സമയം രാവിലെ മൂന്നുമണിയായിരുന്നു. ഓറഞ്ച് നിറമുള്ള ഒരു ടർപ്പാളിൻ കുടിലിന്റെ വെളിയിലിരുന്ന് നന്ദിനി, അവളുടെ കൂട്ടുകാരി കാണിച്ചുകൊടുക്കുന്ന മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ, സ്വന്തം മുഖത്ത് ചായമിടുന്നു.
ലളിതമായ ഒരു പരുത്തിത്തുണി ധരിച്ച ആ 18 വയസ്സുകാരി ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിവാഹിതയാവാൻ പോവുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അവളും അവളുടെ പ്രതിശ്രുതവരൻ 21 വയസ്സുള്ള ജയറാമും അവരുടെ കുടുംബക്കാരോടും സുഹൃത്തുക്കളോടുമൊപ്പം, ബംഗ്ലാമേടിൽനിന്ന് (ഔദ്യോഗികമായി ചെറുക്കനൂർ ഇരുളർ കോളനി) മാമല്ലാപുരത്തെത്തിയത്. ചെന്നൈയുടെ തെക്കുഭാഗത്തുള്ള കടൽതീരത്ത് താത്ക്കാലികമായി കെട്ടിയുയർത്തിയ കൂടാരങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ഇരുള കുടുംബങ്ങളിലൊന്നാണ് തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽനിൻ വന്ന ഈ സംഘം.
ഹ്രസ്വകാലം മാത്രം നീണ്ടുനിൽക്കുന്ന തീരദേശ തമിഴ് നാട്ടിലെ തണുപ്പുകാലം വേനലിന് വഴിമാറുന്ന മാർച്ച് മാസങ്ങളിൽ മാമല്ലപുരത്തെ (പണ്ട് മഹാബലിപുരമെന്ന് അറിയപ്പെട്ടിരുന്ന സ്ഥലം) സ്വർണ്ണ മണൽത്തരികൾ വർണ്ണാഭമാകാറുണ്ട്. മരക്കൊമ്പുകളിൽ സാരികളും ടർപ്പാളിനുകളും ഞാത്തിക്കെട്ടിയ താത്ക്കാലിക കൂടാരങ്ങളെക്കൊണ്ട് ആ ദിവസങ്ങളിൽ കടൽത്തീരം നിറയും.
സാധാരണയായി നാട്ടിലും വിദേശത്തുമുള്ള വിനോദസഞ്ചാരികളെക്കൊണ്ട് നിറയാറുള്ള ഈ കടൽത്തീരം അപ്പോൾ ഇരുളസമുദായക്കാരെക്കൊണ്ട് നിറഞ്ഞുകവിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, മാസി മഗം ഉത്സവം ആഘോഷിക്കാൻ വരുന്നവരാണവർ. അതീവ ദുർബ്ബല ഗോത്രവിഭാഗക്കാരായ (പി.വി.ടി.ജി) ഇരുളരുടെ ജനസംഖ്യ 2 ലക്ഷത്തിനടുത്താണ് (2013-ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ് ഇൻ ഇന്ത്യ ). തമിഴ് നാട്ടിലെ ഏതാനും ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി ചിതറിക്കിടക്കുകയാണ് ഈ വിഭാഗക്കാർ.
കണ്ണിയമ്മ ദേവതയെ ആരാധിക്കാൻ, തമിഴ് മാസമായ മാസിയിൽ (ഫെബ്രുവരി-മാർച്ച്) ഇരുളരുടെ സംഘം മാമല്ലപുരത്തെത്തുന്നു. ആ ഗോത്രവിഭാഗം ആരാധിക്കുന്ന ഏഴ് കന്യകാദേവതകളിൽ ഒരാളാണ് കണ്ണിയമ്മ. ഹൈന്ദവ ജ്യോതിഷപ്രകാരം, മഗം എന്നത് ഒരു നക്ഷത്രത്തിന്റെ പേരാണ്
“അമ്മ ദേഷ്യപ്പെട്ട് കടലിലേക്ക് പോകുമെന്ന് ഞങ്ങളുടെ മുതിർന്നവർ പറയാറുണ്ട്”, ജയറാമിന്റെ അമ്മമ്മ വി. സരോജ പറയുന്നു. “അപ്പോൾ, തിരിച്ചുവരാൻ ഞങ്ങൾ അമ്മയോട് പ്രാർത്ഥിക്കുന്നു. ദേഷ്യം അടങ്ങി, അവർ വീട്ടിലേക്ക് തിരിച്ചെത്തും”, അവർ വിശദീകരിക്കുന്നു.
ആ കടൽത്തീരത്ത് താമസിക്കുന്ന നാലോ അഞ്ചോ ദിവസം, ഇരുളർ കടലിൽ പോയി മീൻ പിടിക്കുകയും, ചുറ്റുവട്ടത്തെ പൊന്തകളിൽനിന്നും ഒച്ച്, എലികൾ, പക്ഷികൾ എന്നിവയെ വേട്ടയാടി കൊന്നുതിന്നുകയും ചെയ്യുന്നു.
നായാട്ടും, ഭക്ഷിക്കാവുന്ന ചെടികൾക്കായുള്ള അന്വേഷണവുംസമീപത്തെ കാടുകളിൽനിന്ന് വിറകുകളും ഔഷധസസ്യങ്ങളും ശേഖരിക്കലുമൊക്കെയാണ് ഇരുളരുടെ പരമ്പരാഗത ജീവിതശൈലി. (വായിക്കുക: ബംഗ്ലാമേടിൽ ഭൂമിക്കടിയിലെ നിധികൾ കണ്ടെടുക്കുമ്പോൾ )
കാടുകൾ കുറഞ്ഞ്, അവയുടെ സ്ഥാനത്ത് നിർമ്മാണങ്ങളും കൃഷിയിടങ്ങളും വരികയും, കോളനികൾക്ക് ചുറ്റുവട്ടങ്ങളിലെ കാടുകളിലേക്കും തടാകങ്ങളിലേക്കും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ ഇരുളർക്ക് ഉപജീവനത്തിനായി കൂലിപ്പണി, കൃഷിപ്പണി, നിർമ്മണജോലികൾ, ഇഷ്ടികക്കളങ്ങൾ, എം.എൻ.ആർ.ഇ.ജി.എ (ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 100 ദിവസത്തെ ജോലി ഉറപ്പാക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) സൈറ്റുകൾ എന്നിവയെ ആശ്രയിക്കേണ്ടിവരുന്നു. വിഷപ്പാമ്പുകളെ പിടിച്ച്, പ്രതിരോധവിഷം തയ്യാറാക്കാനുള്ള ലൈസൻസ് ചിലർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ആ ജോലി വല്ലപ്പോഴും മാത്രം കിട്ടുന്ന ഒന്നായതുകൊണ്ട് അതിനെ മാത്രം ആശ്രയിച്ച് ജീവിക്കാനാവില്ല.
ചെന്നൈയിലെ വളർന്നുകൊണ്ടിരിക്കുന്ന ഒരു ചുറ്റുവട്ടമായ മണപ്പക്കത്തുനിന്നുള്ള തീർത്ഥാടനക്കാരിയാണ് അലമേലു. അവിടെ, ഒരു മാലിന്യക്കൂമ്പാരത്തിനടുത്താണ് അവരുടെ താമസം. എല്ലാ വർഷവും 55 കിലോമീറ്റർ യാത്ര ചെയ്ത് അമ്മന് വഴിപാടർപ്പിക്കാൻ എത്താറുണ്ട് അലമേലു എന്ന 45 വയസ്സുള്ള ദിവസക്കൂലിപ്പണിക്കാരി. “ചുറ്റും നോക്കൂ, ഇതുപോലെയാണ് ഞങ്ങൾ ഇത്രകാലവും ജീവിച്ചത്. മണ്ണിൽ. പല്ലിയും തേളുമൊക്കെയുണ്ടാവും. അതുകൊണ്ടാണ് അമ്മയ്ക്ക് ഞങ്ങൾ ഞങ്ങൾ വഴിപാടുകൾ മണ്ണിൽ വെച്ച് കൊടുക്കുന്നത്”, കൂടാരങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് അവർ പറയുന്നു.
സൂര്യോദയത്തിനും മണിക്കൂറുകൾക്ക് മുമ്പേ പ്രാർത്ഥനകൾ തുടങ്ങും. ആദ്യം എഴുന്നേൽക്കുന്നവർ, ഉറങ്ങുന്നവരുടെ കാലുകളിലും കൂടാരങ്ങളിലും തപ്പിത്തടയാതെ, പൂർണ്ണചന്ദ്രന്റെ വെളിച്ചത്തെ മാത്രം ആശ്രയിച്ച് കടൽത്തീരത്തേക്ക് നടക്കും. ഓരോ കുടുംബക്കാരും കടൽത്തീരത്ത്, പ്രാർത്ഥനയ്ക്കായി സ്വന്തം സ്ഥലം കണ്ടെത്തിയിടുണ്ടാവും.
“ഞങ്ങൾ മണ്ണുകൊണ്ട് ഏഴ് പടവുകൾ ഉണ്ടാക്കും. ഓരോ പടവിലും ദേവതയ്ക്കുവേണ്ടി പൂക്കളും നാളികേരവും വെറ്റിലയും പുഴുങ്ങിയ ചോറും, ശർക്കരയിട്ട അരിപ്പൊടിയും നേദിക്കും. തിരമാല വന്ന്, ആ നിവേദ്യങ്ങളൊക്കെ ഒഴുക്കിക്കളയുമ്പോൾ, അമ്മ, അഥവാ അമ്മൻ വന്ന് തങ്ങളെ അനുഗ്രഹിച്ചുവെന്ന് ഇരുളർ വിശ്വസിക്കുന്നു.
“അടത്തി കൊടുത്താ, യെത്തുക്കുവ” (അവളോട് ആജ്ഞാപിച്ചാൽ, അവൾ അനുസരിക്കും). ഒരു ദേവതയോട് ആജ്ഞാപിക്കുക എന്നത് പലർക്കും വിചിത്രമായി തോന്നാം. എന്നാൽ, ഇരുളരും അവരുടെ ദേവതയും തമ്മിലുള്ള അനന്യമായ ബന്ധം ഈമട്ടിലുള്ള ഒന്നാണ്.”അമ്മയോട് സംസാരിക്കുന്നതുപോലെയാണത്. അമ്മയോട് നമുക്ക് സ്വതന്ത്രമായി ഇടപഴകാമല്ലോ”, ഇരുള ആക്ടിവിസ്റ്റായ മണികണ്ഠൻ പറയുന്നു.
ആചാരങ്ങൾക്കിടയ്ക്ക് ദേവത ചിലരുടെ ശരീരത്തിൽ കയറുമെന്നൊരു വിശ്വാസം ഇരുളരുടെ ഇടയിലുണ്ട്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും അത്തരത്തിലുള്ള ഭക്തർ പൊതുവെ ധരിക്കുക. ദേവത ബാധിച്ച ചില പുരുഷന്മാർ സാരി ധരിക്കുകയും, തലയിൽ പൂക്കൾ ചൂടുകയും ചെയ്യുന്നു.
തിരുട്ടാണിയിൽനിന്നുള്ള ഇരുള ആക്ടിവിസ്റ്റാണ് മണികണ്ഠൻ. “ഞങ്ങൾക്ക് പൂജാരികളില്ല. അമ്മന്റെ ആത്മാവിനെ സ്വീകരിക്കാൻ തയ്യാറുള്ളവരൊക്കെ പൂജാരികളായി മാറുകയാണ് ചെയ്യുന്നത്”, 2023 നവംബറിൽ മരിച്ചുപോയ ആ ആക്ടിവിസ്റ്റ് പാരിയോട് പറഞ്ഞു.
2023 മാർച്ച് 7-ന് രാവിലെയാണ് നന്ദിനിയും ജയറാമും വിവാഹിതരായത്. ദേവതയുടെ ആത്മാവ് ശരീരത്തിൽ പ്രവേശിച്ച രണ്ട് സ്ത്രീകളാണ് ലളിതമായും വേഗത്തിലും വിവാഹകർമ്മങ്ങൾ പൂർത്തിയാക്കിയത്. കടൽത്തീരത്ത് ഉടനീളം പൂജാരിമാർ വിവാഹകർമ്മങ്ങൾ നടത്തുകയും കുട്ടികൾക്ക് പേരിടുകയും അവരെ അനുഗ്രഹിക്കുകയും, അരുൾവാക്ക്, അഥവാ, ദൈവവചനങ്ങൾ കേൾപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ജലത്തിനെ അമ്മനായി കണക്കാക്കുന്ന ഇരുളർ വെള്ളം വീടുകളിൽ കൊണ്ടുപോയി പൂജിക്കുകയും ചെയ്യുന്നു. കടലിൽനിന്ന് വെള്ളം പ്ലാസ്റ്റിക്ക് കുപ്പികളിൽ ശേഖരിച്ച്, വീടുകൾക്ക് ചുറ്റും തളിക്കുകയും ഉത്സവത്തിന് വരാൻ സാധിക്കാത്തവർക്ക് നൽകുകയും ചെയ്യുന്നു.
കടൽക്കാറ്റേറ്റ്, ദേവതയുടെ അനുഗ്രഹവും വാങ്ങി, ഇരുളർ തങ്ങളുടെ കൂടാരങ്ങൾ അഴിച്ചെടുക്കാൻ തുടങ്ങി. നവദമ്പതികളായ നന്ദിനിയും ജയറാമും സന്തോഷംകൊണ്ട് ചുവന്ന് തുടുത്തിരുന്നു. വിവാഹത്തിന്റെ മധുരസ്മരണകൾ അയവിറക്കാൻ ഈ വർഷവും (2024) ഇവിടേക്ക് തിരിച്ചുവരാനാണ് അവരുടെ ആഗ്രഹം.
പരിഭാഷ: രാജീവ് ചേലനാട്ട്