"ഞാൻ ജനിച്ചപ്പോൾ മുതൽ ഇങ്ങനെയാണ്. ഞാൻ തൊഴിലാളിയായി പണിയെടുത്തിട്ടുണ്ട്”, രത്നവ്വ എസ്. ഹരിജൻ പറഞ്ഞു. ഓഗസ്റ്റിലെ ഒരു മഞ്ഞുള്ള പ്രഭാതത്തിൽ വീട്ടിൽനിന്നും വേഗത്തിൽ താൻ ദിവസവേതനത്തിന് പണിയെടുക്കുന്ന പാടത്തേക്ക് നടക്കുകയായിരുന്നു അവർ. ഉയരംകൂടി ചെറിയ കുനിവുള്ള അവർ വേഗത്തിൽ നടക്കുമ്പോൾ കൗമാര പ്രായത്തിലുണ്ടായ ചെറിയ മുറിവ് അറിയുന്നേയില്ല.
പാടത്തെത്തിയശേഷം കൂടെക്കരുതിയിട്ടുള്ള പണി വസ്ത്രങ്ങൾ അവർ ധരിക്കുന്നു. ആദ്യം അവർ സാരിക്കു മുകളിൽ ധരിക്കുന്ന മുഷിഞ്ഞ നീല ഷർട്ടിലേക്ക് തന്‍റെ കൈകൾ കയറ്റുന്നു. പിന്നീടവർ നീളമുള്ള മഞ്ഞ പ്രിന്‍റുള്ള നൈറ്റി പൂമ്പൊടി പറ്റിപ്പിടിക്കാതിരിക്കാന്‍ അരയ്ക്കു ചുറ്റും കെട്ടുന്നു. അതിനു മുകളിൽ അവർ കീറിയ ഒരു നീല ഷിഫോൺ തുണി മടിശ്ശീലപോലെ കെട്ടുന്നു. വെണ്ടയുടെ ആൺപൂവുകൾ ഇടുന്നതിനു വേണ്ടിയാണത്. മങ്ങിയ വെള്ള തോര്‍ത്ത് നെറ്റിയിൽ കെട്ടിക്കൊണ്ട് 45-കാരിയായ രത്നവ്വ തന്‍റെ ഇടത് കൈയിൽ കുറച്ച് ചരടുകൾ പിടിച്ച് ജോലി തുടങ്ങുന്നു.
അവർ ഒരു പൂവെടുത്ത് പതിയെ അതിന്‍റെ ഇതളുകൾ വളച്ച് ഓരോ പരാഗണഭാഗത്തേക്കും ആൺകൂമ്പിൽ നിന്നും പൂമ്പൊടി തേക്കുന്നു. പരാഗണം ചെയ്യപ്പെട്ട ഭാഗം ഒരു നൂൽ കെട്ടി അവർ അടയാളപ്പെടുത്തുന്നു. പാടത്തെ വെണ്ടച്ചെടികളിലെ നിരയിലെ ഓരോ പൂവുകളിലും കുനിഞ്ഞുനിന്ന് അവർ താളാത്മകമായി പരാഗണം നടത്തുന്നു. കൈ പരാഗണം നടത്തുന്നതിൽ അവർ വിദഗ്ദയാണ് – ചെറിയ കുട്ടിയായിരുന്നപ്പോൾ മുതലുള്ള അവരുടെ തൊഴിലാണത്.
കർണ്ണാടകയിലെ ഒരു ദളിത് ജാതിയായ മാദിഗ സമുദായത്തിൽപ്പെട്ട വ്യക്തിയാണ് രത്നവ്വ. ഒരു മാദിഗാര കേരിയിലാണ് (മാദിഗ വാസസ്ഥലം) അവർ താമസിക്കുന്നത്. കർണ്ണാടകയിലെ ഹാവേരി ജില്ലയിലെ റാണിബെന്നൂരു താലൂക്കിലെ കോണനതലി ഗ്രാമത്തിലാണിത്.


രത്നവ്വ എസ്. ഹരിജൻ തന്‍റെ അരക്കെട്ടിലെ മടിശ്ശീലയിൽ നിന്നും ആൺപൂവ് എടുത്ത് വെണ്ടച്ചെടിയുടെ പൂവുകളിൽ പരാഗണം നടത്തുന്നു. ആൺകൂമ്പിൽ നിന്നുള്ള പൂമ്പൊടി സാവകാശം അവർ പരാഗണ സ്ഥലത്തേക്ക് വ്യാപിപ്പാക്കുന്നു. അതിനു ശേഷം പരാഗണം ചെയ്യപ്പെട്ട സ്ഥലം അടയാളപ്പെടുത്തുന്നതിനായ ഇടതു കൈയിലുള്ള ചരടുപയോഗിച്ച് പൂവ് കെട്ടുന്നു
അവരുടെ ദിനചര്യ എല്ലാ ദിവസവും രാവിലെ 4 മണിക്ക് ആരംഭിക്കുന്നു. വീട്ടുജോലികളൊക്കെ തീർത്ത്, വീട്ടിലുള്ളവർക്ക് പ്രഭാത ഭക്ഷണം നൽകി, ഉച്ചഭക്ഷണം തയ്യാറാക്കി, എന്തെങ്കിലും പെട്ടെന്ന് കഴിച്ചിട്ട് രാവിലെ 9 മണിക്ക് പാടത്തെത്തുന്നു.
മൂന്നേക്കർ വരുന്ന സ്ഥലത്തെ പകുതിയിലധികം വരുന്ന ഭാഗത്ത് 200-നടുത്ത് വെണ്ടച്ചെടികളിൽ പരാഗണം നടത്തി ദിവസത്തിന്‍റെ ആദ്യപകുതി അവർ ചിലവഴിക്കുന്നു. ഉച്ചയ്ക്ക് അരമണിക്കൂർ കൊണ്ട് പെട്ടെന്ന് ഭക്ഷണം കഴിച്ച് പൂമൊട്ടുകളുടെ പാളികൾ പൊളിക്കാനായി പാടത്തേക്ക് പോകുന്നു. അടുത്ത ദിവസം പരാഗണം നടത്തേണ്ട ഭഗങ്ങൾ തയ്യാറാക്കി വയ്ക്കുന്നതിനു വേണ്ടിയാണിത്. ഇതിനായി ഭൂവുടമ നിശ്ചയിച്ചിട്ടുള്ള ദിവസ വേതനം 200 രൂപയാണ്.
കൈ പരാഗണം നടത്താനുള്ള വിദ്യ അവർ നേരത്തെ പഠിച്ചതാണ്. "ഞങ്ങൾക്ക് ഭൂമിയില്ല, അതിനാൽ ഞങ്ങൾ മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുന്നു”, അവർ പറഞ്ഞു. "ഞാൻ സ്ക്കൂളിൽ പോയിട്ടില്ല, മാസമുറ തുടങ്ങുന്നതിനു മുൻപുതന്നെ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയതാണ്. നോക്കൂ, ഞങ്ങൾ പാവങ്ങളാണ്. അതുകൊണ്ട് ഞങ്ങൾക്കിത് ചെയ്യേണ്ടി വരുന്നു. ആ സമയത്ത് ഞാൻ കളകൾ പറിക്കുകയും തക്കാളി ‘ക്രോസ്സ്’ ചെയ്യുകയും ചെയ്യുമായിരുന്നു. പൂക്കളെ കൈകൾ കൊണ്ട് സങ്കരയിന പരാഗണം നടത്തുന്നതിനെയാണ് 'ക്രോസ്സ്’, ‘ക്രോസ്സിംഗ്’ എന്ന പദങ്ങൾകൊണ്ട് അവർ ഉദ്ദേശിക്കുന്നത്.
റാണിബെന്നൂരു താലൂക്കിലെ തിരുമലദേവരകൊപ്പ ഗ്രാമത്തിലെ ഒരു ഭൂരഹിത കർഷകത്തൊഴിലാളി കുടുംബത്തിലാണ് രത്നവ്വ ജനിച്ചത്. ഹാവേരിയിലെ ആകെ തൊഴിലാളികളുടെ 42.6 ശതമാനം പേർ കർഷകത്തൊഴിലാളികളാണ്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികളുടെ 70 ശതമാനവും സ്ത്രീകളാണ് (സെൻസസ് 2011). ചെറുപ്പത്തിൽ ജോലി തുടങ്ങുകയെന്നത് രത്നവ്വയെ സംബന്ധിച്ചിടത്തോളം അസാധാരണമായിരുന്നില്ല.
8 മക്കളിൽ, അവരിൽ മിക്കവരും പെൺകുട്ടികളാണ്, ഏറ്റവും മൂത്തയാളായ അവരെ കോണനതലിയിലെ ഒരു കർഷകത്തൊഴിലാളിയായ സന്നചൗതയ്ക്ക് വിവാഹം കഴിച്ചു നൽകി. "എന്‍റെ അച്ഛൻ മദ്യപനായിരുന്നു. അതിനാൽ എന്നെ നേരത്ത വിവാഹം ചെയ്തയച്ചു, ആർത്തവം തുടങ്ങുനതിനുമുമ്പുള്ള ഒരു വർഷത്തിനുള്ളിൽ. അന്നെനിക്ക് എത്ര വയസ്സുണ്ടായിരുന്നുവെന്ന്പോലും അറിയില്ല”, അവർ പറഞ്ഞു.


ഇടത് : പരാഗണത്തിനുപയോഗിക്കുന്ന പൂക്കൾ ഒരു പാത്രത്തിൽ സൂക്ഷിക്കുന്നു. വലത് : ഒരു ദിവസത്തിന്‍റെ ആദ്യ പകുതിയിൽ രത്ന വ്വ ഏകദേശം 200 വെണ്ടച്ചെടികളുടെ പരാഗണ ഭാഗങ്ങളിൽ പരാഗണം നടത്തുന്നു
തിരുമലദേവരകൊപ്പയിൽ രത്നവ്വ കൈ പരാഗണം നടത്തി ഒരു ദിവസം 70 രൂപ നേടുമായിരുന്നു. 15 വർഷങ്ങൾക്കു മുൻപ് കോണനതലിയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു ദിവസം 100 രൂപയായിരുന്നുവെന്ന് അവർ പറഞ്ഞു. "അവർ [ഭൂവുടമകൾ] അത് എല്ലാ വർഷവും 10 രൂപവീതം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോൾ എനിക്ക് 200 രൂപ കിട്ടുന്നു.”
കോണനതലിയിലെ വിത്തുത്പാദനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ് കൈ പരാഗണം. സങ്കരയിന പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, പീച്ചിങ്ങ, വെള്ളരിക്ക എന്നിവയൊക്കെ അവിടെ വളരുന്നു. കാലവർഷസമയത്തും തണുപ്പുകാലത്തുമാണ് ഇത് സാധാരണയായി നടക്കുന്നത്. കോട്ടൺ കഴിഞ്ഞാൽ പച്ചക്കറി വിത്തുകളാണ് ഗ്രാമത്തിൽ ഉത്പാദിപ്പിക്കുന്ന പ്രധാന കാർഷിക വസ്തുക്കൾ. ആകെ 568 ഏക്കറുകളിലാണ് അവിടെ വിതയ്ക്കുന്നത് (2011 സെൻസസ്). കർണ്ണാടകയും മഹാരാഷ്ട്രയുമാണ് ഇന്ത്യയിലെ പച്ചക്കറി കൃഷിയിൽ മുന്നിട്ടു നിൽക്കുന്നത്. സ്വകാര്യ മേഖല അതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അദ്ധ്വാനവും കഴിവും വേണ്ട കൈ പരാഗണത്തിന് പൂവിന്‍റെ ഏറ്റവും സൂക്ഷ്മമായ ഭാഗം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിനായി കൃത്യമായ കാഴ്ചയും വേഗത്തിൽ ചലിക്കുന്ന കൈകളും നല്ല ക്ഷമയും ശ്രദ്ധയും ഉള്ള ഒരു തൊഴിലാളികളെ ആവശ്യമാണ്. സ്ത്രീകളെയാണ് പുരുഷന്മാരേക്കാൾ ഈ തൊഴിലിന് പരിഗണിക്കുന്നത്. തൊഴിൽ കാലഘട്ടത്തിൽ ഓട്ടോറിക്ഷകൾ വിളിച്ചാണ് അടുത്തുള്ള ഗ്രാമങ്ങളിൽനിന്നും വനിത കർഷക തൊഴിലാളികളെ കോണനതലിയിലേക്ക് കൊണ്ടുവരുന്നത്.
എല്ലായ്പ്പോഴും രത്നവ്വ പണിയെടുക്കുന്നത് പരമേശപ്പ പാക്കിരപ്പ ജാദർ എന്ന ഭൂവുടമയുടെ പാടത്താണ്. അയാൾ അംബിഗ സമുദായത്തിൽ (മറ്റു പിന്നോക്ക വിഭാഗത്തിൽ അഥവാ ഓ.ബി.സി. വിഭാഗത്തിൽ) പെടുന്നു. അവർ അയാളോട് 1.5 ലക്ഷം രൂപ കടപ്പെട്ടിരിക്കുന്നു. പലിശ രഹിതമായി അയാളോട് വാങ്ങിയിട്ടുള്ള പണം ജോലിക്കുള്ള മുൻകൂർ പണമായി കരുതാമെന്ന് അവർ പറഞ്ഞു.
“എനിക്കിപ്പോൾ പണം കൈയിൽ ലഭിക്കുന്നില്ല. ഭൂവുടമ ഒരു രേഖ [എത്ര ദിവസം ജോലി ചെയ്തു എന്നത്] സൂക്ഷിക്കുകയും വായ്പ തിരിച്ചടവായി വേതനം പിടിക്കുകയും ചെയ്യുന്നു”, അവർ പറഞ്ഞു. "പാടത്ത് പണിയെടുത്ത് ഞങ്ങൾ വായ്പ തിരിച്ചടയ്ക്കുകയും ആവശ്യമുള്ളപ്പോൾ വീണ്ടും വായ്പ വാങ്ങുകയും ചെയ്യുന്നു. അങ്ങനെ ഞങ്ങൾ വായ്പ വാങ്ങുകയും തിരിച്ചടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.”


ഇടത് : ഒരു തക്കാളിച്ചെടിയുടെ പൂവിന്‍റെ പരാഗണ ഭാഗത്ത് ഒരു വളയത്തിൽ നിന്നും പൂമ്പൊടി വിതറുന്നു . വലത് : രത്നവ്വ ‘ സങ്കരയിന ’ തക്കാളികൾ പറിക്കുന്നു . വിത്തുകൾക്കു വേണ്ടി അവ കൊയ്തെടുക്കും
വെണ്ടച്ചെടിയിലും വെള്ളരിച്ചെടിയിലും പരാഗണം നടത്തുന്ന ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലവർഷമാണ് രത്നവ്വയെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി സമയം. വെള്ളരിയിൽ പ്രജനനം നടത്തുന്നതിന് തുടർച്ചയായ ജോലി ആവശ്യമാണ് – ഇടവേളയില്ലാതെ, കുറഞ്ഞത് 6 മണിക്കൂറെങ്കിലും. വെണ്ടയുടെ മൊട്ടുകൾക്ക് മൂർച്ചയേറിയ പ്രതലങ്ങളാണുള്ളത്. അത് വിലുകൾ മുറിയുന്നതിന് കാരണമാകുന്നു.
ഓഗസ്റ്റിൽ കണ്ടുമുട്ടിയപ്പോൾ അവർ മകന്‍റെ നഖം അവരുടെ തള്ളവിരലിൽ ഒട്ടിച്ചിരിക്കുകയായിരുന്നു. എന്തുകൊണ്ടെന്നാൽ വെണ്ടമൊട്ടുകളുടെ പാളികൾ പൊളിക്കുന്നതിനായി അവർക്ക് മൂർച്ചയുള്ള വസ്തു ആവശ്യമായിരുന്നു. അസുഖ ബാധിതനായ 18-കാരനായ മകൻ ലോകേഷിന്‍റെ ഒഴിവു നികത്തിക്കൊണ്ട് മറ്റൊരു പാടത്ത് പണിയെടുക്കുന്നതിനായി അവർ പരമേശപ്പയുടെ പാടത്തുനിന്നും രണ്ടുദിവസത്തേക്ക് ഒഴിഞ്ഞു നിൽക്കുകയായിരുന്നു. കോളേജ് പ്രവേശനത്തിനായി വായ്പയെടുത്ത 3,000 രൂപ തിരിച്ചടയ്ക്കാനായി അമ്മയെ സഹായിക്കാൻ അവനും ജോലി ചെയ്യാൻ തുടങ്ങിയിരുന്നു.
എന്നിരിക്കിലും ആറംഗങ്ങൾ ഉൾക്കൊളളുന്ന അവരുടെ കുടുംബത്തിന്‍റെ മുഴുവൻ സാമ്പത്തിക ഭാരവും രത്നവ്വയാണ് വഹിക്കുന്നത്. ഭർത്താവിന്‍റെയും ഭർതൃമാതാവിന്‍റെയും കോളേജ് വിദ്യാർത്ഥികളായ മൂന്ന് മക്കളുടെയും തന്‍റെതന്നെയും നിത്യച്ചെലവുകൾ കൂടാതെ അസുഖബാധിതനായ ഭർത്താവിന്‍റെ വർദ്ധിതമായ മെഡിക്കൽ ബില്ലുകളും അവർ വഹിക്കുന്നു.
ഓഗസ്റ്റ് മാസത്തിൽ മാത്രം ഭർത്താവിന്‍റെ ആരോഗ്യ ചിലവുകൾക്കായി 22,000 രൂപയാണ് അവർ ഭൂവുടമയിൽ നിന്നും വായ്പ വാങ്ങിയത്. മഞ്ഞപ്പിത്തത്തിന്‍റെ ആക്രമണമുണ്ടായ ശേഷം അദ്ദേഹത്തിന്‍റെ രക്തത്തിലെ രക്തം കട്ടപിടിക്കുന്ന അണുവിന്‍റെ അളവ് വല്ലാതെ താഴുകയും രക്തം മാറ്റിവയ്ക്കുന്നതിനായി അദ്ദേഹത്തെ കൊണ്ടുപോകേണ്ടിയും വന്നു. ഈ സൗകര്യങ്ങളോടു കൂടിയ ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രി മംഗലാപുരത്താണ് – അവരുടെ ഗ്രാമത്തിൽനിന്നും 300 കിലോമീറ്റർ അകലെ.
ഭൂവുടമ അവർക്ക് പണം ആവശ്യമുള്ളപ്പോൾ നൽകുന്നു. "ഭക്ഷണ, ആശുപത്രി, നിത്യച്ചിലവുകൾക്കായി ഞാൻ കടം വാങ്ങുന്നു. അയാൾ ഞങ്ങളുടെ പ്രശ്നങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കി ആവശ്യംപോലെ പണം വായ്പ നൽകുന്നു. ഞാനവിടെ മാത്രമെ പോകൂ [ജോലിക്ക്], മറ്റൊരിടത്തും പോകില്ല”, രത്നവ്വ പറഞ്ഞു. "മുഴുവൻ തുക ഞാനിപ്പോഴും തിരിച്ചടച്ചിട്ടില്ല. സ്വന്തം നിലയ്ക്ക് എത്രമാത്രം എനിക്ക് തിരിച്ചടയ്ക്കാൻ പറ്റും?"


ഇടത് : പരാഗണം നടത്തുന്നതിനായി രത്നവ്വ വെണ്ടച്ചെടിയുടെ പൂക്കൾ നോക്കുന്നു. വലത് : മണിക്കൂറുകളോളം ശാരീരികമായി ചെയ്യുന്ന കഠിനാദ്ധ്വാനത്തെ അവരുടെ തെളിച്ചമുള്ള പുഞ്ചിരി മറയ്ക്കുന്നു
സാമ്പത്തിക സ്വാശ്രയത്തിന്‍റെ ഈ ഒരിക്കലും അവസാനിക്കാത്ത ചക്രം മൂലം തൊഴിലുടമ ആവശ്യപ്പെടുമ്പോഴൊക്കെ തൊഴിൽ ചെയ്യാൻ അവർ ബാദ്ധ്യസ്ഥയായിരിക്കുന്നു. വേതനത്തിന്‍റെ കാര്യത്തിൽ വിലപേശൽ നടത്താനും അവർക്ക് കഴിയില്ല. കോണനതലിയിലെ അവരുടെ സമീപ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ 8 മണിക്കൂർ ജോലിക്ക് 250 രൂപ നേടുമ്പോൾ ദിവസത്തിൽ എത്ര മണിക്കൂർ അദ്ധ്വാനിക്കുന്നു എന്നത് പരിഗണിക്കാതെ രത്നവ്വയുടെ വേതനം 200 രൂപയായി നിൽക്കുന്നു.
“അതുകൊണ്ട് അവർ എപ്പോൾ വിളിച്ചാലും എനിക്ക് പോകണം. ചിലപ്പോൾ രാവിലെ 6 മണിക്ക് ജോലി തുടങ്ങിയാൽ വയ്ക്കുന്നേരം 7 മണി കഴിഞ്ഞും നീണ്ടു നിൽക്കുന്നു. "'ക്രോസിംഗ്’ ജോലിയില്ലെങ്കിൽ കള പറിക്കുന്നതിന് എനിക്ക് 150 രൂപമാത്രം ലഭിക്കുന്നു”, അവർ വിശദീകരിച്ചു. "അതുകൊണ്ട്, പണം വാങ്ങിയിട്ടുണ്ടെങ്കിൽ എനിക്കൊന്നും പറയാൻ കഴിയില്ല. എപ്പോൾ വിളിച്ചാലും ഞാൻ പോകണം. കൂടുതൽ കൂലി ചോദിക്കാൻ എനിക്കു കഴിയില്ല.”
രത്നവ്വയുടെ ജോലിയുടെ മൂല്യം കുറയ്ക്കുന്ന ഘടകം കടം മാത്രമല്ല. പല സാഹചര്യങ്ങളിലും ഒരു ലിംഗായത കുടുംബത്തിനുവേണ്ടി വീട്ടുജോലി ചെയ്യാൻ അവരെ വിളിക്കുന്നു. പഴയ ജാത്യാചാരമായ ഒക്കലു പദ്ധതി ( ബിട്ടി ചാകരി അഥവാ, 'കൂലിയില്ലാ ജോലി’ എന്നും വിളിക്കുന്നു) നിയമപ്രകാരം നിലനിൽക്കുന്നില്ലെങ്കിലും കൊനനതൊലിയിൽ നിലവിലുണ്ട്. ഈ ആചാരം ഒരു മാദിഗ കുടുംബത്തെ ലിംഗായത സമുദായത്തിൽപ്പെട്ട ഒരു കുടുംബത്തോട് ബാദ്ധ്യസ്ഥരാക്കുകയും ലിംഗായത കുടുംബത്തിനുവേണ്ടി സൗജന്യ വേല ചെയ്യാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യുന്നു.
"വിവാഹമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചടങ്ങുകളോ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും അവരുടെ വീട്ടിൽവച്ച് മരിച്ചാൽ, ഞങ്ങൾ അവരുടെ വീട് വൃത്തിയാക്കണം. ഒരു ദിവസത്തെ മുഴുവൻ പണിയാണിത്. എല്ലാ ജോലിയും ഞങ്ങൾ ചെയ്യണം. മരണമാണെങ്കിൽ 7 ദിവസം ഞങ്ങൾ ചിലവഴിക്കണം”, രത്നവ്വ പറഞ്ഞു. "പക്ഷെ അവരുടെ വീട്ടിൽ കയറാൻ ഞങ്ങളെ അനുവദിക്കില്ല. ഞങ്ങളെ പുറത്തു നിർത്തി ചോറും ചായയും തരും. അവർ ഞങ്ങൾക്കൊരു പാത്രം പോലും തരില്ല. ഞങ്ങളുടെ വീട്ടിൽനിന്നും ഞങ്ങൾ പാത്രം കൊണ്ടുപോകും. ചിലപ്പോൾ ഒരു ആട്ടിൻ കുട്ടിയേയോ പശുക്കിടാവിനേയോ തരും. എന്നാലും പണം തരില്ല. അവരുടെ കന്നുകാലി ചത്താൽ ജഡം നീക്കാനായി ഞങ്ങളെ വിളിക്കും.”
നാല് വർഷങ്ങൾക്കു മുൻപ് പ്രസ്തുത ലിംഗായത കുടുംബത്തിലെ ഒരു വ്യക്തിയുടെ വിവാഹാവസരത്തിൽ രത്നവ്വയ്ക്ക് ഒരു ജോഡി ചെരുപ്പുകൾ വാങ്ങേണ്ടിവന്നു. ജാതി പാരമ്പര്യത്തിന്‍റെ ഭാഗമായി പൂജ അർപ്പിക്കുന്നതിനും വരന് സമ്മാനിക്കുന്നതിനുമായിരുന്നു അത്. കുറച്ചു വർഷങ്ങൾക്കു മുൻപ് മാത്രമാണ് അവിടുത്തെ ജോലി നിർത്താൻ അവർ തീരുമാനിച്ചത് - ചെയ്യുന്ന തൊഴിലിന് പണം വാങ്ങാൻ പലതവണ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ. അവരുടെ തീരുമാനം ലിംഗായത കുടുംബത്തെ ദേഷ്യം പിടിപ്പിച്ചെന്നും അവർ പറഞ്ഞു.


ഇടത് : രത്നവ്വ കോണനതലിയിലെ വീട്ടിൽ . വലത്: അവരുടെ മകൾ സുമയും അവരുടെ ബന്ധു വും പറമ്പിലൂടെ നടക്കുന്നു . ജൂലൈയിൽ രത്നവ്വയുടെ വെണ്ട വിളകൾ മഴയത്ത് നശിച്ചിരുന്നു
ഈ വർഷം ഗ്രാമത്തിലെ അരയേക്കർ സ്ഥലത്ത് പരമേശപ്പയുടെ സാമ്പത്തിക സഹായത്തോടെ രത്നവ്വ വെണ്ടയും ചോളവും കൃഷി ചെയ്തു. ഈ സ്ഥലം അവരുടെ ഭർത്താവിന് സർക്കാർ അനുവദിച്ചതാണ്. എന്നിരിക്കിലും മാദിഗർക്ക് കൊനനതലിയിലെ മാദഗ-മസൂർ തടാകത്തിൽ അനുവദിച്ച തുണ്ടു ഭൂമികൾ ജൂലൈയിൽ മഴയും വെള്ളപ്പൊക്കവും നശിപ്പിച്ചു. “ഹരിജനങ്ങളുടെ [മാദിഗരുടെ] ഭൂമിയിൽ വെണ്ട നട്ടത് ഈ വർഷമാണ്, പക്ഷെ എല്ലാം വെള്ളത്തിലായി”, അവർ പറഞ്ഞു.
രത്നവ്വയുടെ ഭാരം കുറയ്ക്കാൻ സർക്കാർ സംവിധാനം ഒരു നടപടിയും എടുത്തിട്ടില്ല. ഒരു ഭൂരഹിത തൊഴിലാളിയായ അവരെ കർഷകർക്കു പ്രത്യേകമായി നൽകുന്ന ഒരു സർക്കാർ ക്ഷേമ പദ്ധതിയുടെയും ഗുണഭോക്താവായി പരിഗണിച്ചിട്ടില്ല. നഷ്ടപ്പെട്ട വിളകൾക്കുള്ള നഷ്ടപരിഹാരം അവർക്കു ലഭിച്ചിട്ടുമില്ല, ഭിന്നശേഷിയുള്ള സ്ത്രീകൾക്ക് നൽകുന്ന പ്രതിമാസ സംസ്ഥാന സാമ്പത്തിക സഹായമായ 1,000 രൂപയ്ക്ക് അപേക്ഷിക്കാൻ പറ്റിയിട്ടുമില്ല – ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അവർക്കുണ്ടെങ്കിൽ പോലും.
കായികമായി കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്ന ജോലികൾ മണിക്കൂറുകളോളം ചെയ്തിട്ടും രത്നവ്വ മൈക്രോ ഫിനാൻസ് കമ്പനികളിൽ നിന്നും വായ്പയെടുക്കുന്നു. അതവരെ വീണ്ടും ബാദ്ധ്യതകളിൽ കുരുക്കുന്നു. പരമേശപ്പയ്ക്ക് കൊടുക്കാനുള്ളതിനു പുറമെ, രണ്ടുലക്ഷം രൂപയ്ക്കടുത്ത്, 2-3 ശതമാനം വരെ പലിശനിരക്കിൽ, അവർക്ക് ബാദ്ധ്യതയുണ്ട്.
വീട്ടിൽ ഒരു മുറി പണിയുന്നതിനും, കോളേജ് ഫീസ് അടയ്ക്കുന്നതിനും, മെഡിക്കൽ ചിലവുകൾക്കുമായി കഴിഞ്ഞ 2 വർഷങ്ങളിൽ കുറഞ്ഞത് 10 വിവിധ സ്രോതസ്സുകളിൽ നിന്നായി അവർ കടം വാങ്ങിയിട്ടുണ്ട്. ദൈനംദിന ചിലവുകൾക്കായി അവർ പണമുള്ള ലിംഗായത കുടുംബങ്ങളിൽപ്പെട്ട സ്ത്രീകളെ സമീപിക്കുന്നു. "കഴിഞ്ഞ വർഷം വായ്പ വാങ്ങിയ പണത്തിന്‍റെ [എല്ലാ സ്രോതസ്സുകളിൽ നിന്നുമായി] പലിശയിനത്തിൽ പ്രതിമാസം 2,650 രൂപയായിരുന്നു ഞാൻ അടച്ചുകൊണ്ടിരുന്നത്”, അവർ പറഞ്ഞു. "കോവിഡ്-19 ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ അടയ്ക്കാനുള്ള പണമൊന്നും എന്‍റെ പക്കലില്ല - പലിശയടയ്ക്കാനുള്ള പണം പോലും. പക്ഷെ എല്ലാ മാസവും ചിലവുകൾക്കായി പണം വാങ്ങുന്നത് ഞാൻ തുടരുന്നു.”
കടം കൂമ്പാരമായി കൂടുമ്പോഴും മക്കളുടെ കോളേജ് പഠനം അവസാനിപ്പിക്കരുതെന്ന് രത്നവ്വ നിശ്ചയിച്ചിട്ടുണ്ട്. മകൾ സുമ ബിട്ടി ചാകരി പാരമ്പര്യം തുടരില്ല എന്നും അവർ ഉറപ്പിക്കുന്നു. "എന്‍റെ കാലോ ഞാനോ ശക്തമായ അവസ്ഥയിലല്ല. എനിക്ക് ഒഴിഞ്ഞുമാറാനും കഴിയില്ല. പക്ഷെ എന്‍റെ മക്കളെ ഇതിൽനിന്നും [കെട്ടുപാടിൽ നിന്നും] വിടുവിക്കണം. അല്ലെങ്കിൽ അവർ സ്ക്കൂൾ വിടേണ്ടിവരും. അതുകൊണ്ട് ഞാൻ ജോലി തുടരുന്നു”, അവർ വിശദീകരിച്ചു. തന്‍റെ ബുദ്ധിമുട്ടുകളിൽ പതറാതെ രത്നവ്വ പ്രഖ്യാപിക്കുന്നു, "ഞാനവരെ പഠിപ്പിക്കും, അവർക്ക് വേണ്ടുവോളം.”
പരിഭാഷ: റെന്നിമോന്‍ കെ. സി.