"നിങ്ങൾ വെളിച്ചത്തിലാണ് ജനിച്ചു വീണത്, ഞങ്ങൾ ഇരുട്ടിലും," നന്ദ്റാം ജാമുൻകർ തന്റെ മൺവീടിൻറെ പുറത്തിരുന്നു പറയുന്നു. 2024 ഏപ്രിൽ 26-നു പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന അമരാവതി ജില്ലയിലുള്ള  ഖഡിമാൽ ഗ്രാമത്തിലാണ് ഞങ്ങൾ. അന്ധകാരം എന്ന് നന്ദ്റാം പറഞ്ഞത് അതിന്റെ യഥാർത്ഥ അർത്ഥത്തിൽത്തന്നെയാണ്; മഹാരാഷ്ട്രയിലെ ഈ ഗോത്രവർഗ്ഗ ഗ്രാമത്തിൽ ഇന്നുവരെയും വൈദ്യുതി എത്തിയിട്ടില്ല.

"എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ആരെങ്കിലും വന്ന് വൈദ്യുതി എത്തിക്കാമെന്ന് വാക്ക് നൽകും. വൈദ്യുതിയുടെ കാര്യം വിടൂ, അവർപോലും പിന്നെ ഇവിടേയ്ക്ക് വരാറില്ല." ആ 48 വയസ്സുകാരൻ പറയുന്നു. 2019-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സിറ്റിംഗ് എം.പി നവനീത് കൗർ റാണ, ശിവസേനാ സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ്റാവു അദ്സുലിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. ഈ വർഷം അവർ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയായിട്ടാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്.

ചിഖൽദാര താലൂക്കയിൽ ഉൾപ്പെടുന്ന ഈ ഗ്രാമത്തിലെ താമസക്കാരായ 198 കുടുംബങ്ങൾ (2011-ലെ കണക്കെടുപ്പ് പ്രകാരം) പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. സ്വന്തമായി ഭൂമി ഉള്ള കുറച്ചുപേർ മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നു; ചോളമാണ് ഇവിടത്തെ പ്രധാന വിള. ഖഡിമാൽ ഗ്രാമത്തിലെ താമസക്കാരിൽ  ഭൂരിഭാഗവും വരുന്ന പട്ടികവർഗ്ഗക്കാർ എല്ലാകാലത്തും കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാതെയാണ് ജീവിച്ചിട്ടുള്ളത്. നന്ദ്റാം അംഗമായിട്ടുള്ള കോർക്കു ഗോത്രത്തിന്റെ സംസാരഭാഷയായ കോർക്കു 2019-ൽ പട്ടികവർഗ ക്ഷേമ മന്ത്രാലയം അപകടഭീഷണി നേരിടുന്ന ഭാഷയായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

'ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഒരു രാഷ്ട്രീയക്കാരെയും കയറ്റില്ല. വർഷങ്ങളായി അവർ ഞങ്ങളെ പറ്റിക്കുകയാണ്, ഇനി അത് നടക്കില്ല'

"കഴിഞ്ഞ 50 വർഷമായി ഞങ്ങൾ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ വോട്ട് ചെയ്തുവരികയാണ്, പക്ഷെ ഞങ്ങൾ കബളിപ്പിക്കപ്പെട്ടു," നന്ദ്റാമിന്റെ അടുത്തിരുന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ദിനേശ് ബേൽകർ പറയുന്നു. അദ്ദേഹത്തിന് തന്റെ എട്ട് വയസ്സുകാരൻ മകനെ 100 കിലോമീറ്റർ അകലെയുള്ള ഒരു ബോർഡിങ് സ്കൂളിലേയ്ക്ക് വിടേണ്ടിവന്നു. ഗ്രാമത്തിൽ ഒരു പ്രാഥമിക വിദ്യാലയം ഉണ്ടെങ്കിലും, കൃത്യമായ റോഡ് സൗകര്യങ്ങളുടെയും ഗതാഗത സംവിധാനങ്ങളുടെയും അഭാവത്തിൽ, അധ്യാപകർ ഇവിടെ പതിവായി എത്താറില്ല. "അവർ ഇവിടെ ആഴ്ചയിൽ രണ്ടുദിവസം വരും," 35 വയസ്സുകാരനായ ദിനേശ് പറയുന്നു.

"സംസ്ഥാന സർക്കാരിന്റെ ബസുകൾ കൊണ്ടുവരാമെന്ന വാഗ്ദാനവുമായി ഒരുപാട് പേർ (നേതാക്കൾ) ഇവിടെ വരും," രാഹുൽ കൂട്ടിച്ചേർക്കുന്നു. "എന്നാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവർ അപ്രത്യക്ഷരാകും." ഗതാഗതസൗകര്യങ്ങളുടെ കുറവ് കാരണം ആവശ്യമായ രേഖകൾ കൃത്യസമയത്ത് ഹാജരാക്കാൻ കഴിയാഞ്ഞതിനാലാണ് 24 വയസ്സുകാരനായ ഈ തൊഴിലുറപ്പ് തൊഴിലാളിക്ക് കോളേജ് പഠനം അവസാനിപ്പിക്കേണ്ടിവന്നത്. "വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോൾ യാതൊരു പ്രതീക്ഷയുമില്ല,"അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

"വിദ്യാഭ്യാസം പിന്നെയാണ്, ആദ്യം ഞങ്ങൾക്ക് വെള്ളമാണ് വേണ്ടത്," നന്ദ്റാം വികാരനിർഭരനായി വലിയ ശബ്ദത്തിൽ പറയുന്നു. മേൽഘട്ടിന്റെ മുകൾഭാഗത്തുള്ള പ്രദേശങ്ങൾ കാലങ്ങളായി ഗുരുതരമായ ജലക്ഷാമം നേരിടുകയാണ്.

PHOTO • Swara Garge ,  Prakhar Dobhal
PHOTO • Swara Garge ,  Prakhar Dobhal

ഇടത്: നന്ദ്റാം ജാമുൻകറും (മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു) ദിനേശ് ബേൽകറും  (ഓറഞ്ച് നിറത്തിലുള്ള സ്കാർഫ് അണിഞ്ഞിരിക്കുന്നു) മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള ഖഡിമാൽ ഗ്രാമത്തിലെ താമസക്കാരാണ്. ഗ്രാമത്തിൽ ഇതുവരെ വൈദ്യുതിയോ തുടർച്ചയായ ജലവിതരണമോ ഉണ്ടായിട്ടില്ല. വലത്: ഗ്രാമത്തിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ ദൂരത്തിലുള്ള ഒരു അരുവി ഏകദേശം വറ്റിവരണ്ടു കഴിഞ്ഞു. എന്നാൽ വർഷക്കാലത്ത്, ഈ പ്രദേശത്തുള്ള ജലാശയങ്ങൾ കരകവിഞ്ഞൊഴുകി ഇവിടെയുള്ള റോഡുകളും പാലങ്ങളും തകരാറുണ്ട്; അവ പിന്നീട് പുതുക്കിപ്പണിയുന്നത് അപൂർവമാണ്

ഗ്രാമീണർക്ക് നിത്യം 10-15 കിലോമീറ്റർ താണ്ടി വേണം വെള്ളം കൊണ്ടുവരാൻ എന്നുമാത്രമല്ല ഈ ജോലി കൂടുതലും ചെയ്യുന്നത് സ്ത്രീകളുമാണ്. ഗ്രാമത്തിലെ ഒരു വീട്ടിൽപോലും പൈപ്പില്ല. മൂന്ന് കിലോമീറ്റർ അകലെയുള്ള നവൽഗാവിൽനിന്ന് ഇവിടേയ്ക്ക് വെള്ളം എത്തിക്കാനായി സംസ്ഥാന സർക്കാർ ഈ പ്രദേശത്ത് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സുദീർഘമായ വേനൽ മാസങ്ങളിൽ പൈപ്പുകൾ വറ്റിവരണ്ട്‍ കിടക്കും. കിണറുകളിൽനിന്ന് ഇവർക്ക് ലഭിക്കുന്ന വെള്ളം കുടിക്കാൻ യോഗ്യമല്ല. "മിക്കപ്പോഴും ഞങ്ങൾ ചേറ് കലർന്ന വെള്ളമാണ് കുടിക്കുന്നത്," ദിനേശ് പറയുന്നു. ഇതുമൂലം മുൻകാലങ്ങളിൽ ഇവരുടെ ഇടയിൽ, പ്രത്യേകിച്ചും ഗർഭിണികളുടെയും കുട്ടികളുടെയുമിടയിൽ, അതിസാരം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുമുണ്ട്.

ഖഡിമാലിലെ സ്ത്രീകളുടെ ദിവസം തുടങ്ങുന്നത് പുലർച്ചെ മൂന്നോ നാലോ മണിക്ക് വെള്ളം കൊണ്ടുവരാനുള്ള സുദീർഘമായ നടത്തത്തിലാണ്. "ഞങ്ങൾ അവിടെ എത്തുന്ന സമയം അനുസരിച്ച് ചിലപ്പോൾ ഞങ്ങൾക്ക് മൂന്നോ നാലോ മണിക്കൂർ വരിയിൽ നിൽക്കേണ്ടിവരും," 34 വയസ്സുകാരിയായ നമ്യ രമ ധികാർ പറയുന്നു. ഗ്രാമത്തിൽനിന്നുള്ള ഏറ്റവും അടുത്തുള്ള കൈപ്പമ്പ് ആറ് കിലോമീറ്റർ അകലെയാണ്. വേനലിൽ നദികൾ വറ്റിവരളാൻ തുടങ്ങിയതോടെ ഈ പ്രദേശത്ത് കരടിയടക്കമുള്ള വന്യമൃഗങ്ങൾ വെള്ളം തേടിയെത്തുന്നത് പതിവായിരിക്കുകയാണ്; ചിലപ്പോഴെല്ലാം മേർഘട്ടിലെ സെമാഡോ കടുവസങ്കേതത്തിൽനിന്നുള്ള കടുവകൾപോലും ഇവിടെയെത്തുന്നുണ്ട്.

വെള്ളം ശേഖരിക്കുക എന്നത് ഇവർക്ക് ഒരുദിവസം ചെയ്യേണ്ട ആദ്യത്തെ ജോലിമാത്രമാണ്. നമ്യയെപ്പോലുള്ള സ്ത്രീകൾക്ക് വീട്ടിലെ ജോലികൾ എല്ലാം ഒരുക്കിവെച്ചതിനുശേഷം വേണം രാവിലെ 8 മണിയോടെ തൊഴിലുറപ്പ് പണി നടക്കുന്ന സൈറ്റിലെത്താൻ. ദിവസം മുഴുവൻ നിലമുഴുതും ഭാരമേറിയ കെട്ടിട നിർമ്മാണവസ്തുക്കൾ ചുമന്നും തളരുന്ന ഇവർക്ക് വൈകീട്ട് 7 മണിയോടെ വീണ്ടും വെള്ളം കൊണ്ടുവരാൻ പോകേണ്ടതുണ്ട്. "ഞങ്ങൾക്ക് ഒട്ടും വിശ്രമം ലഭിക്കാറില്ല. ഞങ്ങൾക്ക് സുഖമില്ലെങ്കിൽപോലും, എന്തിന് ഞങ്ങൾ ഗർഭിണികൾ ആകുമ്പോൾ പോലും വെള്ളം എടുക്കാൻ പോകണം," നമ്യ പറയുന്നു, "പ്രസവത്തിന് ശേഷം പോലും ഞങ്ങൾക്ക് രണ്ടോ മൂന്നോ ദിവസമേ വിശ്രമം ലഭിക്കുകയുള്ളൂ."

PHOTO • Swara Garge ,  Prakhar Dobhal
PHOTO • Prakhar Dobhal

ഇടത്: മേൽഘട്ടിന്റെ മുകൾഭാഗത്തുള്ള ഈ പ്രദേശത്ത് കാലങ്ങളായി കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്; സ്ത്രീകൾക്ക് ദിവസത്തിൽ രണ്ടുനേരം വെള്ളം കൊണ്ടുവരാൻ പോകേണ്ട ഭാരം കൂടി ഏറ്റെടുക്കേണ്ടിവരുന്നു. 'ഞങ്ങൾ അവിടെ എത്തുന്ന സമയം അനുസരിച്ച് ചിലപ്പോൾ ഞങ്ങൾക്ക് മൂന്നോ നാലോ മണിക്കൂർ വരിയിൽ നിൽക്കേണ്ടിവരും', നമ്യ രമ ദികാർ പറയുന്നു. വലത്: ഗ്രാമത്തിൽനിന്ന് ഏറ്റവും അടുത്തുള്ള കൈപ്പമ്പ് ആറ് കിലോമീറ്റർ അകലെയാണ്

PHOTO • Prakhar Dobhal
PHOTO • Swara Garge ,  Prakhar Dobhal

ഇടത്: ഇവിടെയുള്ള ഗ്രാമീണരിൽ ഭൂരിഭാഗവും തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റുകളിലാണ് ജോലി ചെയ്യുന്നത്. ഗ്രാമത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രമില്ലെന്ന് മാത്രമല്ല ആകെയുള്ള പ്രാഥമിക വിദ്യാലയത്തിൽ ക്ലാസുകൾ പതിവായി നടക്കാറുമില്ല. വലത്: നമ്യ രമ ദികാർ (പിങ്ക് സാരി അടുത്തിരിക്കുന്നു) പറയുന്നത് സ്ത്രീകൾക്ക് പ്രസവത്തിനുശേഷംപോലും ജോലിയിൽനിന്ന് വിശ്രമം ലഭിക്കാറില്ല എന്നാണ്

ഈ വർഷം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നമ്യ വളരെ വ്യക്തമായ ഒരു നിലപാട് എടുത്തിട്ടുണ്ട്," ഗ്രാമത്തിൽ പൈപ്പ് വരുന്നതുവരെ ഞാൻ വോട്ട് ചെയ്യുകയില്ല."

അവരുടെ നിലപാടിനോട് ഗ്രാമവാസികൾ എല്ലാവരും യോജിക്കുന്നു.

"ഞങ്ങൾക്ക് റോഡുകളും വൈദ്യുതിയും വെള്ളവും കിട്ടുന്നത് വരെ ഞങ്ങൾ വോട്ട് ചെയ്യില്ല," ഖഡിമാലിലെ മുൻ ഗ്രാമത്തലവനായ 70 വയസ്സുകാരൻ ബബ്‌നു ജാമുൻകർ പറയുന്നു, "ഞങ്ങളുടെ ഗ്രാമത്തിൽ ഞങ്ങൾ ഒരു രാഷ്ട്രീയക്കാരെയും കയറ്റില്ല. വർഷങ്ങളായി അവർ ഞങ്ങളെ പറ്റിക്കുകയാണ്, ഇനി അത് നടക്കില്ല."

പരിഭാഷ: പ്രതിഭ ആര്‍. കെ .

Student Reporter : Swara Garge

سورا گرگے سال ۲۰۲۳ میں پاری کے ساتھ انٹرن شپ کر چکی ہیں اور ایس آئی ایم سی (پونے) میں ماسٹرز کی آخری سال کی طالبہ ہیں۔ وہ وژوئل اسٹوری ٹیلر ہیں اور دیہی امور، ثقافت اور معاشیات میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Swara Garge
Student Reporter : Prakhar Dobhal

پرکھر ڈوبھال سال ۲۰۲۳ میں پاری کے ساتھ انٹرن شپ کر چکے ہیں اور ایس آئی ایم سی (پونے) سے ماسٹرز کی پڑھائی کر رہے ہیں۔ پرکھر ایک پرجوش فلم میکر ہیں، جن کی دلچسپی دیہی امور، سیاست و ثقافت کو کور کرنے میں ہے۔

کے ذریعہ دیگر اسٹوریز Prakhar Dobhal
Editor : Sarbajaya Bhattacharya

سربجیہ بھٹاچاریہ، پاری کی سینئر اسسٹنٹ ایڈیٹر ہیں۔ وہ ایک تجربہ کار بنگالی مترجم ہیں۔ وہ کولکاتا میں رہتی ہیں اور شہر کی تاریخ اور سیاحتی ادب میں دلچسپی رکھتی ہیں۔

کے ذریعہ دیگر اسٹوریز Sarbajaya Bhattacharya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

کے ذریعہ دیگر اسٹوریز Prathibha R. K.