കുപ്പപുരം കായൽ ഇന്ന് പരിഭ്രാന്തിയുടേയും താളംതെറ്റലിന്റേയും അനിശ്ചിതത്വത്തിന്റേയും നേർക്കാഴ്ചയാണ്. കായലിന്റെ ഇരുകരങ്ങളിലും ഉണക്കാനിട്ടിരിക്കുന്ന പലയിനം സാധനങ്ങൾ. അക്കൂട്ടത്തിൽ ബാങ്കുകളുമുണ്ട്.

കായലിൽനിന്ന് എട്ടുപത്തടി മാത്രം അകലെയുള്ള കുട്ടമംഗലം സർവീസ് സഹകരണബാങ്ക്, ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയം സൃഷ്‌ടിച്ച ആഘാതത്തിൽനിന്ന് കരകയറിവരുന്നതേയുള്ളൂ. ബാങ്കിന്റെ ഈ ശാഖയെ വെള്ളത്തിൽമുക്കിയ അതേ കായലിന്റെ തീരത്തുതന്നെ ബാങ്കിലെ സാധനങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്നു. കൈനകരി പഞ്ചായത്തിലെ താമസക്കാരായ ജനങ്ങളുടെയെല്ലാം അവസ്ഥ വ്യത്യസ്തമല്ല- വെള്ളത്തിൽ കുതിർന്ന സാധനങ്ങൾ ഉണക്കിയെടുക്കാൻ അവർക്ക് അധികം ഇടമില്ല. എന്നാൽ ഇവിടെ ബാങ്കിന് ഉണക്കിയെടുക്കേണ്ടത് ഫയലുകളും, ലെഡ്ജറുകളും, പ്രമാണങ്ങളും പ്രധാനപ്പെട്ട രേഖകളുമാണെന്നത് സംഗതിയുടെ ഗൗരവം വർധിപ്പിക്കുന്നു.

ചുറ്റുമുള്ള കാഴ്ച കാണുമ്പോൾ, ബാങ്കിന്റെ രേഖകളെല്ലാം കംപ്യൂട്ടറൈസ് ചെയ്തിട്ടുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കംപ്യൂട്ടറുകൾപോലും വൃത്തിയാക്കി, ഉണക്കാൻവച്ചിരിക്കുന്ന കാഴ്ച അത്ര ധൈര്യം തരുന്ന ഒന്നല്ല. ആലപ്പുഴ ജില്ലയിലെ ലോവർ കുട്ടനാട്ടിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തിന്റെ അധികഭാഗവും കടൽനിരപ്പിന് താഴെയാണ്. ഓഗസ്റ്റിലെ കനത്തമഴമൂലമുള്ള പ്രളയവും കുതിച്ചൊഴുകുന്ന പുഴകളും എല്ലാം ചേർന്ന്, പതിനായിരക്കണക്കിന് ആളുകളെയാണ് വീടുകളിൽനിന്ന് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവന്നത്. രണ്ടോ അതിലധികമോ ആഴ്ചകൾ കഴിഞ്ഞ് മടങ്ങിയ അവരിൽപ്പലർക്കും കാണേണ്ടിവന്നത് തകർന്നുതരിപ്പണമായിക്കിടക്കുന്ന തങ്ങളുടെ വീടുകളായിരുന്നു. പലവീടുകൾ അപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു.

"ഞങ്ങളുടെ കെട്ടിടത്തിന്റെ മുൻവശത്തുള്ള വാതിലിന്റെയത്ര പൊക്കത്തിൽ വെള്ളം ഉയർന്നു.", ബാങ്കിലെ കാഷ്യറായ ഗിരീഷ്കുമാർ വിശദീകരിക്കുന്നു. അകത്തുണ്ടായിരുന്ന സർവ്വതും വെള്ളത്തിൽമുങ്ങി. ബാങ്കിന്റെ ലോക്കർ തറനിരപ്പിന് താഴെയുള്ള നിലയിലായത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. അതിന്റെ വാതിലുകൾ തുറക്കാനാകാത്തവണ്ണം കുടുങ്ങിക്കിടക്കുകയാണ്; അവ പാതി തുറന്നിരിക്കുന്നു എന്നതാണ് ഒരേയൊരു ആശ്വാസം. വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്നതിനാൽ, അകത്തുള്ള, പഴയ മോഡലിലുള്ള ഇരുമ്പ് സേഫുകളിൽ തുരുമ്പും തേയ്മാനവും കാണപ്പെട്ടു.

കൈനകരി പഞ്ചായത്തിലെ കനാലുകളുടെ വീതികുറഞ്ഞ കരകളിലൂടെ, ആളുകൾ ഉണക്കാനിട്ടിരിക്കുന്ന സാധനങ്ങൾ ചവിട്ടാതെ, ഞങ്ങൾ സൂക്ഷിച്ചുനടക്കുകയാണ്. ഗൃഹോപകരണങ്ങൾ, കിടക്കകൾ, ഫ്രിഡ്ജുകൾ, സ്കൂൾപുസ്തകങ്ങൾ, കുട്ടികളുടെ ഹോംവർക്കുകൾ, കമ്പിളികൾ, വസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ. ഇടയ്ക്ക് ഒരു ബൈബിളും ഭഗവദ്ഗീതയും, എന്തിനേറെ, ഒരു കിസാൻ ക്രെഡിറ്റ്കാർഡ്പോലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

എന്നാൽ, ചുറ്റും കാണുന്ന ഈ തകർച്ചയിലും നാട്ടുകാരുടെ പോരാട്ടവീര്യം തെളിഞ്ഞുകാണാനുണ്ട്. കുഴഞ്ഞുമറിഞ്ഞ് കിടക്കുന്നതിനെയെല്ലാം തിരികെ ക്രമപ്പെടുത്തി ശരിയാക്കിയെടുക്കാൻ എല്ലാവരും സഹകരിക്കുന്നു. ബാങ്ക് ജീവനക്കാരുടെ മണിക്കൂറുകൾ നീണ്ടുനിന്ന പ്രയത്നത്തിന്റെ ഫലമായാകണം സ്ഥിതിഗതികൾ ഒരുപരിധിവരെയെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടിരിക്കുന്നു. ലോക്കറുള്ള നിലയിൽനിന്ന് വെള്ളം മുഴുവൻ നീക്കി, അനേകം ലെഡ്ജറുകളും രേഖകളും ഉണക്കിയെടുത്ത്, ഓഫീസ് പുനഃക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അവർക്ക് സാധിക്കാവുന്നതിന്റെ പരമാവധിയാണിത്. കടുത്ത പോരാട്ടംതന്നെയാണ് അവർ നടത്തുന്നത്. പല ഫയലുകളും പൂപ്പൽപിടിച്ച്, ദുർഗന്ധം വമിക്കുന്നനിലയിലാണെന്നത് വ്യക്തമായി മനസ്സിലാകും.

പ്രളയദിനങ്ങളിൽപ്പോലും ജീവനക്കാർ തങ്ങളെക്കൊണ്ടാവുംവിധം ബാങ്കിലെ രേഖകൾ രക്ഷപ്പെടുത്തിയിരുന്നു. അഞ്ചര കിലോസ്വർണ്ണവും കുറച്ചധികം പണവും പ്രധാനപ്പെട്ട വസ്തുക്കളുടെ പ്രമാണങ്ങളും ആലപ്പുഴ പട്ടണത്തിലുള്ള ബാങ്കിന്റെ ഹെഡ്ക്വാട്ടേഴ്സിലേക്ക് മാറ്റാൻ അവർക്ക് സാധിച്ചു. ബാങ്കിന്റെ പ്രസിഡന്റ് പി.ജി സനൽകുമാർ എന്റെ സഹപ്രവർത്തകനും PARI ഫെല്ലോയുമായ ശശികുമാറിനോട് ഫോണിൽ പറഞ്ഞത്, ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ഏറ്റവും പ്രധാനപ്പെട്ട രേഖകളും ബാംഗ്ലൂരിലെ സർവറിൽ ബാക്ക്അപ്പ് ചെയ്ത്  സുരക്ഷിതമായി മാറ്റിയിട്ടുണ്ട് എന്നാണ്.

ആശ്വാസം പകരുന്ന ഒരു വാർത്തയാണത്. കേരളത്തിൽ ഇനിയും കനത്തമഴ ഉണ്ടായേക്കാമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

Girish Kumar H, the cashier, standing next to records full of fungus and mould
PHOTO • P. Sainath

കുട്ടമംഗലം സർ വീസ് ഹകരണ ബാങ്കിലെ കാഷ്യറായ ഗിരീഷ്കുമാർ . പ്രളയത്തിന്ശേഷം, കാര്യങ്ങൾ പൂർവസ്ഥിതിയി ലാക്കുന്ന ദുഷ്കരമായ പ്രവൃത്തിയി ലേ ർപ്പെട്ടവരിൽ രാ ളാണ് അദ്ദേഹം

Documents and books stacked up on shelves
PHOTO • P. Sainath

തുറന്ന സ്റ്റീൽ അലമാരകളുടെ ഉയർന്നതട്ടിൽ വെച്ചിരിക്കുന്ന അനേകം ലെഡ്ജറുകളും ഫയലുകളും ഉണങ്ങിവരുന്നതേയുള്ളൂ

Two cast-iron safes bear the rust, corrosion and marks wrought by the waters that engulfed them.
PHOTO • P. Sainath

ബാങ്കിന്റെ ലോക്കറിലുള്ള ഈരണ്ട് ഇരുമ്പുസേഫുകളിൽ വെള്ളത്തിൽ മുങ്ങിക്കിടന്നതിന്റെ പാടുകൾ വ്യക്തമായി കാണാം

Fungus and mould on records
PHOTO • P. Sainath

പൂപ്പൽ പിടി ച്ച പഴയ ലെഡ്ജറുക

Documents and books stacked in a cupboard
PHOTO • P. Sainath
Documents and books stacked on a shelf
PHOTO • P. Sainath
Documents and books drying on the banks of the river outside the bank
PHOTO • P. Sainath

രേഖകളും ഫയലുകളും പുസ്തകങ്ങളും പ്രമാണങ്ങളും സ്റ്റീൽ അലമാരയി ലും അലമാരത്തട്ടുകളി ലുമായി അടുക്കിയും കുത്തിനിറച്ചും വെ ച്ചിരിക്കുന്നു ; ബാങ്കി ന് പു റത്ത് , കായലി ന് മീപത്തായി ഉണക്കാൻ വെ ച്ചിരിക്കു ന്ന മറ്റ് ചില സാധനങ്ങൾ

People's belongings lining the banks
PHOTO • P. Sainath

കായലിന് ഇരുകരകളിലുമായി കൂട്ടിയിട്ടിരിക്കുന്ന ഗൃഹോപകരണങ്ങളുടെ പശ്ചാത്തലത്തിൽ നിസ്സംഗമായ ഭാവത്തോടെ തോണി തുഴ ഞ്ഞുപോകുന്ന , കൈനകരി പഞ്ചായത്തിലെ ഒരു താമസക്കാരൻ

Books, including a Kisan Credit Card
PHOTO • P. Sainath

ഒരു കിസാൻ ക്രെഡിറ്റ് കാർഡ് ഉണക്കാൻവച്ചിരിക്കുന്നു . തൊട്ടടുത്തായി , ഒരു ബൈബിളും ഭഗവദ്ഗീതയും

People's belongings lining the banks
PHOTO • P. Sainath

കടൽനിരപ്പിലും താഴെയായുള്ള ഈപ്രദേശത്തെ മറ്റൊരു താമസക്കാരൻ , കരയിൽ കൂട്ടിയിട്ടിരിക്കുന്ന ഗൃഹോപകരണങ്ങൾ ക്കുനേരെ കണ്ണോടിച്ചുകൊണ്ട്  ക നാലിലൂടെ കായലിലേ ക്ക് പതുക്കെ തോ ണിതുഴഞ്ഞ്പോകുന്നു

പരിഭാഷ: പ്രതിഭ ആര്‍. കെ.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.