ജി-20 നേതാക്കളെ സ്വീകരിക്കാൻ വെള്ളിയാഴ്ച തലസ്ഥാനനഗരിയിൽ വിളക്കുകൾ പ്രകാശിച്ചപ്പോൾ, ദില്ലിയിലെ അരികുകളിൽ താമസിക്കുന്നവരുടെ ലോകം ഇരുളിലാണ്ടുകിടക്കുകയായിരുന്നു: കുടിയൊഴിക്കപ്പെട്ട കർഷകർ, ഇപ്പോൾ യമുനയിലെ പ്രളയത്തിൽ അഭയാർത്ഥികളായവർ, കാഴ്ചയിൽനിന്ന് അകറ്റിനിർത്തപ്പെട്ടവർ. ഗീതാ കോളനി ഫ്ലൈഓവറിലെ താത്ക്കാലിക കുടിലുകളിൽനിന്ന് യമുനയുടെ തീരത്തെ വനപ്രദേശങ്ങളിലേക്ക് മാറാനും മൂന്ന് ദിവസം കൺവെട്ടത്തുനിന്ന് മറഞ്ഞുനിൽക്കാനും അവരോട് ആവശ്യപ്പെട്ടിരിക്കുന്നു.
"ഞങ്ങളിൽ ചിലർ പൊലീസ് നിർബന്ധപൂർവ്വം മാറ്റി. 15 മിനിറ്റിനുള്ളിൽ മാറിയില്ലെങ്കിൽ ബലമായി മാറ്റുമെന്നാണ് പറഞ്ഞത്", ഹിരലാൽ പാരിയോട് പറഞ്ഞു.
വനപ്രദേശത്തെ പുല്ലുകളിൽ പാമ്പുകളും, തേളുകളും മറ്റ് അപകടങ്ങളും പതിയിരിക്കുന്നുണ്ട്. "ഞങ്ങളുടെ കുടുംബങ്ങൾക്ക് വൈദ്യുതിയും വെള്ളവുമില്ല. ആരെയെങ്കിലും പാമ്പോ തേളോ കടിച്ചാൽ ഒരു വൈദ്യസഹായവും കിട്ടില്ല", ഒരുകാലത്ത് അഭിമാനത്തോടെ കൃഷി ചെയ്തിരുന്ന അദ്ദേഹം പറയുന്നു.
*****
കുടുംബത്തിന്റെ പാചക സിലിണ്ടർ എടുക്കാൻ ഹിരലാൽ ഓടി. ദില്ലിയിൽ, രാജ്ഘട്ടിനടുത്തുള്ള ബെല എസ്റ്റേറ്റിലെ തന്റെ വീട്ടിലേക്ക് കറുത്ത വെള്ളം രോഷത്തോടെ ഇരച്ചെത്തുമ്പോൾ മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാൻ 40 വയസ്സുള്ള അയാൾക്ക് നേരമുണ്ടായിരുന്നില്ല.
2023 ജൂലായ് 12 രാത്രിയായിരുന്നു. നിലയ്ക്കാതെ ദിവസങ്ങളോളം പെയ്ത മഴ യമുനാ നദിയുടെ ജലനിരപ്പുയർത്തി. ഹിരലാലിനെപ്പോലെ, അതിന്റെ തീരങ്ങളിൽ താമസിച്ചിരുന്നവർക്ക് അധികം സമയം പാഴാക്കാനില്ലായിരുന്നു.
മയൂർ വിഹാറിലെ യമുന പുഷ്ട പ്രദേശത്തെ താമസക്കാരിയായ 60 വയസ്സുകാരിയായ ചമേലി (ഗീത എന്ന പേരിലറിയപ്പെടുന്നു) തന്റെ അയൽക്കാരിയുടെ ഒരുമാസം പ്രായമുള്ള റിങ്കി എന്ന കൊച്ചുകുഞ്ഞിനെ വാരിയെടുത്തു. അവർക്കുചുറ്റും ആളുകൾ പേടിച്ചരണ്ട ആടുകളെയും പരിഭ്രമിച്ച നായകളേയും ചുമലിലെടുത്ത്, പലതിനെയും വഴിയിലുപേക്ഷിച്ച് തോണിയിൽ രക്ഷപ്പെടുകയായിരുന്നു. സമ്പാദ്യം മുഴുവൻ പുഴ കൈയ്യേറുന്നതിനുമുൻപ്, കൈയ്യിൽ കിട്ടിയ വസ്തുവകകളും തുണികളുമെല്ലാം പെറുക്കിയെടുക്കുകയായിരുന്നു നിസ്സഹായരായ ജനങ്ങൾ.
“രാവിലെയായപ്പോഴേക്കും എല്ലായിടത്തും വെള്ളമായിരുന്നു. ഞങ്ങളെ രക്ഷപ്പെടുത്താൻ ബോട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആളുകൾ ഫ്ലൈ ഓവറുകളിലേക്കും വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിലേക്കും ഓടുകയായിരുന്നു” എന്ന് ബെല എസ്റ്റേറ്റിൽ ഹിരലാലിന്റെ അയൽക്കാരിയായ 55 വയസ്സുള്ള ശാന്തി ദേവി പറയുന്നു. “ഞങ്ങളുടെ ആദ്യത്തെ ചിന്ത, കുട്ടികളെ എങ്ങിനെ സുരക്ഷിതരാക്കാമെന്നായിരുന്നു. കലങ്ങിയ വെള്ളത്തിൽ പാമ്പുകളും മറ്റ് ജീവികളും ഉണ്ടാകാം. രാത്രിയിൽ കാണാൻ കഴിയാത്തവ”.
റേഷൻ ഭക്ഷണവും കുട്ടികളുടെ സ്കൂൾ പുസ്തകങ്ങളും വെള്ളത്തിലൊലിച്ച് പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു. “25 കിലോഗ്രാം ഗോതമ്പുണ്ടായിരുന്നു. തുണികളും ഒലിച്ചുപോയി”.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ, ഗീത കോളനിയിലെ ഫ്ലൈ ഓവറിലെ തങ്ങളുടെ താത്ക്കാലിക കൂരകളിലിരുന്ന്, കുടിയൊഴിയേണ്ടിവന്നവർ പാരിയോട് സംസാരിച്ചു. “സ്ഥലം മാറണമെന്ന് അധികാരികൾ ഞങ്ങളെ സമയത്തിന് അറിയിച്ചതേയില്ല. ഞങ്ങൾ വസ്ത്രങ്ങളൊക്കെ കയറുപോലെ കെട്ടി ധാരാളം ആടുകളെ രക്ഷപ്പെടുത്തി. ഞങ്ങളുടെ മൃഗങ്ങളെ രക്ഷപെടുത്താൻ ബോട്ട് ചോദിച്ചു. ഒന്നും കിട്ടിയില്ല”.


ദില്ലിയിലെ യമുനാനദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ കുടിയൊഴിയേണ്ടവന ഹീരലാൽ ബേല എസ്റ്റേറ്റിലെ താമസക്കാരനാണ്. 2023 ജൂലായിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ കുടുംബത്തോടൊപ്പം ഓടിപ്പോകേണ്ടിവന്നു അദ്ദേഹത്തിന്. രാജ്ഘട്ടിനടുത്തുള്ള ഗീത കോളനി ഫ്ലൈഓവറിന്റെ (വലത്ത്) മീതെയാണ് അവർ ഇപ്പോൾ താമസിക്കുന്നത്. വീട്ടിൽനിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞ തുച്ഛമായ സാധനസാമഗ്രികളോടൊപ്പം


ഗീത (ഇടത്ത്) തന്റെ അയൽക്കാരിയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞ് റിങ്കിയോടൊപ്പം. ഈ വർഷം ജൂലായിൽ മയൂർ വിഹാർ മെട്രോ സ്റ്റേഷനടുത്തുള്ള അവരുടെ വീടുകളിലേക്ക് യമുനാനദി കുതിച്ചെത്തിയപ്പോൾ, ആ കുഞ്ഞിനെ രക്ഷിക്കുകയാണ് അവരാദ്യം ചെയ്തത്. കുടുംബം തൊഴിൽ തേടി പോയപ്പോൾ ചെറുമക്കളെ ശുശ്രൂഷിക്കുന്ന ശാന്തി ദേവി (വലത്ത്)
കഴിഞ്ഞ രണ്ടുമാസമായി ഹിരലാലിന്റേയും ശാന്തി ദേവിയുടേയും കുടുംബങ്ങൾ ഗീത കോളനി ഫ്ലൈഓവറിന്റെ മുകളിലാണ് താമസം. തങ്ങളുടെ താത്ക്കാലിക വീടുകളിൽ ഒരു ബൾബെങ്കിലും കത്തിക്കാൻ തെരുവുവിളക്കുകളിൽനിന്ന് കറന്റ് വലിച്ചെടുക്കേണ്ട ഗതികേടിലാണ് അവരിപ്പോൾ. ദിവസത്തിൽ രണ്ടുതവണ, ഹിരാലാൽ, 4-5 കിലോമീറ്റർ അകലെയുള്ള ദാരിയാഗഞ്ചിലെ ഒരു പൊതുടാപ്പിൽനിന്ന് കുടിവെള്ളം സൈക്കിളിൽ ചുമന്ന് കൊണ്ടുവരും
തങ്ങളുടെ ജീവിതം പുനർനിർമ്മിക്കാൻ യാതൊരുവിധത്തിലുള്ള നഷ്ടപരിഹാരവും കിട്ടിയിട്ടില്ല അവർക്ക്. ഒരിക്കൽ, യമുനയുടെ തീരത്ത് അഭിമാനത്തോടെ സ്വന്തം കൃഷി നടത്തിയിരുന്ന ഹിരലാൽ ഇപ്പോൾ ഒരു നിർമ്മാണത്തൊഴിലാളിയായി ജോലിയെടുക്കുകയാണ്. അദ്ദേഹത്തിന്റെ അയൽക്കാരിയായ ശാന്തി ദേവിയുടെ ഭർത്താവ് 58 വയസ്സുള്ള രമേഷ് നിഷാദ് ഇപ്പോൾ തിരക്കുള്ള ഒരു റോഡിൽ കച്ചോരി വില്പനക്കാരുടെ നീണ്ട നിരയിൽ കച്ചോരി വിൽക്കാൻ നിൽക്കുകയാണ്.
എന്നാൽ ഈ താത്ക്കാലിക ജീവിതത്തെപ്പോലും തകിടം മറിച്ചിരിക്കുകയാണ് ജി-20ക്കുള്ള ഒരുക്കങ്ങളിലൂടെ ദില്ലിയും കേന്ദ്രസർക്കാരും. അടുത്ത രണ്ട് മാസത്തിനുള്ള തെരുവുകളിൽനിന്ന് ഒഴിയാൻ വഴിയോരക്കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. “കണ്ടുപോകരുത്’ എന്നാണ് അധികാരികൾ പറയുന്നത്. “ഞങ്ങൾ എന്ത് തിന്നും”, ശാന്തി ചോദിച്ചു. “ലോകത്തിന്റെ മുമ്പിൽ പൊങ്ങച്ചം കാണിക്കാനായി സ്വന്തം ആളുകളുടെ വീടും ജീവിതവും തകർക്കുകയാണ് ഇവർ”.
ജൂലായ് 16-ന് ദില്ലി സർക്കാർ, പ്രളയബാധിതരായ ഓരോ കുടുംബങ്ങൾക്കും 10,000 രൂപവീതം സഹായധനം പ്രഖ്യാപിച്ചിരുന്നു. സംഖ്യയെക്കുറിച്ച് കേട്ടപ്പോൾ ഹിരലാൽ പൊട്ടിത്തെറിച്ചു. “എന്ത് നഷ്ടപരിഹാരമാണ് ഇത്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംഖ്യ തീരുമാനിച്ചത്. ഞങ്ങളുടെ ജീവിതത്തിന്റെ വില 10,000 രൂപയാണോ? ഒരു ആടിനുപോലും 8,000 – 10,000 രൂപ വിലവരും. ഒരു താത്ക്കാലിക കുടിലുണ്ടാക്കണമെങ്കിൽ 20,000 – 25,000 രൂപവരെ വേണം.
ഒരിക്കൽ സ്വന്തമായിരുന്ന ഭൂമി നഷ്ടപ്പെട്ട് ഇവിടെ താമസിക്കേണ്ടിവന്ന ആ ആളുകൾ ഇപ്പോൾ കൂലിവേലയ്ക്കും, റിക്ഷ വലിക്കാനും വീട്ടുപണിക്കും പോവുകയാണ്. “നഷ്ടം എത്രയാണെന്ന് തീർച്ചപ്പെടുത്താൻ എന്തെങ്കിലും സർവ്വേ നടന്നോ?”, അവർ ചോദിക്കുന്നു.

ഒരു ജൈവവൈവിധ്യപാർക്ക് നിർമ്മിക്കുന്നതിനായി പ്രാദേശികാധികാരികൾ നോക്കിവെച്ച ബെലാ എസ്റ്റേറ്റിൽനിന്ന് കുടിയൊഴിക്കപ്പെട്ടതിനെതിരേ, ഹിരലാലും കമൽ ലാലുമടക്കം (വലത്തുനിന്ന് മൂന്നാമത്) നിരവധിപേരുടെ കുടുംബങ്ങൾ 2022 ഏപ്രിൽ മുതൽ പ്രക്ഷോഭത്തിലായിരുന്നു


മിക്ക കുട്ടികൾക്കും അവരുടെ പുസ്തകങ്ങളും (ഇടത്ത്) പ്രധാനപ്പെട്ട സ്കൂൾ കടലാസ്സുകളും യമുനാനദിയിലെ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. ജീവിതം തിരിച്ചുപിടിക്കാൻ കുടുംബങ്ങൾ ശ്രമിക്കുമ്പോൾ ഇതെല്ലാം അധികച്ചിലവുകളാവും. സോളാൻ പാനലുകൾക്ക് (വലത്ത്) ഏകദേശം 6,000 രൂപ ചിലവ് വരും. ഓരോ പ്രളയബാധിത കുടുംബത്തിനും രാത്രി വീട്ടിൽ ഒരു ബൾബ് കത്തിക്കാനും ഫോണുകൾ ചാർജ്ജ് ചെയ്യാനും ഇത് അത്യാവശ്യമാണ്
ആറാഴ്ചകൾക്കുശേഷം വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും എല്ലാവർക്കും നഷ്ടപരിഹാരം കിട്ടിയിരുന്നില്ല. കടലാസുജോലികളേയും ബുദ്ധിമുട്ടിക്കുന്ന ഓഫീസ് പ്രക്രിയകളെയുമാണ് മിക്കവരും പഴിക്കുന്നത്. “ആദ്യം അവർ പറഞ്ഞു, ആധാർ കാർഡും, ബാങ്ക് കടലാസ്സുകളും ഫോട്ടോയും കൊണ്ടുവരാൻ. പിന്നെ, റേഷൻ കാർഡുകൾ കൊണ്ടുവരാൻ പറഞ്ഞു..”, കമൽ ലാൽ പറഞ്ഞു. ഒഴിവാക്കാമായിരുന്ന, മനുഷ്യനിർമ്മിത പ്രളയം ബാധിച്ച 150-ഓളം കുടുംബങ്ങൾക്ക് എന്തെങ്കിലും പണം ലഭിക്കുമോ എന്ന് ഇപ്പോഴും അദ്ദേഹത്തിന് ഒരു തീർച്ചയുമില്ല.
സംസ്ഥാനപദ്ധതികൾക്കായി കൃഷിയിടങ്ങൾ നഷ്ടപ്പെട്ട 700-ഓളം കർഷക കുടുംബങ്ങളെ പുനരധിവാസപ്പിക്കാൻ തുടങ്ങിവെച്ച ശ്രമങ്ങൾ മുന്നോട്ട് പോയിട്ടില്ല. ഒഴിപ്പിക്കാൻ ശ്രമിക്കുന്ന അധികാരികളുമായുള്ള ബഹളത്തിലാണ് പലപ്പോഴും അത് അവസാനിക്കുക. ‘വികസന’മായാലും, കുടിയൊഴിക്കലായാലും ദുരന്തങ്ങളായാലും എല്ലായ്പ്പോഴും ദുരിതമനുഭവിക്കുന്നത് മുഴുവൻ കർഷകരാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബെല എസ്റ്റേറ്റ് മസ്ദൂർ ബസ്തി സമിതിയുടെ ഭാഗമാണ് കമൽ. എന്നാൽ, “പ്രളയം ഞങ്ങളുടെ പ്രതിഷേധത്തിന് തടസ്സമായി”, ഓഗസ്റ്റിലെ മദ്ധ്യാഹ്നചൂടിലുരുകി വിയർപ്പൊപ്പിക്കൊണ്ട് ആ 37 വയസ്സുകാരൻ സൂചിപ്പിച്ചു.
*****
45 വർഷത്തിനുശേഷമാണ് ദില്ലി വീണ്ടും മുങ്ങുന്നത്. 1978-ൽ യമുന 1.8 മീറ്റർ ഉയർന്ന്, അതിന്റെ സുരക്ഷിത അളവായ 207.5-ലേക്ക് എത്തുകയുണ്ടായി. ഈ ജൂലായിൽ, അത് 208.5 മീറ്റർ കടന്നു. സർവ്വകാല റിക്കാർഡായിരുന്നു അത്. ഹരിയാനയിലെയും ഉത്തർ പ്രദേശിലെയും ബാർജുകൾ സമയത്തിന് ഉയർത്താത്തതുമൂലം, വെള്ളമുയർന്ന് ദില്ലിയെ മുക്കി. നിരവധി ജീവനുകൾ നഷ്ടമായി. വീടുകൾക്കും ഉപജീവനമാർഗ്ഗങ്ങൾക്കും കൃഷിക്കും മറ്റ് ജലാശയങ്ങൾക്കും വ്യാപകമായ നാശമുണ്ടായി.
1978-ലെ പ്രളയകാലത്ത്, 10 കോടിയുടെ നാശനഷ്ടങ്ങളുണ്ടായെന്നും 18 മനുഷ്യജീവനുകൾ നഷ്ടമായെന്നും, ആയിരക്കണക്കിനാളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടെന്നും ദില്ലിയിലെ എൻ.സി.ടി സർക്കാരിന്റെ ജലസേചന, പ്രളയനിയന്ത്രണ വകുപ്പ് സൂചിപ്പിക്കുകയുണ്ടായി.

2023 ജൂലായിൽ ദില്ലിയിലെ പുസ്ത റോഡിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ

ന്യൂ ദില്ലിയിലെ മയൂർ വിഹാർ മെട്രോ സ്റ്റേഷനടുത്തുള്ള ഫ്ലൈ ഓവറിന്റെ അടിയിലുള്ള വീടുകളിൽ പ്രളയജലം കയറി
ഈ വർഷം ജൂലായിലെ കനത്ത മഴ 25,000-ത്തോളം ആളുകളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചുവെന്നാണ് ഒരു പൊതുതാത്പര്യ ഹരജിക്ക് ലഭിച്ച മറുപടിയിൽനിന്ന് അറിഞ്ഞത്. വെള്ളപ്പൊക്കസമതലത്തിലെ നിരന്തരമായ കൈയ്യേറ്റം “..കിഴക്കൻ ദില്ലിയെ വെള്ളത്തിൽ മുക്കുകയും വെള്ളപ്പൊക്ക സമതലങ്ങളിലെ താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളിലെ നിർമ്മിതികളെ ഒഴുക്കിക്കളയുകയും’ അടക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് യമുനാ റിവർ പ്രൊജക്ട്: ന്യൂ ദില്ലി അർബൻ ഇക്കോളജി പറയുന്നത്,
യമുനയുടെ തീരങ്ങളിൽ ഏകദേശം 24,000 ഏക്കറിൽ കൃഷി നടക്കുന്നുണ്ടായിരുന്നു. ഒരു നൂറ്റാണ്ടിലധികമായി കർഷകർ അവിടെ കൃഷി ചെയ്തുവരുന്നുണ്ട്. എന്നാൽ സമതലങ്ങളിൽ നടന്ന കോൺക്രീറ്റുവത്ക്കരണം മൂലം – അമ്പലങ്ങൾ, മെട്രോ സ്ടേഷൻ, കോമൺവെൽത്ത് ഗെയിംസ് വില്ല്രേജ് (സി.ഡബ്ല്യു.ജി) പ്രളയജലം ഒഴുകിപ്പോകാനുള്ള മാർഗ്ഗങ്ങൾ കുറഞ്ഞുകുറഞ്ഞുവന്നു. വായിക്കുക: മഹാനഗരവും, ചെറിയ കർഷകരും, മരിക്കുന്ന ഒരു പുഴയും
“നമ്മളെന്ത് ചെയ്താലും പ്രകൃതി അതിന്റെ വഴി നിശ്ചയിക്കും. മുമ്പൊക്കെ മഴക്കാലത്തും പ്രളയസമയത്തും വെള്ളം പരന്നൊഴുകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് വെള്ളപ്പൊക്കസമതലങ്ങളിൽ അധികം സ്ഥലമില്ലാത്തതിനാൽ, ഉയരാൻ അത് നിർബന്ധിതമായി. അത് നമ്മളെ തകർക്കുകയും ചെയ്തു”, 2023-ലെ പ്രളയത്തിന് വില കൊടുക്കേണ്ടിവന്നവരിൽ ഒരാളായ ബേലാ എസ്റ്റേറ്റിലെ കമൽ കൂട്ടിച്ചേർത്തു. “അവർ യമുനയെ വൃത്തിയാക്കേണ്ടതായിരുന്നു, പകരം നമ്മെ വൃത്തിയായി ഒഴിപ്പിച്ചു”.
“യമുനയുടെ വെള്ളപ്പൊക്ക സമതലങ്ങൾക്കടുത്തുള്ള പ്രദേശങ്ങൾ വികസിപ്പിക്കരുത്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലമാണത്. സി.ഡബ്ല്യു.ജി., അക്ഷർധാം ക്ഷേത്രം, മെട്രോ സ്റ്റേഷൻ എന്നിവ നിർമ്മിച്ചത്, പ്രകൃതിയുമായി വിനോദത്തിലേർപ്പെടുന്നതിന് തുല്യമാണ്”.
“ആരാണ് ദില്ലിയെ മുക്കിക്കളഞ്ഞത്?. എല്ലാ വർഷവും ജൂൺ 15-നും 25-നും ഇടയ്ക്ക് ദില്ലി സർക്കാരിന്റെ ഇറിഗേഷൻ ആൻഡ് ഫ്ലഡ് കണ്ട്രോൾ ഡിപ്പർട്ട്മെന്റ് ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. നീതി ആവശ്യപ്പെട്ടുകൊണ്ട് വെള്ളം സുപ്രീം കോടതിവരെ എത്തി”, ഒട്ടും നർമ്മം കലർത്താതെയാണ് രാജേന്ദ്ര സിംഗ് അത് പറഞ്ഞത്.

ഇടയ്ക്ക് വല്ലപ്പോഴും കൃഷി ചെയ്യുന്നവർ, വീട്ടുവേലക്കാർ, ദിവസക്കൂലിക്കാർ ആദിയായവർക്ക്, ദില്ലിയിലെ യമുനാതീരത്ത് സ്ഥിതി ചെയ്യുന്ന മയൂർ വിഹാറിലുള്ളതുപോലുള്ള സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കേണ്ടിവന്നു


പ്രളയബാധിത കുടുംബങ്ങൾക്കായി തുറന്ന ദില്ലിയിലെ ദുരിതാശ്വാസ ക്യാമ്പ്. വലത്ത്: യമുനയിലെ വെള്ളപ്പൊക്കത്തെയും അതുണ്ടാക്കിയ നാശത്തെയും കുറിച്ച് ചർച്ച ചെയ്യാൻ യമുനാ സൻസദ് സംഘടിപ്പിച്ച ഒരു ചർച്ചയിൽ പ്രൊഫസ്സർ എ.കെ. ഗോസായിൻ (പ്രസംഗപീഠത്തിൽ), രാജേന്ദ്ര സിംഗ് (‘ഇന്ത്യയിലെ ജലമനുഷ്യൻ’) എന്നീ വിദഗ്ദ്ധർ അധികാരികളെ നിശിതമായി വിമർശിക്കുകയുണ്ടായി
“ഇതൊരു പ്രകൃതി ദുരന്തമല്ല. സമയം തെറ്റിയ മഴപ്പെയ്ത്ത് ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട്” എന്ന്, 2023 ജൂലായ് 24-ന് നടന്ന ‘ദില്ലിയിലെ പ്രളയം: കൈയ്യേറ്റമോ അവകാശമോ?’ എന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ആൾവാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാരിസ്ഥിതിക പ്രവർത്തകൻ പറഞ്ഞു. യമുനയെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാനുള്ള ജനകീയ സംരംഭമായ യമുനാ സൻസദാണ് ദില്ലിയിലെ ഈ ചർച്ച സംഘടിപ്പിച്ചത്.
“ഈ വർഷം യമുനയിൽ സംഭവിച്ചതിന് ചിലരുടെ കസേര തെറിക്കേണ്ടതാണ്”, ചർച്ചയിൽ ഡോ. അഷ്‌വാനി കെ. ഗോസായിൻ പറഞ്ഞു. 208-ൽ ദേശീയ ഹരിത ട്രിബ്യൂണൽ സ്ഥാപിച്ച യമുന മോണിറ്ററിംഗ് കമ്മിറ്റിയിലെ വിദഗ്ദ്ധാംഗമാണ് അദ്ദേഹം
“വെള്ളത്തിന് ഗതിവേഗവുമുണ്ട്. തീരങ്ങളില്ലാതെ, അത് എവിടേക്ക് പോകും?”, ബാരേജുകൾക്ക് പകരം റിസർവോയറുകൾ വേണമെന്ന് ശക്തിയായി വാദിക്കുന്ന ഗോസായിൻ ചോദിക്കുന്നു. ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിലെ എമിററ്റസ് പ്രൊഫസറാണ് അദ്ദേഹം. അനധികൃതമായ 1,500 കോളനികളും തെരുവുചാലുകളുടെ അഭാവവും ചേർന്ന്, വെള്ളത്തെ അഴുക്കുചാലുകളിലേക്ക് തിരിച്ചുവിടുകയാണ്. “ഇത് രോഗങ്ങളും ഉണ്ടാക്കും”, അദ്ദേഹം പറയുന്നു.
*****
കാലാവസ്ഥാ വ്യതിയാനം, കൃഷിതടസ്സം, പുനരധിവാസമില്ലായ്മ, കുടിയൊഴിക്കൽ ഭീഷണി എന്നിവയെയെല്ലാം അഭിമുഖീകരിച്ചുകൊണ്ടാണ് ബെലാ എസ്റ്റേറ്റ് കർഷകർ ജീവിക്കുന്നത്. വായിക്കുക: തലസ്ഥാനത്ത്, കർഷകരോടുള്ള മനോഭാവം ഈ വിധത്തിലാണ് . ഇക്കഴിഞ്ഞ പ്രളയം അവരനുഭവിക്കുന്ന നിരവധി നഷ്ടങ്ങളിൽ ഒടുവിലത്തേത് മാത്രമാണ്.
“4-5 അംഗങ്ങളുള്ള ഒരു കുടുംബത്തിന് താമസിക്കാൻ പാകത്തിലുള്ള 10 x 10 അടി വലിപ്പമുള്ള ഒരു കുടിൽ നിർമ്മിക്കാൻ 20,000 മുതൽ 25,000 രൂപവരെ വേണം. വെള്ളം കടക്കാത്ത ഷീറ്റിനുതന്നെ 2,000 രൂപ വരും. പണിയാൻ കൂലിക്ക് ആളെ വെച്ചാൽ, ദിവസവും 500-700 രൂപവരെ കൊടുക്കണം. ഞങ്ങൾതന്നെ അത് ചെയ്യാമെന്ന് വെച്ചാൽ, ആ ദിവസത്തെ കൂലി ഇല്ലാതാവും”, ഭാര്യയും, 17, 15, 10, 8 വയസ്സുള്ള നാല് കുട്ടികളുമായി താമസിക്കുന്ന ഹിരലാൽ പറയുന്നു. മുളങ്കോലുകൾക്കുതന്നെ ഓരോന്നിനും 300 രൂപ വിലയുണ്ട്. ചുരുങ്ങിയത് 20 എണ്ണമെങ്കിലും വേണ്ടിവരും. ഈ നഷ്ടമൊക്കെ ആരാണ് നൽകാൻ പോകുന്നതെന്ന് കുടിയൊഴിയേണ്ടിവന്ന കുടുംബങ്ങൾക്ക് ഒരു നിശ്ചയവുമില്ല.


പ്രളയബാധിതർക്ക് ആശ്വാസം ലഭിക്കുന്നതിനുള്ള കടലാസ്സുപണിക്ക് ഒരവസാനവുമില്ലെന്നും, ഓരോ കുടുംബത്തിനും ലഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട 10,000 രൂപ നഷ്ടപരിഹാരം ഒന്നിനും മതിയാകില്ലെന്നും ഹിരലാൽ പറയുന്നു. അവർക്കുണ്ടായ നഷ്ടം 50,000 രൂപയ്ക്ക് മുകളിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വലത്ത്: 25 കിലോഗ്രാം ഗോതമ്പും, വസ്ത്രങ്ങളും കുട്ടികളുടെ സ്കൂൾബുക്കുകളും യമുനയിലെ പ്രളയത്തിൽ ഒഴുകിപ്പോയത് നിസ്സഹായമായി നോക്കിനിൽക്കേണ്ടിവന്നത് ശാന്തി ദേവി ഓർത്തെടുത്തു

ബെലാ എസ്റ്റേറ്റിലെ താമസക്കാരുടെ ഗീതാ കോളനി ഫ്ലൈഓവറിന്റെ കീഴിലുള്ള താത്ക്കാലിക കൂരകൾ. വീട്ടിലെ ആവശ്യങ്ങൾക്കായിട്ടാണ് അവർ ആടുകളെ വളർത്തുന്നത്. പ്രളയത്തിൽ ഒട്ടുമിക്കവയും നഷ്ടമായി
പിന്നെയുള്ളത്, പ്രളയത്തിൽ നഷ്ടമായ വളർത്തുമൃഗങ്ങൾക്ക് പകരം വീണ്ടും മൃഗങ്ങളെ വാങ്ങാനുള്ള ചിലവാണ്. “ഒരു എരുമയ്ക്ക് 70,000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. നല്ല ഭക്ഷണം കൊടുത്താലേ അത് ജീവനോടെയിരിക്കുകയും പാൽ തരികയും ചെയ്യുകയുള്ളു. കുട്ടികൾക്ക് ദിവസവും കുടിക്കാനുള്ള പാലിനും ചായയ്ക്കുമായി വളർത്തുന്ന ഒരാടിന് 8,000 മുതൽ 10,000 രൂപവരെ വിലയാവും”, അദ്ദേഹം പറയുന്നു.
യമുനയുടെ തീരത്ത് ഭൂമിയുണ്ടായിരുന്നുവെന്നും കർഷകനായിരുന്നുവെന്നും തെളിയിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് തന്റെ ഭർത്താവിന് കച്ചോരി വിൽക്കാൻ പോകേണ്ടിവന്നുവെന്ന് ഹിരലാലിന്റെ അയൽക്കാരി ശാന്തി ദേവി പാരിയോട് പറഞ്ഞു. എന്നാലും ദിവസത്തിൽ 200-300 രൂപയിലധികം ഉണ്ടാക്കാൻ കഴിയുന്നില്ല. “മൂന്ന് ദിവസമോ 30 ദിവസമോ നിങ്ങൾ അവിടെ സൈക്കിളുമായി നിന്നാലും, പൊലീസുകാർ മാസത്തിൽ 1,500 രൂപവെച്ച് നിങ്ങളുടെ കൈയ്യിൽനിന്ന് പിടിച്ചുപറിക്കും”, അവർ പറയുന്നു.
പ്രളയജലം പിൻവാങ്ങിയെങ്കിലും മറ്റ് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. ജലജന്യരോഗങ്ങളായ മലേറിയ, ഡെങ്കു, അതിസാരം, ടൈഫോയ്ദ് എന്നിവ ഭീഷണിയായി തുടരുന്നു. പ്രളയത്തിനുശേഷം അടച്ചുപൂട്ടിയ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ദിവസവും 100 കണക്കിന് പനി രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ കാണുമ്പോൾ ഹിരലാൽ ചെങ്കണ്ണുകൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. അധികവിലയ്ക്ക് വാങ്ങിയ ഒരു ജോടി കൂളിംഗ് ഗ്ലാസ്സുകൾ അയാൾ കാണിച്ചുതന്നു. “ഇവയ്ക്ക് 50 രൂപയേ ഉള്ളുവെങ്കിലും 200 രൂപയ്ക്കാണ് വിൽക്കുന്നത്, ആവശ്യക്കാർ കൂടുതലായതിനാൽ”.
“ഇത് പുതിയതൊന്നുമല്ല, മറ്റുള്ളവരുടെ വേദനകളിൽനിന്നും ആളുകൾ ലാഭമുണ്ടാക്കുന്നു”, മതിയാകാത്തതെങ്കിലും പ്രഖ്യാപിച്ച നഷ്ടപരിഹാരമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന കുടുംബങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം അത് പറയുന്നത്.
ഈ കഥ 2023 സെപ്റ്റംബർ 9-ന് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്