എന്തുകൊണ്ടാണ് തന്‍റെ മുത്തശ്ശി മുംബൈയില്‍ പ്രതിഷേധ ജാഥക്കു പോയത് എന്ന കാര്യത്തില്‍ 10 വയസ്സുകാരിയായ നൂതന്‍ ബ്രാഹ്മണെ ജിജ്ഞാസുവായിരുന്നു. അതുകൊണ്ട് ജിജാബായ് ബ്രാഹ്മണെ അവളെ കൂടെ കൂട്ടാന്‍ തീരുമാനിച്ചു. “ഞാനവളെ കൊണ്ടുവന്നു, അതുകൊണ്ട് അവള്‍ക്കു ആദിവാസികളുടെ ദുഃഖങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ സാധിക്കും”, ജനുവരി 26-ന് തെക്കന്‍ മുംബൈയിലുള്ള ആസാദ് മൈതാനത്തെ പൊള്ളുന്ന ചൂടത്തിരുന്നു ജിജാബായ് പറഞ്ഞു.

“ഡല്‍ഹിയില്‍ [മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ] സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്ക്കാനാണ് ഞങ്ങളിവിടെ എത്തിയത്. പക്ഷെ ഞങ്ങള്‍ക്കു ചില പ്രാദേശിക ആവശ്യങ്ങളിലേക്കുകൂടെ ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ട്”, നൂതനോടൊപ്പം ജനുവരി 25-26 തീയതികളില്‍ അസാദ് മൈതാനത്തുണ്ടായിരുന്ന 65-കാരിയായ ജിജാബായ് പറഞ്ഞു.

ജനുവരി 23-ന് നാശികില്‍ നിന്നും പുറപ്പെട്ട ഒരു കൂട്ടം കര്‍ഷകര്‍ക്കൊപ്പമാണ് നാശിക് ജില്ലയിലെ അമ്പേവാനി ഗ്രാമത്തില്‍ നിന്നും അവര്‍ ഇവിടെത്തിയത്.

കോലി മഹാദേവ ആദിവാസി സമുദായത്തില്‍പെട്ട  ജിജാബായിയും അവരുടെ ഭര്‍ത്താവ് ശ്രവണും ദാശാബ്ദങ്ങളോളം ടിണ്ടോരി താലൂക്കിലെ ഗ്രാമത്തില്‍ അഞ്ചേക്കര്‍ വനഭൂമിയില്‍ കൃഷി ചെയ്തു. 2006-ല്‍ വനാവകാശ നിയമം പാസ്സാക്കിയശേഷം ഭൂമിക്കു പട്ടയം എടുക്കണമായിരുന്നു. “പക്ഷെ ഒരേക്കറില്‍ താഴെയേ ഞങ്ങളുടെ പേരില്‍ കിട്ടിയുള്ളൂ. അവിടെ ഞങ്ങള്‍ നെല്ല്, ഗോതമ്പ്, ഉഴുന്ന്, തുവര, എന്നിവയൊക്കെ കൃഷി ചെയ്യുന്നു”, അവര്‍ പറഞ്ഞു. “ബാക്കിയുള്ള ഭൂമി വനംവകുപ്പിന്‍റെ കീഴിലാണ്. അതിനടുത്തുകൂടെ പോയാല്‍ അധികാരികള്‍ ഞങ്ങളോട് പ്രശ്നമുണ്ടാക്കും.”

മുംബൈയിലെ റിപ്പബ്ലിക് ദിന സമരത്തില്‍ പങ്കെടുക്കാന്‍ മുത്തശ്ശിയോടൊപ്പം പോകാന്‍ നൂതനെ അവളുടെ അച്ഛനും ജിജാബായിയുടെ മകനുമായ സഞ്ജയ്‌ അപ്പോള്‍തന്നെ സമ്മതിച്ചു. “2018-ലെ ദീര്‍ഘ ദൂര കിസാന്‍ ജാഥ യില്‍ പങ്കെടുക്കാന്‍ അവള്‍ക്കു വരണമെന്നുണ്ടായിരുന്നു. നാശികില്‍ നിന്നും മുംബൈ വരെ ഒരാഴ്ചയിലധികം എടുത്താണ് ഞങ്ങള്‍ നടന്നെത്തിയത്‌. പക്ഷെ അവള്‍ തീര്‍ത്തും ചെറുതായിരുന്നു. അവള്‍ക്കു നടക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ എനിക്കുറപ്പില്ലായിരുന്നു. ഇന്നവള്‍ക്ക്‌ ആവശ്യത്തിനു പ്രായമായിട്ടുണ്ട്. അധികം നടക്കാനുമില്ല”, ജിജാബായ് പറഞ്ഞു.

Left: The farmers from Nashik walked down Kasara ghat on the way to Mumbai. Right: Nutan Brahmane and Jijabai (with the mask) at Azad Maidan
PHOTO • Shraddha Agarwal
Left: The farmers from Nashik walked down Kasara ghat on the way to Mumbai. Right: Nutan Brahmane and Jijabai (with the mask) at Azad Maidan
PHOTO • Riya Behl

ഇടത്ത്: കര്‍ഷകര്‍ നാശികില്‍ നിന്നും മുംബൈയിലേക്കുള്ള വഴിയിലെ കസാറ ഘാട്ടിലൂടെ നടന്നു. നൂതന്‍ ബ്രഹ്മണെയും ജിജാബായിയും (മാസ്ക് ധരിച്ചവര്‍) ആസാദ് മൈതാനത്തില്‍.

ജിജാബായിയും നൂതനും നാശിക് സംഘത്തോടൊപ്പം പിക്-അപ്പ്‌ ട്രക്കുകളിലും ടെമ്പോകളിലും യാത്ര ചെയ്തു, കസാറ ഘാട്ടിലെ 12 കി.മീ. ഒഴിച്ച്. അവിടെ, ശക്തി പ്രകടനത്തിന്‍റെ ഭാഗമായി, എല്ലാവരും വാഹനങ്ങളില്‍ നിന്നിറങ്ങി നടന്നു. “ഞാനും എന്‍റെ മുത്തശ്ശിയോടൊപ്പം നടന്നു”, ലജ്ജിച്ചു ചിരിച്ചുകൊണ്ട് നൂതന്‍ പറഞ്ഞു. “ഞാനൊട്ടും ക്ഷീണിച്ചില്ല.” നാശികില്‍ നിന്നും ആസാദ് മൈതാനത്തെത്താന്‍ അവര്‍ ഏകദേശം 180 കിലോമീറ്റര്‍ പിന്നിട്ടു.

“അവള്‍ ഒരുതവണ പോലും കരയുകയോ ദുശ്ശാഠ്യം പിടിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ മുംബൈയില്‍ എത്തിക്കഴിഞ്ഞ ശേഷം അവള്‍ക്കു കൂടുതല്‍ ഊര്‍ജ്ജം കൈവന്നു”, നൂതന്‍റെ നെറ്റിയില്‍ അഭിമാനത്തോടെ തലോടിക്കൊണ്ട് ജിജാബായ് പറഞ്ഞു. “യാത്രയ്ക്കുവേണ്ടി ഞങ്ങള്‍ ബ്രെഡും പച്ചമുളകു ചട്ണിയും കരുതിയിരുന്നു. അതു ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ആവശ്യത്തിനുണ്ടായിരുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ്-19 മഹാമാരി കാരണം അമ്പേവാനിയിലുള്ള നൂതന്‍റെ സ്ക്കൂള്‍ അടച്ചിരുന്നു. വീട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഇല്ലായിരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും സാദ്ധ്യമായിരുന്നില്ല. “നൂതന് ഇത് നല്ലൊരു പഠനാനുഭവം ആയിരിക്കുമെന്നു ഞാന്‍ കരുതി”, അവര്‍ കൂട്ടിച്ചേര്‍ത്തു.

“ഇതിന് എത്ര വലിപ്പം ഉണ്ടെന്ന് എനിക്കറിയണമായിരുന്നു”, നൂതന്‍ പറഞ്ഞു. 5-ാം ക്ലാസ്സില്‍ പഠിക്കുന്ന അവള്‍ക്കു മുംബൈ സന്ദര്‍ശിക്കണമെന്ന ആഗ്രഹം എപ്പൊഴും ഉണ്ടായിരുന്നു. “ഞാന്‍ തിരിച്ചുപോയി എന്‍റെ സുഹൃത്തുക്കളോട് ഇതെല്ലാം പറയും.”

തന്‍റെ മുത്തശ്ശി വര്‍ഷങ്ങളായി ഭൂഅവകാശങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇപ്പോള്‍ നൂതന് അറിയാം. കര്‍ഷക തൊഴിലാളികളായി പണിയെടുക്കുന്ന തന്‍റെ മാതാപിതാക്കള്‍ക്ക് ഗ്രാമത്തില്‍ വേണ്ടത്ര ജോലി ലഭിക്കുന്നില്ലെനും അവള്‍ക്കറിയാം. 2020 സെപ്തംബറില്‍ മോദി സര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ച് അവള്‍ ഇപ്പോള്‍ പഠിക്കുന്നു. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യം മുഴുവന്‍ കര്‍ഷകര്‍ സമരത്തിലാണ്.

Nutan (left) had always wanted to see Mumbai. Jijabai (right) bring her along to the protest "so she would understand the sorrows and problems of Adivasis"
PHOTO • Riya Behl
Nutan (left) had always wanted to see Mumbai. Jijabai (right) bring her along to the protest "so she would understand the sorrows and problems of Adivasis"
PHOTO • Riya Behl

നൂതന് (ഇടത്ത്) എല്ലായ്പ്പോഴും മുംബൈ കാണണമെന്നുണ്ടായിരുന്നു. ജിജാബായ് (വലത്ത്) അവളെ സമരത്തിനു കൊണ്ടുവന്നു. “അതുകൊണ്ട് അവള്‍ ആദിവാസികളുടെ ദുഃഖങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കും.”

താഴെപ്പറയുന്നവയാണ് മൂന്നു നിയമങ്ങള്‍: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. “കൃഷിയുടെ കാര്യത്തില്‍ കൂടുതല്‍ വലിയ കമ്പനിളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവരുടെ മനസ്സില്‍ ഇല്ല”, ജിജാബായ് പറഞ്ഞു.

മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

കര്‍ഷക വിരുദ്ധ നയങ്ങളോടുള്ള വിയോജിപ്പു പ്രകടിപ്പിക്കുന്നതിന് എല്ലാവരും തെരുവിലിറങ്ങണമെന്നു ജിജാബായ് പറഞ്ഞു, “പ്രത്യേകിച്ച് സ്ത്രീകള്‍”, അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എന്തിനാണ് സ്ത്രീകളേയും പ്രായമുള്ളവരേയും സമരത്തിനുവേണ്ടി പിടിച്ചുവച്ചിരിക്കുന്നത്?’ എന്ന - ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയ ശരദ് ബോബാദെയുടെ - ചോദ്യത്തെ അവര്‍ തദവസരത്തില്‍ പരാമര്‍ശിച്ചു.

“ഞാന്‍ എന്‍റെ ജീവിതം കൃഷിസ്ഥലത്ത് പണിയെടുത്തുകൊണ്ട് ചിലവഴിച്ചു”, ജിജാബായ് പറഞ്ഞു. “എന്‍റെ ഭര്‍ത്താവ് പണിയെടുത്തിട്ടുള്ളത്ര ഞാനും പണിയെടുത്തിട്ടുണ്ട്.”

താനും മുംബൈയ്ക്കു വരട്ടെയെന്ന് നൂതന്‍ ചോദിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷവതിയായി. “ചെറുപ്രായത്തില്‍ത്തന്നെ ഈ കാര്യങ്ങള്‍ മനസ്സിലാക്കുകയെന്നത് അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അവളെ ഒരു ഒരു സ്വതന്ത്ര സ്ത്രീയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporter : Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Photographer : Riya Behl

Riya Behl is Senior Assistant Editor at People’s Archive of Rural India (PARI). As a multimedia journalist, she writes on gender and education. Riya also works closely with students who report for PARI, and with educators to bring PARI stories into the classroom.

Other stories by Riya Behl
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.