പനാമിക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഏകദേശം 100 ആളുകൾ കോവിഡ്-19 വാക്സിൻ കുത്തിവയ്ക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നത് ഞാൻ കണ്ടു. അന്ന് ഓഗസ്റ്റ് 11 ആയിരുന്നു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മറ്റ് ഇന്ത്യക്കാർ അത്തരത്തിലുള്ള ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ കാത്തിരിക്കുന്നത് പോലെയാണോ ഇത്? തികച്ചും അങ്ങനെയല്ല. ലേഹിലെ പനാമിക് ബ്ലോക്കിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം സമുദ്രനിരപ്പിൽ നിന്നും 19,091 അടി ഉയരത്തിലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരിക്കിലും, അതേ പേരിലുള്ള പ്രധാന ഗ്രാമം ഏതാനും ആയിരങ്ങൾ അടി താഴെയാണ്. ഏതാണ്ട് 11,000 അടി ഉയരത്തിലുള്ള ഈ പി.എച്.സി. എവിടെയുമുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെക്കാൾ സമുദ്ര നിരപ്പിൽനിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്‍റെ മിക്ക ഭാഗങ്ങളിലേക്കും കോവിഡ്-19 വാക്സിൻ എത്തിക്കുന്നതും അവിടെ അവ ശേഖരിച്ചു വയ്ക്കുന്നതും മാത്രം വളരെ അദ്ധ്വാനമുള്ള പ്രവൃത്തിയാണ്. വളരെ അകലെയുള്ള സ്ഥലങ്ങളിൽനിന്നും കേന്ദ്രത്തിലേക്ക് എത്തുന്നവർ നേരിടുന്ന വെല്ലുവിളി മറക്കരുത്.

അസാധാരണമായ ഉയരത്തെക്കാൾ ഈ കേന്ദ്രത്തിന് പല പ്രത്യേകതകളുമുണ്ട്. ഇതിനെ അസാധാരണമായ നിലപാട് എന്ന് വിളിക്കുക. സിയാച്ചിൻ ഹിമാനിയോട് (Siachen Glacier) ചേർന്ന് സ്ഥിതി ചെയ്യുന്ന ലേഹിലെ ഈ പി.എച്.സി. അസാധാരണമായ ഒരു റെക്കോർഡ് ആണ് വഹിക്കുന്നത്. ഒരൊറ്റ ദിവസത്തിൽ അത് പ്രദേശത്തുള്ള 250 സൈനികോദ്യോഗസ്ഥർക്ക് വാക്സിൻ നൽകി. അതും, ഇന്‍റർനെറ്റ് എന്ന് വിളിക്കാൻ പോലും പറ്റാത്ത, വളരെ മോശമായ ആശയവിനിമയ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട്. എന്നിട്ടും പനാമിക്കിലെ പി.എച്.സി., ലഡാക്കിലങ്ങോളമുള്ള മറ്റുചില കേന്ദ്രങ്ങളെപ്പോലെ, അതിന്‍റെ വാക്സിനേഷൻ ഉദ്യമം തികച്ചും വിജയകരമായി നടപ്പാക്കി.

പക്ഷെ, ലേഹ് പട്ടണത്തിൽ നിന്നും ഏകദേശം 140 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ പി.എച്.സി.യിൽ ഇന്‍റര്‍നെറ്റ് കൂടാതെ എങ്ങനെയാണ് അവർ കാര്യങ്ങൾ നടത്തിയത്? ഇവിടുത്തെ കോൾഡ് ചെയിൻ ഹാൻഡ്‌ലറായ (ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്ന പരിധിയില്‍ വാക്സിന്‍റെ താപനില സൂക്ഷിക്കുന്നയാള്‍) സെറിംഗ് പറഞ്ഞതിങ്ങനെയാണ്: "അത് വളരെ എളുപ്പമാണ്! ക്ഷമയോടെ ഞങ്ങളത് കൈകാര്യം ചെയ്യുന്നു. വളരെയധികം സമയം ഞങ്ങൾ ജോലി ചെയ്തു. പക്ഷെ, അവസാനം ഞങ്ങൾക്ക് ഫലം കിട്ടി.” അതിനർത്ഥം മിനിറ്റുകൾ കൊണ്ട് ചെയ്യാൻ പറ്റുമായിരുന്ന കാര്യങ്ങൾ പ്രശ്നങ്ങൾ നിറഞ്ഞ നെറ്റ് കണക്ഷൻ ഉപയോഗിച്ച് മണിക്കൂറുകൾ എടുത്ത് ചെയ്തു എന്നാണ്. യഥാർത്ഥ വാക്സിനേഷൻ പ്രക്രിയയ്ക്ക് വേണ്ടതില്‍ കൂടുതൽ സമയമായിരുന്നു ഇത്.

PHOTO • Ritayan Mukherjee

എന്‍റെ ഫോട്ടോ എടുക്കേണ്ട”, പനാമിക്കിലെ പി.എച്.സി.യിലെ ഫാർമസിസ്റ്റായ സ്റ്റാൻസിന ഡോൾമയുടെ 8 വയസ്സുകാരനായ മകൻ ജിഗ്മത് ജോർഫൽ പറഞ്ഞു. വാക്സിനേഷൻ ഉദ്യമങ്ങൾ നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലായിരിക്കുമ്പോൾ ആ കൊച്ചുകുട്ടി മിക്കപ്പോഴും അവന്‍റെ അമ്മയോടൊപ്പം വരുന്നു

പി.എച്.സി.യിലെ ഫാർമസിസ്റ്റായ സ്റ്റാൻസിൻ ഡോൾമ വളരെയധികം മണിക്കൂറുകൾ ചിലവഴിക്കുക മാത്രമല്ല ചെയ്യുന്നത്. അതോടൊപ്പം തന്‍റെ 8 വയസ്സുകാരനായ മകനെ നോക്കുകയും ചെയ്യുന്നു. "എന്‍റെ ഇളയ മകന് എന്‍റെയടുത്തു നിന്നും ഒരുപാട് സമയം മാറി നിൽക്കാൻ കഴിയില്ല”, അവർ പറഞ്ഞു. അതുകൊണ്ട് ജോലിസമയം കൂടുതലുള്ള സമയങ്ങളിൽ [പ്രത്യേകിച്ച് വാക്സിനേഷൻ ദിവസങ്ങളിൽ] അവനെ ഞാൻ എന്‍റെയൊപ്പം കൊണ്ടുവരുന്നു. പകൽ അവൻ പി.എച്.സി.യിൽ ചിലവഴിക്കുന്നു. രാത്രി ഷിഫ്റ്റുകളിലും അവൻ എന്‍റെയൊപ്പം ഉണ്ടാകും.

അവൻ കൂടെയുണ്ടായിരിക്കുന്നതിന്‍റെ അപകടം അറിയാത്തതുകൊണ്ടല്ല. പക്ഷെ ഈ രീതിയിൽ അവനെ നന്നായി നോക്കാം എന്നവർ കരുതുന്നതു കൊണ്ടാണ്. "രോഗികളും എന്‍റെ മകനും – രണ്ടും എനിക്ക് ഒരേപോലെ പ്രധാനമാണ്”, അവർ പറഞ്ഞു.

"തുടക്കത്തിൽ എല്ലാം താറുമാറായി കിടക്കുകയായിരുന്നു. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും മോശമായ അറിയിപ്പുകളും കാരണം ഞങ്ങൾ ഈയൊരു സംവിധാനം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടി. പ്രക്രിയകൾ എങ്ങനെയായിരിക്കണം എന്നകാര്യത്തിൽ അവസാനം ഞങ്ങൾക്ക് ധാരണയായി. അതേ സമയംതന്നെ വാക്സിനേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഗ്രാമീണർക്കിടയിൽ ഞങ്ങൾ അവബോധം ഉണ്ടാക്കുകയും ചെയ്തു”, പി.എച്.സി.യിലെ റെസിഡന്‍റ് ഡോക്ടറായ മണിപ്പൂരിൽ നിന്നുള്ള ചാബുംഗ്ബം മിരാബാ മേയ്തേയ് ഓർമ്മിച്ചു.

രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളേയും പോലെ ലഡാക്കിനെയും കോവിഡിന്‍റെ രണ്ടാം തരംഗം മോശമായി ബാധിച്ചു. ലേഹ് പട്ടണത്തിലേക്ക് തുടർച്ചയായുണ്ടായ ഗതാഗതം, തൊഴിലാളികളുടെ കാലികമായ വരവ്, കേന്ദ്രഭരണപ്രദേശത്തിന് പുറത്ത് തൊഴിൽ ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ലഡാക്കികളുടെ തിരിച്ചുവരവ് എന്നിവയ്ക്ക് കോവിഡ് മൂർച്ഛിച്ചതുമായി ബന്ധമുണ്ടെന്ന് പറയാം.

"ഭ്രാന്ത് പിടിച്ച സമയമായിരുന്നു അത്”, ലേഹിലെ ജില്ല പ്രതിരോധവത്കരണ ഓഫീസറായ താഷി നംഗ്യാൽ മഹാമാരിയുടെ ആദ്യസമയത്തെക്കുറിച്ച് പറഞ്ഞു. "ആ സമയത്ത് ലേഹ് പട്ടണത്തിലെ നിരവധിയാളുകളെ പരിശോധിക്കാനായി ഞങ്ങൾക്ക് വേണ്ട വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ പരിശോധനയ്ക്കായി സാമ്പിളുകൾ ചണ്ഡീഗഢിലേക്ക് അയയ്ക്കുകയായിരുന്നു. ഫലം ലഭിക്കാൻ ദിവസങ്ങൾ എടുത്തിരുന്നു. പക്ഷെ ഞങ്ങൾക്കിപ്പോൾ ലേഹിലെ സോനം നുർബു മെമ്മോറിയൽ ആശുപത്രിയിൽ പ്രതിദിനം 1,000 ആളുകളെ വരെ പരിശോധിക്കാൻ കഴിയും. ശീതകാലം എത്തുന്നതിനു മുൻപ്, അതായത് ഒക്ടോബർ അവസാനിക്കുന്നതിനു മുമ്പ്, വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് ഈ വർഷത്തിന്‍റെ തുടക്കം മുതൽ ഞങ്ങൾ പദ്ധതിയിട്ടതാണ്.

ഇവിടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിരതയുള്ള ഇന്‍റര്‍നെറ്റ് ഇല്ലാത്തതുകൊണ്ടും ആശയവിനിമയ സാങ്കേതികതകൾ ആളുകൾക്ക് പരിമിതമായി പ്രാപ്യമായതുകൊണ്ടും കാര്യങ്ങൾ നടത്തി കിട്ടാൻ അവർക്ക് നൂതനമായ വഴികൾ തേടേണ്ടി വന്നു. "പ്രായം ഉള്ള ആളുകൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നില്ല. ഇന്‍റര്‍നെറ്റ് പ്രശ്നങ്ങളുമുണ്ട്”, ലേഹ് ജില്ലയിലെ ഖാൽത്സെ ഗ്രാമത്തിൽ നിന്നുള്ള ആരോഗ്യസുരക്ഷാ പ്രവർത്തകനായ കുംസാംഗ് ചോറോൾ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്നും 9,799 അടി ഉയരത്തിലുള്ള ഒരു ഗ്രാമമാണിത്. അപ്പോൾ എങ്ങനെയാണ് അവരത് കൈകാര്യം ചെയ്തത്?

PHOTO • Ritayan Mukherjee

ഖാൽസി തെഹ്സീലിലെ പി.എച് . സി.യിൽ ഒരു ഫിസിയോ തെറാപിസ്റ്റായി ജോലി നോക്കുന്ന കു o സാംഗ് ചോറോൾ ഖാൽത്സെ ഗ്രാമത്തിൽ കോവിൻ ആപ്പിൽ (Cowin app) ഒരു രോഗിയുടെ വിവരങ്ങൾ ചേർക്കുന്നു

"ആദ്യത്തെ ഡോസിനു ശേഷം പ്രത്യേക നമ്പറുകളും രണ്ടാമത്തെ ഡോസ് വാക്സിനുള്ള തീയതിയും ഞങ്ങൾ ഒരു കടലാസിൽ എഴുതിയെടുത്തു. ആ കടലാസ് ചീട്ട് പിന്നീട് ഞങ്ങൾ ആളുകളുടെ വിലപ്പെട്ട രേഖകളുടെ, ഉദാഹരണത്തിന് ആധാർകാർഡ് പോലെയുള്ളവയുടെ, പിൻഭാഗത്ത് ഒട്ടിച്ചു. ഇങ്ങനെയാണ് ഞങ്ങൾ മുഴുവൻ പ്രക്രിയകളും ചെയ്തത്. ഇന്നുവരെ ഗ്രാമീണരുടെ കാര്യത്തിൽ ഇത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്”, ‘കുനീ’ എന്ന് അവിടെ വിളിക്കപ്പെടുന്ന കുംസാംഗ് പറഞ്ഞു.

"കുത്തിവയ്പ്പുകൾ നൽകിയതിനുശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അച്ചടിച്ച് അവർക്ക് കൈമാറി”, അവർ കൂട്ടിച്ചേർത്തു.

ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും അവയുടെ സകല വിഭവങ്ങളും മഹാമാരിയോട് പൊരുതാനുപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചപ്പോൾ എന്നെ അത്ഭുദപ്പെടുത്തിയ ഒരു പി.എച്.സി. ഫിയാംഗ് ഗ്രാമത്തിൽ ഞാൻ കണ്ടു. വാക്സിൻ നൽകുന്നതിനൊപ്പം കുട്ടികൾക്കുള്ള പ്രതിരോധവത്കരണ സേവനങ്ങളും അത് പതിവായി ചെയ്തു പോന്നു. ഫിയാംഗ് സമുദ്ര നിരപ്പിൽ നിന്നും 12,000 അടി ഉയരത്തിലാണ്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്‍റെ ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ അവകാശവാദങ്ങളെ (യോഗര്യായ ജനസംഖ്യയുടെ 100 ശതമാനവും കോവിഡ്-19 വാക്സിന്‍റെ ആദ്യ ഡോസ് 100 ശതമാനവും സ്വീകരിച്ചിട്ടുണ്ട് എന്നത്) തുറന്ന രീതിയില്‍ ചോദ്യംചെയ്യാവുന്നതാണ് . എന്നിരിക്കിലും ചോദ്യത്തിനപ്പുറം നിൽക്കുന്നത് ബുദ്ധിമുട്ടുകൾ നിറഞ്ഞ മലകൾ കയറിയിറങ്ങി മുൻനിര ആരോഗ്യ പ്രവർത്തകർ വഹിച്ചിട്ടുള്ള പ്രചോദനാത്മകമായ പങ്കാണ്. ലഡാക്കിലെ ഏകദേശം 270,000 വരുന്ന നിവാസികൾക്ക് വാക്സിൻ എത്തിക്കാൻ അവർ ബുദ്ധിമുട്ടി. കാലാകാലങ്ങളായി തണുപ്പു നിറഞ്ഞതും വരണ്ടതുമായ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 8,000 മുതൽ 12,000 അടി വരെ ഉയരത്തിലാണ്.

"ഞങ്ങളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ വളരെ വലുതായിരുന്നു. ആദ്യ ദിനങ്ങളിൽ കോവിൻ ഞങ്ങൾക്ക് പരിചിതമാകേണ്ടിയിരുന്നു. പനാമിക് പോലെ വളരെയകലെയുള്ള സ്ഥലങ്ങളിലെ പി.എച്.സി.കളിൽ സ്ഥിരതയുള്ള ഇന്‍റര്‍നെറ്റ് ഇല്ലായിരുന്നു”, ലേഹിലെ ഒരു വാക്സിൻ-കോൾഡ് ചെയിൻ മാനേജരായ ജിഗ്മെത് നംഗ്യാൽ പറഞ്ഞു. വാക്സിനുകൾ വേണ്ടത്ര ഊഷ്മാവിൽ സംഭരിക്കപ്പെടുന്നുവെന്നും വേണ്ട അളവിൽ വിവിധ സംഭരണ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നുവെന്ന് ഉറപ്പിക്കാനും നംഗ്യാൽ പലപ്പോഴും തണുത്ത മരുപ്രദേശത്തുകൂടെ 300-ലധികം കിലോമീറ്റർ യാത്ര ചെയ്യുന്നു.

PHOTO • Ritayan Mukherjee

ഫിയാംഗിലെ പി.എച്.സി.യിൽ - സമുദ്രനിരപ്പിന് 12,000 അടി മുകളിൽ - ഡോക്ടർമാർ കുട്ടികൾക്കുള്ള പ്രതിരോധവത്കരണ സേവനങ്ങൾ വാക്സിൻ ഉദ്യമങ്ങൾക്കൊപ്പം നടത്തുന്നു

"ഓ, മുഖ്യവെല്ലുവിളി കോവിൻ മാത്രമല്ല, വാക്സിൻ പാഴാകുന്നതുമായി ബന്ധപ്പെട്ടു കൂടിയാണ്”, ഖൽസി തെഹ്സീലിൽ പ്രവർത്തിക്കുന്ന ഡീചെൻ ആങ്മൊ പറഞ്ഞു. "വാക്സിൻ ഒരിക്കലും പാഴാക്കരുതെന്ന് കേന്ദ്ര സർക്കാരിൽ നിന്നും കർശന നിർദ്ദേശമുണ്ട്.”

ആങ്മൊ ചൂണ്ടിക്കാണിച്ചത് വെല്ലുവിളികൾ "വലുതാണെന്നാണ്. ഒരുകുപ്പി മരുന്നിൽ നിന്നും 10 കുത്തിവയ്പ്പുകൾ വരെ ഞങ്ങൾക്കെടുക്കാം. പക്ഷെ ഒരിക്കൽ ഒരു കുപ്പി തുറന്നു കഴിഞ്ഞാൽ ആദ്യം ഉപയോഗിച്ച് നാല് മണിക്കൂറുകൾക്കകം അത് പൂർണ്ണമായും ഉപയോഗിച്ചിരിക്കണം. ആളുകൾ അകലെയുള്ള പ്രദേശങ്ങളിൽ നിന്നും വരുന്നതിനാൽ ഖാൽത്സെയിലെ ഞങ്ങളുടേതു പോലുള്ള വിദൂര ഗ്രാമങ്ങളിൽ 4 മണിക്കൂർ സമയത്തിനുള്ളിൽ ഞങ്ങൾക്ക് മിക്കപ്പോഴും കണ്ടെത്താൻ പറ്റുക മൂന്നോ നാലോ പേരേയാണ്. അതൊഴിവാക്കാനായി എന്‍റെ പല സഹപ്രവർത്തകരും ഒരു ദിവസം മുമ്പെ ഈ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ആളുകൾ കൃത്യസമയത്ത് പി.എച്.സി.യിൽ എത്തുമെന്ന് ഉറപ്പാക്കിയിരുന്നു. മടുപ്പിക്കുന്ന ജോലി, പക്ഷെ അത് വിജയിച്ചു. അതിന്‍റെ ഫലമായി ഒരു തരത്തിലും ഞങ്ങൾക്ക് വാക്സിൻ പാഴാകുന്നില്ല.

പിന്നീട് ഞാൻ മനസ്സിലാക്കിയത് ഖൽസിയിലെ ആരോഗ്യസുരക്ഷാ ജീവനക്കാർ ഈ തെഹ്സീലിൽ പെടുന്ന ലിംഗ്ശേട് പോലെയുള്ള വിദൂര ഗ്രാമങ്ങളിലേക്ക് വാക്സിനുകളുമായി വായുമാർഗ്ഗം വരെ സഞ്ചരിച്ചിട്ടുണ്ടെന്നാണ്. "വാക്സിന്‍റെ കാര്യത്തിൽ ഗ്രാമീണർക്ക് ആദ്യമൊരു വൈമുഖ്യം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ തുടർച്ചയായ കൗൺസെലിംഗിലൂടെ അവർ അതിന്‍റെ പ്രാധാന്യം മനസ്സിലാക്കി. ഇപ്പോൾ ഞങ്ങൾ ഒരു ദിവസം 500 ആളുകൾക്കു വരെ വാക്സിൻ നൽകി റെക്കോർഡ് ഇട്ടിരിക്കുന്നു. ഒരു സംഘമെന്ന നിലയിലാണ് ഞങ്ങൾ ഇങ്ങനൊരു നേട്ടമുണ്ടാക്കിയത്”, അന്നത്തെ വാക്സിനേഷൻ ചുമതലയുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റായ ഡോ. പദ്മ പറഞ്ഞു.

"നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ എന്നിവരെല്ലാം ചേർന്ന് എങ്ങനെയാണ് വെല്ലുവിളികൾ തരണം ചെയ്തതെന്നും ഉദ്യമം വിജയപ്രദമാക്കിയതെന്നും കണ്ടത് എന്നിൽ വിസ്മയം ജനിപ്പിച്ചു. ഇപ്പോൾ ഞങ്ങൾ വാക്സിൻ നൽകുന്നത് ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ആളുകൾക്ക് മാത്രമല്ല, കാലികമായി കുടിയേറുന്ന തൊഴിലാളികൾ, നേപ്പാളി തൊഴിലാളികൾ എന്നിവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാക്സിൻ എടുക്കാത്ത വിനോദ സഞ്ചാരികൾക്കുo വരെയാണ്”, നിഗ്മെത് നംഗ്യാൽ പറഞ്ഞു.

ഇത് നടക്കാത്ത കാര്യം പറയുന്നതല്ല. കാലികമായി കുടിയേറുന്ന ഝാർഖണ്ഡിൽ നിന്നുള്ള ഒരുകൂട്ടം തൊഴിലാളികളെ ഞാൻ കണ്ടുമുട്ടി. പനാമിക് പി.എച്.സി.ക്ക് സമീപം അവർ ഒരു റോഡ് നന്നാക്കുകയായിരുന്നു. "ഇവിടെ ലഡാക്കിൽ ആയിരിക്കുന്നതിൽ ഞങ്ങൾക്ക് നന്ദിയുണ്ട്”, അവർ എന്നോട് പറഞ്ഞു. “ഞങ്ങൾക്കെല്ലാവർക്കും ആദ്യത്തെ ഡോസ് കിട്ടി. ഇപ്പോൾ ഞങ്ങൾ രണ്ടാമത്തെ കുത്തിവയ്പ്പിനായി കാത്തിരിക്കുന്നു. അതുകൊണ്ട് വീട്ടിലേക്ക് ഞങ്ങൾ മടങ്ങുമ്പോഴേക്കും കോവിഡിനെതിരെ ഞങ്ങൾ പ്രതിരോധശേഷി കൈവരിച്ചിരിക്കും. അങ്ങനെ കുടുംബത്തെ സുരക്ഷിതമാക്കാനും ഞങ്ങൾക്ക് കഴിയും.”

PHOTO • Ritayan Mukherjee

പനാമിക് പി.എച് . സി . യുടെ മുകളിൽ കയറി ഒരു ആരോഗ്യ സുരക്ഷാ ജീവനക്കാരൻ തന്‍റെ ഇന്‍റര്‍നെറ്റ് ബന്ധം പരിശോധിക്കുന്നു. പനാമിക്കിൽ ഇന്‍റർനെറ്റ് ബന്ധം വലിയ വെല്ലുവിളിയാണ് നേരിടുന്നത്


PHOTO • Ritayan Mukherjee

ലേഹ് പട്ടണത്തിൽ നിന്നും 140 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പനാമിക് പി.എച്.സി.യിൽ നൂറോളം ആളുകൾ വരി നിൽക്കുന്നു. ഇത് സിയാച്ചിൻ ഹിമാനിയോട് വളരെ ചേർന്നാണ്. പനാമിക് ബ്ലോക്കിന്‍റെ ഏറ്റവും ഉയർന്ന ഭാഗം സമുദ്രനിരപ്പിൽ നിന്നും 19,091 അടി ഉയരത്തിലാണ്


PHOTO • Ritayan Mukherjee

ഫാർമസിസ്റ്റ് സ്റ്റാൻസിൻ ഡോൽമ പനാമിക് പി.എച് . സി.യിൽ വാക്സിനേഷൻ പ്രവർത്തനത്തിനായി തയ്യാറാകുന്നു


PHOTO • Ritayan Mukherjee

സെ റിംഗ് ആംഗ്ചോക്ക് പനാമിക് പി.എച്.സി.യിലെ വാക്സിൻ സ്റ്റോക്ക് പരിശോധിക്കുന്നു. സ്റ്റോക്കിന്‍റെ വിവരങ്ങൾ ഡിജിറ്റലായി പിന്തുടരാൻ കോവിൻ ആപ്പിന് കഴിയുമെങ്കിലും യഥാർത്ഥ എണ്ണത്തിൽ നിന്നും സംഖ്യകൾ ചിലപ്പോൾ വ്യത്യാസപ്പെട്ടേക്കാം. അതിനാൽ ആരോഗ്യ രക്ഷാ പ്രവർത്തകർ എല്ലായ്പ്പോഴും ഇരട്ട പരിശോധനയാണ് നടത്തുന്നത്


PHOTO • Ritayan Mukherjee

കുത്തിവയ്ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ആശങ്കാകുലനായ ഒരു ഗ്രാമീണന് ഉറപ്പ് നൽകാൻ പനാമിക് പി.എച് . സി.യിലെ ആരോഗ്യ രക്ഷാ പ്രവർത്തകയായ സെവാങ് ഡോൽമ ശ്രമിക്കുന്നു


PHOTO • Ritayan Mukherjee

തുടർച്ചയായ പനിമൂലം പനാമിക്കിലെ ആരോഗ്യ കേന്ദ്രത്തിലെത്തിയ ഒരു സന്യാസിയെ ഡോ. ചാബുംഗ് ബം മിരാബാ മെയ്തെയ് പരിശോധിക്കുന്നു


PHOTO • Ritayan Mukherjee

പനാമിക് പി.എച് . സി.യിലെ ഒരു മുതിർന്ന നഴ്സ് ആസ്തമയുടെ പ്രശ്നമുള്ള കൊച്ചു ടെൻസിന് നെബുലൈസർ നൽകുന്നു


PHOTO • Ritayan Mukherjee

കൃഷിപ്പണിക്കിടെയുണ്ടായ അപകടത്തെത്തുടർന്ന് ഒരു ഗ്രാമീണന്‍റെ പരിക്ക് പറ്റിയ വിരൽ കുത്തിക്കെട്ട ന്ന ഡോ. ചാബുംഗ്ബം . പനാമിക് പി.എച്.സി.യിൽ നിയമിക്കപ്പെട്ട ഡോക്ടർമാർ മഹാമാരിയുടെ സമയത്തുടനീളം വിവിധ മുന്നണികളിൽ ജോലി ചെയ്തിരുന്നു

PHOTO • Ritayan Mukherjee

തുടക്കത്തിൽ ഇവിടുത്തെ കാര്യങ്ങൾ ശരിയായ രീതിയില്‍ അല്ലായിരുന്നു. പക്ഷെ , ഇപ്പോൾ ഞങ്ങൾ നിരവധിയാളുകൾക്ക് വാക്സിൻ നൽകിയിക്കുന്നു . പനാമിക് പി.എച് . സി.യിൽ പ്രവർത്തിക്കുന്ന തുർതുക്കിൽ നിന്നുള്ള ഫാർമസിസ്റ്റായ അലി മൂശ പറഞ്ഞു


PHOTO • Ritayan Mukherjee

വാക്സിൻ നൽകാൻ തുടങ്ങുന്നതിന് മുമ്പ് ഖൽത്സെ ഗ്രാമത്തിലെ പി.എച് . സി. യിൽ നിന്നുള്ള ഡീചെൻ ആങ്മൊ തന്‍റെ സഹപ്രവർത്തകയായ സെറിംഗ് ലാൻഡോളിനെ പി.പി.ഇ. സ്യൂട്ട് ധരിക്കാൻ സഹായിക്കുന്നു


PHOTO • Ritayan Mukherjee

ഖൽത്സെ പി.എച് . സി.യിലെ ഗൈനക്കോളജിസ്റ്റായ ഡോ. പദ്മ വാക്സിനേഷൻ ഉദ്യമം പുരോഗമിക്കുന്നതിന് മുൻപ് തന്‍റെ ഫോണിൽ ചില വിശദാംശങ്ങൾ പരിശോധിക്കുന്നു

PHOTO • Ritayan Mukherjee

ഖൽ ത്സെ ഗ്രാമത്തിലെ പി.എച് . സി.യിൽ അടുത്ത രോഗിക്കുവേണ്ടി കാത്തിരിക്കുന്ന ഡീചെൻ ആങ്മൊ . വാക്സിൻ പാഴാകുന്നത് ലഡാക്കിൽ ഒരു പ്രധാന വെല്ലുവിളിയായിരുന്നു. അതുകൊണ്ട് ഒരോ ആരോഗ്യ പ്രവർത്തകനും / യും ഒരു കുപ്പിയിൽ നിന്നും 10-11 കുത്തിവയ്പ്പുകൾ എടുക്കാൻ പറ്റുമെന്ന് ഉറപ്പാക്കുമായിരുന്നു

PHOTO • Ritayan Mukherjee

വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കുന്ന ഖൽത്സെ ഗ്രാമത്തിലെ ഒരു ക്ലാസ്സ് മുറിയിൽ ഊഴത്തിനായി കാത്തിരിക്കുന്ന ആളുകൾ


PHOTO • Ritayan Mukherjee

ഖൽസി തെഹ്സീലിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയ പ്രായമുള്ള ഒരു വ്യക്തിയെ ഒരു ആരോഗ്യരക്ഷാ പ്രവർത്തകൻ സഹായിക്കുന്നു


PHOTO • Ritayan Mukherjee

ഖൽത്സെ ഗ്രാമത്തിലെ പി.എച് . സി.യിൽ ലാമയുരു പ്രദേശത്തു നിന്നുള്ള ഒരു ഗ്രാമീണൻ തന്‍റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നു


PHOTO • Ritayan Mukherjee

ഖാൽത്സെ ഗ്രാമത്തിൽ നിന്നുള്ള പ്രായമുള്ള ഒരു മൻഷ്യന് ശ്രദ്ധാ പൂർവ്വം വാക്സിൻ നൽകുന്ന ഡീചെൻ ആങ്മൊ


PHOTO • Ritayan Mukherjee

കുത്തിവയ്പ് കഴിഞ്ഞു - വാക്സിൻ സ്വീകരിച്ച ഒരാൾ സർട്ടിഫിക്കറ്റുമായി


PHOTO • Ritayan Mukherjee

'ഇത് ആശ്വാസകരമായ ഒരു സ്യൂട്ടല്ല. ഒരു ദിവസം മുഴുവൻ പി.പി.ഇ. സ്യൂട്ടിലായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ ഇവിടുത്തെ കാലാവസ്ഥയെങ്കിലും തണു ത്തതാണ് . സമതല പ്രദേശങ്ങളിലെ ആരോഗ്യരക്ഷാ പ്രവർത്തകർക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും' , ഖൽത്സെ ഗ്രാമത്തിലെ പി.എച് . സി.യിൽ നിന്നുള്ള സെറിംഗ് ആങ്ചുക് പറഞ്ഞു


PHOTO • Ritayan Mukherjee

കുത്തിവയ്പ് നൽകിയ ഒരു നീണ്ട ദിവസത്തിന്‍റെ അവസാനം ഖൽത്സെ പി.എച് . സി.യിലെ ആളൊഴിഞ്ഞ ഒരു താത്കാലിക വാക്സിനേഷൻ മുറി


പരിഭാഷ: റെന്നിമോന്‍ കെ. സി.

Ritayan Mukherjee

Ritayan Mukherjee is a Kolkata-based photographer and a PARI Senior Fellow. He is working on a long-term project that documents the lives of pastoral and nomadic communities in India.

Other stories by Ritayan Mukherjee
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.