“അടച്ചുപൂട്ടൽ ഞങ്ങളെ തകർത്തുകളഞ്ഞു”, അബ്ദുൽ മജീദ് ഭട്ട് പറഞ്ഞു. “എന്‍റെ കടയിലേക്ക് അവസാനമായി ഒരു കസ്റ്റമർ വന്നത് മാർച്ചിലാണ്”.

ജൂൺ മാസത്തോടെ അടച്ചുപൂട്ടലിന് അയവ് വന്നിട്ടുപോലും, തുകൽ‌സാധനങ്ങളും പ്രാദേശികമായ കരകൗശലവസ്തുക്കളും വിൽക്കുന്ന ഭട്ടിന്‍റെ ശ്രീനഗറിലെ ദാൽ തടാകത്തിലെ മൂന്ന് കടകളിലേക്ക് ഇപ്പോഴും ആളുകളെത്തുന്നില്ല. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ ആരംഭിച്ച അവസാനമില്ലാത്ത മാന്ദ്യം ഇപ്പോൾ ഒരുവർഷം പിന്നിട്ടിരിക്കുന്നു.

ഭട്ടിനെപ്പോലെ നിരവധിയാളുകളുടെ ആശ്രയമായ ഈ കച്ചവടങ്ങളെ ഈ രണ്ട് അടച്ചുപൂട്ടലുകളും രണ്ടും ഗുരുതരമായി ബാധിച്ചിരിക്കുന്നു.

“ആദ്യത്തെ ആ ഏഴ് മാസത്തെ അടച്ചുപൂട്ടൽ കഴിഞ്ഞ് വിനോദസഞ്ചാരകാലം ആരംഭിച്ചപ്പോഴാണ് കൊറോണയുടെ അടച്ചുപൂട്ടൽ വന്നത്”, ആദരണീയനായ നേതാവും, ദാൽ തടാ‍കം സ്ഥിതി ചെയ്യുന്ന ബടപോര കലാം പ്രദേശത്തെ താമസക്കാരനുമായ 62 വയസ്സുള്ള ഭട്ട് പറഞ്ഞു. അദ്ദേഹത്തിന്‍റെ കണക്കുപ്രകാരം ഏകദേശം 70 അംഗങ്ങളുള്ള ലേക്ക്‌സൈഡ് ടൂറിസ്റ്റ് ട്രേഡേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ഭട്ട്.

തടാകത്തിന്‍റെ വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിയാളുകൾ ഭട്ടിന്‍റെ ഈ അഭിപ്രായത്തെ ശരിവെക്കുന്നുണ്ട് – മഞ്ഞനിറമുള്ള ടാക്സി ബോട്ടുകൾ ഓടിക്കുന്ന ശിക്കാരവാലകളും, വഴിയോര വാണിഭക്കാരും, കടയുടമകളും എല്ലാം. ടൂറിസ്റ്റ് ലഘുലേഖകളിലുള്ള വർണ്ണാഭമായ അവസ്ഥയല്ല, അവരെ സംബന്ധിച്ചിടത്തോളം ഈ കഴിഞ്ഞുപോയ 12 മാസങ്ങൾ. (കാണുക Srinagar's shikaras: still waters run deep losses )

അവരിൽ ഒരാൾ ഹഫ്സ ഭട്ടാണ്. നെഹ്രു പാർക്കിൽനിന്നുള്ള 27 വയസ്സായ ഹഫ്സ ഒരു ചെറിയ വ്യാപാരം തുടങ്ങിയത്, കൊറോണയുടെ അടച്ചുപൂട്ടൽ ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു. ജമ്മു-കശ്മീർ സംരഭക വികസന ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് (Jammu and Kashmir Entrepreneurship Development Institute) 24 ദിവസത്തെ പരിശീലനം കഴിഞ്ഞിറങ്ങിയ, അദ്ധ്യാപികകൂടിയായ ഹഫ്സയ്ക്ക് ഇൻസ്റ്റിട്യൂറ്റിൽനിന്ന് കുറഞ്ഞ പലിശയ്ക്ക് 4 ലക്ഷം രൂപ ലഭിച്ചിരുന്നു. “ഞാൻ വസ്ത്രങ്ങളും തുണികളും വാങ്ങി. സ്റ്റോക്കിന്‍റെ 10-20 ശതമാനം വിറ്റുകഴിഞ്ഞപ്പോഴാണ് അടച്ചുപൂട്ടൽ ആരംഭിച്ചത്. ഇപ്പോൾ അടവുകൾ തീർക്കാൻ ബുദ്ധിമുട്ടുകയാണ്”, അവർ പറഞ്ഞു.

'Just when the tourist season was to start after that shutdown, this lockdown started', says Majid Bhat, president of the Lakeside Tourist Traders Association
PHOTO • Adil Rashid
'Just when the tourist season was to start after that shutdown, this lockdown started', says Majid Bhat, president of the Lakeside Tourist Traders Association
PHOTO • Adil Rashid

‘വിനോദസഞ്ചാരകാലം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ഈ അടച്ചുപൂട്ടൽ വന്നത്’ ലേക്ക്‌സൈഡ് ടൂറിസ്റ്റ് ട്രേഡേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായ മജീദ് ഭട്ട് പറഞ്ഞു

18 ചതുരശ്ര കിലോമീറ്റർ വരുന്ന ദാൽ തടാകത്തിലെ നിരവധി ദ്വീപുകളിൽ ഒന്നായ നെഹ്രു പാർക്കിൽ താമസിക്കുന്ന മറ്റൊരാളാണ് 70 വയസ്സുള്ള അബ്ദുൾ റസാഖ് ഡാര്‍. ശ്രീനഗറിലെ ബൂലേവാർഡ് റോഡിലെ ഘാട്ടുകളിലൊന്നിൽ ശിക്കാര തുഴയുന്നയാളാണ് അദ്ദേഹം.  “ ഇത്നി ഖരാബ് ഹാലത് നഹീം ദേഖി ആജ് തക് [ഇതിനുമുമ്പൊരിക്കലും ഇത്ര ദുരിതം പിടിച്ച കാലം കണ്ടിട്ടില്ല]”, അദ്ദേഹം പറഞ്ഞു.

“വിനോദസഞ്ചാര വ്യവസായത്തിൽ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ അതിനെയും ഇല്ലാതാക്കി ഈ കൊറോണ അടച്ചുപൂട്ടൽ. ഞങ്ങൾ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മോശമാണ് ഇക്കൊല്ലം ഞങ്ങളുടെ അവസ്ഥ. ഈ ശിക്കാരയെ ആശ്രയിച്ചിരിക്കുന്ന നാലാളുകളുണ്ട് എന്‍റെ കുടുംബത്തിൽ. നാശത്തെ അഭിമുഖീകരിക്കുകയാണ് ഞങ്ങളിപ്പോൾ. പണ്ട്, ഒരു നേരം കഴിച്ചിരുന്ന ഭക്ഷണം ഇപ്പോൾ മൂന്ന് തവണയായിട്ടാണ് കഴിക്കുന്നത്. ശിക്കാരവാലകൾ പട്ടിണി കിടന്നാൽ ശിക്കാരകൾ എങ്ങിനെ ഓടാനാണ്?”, അദ്ദേഹം ചോദിക്കുന്നു.

അദ്ദേഹത്തിന്‍റെ തൊട്ടടുത്ത് ഇരിക്കുകയായിരുന്നു നെഹ്രു പാർക്കിലെ ആബി കാരപോര മൊഹല്ലയിലുള്ള 60 വയസ്സായ വലി മൊഹമ്മദ് ഭട്ട്. “കഴിഞ്ഞുപോയ ഒരു വർഷം എല്ലാവർക്കും ബുദ്ധിമുട്ടുള്ളതായിരുന്നു. കഴിഞ്ഞ വർഷം ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് ഒരു അറിയിപ്പിലൂടെ, അവർ എല്ലാ വിനോദസഞ്ചാരികളേയും ഇവിടെനിന്ന് ആട്ടിപ്പായിച്ചു. അതോടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു. പിന്നീട് വന്ന കൊറോണ വൈറസ് അടച്ചുപൂട്ടൽ ഞങ്ങളെ ശരിക്കും തകർത്തുകളഞ്ഞു”. രജിസ്റ്റർ ചെയ്ത 4,000 ശിക്കാർവാലകളും, ദാൽ, നിഗീൻ തടാകങ്ങളിലെ 35-ഓളം ചെറുതും വലുതുമായ ഘാട്ടുകളും ഉൾക്കൊള്ളുന്ന ഓൾ ജമ്മു-കശ്മീർ ടാക്സി ശിക്കാരാ ഓണേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റാണ് ഭട്ട്.

ഇവരുടെ മൊത്തം നഷ്ടം കോടികൾ വരുമെന്നാണ് ഭട്ട് കണക്കാക്കുന്നത്. നല്ല സീസണിൽ, അസോസിയേഷനിലെ ഓരോ അംഗവും പ്രതിദിനം 1,500-നും 2,000-ത്തിനുമിടയിൽ രൂപ സമ്പാദിക്കാറുണ്ടായിരുന്നുവെന്ന് ഭട്ട് പറഞ്ഞു. “ഈ സീസണിൽ മാത്രം (ഏപ്രിൽ-മേയ് മുതൽ ഓഗസ്റ്റ് സെപ്റ്റംബർവരെയുള്ള കാലത്ത്) ഒരു വർഷത്തേക്കുള്ള പണം ഈ ശിക്കാർവാലകൾ സമ്പാദിച്ചിരുന്നു. അതാണ് കൊറോണ വൈറസ് ഇല്ലാതാക്കിയത്. വിവാഹമായാലും മറ്റ് ചിലവുകളായാലും എല്ലാം ഈ പണത്തെ മാത്രം ആശ്രയിച്ചാണ് നടന്നിരുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

നഷ്ടത്തിന്‍റെ ഈ ദിനങ്ങളെ അതിജീവിക്കാൻ ചില ശിക്കാർവാലകളുടെ കുടുംബങ്ങൾ ദിവസക്കൂലിക്ക് പോയിത്തുടങ്ങിയിരിക്കുന്നു. അബ്ദുൾ റസാഖിന്‍റെ 40 വയസ്സുള്ള രണ്ട് ആണ്മക്കളെപ്പോലെയുള്ളവർ. “അവരും ശിക്കാർവാലകളായി പണിയെടുത്തിരുന്നു. പക്ഷേ ഈ അവസ്ഥ കണ്ടപ്പോൾ ഞാനവരോട് കള പറിക്കുന്ന പദ്ധതിയിൽ ചേരാൻ പറഞ്ഞു”, ഡാര്‍ പറയുന്നു.

ജമ്മു-കശ്മീർ തടാക, ജലപാത വികസന അതോറിറ്റി (J&K Lakes and Waterways Development Authority) ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയാണ് ഡാര്‍ സൂചിപ്പിച്ചത്. ശിക്കാരകൾ പതിവായി സഞ്ചരിക്കാത്ത സമയങ്ങളിൽ തടാകങ്ങളിൽ നിറയുന്ന കളകൾ നശിപ്പിക്കുന്ന പണിയാണത്. കുറച്ചുകാലത്തേക്ക് മാത്രമുള്ള ഒരു ഏർപ്പാട്. ഇതിനായി യന്ത്രങ്ങളും ഉപയോഗിക്കുക പതിവുണ്ട്. പ്രാദേശികരായ കരാറുകാരാണ് തൊഴിലാളികളെ ഏർപ്പാടാക്കുക.

PHOTO • Adil Rashid

വിനോദസഞ്ചാര വ്യവസായത്തിൽ എന്തെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ അതിനെയും ഈ കൊറോണ അടച്ചുപൂട്ടൽ ഇല്ലാതാക്കിയെന്ന് അബ്ദുൾ റസാഖ് ഡാര്‍ ( മുകളിൽ ഇടത്ത് ) പറഞ്ഞു . കഴിഞ്ഞ വർഷം ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് ഒരു അറിയിപ്പിലൂടെ വിനോദസഞ്ചാരികളെ പുറത്താക്കിയതും , പിന്നീട് കൊറോണ വൈറസ് അടച്ചുപൂട്ടൽ വന്നതും , എല്ലാം തകർത്തുവെന്ന് വലി മൊഹമ്മദ് ഭട്ട് ( മുകളിൽ വലത്ത് ) മൊഹമ്മദ് ഷാഫി ഷായും ( താഴെ ഇടത്ത് ) പറയുന്നു

ജൂലായ് പകുതിമുതൽ അത്തരമൊരു ജോലിയാണ് നെഹ്രു പാർക്കിലെ 32 വയസ്സായ ഷബീർ അഹമ്മദ് ഭട്ട് ഏറ്റെടുത്തിരിക്കുന്നത്. വേനൽക്കാലത്തെ നാല് മാസങ്ങളിൽ, സമീപത്തുള്ള ലഡാക്കിൽ, ഷാളുകളും മറ്റ് കശ്മീരി കരകൗശലവസ്തുക്കളും വിൽക്കുന്ന ഒരു കട നടത്തിയിരുന്നു അയാൾ. പ്രതിമാസം ഏകദേശം 30,000 രൂപ ലഭിക്കുന്ന ഒരു കച്ചവടം. തണുപ്പുകാലങ്ങളിൽ, ഇതേ വസ്തുക്കൾ വിൽക്കാൻ കേരളത്തിലേക്കും ഗോവയിലേക്കും പോകാറുണ്ടായിരുന്നു. മാർച്ച് 22-ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അയാൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. മാസങ്ങളോളം തൊഴിലൊന്നുമില്ലാതെ കഴിഞ്ഞതിനുശേഷമാണ് 28 വയസ്സുള്ള ഇളയ സഹോദരൻ ഷൌക്കത്ത് അഹമ്മദിന്‍റെ കൂടെ തടാകത്തിലെ കള പറിക്കൽ തൊഴിലിലേക്ക് ഇറങ്ങിയത്.

“ചാർ ചിനാരിക്കടുത്തുള്ള ദാൽ തടാകത്തിൽനിന്ന് കള പറിച്ച് ഞങ്ങൾ റോഡുവക്കത്തേക്കെത്തിക്കും. അവിടെനിന്ന് അവർ അത് ട്രക്കിലാക്കി കൊണ്ടുപോകും.”, ഷബീർ പറയുന്നു. “ഒരു ട്രിപ്പിന്, രണ്ടുപേർക്കും കൂടി 600 രൂപ വെച്ച് കിട്ടും. അതിൽനിന്ന് 200 രൂപ വലിയ കാർഗോ ബോട്ടിന് വാടക കൊടുക്കണം. ഞങ്ങൾതന്നെയാണത് തുഴയുന്നതും. എത്ര തവണ ട്രിപ്പ് നടത്താൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും വരുമാനം. ഏറിവന്നാൽ രണ്ടുതവണയിൽ കൂ‍ടുതൽ പറ്റില്ല. വെള്ളത്തിൽനിന്ന് കളകൾ പറിക്കുക എന്നത് അദ്ധ്വാനമുള്ള പണിയാണ്. രാവിലെ 6 മണിക്ക് വീട്ടിൽനിന്ന് ഇറങ്ങും. ഉച്ചയ്ക്ക് 1 മണിക്ക് തിരിച്ചെത്തും. രണ്ട് ട്രിപ്പെടുക്കാൻ നോക്കാറുണ്ട്. എന്നാലല്ലേ എന്തെങ്കിലും കൈയ്യിൽ വരൂ”, ഷബീർ പറയുന്നു.

ഇതിനുമുൻപ്, ഇത്തരത്തിൽ അദ്ധ്വാനമുള്ള തൊഴിലെടുത്തിട്ടില്ലെന്ന് ഷബീർ പറയുന്നു. തടാകത്തിലെ ദ്വീപുകളിൽ കുറച്ച് തുണ്ട് സ്ഥലങ്ങൾ അയാളുടെ കുടുംബത്തിനുണ്ട്. പക്ഷേ, അയാളുടെ അച്ഛനും, അമ്മയും സഹോദരന്മാരിൽ ഒരാളുമാണ് അതിൽ പണിയെടുക്കുന്നത്.

“അടച്ചുപൂട്ടൽ തുടങ്ങിയതിനുശേഷം, കുറേക്കാലത്തേക്ക് ഞങ്ങൾക്ക് തൊഴിലെടുക്കാൻ സാധിച്ചില്ല. ജീവിക്കാൻ വേറെ വഴിയൊന്നുമില്ലാതായപ്പോഴാണ് ഈ പണിക്കിറങ്ങിയത്. ഈ ശാരീരികാദ്ധ്വാനത്തേക്കാൾ ഞങ്ങൾക്കിഷ്ടം വിനോദസഞ്ചാര വ്യാപാരമാണ്. കാരണം, ഇത്രനാളും ചെയ്തുവന്ന ജോലി അതാണ്. പക്ഷേ ഇപ്പോൾ വിനോദസഞ്ചാരമൊന്നുമില്ലാത്തതിനാൽ, ജീവിക്കാൻ ഈയൊരു മാർഗ്ഗമേ ഉള്ളു. ഇതുകൊണ്ട് കുടുംബച്ചിലവ് നടത്താൻ കഴിഞ്ഞാൽ അതുതന്നെ വലിയൊരു കാര്യമാണ്,” ഷബീർ പറയുന്നു.

കുടുംബത്തിലെ ചിലവ് പകുതിയാക്കി കുറയ്ക്കേണ്ടിവന്നുവെന്ന് പറയുന്നു അയാൾ. “കൈയ്യിലുള്ള ഷാളുകളും, തുകൽ ‌സഞ്ചികളും ജാക്കറ്റുകളും, ആഭരണങ്ങളും ഒന്നും ഇപ്പോൾ വിൽക്കാനാവില്ല. ആരും വാങ്ങില്ല. പോരാത്തതിന് ഇതൊക്കെ കടമായി വാങ്ങിയതിന്‍റെ പണവും കൊടുക്കാനുണ്ട്”, അയാൾ പറയുന്നു.

'In Dal, except tourism, we can't do much,' says Shabbir Ahmad (sitting on the right), now working on the lake’s de-weeding project with his brother Showkat Ahmad
PHOTO • Adil Rashid
'In Dal, except tourism, we can't do much,' says Shabbir Ahmad (sitting on the right), now working on the lake’s de-weeding project with his brother Showkat Ahmad
PHOTO • Adil Rashid

‘ദാലിൽ , വിനോദസഞ്ചാരമല്ലാതെ മറ്റൊന്നും അധികം ചെയ്യാനില്ല’, ഷബീർ അഹമ്മദ് (വലത്ത്) പറയുന്നു. ഇപ്പോൾ അനിയൻ ഷൗക്കത്ത് അഹമ്മദിന്‍റെ (ഇടത്ത്) കൂടെ തടാകത്തിലെ കള പറിക്കുന്ന പണിയെടുക്കുകയാണ് അയാൾ

ദാൽ തടാകത്തിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ മനസ്സിലാക്കണമെന്നാണ് ഷബീറിന് പറയാനുള്ളത്. “അവർ ഒരുതവണ ഇവിടെ വന്ന് കാര്യങ്ങൾ കണ്ടാൽ സ്ഥിതിഗതികൾ മനസ്സിലാവും. തൊഴിലില്ലാത്ത ധാരാളം കുടുംബങ്ങളുണ്ട് ഇവിടെ. രോഗികളുള്ള വീടുകളും, വരുമാനമുള്ള ആരുമില്ലാത്തവരുടെ വീടുകളും. സർക്കാർ അതൊക്കെയൊന്ന് വന്ന് കാണുകയും, എന്തെങ്കിലും സഹായം നൽകുകയും ചെയ്തിരുന്നെങ്കിൽ അതൊരു വലിയ ആശ്വാസമായേനേ”.

ദാൽ തടാകത്തിൽ താമസിക്കുന്നവരുടേയും ശ്രീനഗർ നഗരത്തിൽ താമസിക്കുന്നവരുടേയും അവസ്ഥകൾ തമ്മിലുള്ള വ്യത്യാസവും ഷബീർ ചൂണ്ടിക്കാട്ടി. “ദാലിൽ, വിനോദസഞ്ചാരവ്യവസായമൊഴിച്ച് മറ്റൊന്നും ഞങ്ങൾക്ക് ചെയ്യാനില്ല. ഏറിപ്പോയാൽ, വഞ്ചികളിൽ പച്ചക്കറികൾ നിറച്ച് ദ്വീപുകളിലെ ഓരോ മൊഹല്ലകളിലും കയറിയിറങ്ങാമെന്ന് മാത്രം. പട്ടണത്തിലെ ആളുകൾക്ക് കിട്ടുന്ന ജോലികളൊന്നും ഞങ്ങൾക്ക് ലഭിക്കില്ല. തട്ടുകട സ്ഥാപിച്ച് സാധനങ്ങൾ വിൽക്കലും മറ്റും. വിനോദസഞ്ചാരം ആരംഭിച്ചാൽ ഞങ്ങൾക്ക് പണിയുണ്ടായേക്കാം. പക്ഷേ ഇപ്പോൾ ഞങ്ങൾ ബുദ്ധിമുട്ടുകയാണ്”.

ബോട്ടിൽ പച്ചക്കറികൾ കൊണ്ടുപോയി വിൽക്കുന്നതും എളുപ്പമല്ല. ബാടപോര കലാമിലെ ബി.എ. വിദ്യാർത്ഥിയായ 21 വയസ്സുള്ള അന്ദ്ലീബ് ഫയാസ് ബാബ പറയുന്നു, “എന്‍റെ അച്ഛൻ ഒരു കർഷകനാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ, മാസങ്ങളോളം വരുമാനമൊന്നും ഉണ്ടായിരുന്നില്ല. പച്ചക്കറികളൊക്കെ കേടുവന്നു, പതിവുകാർക്ക് കൊടുക്കാൻ അധികമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ, വരുമാനമുള്ള ഒരേയൊരംഗം അച്ഛനാണ്. ഇത് കുടുംബത്തിനെ വല്ലാതെ ബാധിച്ചു”, അന്ദ്ലീബിന്‍റെ താഴെയുള്ള സഹോദരനും രണ്ട് സഹോദരിമാരും വിദ്യാർത്ഥികളാണ്. അമ്മ ഗൃഹസ്ഥയും. “സ്കൂൾ ഫീസും, എന്‍റെ കൊളെജ് ഫീസും എല്ലാം കൊടുക്കണം. എന്തെങ്കിലും അത്യാവശ്യം വന്നാൽ, തടാകം കടന്ന് ശ്രീനഗറിലേക്ക് പോവുകയും വേണ്ടിവരും”, അന്ദ്ലീബ് പറഞ്ഞു.

എന്നാൽ, ദാലിന്‍റെ വിനോദസഞ്ചാരത്തിനെ ആശ്രയിച്ച് നഗരത്തിൽ ജീവിക്കുന്നവരും മാസങ്ങളായി ദുരിതത്തിലാണ്. ശ്രീനഗറിലെ ഷാലിമാർ ഭാഗത്തുനിന്നുള്ള മൊഹമ്മദ് ഷാഫി ഷാ അങ്ങിനെയൊരാളാണ്. ഘാട്ടിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ആ സ്ഥലത്താണ് കഴിഞ്ഞ 16 വർഷമായി അയാൾ ശിക്കാര തുഴഞ്ഞ് ജീവിക്കുന്നത്. സീസണിൽ, ഭാഗ്യമുള്ള ചില ദിവസങ്ങളിൽ 1,000-ത്തിനും 1,500-നും ഇടയിൽ രൂപ വരുമാനം കിട്ടിയിരുന്നു. എന്നാൽ, കഴിഞ്ഞ കൊല്ലം മുതൽ, യാത്രക്കാർ അധികമില്ല. “ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ‌പ്പിന്നെ, ഞങ്ങൾക്ക് അധികം പണിയില്ല. കൊറോണ അടച്ചുപൂട്ടൽ വന്നപ്പോൾ ദുരിതം ഇരട്ടിക്കുകയും ചെയ്തു”, അയാൾ പറഞ്ഞു.

“ഞാൻ ദാൽ ഭാഗത്തായിരുന്നു ജീവിച്ചിരുന്നത്. സർക്കാർ ഞങ്ങളെ അവിടെനിന്ന് പുറത്താക്കി”, പുനരധിവാസത്തെക്കുറിച്ച് സൂചിപ്പിച്ച് അയാൾ പറഞ്ഞു. “ആരുടെയെങ്കിലും വണ്ടിയിൽ കയറിക്കൂടി ഷാലിമാറിൽനിന്ന് ദിവസവും ഞാനിവിടെ വരും. തണുപ്പുകാലത്ത് ഞാൻ പുറത്ത് പോയിരുന്നു (കരകൗശലവസ്തുക്കൾ വിൽക്കാൻ ഗോവയിലെ ബീച്ചിൽ). എന്നാൽ അടച്ചുപൂട്ടൽ വന്നതോടെ 50 ദിവസം പെട്ടുപോയി. കച്ചവടവും മോശമായി. മേയ് അവസാനമാണ് തിരിച്ചുവന്നത്. ഒരാഴ്ച ക്വാറന്‍റൈനിൽ ഇരിക്കേണ്ടിയും വന്നു”.

Left: Andleeb Fayaz Baba's father has been unable to sell vegetables by boat for months. Right: The houseboats have been empty this tourist season
PHOTO • Adil Rashid
Left: Andleeb Fayaz Baba's father has been unable to sell vegetables by boat for months. Right: The houseboats have been empty this tourist season
PHOTO • Adil Rashid

(ഇടത്ത്) അന്ദ്ലീ ബ് ഫയാസ് ബാബയുടെ അച്ഛന് മാസങ്ങളായി പച്ചക്കറികൾ വിൽക്കാൻ പറ്റിയിട്ടില്ല . (വലത്ത്) ഈ ടൂറിസ്റ്റ് സീസണിൽ ഹൗസ്ബോട്ടുകൾ ഒഴിഞ്ഞുകിടന്നു

ദാൽ തടാകത്തിലെ ഓരോ ഘാട്ടിലും ശിക്കാർവാലകൾ യൂണിയൻ രൂപവത്ക്കരിച്ചിട്ടുണ്ട്. ഓൾ ജമ്മു-കശ്മീർ ടാക്സി ശിക്കാര ഓണേഴ്സ് യൂണിയന്‍റെ (All J&K Taxi Shikara Owners Union) കീഴിലാണ് ഈ യൂണിയനുകൾ. ഓരോ ശിക്കാരയും സമ്പാദിക്കുന്ന പണം ഇവർ സ്വരൂപിച്ച് അംഗങ്ങൾക്കിടയിൽ തുല്യമായി വീതിക്കുന്നു. ഷാഫി പണിയെടുക്കുന്ന ഘാട്ടിൽ ഏതാണ്ട് 15-ഓളം ശിക്കാരകളുണ്ട്.

“നാട്ടുകാരില്‍ ഒരാൾ വന്നാൽ - അപൂർവ്വമായി അങ്ങിനെയും ഉണ്ടാവാറുണ്ട് – ഞങ്ങളവരെ ശിക്കാരയിൽ കൊണ്ടുപോകുന്നത് 400-500 രൂപയ്ക്കാണ്. ആ പണമാണ് ഇവിടത്തെ 10-15 ആളുകൾക്കിടയിൽ വീതംവെക്കപ്പെടുന്നത്. ഒരാൾക്ക് അപ്പോൾ 50 രൂപയാണ് കിട്ടുക. ആ പൈസയ്ക്ക് എനിക്ക് എന്ത് കിട്ടും? ഈ ശിക്കാരയല്ലാതെ ഞങ്ങൾക്ക് വേറെ യാതൊരു മാർഗ്ഗവുമില്ല. എങ്ങിനെ കുടുംബം നോക്കും? നശിച്ചുപോവില്ലേ?”

മൂന്ന് മാസക്കാലത്തേക്ക് പ്രതിമാസം 1,000 രൂപവെച്ച് ശിക്കാർവാലകൾക്ക് സർക്കാർ ധനസഹായം കൊടുക്കുന്നുണ്ടെന്ന് കേട്ട്, തന്‍റെ ശിക്കാര ടാ‍ക്സി ലൈസൻസ് ടൂറിസം വകുപ്പിന് കൊടുത്തിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു. പക്ഷേ ഇതുവരെ പണമൊന്നും കിട്ടിയിട്ടില്ല.

ബുലേവാർഡ് റോഡിന്‍റെ അപ്പുറത്ത്, തടാകത്തിലെ ‘അക്രപോളിസ്” എന്നുപേരായ തന്‍റെ ശൂന്യമായ ഹൗസ്ബോട്ടിന്‍റെ മുമ്പിലുള്ള ചാരുകസേരയിൽ ഇരിക്കുകയായിരുന്നു 50 വയസ്സ് കഴിഞ്ഞ അബ്ദുൾ റാഷീദ് ബഡിയാരി. കൊത്തുപണി ചെയ്ത ചുമരുകളും, വിലകൂടിയ സോഫകളും പരമ്പരാഗത രീതിയിൽ അലങ്കരിക്കപ്പെട്ട ഖടംബന്ദ് ശൈലിയിലുള്ള മേൽത്തട്ടൊക്കെയുള്ള ബോട്ടാണ് അക്രൊപോളിസ്. എന്നിട്ടും, ഒരുവർഷമായി ഒരൊറ്റ വിനോദസഞ്ചാരിയെപ്പോലും കിട്ടിയിട്ടില്ല ബഡിയാരിക്ക്.

“മുതിർന്നതിനുശേഷം ഇത്രകാലവും ഈ ഹൗസ്ബോട്ട് നടത്തുകയായിരുന്നു ഞാൻ. എനിക്ക് മുൻപ്, എന്‍റെ അച്ഛനും മുത്തച്ഛനുമൊക്കെ ചെയ്തിരുന്ന പണിയാണ്. അവരിൽനിന്നാണ് എനിക്കീ ബോട്ട് കിട്ടിയത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാം അവസാനിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് അടച്ചുപൂട്ടലുകൾക്കുശേഷം ഒരൊറ്റ ആളും വന്നിട്ടില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപാണ് അവസാനമായി ഒരാൾ വന്നത്. ടൂറിസ്റ്റുകളൊന്നുമില്ലാത്തതിനാൽ കോവിഡ് അടച്ചുപൂട്ടൽ എന്നെ പ്രത്യേകമായി ബാധിച്ചില്ല. എല്ലാം നഷ്ടത്തിലാണിപ്പോൾ. ഈ സമ്പാദ്യം പോലും ഇപ്പോൾ ദ്രവിച്ചുതുടങ്ങിയിരിക്കുന്നു”, അദ്ദേഹം പറയുന്നു.

ഹൗസ്ബോട്ടിൽ താമസിക്കാൻ വരുന്ന വിനോദസഞ്ചാരികളിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ബഡിയാരിയുടെ അഞ്ചംഗ കുടുംബം ജീവിച്ചിരുന്നത്. “ഒരു രാത്രിക്ക് 3,000 രൂപ ഞാൻ വാങ്ങിയിരുന്നു. സീസൺ ആയാൽ എന്‍റെ ബോട്ടിൽ മുറികൾ ഒഴിവുണ്ടായിരുന്നില്ല. ഇതിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്ക് സാധനങ്ങൾ വിറ്റാണ് ഈ ഭാഗത്തെ വഴിയോരക്കച്ചവടക്കാരും മറ്റുള്ളവരും കഴിഞ്ഞിരുന്നത്. എന്‍റെ കസ്റ്റമേഴ്സിനെ അക്കരെയിക്കരെ കടത്തി വരുമാനമുണ്ടാക്കിയിരുന്ന ശിക്കാരവാലകളും ഉണ്ടായിരുന്നു. എല്ലാവർക്കും ഇപ്പോൾ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. കൈയ്യിലുണ്ടായിരുന്ന സമ്പാദ്യത്തിൽനിന്നാണ് ഇപ്പോൾ ചിലവ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു വായ്പയുമെടുത്തിട്ടുണ്ട്”, ബഡിയാരി പറഞ്ഞു. ഹൗസ്ബോട്ട് നോക്കിനടത്താൻ ഒരാളെ ബഡിയാരി നിയമിച്ചിരുന്നു. ശമ്പളം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ, അയാളോട് പൊയ്ക്കോളാൻ പറഞ്ഞു, ബഡിയാരി. “ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ല. എന്‍റെ മകൻ ഈ തൊഴിലിൽ ഇറങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല”, അദ്ദേഹം പറയുന്നു.

'Everything is in loss, even the property is rotting away,' Abdul Rashid Badyari says, referring to his ornate houseboat
PHOTO • Adil Rashid
'Everything is in loss, even the property is rotting away,' Abdul Rashid Badyari says, referring to his ornate houseboat
PHOTO • Adil Rashid

‘എല്ലാം നഷ്ടത്തിലാണ് . ഈ വസ്തുപോലും ഇപ്പോൾ ദ്രവിച്ചുകൊണ്ടിരിക്കുന്നു’, തന്‍റെ ആഡംബര ഹൗസ്ബോട്ടിനെക്കുറിച്ച് അബ്ദുൾ റാഷീദ് ബഡിയാരി പറയുന്നു

ദുരിതമനുഭവിക്കുന്ന ശിക്കാരവാലകളേയും കച്ചവടക്കാരേയും കഴിഞ്ഞ ചില മാസങ്ങളായി സഹായിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവരിലൊരാളാണ് ലേക്ക്‌സൈഡ് ടൂറിസ്റ്റ് ട്രേഡേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായ അബ്ദുൾ മജീദ് ഭട്ട്. “ഞങ്ങളുടെ അസോസിയേഷൻ അംഗങ്ങളുടെ അടിയന്തിരാവശ്യങ്ങൾക്കുവേണ്ടി 6 ലക്ഷം രൂപയുടെ ഒരു ട്രസ്റ്റുണ്ട്. മറ്റുള്ളവരേക്കാൾ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ളതാണ് അത്. അവരുടെ വീട്ടാവശ്യങ്ങൾക്കും മറ്റും”.

സീസണനുസരിച്ച് 10 ആളുകളെ ഭട്ട് ജോലിക്ക് വെച്ചിരുന്നു. 10,000-15,000 രൂപ മാസശമ്പളത്തിൽ. “ശമ്പളം കൊടുക്കാനില്ലാത്തതിനാൽ അവരിൽ പലരേയും എനിക്ക് ഒഴിവാക്കേണ്ടിവന്നു. അവരിൽ ഏറ്റവും ദാരിദ്ര്യമനുഭവിക്കുന്ന ചിലരെ മാത്രം ഞാൻ, തത്ക്കാലം ബാക്കി നിർത്തിയിട്ടുണ്ട്; എന്‍റെ കുടുംബവുമായി ചർച്ച ചെയ്തതിനുശേഷം. ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അവർക്കും കൊടുക്കുന്നു. അതല്ലാതെ, വേറെ തൊഴിലാളികളെ വെക്കാൻ, എനിക്കാവില്ല. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഏതാനും പ്രാദേശിക ഉപഭോക്താക്കളിൽനിന്ന് 4,000 രൂപയ്ക്ക് താഴെയുള്ള കച്ചവടം മാത്രമാന് കിട്ടിയത്”, ഭട്ട് പറഞ്ഞു.

കുടുംബത്തിനെ പോറ്റാനും, കടങ്ങൾ തിരിച്ചടയ്ക്കാനുമായി, ഒരു ബാങ്ക് വായ്പ എടുത്തിട്ടുണ്ടെന്ന് ഭട്ട് പറഞ്ഞു. “അതിനും പലിശ കൊടുക്കണം. എന്‍റെ രണ്ട് ആണ്മക്കളും മൂന്ന് മരുമക്കളും എന്‍റെ കൂടെ ജോലി ചെയ്യുന്നു. (അദ്ദേഹത്തിന് രണ്ട് പെണ്മക്കളാണുള്ളത്. ഒരാൾ ഗൃഹസ്ഥയാണ്. മറ്റൊരാൾ വീട്ടിൽ സഹായത്തിനുണ്ട്). എന്‍റെ മകൻ ബി.കോം ബിരുദധാരിയാണ്. അതിനാൽ അവനെ ശാരീരികാദ്ധ്വാനമുള്ള പണിക്ക് വിടാൻ എനിക്ക് മടിയാണ്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ, അവനും അതൊക്കെ ചെയ്യേണ്ടിവരും” ഭട്ട് പറഞ്ഞു.

ദാൽ തടാകത്തിലെ കടക്കാരുടേയും ശിക്കാരവാലകളുടേയും കാര്യത്തിൽ സർക്കാരിലെ ഒരാൾക്കും താത്പര്യമില്ലെന്ന് ഭട്ട് പറയുന്നു. “ഞങ്ങളുടെ നഷ്ടം തിട്ടപ്പെടുത്താൻ ഒരാളും വന്നില്ല”. അടച്ചുപൂട്ടൽ അവസാനിച്ചതിനാൽ, നാട്ടുകാരൊക്കെ ഇപ്പോൾ നഗരത്തിലെ കടകളിലേക്കാണ് പോകുന്നതെന്ന് ഭട്ട് പറയുന്നു. “ദാൽ തടാകത്തിലെ കശ്മീരി കരകൗശല സ്ഥാപനങ്ങളിലേക്ക് നാട്ടുകാരാരും വരുന്നില്ല. ദാൽ തടാകത്തിലെ വ്യാപാരികൾക്ക് 100 ശതമാനവും നഷ്ടം മാത്രമേയുള്ളു”.

സാമ്പത്തികസഹായം ലഭിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ജൂലായ് മാസത്തിൽ ഹാൻഡിക്രാഫ്റ്റ്സ് ഡയറക്ടറേറ്റ് അവരോട് ആവശ്യപ്പെട്ടുവെന്ന് ഭട്ട് കൂട്ടിച്ചേർത്തു. പക്ഷേ ഒരു ഫലവുമുണ്ടായില്ല. “ഇപ്പോൾ ഞങ്ങൾക്ക് സംസ്ഥാന സർക്കാരിലോ കേന്ദ്രസർക്കാരിലോ ഒരു പ്രതീക്ഷയുമില്ല. അവസാനിക്കാത്ത ഹർത്താലുകളും കർഫ്യൂകളും അനിശ്ചിതാവസ്ഥ വർദ്ധിപ്പിച്ചിരിക്കുന്നു. “ദാലിന്‍റെയും നമ്മുടേയും ഭാവി അത്രയ്ക്ക് ശോഭനമല്ലെന്നാണ് ഞാനെന്‍റെ മക്കളോട് പറയുന്നത്” ഭട്ട് പറഞ്ഞു.

പരിഭാഷ: രാജീവ് ചേലനാട്ട്

Adil Rashid

Adil Rashid is an independent journalist based in Srinagar, Kashmir. He has previously worked with ‘Outlook’ magazine in Delhi.

Other stories by Adil Rashid
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat