“ഞാനും എന്റെ കുഞ്ഞും ജീവനോടെയുണ്ടാവുമോ എന്ന് ആ ഉച്ചയ്ക്ക് എനിക്ക് തീർച്ചയുണ്ടായിരുന്നില്ല. വെള്ളപ്പോക്ക് തുടങ്ങിയിരുന്നു. പരിസരത്തൊന്നും ഒരു ആശുപത്രിയോ ആരോഗ്യപ്രവർത്തകയോ ഉണ്ടായിരുന്നില്ല. സിം‌ലയിലേക്ക് പോവുന്ന ഒരു ജീപ്പിനകത്ത് പ്രസവവേദനയിലായിരുന്നു ഞാൻ. കാത്തിരിക്കാൻ സമയമുണ്ടായിരുന്നില്ല. അവിടെവെച്ചുതന്നെ ഞാൻ പ്രസവിച്ചു. ഒരു ബൊലേറോ വണ്ടിയുടെ ഉള്ളിൽ‌വെച്ച്”. ആറുമാസത്തിനുശേഷം 2022 ഏപ്രിലിൽ ഈ റിപ്പോർട്ടർ അവരെ കാണുമ്പോൾ, മടിയിൽ തന്റെ കുഞ്ഞിനെയുമിരുത്തി, അനുരാധ മെഹ്തോ (യഥാർത്ഥ പേരല്ല) ആ ദിവസത്തെക്കുറിച്ച് വ്യക്തമായി ഓർത്തെടുത്തു.

“വൈകീട്ട് മൂന്നുമണിയായിരുന്നു. വെള്ളപ്പോക്ക് തുടങ്ങിയയുടൻ എന്റെ ഭർത്താവ് ആശാപ്രവർത്തകയായ ചേച്ചിയെ വിളിച്ചു. 15-20 മിനിറ്റിനുള്ളിൽ അവരെത്തി. അവർ ആംബുലൻസ് വിളിക്കുന്നത് എനിക്കോർമ്മയുണ്ട്. നല്ല മഴയുള്ള ദിവസമായിരുന്നു. 10 മിനിറ്റിനുള്ളിൽ വരാമെന്ന് ആംബുലൻസുകാർ പറഞ്ഞു. പക്ഷേ ഞങ്ങളുടെ സ്ഥലത്തെത്താൻ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലുമെടുക്കുമെന്ന് എനിക്കറിയാമായിരുന്നു. മുപ്പതുകളിലേക്കെത്താൻ തുടങ്ങുന്ന അനുരാധ പറയുന്നു. മഴക്കാലത്ത് റോഡുവഴിയുള്ള യാത്ര വളരെ അപകടം പിടിച്ചതായിരുന്നു.

കുടിയേറ്റത്തൊഴിലാളിയായ ഭർത്താവിനും, മൂന്ന് മക്കളോടുമൊപ്പം, ഹിമാചൽ പ്രദേശിലെ കോട്ടി ഗ്രാമത്തിലെ മലമ്പ്രദേശത്തുള്ള ഒരു കൂരയിലായിരുന്നു അവൾ താമസിച്ചിരുന്നത്. ബിഹാറിലെ ഭഗൽ‌പുർ ജില്ലയിലുള്ള ഗോപാൽ‌പുർ സ്വദേശികളാണ് അവർ.

ഭർത്താവിനോടൊപ്പം ജീവിക്കാൻ, സിം‌ല ജില്ലയിലെ മഷോർബ ബ്ലോക്കിലുള്ള കോട്ടിയിലേക്ക് അനുരാധ എത്തിയത് 2020-ലാണ്. “സാമ്പത്തികബുദ്ധിമുട്ടുകൾകൊണ്ടാണ് ബിഹാറിലെ ഗ്രാമത്തിൽനിന്ന് ഞങ്ങൾക്ക് ഇങ്ങോട്ടേക്ക് വരേണ്ടിവന്നത്. രണ്ട് സ്ഥലത്തും വാടക കൊടുക്കാൻ ബുദ്ധിമുട്ടായിരുന്നു. അനുരാധയുടെ 38 വയസ്സുള്ള ഭർത്താവ് റാം മെഹ്തോ (യഥാർത്ഥപേരല്ല), ഒരു നിർമ്മാണസ്ഥലത്ത് കൽ‌പ്പണിക്കാരനായി ജോലിയെടുക്കുന്നു. തൊഴിലിടങ്ങൾ ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കും. ഇപ്പോഴത്തെ പണിസ്ഥലം, അവരുടെ തകരക്കൂരയുടെ തൊട്ടുമുൻപിലായിട്ടാണ്.

സാധാരണ ദിവസങ്ങളിൽ‌പ്പോലും വീട്ടിലേക്ക് ആംബുലൻസെത്താൻ ബുദ്ധിമുട്ടാണ്. 30 കിലോമീറ്റർ അകലെയുള്ള ജില്ലാ തലസ്ഥാനമായ സിം‌ലയിലെ കമലാ നെഹ്രു ഹോസ്പിറ്റലിൽനിന്നാണെങ്കിൽ, ആംബുലൻസെത്താൻ ഒന്നരമണിക്കൂറോ, രണ്ടുമണിക്കൂറോ എടുക്കും. മഴയും മഞ്ഞുമുള്ള ദിവസങ്ങളിലാണെങ്കിൽ അതിലിരട്ടിയും.

Anuradha sits with six-month-old Sanju, outside her room.
PHOTO • Jigyasa Mishra
Her second son has been pestering her but noodles for three days now
PHOTO • Jigyasa Mishra

ഇടത്ത്: വീടിന് പുറത്ത് ഇരിക്കുന്ന അനുരാധയും ആറുമാസം പ്രായമുള്ള സഞ്ജുവും. വലത്ത്: രണ്ടാമത്തെ മകൻ ശല്യപ്പെടുത്തുന്നുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ മൂന്ന് ദിവസമായി ഉത്സാഹം കെട്ടിരിക്കുന്നു

അനുരാധയുടെ വീടിന്റെ ഏഴ് കിലോമീറ്ററപ്പുറത്ത് ഒരു സാമൂഹികാരോഗ്യകേന്ദ്രം (സി.എച്ച്.സി.) ഉണ്ടെങ്കിലും, സമീപത്തുള്ള ഗ്രാമങ്ങളിലെയും ഊരുകളിലേയും ആളുകൾക്കുവേണ്ടിയുള്ള ആ കേന്ദ്രത്തിൽ ആംബുലൻസടക്കം അടിസ്ഥാനസൌകര്യങ്ങൾപോലുമില്ലെന്ന്, ആശാപ്രവർത്തകയായ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) റീനാ ദേവി പറയുന്നു. അതിനാൽ, ആരും അവിടേക്ക് പോകാറുമില്ല. “ഞങ്ങൾ 108-ലേക്ക് വിളിച്ചാൽ, ഒറ്റവിളിക്കൊന്നും ആംബുലൻസ് വരില്ല. ഒരു ആംബുലൻസ് കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. സ്വന്തം നിലയ്ക്ക് വണ്ടി സംഘടിപ്പിക്കാനാണ് അവർ പറയുക”, റീനാ ദേവി കൂട്ടിച്ചേർത്തു.

ഒരു ഒബ്സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റും, 10 സ്റ്റാഫ് നഴ്സുകളുമുള്ള ഒരു സാമൂഹികാരോഗ്യകേന്ദ്രത്തിന് പ്രസവസംബന്ധമായ അടിയന്തിരചികിത്സകളും, സിസേറിയനുകളും മറ്റും നടത്താൻ സാധാരണനിലയ്ക്ക് കഴിയേണ്ടതാണ്. അടിയന്തിരസേവനങ്ങൾ, ദിവസം മുഴുവൻ ലഭിക്കണമെന്നാണ് നിയമവും. എന്നാൽ, കോട്ടിയിലെ സാമൂഹികാരോഗ്യകേന്ദ്രം വൈകീട്ട് ആറുമണിയോടെ അടയ്ക്കും. പകൽ‌സമയത്തുപോലും ഒരു ഗൈനക്കോളജിസ്റ്റും അവിടെ ലഭ്യവുമല്ല.

“പ്രസവമുറി ഇപ്പോൾ ഉപയോഗിക്കേണ്ടിവരാത്തതിനാൽ, ജോലിക്കാർക്കുവേണ്ടിയുള്ള അടുക്കളയായി അത് മാറ്റിയിരിക്കുകയാണ്”, ഗ്രാമത്തിലെ ഒരു കടയുടമയായ ഹരീഷ് ജോഷി പറയുന്നു. “എന്റെ സഹോദരിക്കും അനുഭവിക്കേണ്ടിവന്നു. ഒടുവിൽ, വീട്ടിൽ‌വെച്ച്, വയറ്റാട്ടിയുടെ സഹായത്തോടെയായിരുന്നു പ്രസവം. അത് മൂന്ന് വർഷം മുമ്പായിരുന്നു. ഇപ്പോഴും അതുതന്നെയാണ് സ്ഥിതി. സാമൂഹികാരോഗ്യകേന്ദ്രം തുറന്നാലും ഇല്ലെങ്കിലും വ്യത്യാസമൊന്നുമില്ല”, അയാൾ പറയുന്നു.

ഗ്രാമത്തിലെ വയറ്റാട്ടിയെക്കൊണ്ട് അനുരാധയ്ക്ക് സഹായമൊന്നുമുണ്ടായില്ലെന്ന് റീന പറയുന്നു. “മറ്റ് ജാതിക്കാരുടെ വീടുകളിൽ പോകാൻ അവർക്കിഷ്ടമല്ല. അതുകൊണ്ടാണ് ആദ്യമേത്തന്നെ ആശുപത്രിയിൽ പോകാൻ ഞങ്ങൾ തീരുമാനിച്ചത്” അവർ കൂട്ടിച്ചേർത്തു. പ്രസവത്തിനായി പോവുമ്പോൾ അനുരാധയെ, റീന അനുഗമിച്ചിരുന്നു.

“20 മിനിറ്റ് കാത്തിരുന്നതിനുശേഷം, വേദന കൂടിയപ്പോൾ ആശാപ്രവർത്തക ഭർത്താവിനോട് ആലോചിച്ചതിനുശേഷം എന്നെ സിംലയിലേക്ക് ഒരു വാടകവണ്ടിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചു”, അനുരാധ പറയുന്നു. ഒരുഭാഗത്തേക്ക് മാത്രം, 4,000 രൂപയായിരുന്നു വാടക. പക്ഷേ പുറപ്പെട്ട്, 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ പിൻ‌സീറ്റിലിരുന്ന് പ്രസവിച്ചു”, എന്നാലും, പൂർത്തിയാകാത്ത യാത്രയ്ക്ക് മുഴുവൻ പൈസയും അവർക്ക് കൊടുക്കേണ്ടിവരികയും ചെയ്തു.

Reena Devi, an ASHA worker in the village still makes regular visits to check on Anuradha and her baby boy.
PHOTO • Jigyasa Mishra
The approach road to Anuradha's makeshift tin hut goes through the hilly area of Koti village
PHOTO • Jigyasa Mishra

ഇടത്ത്: അനുരാധയേയും ആൺകുട്ടിയേയും പരിശോധിക്കാൻ ഇപ്പോഴും റീനാ ദേവി എന്ന ഗ്രാമത്തിലെ ആശാപ്രവർത്തക പോകാറുണ്ട്. വലത്ത്: കോട്ടി ഗ്രാമത്തിലെ മലമ്പ്രദേശത്തുകൂടിയാണ് അനുരാധയുടെ താത്ക്കാലിക കൂരയിലേക്കുള്ള വഴി

“കഷ്ടി മൂന്ന് കിലോമീറ്റർ പോവുന്നതിനുമുൻപാണ് പ്രസവിച്ചത്. ഭാഗ്യത്തിന് കുറച്ച് നല്ല തുണിയും, വെള്ളത്തിന്റെ കുപ്പികളും, ഉപയോഗിക്കാത്ത ഒരു ബ്ലേഡും എന്റെ കൈയ്യിലുണ്ടായിരുന്നു. ദൈവത്തിന് നന്ദി. അതിനുമുമ്പൊരിക്കലും ഞാൻ പൊക്കിൾക്കൊടി മുറിച്ചിട്ടില്ലായിരുന്നു. എങ്ങിനെയാണ് ചെയ്യുന്നതെന്ന് കണ്ടിട്ടുണ്ടെങ്കിലും. അങ്ങിനെ, ഞാനന്നത് ആദ്യമായി ചെയ്തു”, റീന പറയുന്നു.

ഭാഗ്യംകൊണ്ടുമാത്രമാണ് അനുരാധ ആ രാത്രിയെ അതിജീവിച്ചത്.

മാതൃമരണങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ഗണ്യമായ പുരോഗതിയുണ്ടായിട്ടും, ഗർഭകാലത്തും, പ്രസവസമയത്തും ദിവസം‌പ്രതി 800 സ്ത്രീകൾ ലോകമൊട്ടുക്ക് മരിക്കുന്നുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ .യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ഭൂരിഭാഗവും സംഭവിക്കുന്നത്, തുച്ഛ-ഇടത്തരം വരുമാനങ്ങളുള്ള രാജ്യങ്ങളിലാണ്. ആഗോളതലത്തിലെ മാതൃമരണങ്ങളിൽ, ഇന്ത്യയുടെ പങ്ക് 12 ശതമാനമാണ്.

ഇന്ത്യയിലെ മാതൃമരണ അനുപാതം (എം.എം.ആർ) – 100,000 പ്രസവങ്ങളിൽ മരിക്കുന്ന സ്ത്രീകളുടെ എണ്ണം – 2017-19-ൽ 103 ആയിരുന്നു. 2030 ആവുമ്പോഴേക്കും മാതൃമരണനിരക്ക് 70-ലേക്കോ അതിൽത്താഴേക്കോ കൊണ്ടുവരിക എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യത്തിൽനിന്ന് (സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് ഗോൾ, അഥവാ, എസ്.ഡി.ജി) ഏറെ ദൂരം അകലെയാണ് ഈ സംഖ്യ. ആരോഗ്യ, സാമൂഹ്യ-സാമ്പത്തിക വികസനത്തിന്റെ മുഖ്യസൂചകമാണ് ഈ അനുപാതം. എണ്ണത്തിലുള്ള വർദ്ധന സൂചിപ്പിക്കുന്നത്, വിഭവങ്ങളുടെ അസന്തുലിതാവസ്ഥയാണ്.

ഹിമാചൽ പ്രദേശിലെ മാതൃമരണങ്ങളുടെ സ്ഥിതിവിവരക്കണക്ക് എളുപ്പം ലഭ്യമല്ല. നീതി ആയോഗിന്റെ എസ്.ഡി.ജി. ഇന്ത്യാ ഇൻഡെക്സ് 2020-21 പ്രകാരം, സംസ്ഥാനത്തിന്റെ പദവി തമിഴ്നാടിനോടൊപ്പം രണ്ടാം സ്ഥാനത്താണെങ്കിലും, അവിടുത്തെ ഗ്രാമപ്രദേശങ്ങളിലെ വിദൂരസ്ഥമായ മലമ്പ്രദേശങ്ങളിൽ ദാരിദ്ര്യത്തിൽ കഴിയുന്ന സ്ത്രീകളുടെ ആരോഗ്യകാര്യം അതിൽ ശരിയായി പ്രതിഫലിക്കുന്നില്ല.

അനുരാധയുടെ ഭർത്താവ് റാം ഒരു സ്വകാര്യ സ്ഥാപനത്തിൽ നിർമ്മാണത്തൊഴിലാളിയായി ജോലിചെയ്യുകയാണ്. പണിയുള്ള സമയമാണെങ്കിൽ, “മാസത്തിൽ, ഏകദേശം 12,000 രൂപ സമ്പാദിക്കും, അതിൽനിന്ന് 2,000 രൂപ വാടകയിനത്തിലും പോവും”, അനുരാധ പറയുന്നു.

“ഈ സാധനങ്ങളെല്ലാം ഞങ്ങളുടെ സ്വന്തമാണ്”, വീട്ടിനകത്തേക്ക്  ഞങ്ങളെ ക്ഷണിച്ചുകൊണ്ട്, 8 x 10 അടി വലിപ്പമുള്ള മുറിയിലെ, ഒറ്റക്കട്ടിലും, പാത്രങ്ങളും തുണിക്കഷണങ്ങളും നിറച്ച, കട്ടിലായി മാറ്റാവുന്ന ഒരു അലൂമിനിയും പെട്ടിയും കാണിച്ചുകൊണ്ട് അവർ തുടർന്നു, “ഞങ്ങൾക്ക് സമ്പാദ്യമൊന്നുമില്ല. അടിയന്തിരമായി എന്തെങ്കിലും ചികിത്സയോ മറ്റോ വേണ്ടിവന്നാൽ, ഭക്ഷണവും മരുന്നും കുട്ടികൾക്കുള്ള പാലും വെട്ടിക്കുറച്ച്, കടം വാങ്ങിവേണം പണം കണ്ടെത്താൻ”.

Anuradha inside her one-room house.
PHOTO • Jigyasa Mishra
They have to live in little rented rooms near construction sites, where her husband works
PHOTO • Jigyasa Mishra

ഇടത്ത്: അനുരാധ, തന്റെ ഒറ്റമുറി വീടിന്റെ അകത്ത്. വലത്ത്: ഭർത്താവിന്റെ ജോലിക്കനുസരിച്ച്, പണിസ്ഥലങ്ങൾക്കടുത്തുള്ള വാടകമുറികളിലാണ് അവരുടെ ജീവിതം

2021-ൽ ഗർഭം ധരിച്ചതോടെ അവരുടെ ദുരിതം വർദ്ധിച്ചു. പ്രത്യേകിച്ചും കോവിഡ്-19 കൂടി രാജ്യത്ത് പടർന്നുപിടിച്ചതോടെ. റാമിന് തൊഴിലൊന്നുമുണ്ടായിരുന്നില്ല. ശമ്പളമെന്ന പേരിൽ 4,000 രൂപ മാത്രമായിരുന്നു അയാൾക്ക് കിട്ടിക്കൊണ്ടിരുന്നത്. ബാക്കിയുള്ള പണംകൊണ്ടുവേണം, വാടക കൊടുക്കാനും ജീവിക്കാനും എന്ന സ്ഥിതിയായി. ആശാപ്രവർത്തകയായ ചേച്ചി അയൺ, ഫോളിക്ക് ആസിഡ് ടാബ്ലറ്റുകൾ കൊടുത്തുവെങ്കിലും, ദൂരവും ചിലവും കൂടുതലായതിനാൽ, മാസം‌തോറുമുള്ള ഗർഭകാല പരിശോധനകൾക്കൊന്നും പോകാൻ സാധിച്ചില്ല.

“സാമൂഹികാരോഗ്യകേന്ദ്രം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ, മാനസികസമ്മർദ്ദമൊന്നുമില്ലാതെ പ്രസവിക്കാനും, ടാക്സിക്ക് 4,000 രൂപ കൊടുക്കാതിരിക്കാനും അനുരാധയ്ക്ക് കഴിഞ്ഞേനേ. സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രസവത്തിനുമാത്രമായി ഒരു മുറിയുണ്ടെങ്കിലും, അത് ഇപ്പോൾ പ്രവർത്തനക്ഷമമല്ല” റീന പറയുന്നു.

“കോട്ടിയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രസവസൌകര്യങ്ങളില്ലാത്തതിനാൽ, സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഞങ്ങൾക്കറിയാമെങ്കിലും, ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാൽ, ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല”, സിം‌ല ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസറായ സുരേഖ ചോപ്പ്ഡ പറയുന്നു. “പ്രസവങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ ഗൈനക്കോളജിസ്റ്റോ, നഴ്സോ, ശുചീകരണത്തൊഴിലാളികളോ ഒന്നും അവിടെയില്ല. കോട്ടിപോലുള്ള ഗ്രാമീണപ്രദേശങ്ങളിൽ നിയമിക്കപ്പെടാൻ ഡോക്ടർമാർക്ക് ആഗ്രഹവുമില്ല. രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളിലേയും ജില്ലകളിലേയും യാഥാർത്ഥ്യമാണ് ഇത്”. അവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിലെ സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ എണ്ണം, 2005-ൽ 66 ആയിരുന്നത് 2020 ആവുമ്പോഴേക്കും 85 ആയി വർദ്ധിച്ചിരുന്നു. 2005-ൽ 3,550 വിദഗ്ദ്ധ ഡോക്ടർമാർ ഉണ്ടായിരുന്നത്, 2020-ൽ 4,957 ആയും വർദ്ധിച്ചും. ഇതൊക്കെയായിട്ടും, ഹിമാചൽ പ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ ഒബ്സ്റ്റെട്രീഷ്യൻ-ഗൈനക്കോളജിസ്റ്റുകളുടെ കുറവ്94 ശതമാനമാണെന്ന് 2019-20-ലെ റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് സൂചിപ്പിക്കുന്നു. മറ്റൊരു വാക്കിൽ പറഞ്ഞാൽ, 85 ഒബ്സ്റ്റെട്രീഷ്യൻ-ഗൈനക്കോളജിസ്റ്റുകൾ ആവശ്യമുള്ളിടത്ത്, നിലവിൽ 5 പേർ മാത്രമേ ഉള്ളൂ എന്ന്. ഗർഭിണികളായ സ്ത്രീകളെ സംബന്ധിച്ച്, ഇത് ഭൌതികവും, വൈകാരികവും സാമ്പത്തികവുമയ കടുത്ത സമ്മർദ്ദത്തിന് വഴിവെക്കുന്ന ഒന്നാണ്.

അനുരാധയുടെ വീട്ടിൽനിന്ന് ആറ് കിലോമീറ്റർ അകലെ താമസിക്കുന്ന, 35 വയസ്സുള്ള ഷീല ചൌഹാനും, 2020 ജനുവരിയിൽ, മകളെ പ്രസവിക്കുന്നതിന് സിം‌ലയിലെ സ്വകാര്യാശുപത്രിയിലേക്ക് പോകേണ്ടിവന്നു. “പ്രസവിച്ച് മാസങ്ങൾ കഴിഞ്ഞ് ഇപ്പോഴും എനിക്ക് കടമുണ്ട്”, ഷീല പാരിയോട് പറയുന്നു.

ഷീലയും, കോട്ടി ഗ്രാമത്തിൽ ആശാരിയായി ജോലിചെയ്യുന്ന ഭർത്താവ് ഗോപാൽ ചൌഹാനും അയൽക്കാരിൽനിന്ന് കടം വാങ്ങിയത്, 20,000 രൂപയാണ്. രണ്ടുവർഷം കഴിഞ്ഞ്, ഇന്നും അവർ 5,000 രൂപ അയൽക്കാർക്ക് തിരിച്ചുകൊടുക്കാനുണ്ട്.

PHOTO • Jigyasa Mishra
Rena Devi at CHC Koti
PHOTO • Jigyasa Mishra

ഇടത്ത്: വീടിന്റെ തൊട്ടടുത്ത്, റാം ഇപ്പോൾ ജോലി ചെയ്യുന്ന നിർമ്മാണസ്ഥലം. വലത്ത്: കോടിയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ മുമ്പിൽ നിൽക്കുന്ന റീനാ ദേവി

മുറിവാടക 5,000 രൂപയായിരുന്നതിനാൽ, ഒരു രാത്രിയിൽക്കൂടുതൽ സിംലയിലെ ആശുപത്രിയിൽ കഴിയാൻ ഷീലയ്ക്ക് സാധിച്ചില്ല. പിറ്റേന്ന്, അവരും, ഭർത്താവും കുഞ്ഞും 2,000 രൂപ വാടക കൊടുത്ത് ഒരു സ്വകാര്യ ടാക്സിയിൽ കോട്ടിയിലേക്ക് മടങ്ങി.. വീടിനടുത്തുള്ള വഴിയിലെല്ലാം മഞ്ഞ് നിറഞ്ഞതിനാൽ, ലക്ഷ്യസ്ഥാനത്തേക്ക് കാറിന് എത്താൻ കഴിഞ്ഞതുമില്ല. “ആ രാത്രിയെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും മേലാസകലം പൊട്ടിത്തരിക്കും. കനത്ത മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. പ്രസവം കഴിഞ്ഞ ആ പിറ്റേന്ന്, മുട്ടറ്റം മഞ്ഞിലാണ് നടക്കേണ്ടിവന്നത്”, ഷീല പറയുന്നു.

“ആ സാമൂഹികാരോഗ്യകേന്ദ്രം പ്രവർത്തനക്ഷമമായിരുന്നെങ്കിൽ, പൈസയും ചിലവാക്കി സിം‌ലയിലേക്ക് പോകേണ്ടിവരുമായിരുന്നില്ല ഞങ്ങൾക്ക്. പ്രസവം കഴിഞ്ഞ് പിറ്റേന്ന് എന്റെ ഭാര്യയ്ക്ക് മഞ്ഞിലൂടെ നടക്കേണ്ടിയും വരില്ലായിരുന്നു”, ഗോപാൽ കൂട്ടിച്ചേർത്തു.

ആ സാമൂഹികാരോഗ്യകേന്ദ്രം തരം‌പോലെ പ്രവർത്തിച്ചിരുന്നെങ്കിൽ, ഷീലയ്ക്കും അനുരാധയ്ക്കും, ജനനീ ശിശു സുരക്ഷാ കാര്യക്രമം പദ്ധതിയനുസരിച്ച്, പൂർണ്ണമായും സൌജന്യമായ ആരോഗ്യസേവനങ്ങൾ കിട്ടുമായിരുന്നു. ഈ സർക്കാർ പദ്ധതിയനുസരിച്ച്, എല്ലാ പൊതുജനാരോഗ്യകേന്ദ്രങ്ങളിലേയും, സിസേറിയനടക്കമുള്ള പ്രസവങ്ങൾ പൂർണ്ണമായും സൌജന്യമാണ്. അതിനും പുറമേ, ആശുപത്രിയിലേക്കുള്ള യാത്രയും, പതിവായുള്ള വിവിധ പരിശോധനകളും, ആവശ്യമായ മറ്റ് മരുന്നുകളും അനുബന്ധ പോഷകഭക്ഷണവും, വേണ്ടിവന്നാൽ അടിയന്തിരഘട്ടങ്ങളിൽ രക്തം‌പോലും അവർക്ക് കിട്ടുമായിരുന്നു. ഒരുപൈസപോലും ചിലവില്ലാതെ. പക്ഷേ എല്ലാം കടലാസ്സിൽ ത്രം അവശേഷിക്കുന്നു.

“രണ്ട് ദിവസം പ്രായമായ മകളെ ഓർത്ത്, ആ രാത്രി ഞങ്ങൾ വല്ലാതെ പേടിച്ചു. ആ തണുപ്പിൽ അവൾ മരിച്ചേനേ”, ഗോപാൽ പറയുന്നു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത് എഴുതുക.

പരിഭാഷ : രാജീവ് ചേലനാട്ട്

Jigyasa Mishra

Jigyasa Mishra is an independent journalist based in Chitrakoot, Uttar Pradesh.

Other stories by Jigyasa Mishra
Illustration : Jigyasa Mishra

Jigyasa Mishra is an independent journalist based in Chitrakoot, Uttar Pradesh.

Other stories by Jigyasa Mishra
Editor : Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat