വീട്ടിലെ ഇളം പ്രായക്കാരൊക്കെ ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയിട്ടുണ്ടാകും. മറ്റ് മുതിർന്ന പുരുഷന്മാരാകട്ടെ, പാടത്തെ പണിയൊക്കെ കഴിഞ്ഞാൽ, തണുപ്പുകാലത്തെ ഉച്ചസമയങ്ങളിൽ ഹരിയാനയിലെ സോനീപത് ജില്ലയിലെ ഹർസാന കലാം ഗ്രാമത്തിലെ ഗ്രാമചത്വരത്തിൽ ശീട്ടുകളിച്ചും വിശ്രമിച്ചും സമയം കളയും.

സ്ത്രീകളെ അവിടെ കാണാ‍റേയില്ല.

“ആ വലിയ ആളുകളുടെ കൂട്ടത്തിൽ എന്തിന് സ്ത്രീകൾ ഇരിക്കണം? ജോലി ഒഴിഞ്ഞ് അവർക്ക് ഒരിക്കലും സമയം കിട്ടാറില്ലല്ലോ“, വിജയ് മണ്ഡൽ എന്ന നാട്ടുകാരൻ പറഞ്ഞു.

ദില്ലിയിൽനിന്ന് കഷ്ടി 35 കിലോമീറ്ററുകൾക്കപ്പുറത്തുള്ള, 5,000-ത്തിനടുത്ത് ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തിലെ സ്ത്രീകൾ ഏതാനും വർഷങ്ങൾക്കുമുമ്പുവരെ, മുഖംമൂടി (പർദ്ദ) ധരിച്ചായിരുന്നു നടന്നിരുന്നത്.

“സ്ത്രീകൾ ഗ്രാമചത്വരത്തിലേക്ക് നോക്കുകപോലുമില്ല”, മണ്ഡൽ പറഞ്ഞു. ഗ്രാമത്തിന്‍റെ നടുക്കുള്ള ഈ സ്ഥലത്താണ് ഗ്രാമത്തിലെ പ്രശ്നങ്ങളും വഴക്കുകളും പറഞ്ഞുതീർക്കാൻ മുതിർന്ന പുരുഷന്മാർ സമ്മേളിക്കുക. “പണ്ടത്തെ സ്ത്രീകളൊക്കെ ആചാരങ്ങളെ ബഹുമാനിച്ചിരുന്നു” ഹർസാന കലാമിലെ സർപാഞ്ചായ സതീഷ് കുമാർ പറഞ്ഞു.

“ആത്മാഭിമാനവും അന്തസ്സുമുള്ളവരായിരുന്നു അവർ. മുഖം‌മൂടി ധരിച്ചല്ലാതെ ഗ്രാമചത്വരത്തിന്‍റെ ഭാഗത്തേക്ക് പോവുകപോലുമില്ല അവർ”, മുഖത്തെ ചുളിവുകൾ വിടർത്തിയ ഒരു ചിരിയോടെ മണ്ഡൽ പറഞ്ഞു.

36 വയസ്സുള്ള സായറയ്ക്ക് ഇതൊന്നും പുത്തനല്ല. ദില്ലിക്കടുത്തുള്ള മാജ്ര ഡബാസ് എന്ന ഗ്രാമത്തിൽനിന്ന് 20 വയസ്സിൽ ഈ ഗ്രാമത്തിലേക്ക് വധുവായി വന്നതിൽ‌പ്പിന്നെ, കഴിഞ്ഞ 16 വർഷമായി ഈ നിയമങ്ങളൊക്കെ അനുസരിച്ച് അടങ്ങിയൊതുങ്ങി കഴിയേണ്ടിവന്നവളാണ് അവർ. പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി സ്ത്രീകൾ ഇവിടെ അറിയപ്പെടുന്നത് അവരുടെ ആദ്യത്തെ പേരിലാണ്.

“വിവാഹത്തിനുമുൻപ് എന്‍റെ ഭർത്താവിനെ കണ്ടിരുന്നെങ്കിൽ, ഈ വിവാഹത്തിന് ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. ഈ ഗ്രാമത്തിലേക്കും വരില്ലായിരുന്നു”, തയ്യൽമെഷീനിന്‍റെ സൂചിക്കും ധൂമ്രവർണ്ണമുള്ള തുണിക്കുമിടയിലൂടെ സമർത്ഥമായി വിരലോടിച്ചുകൊണ്ട് സായറ പറഞ്ഞു. ( ഈ കഥയിൽ, അവരുടേയും കുടുംബാംഗങ്ങളുടേയും പേരുകൾ മനപ്പൂർവ്വം മാറ്റിയിട്ടുണ്ട് )

Saira stitches clothes from home for neighborhood customers. 'If a woman tries to speak out, the men will not let her', she says

അയൽ‌ക്കാർക്കുവേണ്ടി തുണികൾ തയ്ച്ചുകൊടുക്കുന്ന ജോലിയാണ് സായറ ചെയ്യുന്നത് . “ഒരു സ്ത്രീ സംസാരിക്കാൻ ധൈര്യപ്പെട്ടാൽ, പുരുഷന്മാർ അത് വിലക്കും”, അവർ പറഞ്ഞു

“ഈ ഗ്രാമത്തിൽ, ഒരു സ്ത്രീയേയും സംസാരിക്കാൻ പുരുഷന്മാർ അനുവദിക്കാറില്ല. ഞങ്ങളിവിടെയുള്ളപ്പോൾ നീയെന്തിനാണ് വായ തുറക്കുന്നത് എന്നാണ് അവർ ചോദിക്കുക. സ്ത്രീകളുടെ സ്ഥാനം വീടിനകമാണ് എന്ന് കരുതുന്ന ആളാണ് എന്‍റെ ഭർത്താവും. തയ്ക്കാനുള്ള തുണിയോ മറ്റോ വാങ്ങാൻ പുറത്ത് പോകാൻ ആഗ്രഹിച്ചാലും അദ്ദേഹം സമ്മതിക്കാറില്ല”, സായറ പറഞ്ഞു.

ദില്ലിയിലെ നരേലയിൽ ഒരു ഫാക്ടറിയിലാണ് അവരുടെ ഭർത്താവ് 44 വയസ്സുള്ള സമീർ ഖാൻ ജോലിയെടുക്കുന്നത്. പ്ലാസ്റ്റിക്കുകൾ ആകൃതിയിലാക്കുന്ന ജോലിയാണ് അയാൾക്ക്. പുരുഷന്മാർ സ്ത്രീകളെ ഏതുവിധത്തിലാണ് വീക്ഷിക്കുന്നതെന്ന് അവർക്കറിയില്ല എന്നാണ് അയാൾ പറയുന്ന ന്യായം. “വീട്ടിലിരുന്നാൽ, നിങ്ങൾ സുരക്ഷിതരായിരിക്കും” എന്നാണ് അയാളുടെ ഭാഷ്യം.

അതുകൊണ്ട്, ‘പുരുഷ ചെന്നായ്ക്ക’ളുടെ കണ്ണിൽ‌പ്പെടാതെ സായറ വീട്ടിലിരിക്കുന്നു. ചന്തയിലേക്കോ, ആശുപത്രിയിലേക്കോ ഗ്രാമത്തിന് പുറത്തുള്ള മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകാനാകാതെ വീട്ടിനകത്ത് കഴിയുന്ന ഹരിയാനയിലെ 64.5 ശതമാനം വരുന്ന മറ്റ് ഗ്രാമസ്ത്രീകളെപ്പോലെത്തന്നെ ( ദേശീയ കുടുംബാരോഗ്യ സര്‍വെ-4 , 2015-16). ഒരു ജനലിനോട് ചേര്‍ന്നുള്ള തയ്യല്‍ മെഷീനില്‍ എല്ലാ ഉച്ചകഴിഞ്ഞ നേരങ്ങളിലും അവര്‍ വസ്ത്രങ്ങള്‍ തയ്ക്കുന്നു. അവിടെ ആവശ്യത്തിന് സൂര്യപ്രകാശമുണ്ട്. ഈ സമയത്ത് വൈദ്യുതി പോകുന്നതിനാല്‍ അതാവശ്യമാണ്. ഉച്ചകഴിഞ്ഞുള്ള ഈ ജോലിയില്‍നിന്നും അവര്‍ക്ക് പ്രതിമാസം 2,000 രൂപയും കുറച്ച്  ഏകാന്തതയും ലഭിക്കും. തന്‍റെ രണ്ട് പുത്രന്മാരായ 16-കാരനായ സുഹേല്‍ ഖാനും 14-കാരനായ സനി അലിക്കും കുറച്ച് സാധനങ്ങള്‍ വാങ്ങാനും പറ്റും. സായറ തനിക്കുവേണ്ടി എന്തെങ്കിലും വളരെ അപൂര്‍വ്വമായേ വാങ്ങാറുള്ളൂ.

സനി ജനിച്ചതിനുശേഷം ട്യൂബല്‍ ലിഗേഷന്‍ എന്ന വന്ധ്യംകരണ ശസ്ത്രക്രിയ നടത്താന്‍ സായറ ശ്രമിച്ചിരുന്നു - അണ്ഡവാഹിനിക്കുഴൽ അടയ്ക്കുന്ന ഒരു താക്കോല്‍ദ്വാര ശസ്ത്രക്രിയയാണിത്‌. ആ സമയത്ത്, അവരുടെ ഭർത്താവ് അതിനെക്കുറിച്ച് ബോധവാനായിരുന്നില്ല.

സോനീപത് ജില്ലയിൽ, 15-നും 49-നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളുടെ ഗർഭനിരോധന പ്രചാര നിരക്ക് (contraceptive prevalence rate CPR) 78 ശതമാനമായിരുന്നു. ഹരിയാനയിലെ 65 ശതമാനത്തിനു മീതെ.

മകൻ ജനിച്ച് ആദ്യത്തെ ഏതാനും മാസത്തിനുള്ളിൽ രണ്ട് തവണ അവരാ ശസ്ത്രക്രിയ ചെയ്യാൻ ശ്രമിക്കുകയുണ്ടായി. മാജ്ര ഡബാസിലെ അവരുടെ അച്ഛനമ്മമാരുടെ വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലാണ് ആദ്യം ശ്രമിച്ചത്. പക്ഷേ, വിവാഹിതയാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് ഡോക്ടർ വിസമ്മതിച്ചു. രണ്ടാ‍മത്, അവർ മകനെയും കൂട്ടി അതേ ആശുപത്രിയിൽ ചെന്നപ്പോഴാകട്ടെ, “സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രായം ആയിട്ടില്ലെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു” സായറ പറഞ്ഞു.

മൂന്നാമത്തെ തവണ, മാതാപിതാക്കളുടെ കൂടെ താമസിക്കുമ്പോൾ, ദില്ലിയിലെ രോഹിണിയിലുള്ള ഒരു സ്വകാര്യാശുപത്രിയിൽ‌‌വെച്ചാണ് ഒടുവിൽ അവർ ആ ശസ്ത്രക്രിയ ചെയ്തത്.

Only men occupy the chaupal at the village centre in Harsana Kalan, often playing cards. 'Why should women come here?' one of them asks
Only men occupy the chaupal at the village centre in Harsana Kalan, often playing cards. 'Why should women come here?' one of them asks

ഹർസാന കലാമിലെ ഗ്രാമചത്വരം കൈയ്യടക്കിവെച്ച് പുരുഷന്മാർ മിക്കപ്പോഴും ശീട്ടുകളിയിലായിരിക്കും . “സ്ത്രീകൾ എന്തിന് ഇവിടെ വരണം?” അതിലൊരാൾ ചോദിക്കുന്നു

“ഇത്തവണ ഞാൻ ഭർത്താവിനെക്കുറിച്ച് നുണ പറഞ്ഞു. മകനേയും കൂട്ടി ചെന്ന്, ഡോക്ടറോട്, ഭർത്താവ് മദ്യപാനത്തിന് അടിമയാണെന്ന് നുണ പറഞ്ഞു”. സംഭവങ്ങളുടെ ഗതിയാലോചിച്ച് സായറ ചിരിച്ചു. നിവൃത്തികേടുകൊണ്ടാണ് അങ്ങിനെ പറയേണ്ടിവന്നതെന്ന് അവർക്കറിയാം. “വീട്ടിലാകട്ടെ, കാര്യങ്ങൾ എപ്പോഴും മോശമായിരുന്നു. പോരാത്തതിന് അടിച്ചമർത്തലും, നിരന്തരമായ സംഘർഷവും. ഒരു കാര്യം ഞാൻ തീർച്ചയാക്കിയിരുന്നു. ഇനി എനിക്ക് കുട്ടികൾ വേണ്ട”

ശസ്ത്രക്രിയ ചെയ്ത ആ ദിവസം സായറ ഓർക്കുന്നുണ്ട്: “അന്ന് നല്ല മഴയായിരുന്നു. വാർഡിന്‍റെ ചില്ലുജനാലയ്ക്കപ്പുറം, അമ്മയുടെ തോളത്തിരുന്ന് കരയുന്ന ചെറിയ മകനെ എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന, ശസ്ത്രക്രിയ കഴിഞ്ഞ മറ്റ് സ്ത്രീകൾ അനസ്തേഷ്യയുടെ മയക്കത്തിലായിരുന്നു. എന്‍റെ മയക്കം പെട്ടെന്ന് മാറി. കുട്ടിക്ക് ഭക്ഷണം കൊടുത്തില്ലല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല”.

കാര്യമറിഞ്ഞപ്പോൾ സമീർ മാസങ്ങളോളം മിണ്ടിയില്ല. സ്വന്തമായി തീരുമാനമെടുത്തതിന് ദേഷ്യത്തിലായിരുന്നു. എപ്പോൾ വേണമെങ്കിലും മാറ്റാവുന്ന ‘കോപ്പര്‍-ടി’ എന്നറിയപ്പെടുന്നതു പോലെയുള്ള എന്തെങ്കിലും ഉപകരണം (intrauterine device അഥവാ, IUD)  മതിയെന്നായിരുന്നു സമീറിന്‍റെ അഭിപ്രായം. പക്ഷേ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഉറച്ചുനിന്നു സായറ.

“ഞങ്ങൾക്ക് കൃഷിസ്ഥലവും എരുമകളുമൊക്കെയുണ്ട്. ഞാനാണ് അവയെല്ലാം നോക്കുന്നത്. ഐ.യു.ഡി.പോലുള്ളവ ഉപയോഗിച്ച് എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും? സായറ ചോദിച്ചു. പത്താം ക്ലാസ് കഷ്ടിച്ച് കടന്നുകൂടിയ, ജീവിതത്തെയും ഗർഭനിരോധന മാർഗ്ഗങ്ങളെയും കുറിച്ച് യാതൊരു ധാരണകളുമില്ലാതിരുന്ന ആ പഴയ 24 വയസ്സുകാരിയെ സായറയ്ക്ക് ഓർമ്മയുണ്ട്.

സായറയുടെ അമ്മയ്ക്ക് അക്ഷരാഭ്യാസമില്ലായിരുന്നു. അച്ഛൻ അങ്ങിനെയായിരുന്നില്ല. എന്നിട്ടുപോലും, പഠനം തുടരാൻ അച്ഛൻ സായറയെ നിർബന്ധിച്ചില്ല. “കന്നുകാലികളേക്കാളും ഒട്ടും ഭേദമല്ല സ്ത്രീകൾ. എരുമകളെപ്പോലെ, ഞങ്ങളുടെ തലച്ചോറുകളും ഉപയോഗശൂന്യമായിരിക്കുന്നു”. സൂചിയിൽനിന്ന് മുഖമുയർത്തി സായറ പറഞ്ഞു.

“ഹരിയാനയിൽ ആണുങ്ങളെ ധിക്കരിക്കാൻ ആർക്കുമാവില്ല. അയാൾ പറയുന്നതുപോലെ വേണം നടക്കാൻ. ഇന്ന് ഈ ഭക്ഷണം പാകം ചെയ്താൽ മതി എന്ന് അയാൾ പറഞ്ഞാൽ അതായിരിക്കും അന്ന് വീട്ടിൽ പാകം ചെയ്യുക. ഭക്ഷണം, വസ്ത്രം, പുറത്തുപോകൽ, എല്ലാം അയാളുടെ ഇച്ഛയ്ക്കനുസരിച്ചുവേണം നടക്കാൻ”, സായറ കൂട്ടിച്ചേർത്തു. സംഭാഷണത്തിന്‍റെ ഏത് ഭാഗത്തുവെച്ചാണ് സായറ ഭർത്താവിനെക്കുറിച്ച് സംസാരം നിർത്തി, അച്ഛനെക്കുറിച്ച് പറയാൻ തുടങ്ങിയതെന്ന് ഉറപ്പില്ല.

Wheat fields surround the railway station of Harsana Kalan, a village of around 5,000 people in Haryana
Wheat fields surround the railway station of Harsana Kalan, a village of around 5,000 people in Haryana

5,000-ത്തോളം ആളുകൾ താമസിക്കുന്ന ഹർസാന കലാം എന്ന ഹരിയാനയിലെ ഗ്രാമത്തിന്‍റെ റെയിൽ‌വേ സ്റ്റേഷന്‍റെ നാലുചുറ്റും ഗോതമ്പുപാടങ്ങളാണ്

സായറയുടെ വീടിന്‍റെ തൊട്ടടുത്ത് താമസിക്കുന്ന അവരുടെ അകന്ന ബന്ധുവായ 33 വയസ്സുള്ള സനാ ഖാന്‍റെ (പേർ യഥാർത്ഥമല്ല) ജീവിതം വ്യത്യസ്തമായിരിക്കുമെന്ന് നിങ്ങൾ കരുതിയേക്കാം. വിദ്യാഭ്യാസത്തിൽ ബിരുദമെടുത്ത അവരുടെ ആഗ്രഹം അദ്ധ്യാപക പരിശീലനം നേടി ഒരു പ്രൈമറി സ്കൂളിൽ ജോലിചെയ്യാനാണ്. പക്ഷേ അതിനെക്കുറിച്ച് വീട്ടിൽ ചർച്ച വന്നാലുടൻ അവരുടെ ഭർത്താവായ 36 വയസ്സുള്ള രുസ്തം അലി അവളെ കളിയാക്കാൻ തുടങ്ങും. “ശരി, നീ പുറത്ത് പോയി ജോലി ചെയ്യ്. ഞാൻ വീട്ടിലിരിക്കാം. ശമ്പളമൊക്കെ വാങ്ങി നീതന്നെ കുടുംബം പോറ്റിക്കോ” എന്ന്. ഒരു അക്കൗണ്ടിംഗ് കമ്പനിയിൽ ഓഫീസ് സഹായിയാണ് രുസ്തം.

ഇപ്പോൾ സനാ ആ വിഷയം സംസാരിക്കാറേയില്ല. “എന്ത് ഗുണമുണ്ട്? എങ്ങിനെവന്നാലും അത് വഴക്കിലേ അവസാനിക്കൂ. ഈ രാജ്യത്ത് പുരുഷന്മാർക്കാണ് മുൻ‌തൂക്കം. അതുകൊണ്ട്, പൊരുത്തപ്പെട്ട് പോവുകയല്ലാതെ സ്ത്രീകൾക്ക് വേറെ മാർഗ്ഗമില്ല. അല്ലെങ്കിൽ, വഴക്കുകൂടേണ്ടിവരും”. അടുക്കളയുടെ പുറത്തു നിന്നുകൊണ്ട് അവർ പറഞ്ഞു.

സായറ ഉച്ചസമയത്ത് തയ്യൽജോലിയാണ് ചെയ്യുന്നതെങ്കിൽ സനായാകട്ടെ, ആ സമയത്ത് വീട്ടിൽ പ്രാഥമിക ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സെടുക്കുകയാണ് ചെയ്യുന്നത്. മാസം 5,000 രൂപ സമ്പാദിക്കുന്നുണ്ട് അവർ. ഭർത്താവിന്‍റെ വരുമാനത്തിന്‍റെ പകുതിവരും ആ സംഖ്യ. സ്വന്തം കുട്ടികളുടെ ആവശ്യത്തിനാണ് ആ‍ പൈസ അവർ മിക്കവാറും ചിലവാക്കുന്നത്. പക്ഷേ ഹരിയാനയിലെ 54 ശതമാനം സ്ത്രീകളെയുംപോലെ, സ്വന്തം നിലയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ബാങ്ക് അക്കൗണ്ട് സനായ്ക്കും ഇല്ല.

രണ്ട് കുട്ടികൾ വേണമെന്നും അവർക്കിടയിൽ ആവശ്യത്തിന് ഇടവേളയുണ്ടാകണമെന്നും ആഗ്രഹിച്ചിരുന്ന അവർ ഐ.യു.ഡി.പോലുള്ള ഗർഭനിരോധനമാർഗ്ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. സനായ്ക്കും രുസ്തത്തിനും മൂന്ന് കുട്ടികളുണ്ട്. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും.

ആദ്യത്തെ മകൾ, ആസിയ 2010-ൽ ജനിച്ചതിനുശേഷം സോനീപതിലെ ഒരു സ്വകാര്യാശുപത്രിയിൽ പോയി സനാ ഐ.യു.ഡി. പ്രയോഗിച്ചു. ഗ്രാമത്തിലെ മറ്റ് സ്ത്രീകളെപ്പോലെ കോപ്പർ-ടി-യെക്കുറിച്ച് അവർക്കും ആശങ്കയുണ്ടായിരുന്നു. അതിനാൽ ഒരു മൾട്ടിലോഡ് ഐ.യു.ഡി.യാണ് ശരീരത്തിൽ സ്ഥാപിക്കാൻ അവർ ആഗ്രഹിച്ചത്. അതാണ് സ്ഥാപിച്ചതെന്ന് അവർ വിശ്വസിക്കുകയും ചെയ്തിരുന്നു.

“കോപ്പർ ടി-ക്ക് കൂടുതൽ കാലം ശരീരത്തിൽ കഴിയാനും, ഏകദേശം പത്തുവർഷത്തോളം ഗർഭത്തിൽനിന്ന് സംരക്ഷണം നൽകാനും സാധിക്കും. മൾട്ടിലോഡ് ഐ.യു.ഡി.യാകട്ടെ മൂന്നുമുതൽ അഞ്ചുവർഷംവരെ പ്രവർത്തിക്കും. ഹർസാന കലാം ഗ്രാമത്തിലെ ആരോഗ്യ ഉപകേന്ദ്രത്തിലെ വയറ്റാട്ടിയും സഹായ നഴ്സുമായ നിഷ ഫോഗാട്ട് വിശദീകരിച്ചു. “ഗ്രാമത്തിലെ ധാരാളം സ്ത്രീകൾ മൾട്ടിലോഡ് ഐ.യു.ഡി.യാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അത് അവരുടെ ആദ്യത്തെ പരിഗണനയിൽ വരുന്നത്”. കോപ്പർ ടി-യെക്കുറിച്ചുള്ള അവരുടെ ഭയം, മറ്റുള്ളവരിൽനിന്ന് കേട്ടറിഞ്ഞ് ഉണ്ടായതാണ്. “ഏതെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു ഗർഭനിരോധന മാർഗ്ഗം അസ്വസ്ഥതകളുണ്ടാക്കി എന്ന് കേട്ടാൽ ബാക്കിയുള്ളവരും അത് ഒഴിവാക്കും”. നിഷ വിശദീകരിച്ചു.

2006 മുതൽ ഹർസാന കലാമിൽ ആശ പ്രവര്‍ത്തകയായി ജോലിചെയ്യുന്ന സുനിതാ ദേവി പറയുന്നു: “കോപ്പർ-ടി ഇട്ടുകഴിഞ്ഞാൽ ഭാരമുള്ള വസ്തുക്കൾ എടുക്കരുത്. ഒരാഴ്ചയെങ്കിലും വിശ്രമിക്കുകയും വേണം. എന്നാലേ ആ ഉപകരണം യഥാസ്ഥാനത്ത് ഇരിക്കൂ. പക്ഷേ ഇവിടെയുള്ള സ്ത്രീകൾക്ക് മിക്കപ്പോഴും ഇത് സാധിക്കാറില്ല. അതിനാലാണ് അവർക്ക് അസ്വസ്ഥതകളുണ്ടാവുന്നത്. “കോപ്പർ ടി എന്‍റെ നെഞ്ചുവരെയെത്തിയെന്ന്” ഒക്കെ അപ്പോൾ അവർ പരാതി പറയുകയും ചെയ്യും.

Sana Khan washing dishes in her home; she wanted to be a teacher after her degree in Education. 'Women have no option but to make adjustments', she says
Sana Khan washing dishes in her home; she wanted to be a teacher after her degree in Education. 'Women have no option but to make adjustments', she says

വീട്ടിൽ പാത്രങ്ങൾ കഴുകുന്ന സനാ ഖാൻ . വിദ്യാഭ്യാസത്തിൽ ബിരുദമെടുത്ത അവർക്ക് അദ്ധ്യാപികയാവാനാണ് ആഗ്രഹം. “പൊരുത്തപ്പെട്ടുപോവുക എന്നതൊഴിച്ച് സ്ത്രീകൾക്ക് വേറെ മാർഗ്ഗങ്ങളില്ല” അവർ പറയുന്നു

ഐ.യു.ഡി. എടുത്തുമാറ്റാൻ ചെന്നപ്പോൾ മാത്രമാണ് കോപ്പർ-ടി ആണ് അകത്ത് ഇട്ടിരിക്കുന്നതെന്ന് സനായ്ക്ക് മനസ്സിലായത്. “ഭർത്താവും സ്വകാര്യാശുപത്രിയിലെ ഡോക്ടറും എന്നോട് നുണ പറയുകയായിരുന്നു. മൾട്ടിലോഡ് ഐ.യു.ഡി അല്ല, കോപ്പർ-ടി ആണ് ഇട്ടിരിക്കുന്നതെന്ന് വർഷങ്ങളായി ഭർത്താവിന് അറിയാമായിരുന്നു. എന്നിട്ടും എന്നോടൊരക്ഷരം പറഞ്ഞില്ല. സത്യം മനസ്സിലാക്കിയപ്പോൾ ഞാൻ ശരിക്കും ദേഷ്യപ്പെട്ടു”, അവർ പറയുന്നു.

അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതുകൊണ്ട്, അത് അത്ര വലിയ വിഷയമാക്കേണ്ടതുണ്ടോ എന്ന് ഞങ്ങൾ അവരോട് ചോദിച്ചു. “അവർ നുണ പറയുകയല്ലേ ചെയ്തത്. ഇക്കണക്കിന് അവർക്ക് എന്തും എന്‍റെ ഉള്ളിൽ ഇടാൻ സാധിക്കുമല്ലൊ. കോപ്പർ-ടിയുടെ വലിപ്പത്തെക്കുറിച്ച് സ്ത്രീകൾക്ക് ആശങ്കയുള്ളതിനാലാണ് നുണ പറയാൻ ഡോക്ടർ ആവശ്യപ്പെട്ടതെന്നാണ് രുസ്തം എന്നോട് പറഞ്ഞത്.

കോപ്പർ ടി മാറ്റിയതിനുശേഷം സനാ തന്‍റെ രണ്ടാമത്തെ മകൾ അക്ഷിക്ക് 2014-ൽ ജന്മം നൽകി. ഇനി ഗർഭധാരണം വേണ്ടെന്ന് കരുതിയതാണ്. പക്ഷേ കുടുംബം സമ്മതിച്ചില്ല. അങ്ങിനെ, 2017-ൽ ആൺകുട്ടിയേയും പ്രസവിച്ചു. “ആൺകുട്ടികളെ ഒരു സമ്പാദ്യമായാണ് അവർ കാണുന്നത്. പെൺകുട്ടികളെക്കുറിച്ച് ആ ഒരു തോന്നലില്ല” സനാ പറഞ്ഞു.

2011-ലെ സെൻസസ് പ്രകാരം, രാജ്യത്തെ ഏറ്റവും കുറവ് ശിശു ലിംഗ അനുപാതം - child sex ratio - (0-6 വയസ്സുകാർക്കിടയിൽ) ഹരിയാനയിലാണ്. 1000 ആൺകുട്ടികൾക്ക്, 834 പെൺകുട്ടികളാണ് അവിടെയുള്ളത്. സോനീപത് ജില്ലയിൽ ആ സംഖ്യ ഇനിയും താഴെയാണ് - 1000 ആൺകുട്ടികൾക്ക് 798 പെൺകുട്ടികൾ . പെണ്മക്കളെ അപേക്ഷിച്ച് ആൺകുട്ടികളെ താത്പര്യപ്പെടുമ്പോൾത്തന്നെ, പുരുഷകേന്ദ്രീകൃത പശ്ചാത്തലത്താൽ സ്വാധീനിക്കപ്പെട്ടുകൊണ്ട്, വീട്ടിലെ കുടുംബാസൂത്രണ തീരുമാനങ്ങളിലെല്ലാം മിക്കവാറും അവസാനവാക്ക് ഭർത്താവോ, ബന്ധുക്കളോ ആണ്. സ്വന്തം ആരോഗ്യകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന പുരുഷന്മാർ 93 ശതമാനമാണെങ്കിൽ, ഹരിയാനയിൽ അത്തരം അധികാരമുള്ള സ്ത്രീകളുടെ ശതമാനം കേവലം 70 ശതമാനം മാത്രമാണെന്ന് എൻ.എഫ്.എച്ച്.എസ്-4 (NFHS-4) കണക്കുകൾ കാണിക്കുന്നു.

സായറയുടേയും സനായുടേയും അയൽ‌വക്കത്തുതന്നെയാണ് കാന്ത ശർമ്മയും (അവരുടെയും കുടുംബാംഗങ്ങളുടെയും യഥാര്‍ത്ഥ പേരുകളല്ല നല്‍കിയിരിക്കുന്നത്) 44 വയസ്സുള്ള ഭർത്താവ് സുരേഷ് ശർമ്മയും അഞ്ച് മക്കളും താമസിക്കുന്നത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ട് വർഷത്തിൽ രണ്ട് പെണ്മക്കൾ ജനിച്ചു. ആശുവും ഗുഞ്ജനും. രണ്ടാമത്തെ പെൺകുട്ടിക്കുശേഷം വന്ധ്യം‌കരണം നടത്താൻ ഭാര്യയും ഭർത്താവും തീരുമാനിച്ചുവെങ്കിലും ഭർത്താവിന്‍റെ വീട്ടുകാർ സമ്മതിച്ചില്ല.

ഭർത്താവിന്‍റെ അമ്മയ്ക്ക് ഒരു പേരമകൻ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവർക്ക് ആ പേരമകനെ കിട്ടാൻ‌വേണ്ടി എനിക്ക് നാല് കുട്ടികളെ പ്രസവിക്കേണ്ടിവന്നു. മുതിർന്നവർ ഒരുകാര്യം ആഗ്രഹിച്ചാൽ അതേ നടക്കൂ. എന്‍റെ ഭർത്താവ് കുടുംബത്തിലെ മൂത്ത ആളാണ്. കുടുംബത്തിന്‍റെ തീരുമാനത്തെ ധിക്കരിക്കുന്നത് ശരിയാവില്ലല്ലോ”, പഠനത്തിൽ പെൺകുട്ടികൾ നേടിയ ട്രോഫികളിലേക്ക് നോക്കി കാന്ത പറഞ്ഞു.

Kanta's work-worn hand from toiling in the fields and tending to the family's buffaloes. When her third child was also a girl, she started taking contraceptive pills
Kanta's work-worn hand from toiling in the fields and tending to the family's buffaloes. When her third child was also a girl, she started taking contraceptive pills

വീട്ടുജോലികളും എരുമകളെ മേയ്ക്കലും ചെയ്ത് തളർന്ന കാന്തയുടെ കൈകൾ . മൂന്നാമതും പെൺകുഞ്ഞ് ജനിച്ചപ്പോൾ കാന്ത ഗർഭനിരോധന ഗുളികകൾ കഴിക്കാൻ തുടങ്ങി

ഗ്രാമത്തിലേക്ക് നവവധുക്കൾ വരുമ്പോൾ സുനിതാ ദേവിയെപ്പോലെയുള്ള ആശ പ്രവർത്തകർ ആ വിവരം രേഖപ്പെടുത്താറുണ്ടെങ്കിലും ആദ്യത്തെ വർഷത്തിനുശേഷം മാത്രമേ അവരുമായി സംസാരിക്കാൻ സാധിക്കാറുള്ളു. “മിക്ക സ്ത്രീകളും, വിവാഹത്തിന്‍റെ ആദ്യവർഷം‌തന്നെ ഗർഭം ധരിക്കും. പ്രസവത്തിനുശേഷം ഞങ്ങൾ വീട് സന്ദർശിച്ച് അവരുടെ ഭർത്തൃമാതാവിന്‍റെ സാന്നിധ്യത്തിൽ, കുടുംബാസൂത്രണത്തെക്കുറിച്ച് അവരോട് സംസാരിച്ചുവെന്ന് ഉറപ്പുവരുത്തും. പിന്നീട്, കുടുംബത്തിലുള്ളവർ ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തിയതിനുശേഷം ഞങ്ങളെ വിവരമറിയിക്കും”.

“അതല്ലെങ്കിൽ, ഭർത്തൃമാതാക്കൾ ഞങ്ങളോട് ദേഷ്യപ്പെടും. “നിങ്ങളെന്തൊക്കെയാണ് എന്‍റെ മരുമകളെ പഠിപ്പിച്ചുവിട്ടിരിക്കുന്നത്” എന്നായിരിക്കും അടുത്ത ചോദ്യം.

മൂന്നാമത്തേതും പെൺകുട്ടിയായപ്പോൾ കാന്ത ഗർഭനിരോധന ഗുളികകൾ കഴിക്കാൻ തുടങ്ങി. വീട്ടുകാരറിയാതെ, ഭർത്താവ് വാങ്ങിവരുകയാണ് ചെയ്യുക. ഗുളികകൾ നിർത്തി കുറച്ച് മാസം കഴിഞ്ഞപ്പോൾ കാന്ത വീണ്ടും ഗർഭിണിയായി. ഇത്തവണ ആൺകുട്ടിയായിരുന്നു. വിരോധാഭാസമെന്തെന്നാൽ, ആ ആൺകുട്ടിയെ കാണാൻ, കാന്തയുടെ ഭർത്തൃമാതാവിന് സാധിച്ചില്ല എന്നതാണ്. 2006-ൽ അവർ മരിച്ചു. ഒരുവർഷത്തിനുശേഷം കാന്ത വീണ്ടുമൊരു ആൺകുഞ്ഞിന് ജന്മം നൽകി.

അതോടെ, കുടുംബത്തിലെ മുതിർന്ന സ്ത്രീയായി കാന്ത മാറി. പിന്നീട് അവർ ഐ.യു.ഡി. ഉപയോഗിക്കാൻ തുടങ്ങി.  അവരുടെ പെണ്മക്കൾ പഠിക്കുകയാണ്. മൂത്ത പെൺകുട്ടി നഴ്സിംഗിൽ ബി.എസ്.സി. ചെയ്യുന്നു. അവളുടെ വിവാഹത്തെക്കുറിച്ച് കാന്ത ഇതുവരെ ആലോചിച്ചിട്ടില്ല.

“അവർ പഠിച്ച് വിജയിക്കട്ടെ. ഞങ്ങളുടെ പെണ്മക്കളെ അതിന് സഹായിക്കാൻ ഞങ്ങൾക്കായില്ലെങ്കിൽപ്പിന്നെ, അവരുടെ ഭർത്താക്കന്മാരും ഭർത്തൃബന്ധുക്കളും എങ്ങിനെ സഹായിക്കാനാണ്? ഞങ്ങളുടെ കാലം വ്യത്യസ്തമായിരുന്നു. അത് പോയിമറഞ്ഞു”, കാന്ത പറയുന്നു.

ഭാവി മരുമകളെക്കുറിച്ചോ? “അതും ഇതുപോലെത്തന്നെ. അവരെന്ത് ചെയ്യണം, എന്തെല്ലാം (ഗർഭനിരോധന മാർഗ്ഗങ്ങൾ) ഉപയോഗിക്കണമെന്നതൊക്കെ അവരുടെ തീരുമാനമായിരിക്കും. ഞങ്ങളുടെ കാലമല്ലല്ലോ അപ്പോൾ ഉണ്ടാവുക. അത് കഴിഞ്ഞുപോയില്ലേ?”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Anubha Bhonsle is a 2015 PARI fellow, an independent journalist, an ICFJ Knight Fellow, and the author of 'Mother, Where’s My Country?', a book about the troubled history of Manipur and the impact of the Armed Forces Special Powers Act.

Other stories by Anubha Bhonsle
Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

Other stories by Priyanka Borar
Editor : Hutokshi Doctor
Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat