“പഷ്മിന ഷോളുകൾക്ക് അതിന്റെ മിനുസം നൽകുന്നവർ ഞങ്ങളാണ്”.

അബ്ദുൽ മജീദ് ലോണിന്റെ ശ്രീനഗറിലുള്ള വീട്ടിൽ, നാരുകൾ കുന്നുകൂടിക്കിടക്കുന്നു. കൈയ്യിലൊരു വൌച്ചുമായി (മൂർച്ചയുള്ള ഇരുമ്പ് ഉപകരണം) നിലത്തിരുന്ന് അയാൾ, പുതുതായി നെയ്ത പഷ്മിന ഷോളുകളിൽനിന്ന് നാരുകളും പൊങ്ങിനിൽക്കുന്ന നൂലുകളും വലിച്ചെടുക്കുകയാണ്. “ഞങ്ങൾ ചെയ്യുന്ന ഈ തൊഴിലിനെക്കുറിച്ച് അധികം പേർ കേട്ടിട്ടില്ല”, അയാൾ പറയുന്നു.

ശ്രീനഗർ ജില്ലയിലെ നവകദൽ വാർഡിലാണ് 42 വയസ്സുള്ള ഈ കൈത്തൊഴിലുകാരൻ ജീവിക്കുന്നത്. വിലകൂടിയ പഷ്മിന ഷോളുകളിൽനിന്ന് നാരുകളും നൂലുകളും എടുത്തുമാറ്റാനാണ് വൌച്ചുകൾ ഉപയോഗിക്കുന്നത്. ഈ ജോലിക്ക് പുരസ്ഗാരി എന്നാണ് പേര്. ശ്രീനഗറിൽമാത്രം ഈ കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 200-ലധികം ആളുകളുണ്ട്. രണ്ട് ദശാബ്ദമായി ഒരു പുരസ്ഗാർ തൊഴിലാളിയായി ജോലിയെടുക്കുന്ന ആളാണ് അബ്ദുൾ. എട്ടുമണിക്കൂർ ജോലിക്ക് കഷ്ടിച്ച് 200 രൂപയാണ് അവരുടെ കൂലി.

എല്ലാ പഷ്മിന ഷോളുകളിലും – തുന്നിയതിലും, നിറം ചേർത്തതിലും, അലങ്കാരപ്പണികളുള്ളവയിലും – പുരസ്ഗാരി ചെയ്യുന്നത് കൈവേലയായിട്ടാണ്.

പുരസ്ഗാരി ചെയ്യാൻ വൌച്ച് അത്യാവശ്യമാണ്. “വൌച്ചിലും അതിന്റെ ഗുണമേന്മയിലും ആശ്രയിച്ചാണ് ഞങ്ങളുടെ വരുമാനം”, തന്റെ മുമ്പിൽ, മരത്തറിയിൽ ചുളിവില്ലാതെ വിരിച്ചിട്ടിരിക്കുന്ന ഷോളിലേക്ക് സൂക്ഷിച്ചുനോക്കി അദ്ദേഹം പറയുന്നു. “വൌച്ചില്ലാതെ പഷ്മിന ഷോളുകളെ മോടിയുള്ളതാക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്”.

PHOTO • Muzamil Bhat

മരത്തറിയിൽ ചുളുവില്ലാതെ വിരിച്ചിട്ടിരിക്കുന്ന ഷോളിൽ പണിയെടുക്കുന്ന അബ്ദുൾ മജീദ് ലോൺ

PHOTO • Muzamil Bhat

ഇരുമ്പ് വൌച്ചുപയോഗിച്ച്, ഷോളിൽനിന്ന് നാരുകൾ മാറ്റുന്ന അബ്ദുൾ

ഈയിടെയായി ശ്രീനഗറിലെ പുരസ്ഗാറുകൾ, വൌച്ചുണ്ടാക്കുകയും മൂർച്ചവെപ്പിക്കുകയും ചെയ്യുന്ന കൊല്ലന്മാരെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. “വൌച്ചുകളില്ലാത്തതിനാൽ പുരസ്ഗാരി തൊഴിൽ അപ്രത്യക്ഷമാവുന്ന കാലം വരും”, ആശങ്കയോടെ അദ്ദേഹം പറയുന്നു. “എന്റെ കൈയ്യിലുള്ള അവസാനത്തെ വൌച്ചാണ് ഇത്. ഇതിന്റെ മൂർച്ചപോയാൽ എനിക്ക് തൊഴിലില്ലാതാകും”.

അബ്ദുളിന്റെ വീട്ടിൽനിന്ന് ഒരു 20 മിനിറ്റ് നടന്നാൽ, അലി മൊഹമ്മദ് അഹങ്കെറിന്റെ കടയിലെത്താം. ശ്രീനഗർ ജില്ലയിലെ അലി കാദൽ പ്രദേശത്ത് പന്ത്രണ്ടോളം കൊല്ലക്കുടികളുണ്ട്. ഏറ്റവും പഴക്കമുള്ളതാണ് അലിയുടേത്. അലിയടക്കം ഒരു കൊല്ലനും ഇന്ന് വൌച്ചുണ്ടാക്കാൻ താത്പര്യമില്ല. ചെയ്യുന്ന അദ്ധ്വാനത്തിനും സമയത്തിനും അനുസൃതമായ പ്രതിഫലം കിട്ടുന്നില്ലെന്നാണ് അവരുടെ പരാതി.

“വൌച്ചുണ്ടാക്കുന്നത് വൈദഗ്ദ്ധ്യം ആവശ്യമുള്ള പണിയാണ്. പഷ്മിന ഷോളിൽനിന്ന് അനാവശ്യമായ ഏറ്റവും ചെറിയ, നൂലുപോലും വലിച്ചെടുക്കാൻ കഴിവുള്ളവിധം നിർമ്മിച്ചതായിരിക്കണം വൌച്ച്”, ചുറ്റികവെച്ച് ഒരു അരിവാൾ നിവർത്തുന്ന ജോലിക്കിടയിൽ 50 വയസ്സുള്ള അലി പറയുന്നു. “ഒരു വൌച്ചുണ്ടാക്കാൻ ഞാൻ ശ്രമിച്ചാൽ‌പ്പോലും അത് വിജയിക്കില്ല എന്ന് ഉറപ്പുണ്ട്”, ഉറപ്പോടെ അലി പറയുന്നു. “നൂർ മാത്രമായിരുന്നു ആ ജോലിയിൽ സമർത്ഥൻ”.

15 വർഷം മുമ്പ് മരിച്ചുപോയ നൂർ മൊഹമ്മദ്, വൌച്ചുണ്ടാക്കുന്നതിൽ, ശ്രീനഗറിലെങ്ങും പ്രശസ്തനായിരുന്നു. ഇന്ന് ശ്രീനഗറിലും ചുറ്റുവട്ടത്തുമുള്ള വൌച്ചുകളിലധികവും അദ്ദേഹമുണ്ടാക്കിയതാണ്. എന്നാൽ “നൂർ തന്റെ മകനെ മാത്രമാണ് വൌച്ചുണ്ടാക്കാൻ പഠിപ്പിച്ചതെന്ന്” ആശങ്കയോടെ പുരസ്ഗാറുകൾ പറയുന്നു. എന്നാൽ അയാളുടെ മകനാകട്ടെ, ആ തൊഴിലിൽ താത്പര്യവുമില്ല. കൂടുതൽ ശമ്പളം നൽകുന്ന ഒരു സ്വകാര്യ ബാങ്കിൽ അയാൾക്ക് ജോലിയുണ്ട്”, മിർജാൻപുരയിലെ ഒരു വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ഫിറോസ് അഹമ്മദ് എന്ന യുവാവായ പുരസ്ഗാർ പറയുന്നു.

കഴിഞ്ഞ രണ്ടുവർഷമായി മൂർച്ച വെപ്പിച്ചിട്ടില്ലാത്ത വൌച്ചുപയോഗിച്ച്, വർക്ക്ഷോപ്പിൽ വേറെ പന്ത്രണ്ട് പുരസ്ഗാറുകളുടെകൂടെ ജോലിചെയ്യുകയാണ് 30 വയസ്സുള്ള ഫിറോസ്. “പുരസ്ഗാരിയിൽ ഒരു വളർച്ചയുമില്ല. 10 വർഷം മുമ്പ് കിട്ടിയിരുന്ന വരുമാനംതന്നെയാണ് ഇപ്പൊഴും എനിക്ക് കിട്ടുന്നത്”, അദ്ദേഹം പറയുന്നു.

PHOTO • Muzamil Bhat

‘ഒരു വൌച്ചുണ്ടാക്കാൻ ഞാൻ ശ്രമിച്ചാൽ‌പ്പോലും അത് വിജയിക്കില്ല എന്ന് ഉറപ്പുണ്ട്’, ശ്രീനഗറിലെ അലി കദൽ പ്രദേശത്തെ അലി മൊഹമ്മദ് അഹെങ്കർ സംശയമില്ലാതെ പറയുന്നു

PHOTO • Muzamil Bhat
PHOTO • Muzamil Bhat

കഴിഞ്ഞ രണ്ടുവർഷമായി മൂർച്ച വെപ്പിച്ചിട്ടില്ലാത്ത വൌച്ചുപയോഗിച്ച് മിർജാൻപുരയിലെ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ഫിറോസ് അഹമ്മദ് എന്ന പുരസ്ഗാർ

“പുരസ്ഗാറായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 40 വർഷമാകുന്നു. ഇക്കാലത്തിനിടയ്ക്ക് തൊഴിലിൽ ഇതുപോലെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല”, നസീർ അഹമ്മദ് ഭട്ട് പറയുന്നു. “20 വർഷം മുമ്പ് ഒരു ഷോളിന് 30 രൂപവെച്ച് കിട്ടിയിരുന്നു. ഇന്ന് അതേ ജോലിക്ക് 50 രൂപയാണ് എനിക്ക് കിട്ടുന്നത്”, അതായത്, വർഷത്തിൽ ഒരു രൂപയാണ് നസീറിന് കിട്ടിയ വർദ്ധനവ്.

പുരസ്ഗാറുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി കശ്മീരി ഷോളുകളുടെ കയറ്റുമതിയിലും വലിയ ഇടിവുണ്ടാക്കിയിട്ടുണ്ട്. 2012-13-ൽ 620 കോടിയായിരുന്നു കിട്ടിയതെങ്കിൽ, 2021-22 ആകുമ്പോഴേക്ക് അത് 165.98 കോടിയായി കുറഞ്ഞുവെന്ന് ജമ്മു-കശ്മീർ സർക്കാരിന്റെ ഹാൻഡിക്രാഫ്ട്സ് ആൻഡ് ഹാൻഡ്‌ലൂം വകുപ്പ് പറയുന്നു

സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വൌച്ച് ഈരണ്ടുമാസത്തിലൊരിക്കൽ മൂർച്ച വെപ്പിക്കണം. കച്ചവടം തീരെ കുറഞ്ഞ ഈ കാലത്ത്, ചുരുക്കം കൊല്ലന്മാരേ ഈ തൊഴിൽ പഠിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നുള്ളു.

“വൌച്ച് എങ്ങിനെ നിർമ്മിക്കണമെന്നോ എങ്ങിനെ മൂർച്ചവെപ്പിക്കണമെന്നോ പുരസ്ഗാറുകൾക്കുപോലും സത്യം പറഞ്ഞാൽ അറിയില്ല.”, കഴിഞ്ഞ മൂന്ന് തലമുറയായി പുരസ്ഗാരി ചെയ്തുകൊണ്ടിരിക്കുന്ന കുടുംബത്തിലെ നസീർ പറയുന്നു. ചിലർ അരം‌പോലുള്ള ഉപകരണങ്ങളുപയോഗിച്ച് വൌച്ചുകൾ മൂർച്ചവെപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ തൃപ്തികരമായി ആ പണി ചെയ്യാൻ അവർക്കാവുന്നില്ലെന്ന് നസീർ കൂട്ടിച്ചേർത്തു.

എങ്ങിനെയെങ്കിലും ചെയ്ത് ഒപ്പിക്കണം”, അയാൾ പറയുന്നു.

PHOTO • Muzamil Bhat

'കുറഞ്ഞ കൂലിയും സാമഗ്രികളുടെ ദൌർല്ലഭ്യവും ചെയ്യുന്ന തൊഴിലിന് വിലയില്ലാതാവലുമാണ് ഞങ്ങൾക്ക് നേരിടേണ്ടിവരുന്നത്', ഒരു സാധാരണ ഷോളിൽനിന്ന് അനാവശ്യമായ നാരുകളും നൂലുകളും നീക്കിക്കൊണ്ടിരുന്ന നസീർ അഹമ്മദ് ഭട്ട് പറയുന്നു

PHOTO • Muzamil Bhat
PHOTO • Muzamil Bhat

ഇടത്ത്: നസീർ ഒരു അരം ഉപയോഗിച്ച് വൌച്ചിന്റെ മൂർച്ച കൂട്ടുന്നു. ശരിയായ രീതിയല്ല അത്. പഷ്മിന ഷോളുകളിലെ നൂലുകൾ മാറ്റാനുള്ള മൂർച്ചയുണ്ടോ എന്ന് പരിശോധിക്കുന്ന നസീർ

“നോക്കൂ, ഈ വൌച്ചിനുപോലും മൂർച്ചയില്ല”, വർക്ക്ഷോപ്പിൽ നസീറിന്റെ അടുത്തിരുന്ന ആഷിഖ് അഹമ്മദ് പറയുന്നു. താൻ പിടിച്ചിരിക്കുന്ന വൌച്ചിന്റെ പല്ലുകൾ അയാൾ കാണിച്ചുതന്നു. “ദിവസത്തിൽ 2-3 ഷോളുകളിൽ കൂടുതൽ ചെയ്യാൻ എനിക്ക് പറ്റില്ല. ഒരു ദിവസം ഏറിവന്നാൽ 200 രൂപയാണ് എനിക്ക് സമ്പാദിക്കാനാവുന്നത്”“, മൂർച്ച പോയ വൌച്ചുകളുപയോഗിച്ച് ജോലി ചെയ്യുമ്പോൾ കൂടുതൽ സമയമെടുക്കും. നല്ല മൂർച്ചയുള്ള വൌച്ചുണ്ടെങ്കിൽ, വേഗതയും കൃത്യതയുമുണ്ടാവും. കൂടുതൽ സമ്പാദിക്കാനുമാവും. ദിവസത്തിൽ 500 രൂപവരെ.

40 x 80 ഇഞ്ച് വലിപ്പമുള്ള സാധാരണ പഷ്മിന ഷോളുകൾക്ക്, പുരസ്ഗാറുകൾക്ക് ഒന്നിന് 50 രൂപവെച്ച് ലഭിക്കും. ‘കനി’ എന്ന് വിളിക്കുന്ന അലങ്കാരപ്പണികളുള്ള ഷോളാണെങ്കിൽ അവർക്ക് 200 രൂപയാണ് കിട്ടുക.

ഇത്തരം ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, പുരസ്ഗാറുകളെ, ഹാൻഡിക്രാഫ്റ്റ്സ് ആൻഡ് ഹാൻഡ്‌ലൂം വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്യിപ്പിക്കാനുള്ള ഒരു ശ്രമം സംസ്ഥാന സർക്കാർ തുടങ്ങി. ഈ വർഷം മാർച്ച്-ഏപ്രിലിൽ തുടങ്ങാൻ ഉദ്ദേശിച്ച രജിസ്ട്രേഷൻ വഴി, “പുരസ്ഗാറുകൾക്ക് സാമ്പത്തിക പിന്തുണ ലഭിക്കാൻ എളുപ്പമാകും” എന്ന് വകുപ്പിന്റെ ഡയറക്ടറായ മഹ്‌മൂദ് അഹമ്മദ് പറയുന്നു.

രജിസ്ട്രേഷനിലൂടെ നല്ല ദിനങ്ങൾ വാഗ്ദാ‍നം ചെയ്യുന്നുണ്ടെങ്കിലും, നിലവിൽ പുരസ്ഗാറുകൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ്.

PHOTO • Muzamil Bhat
PHOTO • Muzamil Bhat

ഇടത്ത്: വൌച്ചുപയോഗിച്ച് പിഴുതെടുത്ത നൂലുകൾ മാറ്റാൻ, ഒരു പുരസ്ഗാർ ഉണങ്ങിയ ഒരു ചുരയ്ക്കയുടെ തൊണ്ടെടുത്ത് പഷ്മിന ഷോളുകൾ ബ്രഷ് ചെയ്യുന്നു. വലത്ത്: രാവിലെമുതൽ ജോലി ചെയ്ത് മാറ്റിയ നൂലുകൾ കാണിച്ചുതരുന്ന, ആഷിഖ് എന്ന പുരസ്ഗാർ

PHOTO • Muzamil Bhat
PHOTO • Muzamil Bhat

ഇടത്ത്: ഖുർഷിദ് അഹമ്മദ് ഭട്ട് ഒരു കനി ഷോളിൽ ജോലി ചെയ്യുന്നു. 40 x 80 ഇഞ്ചിന്റെ സാധാരണ വലിപ്പത്തേക്കാൾ വലിയ ഷോളുകളാണെങ്കിൽ, രണ്ട് പുരസ്ഗാറുകൾ ഒരുമിച്ച് തറിയിൽ ജോലി ചെയ്യും

ഈ തൊഴിൽ ചെയ്താൽ, സ്ഥിരമായ ഒരു വരുമാനം ലഭിക്കില്ലെന്ന് ചെറുപ്പക്കാരായ പല പുരസ്ഗാറുകളും ഭയപ്പെടുനു. “വേറെ നല്ല അവസരങ്ങൾ കിട്ടിയാൽ ഞാൻ അതിലേക്ക് മാറും”, ഫിറോസ് അറയുന്നു. “45-ആം വയസ്സിൽ ഞാൻ വിവാഹം കഴിക്കാൻ പോവുകയാണെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ? ഇത്ര കുറച്ച് വരുമാനമുള്ള ഒരു പുരസ്ഗാറിനെ വിവാഹം ചെയ്യാൻ ആരും ആഗ്രഹിക്കില്ല. വേഗം വേറെ വല്ല തൊഴിലിലേക്കും മാറുന്നതാണ് നല്ലത്”, ഫിറോസിന്റെ ഒരു സഹപ്രവർത്തകൻ പറയുന്നു.

ആ രണ്ട് പുരസ്ഗാറുകളും പറയുന്നത് ഇത്രനേരവും കേട്ടുകൊണ്ടിരുന്ന 62 വയസ്സായ ഫയാസ് അഹമ്മദ് ഷല്ല ഇടയിൽ കയറി പറയുന്നു “അതത്ര എളുപ്പമല്ല”. 12 വയസ്സുമുതൽ ഈ ജോലി ചെയ്തിരുന്ന ഫയാസ് പുരസ്ഗാരിയെക്കുറിച്ച് ഗൃഹാതുരത്വത്തോടെയാണ് പറയുന്നത്. “ഞാൻ ഈ തൊഴിൽ എന്റെ ഉപ്പ ഹബീബ്-ഉള്ള ഷലയിൽനിന്നാണ് പഠിച്ചത്. ശ്രീനഗറിന്റെ ചുറ്റുവട്ടത്തുള്ള മിക്ക പുരസ്ഗാറുകളും ഈ തൊഴിൽ പഠിച്ചത് എന്റെ ഉപ്പയിൽനിന്നാണ്”

അനിശ്ചിതത്വത്തെ മുന്നിൽ കാണുമ്പോഴും ഈ പുരസ്ഗാരി ഉപേക്ഷിക്കാൻ ഫയാസിന് മടിയാണ്. “മറ്റ് തൊഴിലുകളെക്കുറിച്ച് എനിക്കൊന്നും അറിയില്ല”, ആ ആശയത്തെ തള്ളിക്കൊണ്ട് അയാൾ പറയുന്നു. “എനിക്ക് ആകെ അറിയാവുന്നത് പുരസ്ഗാരിയാണ്”, തഴക്കം വന്ന ഒരു കൈചലനത്തിലൂടെ, വിലകൂടിയ ഒരു പഷ്മിന ഷോളിൽനിന്ന് ഒരു നാര് പിഴുതെടുത്തുകൊണ്ട് അദ്ദേഹം പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Muzamil Bhat

Muzamil Bhat is a Srinagar-based freelance photojournalist and filmmaker.

Other stories by Muzamil Bhat
Editor : Dipanjali Singh

Dipanjali Singh is an Assistant Editor at the People's Archive of Rural India. She also researches and curates documents for the PARI Library.

Other stories by Dipanjali Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat