മധ്യേന്ത്യയിലെ ഖാർഗോൺ പട്ടണത്തിലെ ഇളം ചൂടുള്ള നല്ല പ്രഭാതമായിരുന്നു അന്ന്. അതിരാവിലെയുള്ള ചെറിയ ആളനക്കങ്ങളെ തകർത്തുകൊണ്ട് പെട്ടെന്ന് ബുൾഡോസറുകളുടെ ശബ്ദം കടന്നുവന്നു. മധ്യ പ്രദേശിലെ ഈ പട്ടണത്തിലെ ചാന്ദ്നി ചൌക്ക് ഭാഗത്തെ തിരക്കിനിടയിലേക്ക് അവ ഉരുളാൻ തുടങ്ങി. ഭയചകിതരായ താമസക്കാർ കടകളിൽനിന്നും വീടുകളിൽനിന്നും പുറത്തേക്ക് വന്നു.

35 വയസ്സുള്ള വാസിം അഹമ്മദ് നോക്കിനിൽക്കുമ്പോൾ, നിമിഷങ്ങൾക്കകം, ബുൾഡോസറുകളുടെ കനത്ത സ്റ്റീൽ ബ്ലേഡുകൾ അയാളുടെ കടയും അതിനകത്തെ വിലപിടിപ്പുള്ള സാധനങ്ങളും ഞെരിച്ചുതകർത്തു. “കടയിൽനിന്ന് കിട്ടിയ എല്ലാ സമ്പാദ്യവും ഞാൻ അതിൽ നിക്ഷേപിച്ചിരുന്നു”, അയാൾ പറയുന്നു.

സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബുൾഡോസറുകൾ 2022 ഏപ്രിൽ 11-ന് അദ്ദേഹത്തിന്റെ കട മാത്രമല്ല തകർത്തത്. ഖാർഗോണിലെ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തെ 50-ഓളം കടകളും വീടുകളും അവർ തകർത്തു. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ‘കലാപകാരികൾ’ നടത്തിയ കല്ലേറിന് മധ്യ പ്രദേശ് സർക്കാർ നൽകിയ ശിക്ഷയുടെ ഭാഗമായിട്ടായിരുന്നു ആ സ്വകാര്യ സ്വത്തുക്കൾ ബുൾഡോസറുകളുപയോഗിച്ച് തകർത്തത്.

എന്നാൽ, വാസിം കല്ലെറിഞ്ഞു എന്നത് തെളിയിക്കാൻ‌പോലും ബുദ്ധിമുട്ടാണ്. രണ്ട് കൈകളും മുറിച്ചുമാറ്റേണ്ടിവന്ന ആളാണ് വാസിം. കല്ലെടുക്കുകയും എറിയുകയും പോയിട്ട്, സ്വന്തം നിലയ്ക്ക് ചായ കുടിക്കാൻപോലും അദേഹത്തിന് കഴിയില്ല.

“അന്നത്തെ ആ സംഭവത്തിൽ എനിക്കൊരു പങ്കുമില്ല”, വാസിം പറയുന്നു.

2005-ൽ രണ്ട് കൈകളും നഷ്ടപ്പെടുന്നതിനുമുമ്പ്, പെയിന്ററായി ജോലി ചെയ്യുകയായിരുന്നു അയാൾ. “ഒരുദിവസം, ജോലിക്കിടയിൽ എനിക്ക് ഷോക്കേറ്റു. ഡോക്ടർമാർ രണ്ട് കൈകളും മുറിച്ചുമാറ്റി. പ്രതികൂലമായ അവസ്ഥയിലും ഞാൻ ജീവിക്കാനൊരു വഴി (കടയിലൂടെ) കണ്ടെത്തിയതായിരുന്നു. സ്വയം സഹതപിച്ച് സമയം കളഞ്ഞില്ലെന്ന് അഭിമാനത്തോടെ അദ്ദേഹം കൂട്ടിച്ചേർക്കാനും മറന്നില്ല.

Left: Wasim Ahmed lost both hands in an accident in 2005.
PHOTO • Parth M.N.
Right: Wasim’s son Aleem helping him drink chai at his house in Khargone
PHOTO • Parth M.N.

ഇടത്ത്: 2005-ൽ ഒരപകടത്തിൽ വാസിം അഹമ്മദിന് ഇരുകൈകളും നഷ്ടമായി. വലത്ത്: ഖാർഗോണിലെ വീട്ടിൽ, ചായ കുടിക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന മകൻ അലീം

വാസിമിന്റെ കടയിൽ ആളുകൾ വന്ന് അവർക്ക് വേണ്ടത് ആവശ്യപ്പെടും. ഗ്രോസറിയും, സ്റ്റേഷനറിയുമൊക്കെ. അവർ സ്വയം സാധനങ്ങൾ എടുക്കുകയും ചെയ്യും. “അവർ പൈസ എന്റെ പോക്കറ്റിലോ മേശവലിപ്പിലോ ഇട്ടിട്ട് പോവും. 15 വർഷമായി എന്റെ ഉപജീവനമാണിത്”.

ഖർഗോണിലെ ചാന്ദ്നി ചൌക്കിൽ സ്വന്തമായുണ്ടായിരുന്ന നാല് കടകളിൽ മൂന്നെണ്ണമാണ് 73 വയസ്സുള്ള മൊഹമ്മദ് റഫീക്കിന് അന്ന് രാവിലെ നഷ്ടമായത്. 25 ലക്ഷമാണ് ഒറ്റയടിക്ക് ഇല്ലാതായത്. “ഞാനവരോട് കേണപേക്ഷിച്ചു. അവരുടെ കാൽക്കൽ വീണു”, റഫീക്ക് ഓർമ്മിക്കുന്നു. “ഞങ്ങളുടെ കടലാസ്സുകൾ കാണിക്കാൻ‌പോലും അവർ അനുവദിച്ചില്ല. എന്റെ കടകൾ നിയമവിധേയമായി പ്രവർത്തിക്കുന്നവയാണ്. അവരതൊന്നും പക്ഷേ കാര്യമാക്കിയില്ല”.

വാസിമിന്റെയും റഫീക്കിന്റേയും സ്ഥാപനങ്ങളും, സ്റ്റേഷനറിയും പലഹാരങ്ങളും, സിഗരറ്റുകളും, മിഠായികളും, ശീതളപാനീയങ്ങളും മറ്റും വിൽക്കുന്ന മറ്റ് വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചത്, കലാപത്തിലുണ്ടായ നഷ്ടങ്ങൾ നികത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് സംസ്ഥാന സർക്കാർ ആദ്യം അവകാ‍ശപ്പെട്ടത്. പിന്നീട്, ജില്ലാ ഭരണകൂടം പറഞ്ഞത്, ആ കെട്ടിടങ്ങളൊക്കെ ‘അനധികൃത’മായി കെട്ടിപ്പൊക്കിയവയാണെന്നായിരുന്നു. എന്നാൽ മധ്യ പ്രദേശിലെ ആഭ്യന്തര മന്ത്രി നരോത്തം മിശ പരസ്യമായി ആക്രോശിച്ചത്, “എവിടെനിന്നാണോ കല്ലുകൾ വന്നത്, അവിടമാകെ ഞങ്ങൾ ചാരക്കൂമ്പാരമാക്കും” എന്നായിരുന്നു.

Mohammad Rafique surveying the damage done to his shop in Khargone’s Chandni Chowk by bulldozers
PHOTO • Parth M.N.

ഖാർഗോണിലെ ചാന്ദ്നി ചൌക്കിലെ തന്റെ സ്ഥാപനത്തിന് ബുൾഡോസറുകൾ വരുത്തിയ നഷ്ടം പരിശോധിക്കുന്ന മൊഹമ്മദ് റഫീക്ക്

ബുൾഡോസറുകളുടെ വരവിന് മുമ്പാണ് മുഖ്തിയാർ ഖാനെപ്പോലെയുള്ള ചിലർക്ക് കലാപത്തിൽ അവരുടെ വീടുകൾ നഷ്ടമായത്. സഞ്ജയ് നഗറിൽ, ഹിന്ദുക്കൾക്ക് മുൻ‌തൂക്കമുള്ള ഭാഗത്തായിരുന്നു അയാളുടെ വീട്. മുനിസിപ്പൽ കോർപ്പറേഷന് കീഴിൽ ശുചിത്വ തൊഴിലാളിയായി ജോലി ചെയ്യുന്ന അദ്ദേഹം, കലാപം പൊട്ടിപുറപ്പെട്ടപ്പോൾ തന്റെ തൊഴിലിടത്തിലായിരുന്നു. “ഒരു കൂട്ടുകാരൻ എന്നെ വിളിച്ച്, വേഗം വന്ന് കുടുംബത്തെ സുരക്ഷിതസ്ഥാനത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു”, അദ്ദേഹം ഓർമ്മിക്കുന്നു.

ജീവൻ രക്ഷിക്കാൻ ആ ഉപദേശം സഹായിച്ചു. കാരണം, മുഖ്തിയാറിന്റെ വീട്, സഞ്ജയ് നഗറിൽ, ഹിന്ദുക്കൾക്ക് മുൻ‌തൂക്കമുള്ള ഭാഗത്തായിരുന്നു. തക്കസമയത്തിന് കുടുംബത്തെ, മുസ്ലിം പ്രദേശത്തുള്ള സഹോദരിയുടെ വീട്ടിലാക്കാൻ ഭാഗ്യംകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് സാധിച്ചത്.

തിരിച്ചുവന്നപ്പോഴേക്കും വീട് കത്തിക്കരിഞ്ഞിരുന്നു. “എല്ലാം പോയി”, അയാൾ ഓർക്കുന്നു. 44 വർഷമായി ഇതേ പ്രദേശത്ത് താമസിച്ചുവന്ന ആളായിരുന്നു മുഖ്തിയാ. ‘ഞങ്ങൾക്ക് (അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്ക്) ഒരു ചെറിയ കുടിലുണ്ടായിരുന്നു. 15 വർഷത്തെ അദ്ധ്വാനംകൊണ്ടാണ് 2016- ഞാൻ ഈ വീട് നിർമ്മിച്ചത്. ജീവിതകാലം മുഴുവൻ ഇവിടെ കഴിഞ്ഞവനാണ് ഞാൻ. എല്ലാവരുമായും നല്ല ബന്ധമായിരുന്നു”, അദ്ദേഹം വിലപിക്കുന്നു.

വീട് നഷ്ടപ്പെട്ട മുഖ്തിയാർ ഇപ്പോൾ ഖാർഗോണിൽ, മാസം 5,000 രൂപ വാടകയ്ക്കാണ് താമസിക്കുന്നത്. ശമ്പളത്തിന്റെ മൂന്നിലൊന്നാണ് ആ സംഖ്യ. വീടും അതിനകത്തെ സാധനങ്ങളും പൂർണ്ണമായും അഗ്നിക്കിരയായതിനാൽ പുതിയ പാത്രങ്ങളും, തുണികളും, വീട്ടുസാമഗ്രികളും വാങ്ങേണ്ടിവന്നു അയാൾക്ക്.

“എന്റെ ജീവിതം തകർക്കുന്നതിനുമുമ്പ് അവർ രണ്ടാമതൊന്ന് ആലോചിച്ചതുപോലുമില്ല. കഴിഞ്ഞ കുറച്ച് കാലമായി, പ്രത്യേകിച്ചും 4-5 വർഷങ്ങളായി ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സംഘർഷം വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനുമുമ്പൊരിക്കലും ഇത്ര മോശമായിട്ടില്ല സ്ഥിതിഗതികൾ. ഇപ്പോൾ ഞങ്ങൾ ഭയന്നാണ് കഴിയുന്നത്”.

Mukhtiyar lost his home during the communal riots in Khargone
PHOTO • Parth M.N.

ഖാർഗോണിലെ വർഗ്ഗീയകലാപത്തിൽ മുഖ്തിയാറിന് സ്വന്തം വീട് നഷ്ടമായി

1.76 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാനുണ്ട് മുഖ്തിയാർക്ക്. സംഭവിച്ച നഷ്ടത്തിന്റെ തീരെ ചെറിയൊരു ഭാഗം മാത്രമാണത്. ഈ കഥ എഴുതുന്നതുവരെ അതുപോലും പക്ഷേ അയാൾക്ക് കിട്ടിയിട്ടില്ല. അത്ര വേഗമൊന്നും പണം കിട്ടുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുമില്ല.

“എന്റെ വീട് നഷ്ടപ്പെട്ടതുകൊണ്ട് എനിക്ക് നീതിയും നഷ്ടപരിഹാരവും കിട്ടണം. കലാപകാരികൾ ചെയ്തതുതന്നെയാണ് രണ്ടുദിവസം കഴിഞ്ഞ്, ജില്ലാ ഭരണകൂടവും ചെയ്തത്“, അയാൾ കൂട്ടിച്ചേർക്കുന്നു.

ബി.ജെ.പി. ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളായി ‘ബുൾഡോസർ നീതി”യുടെ പര്യായമായിത്തീർന്നിരിക്കുന്നു. മധ്യ പ്രദേശിന് പുറമേ, ഉത്തർ പ്രദേശ്, ദില്ലി, ഹരിയാന, മഹാരാഷ്ട്ര എന്നിങ്ങനെ പലയിടങ്ങളിലും കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ബുൾഡോസറുകളാൽ തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരോപണവിധേയർ കുറ്റക്കാരാണെങ്കിലും അല്ലെങ്കിലും, മിക്ക സംഭവങ്ങളിലും, ആ വീടുകളും സ്ഥാപനങ്ങളും മുസ്ലിമുകളുടേതാണ്.

സംസ്ഥാനത്ത് ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ മുസ്ലിമുകളുടേത് മാത്രമാണെന്ന്, ഇതിനെക്കുറിച്ച് പഠിക്കുന്ന പീപ്പിൾസ് യൂണിയൻ ഓഫ് ലിബർട്ടീസ് (പി.യു.സി.എൽ) ഞങ്ങളുമായി പങ്കുവെച്ച അവരുടെ ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇടിച്ചുനിരത്തിയ 50 കെട്ടിടങ്ങളിൽ ഒന്നൊഴിയാതെ എല്ലാം മുസ്ലിമുകളുടെ ഉടമസ്ഥതയിലാണെന്ന് അവർ കണ്ടെത്തിയിരിക്കുന്നു.

“അക്രമസംഭവങ്ങൾ ഇരുസമുദായങ്ങളേയും ബാധിച്ചിട്ടുണ്ടെങ്കിലും, ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തുന്നത് മുസ്ലിങ്ങളുടെ സ്വത്തുവകകൾ മാത്രമാണെന്ന്” റിപ്പോർട്ട് സൂചിപ്പിക്കുന്നു. “വസ്തുവകകൾ മാറ്റാനുള്ള മുന്നറിയിപ്പോ, സമയമോ ഒന്നും നൽകിയില്ല. ജില്ലാ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുള്ള ഇടിച്ചുനിരത്തൽ സംഘം പെട്ടെന്ന് രംഗത്തുവന്ന്, വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചു” എന്നാണ് അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

*****

എല്ലാറ്റിന്റേയും തുടക്കം, പതിവുപോലെ, കിംവദന്തികളിൽനിന്നായിരുന്നു. 2022 ഏപ്രിൽ-10-ന് രാമനവമി ആഘോഷങ്ങൾ നടക്കുമ്പോൾ, ഖാർഗോണിലുള്ള തലാബ് ചൌക്കിൽ‌വെച്ച് പൊലീസ് ഹിന്ദുക്കളുടെ ഘോഷയാത്ര തടഞ്ഞുവെന്ന് ഒരു വാർത്ത നാട്ടിൽ പരന്നു. സാമൂഹികമാധ്യമം അതിന് പ്രചാരം കൊടുത്തയുടൻ, ഒരു ആക്രമിസംഘം ഒത്തുചേരുകയും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തേക്ക് നീങ്ങുകയുമായിരുന്നു.

Rafique in front of his now destroyed shop in Khargone. A PUCL report says, 'even though both communities were affected by the violence, all the properties destroyed by the administration belonged to Muslims'.
PHOTO • Parth M.N.

ഖാർഗോണിലെ തകർക്കപ്പെട്ട തന്റെ കടയുടെ മുമ്പിൽ നിൽക്കുന്ന റഫീക്ക്. ‘ഇരുസമുദായങ്ങളേയും കലാപം ബാധിച്ചുവെങ്കിലും, ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തിയത്, മുസ്ലിങ്ങളുടെ സ്വത്തുക്കൾ മാത്രമായിരുന്നു’വെന്ന് ഒരു പി.യു.സി.എൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു

ഇതേ സമയത്തുതന്നെ, അടുത്തുള്ള പള്ളിയിൽനിന്ന് പ്രാർത്ഥനയ്ക്കുശേഷം ഇറങ്ങിയ മുസ്ലിങ്ങളും ആദ്യം സൂചിപ്പിച്ച സംഘവുമായി മുഖാമുഖം വന്നു. കാര്യങ്ങൾ അക്രമാസക്തമാവുകയും കല്ലേറ് നടക്കുകയും കലാപം പട്ടണത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. അവിടെ തീവ്ര-വലതുപക്ഷ ഹിന്ദു സംഘങ്ങൾ മുസ്ലിങ്ങളുടെ വീടുകളും കടകളും ഉന്നം‌വെച്ചു.

സി.എൻ.എൻ. ന്യൂസ് 18-ന്റെ ചാനലിൽ, അമൻ ചോപ്ര എന്ന മുഖ്യ അവതാരകൻ ഖാർഗോണിനെക്കുറിച്ച് ഒരു സംവാദത്തിന് തുടക്കമിട്ടതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. സംവാദത്തിന്റെ ശീർഷകം, “ ഹിന്ദു രാം നവമി മാനയേ, ‘റഫീക്ക്’ പത്തർ ബർസായേ ”എന്നായിരുന്നു. “ഹിന്ദുക്കൾ രാമനവമി ആഘോഷിക്കുന്നു, പക്ഷേ ‘റഫീക്ക്’ അവരെ കല്ലുകൊണ്ട് അഭിഷേകം ചെയ്യുന്നു” എന്നാണതിന്റെ മലയാളത്തിലുള്ള അർത്ഥം.

മൊഹമ്മദ് റഫീക്കിനെ കൃത്യമായി ഉദ്ദേശിച്ചുകൊണ്ടാണോ അതോ ഒരു സാധാരണ മുസ്ലിം പേര് മാത്രമാണോ ചോപ്ര ഉദ്ദേശിച്ചത് എന്നറിയില്ല. എന്നാൽ ആ ടിവി സംവാദം റഫീക്കിനേയും കുടുംബത്തേയും ഗുരുതരമായി ബാധിച്ചു. “അതിനുശേഷം കുറേ ദിവസങ്ങൾ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ പ്രായത്തിൽ ഈ സമ്മർദ്ദമൊന്നും എനിക്ക് താങ്ങാനാവില്ല”, റഫീക്ക് പറയുന്നു.

റഫീക്കിന്റെ കടകൾ തകർത്തിട്ട് ഇപ്പോൾ ഒന്നരക്കൊല്ലം കഴിഞ്ഞിരിക്കുന്നു. എന്നാൽ, ചോപ്രയുടെ ആ ടിവി ഷോയുടെ സ്ക്രീനിന്റെ പ്രിന്റൌട്ട് ഇപ്പോൾ റഫീക്കിന്റെ കയ്യിലുണ്ട്. ആദ്യം അനുഭവിച്ച അതേ വേദനയാണ് ഇപ്പോഴും അത് കാണുമ്പോൾ റഫീക്കിന് അനുഭവപ്പെടുന്നത്.

ചോപ്രയുടെ ഷോ കഴിഞ്ഞതിൽ‌പ്പിന്നെ കുറേക്കാലത്തേക്ക് ഹിന്ദു സമുദായക്കാർ അയാളുടെ കടയിൽനിന്ന് പാനീയങ്ങളും പാലും മറ്റും വാങ്ങുന്നത് നിർത്തി. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാൻ തീവ്ര-വലത് ഹിന്ദു സംഘടനകൾ ആഹ്വാനവും ചെയ്തു. ടിവി അവതരണം കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. “നിങ്ങൾ ഒരു പത്രപ്രവർത്തകനല്ലേ മോനേ? ഇതാണോ ഒരു പത്രപ്രവർത്തകൻ ചെയ്യേണ്ടത്”, റഫീക്ക് ചോദിക്കുന്നു.

The rubble after the demolition ordered by the Khargone Municipal Corporation
PHOTO • Parth M.N.

ഖാർഗോൺ മുനിസിപ്പൽ കോർപ്പറേഷൻ നടപ്പാക്കിയ ഇടിച്ചുനിരത്തലിനുശേഷമുള്ള അവശിഷ്ടങ്ങൾ

എനിക്ക് ഉത്തരമില്ല. എന്റെ തൊഴിലിനെക്കുറിച്ചോർത്ത് വല്ലായ്മ മാത്രമാണ് എനിക്ക് അപ്പോൾ തോന്നിയത്. “ഞാൻ നിങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതല്ല. നിങ്ങൾ കാഴ്ചയിൽ നല്ലൊരു കുട്ടിയാണ്”, പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. കടയിൽനിന്ന് ഒരു തണുത്ത പാനീയം അയാൾ എനിക്ക് വെച്ചുനീട്ടി. “ഒരു കട ഇപ്പോഴും എനിക്ക് ബാക്കിയുണ്ട്. എന്റെ ആണ്മക്കളെല്ലാം നല്ല നിലയ്ക്ക് കഴിയുന്നു. എന്നാൽ, മറ്റ് പലർക്കും അത്തരം ഭാഗ്യം‌പോലുമില്ല. അന്നന്ന് കിട്ടുന്നതുകൊണ്ട് കഴിയുന്നവരാണ്”.

കട വീണ്ടും പുതുക്കിപ്പണിയാൻ വാസിമിന്റെ പക്കൽ സമ്പാദ്യമൊന്നുമില്ല. ഇടിച്ചുനിരത്തൽ കഴിഞ്ഞ്, ഒന്നരക്കൊല്ലം കഴിയുമ്പോൾ, അയാൾക്ക് നോക്കിനടത്താൻ കടയൊന്നുമില്ല. ഒന്നും സമ്പാദിക്കാനും കഴിഞ്ഞില്ല. സഹായിക്കാമെന്ന് ഖാർഗോൺ മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു. “നഷ്ടപരിഹാരം തരാമെന്നൊക്കെ അവർ പറഞ്ഞുവെങ്കിലും അതൊക്കെ വെറുംവാക്കാണ്”.

“രണ്ട് കൈകളുമില്ലാത്ത ഒരാൾക്ക് അധികമൊന്നും ചെയ്യാനാവില്ല”, അയാൾ തുടർന്നു.

സംസ്ഥാനം വാസിമിന്റെ കട ഇടിച്ചുനിരത്തിയതിൽ‌പ്പിന്നെ, ഖാർഗോണിൽ സമാനമായ മറ്റൊരു കട നടത്തുന്ന അയാളുടെ ജ്യേഷ്ഠനാണ് വാസിമിനെ സഹായിക്കുന്നത്. “എന്റെ രണ്ട് കുട്ടികളെ സർക്കാർ സ്കൂളിൽ ചേർത്തു. മൂന്നാമത്തെ കുട്ടിക്ക് രണ്ടുവയസ്സായിട്ടേ ഉള്ളു. അവനും സർക്കാർ സ്കൂളിൽ പോകേണ്ടിവരും. എന്റെ കുട്ടികളുടെ ഭാവി നശിച്ചു. എന്റെ വിധിയുമായി പൊരുത്തപ്പെടുകയല്ലാതെ മറ്റ് വഴിയില്ല”.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat