2023 ജൂൺ പകുതിയിൽ ഔറംഗബാദിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിനുമുന്നിൽ അഞ്ച് ദിവസമാന് അജിം ഷെയ്ക്കിന് നിരാഹാരമിരിക്കേണ്ടിവന്നത്.

ചുട്ടുപൊള്ളുന്ന ചൂടിലും ആ 26 വയസ്സുകാരൻ, വെള്ളമല്ലാതെ മറ്റൊന്നും കഴിച്ചില്ല. നിരാഹാരത്തിനൊടുവിൽ, ക്ഷീണിച്ച്, ഉണങ്ങി, തലചുറ്റി, നടക്കാൻപോലും ബുദ്ധിമുട്ടി ആ യുവാവ് തളർന്നു.

എന്തായിരുന്നു അയാളുടെ ആവശ്യം? പൊലീസിൽ ഒരു പരാതി ഫയൽ ചെയ്യുക. എന്നാൽ, ഔറംഗബാദിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള ജൽന ജില്ലയിലെ അയാളുടെ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷൻ അതിന് തയ്യാറായില്ല.

2023 മേയ് 19-ന് പ്രദേശത്തെ സോനാവാനെ കുടുംബത്തിലെ അംഗങ്ങൾ - മറാത്താ സമുദായക്കാർ - രാത്രി 11 മണിക്ക് അജിമിന്റെ വീട്ടിൽക്കയറി, അയാളുടെ കുടുംബത്തെ ദണ്ഡുകളും കല്ലുകളുംകൊണ്ട് തല്ലിച്ചതച്ചു. “എന്റെ പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. വല്ലാത്തൊരു ആക്രമണമായിരുന്നു” എന്ന് അജിം പാരിയോട് പറഞ്ഞു. “അവർ ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന 1.5 ലക്ഷം രൂപയും മോഷ്ടിക്കുകയും ചെയ്തു”.

ആക്രമിച്ച ആൾക്കൂട്ടത്തിലെ അംഗമാണെന്ന് അജിം ആരോപിച്ച നിതിൻ സോണാവാനയെ ഈ റിപ്പോർട്ടർ ബന്ധപ്പെട്ടപ്പോൾ “ഈ സംഭവത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല” എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി.

മധ്യ മഹാരാഷ്ട്രയിലെ ഭോകർദാൻ താലൂക്കിലുള്ള പലസ്ഖ്ദ മുർതാദ് എന്ന ഗ്രാമത്തിലെ കോളനിയിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള എട്ടേക്കർ കൃഷിഭൂമിയിലാണ് അജിമിന്റെ വീട്.

“ഒറ്റപ്പെട്ട അധികം ബഹളങ്ങളൊന്നുമില്ലാത്ത വീടാണത്. സഹായത്തിനായി നിലവിളിക്കാൻപോലും ഞങ്ങൾക്ക് സാധിച്ചില്ല”, അയാൾ പറയുന്നു.

On May 19, 2023, Ajim and his family members were assaulted at their home in Palaskheda Murtad village of Jalna district
PHOTO • Parth M.N.

2023 മേയ് 19-ന് അജിമും കുടുംബാംഗങ്ങളും, ജൽന ജില്ലയിലെ പലസ്ഖേദ മുർതാദ് ഗ്രാമത്തിലെ വീട്ടിൽ‌വെച്ച് ആക്രമിക്കപ്പെട്ടു

കച്ചവടസംബന്ധമായ വൈരാഗ്യത്തിൽനിന്നാവണം ആക്രമണമുണ്ടായതെന്ന് അജിം സംശയിക്കുന്നു. ഗ്രാമത്തിൽ, ജെ.സി.ബി. പ്രവർത്തിപ്പിക്കാൻ അറിയുന്ന രണ്ട് കുടുംബങ്ങളായിരുന്നു അജിമിന്റേയും സോണാവാണെയുടേയും. “സമീപത്തൊരു അണക്കെട്ടുണ്ട്. അതിന്റെ വൃഷ്ടിപ്രദേശത്തെ ചളി ഗ്രാമത്തിലെ ആളുകൾക്ക് ആവശ്യമുണ്ട്. പാടത്ത് വിരിക്കാൻ. ഭൂമിയിൽനിന്ന് നല്ല വിളവ് കിട്ടാനാണത് ചെയ്യുന്നത്. ഗ്രാമീണർക്കുവേണ്ടി ആ ചളി കുഴിച്ചെടുക്കലാണ് ഞങ്ങളുടെ തൊഴിൽ”, അജിം പറയുന്നു.

രണ്ട് കുടുംബങ്ങളും മണിക്കൂറിന് 80 രൂപയാണ് കർഷകരിൽനിന്ന് ഈടാക്കുന്നത്. “എന്നാൽ ഞാൻ നിരക്ക് 70 രൂപയാക്കിയപ്പോൾ കൂടുതൽ ആവശ്യക്കാരെ കിട്ടി. അതിനുശേഷം എനിക്കുനേരെ ഭീഷണികൾ വന്നു. ഞാൻ നിരക്ക് കൂട്ടാതിരുന്നപ്പോൾ അവർ എന്റെ വീട് ആക്രമിച്ചു. വീടിന്റെ മുമ്പിൽ നിർത്തിയിരുന്ന ജെ.സി.ബി. പോലും അവർ നശിപ്പിച്ചു”.

അടുത്ത ദിവസം അജിം ഭോകർദാനിലെ പൊലീസ് സ്റ്റേഷനിൽ പോയി. അയാളുടെ ഗ്രാമം ആ താലൂക്കിന്റെ കീഴിലാണുള്ളത്. എന്നാൽ പ്രാഥമിക വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ഫയൽ ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. “പൊലീസ് എന്നെ ഭീഷണിപ്പെടുത്തി”, അയാൾ ഓർമ്മിച്ചു. “ആ കുടുംബത്തിനെതിരേ പരാതി കൊടുത്താൽ ഞാൻ കുഴപ്പത്തിലാകും എന്നാണവർ പറഞ്ഞത്. അവർ രാഷ്ട്രീയമായി സ്വാധീനമുള്ളവരാണത്രെ”.

പരാതി ഔദ്യോഗികമായി രേഖപ്പെടുത്തണമെന്ന് താൻ നിർബന്ധം പിടിച്ചപ്പോൾ, മറ്റേ കുടുംബം തനിക്കെതിരേയും നിരവധി പരാതികൾ ഫയൽ ചെയ്യുമെന്നും ഗ്രാമത്തിൽനിന്ന് അവർ എന്നെ പുറത്താക്കുമെന്നും പൊലീസ് പറഞ്ഞതായി, അജിംസ് സൂചിപ്പിക്കുന്നു.

“ഇതെന്ത് നീതിയും നിയമവുമാണ്?”, അയാൾ ചോദിക്കുന്നു. “അത് മനപ്പൂർവ്വമായൊരു ആക്രമണമായിരുന്നു. 25-30 ആളുകൾ ഒരുമിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നാശമുണ്ടാക്കി. ആലോചിക്കുമ്പോൾത്തന്നെ ഭയം തോന്നുന്നു”.

അജിമിനെ സംബന്ധിച്ചിടത്തോളം ഇതൊരു ആദർശത്തിന്റെ പ്രശ്നമായിരുന്നു. ആത്മാഭിമാനത്തിന്റെ പ്രശ്നം. ഒരു മറാത്താ‍ കുടുംബത്തിന് ഇതുപോലെ ആക്രമണം നടത്തി പുല്ലുപോലെ ഇറങ്ങിപ്പോകാമെന്നതിനോട് അയാൾക്ക് യോജിക്കാൻ കഴിഞ്ഞില്ല. “ഞാൻ പിന്മാറിയില്ല. എഫ്.ഐ.ആർ ഫയൽ ചെയ്യാൻ അവർ സമ്മതിക്കുന്നതുവരെ ഞാൻ എന്റെ പരാതിയുമായി മുന്നോട്ട് പോയി”.

ഒടുവിൽ സമ്മതിച്ചപ്പോഴാകട്ടെ, എഫ്.ഐ.ആറിൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളിക്കാൻ പറ്റില്ലെന്ന് പൊലീസ് അജിമിനോട് പറഞ്ഞു. “അവർ പൈസയും ആഭരണവും മോഷ്ടിച്ചു എന്നത് എഫ്.ഐ.ആറിൽ ഉണ്ടാവില്ലെന്ന് അവർ എന്നോട് പറഞ്ഞു. അതെനിക്ക് അംഗീകരിക്കാൻ പറ്റിയില്ല”.

When Ajim first went to file an FIR at the station, he was warned by the police. 'They said I would get in trouble for complaining against that family. They are politically connected'
PHOTO • Parth M.N.

എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സ്റ്റേഷനിൽ പോയപ്പോൾ “ആ കുടുംബത്തിനെതിരേ പരാതി കൊടുത്താൽ ഞാൻ കുഴപ്പത്തിലാകും. അവർ രാഷ്ട്രീയമായി സ്വാധീനമുള്ളവരാണ്’ എന്ന് പൊലീസ് അയാൾക്ക് മുന്നറിയിപ്പ് നൽകി

അതിനാൽ അയാൾ ഗ്രാമ പഞ്ചായത്തിൽ പോയി, ഗ്രാമത്തിലെ മുഖ്യന്മാരുടെ മുമ്പിൽ തന്റെ വിഷയം അവതരിപ്പിച്ചു. തലമുറകളായി ആ ഗ്രാമത്തിൽ താമസിക്കുന്നവരാണ്  അജിമിന്റെ കുടുംബം. ഗ്രാമത്തിൽനിന്നുള്ളവരുടെ പിന്തുണ തനിക്ക് കിട്ടുമെന്ന് അയാൾക്ക് വിശ്വാസമുണ്ടായിരുന്നു. “ഗ്രാമത്തിലെ ധാരാളമാളുകളുമായി നല്ല ബന്ധത്തിലായിരുന്നു ഞാൻ. അവർ എന്നെ പിന്തുണക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു”.

എല്ലാ വിഷയങ്ങളും ഉൾക്കൊള്ളിച്ച് അജിം ഒരു പ്രസ്താവന അച്ചടിച്ച് ഗ്രാമത്തിലെ ജനങ്ങളുടെ ഒപ്പിന് അഭ്യർത്ഥിച്ചു. വിഷയം ജനശ്രദ്ധയിൽ കൊണ്ടുവന്ന് ഔറംഗബാദിലെ ഡിവിഷണൽ കമ്മീഷണറുടെ (ഡി.സി.) മുമ്പിൽ അവതരിപ്പിക്കണമെന്ന് അയാൾ ആഗ്രഹിച്ചു. മറാത്ത്‌വാഡ പ്രദേശത്തിന്റെ കാര്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു.

എന്നാൽ 20 പേർ മാത്രമാണ് ഒപ്പിട്ടത്. എല്ലാവരും മുസ്ലിങ്ങൾ. “ചിലർ എന്നോട് സ്വകാര്യമായി പറഞ്ഞു, അവർ എന്റെ ഭാഗത്താണ്, പക്ഷേ പരസ്യമായി പറയാൻ ഭയമാണെന്ന്”.

ആ നിമിഷത്തിലാണ് ഗ്രാമത്തിലെ സാമുദായികമായ ഭിന്നതയുടെ ശരിക്കുള്ള ആഴം അജിമിന് ബോധ്യമായത്. “എന്റെ ഗ്രാമം സാമുദായികമായി ഇത്രയധികം വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല”, അജിം പറയുന്നു. പല ഹിന്ദുക്കൾക്കും പരസ്യമായി പറയാൻ താത്പര്യമുണ്ടായിരുന്നില്ല. മുന്നോട്ട് വന്നവരാകട്ടെ, ഇതിനെ മതത്തിന്റെ കണ്ണിലൂടെ കാണാനോ, സംഘർഷത്തിന് പിന്നിൽ മതമായിരുന്നുവെന്ന് സമ്മതിക്കാനോ തയ്യാറായതുമില്ല.

തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണ് നിലപാടെടുക്കാത്തതെന്ന് ചില ഹിന്ദു കർഷകർ തുറന്ന് സമ്മതിക്കുകയും ചെയ്തു. പ്രശ്നം കലുഷമാണെന്നും അതിന്റെയിടയിൽ‌പ്പെടാൻ ആഗ്രഹമില്ലെന്നും അവർ പറഞ്ഞു.

20 വർഷമായി ഗ്രാമത്തിന്റെ സർപാഞ്ചായി ഇരിക്കുന്ന ഭഗവാൻ സോനാവാനെ എന്ന 65-കാരൻ പറഞ്ഞത്, സംഭവം നടക്കുന്ന സമയത്ത് സാമുദായികമായ സംഘർഷം നിലനിന്നിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി ശാന്തമായിട്ടുണ്ടെന്നാണ്. “രണ്ട് മതവിഭാഗങ്ങളിൽ‌പ്പെട്ട രണ്ട് കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടാവുമ്പോൾ അത് ഗ്രാമത്തെ മുഴുവൻ ബാധിക്കും”, അദ്ദേഹം പറയുന്നു.

“അജിം ഈ കാര്യത്തിൽ നിരപരാധിയായിരുന്നുവെങ്കിലും, ഗ്രാമീണർ, ഇതിലൊന്നും ഇടപെടാതിരിക്കാനാണ് താത്പര്യം കാണിച്ചത്” സ്വയം ഒരു മറാത്തയായ സോനാവാനെ പറയുന്നു. “ഏറ്റവുമവസാനം ഈ ഗ്രാമത്തിൽ ഒരു ഹിന്ദു-മുസ്ലിം അസ്വാസ്ഥ്യമുണ്ടായത് 15 വർഷം മുമ്പാണ്. അടുത്ത കാലത്തായി സ്ഥിതി ശാന്തമായിരുന്നു” ഈ സംഭവമുണ്ടാവുന്നതുവരെ.

സാമുദായികമായ അസ്വാസ്ഥ്യങ്ങൾ പുകയുന്ന ജൽന ജില്ലയുടെ ബാക്കിയുള്ള പ്രദേശങ്ങളുടേയോ ഒരുപക്ഷേ മഹാരാഷ്ട്രയുടെതന്നെയോ പ്രതീകമാണ് പലസ്ഖേദാ മുർതാദ് എന്ന ഗ്രാമം.

Saiyyad Zakir Khajamiya was attacked by men in black masks who barged into the mosque and beat him when he refused to chant Jai Shri Ram.
PHOTO • Courtesy: Imaad ul Hasan
At his home (right) in Anwa village
PHOTO • Courtesy: Imaad ul Hasan

കറുത്ത മുഖം‌മൂടിയണിഞ്ഞ് പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ ചിലർ ജയ് ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിച്ച സയ്യദ് സാക്കിർ ഖാജാമിയയെ അവർ ആക്രമിച്ചു. ആൻ‌വ ഗ്രാമത്തിലെ വീട്ടിൽ (വലത്ത്‌) ഇരിക്കുന്ന അദ്ദേഹം

2023 മാർച്ച് 23-ന് മതപണ്ഡിതനായ സയ്യദ് സാക്കിർ ഖാജാമിയ ജൈന ജില്ലയിലെ തന്റെ ആൻ‌വ ഗ്രാമത്തിലെ പള്ളിയിലിരുന്ന് ശാന്തമായി ഖുർ ആൻ വായിക്കുകയായിരുന്നു. “ആ സമയത്ത് അജ്ഞാതരായ മൂന്നാളുകൾ പള്ളിയിലേക്ക് കടന്നുവന്ന് എന്നോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു” എന്ന് 25 വയസ്സുള്ള അയാൾ പറയുന്നു. “ഞാൻ അതിന് വിസമ്മതിച്ചപ്പോൾ അവർ നെഞ്ചത്ത് ചവിട്ടുകയും തല്ലുകയും താടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു”.

കറുത്ത മുഖം‌മൂടി ധരിച്ചുവന്ന അവർ, ബോധം മറയുന്നതുവരെ തന്നെ മർദ്ദിക്കുകയും താടി വടിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ സാക്ഷിമൊഴി. ഇപ്പോൾ അയാൾ, 100 കിലോമീറ്റർ അകലെയുള്ള ഔറംഗബാദിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.

അദ്ദേഹത്തിന്റെ അനുഭവം അസാധാരണമായ ഒന്നല്ല. സ്ഥിതിഗതികൾ അത്യന്തം സംഘർഷഭരിതമാണെന്ന് സമീപഗ്രാമത്തിന്റെ തലവനായ അബ്ദുൾ സത്താറും സൂചിപ്പിക്കുന്നു. “മുസ്ലിം സമുദായത്തിനെ ആശ്വസിപ്പിക്കുന്ന ഒരു നടപടിയും പൊലീസ് എടുത്തിട്ടില്ല. ഇത്തരം സംഭവങ്ങൾ ഞങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇത് അത്രയധികം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല”.

2023 ജൂൺ 19-ന്, ചെറുകിട കർഷകരുടെ മകനായ 18 വയസ്സുള്ള തൌഫീക് ബഗ്‌‌വാൻ എന്ന ബാലനെതിരേ, 17-ആം നൂറ്റാണ്ടിലെ മുഗൾ രാജാവായ ഔറംഗസീബിന്റെ ചിത്രം അപ്‌ലോഡ് ചെയ്തതിന് ജൽന പൊലീസ് കേസെടുത്തത്, “സാമുദായിക സ്പർദ്ധ ആളിക്കത്തിക്കുക എന്ന മനപ്പൂർവ്വവും ദുരുദ്ദേശപരവുമായ ലക്ഷ്യം” എന്ന വകുപ്പിലായിരുന്നു.

തന്റെ ഗ്രാമമായ ഹസ്നാബാദിലെ ഒരു വലതുപക്ഷ ഗ്രൂപ്പിലെ ചിലർ തൌഫീക്കിന്റെ കഥയുടെ സ്ക്രീൻഷോട്ടെടുത്ത് പൊലീസ് സ്റ്റേഷനിൽ പോവുകയായിരുന്നുവെന്ന് അവന്റെ ഏട്ടൻ 26 വയസ്സുള്ള ഷഫീക്ക് പറയുന്നു. “ആരൊക്കെ ആ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നറിയാൻ പൊലീസ് തൌഫീക്കിന്റെ ഫോൺ കണ്ടുകെട്ടി” എന്ന് ഷഫീക്ക് സൂചിപ്പിച്ചു. “എന്റെ അനിയന് വെറും 18 വയസ്സേ ഉള്ളു. അവൻ ആകെ പേടിച്ചുവിറച്ചു”.

അജിമിന്റെ ഗ്രാമം സ്ഥിതി ചെയ്യുന്ന ഭൊകർദാൻ താലൂക്കിൽത്തന്നെയാണ് ഹസ്നബാദും. അജിമിന് നേരിടേണ്ടിവന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു കേവലം ഒരു സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ കാര്യത്തിൽ പൊലീസ് കാണിച്ച നിലവിട്ട സഹകരണവും കൃത്യനിർവ്വഹണത്വരയും.

It was only after Ajim's protest in front of the DC's office in Aurangabad, and his meeting with the Jalna SP, that the Bhokardan police finally filed an FIR
PHOTO • Parth M.N.

ഔറംഗബാദ് ഡി.സി.യുടെ മുമ്പിലെ അജിമിന്റെ പ്രതിഷേധവും, ജൽനയിലെ എസ്.പി.യുമായുള്ള കൂടിക്കാഴ്ചയും കഴിഞ്ഞതിനുശേഷം മാത്രമാണ് ഭോകർദാൻ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്യാൻ തയ്യാറായത്

അല്പം മയപ്പെടുത്തിയ എഫ്.ഐ.ആറായിരിക്കും ഫയൽ ചെയ്യുക എന്ന് പൊലീസ് പറഞ്ഞതിനുശേഷം, സ്വന്തം ഗ്രാമത്തിലെ മറ്റ് 20 മുസ്ലിങ്ങളുടെ ഒപ്പ് ശേഖരിച്ച് അജിം ഔറംഗബാദ് ഡി.സി.യെ സന്ദർശിച്ചു. സ്വന്തം ഗ്രാമത്തിലെ മറ്റ് ചില മുസ്ലിം കർഷകരും അജിമിനോടൊപ്പം നിരാഹാരത്തിൽ പങ്കെടുത്തു. “ഞങ്ങളൊന്നും വിഷയമേയല്ല എന്ന മട്ടാണ് അവർക്ക്. അധികാരികളെ സംബന്ധിച്ചിടത്തോളം ഞങ്ങളെല്ലാം അദൃശ്യരായിക്കഴിഞ്ഞു”. അജിം പറയുന്നു.

അഞ്ച് ദിവസത്തിനുശേഷം ഡി.സി. അജിമിനേയും മറ്റ് പ്രതിഷേധക്കാരെയും കണ്ട്, നടപടിയെടുക്കാമെന്ന് വാക്ക് കൊടുത്തു. ജൽനയിലെ പൊലീസ് സൂപ്രണ്ടിനേയും സമീപിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

ഔറംഗബാദിലെ പ്രതിഷേധത്തിനുശേഷം ജൽന നഗരത്തിലെ പൊലീസ് സൂപ്രണ്ടിനെ (എസ്.പി.) സന്ദർശിച്ച്, കാര്യങ്ങൾ വിവരിച്ചെഴുതിയ ഇതേ കത്ത് അജിം കൈമാറി. എസ്.പി. ഉടനേ ഭൊകർദാൻ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ആവശ്യമായ നടപടികളെടുക്കാൻ നിർദ്ദേശം കൊടുത്തു.

ഒടുവിൽ ജൂലായ് 14-ന്, ഭൊകർദാൻ പൊലീസ് പരാതി ഫയൽ ചെയ്തു. അപ്പോഴേക്കും സംഭവം നടന്ന് ഏതാണ്ട് രണ്ടുമാസം കഴിഞ്ഞിരുന്നു. എഫ്.ഐ.ആറിൽ നിതിനടക്കം 19 ആളുകളെ പ്രതി ചേർത്തിരുന്നു. നിയമവിരുദ്ധമായ കൂടിച്ചേരൽ, കലാപമുണ്ടാക്കൽ, മാരകായുധമുപയോഗിച്ച് പരിക്കേൽ‌പ്പിക്കൽ, 50 രൂപയോ അതിനുമുകളിലോ ഉള്ള നഷ്ടമുണ്ടാക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് അതിലുണ്ടായിരുന്നത്.

എന്നാൽ, പൈസയും ആഭരണവും മോഷ്ടിച്ചത്, അപ്പോഴും എഫ്.ഐ.ആറിൽ എവിടെയും എത്തിയിരുന്നില്ല.

“മാതൃകാപരമായി നോക്കിയാൽ, എന്റെ പരാതി വേണ്ടവിധത്തിൽ ഫയൽ ചെയ്യാത്തതിന് പൊലീസുദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവുകയായിരുന്നു ശരിക്കും വേണ്ടിയിരുന്നത്. എന്നാൽ അതൊക്കെ അമിതമായ പ്രതീക്ഷയാണ്. പകരം, ഇപ്പുറത്ത് ഒരു മുസ്ലിമായിരുന്നു പ്രതിസ്ഥാനത്തെങ്കിൽ, കഥ തീർത്തും മറ്റൊന്നാവുമായിരുന്നു”. അജിം പറയുന്നു.

ഭൊകർദാൻ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടറോട് സംസാരിക്കാനുള്ള ഈ റിപ്പോർട്ടറുടെ ശ്രമങ്ങൾക്കും ഫോൺ വിളികൾക്കും മറുപടിയൊന്നുമുണ്ടായില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

پارتھ ایم این ۲۰۱۷ کے پاری فیلو اور ایک آزاد صحافی ہیں جو مختلف نیوز ویب سائٹس کے لیے رپورٹنگ کرتے ہیں۔ انہیں کرکٹ اور سفر کرنا پسند ہے۔

کے ذریعہ دیگر اسٹوریز Parth M.N.
Editor : Priti David

پریتی ڈیوڈ، پاری کی ایگزیکٹو ایڈیٹر ہیں۔ وہ جنگلات، آدیواسیوں اور معاش جیسے موضوعات پر لکھتی ہیں۔ پریتی، پاری کے ’ایجوکیشن‘ والے حصہ کی سربراہ بھی ہیں اور دیہی علاقوں کے مسائل کو کلاس روم اور نصاب تک پہنچانے کے لیے اسکولوں اور کالجوں کے ساتھ مل کر کام کرتی ہیں۔

کے ذریعہ دیگر اسٹوریز Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

کے ذریعہ دیگر اسٹوریز Rajeeve Chelanat