ഒരു ദ്വാരമുള്ള വെറും ലോഹക്കൂട്ടാണ് ക്യാമറ. ചിത്രം നിങ്ങളുടെ മനസ്സിലാണുള്ളത്. ഉദ്ദേശ്യമാണ് ഇതിവൃത്തത്തെ തീരുമാനിക്കുന്നത്”
പി. സായ്നാഥ്

വളയുകയും, സമതുലനം പാലിക്കുകയും, നിർമ്മിക്കുകയും, നിശ്വസിക്കുകയും, ഉയർത്തുകയും, ശുചിയാക്കുകയും, പാചകം ചെയ്യുകയും, കുടുംബത്തെ പരിപാലിക്കുകയും, മൃഗങ്ങളെ മേയ്ക്കുകയും, വായിക്കുകയും, എഴുതുകയും, നെയ്യുകയും, സംഗീതം സൃഷ്ടിക്കുകയും ആടുകയും പാടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഗ്രാമീണ ഇന്ത്യയിലെ മനുഷ്യരെയും അവരുടെ ജീവിതത്തെയുംകുറിച്ച് ആഴത്തിലും കൂടുതൽ വ്യക്തമായും മനസ്സിലാക്കുന്നതിനായി ഈ ചിത്രങ്ങൾ പാഠങ്ങളോട് ഇടകലർന്ന് പ്രവർത്തിക്കുന്നു.

സമഷ്ടിയുടെ ഓർമ്മകളെ ദൃശ്യരൂപത്തിലാക്കി സൂക്ഷിക്കാൻ പാരിയുടെ ചിത്രങ്ങൾ സദാ ശ്രദ്ധിക്കുന്നു. നമ്മൾ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള അനുകമ്പാരഹിതമായ രേഖപ്പെടുത്തലുകളല്ല അവ. മറിച്ച്, സ്വയവും ചുറ്റുമുള്ള ലോകവുമായും നമുക്ക് ബന്ധപ്പെടാനുള്ള കവാടങ്ങളാണ് ഈ ചിത്രങ്ങൾ. മുഖ്യധാരാ മാധ്യമങ്ങളിലൊന്നും വന്നിട്ടില്ലാത്ത, അരികുവത്കരിക്കപ്പെട്ട മനുഷ്യരുടേയും സ്ഥലങ്ങളുടേയും ഭൂമിയുടേയും ഉപജീവനമാർഗ്ഗങ്ങളുടേയും അദ്ധ്വാനത്തിന്റെയും കഥകളാണ് ഈ വിപുലമായ ഫോട്ടോഗ്രാഫ് ശേഖരം നമുക്ക് പറഞ്ഞുതരുന്നത്.

ഈ ഫോട്ടോഗ്രാഫുകളിലൂടെ വിനിമയം ചെയ്യപ്പെടുന്ന ആനന്ദവും സൌന്ദര്യവും സന്തോഷവും ദു:ഖവും ഭയവും വിശ്വസിക്കാനാവാത്ത യാഥാർത്ഥ്യങ്ങളും, മനുഷ്യജീവിതങ്ങളുടെ നേർമ്മയും ദൌർബ്ബല്യവും വെളിവാക്കുന്നു. ഫോട്ടോയിൽ പതിയാനുള്ള വെറുമൊരു വസ്തുവല്ല ഇവയിലെ മനുഷ്യർ. ചിത്രത്തിലെ വ്യക്തിയുടെ പേരറിയുന്നത് അനുകമ്പയ്ക്ക് ഇടനൽകും. ഒറ്റപ്പെട്ട കഥകൾ വലിയ സത്യങ്ങളെ വെളിച്ചത്ത് കൊണ്ടുവരും.

പക്ഷേ അത് സാധ്യമാകണമെങ്കിൽ, ഫോട്ടോ എടുക്കുന്ന വ്യക്തിയും ചിത്രീകരിക്കപ്പെടുന്ന വ്യക്തിയും തമ്മിൽ ബന്ധം വേണം. വലിയ ദു:ഖങ്ങളും നഷ്ടങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ അവരെ ചിത്രീകരിക്കാൻ നമുക്ക് അവരുടെ അനുവാദമുണ്ടോ? ഏറ്റവും ദുർബ്ബലരായ മനുഷ്യരെ അവരുടെ മനുഷ്യാന്തസ്സോടെത്തന്നെ എങ്ങിനെ ചിത്രീകരിക്കാൻ നമുക്ക് കഴിയും? ഒരു വ്യക്തിയോ ആളുകളോ ചിത്രീകരിക്കപ്പെടുന്നത് ഏത് പശ്ചാത്തലത്തിലാണ്? ദൈനംദിന മനുഷ്യരുടെ ദൈനംദിനജീവിതത്തിന്റെ കഥ പറയുന്ന ചിത്രങ്ങളുടെ പരമ്പരയുടെ പിന്നിലുള്ള ലക്ഷ്യമെന്താണ്?

ഒരു കഥ തയ്യാറാക്കാൻ ഏതാനും ദിവസങ്ങൾ മുതൽ ചിലപ്പോൾ വർഷങ്ങൾവരെ എടുക്കുന്ന ഞങ്ങളുടെ ഫോട്ടോഗ്രാഫർമാർ, അവരുടെ തൊഴിലിടത്തിൽ നേരിടുന്ന നിർണ്ണായകമായ ചോദ്യങ്ങളാണിവ. അഭ്യാസികളോ, ഗോത്രോത്സവങ്ങളോ, സമരം ചെയ്യുന്ന കർഷകരോ, മറ്റെന്തെല്ലാമായാലും അവർ ഈ ചോദ്യങ്ങൾ നേരിടുകതന്നെ ചെയ്യുന്നുണ്ട്.

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ, പാരിയിലെ കഥകൾക്കായി ഞങ്ങളുടെ ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളുടെ ഒരു ശേഖരം ഞങ്ങൾ നിങ്ങൾക്കായി തുറന്നുവെക്കുന്നു. തങ്ങളുടെ ചിത്രങ്ങളിലേക്കൊരു ഉൾക്കാഴ്ച നൽകുന്ന പ്രക്രിയയെക്കുറിച്ചും അവർ ഇവിടെ എഴുതുന്നു. അക്ഷരമാലാക്രമത്തിൽ അത് ഇവിടെ വായിക്കാം:

ആകാംക്ഷ , മുംബൈ, മഹാരാഷ്ട്ര

PHOTO • Aakanksha

മുംബൈയിലെ ലോക്കൽ തീവണ്ടികളിൽ മകൾ, ആറ് വയസ്സുള്ള ഭാരതിയോടൊപ്പം സാരംഗി വായിക്കുന്ന കിഷൻ ജോഗിയെക്കുറിച്ച് ഞാൻ എഴുതിയ മുംബൈ തീവണ്ടികളിൽ ഉലയുന്ന തന്ത്രികൾ എന്ന കഥയിൽനിന്നുള്ള ഒരു ചിത്രമാണിത്.

കുട്ടിക്കാലം മുതൽക്കേ ഞാൻ എന്റെ വഴികളിൽ കണ്ടുമുട്ടിയ നിരവധി കലാകാരന്മാരുടെ കഥകൂടിയാണ് ഇത്. ഞാനവരെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കലാകാരന്മാർ എന്ന നിലയിൽ അവരെ ഒരിക്കലും പരിഗണിച്ചിരുന്നില്ല. ഈ കഥ എഴുതേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നിച്ചതും അതുതന്നെയായിരുന്നു.

കുതിച്ചുപായുന്ന തീവണ്ടികളിലെ ആൾത്തിരക്കുള്ള ഓരോ കമ്പാർട്ടുമെന്റുകളിലും കയറിയിറങ്ങി സാരംഗി വായിക്കുന്ന അവരുടെ ചിത്രം, അവരുടെ സഞ്ചാരത്തിന്റെ താളത്തിനൊപ്പം ചിത്രീകരിച്ച ഒന്നായിരുന്നു.

തിരക്കുള്ള കമ്പാർട്ടുമെന്റുകളിൽ ഇടമുണ്ടാക്കി കിഷൻ ഭയ്യ അനായാസമായി തന്റെ അവതരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ, അവരോടൊപ്പം നീങ്ങാൻ ഞാൻ വല്ലാതെ പാടുപെട്ടു. അവരെ എങ്ങിനെ ചിത്രീകരിക്കണമെന്ന് പലപ്പോഴും ഞാൻ ശങ്കിക്കുകയും ചെയ്തു. കമ്പാർട്ടുമെന്റുകൾ കയറിയിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു പോറൽ‌പോലും ഉണ്ടായില്ല. തീവണ്ടി അദ്ദേഹത്തിന്റെ അരങ്ങാവുകയായിരുന്നു.

ക്യാമറക്കണ്ണുകൾ അദ്ദേഹത്തിനുനേരെ തിരിക്കുമ്പോൾ, കിഷൻ ഭയ്യ ക്യാമറയെക്കുറിച്ച് ബോധവാനായി ആശങ്കപ്പെടുമെന്ന് ഞാൻ കരുതി. പക്ഷേ എനിക്ക് തെറ്റി. ആ കലാകരൻ തന്റെ കലയിൽ ആമഗ്നനായിരുന്നു. പരിപൂർണ്ണമായും.

ക്ഷീണിച്ചവശരായ യാത്രക്കാരിൽനിന്ന് വ്യത്യസ്തനായി, അദ്ദേഹത്തിന്റെ ഊർജ്ജം ഒഴുകിപ്പരക്കുകയായിരുന്നു അപ്പോൾ. ആ രണ്ട് മനോനിലകളും ഈ ഫോട്ടോയിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

*****

ബിനായ്ഫർ ഭറൂച്ച , പശ്ചിമ കാമെംഗ്, അരുണാചൽ പ്രദേശ്

PHOTO • Binaifer Bharucha

അരുണാചലിലെ പക്ഷികൾ: കൽക്കരിഖനികളിലെ മൈനകൾ എന്ന എന്റെ കഥയ്ക്കുവേണ്ടി എടുത്ത ചിത്രമാണ് ഇത്.

പച്ചപ്പ് നിറഞ്ഞതും, പാമ്പുപോലെ വളഞ്ഞുപുളഞ്ഞൊഴുകുന്നതുമായ വഴികളിലൂടെ, വഴുക്കുന്ന ചളിയിലൂടെ, അട്ടകൾ ആക്രമിക്കില്ലെന്ന പ്രതീക്ഷയോടെ, ഐതി താപ്പയുടെ (ചിത്രത്തിൽ) പിന്നാലെ പോവുകയായിരുനു. കാടിന്റെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് പക്ഷികളുടെ ചിലയ്ക്കൽ കേട്ടു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു കഥ ചെയ്യാൻ, ഞങ്ങൾ അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് സങ്കേതത്തിലെത്തിയതായിരുന്നു ഞങ്ങൾ.

അവിടെയുള്ള പക്ഷിവർഗ്ഗങ്ങളെ പഠിക്കുന്ന ഒരു ഗവേഷകസംഘത്തോടൊപ്പം 2021 മുതൽ ചേർന്നതാണ് ഐതി. കാട്ടിൽ സംഘം വിരിക്കുന്ന വലയുപയോഗിച്ചാണ് പക്ഷികളെ പിടിക്കുന്നത്. അവയെ മൃദുവായി വലയിൽനിന്ന് പുറത്തെടുക്കുന്നത് അദ്ധ്വാനമുള്ള ജോലിയാണെങ്കിലും, അവളത് വളരെ ശ്രദ്ധയോടെയും വേഗത്തിലും ചെയ്യുന്നുണ്ടായിരുന്നു.

ചാരത്തൊപ്പിയുള്ള ചിലചിലപ്പനെ അരുമയോടെ നോക്കുന്ന ഐതിയുടെ ചിത്രമെടുത്തപ്പോൾ എനിക്ക് ശ്വാസം ഒരുമാത്ര നിലച്ചതുപോലെ തോന്നി. പ്രകൃതിയുടെ ഒത്ത നടുക്ക്, ഒരു മനുഷ്യനും പക്ഷിക്കുമിടയിൽ ദൃശ്യമായ പരസ്പരവിശ്വാസവും ആത്മബന്ധവും ഇന്ദ്രജാലം പോലെ തോന്നിച്ചു. കൂടുതലും പുരുഷന്മാർ അടങ്ങിയ ഒരു സംഘത്തിൽ ജോലി ചെയ്യുന്ന രണ്ട് തദ്ദേശീയരായ സ്ത്രീകളിൽ ഒരുവളായിരുന്നു ഐതി.

ലിംഗാതിർത്തികളെ സൌ‌മ്യമായി ഭേദിച്ചുകൊണ്ട് നിവർന്നുനിൽക്കുന്ന ഐതി ഈ കഥയിലെ പ്രസക്തമായ ഒരു ബിംബമാണ്.

*****

ദീപ്തി ആസ്താന , രാമനാഥപുരം, തമിഴ് നാട്

PHOTO • Deepti Asthana

തമിഴ് നാട്ടിലെ തീർത്ഥാടന നഗരമായ രാമേശ്വരത്തിൽനിന്ന് കേവലം 20 കിലോമീറ്റർ ദൂരത്താണ് ധനുഷ്കോടി. ഒരു ഭാഗത്ത് ബംഗാൾ ഉൾക്കടലും, മറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമായി, കടലിലേക്ക് തള്ളിനിൽക്കുന്ന ഒരു രജതഭൂമിയാണ് അത്. അതിശയിപ്പിക്കുന്ന ഒരു കാഴ്ച! വേനലിന്റെ ആറ് മാസങ്ങളിൽ ആളുകൾ ബംഗാൾ ഉൾക്കടലിൽ മീൻ പിടിക്കുന്നു. കാറ്റ് മാറിവീശുമ്പോൾ അവർ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാറുന്നു.

ഒടിഞ്ഞ വില്ല്: ധനുഷ്കോടിയിലെ വിസ്മൃതരായ ജനങ്ങൾ എന്ന ഈ കഥ ചെയ്യാനായി വന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ആ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

സമുദ്രത്താൽ ഇരുഭാഗത്തും ചുറ്റപ്പെട്ടതിനാൽ, ശുദ്ധജലത്തിന്റെ ലഭ്യത ഒരു ദൈനംദിന വെല്ലുവിളിയാണ്. പലപ്പോഴും സ്ത്രീകൾ മണ്ണിൽ കൈകളുപയോഗിച്ച് കുഴികളുണ്ടാക്കിയാണ് ദൈനംദിനാവശ്യങ്ങൾക്കായുള്ള വെള്ളം പാത്രങ്ങളിൽ നിറയ്ക്കുന്നത്.

വെള്ളത്തിൽ പെട്ടെന്ന് ഉപ്പുരസം കലങ്ങുന്നതിനാൽ, ഇതൊരു ആവർത്തിക്കുന്ന ചക്രമാണ്.

വിശാലമായ ഒരു ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ കാണുന്ന ഈ സ്ത്രീകളുടെ സംഘം ദൃശ്യപരമായ കൌതുകമുണർത്തുന്നതാണ്. അതേസമയം, എല്ലാ മനുഷ്യർക്കും അർഹതപ്പെട്ട അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവുമാണ് ഇത് നമുക്ക് കാട്ടിത്തരുന്നത്.

*****

ഇന്ദ്രജിത്ത് ഖാംബെ , സിന്ധു ദുർഗ്, മഹാരാഷ്ട്ര

PHOTO • Indrajit Khambe

കഴിഞ്ഞ 35 കൊല്ലമായി ദശാവതാർ തിയറ്ററിൽ സ്ത്രീ കഥാപാത്രമായി അഭിനയിക്കുകയാണ് ഓം‌പ്രകാശ് ചവാൻ. 8,000 നാടകങ്ങളിൽ അഭിനയിച്ചുകഴിഞ്ഞ അദ്ദേഹം ആ കലാരൂപത്തിലെ ഏറ്റവും അറിയപ്പെടുന്ന അഭിനേതാവാണ്. തന്റെ പ്രേക്ഷകർക്കായി, ദശാവതാരത്തെ സജീവമായി നിലനിർത്തുകയാണ് അദ്ദേഹം. ദശാവതാരകഥകൾ പുതുക്കിയവതരിപ്പിക്കുന്ന സമ്പന്ന രാത്രി എന്ന എന്റെ കഥയിൽ നിങ്ങൾക്കത് കാണാം.

അദ്ദേഹത്തെ ഞാൻ രേഖപ്പെടുത്താൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അദ്ദേഹത്തിന്റെ കഥ പറയാൻ ഏറ്റവും അനുയോജ്യമായ ഒരു ചിത്രം എനിക്കാവശ്യമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സതാർദയിൽ അദ്ദേഹം അവതരണം നടത്തിയപ്പോഴാണ് എനിക്കതിനുള്ള അവസരം ഒത്തുവന്നത്. നാടകത്തിലെ ഒരു സ്ത്രീവേഷത്തിനുള്ള പുറപ്പാടിൽ അദ്ദേഹത്തെ (മുകളിലെ ചിത്രത്തിൽ) കാണാം.

ഈയൊരു ചിത്രത്തിൽ അദ്ദേഹത്തിന്റെ രണ്ട് ഭാവങ്ങളേയും ഒരാൾക്ക് കാണാൻ സാധിക്കും. സ്ത്രീവേഷം അഭിനയിക്കുന്ന ഒരു പുരുഷന്റെ കഥ പറയുന്ന അപൂർവ്വ ചിത്രമാണ് ഇത്.

*****

ജൊയ്ദീപ് മിത്ര , റായ്ഗഢ്, ചത്തീസ്ഗഢ്

PHOTO • Joydip Mitra

ഹിന്ദുത്വ വലതുപക്ഷം രാമനെക്കുറിച്ച് സൃഷ്ടിച്ച കടകവിരുദ്ധമായ ഒരു വ്യാഖ്യാനം ഇന്ത്യയൊട്ടാകെ വ്യാപിക്കുമ്പോഴായിരുന്നു രാംദാസ് ലാമ്പ് എഴുതിയ റാപ്റ്റ് ഇൻ ദ് നെയിം എന്ന പുസ്തകം ഞാൻ വായിച്ചത്.

ഈ ഭൂരിപക്ഷ ആഖ്യാനത്തിനൊരു ബദൽ അന്വേഷിക്കാൻ ചാടിപ്പുറപ്പെട്ട ഞാൻ എത്തിച്ചേർന്നത് രാംനാമീസിലായിരുന്നു. അവരെക്കുറിച്ച് അഗാധമായി മനസ്സിലാക്കുന്നതിനായി പിന്നീട്, വർഷങ്ങളോളം ഞാൻ അവരെ പിന്തുടരുകയുണ്ടായി.

രാമന്റെ നാമത്തിൽ എന്ന കഥയിൽനിന്നെടുത്ത ഈ ചിത്രം, ആ പാർശ്വവത്കൃതരുടെ ഒരു പ്രതിനിധാനമാണ്. അവരെ ശാക്തീകരിച്ചിരുന്നെങ്കിൽ, ഇന്ന് ചെന്നെത്തിപ്പെട്ട താഴ്ചയിൽനിന്ന് ഇന്ത്യയ്ക്ക് മോചനം കിട്ടിയേനേ.

*****

മുസാമിൽ ഭട്ട് , ശ്രീനഗർ, ജമ്മു-കശ്മീർ

PHOTO • Muzamil Bhat

ജിഗെർ ദേദിന്റെ മുഖത്തിന്റെ ഈ ചിത്രം എന്റെ ജിഗർ ദേദിന്റെ ദു:ഖങ്ങൾ എന്ന കഥയിൽ പ്രാധാന്യമുള്ളതാണ്. കാരണം, ആ ചിത്രം അവരുടെ ജീവിതത്തെക്കുറിച്ച് പലതും പറഞ്ഞുതരുന്നുണ്ട്.

കോവിഡ്-19 മഹാവ്യാധിയുടെ കാലത്തെ അവരുടെ ദുരിതകഥ ഒരു പ്രാദേശിക പത്രത്തിൽനിന്നാണ് ഞാൻ വായിച്ചറിഞ്ഞത്. അവരെ കാണാനും കഥകേൾക്കാനും എനിക്ക് താത്പര്യം തോന്നി.

ദാൽ തടാകത്തിലെ അവരുടെ ഹൌസ്ബോട്ടിൽ പോയപ്പോൾ, ചിന്തയിൽ മുഴുകി അവർ ഒരു മൂലയ്ക്ക് ഇരിക്കുന്നത് കാണാനിടയായി. പിന്നീടുള്ള 8-10 ദിവസങ്ങൾ ഞാൻ അവരെ തുടർച്ചയായി സന്ദർശിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ 30 വർഷമായി ഒറ്റപ്പെട്ട് ജീവിക്കേണ്ടിവന്നതിന്റെ കഥ അവർ എന്നോട് പറഞ്ഞു.

സ്മൃതിഭ്രംശം നേരിടുന്ന ഒരു സ്ത്രീയായിരുന്നതിനാൽ പലപ്പോഴും കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് അവരോട് ചോദിക്കേണ്ടിവന്നു എന്നതാണ് ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കാര്യങ്ങൾ ഓർക്കാനും എന്നെ തിരിച്ചറിയാനും പലപ്പോഴും അവർ ബുദ്ധിമുട്ടി.

അവരുടെ മുഖത്തെ ചുളിവുകൾ ദൃശ്യമാക്കുന്ന ഈ ചിത്രമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഓരോ ചുളിവുകളും എനിക്ക് ഓരോ കഥകളാണ് പറഞ്ഞുതന്നത്.

*****

പളനി കുമാർ , തിരുവള്ളൂർ, തമിഴ് നാട്

PHOTO • M. Palani Kumar

ഗോവിന്ദമ്മയെക്കുറിച്ചുള്ള റിപ്പോർട്ടിംഗ് ഒരു ദീർഘകാല പദ്ധതിയായിരുന്നു. ലോക്ക്ഡൌണിന് മുമ്പ്, 2-3 വർഷം ഞാൻ അവരോട് സംസാരിച്ചിരുന്നു. ലോക്ക്ഡൌണിന് ശേഷവും. അവരുടെ കുടുംബത്തിലെ മൂന്ന് തലമുറയെ ഞാൻ പകർത്തി. ഗോവിന്ദമ്മ, അവരുടെ അമ്മ, മകൻ, അവരുടെ ചെറുമകൾ എന്നിവരെ.

ഗോവിന്ദമ്മ: ‘എന്റെ ജീവിതം മുഴുവൻ വെള്ളത്തിൽ കഴിഞ്ഞു’ എന്ന എന്റെ കഥ വടക്കൻ ചെന്നൈയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ളതായതിനാൽ, നിരവധി പേർ പങ്കുവെക്കുകയുണ്ടായി.

തിരുവള്ളുവരിലെ കളക്ടർ ജനങ്ങൾക്ക് പട്ടയങ്ങൾ (ഭൂവുടമസ്ഥാവകാശ രേഖ) നൽകി. പെൻഷനുകളും വിതരണം ചെയ്തു. അതോടൊപ്പം അവർക്കായി പുതിയ വീടുകളും നിർമ്മിച്ചു നൽകി. അതുകൊണ്ടാണ് ഈ കഥയിലെ ഈ ഫോട്ടോ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമായത്. കാര്യങ്ങളെ മറ്റൊരു തലത്തിലേക്ക് അതുയർത്തുകയുണ്ടായി.

എന്റെ ജീവിതത്തെ മാറ്റിമറിച്ച ഫോട്ടൊ എന്ന് നിങ്ങൾക്കിതിനെ വിശേഷിപ്പിക്കാം.

*****

പുരുഷോത്തം താക്കൂർ , റായ്ഗഡ, ഒഡിഷ

PHOTO • Purusottam Thakur

നിയംഗിരിയിൽ ഒരു വിവാഹം എന്ന എന്റെ കഥ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഈ ചെറിയ പെൺകുട്ടിയെ ഞാൻ കണ്ടത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അവൾ. ഞാൻ ഈ ഫോട്ടോ എടുക്കുന്ന സമയത്ത് അവൾ അച്ഛനോടൊപ്പം തന്റെ മൺകൂരയുടെ വരാന്തയുടെ മുമ്പിൽ നിൽക്കുകയായിരുന്നു.

ഗുഡക്കുകൊണ്ട് (പുകയിലയും പഴകിയ ശർക്കരയും കൊണ്ട് ഉണ്ടാക്കിയ ഒരു കുഴമ്പ്) പല്ലുതേക്കുകയായിരുന്നു അവൾ. ഫോട്ടോയിൽ മുഖം കാണിക്കുന്നതിലുള്ള അവളുടെ സങ്കോചമില്ലായ്മയാണ് എന്നെ ആകർഷിച്ചത്.

ആദിവാസികളുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും ഈ ചിത്രം എന്നെ ഓർമ്മിപ്പിച്ചു. സ്വന്തം ഭൂമിയും നിയം‌ഗിരി മലകളും മാത്രം സംരക്ഷിക്കുന്നതിനല്ല അവർ പോരാടുന്നത്. തങ്ങളുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജീവിതത്തിനായി അവർ ആശ്രയിക്കുന്ന മുഴുവൻ ജൈവവൈവിധ്യത്തിനും വേണ്ടിയുള്ള പോരാട്ടംകൂടിയായിരുന്നു അത്.

മനുഷ്യസംസ്കാരത്തിന് ഇത് എത്ര അത്യന്താപേക്ഷിതമാണ് എന്നുള്ള സന്ദേശവും ഇത് ലോകത്തിന് നൽകുന്നു.

*****

രാഹുൽ എം. , കിഴക്കൻ ഗോദാവരി, ആന്ധ്ര പ്രദേശ്

PHOTO • Rahul M.

2019-ൽ, എന്റെ ‘ഓ, ആ വീട്? അതിപ്പോൾ വെള്ളത്തിലാണ്..അവിടെ! ’ എന്ന കഥയ്ക്കുവേണ്ടിയാണ് ഈ ഫോട്ടോ എടുത്തത്. ഉപ്പടയിലെ മത്സ്യബന്ധന കോളനി ഒരിക്കൽ എങ്ങിനെയായിരുന്നു എന്ന് ഓർക്കാൻ വേണ്ടിയായിരുന്നു അത്.

കാലാവസ്ഥാമാറ്റത്തിന്റെ കഥകൾക്കായി അലയുമ്പോഴാണ് ഞാൻ കടൽനിരപ്പ് ഉയർന്നതോടെ ബുദ്ധിമുട്ടിലായ ഗ്രാമങ്ങളെക്കുറിച്ച് കേട്ടത്. ഫോട്ടോയിൽ ഇടതുഭാഗത്ത് കാണുന്ന കെട്ടിടങ്ങൾ എന്നെ പിടിച്ചുലച്ചു. പിന്നീട്, അവ എന്റെ ഫോട്ടോകളുടേയും കഥകളുടേയും വിഷയമായി മാറി.

ഒരിക്കൽ അത് ഒച്ചയും ബഹളവുമുള്ള ഒരു ഗംഭീരൻ നിർമ്മിതിയായിരുന്നു. ആ കെട്ടിടത്തിലേക്ക് 50 വർഷം മുമ്പ് മാറിയ കുടുംബങ്ങൾ ഇപ്പോൾ അതിന്റെയപ്പുറത്തുള്ള തെരുവിലായി ചിതറിക്കിടക്കുകയാണ്. ഉപ്പടയിലുണ്ടായിരുന്ന ഏതാണ്ട് പഴയതെല്ലാം കടലെടുത്തുകഴിഞ്ഞു.

അടുത്തത് ആ കെട്ടിടത്തിന്റെ ഊഴമായിരിക്കുമെന്ന് എനിക്ക് തോന്നി. പലരും അത് ശരിവെക്കുകയും ചെയ്തു. അതിനാൽ ഞാൻ അവിടം വീണ്ടും വീണ്ടും സന്ദർശിക്കുകയും ആളുകളുമായി അഭിമുഖം നടത്തുകയും ചെയ്തു. ഒടുവിൽ, ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ, 2020-ൽ കടൽ ആ കെട്ടിടത്തിലേക്ക് എത്തുകയും ചെയ്തു.

*****

റിതായൻ മുഖർജി , സൌത്ത് 24 പർഗാന, പശ്ചിമ ബംഗാൾ

PHOTO • Ritayan Mukherjee

സുന്ദർവനങ്ങളിൽ, കടുവയുടെ നിഴലിൽ ഒരു കല്ല്യാണം എന്ന എന്റെ കഥയിൽ, വിവാഹസൽക്കാരത്തിന് വന്ന അതിഥികളെ നിത്യാനന്ദ സർക്കാരിന്റെ കഴിവുകൾ അത്ഭുതപ്പെടുത്തുന്ന ഭാഗമുണ്ട്. എന്റെ ചിത്രങ്ങളിൽ അതുൾപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചു.

വധുവിന്റെ അച്ഛൻ അർജ്ജുൻ മൊണ്ടാലിനെ സ്മരിച്ചുകൊണ്ട്, ഇവിടെ, രജത്ത് ജൂബിലീ ഗ്രാമത്തിൽ, ഒരു കുടുംബം വിവാഹം ആഘോഷിക്കുകയാണ്. 2019-ൽ ഈ ഗംഗാതീരത്തെ തുരുത്തിൽ‌വെച്ച്, ഒരു കടുവയുടെ ആക്രമണത്തിൽ അയാൾ കൊല്ലപ്പെട്ടതോടെ, ആ കുടുംബം ദു:ഖത്തിലാണ്ടു.

കർഷകനും കലാകാരനുമായ നിത്യാനന്ദ നിരവധി നാടോടിക്കലകൾ അവതരിപ്പിച്ചുവരുന്നു. ഝുമുർ പാട്ടുകളും, മാ ബോൺബീബി നാടകങ്ങളും പാലാ ഗാനവും മറ്റും. 25 വർഷമായി പാലാ ഗാനം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് 53 വയസ്സുള്ള അദ്ദേഹം. വിവിധ പരിപാടികൾക്കായി ഒന്നിൽക്കൂടുതൽ സംഘങ്ങളുമായി അദ്ദേഹം പ്രവർത്തിക്കുന്നു.

*****

റിയ ബെഹ്‌ൽ , മുംബൈ, മഹാരാഷ്ട്ര

PHOTO • Riya Behl

2021 ജനുവരി 24-ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലിനിന്നായി പതിനായിരക്കണക്കിന് കർഷകർ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ ഒത്തുചേർന്നു. സംയുക്ത ഷെട്കാരി കാംഗാർ മോർച്ച സംഘടിപ്പിച്ച രണ്ട് ദിവസത്തെ ധർണ്ണയ്ക്ക് വന്നതായിരുന്നു അവർ. ഞാനതിനെക്കുറിച്ച് എന്റെ മുംബൈ കർഷക ധർണ്ണ: ‘കരിനിയമങ്ങൾ പിൻ‌വലിക്കുക’ എന്ന കഥയിൽ എഴുതി.

ഞാൻ രാവിലെത്തന്നെ സ്ഥലത്തെത്തി. കർഷകരുടെ സംഘം ഒഴുകിയെത്താൻ തുടങ്ങിയിരുന്നു. ഞങ്ങൾ റിപ്പോർട്ടർമാരുടെ സംഘം കാത്തിരിക്കുകയായിരുന്നു, നല്ല ചിത്രങ്ങൾ കിട്ടാൻ. അപ്പോഴാണ് വൈകുന്നേരത്തോടെ ഈ വലിയ സംഘം എത്തിയത്. ഫോട്ടോഗ്രാഫർമാർ ഡിവൈഡറുകളിലും വാഹനങ്ങളുടെ മുകളിലും നല്ല ഫോട്ടോ കിട്ടാൻ പാകത്തിൽ വിവിധ സ്ഥലങ്ങളിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരവരുടെ ലെൻസിന്റെ ഗുണത്തിനനുസരിച്ചുള്ള ദൂരങ്ങളിൽ. കർഷകരുടെ സമുദ്രം ഇടുങ്ങിയ റോഡുകൾ കവിഞ്ഞ് മൈതാനത്തിലേക്ക് എപ്പോൾ പ്രവേശിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു അവർ.

ആദ്യമായിട്ടായിരുന്നു ഞാൻ പാരിക്കുവേണ്ടി ഒരു റിപ്പോർട്ടിംഗിന് പോകുന്നത്. പബ്ലിഷ് ചെയ്ത കഥയിൽ ചേർക്കാനുള്ള ഫോട്ടോ എടുക്കാൻ വെറും 5 മിനിറ്റിൽ കുറവ് മാത്രം സമയമേ ഉണ്ടായിരുന്നുള്ളു. കൃത്യമായ സ്ഥലത്ത് നിൽക്കേണ്ടത് അതിനാൽ എനിക്ക് അത്യാവശ്യമായിരുന്നു. എന്നാൽ നഗരം, കാര്യങ്ങൾ എനിക്ക് സുഗമമാക്കിത്തന്നു. കാരണം, തൊട്ട് എതിർവശത്ത്, ഛത്രപതി ശിവജി ടെർമിനസ് എന്ന ചരിത്രപ്രസിദ്ധമായ റെയിൽ‌വേ ടെർമിനസ് കടുംമഞ്ഞ, പച്ച, നീല നിറങ്ങളിൽ മുങ്ങി നിൽക്കുന്നുണ്ടായിരുന്നു. അതായിരിക്കും എന്റെ ചിത്രത്തിന്റെ പശ്ചാത്തലം എന്ന് എനിക്ക് തീർച്ചയായി.

പെട്ടെന്ന് ആ തെരുവ്, പ്രകടനം നടത്തുന്ന കർഷകരെക്കൊണ്ട് നിറഞ്ഞു., എ.ഐ.കെ.എസ്.എസ്സിന്റെ ചുവന്ന തൊപ്പിവെച്ച് അവർ എന്റെ തൊട്ടരികിലൂടെ ചുറുചുറുക്കുള്ള ചുവടുകൾവെച്ച് നീങ്ങാൻ തുടങ്ങി. ഇത് എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രമാണ്. കാരണം, രണ്ട് സ്ത്രീകൾക്കിടയിലെ ശാന്തമായ ഒരു നിമിഷമായിരുന്നു അത്. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അവർ ഈ നഗരം കാണുന്നത്. ഭാരമുള്ള സഞ്ചികളും ഭക്ഷണവും താങ്ങി ദിവസം മുഴുവൻ അവർ യാത്രയിലായിരുന്നു. അവർ ഒരല്പനേരം അനങ്ങാതെ നിന്നപ്പോൾ, തൊട്ട് പിന്നിൽ വന്ന കർഷകരുടെ വലിയ സംഘവും ഒന്ന് പതുക്കെയായി. ഒരുപക്ഷേ അവരും ക്ഷീണിച്ച്, എങ്ങിനെയെങ്കിലും മൈതാനത്തിലെത്താൻ കാത്തിരിക്കുകയാവാം. എന്തായാലും ആ സ്ത്രീകൾ കുറച്ച് നിമിഷങ്ങൾ സ്വന്തമായെടുത്തു. അതിന് സാക്ഷിയാവാൻ എനിക്കും ഭാഗ്യമുണ്ടായി.

*****

പി. സായ്നാഥ , റായ്ഗഡ, ഒഡിഷ

PHOTO • P. Sainath

ഇന്ത്യാ ചിത്രം

തന്റെ ഫോട്ടോ എടുക്കുന്നതിൽ ആ ഭൂവുടമയ്ക്ക് വലിയ അഭിമാനം തോന്നി. ഒമ്പത് സ്ത്രീകളുടെ ഒരു നിര, കുനിഞ്ഞുനിന്ന്, പാടത്ത്, കള പറിക്കുമ്പോൾ, അയാൾ നിവർന്നുനിന്നു. ഒരു ദിവസത്തെ ശരാശരി കൂലിയുടെ 60 ശതമാനം കുറവ് മാത്രമാണ് അയാൾ ആ സ്ത്രീകൾക്ക് നൽകിയിരുന്നത്.

2001-ലെ സെൻസസ് പുറത്ത് വന്നിട്ടേ ഉണ്ടായിരുന്നുള്ളു. ഇന്ത്യയിലെ ജനസംഖ്യ ആദ്യമായി ഒമ്പതക്കം കടക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ബഹുമുഖ യാഥാർത്ഥ്യങ്ങളിലേക്കാണ് നമ്മൾ കണ്ണയയ്ക്കുന്നത്.

പുരുഷനായ ആ ഭൂവുടമ, അഭിമാനത്തോടെ നിവർന്ന് പൊക്കത്തിൽ നിന്നു. സ്ത്രീകൾ പാടത്ത് കുനിഞ്ഞും. നിലവിലുള്ളവരിൽ 10 ശതമാനം ആത്മവിശ്വാസത്തോടെ നിവർന്നുനിന്നു. ബാക്കി 90 ശതമാനം നിലത്തേക്ക് കുനിയുകയും ചെയ്തു.

ലെൻസിലൂടെ നോക്കുമ്പോൾ ഒരു വലിയ ‘ഒന്നും’, ഒമ്പത് പൂജ്യങ്ങളുമായി അവർ തോന്നിച്ചു. അതാണ് 1 ബില്യൺ ആളുകളുടെ ഇന്ത്യ.

*****

സങ്കേത് ജയിൻ , കോൽഹാപ്പുർ, മഹാരാഷ്ട്ര

PHOTO • Sanket Jain

‘കോൽ‌ഹാപ്പൂരിലെ ഗുസ്തിക്കാരും കോവിഡ് 19 മൂലമുള്ള പ്രതിസന്ധികളും’ എന്ന എന്റെ കഥയിൽനിന്നുള്ള ചിത്രമാണിത്.

ഏത് പരീക്ഷണത്തിലും മത്സരത്തിലും ഗുസ്തിക്കാർ അധികവും ശ്രദ്ധിക്കുന്നതും നിരീക്ഷിക്കുന്നതും എതിരാളികളുടെ നീക്കങ്ങളാണ്. ഒരു സെക്കൻഡിന്റെ ദശാംശങ്ങൾക്കുള്ളിൽ അതിനെ എങ്ങിനെ ചെറുക്കാമെന്നും ആക്രമിക്കാമെന്നും അവർ നിശ്ചയിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ചിത്രത്തിൽ സച്ചിൻ സാലുങ്കെ സ്വയം നഷ്ടപ്പെട്ട് നിരാശനായി കാണപ്പെടുന്നു. ആവർത്തിക്കുന്ന വെള്ളപ്പൊക്കവും കോവിഡും ഗ്രാമപ്രദേശങ്ങളിലെ ഗുസ്തിക്കാരെ ആകെ തളർത്തി. കർഷകത്തൊഴിലാളികളായും മറ്റ് അല്ലറചില്ലറ ജോലികളും ചെയ്യാൻ അവരിൽ‌പ്പലരും നിർബന്ധിതരായി. അതിന്റെ സ്വാധീനവും വലുതാണ്, ഗുസ്തിയിലേക്ക് മടങ്ങാൻ ശ്രമിക്കുമ്പോഴും സച്ചിന് അതിൽ ശ്രദ്ധ പതിപ്പിക്കാൻ പറ്റുന്നില്ല.

അങ്ങിനെയാണ് ഈ ചിത്രം ജനിച്ചത്. ആശങ്കയിൽ ഉഴലുന്ന ഗുസ്തിക്കാരെ ഇത് കാണിച്ചുതരുന്നു. വർദ്ധിക്കുന്ന പോരാത്തതിന്, കാലാവസ്ഥാ ദുരന്തങ്ങൾ അവയ്ക്ക് കൂടുതൽ വെല്ലുവിളികളും ഉയർത്തുന്നു.

*****

എസ്. സെന്തളിർ , ഹവേരി, കർണ്ണാടക

PHOTO • S. Senthalir

വിളവെടുപ്പ് കാലത്താണ് ആദ്യമായി ഞാൻ ഹവേരി ജില്ലയിലെ കൊണന്തലെ ഗ്രാമത്തിലെ രത്നവ്വയുടെ വീട് സന്ദർശിച്ചത്. തക്കാളികളായിരുന്നു അവർ കൃഷി ചെയ്തിരുന്നത് വിളവെടുത്തതിനുശേഷം വിത്തുകളെടുക്കാൻ അവർ തക്കാളികൾ ഞെരിച്ചുകളയും. ഈ വിത്തുകൾ ഉണക്കി, ജില്ലാ ആസ്ഥാനത്തുള്ള വലിയ വിത്തുത്പാദന കമ്പനികളിലേക്ക് അയയ്ക്കുകയായിരുന്നു അവർ ചെയ്തിരുന്നത്.

വീണ്ടും ഒരു മൂന്ന് മാസം എനിക്ക് കാത്തിരിക്കേണ്ടിവന്നു. ശരിക്കുള്ള പരാഗണം നടക്കുന്ന സമയം വരാൻ. പൂക്കളെ പരാഗണം ചെയ്യിക്കുന്നതിനായി സ്ത്രീകൾ അതിരാവിലെത്തന്നെ പണിക്കിറങ്ങും.

ഞാൻ അവരുടെ കൂടെ പാടത്തേക്ക് പോകും. അവർ ജോലി ചെയ്യുന്ന ചിത്രങ്ങളെടുക്കാൻ മണിക്കൂറുകളോളം ചെടികളുടെ ഇടയിലൂടെ അവരോടൊപ്പം ചിലവഴിക്കും. ഹവേരിയിലെ രത്നവ്വയുടെ ജീവിതവും പ്രതീക്ഷയും എന്ന എന്റെ കഥ എഴുതുന്നതിനായി.

ഈ കഥ എഴുതുന്നതിന് അവരുടെ വിശ്വാസം സമ്പാദിക്കുന്നതിനായി ആറുമാസത്തിലധികമായി മിക്കവാറും എല്ലാ ദിവസവും ഞാനവരെ സന്ദർശിക്കാറുണ്ടായിരുന്നു.

തൊഴിലിടത്തിലെ അവരുടെ നിൽ‌പ്പ് ചിത്രീകരിക്കുന്ന ഈ ചിത്രമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ഹൈബ്രിഡ് വിത്തുകൾ ഉണ്ടാക്കുന്നതിന്റെ പിന്നിലുള്ള കഠിനാദ്ധ്വാനവും സ്ത്രീകൾ അതിനുവേണ്ടി ചിലവിടുന്ന ദേഹക്ലേശവും വ്യക്തമാക്കുന്ന ചിത്രമാണ് ഇത്. വിത്തുത്പാദനത്തിലെ മുഖ്യഭാഗമായ പൂക്കളെ പരാഗണം ചെയ്യിക്കൽ നടത്താൻ, മൂന്നും നാലും മണിക്കൂർ തുടർച്ചയായി കുനിഞ്ഞുനിൽക്കേണ്ടിവരാറുണ്ട് അവർക്ക്.

*****

ശ്രീരംഗ് സ്വർഗെ , മുംബൈ, മഹാരാഷ്ട്ര

PHOTO • Shrirang Swarge

കർഷകരുടെ പ്രകടനത്തിന്റെയും കഥയുടേയും ആത്മാവിനെ ആവാഹിക്കുന്ന ചിത്രമായതിനാൽ ലോംഗ് മാർച്ച്: വിണ്ടുകീറിയ പാദങ്ങൾ, തളരാത്ത ആവേശം എന്ന കഥയിലെ ഈ ചിത്രം എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്.

നേതാക്കൾ കർഷകരെ അഭിസംബോധന ചെയ്യുമ്പോൾ, ഒരു ട്രക്കിന്റെ മുകളിലിരുന്ന് കൊടി വീശുന്ന ഈ കർഷകനെ ഞാൻ ശ്രദ്ധിച്ചു. ഉടനെ ഞാൻ ആ ട്രക്ക് മുറിച്ചുകടന്ന് പിന്നിലുള്ള പ്രധാനപാതയിലേക്ക് ചെന്ന് കർഷകരുടെ ആ സമുദ്രത്തെ, അയാളോടൊപ്പം ഫ്രെയിമിലാക്കി. കൂടുതൽ കാത്തിരുന്നാൽ ആ ചിത്രം കിട്ടില്ലെന്ന് എനിക്ക് തോന്നി.

പ്രകടനത്തിന്റെ ആത്മാവ് പിടിച്ചെടുത്ത ചിത്രമാണത്. പാർത്ഥ് മനോഹരമായി തയ്യാറാക്കിയ കഥയെ പ്രതിനിധീകരിക്കുന്ന ആ ചിത്രം പ്രതിഷേധിക്കുന്ന കർഷകരുടെ തളരാത്ത ആവേശത്തിലേക്ക് കാഴ്ചയെ എത്തിക്കുന്നു. പ്രകടനത്തെക്കുറിച്ചുള്ള ഏറ്റവും ജനകീയമായ ദൃശ്യമായി അത് മാറുകയും നിരവധിയാളുകൾ പങ്കിടുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

*****

ശുഭ്ര ദീക്ഷിത് , കാർഗിൽ ജില്ല, ജമ്മു-കശ്മീർ

PHOTO • Shubhra Dixit

പുർഗിയിലെ തൈസുരുവിലെ സംസാരഭാഷയല്ല സ്കൂളുകളിലെ ബോധനമാധ്യമം. സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഇംഗ്ലീഷും ഉറുദുവുമാണ്. ആ രണ്ട് ഭാഷകളും കുട്ടികളുമായി ബന്ധമില്ലാത്തതും അവർക്ക് ബുദ്ധിമുട്ടുള്ളതുമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് പാ‍ഠപുസ്തകങ്ങൾ. ഭാഷ മാത്രമല്ല, കഥകളും, ദൈനംദിന കാര്യങ്ങളെക്കുറിച്ചുള്ള ഉദാഹരണങ്ങളുമെല്ലാം ആ പ്രദേശത്തെ ജനങ്ങളുടെ നിത്യജീവിതവുമായി ഒരു ബന്ധവുമില്ലാത്തവയാണ്.

സുരു താഴ്വരയിൽ മുഹറം അടയാളപ്പെടുത്തുമ്പോൾ എന്ന എന്റെ കഥയിലെ ഹാജിറയ്ക്കും ബതൂലിനും ടെക്സ്റ്റ്ബുക്കുകളോട് വലിയ താത്പര്യമൊന്നുമില്ലെങ്കിലും അവർ സൌരയൂഥത്തിനെക്കുറിച്ച് പഠിക്കുകയും സ്വന്തം നിലയ്ക്ക് പുസ്തകങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്. ഗ്രഹങ്ങൾ, സൂര്യചന്ദ്രന്മാർ എന്നിവയെക്കുറിച്ചൊക്കെ പഠിക്കാൻ അവർക്ക് ഉത്സാഹമാണ്.

മുഹറം മാസത്തിലെടുത്ത ചിത്രമായതിനാൽ ഈ പെൺകുട്ടികൾ കറുത്ത വേഷത്തിലായിരുന്നു. പഠനത്തിനുശേഷം അവരൊരുമിച്ച് ഇമാംബ്രയ്ക്ക് പോവുകയും ചെയ്യും.

*****

സ്മിത തുമുലുരു , തിരുവള്ളൂർ, തമിഴ് നാട്

PHOTO • Smitha Tumuluru

കൃഷ്ണൻ ആ പഴമെടുത്ത് ഒന്ന് കടിച്ചുനോക്കി, വിശാലമായി പുഞ്ചിരിച്ചു. അവന്റെ വായ കടും ചുവപ്പ്-പിങ്ക് നിറമായി മാറി. അത് കണ്ടപ്പോൾ മറ്റ് കുട്ടികൾക്കും ആവേശമായി ആ പഴം അന്വേഷിക്കലായി പിന്നെ. അവർ കൈനിറയെ നാഥെല്ലിപ്പഴം ശേഖരിച്ചു. സാധാരണയായി ചന്തയിൽ കിട്ടുന്ന ഒരു ഫലവർഗ്ഗമല്ല അത്. ‘ലിപ്സ്റ്റിക്ക് ഫ്രൂട്ട്’ എന്നാണ് കുട്ടികൾ ഇതിനെ വിളിക്കുന്നത്. ഞങ്ങളെല്ലാവരും ഓരോന്നെടുത്ത് കടിച്ച്, പിങ്ക് നിറമുള്ള ചുണ്ടുകളുമായി സെൽ‌ഫിയെടുത്തു.

ബംഗ്ലാമേട്ടിലെ ഒളിഞ്ഞിരിക്കുന്ന നിധികൾ കുഴിച്ചെടുക്കുമ്പോൾ എന്ന എന്റെ കഥയിൽനിന്നുള്ള ചിത്രമാണ് ഇത്. തങ്ങളുടെ കോളനിക്കടുത്തുള്ള പൊന്തക്കാടുകളിൽ പോയി ഒരു കൂട്ടം ഇരുളരും അവരുടെ കുട്ടികളും ഈ പഴം അന്വേഷിക്കുന്ന രസകരമായ മുഹൂർത്തമാണ് ചിത്രത്തിലുള്ളത്.

കാട്ടുപൊന്തകൾക്കിടയിലും നീളമുള്ള പുല്ലുകൾക്കിടയിലും ഈ പഴം അന്വേഷിച്ച് പോകുന്ന കുട്ടികളില്ലാതെ എന്റെ ചിത്രം പൂർണ്ണമാവില്ല. ഇരുളവിഭാഗത്തിലെ കുട്ടികൾ ചുറ്റുമുള്ള കാടുകളുമായി അഗാധമായ ഒരു ബന്ധം കുട്ടിക്കാലം മുതലേ വളർത്തിയെടുക്കുന്നു. ഈ കഥ അതിനെക്കുറിച്ചുള്ളതുകൂടിയാണ്.

ഇരുളരുമായുള്ള എന്റെ ഫീൽഡ് അനുഭവങ്ങളുടെ മറക്കാനാവാത്ത ഭാഗമാണ് ഈ ‘ലിപ്സ്റ്റിക്ക് ഫ്രൂട്ട്’ മുഹൂർത്തം.

*****

ശ്വേത ഡാഗ , ഉദയ്പുർ, രാജ്സ്ഥാൻ

PHOTO • Sweta Daga

നല്ല ചിത്രങ്ങളെടുക്കാൻ പഠിക്കുകയായിരുന്നു അപ്പോഴും ഞാൻ. അതിനാൽ, വിത്തിന്റെ സൂക്ഷിപ്പുകാർ എന്ന കഥ തയ്യാറാ‍ക്കുമ്പോൾ ഞാൻ നിരവധി ചിത്രങ്ങളെടുത്തിരുന്നു.

എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, അന്ന് ചെയ്തതിനേക്കാൾ വ്യത്യസ്തമായി ചെയ്യാൻ കഴിയുമായിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. പക്ഷേ, യാത്ര എന്നത് അതാണല്ലോ. തെറ്റുകളില്ലാതെ നിങ്ങൾക്കൊരിക്കലും മെച്ചപ്പെടാനാവില്ല.

ചാംനി മീനയുടെ പ്രധാന ചിത്രംതന്നെ കണ്ണിൽത്തടയുന്ന ഒന്നാണ്. ആ ചിത്രം, അവരുടെ ആ ചിരിയോടെ പിടിച്ചെടുക്കാൻ സാധിച്ചത് എന്റെ ഭാഗ്യമാണെന്ന് കരുതുന്നു.

*****

ഉമേഷ് സോളങ്കി , ദഹേജ്, ഗുജറാത്ത്

PHOTO • Umesh Solanki

2023 ഏപ്രിലിന്റ് തുടക്കം. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഖരസാന ഗ്രാമത്തിലായിരുന്നു ഞാൻ. കഷ്ടി ഒരാഴ്ച മുമ്പാണ്, അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ അഞ്ച് ആദിവാസി യുവാക്കളിൽ മൂന്ന് പേർ ഈ ജില്ലയിൽ കൊല്ലപ്പെട്ടത്. അവരുടെ കുടുംബങ്ങളെ കാണാനും ജീവനോടെ രക്ഷപ്പെട്ടവരുമായി സംസാരിക്കാനും എത്തിയതായിരുന്നു ഞാനവിടെ. ഗുജറാത്തിൽ: ദാഹേജിലെ വിഷവാതക മരണം എന്ന കഥ തയ്യാറാക്കാൻ.

മൂത്ത സഹോദരൻ പരേഷടക്കം മൂന്നുപേർ കണ്മുന്നിൽ മരിക്കുന്നത് കാണേണ്ടിവന്ന 20 വയസ്സുള്ള ഭാവേഷിന്റെ കുടുംബത്തോടൊപ്പം താമസിക്കാൻ വന്നതായിരുന്നു ഞാൻ. കുടുംബത്തിലെ ചില പുരുഷന്മാരോട് സംസാരിച്ചതിനുശേഷം അവരുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മൺ‌കൂരയുടെ മുമ്പിൽ നിലത്ത് പരേഷ് കത്തറയുടെ അമ്മ സപ്നാ ബെൻ കിടക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോൾ അവർ എഴുന്നേറ്റ്, വീടിന്റെ ചുവരിൽ ചാരിയിരുന്നു. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ അവർ ചെറുതായി തലയാട്ടി.

കഠിനമായ ദുഖവും ദാരിദ്ര്യവും രോഷവും നിറഞ്ഞ കണ്ണുകളോടെ അവർ ക്യാമറയിലേക്ക് നോക്കി. അവരുടെ ചുറ്റുമുണ്ടായിരുന്ന മഞ്ഞയുടെ നിറങ്ങൾ അവരുടെ തകർന്ന മാനസികാവസ്ഥ വെളിവാക്കുന്നതായിരുന്നു. ഞാനെടുത്ത ചിത്രങ്ങളിൽ‌വെച്ച് ഏറ്റവും ആവാഹനശേഷിയുള്ള ചിത്രമായിരുന്നു അത്. പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞുവെന്ന് എനിക്ക് തോന്നി. ആ നാല് കുടുംബങ്ങളുടേയും കഥ മുഴുവൻ ആ ഒരൊറ്റ ഫ്രെയിമിൽ ഒതുങ്ങിനിന്നു.

*****

സിഷാൻ എ ലത്തീഫ് , നന്ദർബാർ, മഹാരാഷ്ട്ര

PHOTO • Zishaan A Latif

സ്ഥാനചലനം വന്ന ഗർഭാശയം വേണ്ടവിധം ചികിത്സിക്കാത്തതിനാൽ കടുത്ത അനുഭവത്തിലൂടെ കടന്നുവന്ന ആളാണ് പല്ലവി (യഥാർത്ഥ പേരല്ല). പുരുഷന്മാർക്ക് ഒരിക്കലും സങ്കല്പിക്കാനാവാത്ത ശാരീരിക വേദനകൾ അവൾക്ക് അനുഭവിക്കേണ്ടിവന്നു. ഒരു കുന്നിന്റെ മുകളിലുള്ള രണ്ട് ഓലപ്പുരകളിലൊന്നിൽ താമസിക്കുന്ന അവരുടെ ചിത്രമെടുത്തപ്പോൾ, അതിൽ അവരുടെ അസാമാന്യമായ സ്ഥൈര്യം പ്രകടമായിരുന്നു. വേദനയ്ക്ക് ചികിത്സിക്കണമെങ്കിൽ രണ്ട് മണിക്കൂർ സഞ്ചരിച്ചുവേണം ഏറ്റവുമടുത്ത സർക്കാർ ക്ലിനിക്കിലെത്താൻ. അതുപോലും സ്ഥായിയായ ഒരു ചികിത്സയല്ല. താത്ക്കാലികം മാത്രമാണ്. ‘എന്റെ ഗർഭാശയം പുറത്തേക്കിറങ്ങിവരുന്നു’ എന്ന എന്റെ ഈ കഥയിൽ, ദുർബ്ബലയെങ്കിലും അവർ നിവർന്നുതന്നെ നിൽക്കുന്നു. രോഗാവസ്ഥയിലും തങ്ങളുടെ കുടുംബങ്ങൾക്കും സമൂഹത്തിനും ആശ്വാസം നൽകുന്ന ഒരു മാതൃകാ ഗോത്ര ഭിൽ സ്ത്രീയെപ്പോലെ.

കവർ ഡിസൈൻ : സാൻ‌വിതി അയ്യർ

പരിഭാഷ: രാജീവ് ചേലനാട്ട്

Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

यांचे इतर लिखाण बिनायफर भरुचा
Editor : PARI Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat