“ഞങ്ങള്‍ രാവിലെ 5 മണിക്ക് നടക്കാന്‍ തുടങ്ങിയതാണ്‌. ഞങ്ങള്‍ക്ക് ബിലോശിയിലേക്കു പോകണം. വാഹനങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ ശേട് [തൊഴില്‍ ദാദാവ്‌] ഓരോരുത്തര്‍ക്കും 1,000 രൂപ വീതം നല്‍കി. അതുകൊണ്ട് ഞങ്ങള്‍ ഉപ്പും മസാലയും [പലവ്യഞ്ജനങ്ങള്‍] വാങ്ങി. വീട്ടില്‍ എത്താന്‍ പറ്റിയില്ലെങ്കില്‍ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഗ്രാമത്തില്‍ നിന്നും ഞങ്ങള്‍ക്ക് ഒരു ഫോണ്‍ വിളിയും വന്നിരുന്നു: ‘ഇപ്പോള്‍ നിങ്ങള്‍ എല്ലാവരും വന്നില്ലെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് വരേണ്ട’ എന്ന്.”

അതായിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. അവര്‍ തലയില്‍ ചുമടുകളും കൈകളില്‍ കുഞ്ഞുങ്ങളേയും ഏന്തി പൊള്ളുന്ന വെയിലത്ത് നടക്കുകയായിരുന്നു. അവര്‍ എന്‍റെ ഗ്രാമം കടന്നു പോകുന്നത് ഞാന്‍ കാണുകയും അവരോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പാല്‍ഘര്‍ ജില്ലയിലെ വാഡാ ബ്ലോക്കിലെ ബിലോശി ഗ്രാമവാസികള്‍ ആയിരുന്നു അവര്‍. വസയി ബ്ലോക്കിലെ ഭാടണെ ഗ്രാമത്തിലേക്ക് ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യാനായി കുടിയേറിയതാണവര്‍. കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായി അവര്‍ 18 പേരുണ്ടായിരുന്നു. കാത്കരി എന്ന ആദിവാസി വിഭാഗത്തില്‍ പെട്ടവരായിരുന്നു അവരെല്ലാവരും.

കൊറോണ വൈറസിന്‍റെ കാര്യത്തില്‍ അവര്‍ ആശങ്കാകുലരാണ്. ലോക്ക്ഡൗണ്‍ കാരണം അവരെ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഗ്രാമത്തിലേക്കു തിരിച്ചു ചെല്ലാനുള്ള ശക്തമായ സന്ദേശം അവര്‍ക്കു ഗ്രാമത്തില്‍ നിന്നു ലഭിച്ചു. അങ്ങനെ അവരെല്ലാം നടക്കാന്‍ ആരംഭിച്ചു. എന്‍റെ ഗ്രാമമായ നിംബവലിയിലേക്ക് 29-ാം തീയതി ഉച്ചക്കുമുന്‍പ് ഏകദേശം 11 മണിയോടെ അവര്‍ എത്തി.

“സൂര്യന്‍ ജ്വലിക്കുകയായിരുന്നു. തലയില്‍ ചുമടും വഹിച്ചുകൊണ്ടു നടക്കുകയായിരുന്ന ഞാന്‍ വീണു. എനിക്കു വേദനിച്ചു”, കാല്‍മുട്ടുകള്‍ ചൂണ്ടിക്കാട്ടി 45-കാരിയായ കവിത ദിവ പറഞ്ഞു. അവരുടെ തൊട്ടടുത്തായിരുന്നു 20-കാരിയായ സപ്ന വാഘ് ഇരുന്നത്. സപ്ന 6 മാസം ഗര്‍ഭിണിയായിരുന്നു. വിവാഹിതയായ സമയം മുതല്‍ 23-കാരനായ ഭര്‍ത്താവ് കിരണ്‍ വാഘിനോപ്പം അവര്‍ ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്നു. ലോക്ക്ഡൗണ്‍ കാരണം അവരും തലയില്‍ ചുമടും ഗര്‍ഭപാത്രത്തില്‍ ഒരു ജീവനുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു.

Sapna and her husband Kiran Wagh (top left), Devendra Diva and his little daughter (top right), and Kavita Diva (bottom right) were among the group of Katkari Adivasis trying to reach their village in Palghar district from the brick kilns where they work
PHOTO • Mamta Pared

സപ്നയും അവരുടെ ഭര്‍ത്താവ് കിരണ്‍ വാഘും (മുകളില്‍ ഇടത്), ദേവേന്ദ്ര ദിവയും അദ്ദേഹത്തിന്‍റെ മകളും (മുകളില്‍ വലത്), കവിത ദിവയും (താഴെ വലത്) തങ്ങള്‍ ജോലി ചെയ്യുന്ന പാല്‍ഘര്‍ ജില്ലയിലെ ഇഷ്ടിക ചൂളകളില്‍ നിന്നും സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ ശ്രമിക്കുന്ന കാത്കരി വിഭാഗത്തില്‍ പെടുന്ന ആദിവാസികളാണ്.

എല്ലാവരും നടന്നു തളര്‍ന്നിരുന്നു. അടുത്തെവിടെയെങ്കിലും കിണര്‍ ഉണ്ടോയെന്ന് ചോദിച്ചുകൊണ്ട് കുറച്ച് ചെറിയ ആണ്‍കുട്ടികളെ കുപ്പികളില്‍ വെള്ളം ശേഖരിക്കാനായി അവര്‍ പറഞ്ഞുവിട്ടു. പിന്നിലായിപ്പോയ 28-കാരനായ ദേവേന്ദ്ര ദിവയും 25-കാരിയായ ദേവയാനി ദിവയും കുറച്ചു സമയത്തിനകം അവിടെയെത്തി. ചുമട് എടുത്തിരുന്നതിനാലും കുട്ടി കൂടെയുണ്ടായിരുന്നതിനാലും അവര്‍ മറ്റുള്ളവരെപ്പോലെ വേഗത്തില്‍ നടക്കാന്‍ അപ്രാപ്തരായിരുന്നു.

അവിടെ നിന്ന് വീണ്ടും യാത്ര ചെയ്യുന്നതിനായി അവര്‍ക്കുവേണ്ടി ഞാന്‍ ക്രമീകരിച്ച ടെമ്പോ എത്തി. വാഹനക്കൂലി 2,000 രൂപയായി ഉറപ്പിച്ചു. അവര്‍ 600 രൂപ നല്‍കിയാല്‍ മതിയായിരുന്നു. ബാക്കിയുള്ള തുക ഞാന്‍ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു. കൂടുതല്‍ സമയം പാഴാക്കാതെ അവരെ ഞാന്‍ വീട്ടിലേക്കയച്ചു.

പക്ഷെ ഗ്രാമത്തില്‍ തിരിച്ചു ചെന്നിട്ട് അവര്‍ എന്തു ചെയ്യും? അവിടെ ജോലിയില്ല. വാഹനത്തിനുള്ള കൂലി കൊടുക്കാന്‍ പോലും അവരുടെ പക്കല്‍ പണമില്ല. പിന്നെയെങ്ങനെ അവര്‍ ഈ ലോക്ക്ഡൗണ്‍ സമയത്ത് കഴിഞ്ഞുകൂടും? ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്.

ഇന്ത്യയിലുടനീളം അവരെപ്പോലെ ഒരുപാടു മനുഷ്യര്‍ സ്വന്തം ഗ്രാമത്തിലെത്താന്‍ കഠിനമായി ശ്രമിച്ചിട്ടുണ്ടായിരിക്കും. കുറച്ചുപേര്‍ എത്തിയിട്ടുണ്ടാകണം. പലരും ഇടയ്ക്ക് കുടുങ്ങി കാണുമായിരിക്കും. വേറെ കുറച്ചുപേര്‍ അകലെയുള്ള ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നടന്നുകൊണ്ടിരിക്കുകയായിരിക്കും.

മറാത്തിയില്‍ നിന്നും ഇംഗ്ലീഷിലേക്കു വിവത്തനം ചെയ്തത്, മേധാ കാലെ.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Mamta Pared

Mamta Pared (1998-2022) was a journalist and a 2018 PARI intern. She had a Master’s degree in Journalism and Mass Communication from Abasaheb Garware College, Pune. She reported on Adivasi lives, particularly of her Warli community, their livelihoods and struggles.

Other stories by Mamta Pared
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.