2024 ഫെബ്രുവരി 13-നു, പഞ്ചാബിൽനിന്നുള്ള സോഷ്യോളജി വിദ്യാർത്ഥിയായ ദവീന്ദർ സിംഗ് ഭംഗു കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം ശംഭു അതിർത്തിയിലെത്തി. ഉച്ചയ്ക്ക് ഏതാണ്ട് 2 മണിയ്ക്ക് അവർ അതിർത്തിയിലെത്തുമ്പോൾ, അതിർത്തിയ്ക്കപ്പുറം ഹരിയാനാ ഭാഗത്തുനിന്നുള്ള റാപിഡ് ആക്ഷൻ ഫോഴ്സും പോലീസും പ്രതിഷേധക്കാർക്ക് എതിരേ നീക്കങ്ങൾ ആരംഭിച്ചിരുന്നു.
"ഞങ്ങൾ സമാധാനപരമായി സംഘം ചേർന്ന് നിൽക്കുന്നതിനിടെ ഒരു റബ്ബർ പെല്ലറ്റ് അവന്റെ ഇടതുകണ്ണിൽ വന്നുകൊണ്ടു," ദവീന്ദറിന്റെ സുഹൃത്തായ തരൺവീർ സിംഗ് പറയുന്നു. "ദവീന്ദർ പൊടുന്നന്നെ താഴെ വീണു. ഞങ്ങൾ അവനെ എടുക്കാൻ ശ്രമിക്കുമ്പോൾ, പോലീസ് ഞങ്ങൾക്കുനേരെ മൂന്നോ നാലോ കണ്ണീർവാതക ഷെല്ലുകൾ തൊടുത്തുവിട്ടു." ഏകദേശം 3 മണിയായപ്പോഴാണ്, അതായത് ദവീന്ദറും കൂട്ടുകാരും പ്രതിഷേധ സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.
വിളകളുടെ താങ്ങുവില സംബന്ധിച്ച് നിയമപരമായി ഉറപ്പ് നൽകുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ ഡൽഹിയിലേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയത് 2024 ഫെബ്രുവരി 13-നാണ്. എന്നാൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽവെച്ച് പോലീസും ആർ.എ.എഫും അവരെ തടഞ്ഞു. അവർ മുന്നോട്ട് നീങ്ങുന്നത് ചെറുക്കാനായി ബാരിക്കേഡുകൾ സ്ഥാപിക്കപ്പെട്ടു. അതിനെയും മറികടന്ന് മുന്നോട്ട് പോകാൻ കർഷകർ ശ്രമിച്ചപ്പോൾ, അവർക്ക് നേരെ കണ്ണീർവാതക ഷെല്ലുകളും റബ്ബർ പെല്ലറ്റുകളും ഉപയോഗിച്ച് ആക്രമണം ഉണ്ടായി. (വായിക്കുക: 'ശംഭു അതിർത്തിയിൽ തടവിലായപോലെയാണ് എനിക്കനുഭവപ്പെടുന്നത്' ).
കണ്ണീർവാതക ഷെല്ലുകളിൽനിന്ന് ഉയർന്ന രൂക്ഷമായ ദുർഗന്ധം വകവെക്കാതെ ദവീന്ദർ സിംഗിന്റെ കൂട്ടുകാർർ, ചോരയൊലിപ്പിച്ചു കിടന്നിരുന്ന ആ 22 വയസ്സുകാരനെ പെട്ടെന്നുതന്നെ വാരിയെടുത്ത് ആംബുലൻസിൽ അവിടെനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ ബനൂരിലുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെയുള്ള ഡോക്ടർമാർ അദ്ദേഹത്തെ ചണ്ഡീഗഢിലുള്ള സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേയ്ക്ക് റഫർ ചെയ്യുകയാണുണ്ടായത്. അവിടെവെച്ച് ഫെബ്രുവരി 15-നു അദ്ദേഹത്തിന്റെ കണ്ണിൽ ശസ്ത്രക്രിയ നടത്തി. എന്നാൽ, ദവീന്ദറിന്റെ ഇടതുകണ്ണിന് കാഴ്ച തിരികെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ദവീന്ദറിന്റെ അച്ഛൻ, കർഷകനായ മൻജീത് സിംഗ്, തന്റെ മകൻ വിദേശത്ത് പോകാതെ ഇവിടെ പോലീസ് സേനയിൽ ചേരാനുള്ള തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് മാധ്യമങ്ങളോട് പറഞ്ഞു.


ഇടത്: ദവീന്ദർ സിംഗ് കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാനാണ് സൃഹുത്തുക്കൾക്കൊപ്പം ശംഭു അതിർത്തിയിൽ എത്തിയത്. അവിടെ എത്തി ഒരു മണിക്കൂറിനുള്ളിൽത്തന്നെ, സുരക്ഷാ സൈന്യം തൊടുത്ത പെല്ലറ്റ് അദ്ദേഹത്തിന്റെ ഇടത് കണ്ണിൽ കൊള്ളുകയും അദ്ദേഹത്തെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു. വലത്: അദ്ദേഹത്തിന്റെ അച്ഛൻ, മൻജീത് സിംഗ്, തന്റെ മകൻ വിദേശത്തേയ്ക്ക് പോകേണ്ടെന്ന് വെച്ച് പോലീസ് സേനയിൽ ചേരാൻ തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് പറഞ്ഞു


ഇടത്: ശംഭുവിൽ ഒരു ട്രാക്റ്ററിനുമേൽ കെട്ടി ഉയർത്തിയിട്ടുള്ള താത്കാലിക വേദിയിലേക്ക് നീങ്ങുന്ന കർഷകർ. വലത്: പ്രതിഷേധിക്കുന്ന കർഷകർ ഉയർത്തിയിട്ടുള്ള ഒരു പോസ്റ്ററിൽ ഇങ്ങനെ എഴുതിയിരിക്കുന്നു - 'ഞങ്ങൾ കർഷകരാണ്, തീവ്രവാദികളല്ല'
പട്യാല ജില്ലയിലെ ഷെയ്ക്കൂപൂർ ഗ്രാമത്തിൽ സ്വന്തമായി എട്ട് ഏക്കർ നിലമുള്ള ദവീന്ദറിന്റെ കുടുംബം 2020-21-ൽ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ നടന്ന പ്രക്ഷോഭത്തിലും പങ്കെടുത്തിരുന്നു. കർഷക പ്രക്ഷോഭത്തെപ്പറ്റി പാരിയിൽ വന്ന ലേഖനങ്ങൾ വായിക്കാം: കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള പ്രക്ഷോഭം: ഫുൾ കവറേജ്
ഹരിയാന പൊലീസിന് എങ്ങനെയാണ് പഞ്ചാബിന്റെ അധികാരപരിധിയിലേയ്ക്ക് പെല്ലറ്റുകളും കണ്ണീർവാതക ഷെല്ലുകളും തൊടുക്കാൻ കഴിയുന്നതെന്നാണ് പ്രതിഷേധ സ്ഥലത്തുള്ള കർഷകർ ചോദിക്കുന്നത്. "സ്വന്തം സംസ്ഥാനത്ത് സുരക്ഷിതരല്ലെങ്കിൽ, പിന്നെ എവിടെയാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുക?" എന്ന് അവർ ചോദിക്കുന്നു. സമാധാനപൂർവം പ്രതിഷേധിക്കുന്നവരെയാണ് പോലീസ് ലക്‌ഷ്യം വെക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. "പഞ്ചാബ് സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി എടുക്കേണ്ടതാണ്," അവർ പറയുന്നു.
കർഷകനേതാവായ ഗുർ അംനീത് സിംഗ് പാരിയോട് പറഞ്ഞത് തങ്ങൾ ഈ വിഷയം പഞ്ചാബ് പോലീസിലും ഡെപ്യൂട്ടി കമ്മീഷണറെയടുത്തുപോലും ഉന്നയിച്ചിരുന്നു എന്നാണ്. പഞ്ചാബ് പോലീസ് അംബാലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. എന്നാൽ അവിടെനിന്ന് കണ്ണീർ വാതക ഷെല്ലുകൾ ഇരച്ചെത്തുന്നത് ഇപ്പോഴും നിലച്ചിട്ടില്ല.
ജലപീരങ്കികളും കണ്ണീർവാതക ഷെല്ലുകളും പെല്ലറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ പ്രതിഷേധരംഗത്തുള്ള 100-ൽ അധികം കർഷകർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മൂന്നുപേർക്ക് കാഴ്ച നഷ്ടമായി. ഹരിയാന പോലീസ് കർഷകർക്കുനേരെ 'യാതൊരു പ്രകോപനവുമില്ലാതെ' നടത്തുന്ന ആക്രമണങ്ങളെ സംസ്ഥാന ആരോഗ്യ മന്ത്രി അപലപിക്കുകപോലുമുണ്ടായി.
തരൺ താരൺ ജില്ലയിലെ ധാരിവാൾ ഗ്രാമത്തിൽനിന്നുള്ള ജർണയിൽ സിംഗ് എന്ന കർഷകന് ഫെബ്രുവരി 13-നു നടന്ന ലാത്തിച്ചാർജിൽ തലയ്ക്കാണ് പരിക്ക് പറ്റിയത്. 44 വയസ്സുള്ള അദ്ദേഹത്തിന് തലയിൽ അഞ്ച് തുന്നൽ ഇടേണ്ടിവന്നെങ്കിലും വീട്ടിലേയ്ക്ക് മടങ്ങിപ്പോകാൻ അദ്ദേഹം ഒരുക്കമല്ല. "എല്ലാവരും ഇവിടെ പ്രതിഷേധിക്കുമ്പോൾ, ഞാൻ മാത്രം എന്തിനാണ് ഗ്രാമത്തിലെ വീട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നത്?" അദ്ദേഹം പറയുന്നു.
പ്രതിഷേധസ്ഥലത്ത് മെഡിക്കൽ ക്യാമ്പ് നടത്തുന്ന ഡോക്ടർ മൻദീപ് സിംഗ്, പ്രതിഷേധം തുടങ്ങിയതുമുതൽ പരിക്കുകളും രോഗങ്ങളുമുള്ള ഏതാണ്ട് 400 പേരെ തങ്ങൾ പരിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.


ഇടത്: കർഷകർ തങ്ങളുടെ ട്രോളി വീടുകൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണ് പ്രതിഷേധത്തിനെത്തിയിരിക്കുന്നത്. വലത്: ലാത്തിചാർജിനിടെ തലയ്ക്ക് പരിക്കേറ്റ് അഞ്ച് തുന്നൽ ഇടേണ്ടിവന്ന ജർണയിൽ സിംഗിന് ഡോക്ടർ മൻദീപ് സിംഗ് വൈദ്യസഹായം നൽകുന്നു


ഇടത്: സാമൂഹികവിരുദ്ധർ നിരവധി മാധ്യമ പ്രവർത്തകരെ അക്രമിച്ചതിനെത്തുടർന്ന്, കർഷക യൂണിയനുകൾ മാധ്യമപ്രവർത്തകർക്ക് അംഗീകൃത തിരിച്ചറിയൽ രേഖകൾ നൽകുകയാണ്. കർഷക നേതാവായ രഞ്ജിത്ത് സിംഗ് രാജു (നടുവിൽ) മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ കുറിച്ചെടുക്കുകയും ഏത് സാഹചര്യത്തിലും അവരുടെ സഹായത്തിന് സന്നദ്ധപ്രവർത്തകർ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്യുന്നു. വലത്: പ്രത്യേകം നിയോഗിക്കപ്പെട്ട സന്നദ്ധപ്രവർത്തകർ, കർഷക യൂണിയന്റെ കാവൽക്കാരായി പ്രവർത്തിച്ച് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം തടയുന്നു
പഞ്ചാബിന്റെ ആരോഗ്യ മന്ത്രിയും നിലവിൽ സേവനം അനുഷ്ഠിക്കുന്ന ഒരു നേത്രശസ്ത്രക്രിയാ വിദഗ്ധനുമായ ഡോക്ടർ ബൽബീർ സിംഗ്, പ്രതിഷേധത്തിൽ പരിക്കേറ്റ രോഗികളെ സന്ദർശിക്കുന്നുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ പരിക്ക് സംഭവിക്കുന്ന കർഷകരുടെ ചികിത്സാച്ചിലവ് പൂർണ്ണമായും പഞ്ചാബ് സർക്കാർ വഹിക്കുമെന്ന് ഫെബ്രുവരി 14-ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
പ്രതിഷേധവേദിയിൽ നിരവധി മാധ്യമ പ്രവർത്തകർക്കും സാമൂഹികവിരുദ്ധരുടെ ആക്രമണം നേരിടേണ്ടിവന്നു. മാധ്യമപ്രവർത്തകരെ സഹായിക്കാനും ഇത്തരം നിയമലംഘകരുടെ അഴിഞ്ഞാട്ടം തടയാനുമായി കർഷക യൂണിയനുകൾ ഏതാനും സന്നദ്ധപ്രവർത്തകരെ 'പെഹ്‌റെദാർ' അഥവാ കാവൽക്കാരായി നിയോഗിച്ചിരിക്കുകയാണ്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് യൂണിയനുകൾ അംഗീകൃത മാധ്യമ കാർഡുകൾ നൽകുന്നുമുണ്ട്. മാധ്യമപ്രവർത്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്ന് കർഷകനേതാവായ രഞ്ജിത്ത് സിംഗ് രാജു പറയുന്നു. കാർഡിൽ മാധ്യമപ്രവർത്തകന്റെ വിശദാംശങ്ങൾക്കൊപ്പം അയാളുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന നേതാവിന്റെ ഒപ്പും ഉണ്ടാകും.
*****
ദവീന്ദറിനെപ്പോലെ പ്രതിഷേധ രംഗത്തുള്ള മറ്റ് പല കർഷകരും 2020-21-ലെ പ്രതിഷേധത്തിലും പങ്കെടുത്തവരാണ്.
കാർ സേവാ സംഘത്തിലെ അംഗമായ ബാബാ ലാഭ് സിംഗിന് ഡൽഹി അതിർത്തിയിലുണ്ടായ പ്രതിഷേധത്തിൽ തന്റെ സഹോദരനെ നഷ്ടപ്പെട്ടിരുന്നു. "എന്റെ സഹോദരൻ അജയ്‌ബ് സിംഗ് പ്രതിഷേധ സ്ഥലത്തുവെച്ച് ന്യുമോണിയ പിടിപെട്ട് മരിക്കുകയായിരുന്നു. അവന്റെ ഭാര്യ നേരത്തെതന്നെ മരിച്ചതാണ്. അവന്റെ മരണത്തോടെ അവരുടെ രണ്ടു മക്കളും അനാഥരായി," ഫെബ്രുവരി 18-ന് ശംഭു അതിർത്തിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആ 62 വയസ്സുകാരൻ പറയുന്നു.
"തിരഞ്ഞെടുപ്പടുക്കുമ്പോൾ, ഇക്കൂട്ടർ കൂപ്പുകൈകളുമായി നമ്മുടെ അടുക്കൽ വരും. എന്നാൽ നാം നമ്മുടെ ആവശ്യങ്ങളുമായി അവരെ സമീപിക്കുമ്പോൾ അവർ അത് കേൾക്കാനുള്ള ക്ഷമപോലും കാണിക്കില്ല," സർക്കാരുകൾ വന്നുപോകുമ്പോഴും ജനങ്ങൾ എപ്പോഴും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് കൂട്ടിച്ചേർത്ത് അദ്ദേഹം പറയുന്നു.


ഇടത്: 2020-21-ലെ പ്രക്ഷോഭത്തിൽ സഹോദരനെ നഷ്ടപ്പെട്ട ബാബാ ലാഭ് സിംഗ് ശംഭുവിൽ കർഷകരെ അഭിസംബോധന ചെയ്യുന്നു. വലത്: ഹർഭജൻ കൗർ (വലത്) രണ്ടുദിവസം യാത്ര ചെയ്താണ് ശംഭുവിൽ എത്തിച്ചേർന്നിരിക്കുന്നത്, 'എന്റെ മകന് എന്നെ ഇവിടെ കൊണ്ടുവരാൻ താത്പര്യം ഇല്ലായിരുന്നെങ്കിലും ഞാൻ വാശി പിടിച്ച് വന്നതാണ്,' അവർ പറയുന്നു

![Right: Like many of the protestors, the vehicles at Shambhu border were also a part of the 2020-21 protests. The quote on this tractor reads: 'Haar paawange, haar puaawange...Sun Dilliye, par haar ke nahi jawange' [Will honour you and will be honoured...Listen Delhi, but we will not return defeated/dishonoured]](/media/images/07b-IMG_2634-AA-If_we_are_not_safe_in_our_.max-1400x1120.jpg)
ഇടത്: ഹരിയാന പൊലീസിന് എങ്ങനെയാണ് പഞ്ചാബിന്റെ അധികാരപരിധിയിലേയ്ക്ക് പെല്ലറ്റുകളും കണ്ണീർവാതക ഷെല്ലുകളും തൊടുക്കാൻ കഴിയുന്നതെന്നാണ് പ്രതിഷേധ സ്ഥലത്തുള്ള കർഷകർ ചോദിക്കുന്നത്. 'സ്വന്തം സംസ്ഥാനത്ത് സുരക്ഷിതരല്ലെങ്കിൽ, പിന്നെ എവിടെയാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുക?' എന്നാണ് അവർ ചോദിക്കുന്നത്. പോലീസ് സമാധാനപൂർവം പ്രതിഷേധിക്കുന്നവരെയാണ് ലക്‌ഷ്യം വെക്കുന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. വലത്: പ്രതിഷേധക്കാരിൽ പലരെയുംപോലെ, ശംഭു അതിർത്തിയിലുള്ള വാഹനങ്ങളും 2020-21-ലെ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിൽ കാണുന്ന ട്രാക്ടറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'ഹാർ പാവാങ്കെ, ഹാർ പ്വാവാങ്കെ..സുൻ ദില്ലിയേ, പർ ഹാർ കെ നഹീ ജാവാങ്കെ' (ഞങ്ങൾ നിങ്ങളെ ബഹുമാനിക്കും, സ്വയം ബഹുമാനിതരാകും...എന്നാൽ ഡൽഹീ, കേട്ടോളൂ, ഞങ്ങൾ പരാജിതരായി, അപമാനിതരായി മടങ്ങുകയില്ല)
ഗുർദാസ്പൂരിലെ ഡുഗ്രിയിൽനിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ ഒരുകൂട്ടം വനിതാ കർഷകരിലൊരാളാണ് ഹർഭജൻ കൗർ. രണ്ടുദിവസം യാത്ര ചെയ്താണ് അവർ ശംഭു അതിർത്തിയിൽ എത്തിയത്. "എന്റെ മകന് എന്നെ ഇവിടെ കൊണ്ടുവരാൻ താത്പര്യമുണ്ടായിരുന്നില്ല," ആ 78 വയസ്സുകാരി പറയുന്നു, "ഞാൻ ഗ്രാമത്തിൽ തനിയെ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. ഇനി ഈ പ്രക്ഷോഭത്തിൽ ആരുടെയെങ്കിലും ജീവത്യാഗം ആവശ്യമായി വരികയാണെങ്കിൽ, മറ്റാരേക്കാളും മുൻപ് മരണം വരിക്കാനും ഞാൻ തയ്യാറാണ്."
ഹർഭജൻ കൗർ, തന്റെ ഗ്രാമത്തിൽനിന്നുള്ള മറ്റു സ്ത്രീകൾക്കൊപ്പം 2020-21-ലെ പ്രക്ഷോഭത്തിന്റെ സമയത്ത് ഡൽഹി അതിർത്തിയിൽ താമസിച്ചിരുന്നു.
ആളുകൾ മാത്രമല്ല, ഇവിടെയുള്ള വാഹനങ്ങളും അന്നത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. ശംഭു അതിർത്തിയിലുള്ള ഒരു ട്രാക്ടറിൽ മൂന്ന് വർഷം മുൻപ് പെയിന്റ് കൊണ്ട് രേഖപ്പെടുത്തിയ ഈ വരി ഇന്നും തെളിഞ്ഞുകാണുന്നു: "ഹാർ പാവാങ്കെ, ഹാർ പ്വാവാങ്കെ..സുൻ ദില്ലിയേ, പർ ഹാർ കെ നഹീ ജാവാങ്കെ (ഞങ്ങൾ നിങ്ങളെ ബഹുമാനിക്കും, സ്വയം ബഹുമാനിതരാകും...എന്നാൽ ഡൽഹീ, കേട്ടോളൂ, ഞങ്ങൾ പരാജിതരായ,/ അപമാനിതരായി മടങ്ങുകയില്ല)."
ഒരു കാറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ജദോൻ പതാ ഹോവേ സീനേയാൻ ച്
ചേക് ഹൊങ്കേ, ഓദോൻ ജങ്ക്
ജാൻ വാലെ ബന്ദെ ആം നഹി ഓന്ദേ (വെടിയുണ്ടകൾ നെഞ്ച് പിളർക്കുമെന്ന് അറിഞ്ഞിട്ടും
യുദ്ധത്തിന് പോകുന്ന മനുഷ്യർ സാധാരണക്കാരല്ല)"
വിളകൾക്കുള്ള താങ്ങുവില സംബന്ധിച്ച് കേന്ദ്രമന്ത്രിമാർ പുതിയ നിർദേശം മുന്നോട്ടുവെച്ചതിന്റെ പശ്ചാത്തലത്തിൽ, കർഷക നേതാക്കൾ ഫെബ്രുവരി 18, ഞായറാഴ്ച വൈകീട്ട് ദൽഹി ചലോ മാർച്ച് താത്കാലികമായി നിർത്തിവച്ചിരുന്നു. വിശദമായ വിലയിരുത്തലിനുശേഷം നിർദ്ദേശം തള്ളിയ കർഷകർ ഫെബ്രുവരി 21-ന് മാർച്ച് പുനരാരംഭിക്കുന്നതാണ്.

പ്രതിഷേധക്കാർ കോൺക്രീറ്റ് ബാരിക്കേഡുകൾക്ക് മുകളിൽ ഹരിയാനയ്ക്ക് അഭിമുഖമായി ഇരിക്കുന്നു

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഒരു കർഷകൻ ബാരിക്കേഡുകളിൽനിന്ന് 100 മീറ്റർ മാറി ഇരുന്ന് ഗുരുബാണി (സിഖ് ശ്ലോകങ്ങൾ) ചൊല്ലുന്നു

പ്രതിഷേധക്കാർ ബാരിക്കേഡുകൾക്ക് മുന്നിൽനിന്ന് സത്നാം വാഹെഗുരു ചൊല്ലുന്നു

തന്റെ യൂണിയന്റെ ഫ്ലാഗുമായി നിൽക്കുന്ന ഒരു മുതിർന്ന കർഷകൻ

കൊടിമരങ്ങൾ ഊന്നുവടിയാക്കി, പ്രതിഷേധസ്ഥലത്ത് നടക്കുന്ന പ്രസംഗങ്ങൾ കേൾക്കുന്ന മുതിർന്ന കർഷകർ

റോഡിന് മറുവശത്ത് പ്രതിഷേധക്കാരും സുരക്ഷാ സൈന്യവും ഘഗർ നദിയ്ക്കിരുവശവും പരസ്പരം അഭിമുഖമായി ഇരിക്കുന്നു

ശംഭു അതിർത്തിയിൽ കർഷകർ ഹരിയാന പോലീസിനെയും ആർ.എ.എഫിനെയും അഭിമുഖീകരിക്കുന്നു

ബാരിക്കേഡുകൾക്ക് മുന്നിലെ അവശിഷ്ടങ്ങൾ
പരിഭാഷ: പ്രതിഭ ആര്‍. കെ.