ഒരു ദശകത്തിലധികമായി നിരവധി ആശുപത്രികള്‍ സന്ദര്‍ശിച്ച സുപാരി പുതേലിന് അതൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല.

ദീര്‍ഘ വര്‍ഷങ്ങളോളം17 വയസ്സുണ്ടായിരുന്ന മകന്‍റെ ചികിത്സയ്ക്കായി ഒഡീഷയിലെയും ഛത്തീസ്ഗഢിലെയും ആശുപത്രികള്‍ സന്ദര്‍ശിച്ചു. ചെറിയൊരു സമയം ഭര്‍ത്താവ് സുരേശ്വരന്‍റെ ചികിത്സയ്ക്കായി മുംബൈയിലും ഉണ്ടായിരുന്നു.

സുപാരിയെ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് രണ്ടുപേരും 2019-ല്‍ നാലുമാസത്തിനകം മരിച്ചു.

അവരുടെ ഭര്‍ത്താവ് സുരേശ്വരന് 44 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സുപാരിയോടൊപ്പം ഒഡീഷയിലെ ബലാംഗീര്‍ ജില്ലയിലെ വീട്ടില്‍നിന്നും ഏതാണ്ട് 1,400 കിലോമീറ്ററുകള്‍ക്കപ്പുറം മുംബൈയിലേക്കു കുടിയേറി. ഒരു പ്രാദേശിക തൊഴില്‍ ദല്ലാള്‍ അവരെ നിര്‍മ്മാണ ജോലി നടക്കുന്നയിടത്തേക്ക് ജോലിക്കെടുത്തു. “ഞങ്ങളുടെ കടങ്ങള്‍ വീട്ടുന്നതിനും വീടുപണി പൂര്‍ത്തിയാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനുമായി ഞങ്ങള്‍ പോയി”, സുപാരി പറഞ്ഞു. അവിടെ രണ്ടുപേര്‍ക്കും ചേര്‍ത്ത് 600 രൂപ പ്രതിദിനം ലഭിച്ചിരുന്നു.

“ഒരു വൈകുന്നേരം മുംബൈയിലെ പണിസ്ഥലത്ത്‌ പണി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഭര്‍ത്താവിനു കടുത്ത പനി ഉണ്ടായി”, തുരേകേല ബ്ലോക്കിലെ, 933 അംഗങ്ങളുള്ള ഹിയാല്‍ ഗ്രാമത്തിലെ, മണ്‍വീടിന്‍റെ മുന്‍പിലുള്ള തറയില്‍ ഇരുന്നുകൊണ്ട് 43-കാരിയായ സുപാരി ഓര്‍മ്മിച്ചു. അവരും കുടുംബം ഓ.ബി.സി. വിഭാഗത്തില്‍ വരുന്ന മാലി ജാതിയില്‍ പെടുന്നു.

സുപാരിയും പണി സ്ഥലത്തെ മേൽനോട്ടക്കാരനും ചേർന്ന് ഓട്ടോറിക്ഷകളിലും ആംബുലൻസിലുമായി സുരേശ്വരനെ ആദ്യം നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലുള്ള മൂന്ന് ആശുപത്രികളിൽ എത്തിച്ചു. അവസാനം ഉത്തര-മദ്ധ്യ മുംബൈയിലെ സയനിലെ ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലും എത്തിച്ചു.

"ആധാർ കാർഡുകളും മറ്റു പേപ്പറുകളും ആ സമയത്ത് ഇല്ലാതിരുന്നതിനാൽ ഓരോ ആശുപത്രിയില്‍നിന്നും ഞങ്ങളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിട്ടു”, സുപാരി പറഞ്ഞു. "അദ്ദേഹത്തിന് മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിന്നു. അരയ്ക്കു താഴോട്ടു ശരീരം തളർന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്‍റെ പാദങ്ങൾ തിരുമ്മിക്കൊണ്ടിരുന്നു”, പ്രത്യേകിച്ചെന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്നുറപ്പില്ലാതെ അവർ കൂട്ടിച്ചേർത്തു. തൊട്ടടുത്ത ദിവസം, 2019 നവംബര്‍ 6-ന് സുരേശ്വരന്‍ ആശുപത്രിയില്‍ വച്ചു മരിച്ചു.

Supari Putel in front of her mud house and the family's incomplete house (right) under the Pradhan Mantri Awaas Yojana: 'This house cost me my husband'
PHOTO • Anil Sharma
Supari Putel in front of her mud house and the family's incomplete house (right) under the Pradhan Mantri Awaas Yojana: 'This house cost me my husband'
PHOTO • Anil Sharma

സുപാരി പുതേൽ അവരുടെ മൺവീടിന്‍റെയും പ്രധാന മന്ത്രി ആവാസ യോജനയുടെ കീഴിലുള്ള പൂർത്തിയാകാത്ത വീടിന്‍റെയും (വലത്) മുൻപിൽ: ‘ഈ വീട് എന്‍റെ ഭർത്താവിന്‍റെ വിലയാണ്’.

"സൂപ്പർവൈസർ എന്നോടു പറഞ്ഞു അദ്ദേഹത്തെ മുംബൈയിൽ തന്നെ സംസ്കരിക്കാൻ, എന്തുകൊണ്ടെന്നാൽ മൃതദേഹം ഒഡീഷയിലേക്ക് എത്തിക്കാൻ വലിയ ചിലവാകുമായിരുന്നു. ഞാൻ വഴങ്ങി”, സുപാരി പറഞ്ഞു. "സംസ്കാരത്തിന്‍റെ ചിലവുകളൊക്കെ വഹിച്ച്, തരാനുള്ളതൊക്കെ തന്ന്, ഒരു കൈയിൽ ചിതാഭസ്മവും മറുകൈയിൽ മരണ സർട്ടിഫിക്കറ്റുമായി സൂപ്പർവൈസർ എന്നെ തിരികെ പറഞ്ഞു വിട്ടു”, അവർ കൂട്ടിച്ചേർത്തു. വേതനമായി ലഭിച്ചതിൽ നിന്നും ഏകദേശം 6,000 രൂപ ചിലഴിച്ച് അവർ സഹോദരനുമൊന്നിച്ച് 2019, നവംബർ 11-ാം തീയതി നാട്ടിലേക്കു തിരിച്ചു. അവരെ തിരിച്ചെത്തിക്കാനായി ബലാംഗീറിലെ കർലാബഹലി ഗ്രാമത്തിൽ നിന്നും സഹോദരൻ മുംബൈയിൽ എത്തിയിരുന്നു.

മുംബൈയിലേക്കു പോകുന്നതിനു മുമ്പ് സുപാരിയും സുരേശ്വരനും സ്വന്തം ഗ്രാമത്തിലും, ബലാംഗീറിലെ കന്താബഞ്ചി പട്ടണത്തിലും, ഛത്തീസ്ഗഢിലെ റായ്പൂർ നഗരത്തിലും 150 രൂപ വീതം പ്രതിദിനം വേതനം ലഭിക്കുന്ന കൂലിപ്പണിക്കാരായിരുന്നു. (ഒഡീഷാ സർക്കാരിന്‍റെ 2020 ജൂലൈയിലെ ഒരു വിജ്ഞാപനം പറയുന്നത് “അവിദഗ്ദ” വിഭാഗത്തിലുള്ള തൊഴിലാളികളുടെ കുറഞ്ഞ വേതനം 303.4 രൂപയാണെന്നാണ്). സുരേശ്വരന്‍റെയും 6 സഹോദരന്മാരുടെയും ഭൂമി ഒരുമിച്ചാണ് കിടക്കുന്നത് (തങ്ങളുടേതെത്രയെന്ന് സുപാരിക്ക് പറയാൻ കഴിയില്ല). പ്രദേശത്തെ ജലക്ഷാമം കാരണം ഭൂമി കൃഷി ചെയ്യാതെ ഇട്ടിരിക്കുകയാണ്.

2016-നും 2018-നും ഇടയ്ക്ക് ഇഷ്ടിക ചൂളകളിൽ പണിയെടുക്കുന്നതിനായി രണ്ടു തവണ അവർ ‘മദ്രാസി’ൽ പോയിട്ടുണ്ടെന്ന് സുപാരി പറഞ്ഞു. "മക്കൾ വളരുകയായിരുന്നതു കൊണ്ടും ബിദ്യാധറിന് അസുഖം തുടങ്ങിയിരുന്നതു കൊണ്ടും ഞങ്ങൾക്കു പണം വേണമായിരുന്നു. 10 വർഷം അവൻ അസുഖ ബാധിതനായിരുന്നു.”

ബിദ്യാധർ അവരുടെ നടുക്കത്തെ കുട്ടിയായിരുന്നു. സുപാരിക്ക് 22-കാരിയായ ജനനി എന്നു പേരുള്ള ഒരു മകളും 15-കാരനായ ധനുധർ എന്നു പേരുള്ള ഒരു മകനും ഉണ്ട്. 71-കാരിയായ ഭർതൃമാതാവ് സുഫുലും അവരോടൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് ലുകാനാഥ് പുതേലിനൊപ്പം അവരും കർഷകയായി പണിയെടുത്തിരുന്നു. അദ്ദേഹം മരിച്ചു. ഇപ്പോൾ അവർക്ക് വാർദ്ധക്യ പെൻഷൻ കിട്ടുന്നുണ്ട്. ജനനിയെ 2017-ൽ 18 വയസ്സ് ഉള്ളപ്പോൾ നുവാപാഡാ ജില്ലയിലെ സികുവാൻ ഗ്രാമത്തിലെ ഒരു കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ചു. 10-ാം ക്ലാസ്സിൽ പഠിക്കുന്ന ധനുധർ സഹോദരന്‍റെ മരണത്തേയും മാതാപിതാക്കൾ മുംബൈയിലേക്കു പോയതിനെയും തുടർന്ന് സഹോദരിയുടെ വീട്ടിലേക്കു നീങ്ങി.

എന്തു തരത്തിലുള്ള ക്യാൻസർ കാരണമാണ് തന്‍റെ മകൻ മരിച്ചതെന്ന് സുപാരിക്കറിയില്ല. 10 വർഷമായി ബിദ്യാധർ ക്യാൻസർ മൂലം കഷ്ടപ്പെടുകയായിരുന്നു. കുടുംബം വിവിധ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോയി. "മൂന്നു വർഷം ഞങ്ങൾ ബുർലാ ആശുപത്രിൽ [സമ്പൽപൂർ ജില്ലയിൽ] പോയി, പിന്നെ ബലാംഗീറിലെ ആശുപത്രിയിൽ മൂന്നു വർഷം പോയി, രാംകൃഷ്ണാ ആശുപത്രിയിലും പോയി”, അവർ ഓർമ്മിക്കുന്നു. ഏറ്റവും അവസാനം പോയത് സുപാരിയുടെ ഗ്രാമത്തിൽ നിന്നും 190 കിലോമീറ്റർ അകലെ റായ്പൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ്. ഹിയാലിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനായ കന്താബഞ്ചിയിൽ നിന്നും ട്രെയിനിനായിരുന്നു അവർ അവിടെ പോയത്.

വർഷങ്ങൾ കടന്നു പോയതോടെ അവർ സുഹൃത്തുക്കളിൽ നിന്നും, ബന്ധുക്കളിൽ നിന്നും, പ്രാദേശിക വായ്പാ ദാതാക്കളിൽ നിന്നും ബിദ്യാധറിന്‍റെ ചികിത്സയ്ക്കായി പണം കടം വാങ്ങി. മകന്‍റെ മെഡിക്കൽ ചിലവുകൾക്കായി സുപാരി ജനനിയുടെ ആഭരണങ്ങൾ 50,000 രൂപയ്ക്ക് കന്താബഞ്ചിയിൽ ഒരു കടയിൽ പണയം വയ്ക്കുകപോലും ചെയ്തു.

Suphul Putel (left), still grieving too, is somehow convinced that Supari, her daughter-in-law, is not being truthful about how Sureswara died: 'My son talked to me on the phone and he seemed to be well...'
PHOTO • Anil Sharma
Suphul Putel (left), still grieving too, is somehow convinced that Supari, her daughter-in-law, is not being truthful about how Sureswara died: 'My son talked to me on the phone and he seemed to be well...'
PHOTO • Anil Sharma

മരുമകളായ സുപാരി സുരേശ്വരന്‍റെ മരണ കാര്യത്തിൽ തന്നോടെന്തോ മറയ്ക്കുന്നുവെന്ന് സുഫുൽ പുതേൽ (ഇടത്), എങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു. ഇപ്പോഴും ദുഃഖിക്കുകയും ചെയ്യുന്നു: ‘എന്‍റെ മകനോട് ഞാൻ ഫോണിൽ സംസാരിച്ചതാണ്. അവന് കുഴപ്പമൊന്നും ഇല്ലായിരുന്നു.’

തിരിച്ചടയ്ക്കാൻ നിർബ്ബന്ധിക്കപ്പെടുന്ന വിധം കടങ്ങൾ പെരുകിയപ്പോൾ ദമ്പതികൾ 2019-ൽ മുംബൈയിലേക്കു തിരിച്ചു. പക്ഷേ തങ്ങളുടെ മകന്‍റെ അവസ്ഥ വളരെ മോശമാകാൻ തുടങ്ങിയപ്പോൾ അതേ വർഷം ജൂണിൽ സുപാരി ഹിയാലിലേക്ക് തിരിച്ചുപോന്നു. സുരേശ്വരനും ജൂലൈയിൽ തന്നെ ഗ്രാമത്തിലേക്കു തിരിച്ചു. "അവൻ മാസങ്ങളോളം സഹിച്ചു. അവസാനം ഏതാണ്ട് രഥയാത്ര യുടെ സമയത്ത് [ജൂലൈയിൽ] മരണത്തിനു കീഴടങ്ങി”, സുപാരി ഓർമ്മിക്കുന്നു.

ബിദ്യാധർ മരിച്ചു പെട്ടെന്നു തന്നെ പ്രധാനമന്ത്രി ആവാസ യോജന (ഗ്രാമീണ) യുടെ കീഴിൽ കുടുംബത്തിന് വീട് അനുവദിക്കപ്പെട്ടു. പുതിയ വീടു വയ്ക്കുന്നതിനായി 120,000 രൂപ കിട്ടാനുണ്ടായിരുന്നു. പക്ഷെ പണി പൂർത്തിയാക്കാതെ, അതിൽ നിന്നും കുറച്ചു പണമെടുത്ത് സുരേശ്വരനും സുപാരിയും മകന്‍റെ ചികിത്സാച്ചിലവു മൂലമുണ്ടായ കടം വീട്ടാൻ ഉപയോഗിച്ചു. "മൂന്നു ഗഡുക്കൾ കിട്ടിയിരുന്നു – ആദ്യത്തേത് 20,000 രൂപയും, രണ്ടാമത്തേത് 35,000 രൂപയും, മൂന്നാമത്തേത് 45,000 രൂപയും. വീടിനു വേണ്ടിയുള്ള സാധനങ്ങളായ സിമന്‍റുo കല്ലും പോലെയുള്ളവ വാങ്ങാനാണ് ആദ്യത്തെ രണ്ടു ഗഡുക്കൾ ഉപയോഗിച്ചത്. പക്ഷേ അവസാനത്തെ ഗഡു ഞങ്ങൾ മകന്‍റെ ചികിത്സയ്ക്കായി ഉപയോഗിച്ചു”, സുപാരി പറഞ്ഞു.

തുരേകേലയിലെ ബ്ലോക്ക് ഡവലപ്പ്മെന്‍റ്  ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥന്മാർ 2019 ജൂലൈയിൽ പരിശോധനയ്ക്കായി വന്നപ്പോൾ പണി പകുതിയേ പൂർത്തിയായിട്ടുള്ളൂ എന്നു കണ്ട് സുപാരിയേയും സുരേശ്വരതെയും ശാസിച്ചു. "പണി പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ ഞങ്ങൾക്കെതിരെ കേസെടുക്കുമെന്നും അവർ പറഞ്ഞു. പണി പൂർത്തിയായില്ലെങ്കിൽ അവസാന ഗഡു നല്കില്ലെന്നും അവർ പറഞ്ഞു”, സുപാരി പറഞ്ഞു.

"ഞങ്ങളുടെ മകൻ മരിച്ചിട്ട് ഒരു മാസം ആയതേയുണ്ടായിരുന്നുള്ളൂ, പക്ഷേ വീണ്ടും ഞങ്ങൾ മുംബൈയിലേക്കു പോകുവാൻ നിർബ്ബന്ധിക്കപ്പെട്ടു [2019 സെപ്തംബറിൽ]. അങ്ങനെ വീടുപണി പൂർത്തിയാക്കാൻ കുറച്ചു പണം സമ്പാദിക്കാൻ പറ്റി”, തന്‍റെ മൺവീട്ടിൽ നിന്നും ഏകദേശം 20 മീറ്റർ അകലെയുള്ള പാതി പൂർത്തിയാക്കിയ കെട്ടിടം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. അതിനു മേൽക്കൂരയില്ല, ജനാലകളും വാതിലുകളുമില്ല, ഭിത്തികൾ തേക്കാനുണ്ട്. "ഈ വീട് എനിക്ക് ഭർത്താവിന്‍റെ വിലയാണ്”, അവർ പറഞ്ഞു.

മരുമകളായ സുപാരി സുരേശ്വരന്‍റെ മരണ കാര്യത്തിൽ തന്നോടെന്തോ മറയ്ക്കുന്നുവെന്ന് സുഫുൽ പുതേൽ എങ്ങനെയോ ധരിച്ചു വച്ചിരിക്കുന്നു. ഇപ്പോഴും ദുഃഖിക്കുകയും ചെയ്യുന്നു. “എന്‍റെ മകനോട് ഞാൻ ഫോണിൽ സംസാരിച്ചതാണ്. അവന് കുഴപ്പമൊന്നും ഇല്ലായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ മരിച്ചുവെന്ന് എനിക്കു വിശ്വസിക്കാൻ കഴിയില്ല”, അവർ പറഞ്ഞു. സുഫുൽ വിചാരിക്കുന്നത് തന്‍റെ മകൻ പണിസ്ഥലത്തുണ്ടായ അപകടം മൂലം മരിച്ചുവെന്നും അതിന്‍റെ പേരിൽ പഴി കേൾക്കാതിരിക്കാൻ സുപാരി യഥാർത്ഥ കാരണം മറയ്ക്കുന്നുവെന്നുമാണ്. "പക്ഷെ സുപാരി ഉറപ്പിച്ചു പറയുന്നു: "അവർ എല്ലായ്പ്പോഴും എന്നെ അനാവശ്യമായി കുറ്റപ്പെടുത്തുന്നു. അങ്ങനൊന്നും സംഭവിച്ചിട്ടില്ല".

After losing his father and brother, Dhanudhar (left), her youngest son, says Supari, has lost interest in studying
PHOTO • Anil Sharma
After losing his father and brother, Dhanudhar (left), her youngest son, says Supari, has lost interest in studying

അച്ഛനും സഹോദരനും മരിച്ചതോടെ ഏറ്റവും ഇളയ പുത്രനായ ധനുധറിന് (ഇടത്) പഠനത്തിൽ താത്പര്യം നഷ്ടപെട്ടുവെന്ന് സുപാരി പറഞ്ഞു.

2019 ഡിസംബറിൽ ദേശീയ കുടുംബ ആനുകൂല്യ പദ്ധതി പ്രകാരം കുടുംബത്തിന് 20,000 രൂപ ലഭിച്ചു. കുടുംബത്തിനു വേണ്ടി ഏറ്റവും പ്രധാനമായി വരുമാനം നേടുന്ന ആൾ മരിക്കുമ്പോൾ ലഭിക്കുന്ന ധനസഹായമാണ് ഇത്. "ഭർത്താവിന്‍റെ മരണാനന്തര ചടങ്ങിനായി പല ബന്ധുക്കളിൽ നിന്നും വായ്പകൾ വാങ്ങിയത് തിരിച്ചു കൊടുക്കാൻ ആ പണം ഞാൻ ഉപയോഗിച്ചു”, സുപാരി പറഞ്ഞു. 2019 ഡിസംബർ മുതൽ വിധവാ പെൻഷനായി പ്രതിമാസം 500 രൂപയും അവർക്കു ലഭിക്കുന്നു.

ഒരു നിർമ്മാണ തൊഴിലാളിയെന്ന നിലയിൽ ഒഡീഷയിലെ ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും 200,000 ലക്ഷം രൂപ ആനുകൂല്യത്തിന് അർഹമാണ് സുരേശ്വരന്‍റെ കുടുംബം. പക്ഷെ സുരേശ്വരൻ ജില്ലാ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യാതിരുന്നതുകൊണ്ട് ആ തുക ആവശ്യപ്പെടാൻ കുടുബത്തിന് കഴിയില്ല. "ചെറിയ തുക കിട്ടിയിൽപ്പോലും ഞങ്ങൾക്കത് വലിയ സഹായമായിരിക്കും”, സുപാരി പറഞ്ഞു. അവരുടെ വീട് പണി പൂർത്തിയാകാതെ കിടക്കുന്നു. കാലങ്ങളായി വീട്ടാതെ അവശേഷിക്കുന്ന കടങ്ങളുണ്ട്. കുറഞ്ഞത് 20,000 രൂപയെങ്കിലും ബന്ധുക്കൾക്ക് കൊടുക്കാനുണ്ട്.

സുപാരിയാണ് നിലവിൽ കുടുംബത്തിൽ വരുമാനം നേടുന്ന ഏക അംഗം. ഹിയാൽ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രതിദിനം 150 രൂപയ്ക്ക് അവർ ജോലി ചെയ്യുന്നു. "എനിക്കു സ്ഥിരമായി ജോലി ലഭിക്കുന്നില്ല. ഞങ്ങൾ ചിലപ്പോൾ പട്ടിണിയിലാണ്”, അവർ പറഞ്ഞു. സഹോദരിയുടെ വീട്ടിൽ നിന്നും ധനുധർ തിരിച്ചെത്തിയിരുന്നു. "എന്‍റെ മകൻ പഠിക്കുന്നില്ല. അവനു പഠനത്തിൽ താത്പര്യം നഷ്ടപ്പെട്ടു”, സുപാരി പറഞ്ഞു. "അവൻ സ്ക്കൂളിൽ പോകുന്നതു നിർത്തി. ഈ വർഷം [2021 ഏപ്രിലിൽ] അവൻ ബോർഡ് പരീക്ഷകൾക്കു ഹാജരാകുന്നില്ല.”

വീടുപണി പൂർത്തിയാക്കാതെ കിടക്കുന്നു. പാതി പണിത തറയിൽ നിന്നും ഭിത്തിയിൽ നിന്നും ചെടികൾ മുളച്ചു തുടങ്ങി. അതു പണിതു പൂർത്തിയാക്കാനുള്ള തുക എങ്ങനെ, എപ്പോൾ കണ്ടെത്താൻ പറ്റുമെന്ന് സുപാരിക്കറിയില്ല. "മേൽക്കൂരയില്ലെങ്കിൽ മഴക്കാലത്ത് കൂടുതൽ നശിക്കും. കഴിഞ്ഞ വർഷത്തെ മഴ ഭിത്തികൾ നേരത്തെ തന്നെ നശിപ്പിച്ചു. പക്ഷെ പണമില്ലെങ്കിൽ എനിക്കെന്തു ചെയ്യാൻ കഴിയും?"

കുറിപ്പ് : സുരേശ്വരന്‍റെ മരണത്തെക്കുറിച്ച് ഒരു പ്രാദേശിക പത്രത്തിൽ നിന്നും അറിഞ്ഞ് ഈ റിപ്പോർട്ടറും ഒരു സുഹൃത്തും ഹിയാൽ ഗ്രാമം സന്ദർശിച്ചു. അവർ കന്താബഞ്ചിയിൽ നിന്നുള്ള ഒരു വക്കീലും സാമൂഹ്യ പ്രവർത്തകനുമായ ബി.പി. ശർമയോട് ഈ കുടുംബത്തിന്‍റെ അവസ്ഥ ചർച്ച ചെയ്യുകയും അദ്ദേഹം സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് കത്തെഴുതുകയും ചെയ്തു. പ്രതികരണമെന്ന നിലയിൽ തുരേകേലയിലെ ബ്ലോക്ക് ഡെവലപ്മെന്‍റ്  ഓഫിസറോടു മരണത്താൽ ദുഃഖാർത്തരായ കുടുംബത്തിന് ദേശീയ കുടുംബ ആനുകൂല്യ പദ്ധതിയിൻ കീഴിൽ സാമ്പത്തിക സഹായം അനുവദിക്കാൻ കളക്ടർ നിർദ്ദേശിച്ചു. തത്ഫലമായി സുപാരിക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ 20,000 രൂപ ലഭിക്കുകയും വിധവാ പെൻഷൻ കാർഡ് നൽകുകയും ചെയ്തു.

പരിഭാഷ - റെന്നിമോന്‍ കെ. സി.

Anil Sharma

Anil Sharma is a lawyer based in Kantabanji town, Odisha, and former Fellow, Prime Minister’s Rural Development Fellows Scheme, Ministry of Rural Development, Government of India.

Other stories by Anil Sharma
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.