊല്‍ക്കത്തയില്‍ 5,935 റിക്ഷകൾ ഉണ്ടെന്നാണ്. എന്നാല്‍ 2015 ലെ പത്ര റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞത് ഏകദേശം 2,000 റിക്ഷകൾ ഉണ്ടെന്നാണ്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എല്ലാ റിക്ഷകള്‍ക്കും ലൈസൻസ് ഇല്ല എന്നാണ്.

പശ്ചിമ ബംഗാളിൽ ലോക്‌ഡൗൺ ഇളവുകൾ വന്നിട്ട് ഇപ്പോള്‍ ഏറെക്കുറെ 6 മാസമായി, ലല്ലൻ ദിവസേന 100 ഇനും 150 ഇനും ഇടയിൽ ഉണ്ടാക്കുന്നു. മിക്ക പ്രഭാതങ്ങളിലും അയാൾ ബാലിഗഞ്ജ് സ്റ്റേഷനിൽ കാത്തിരിക്കും. അവിടെ ഇപ്പോള്‍ അയാൾക്ക്‌ അത്യാവശ്യം സുഖമായിട്ടു യാത്രക്കാരെ കിട്ടും. കുറച്ച് പണം മിച്ചം വെക്കാനും (ബിഹാറിൽ നിന്നുള്ള പാൻ കച്ചവടക്കാരന്‍റെ അടുത്താണ് അത് സൂക്ഷിക്കുന്നത്) അത് വീട്ടിലേക്ക് അയയ്ക്കാനും അയാൾക്ക്‌ സാധിക്കുന്നുണ്ട്.

മൂന്ന് മുതല്‍ അഞ്ച് വരെ മാസങ്ങള്‍ കൂടുമ്പോൾ പസ്വാൻ നാട്ടിലെത്തി അച്ഛനോടും അമ്മയോടും ഭാര്യയോടുമൊപ്പം പാടത്ത്‌ പണിയെടുക്കുമായിരുന്നു. “സ്വന്തം ഭൂമിയില്‍ വളരുന്ന അരിയും ഗോതമ്പുമാണ് എന്‍റെ കുടുംബം സാധാരണയായി ഭക്ഷിക്കാറ്,” അയാൾ പറഞ്ഞു. "മിച്ചം ഉണ്ടെങ്കിൽ ഞങ്ങൾ 5 ക്വിന്‍റല്‍ വില്‍ക്കും, ചിലപ്പോള്‍ 10. പക്ഷെ ഇക്കൊല്ലം വിളകളെല്ലാം വെള്ളപ്പൊക്കത്തിൽ (ജൂലൈ 2020) ഒലിച്ചു പോയി. വിൽക്കാൻ പോയിട്ട് സ്വയം കഴിക്കാൻ പോലും ഒന്നും ബാക്കി ഉണ്ടായിരുന്നില്ല."

ഇക്കൊല്ലം ഫെബ്രുവരിക്കു ശേഷം അയാൾ രഘു നാത്പൂർ ഗ്രാമത്തിലേക്ക് തിരിച്ചു പോയിട്ടില്ല. 10 മാസത്തിനു ശേഷം വരുന്ന അയാളെ കാണാനായി പെണ്‍മക്കള്‍, 7 വയസുള്ള കാജലും 4 വയസുള്ള കരിഷ്മയും, തിടുക്കംകൂട്ടുന്നുണ്ടെന്ന് അയാൾ പറഞ്ഞു. "എന്‍റെ കുട്ടികൾ ചോദിക്കും എപ്പോഴാണ് വീട്ടിൽ വരിക എന്ന്. ഞാൻ പറഞ്ഞത് ദീപാവലിക്ക് (നവംബർ) വരാം എന്നാണ്." പക്ഷെ മഹാജന് തിരിച്ചു അടക്കാൻ ഉള്ള ലോൺ കാരണം അയാൾക്കു പോകാൻ സാധിച്ചില്ല.

അതുകൊണ്ടു അയാൾ സ്റ്റാൻഡിലെ മറ്റു റിക്ഷാവണ്ടിക്കാരോടൊപ്പം കാത്തിരിക്കുന്നു, ചിലപ്പോൾ ചീട്ട് കളിക്കും അല്ലെങ്കിൽ അൽപ്പനേരം ഉറങ്ങും. “ഈ ജോലികൊണ്ട് എന്‍റെ ഭാവിക്ക് ഒരു ഉപകാരവുമില്ല”, അയാൾ പറഞ്ഞു. “പക്ഷെ എനിക്കു പറ്റുന്നിടത്തോളം കാലം, എന്‍റെ കുട്ടികൾക്ക് വേണ്ടി ഞാൻ ഇത് തുടരും.”

പരിഭാഷ: ഗ്രെയ്സ് പോള്‍ വല്ലൂരാന്‍

Puja Bhattacharjee

Puja Bhattacharjee is a freelance journalist based in Kolkata. She reports on politics, public policy, health, science, art and culture.

Other stories by Puja Bhattacharjee
Translator : Grace Paul Vallooran

Grace Paul is a PG student of Journalism at Savitribai Phule Pune University.

Other stories by Grace Paul Vallooran