``ഈ പുതിയ  അക്കൌണ്ട് എനിക്കായി  ഞാന്‍ ഇവിടെ  തുറന്നാല്‍  രാജ്യത്ത് മറ്റെവിടെയും അത്  ഉപയോഗിക്കാമല്ലോ,'' സൌഹാര്‍ദ്ദപരമായി  ഇടപെട്ട  ബാങ്ക് മാനേജരോട്  അല്പം  ഭയത്തോടെ തന്നെയാണ്  ധീരജ് രേഹുവമന്‍സൂര്‍  അത് ചോദിച്ചത്.

സഞ്ജയ്‌ ആഷ്തുകാര്‍ ചിരിച്ചു കൊണ്ട്  തലയാട്ടി. ``ഞാന്‍  നിങ്ങള്‍ക്ക് ഒരു എടിഎം കാര്‍ഡ് തരും. നിങ്ങളുടെ സംസ്ഥാനത്തെ ഏതു ടൌണിലെ എ ടി എമ്മിലും  അതുപയോഗിക്കാം.'' അയാള്‍  പറഞ്ഞു.

``ഇതുപയോഗിച്ചാല്‍ എനിക്ക്  എന്തൊക്കെയാണ്  ഗുണം,'' ധീരജിലെ സംശയാലു സജീവമായി. ``എ ടി എം കാര്‍ഡ്‌ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നെനിക്കറിയില്ല. ഒപ്പിനു പകരം  വിരലടയാളം പതിക്കുന്നവര്‍ക്കും  ഇത് ഗുണകരമാണോ?''

ചോദ്യം  ന്യായമാണ് എന്നറിയാവുന്നതിനാല്‍ ബാങ്ക് മാനേജര്‍  ആണ്  ഇപ്പോള്‍ ആകുലനാകുന്നത്. താന്‍ സംസാരിക്കുന്നതില്‍  മൂന്നു പേര്‍ക്ക് എങ്കിലും  അക്ഷരാഭ്യാസം  ഇല്ല്ലെന്ന് അയാള്‍ക്ക്  അറിയാമായിരുന്നു. ആ ചോദ്യത്തിന്  എന്നെങ്കിലും ഉത്തരം ആകേണ്ട ബയോമെട്രിക്ക്  ഔറംഗാബാദിലെ അദുള്‍ ടൌണില്‍ ലഭ്യവുമല്ല.  എവിടെ എങ്കിലും  ഉണ്ടെങ്കില്‍  അവിടെ ഒന്നും  പ്രവര്‍ത്തനക്ഷമവും അല്ല. ഉത്തര്‍ പ്രദേശിലെ  ബഹ്രയിച്ച് ജില്ലയിലെ ധീരജിന്‍റെ വിദൂര ഗ്രാമത്തിലോ  ഗ്രാമീണ ലക്ക്നോവില്‍ അയാളുടെ  കുടുംബം നിലവില്‍  താമസിക്കുന്നിടത്തോ  ഒരു  എ ടി എം സേവനവും ലഭ്യമല്ലെന്ന്  മാനേജര്‍ക്ക്  അറിയാമായിരുന്നു.

``ഒരു ചെക്ക് ബുക്ക് കിട്ടുകയാണെങ്കില്‍ വിരലടയാളം പതിപ്പിച്ച് എനിക്കത് ഉപയോഗിക്കാമായിരുന്നു..''

``അയ്യോ..അത്  പറ്റില്ല. നോ ഫ്രില്‍സ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട്‌ ആയതിനാല്‍  ചെക്ക് ബുക്ക് തരുന്നതല്ല.''

ധീരജ്  കരയാനായി. ``എന്‍റെ കുടുംബത്തിന് ഞാന്‍ എങ്ങനെയാണ് പണം അയയ്ക്കേണ്ടത്? ഞാന്‍  ഇവിടെ നിക്ഷേപിച്ചാലോ ആ പണം  ഏതെങ്കിലും  വിധത്തില്‍  ലക്നോ വരെ  എത്തിയാലോ അതെങ്ങനെ കുടുംബാംഗങ്ങള്‍ക്ക് എടുക്കാനാകും. എന്തെങ്കിലും  പണം  എനിക്കെത്തിക്കാന്‍ ആയില്ലെങ്കില്‍  അവര്‍ പട്ടിണി കിടന്നു ചാകും...''

മഹാരാഷ്ട്രയിലെ അതുലില്‍ പണിയെടുക്കുന്ന പതിനൊന്ന് സാദാ കുടിയേറ്റ തൊഴിലാളികളില്‍ ഒരാളാണ് ധീരജ്. അയാളുടെതിനോട് സമാനമായ കുടുംബപ്പേര്‍ ഉള്ള  വേറെ നാലുപേര്‍ കൂടി  യു പി യില്‍  നിന്നും  ഉണ്ട്. മറ്റുള്ളവര്‍ അസ്സാം, ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍  നിന്നുള്ളവരാണ്. ഓരോരുത്തരും പ്രതിദിനം മുന്നൂറ്റി അമ്പത് രൂപ വീതം  നേടുന്നു.

ഈ ചെറിയ  തുകയില്‍ നിന്നും ഭക്ഷണം, താമസം, ഗതാഗതം, വസ്ത്രം  എന്നിവയുടെ  ചെലവുകള്‍  കിഴിച്ച്  ബാക്കി വരുന്നത് വേണം നാട്ടിലുള്ള കുടുംബക്കാര്‍ക്ക്‌  അയയ്ക്കാന്‍. നവംബര്‍ എട്ടിന് കറന്‍സി പ്രതിസന്ധി തുടങ്ങിയത് മുതല്‍ പ്രതിസന്ധി വേറെ ഒരു  രൂപം ആര്‍ജിക്കുകയായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ  അസോസിയേറ്റ് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്‍റെ അദുല്‍ ശാഖയില്‍ ആയിരുന്നു  ഞങ്ങള്‍. മാനേജര്‍ അടക്കം  സേവന സന്നദ്ധരായ ഒരുകൂട്ടം ബാങ്ക്  ജീവനക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക്  ബാങ്ക് അക്കൗണ്ട്‌ തുറക്കാനുള്ള  സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ടായിരുന്നു. പ്രവര്‍ത്തി സമയം  കഴിഞ്ഞിരുന്നിട്ടും ദുരിതവും  വേദനകളും  മാത്രം  ബാക്കിയുള്ള  ആ മനുഷ്യര്‍ക്ക്‌  സേവനം  നല്കാന്‍ ബാങ്ക് ജീവനക്കാര്‍  അവിടെ  ഉണ്ടായിരുന്നു. പുതിയ  ഇടപാടുകാരെ സംബന്ധിച്ച വെരിഫിക്കേഷന്‍ പ്രക്രിയ  ആ രാത്രിയില്‍ തന്നെ തീര്‍ക്കണം. പിറ്റേന്ന് അക്കൌണ്ടുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങണം. തൊട്ടു തലേന്ന്  സന്ദര്‍ശിച്ച  ഒസമാബാദ് ടൌണിലെ  സഹകരണ ബാങ്ക്  ഇത്തരം  ഇടപാട്കാരോട് തികഞ്ഞ അസഹിഷ്ണുതയാണ്  കാണിച്ചിരുന്നത്  എങ്കില്‍ അതില്‍  നിന്നും  ഏറെ വ്യത്യസ്തം  ആയിരുന്നു  ഈ ബാങ്കിലെ  സ്ഥിതി. ബാങ്കില്‍ അപ്പോള്‍ അവശേഷിച്ചിരുന്നത് മൈഗ്രന്‍റ് പതിനൊന്ന് എന്ന്  വിളിക്കാവുന്ന  ആ കൂട്ടം  മാത്രമായിരുന്നു. “അധിക  ജോലിഭാരം കൊണ്ട് സെര്‍വര്‍ തകരാറിലായി. അത് കൊണ്ട് സ്ഥിരം ജോലികള്‍  രാവിലെ  തന്നെ ബാധിക്കപ്പെട്ടു,'' ജീവനക്കാരില്‍  ഒരാള്‍  വിശദീകരിച്ചു. ഒരു പുതിയ  സെര്‍വര്‍ എത്തിയിട്ടുണ്ട്. അത് വേഗത്തില്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.

02-DSC00681-PS-BPL Migrant XI.jpg

എസ് ബി എച്  അദുൽ  ശാഖയിൽ വെരിഫിക്കേഷന് വേണ്ടി  കാത്തു  നിൽക്കുന്നവർ ഇടത്തു  നിന്നും വലത്തോട്ട്: റിങ്കു രഹുവമൻസൂർ, നോതൻ  പാണ്ട, ഉമേഷ് മുണ്ട, ബാപ്പി ദുലൈ, റാൻ  വിജയ് സിംഗ് . വെരിഫിക്കേഷൻ കഴിഞ്ഞാൽ അക്കൗണ്ടുകൾ നിലവിൽ വരും. എന്നാൽ  അവർ പോകുന്നിടങ്ങളിൽ എല്ലാം  ആ അക്കൗണ്ടുകൾ ഉപയോഗപെടുമോ?


“ബീഹാറിൽ എവിടെ ചെന്നാണ് ഞാൻ പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ  ചെയ്യേണ്ടത്?”റാൻ  വിജയ് സിംഗ് ചോദിക്കുന്നത് കേട്ടു . ജാമുയി ജില്ലയിൽ  നിന്നുള്ള അയാൾ കൂട്ടത്തിൽ ഏറ്റവും പഠിപ്പുള്ള  ആളാണ്. അവിടുത്തെ കെകെഎം  കോളജിൽ നിന്നും  ചരിത്രത്തിൽ  അയാൾ ബിരുദം എടുത്തിട്ടുണ്ട്.  ഏതു ദേശസാത്കൃത ബാങ്കിൽ  നിന്നും  അക്കൗണ്ടിൽ പണം നിക്ഷേപിക്കാം എന്ന മറുപടി അയാൾക്ക്‌ കിട്ടി.  എന്നാൽ  എ ടി എം  ഉള്ളിടത്തു് മാത്രമേ  പണം  പിൻവലിക്കാൻ  ആകൂ. മറ്റിടപാടുകൾക്ക്  അടുത്തുള്ള  ശാഖയിൽ തന്നെ പോകണം.

“ജാമുയി ജില്ലയിലെ  കൊനാൻ ഗ്രാമത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. എസ് ബി എച്ചിന്  ബീഹാറിൽ ബ്രാഞ്ച് ഉണ്ടെങ്കിൽ അത് പാറ്റ്നയിൽ ആയിരിക്കും. മറ്റിടപാടുകൾ നടത്താൻ ചുരുങ്ങിയത് നൂറ്റി  അറുപത് കിലോമീറ്റർ എങ്കിലും ഞാൻ യാത്ര ചെയ്യണം,'' സിംഗ് പരിതപിച്ചു.

ഉമേഷ് മുണ്ട വരുന്നത്  ആസാമിലെ ജോർഹട്ടിൽ നിന്നുമാണ്. ബാപ്പി കുമാർ ദുലൈയും നോതൻ  കുമാർ പാണ്ഡെയും വരുന്നത് പശ്ചിമ ബംഗാളിലെ പൂർബ മേദിനിപ്പൂർ ജില്ലയിലെ ആലിപ്പൂർ ഗ്രാമത്തിൽ  നിന്നും. റിങ്കു, വിജയ്, ദിലീപ്, സർവേഷ് എന്നിവർ എല്ലാം ധീരജിനെ പോലെ  ബഹ്റൈചിലെ  ഖജൂരിയ ഗ്രാമത്തിൽ നിന്നും ഉള്ളവരാണ് . എന്നാൽ അവരുടെ കുടുംബങ്ങളുടെ ബാങ്ക് ശാഖകൾ എല്ലാം ഗ്രാമീണ ലക്ക്നോവിലാണ് . സന്ദീപ് കുമാർ ശരിക്കും വരുന്നത് യുപിയിലെ ഔറയയിലുള്ള ജോഹ്‌റാൻപൂർ ഗ്രാമത്തിൽ നിന്നാണ്. എല്ലാവരും ദാരിദ്ര രേഖയുടെ താഴെ വരുന്നവർ. ``വർഷത്തിൽ എത്ര ദിവസം ഞങ്ങൾക്ക് വേലയും കൂലിയും ഉണ്ടാകും,'' അവർ ചോദിക്കുന്നു. ആ പതിനൊന്നു പേര് നല്ലൊരു  പങ്ക്  ദിവസങ്ങളും  ചെലവാക്കുന്നത് ജോലി  അന്വേഷിച്ചാണ്.

ഓരോരുത്തർക്കും പറയാൻ  കഥകളുണ്ട്. വ്യത്യസ്തമായ വാസ്തവ കഥകൾ. മഹാരാഷ്ട്രയിലേക്ക്  വരും വഴി അവർ പലയിടത്തു ജോലി ചെയ്തിരുന്നു.  റാൻ വിജയ് സിംഗ് ആന്ധ്രയിലും മധ്യപ്രദേശിലും ജോലി ചെയ്തു. ഉമേഷ് മുണ്ടയും മധ്യ പ്രദേശിൽ ജോലി ചെയ്തു.  ദുലൈ , പാണ്ട എന്ന രണ്ടു ബംഗാളികൾ മൂന്നു സംസ്ഥാനങ്ങളിൽ അടിമ ജോലി ചെയ്തിട്ടാണ് വരുന്നത്. എന്നാലിപ്പോൾ  അതൊന്നും  അല്ല അവരുടെ പ്രശ്നം. വീടുകളിൽ എങ്ങനെ പണം എത്തിക്കും  എന്നതാണ് അവരുടെ  പ്രശ്നം. നാട്ടിലേക്ക്  മടങ്ങണമോ  അതോ പുതുതായി കണ്ടെത്തിയ തൊഴിൽ സ്‌ഥലത്തു  ഉറച്ചു നിൽക്കണമോ എന്നതാണ് അവരെ ഇപ്പോൾ അലട്ടുന്ന പ്രശ്‌നം .


03-PS-BPL Migrant XI.jpg

യൂ പിയിലെ ഔറയ്യയിൽ നിന്നുള്ള  സന്ദീപ് കുമാർ (ഇടത്) പറയുന്നത് പത്തൊൻപത് വയസ്സായി എന്നാണ്. എന്നാൽ കാഴ്ചയിൽ കുറെക്കൂടി  ചെറുപ്പമായി തോന്നിക്കുന്നു. ചരിത്രത്തിൽ ബി രുദമുള്ള  റാൻ വിജയ് സിംഗ് (വലത്)  ബീഹാറിലെ ജാമുയിയിൽ നിന്നുള്ള  തൊഴിലാളിയാണ്


ആൾ  ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് സ്റ്റാഫ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി  ജഗദീഷ് ഭവ്‌താങ്കർ ബാങ്ക് ജീവനക്കാരുടെ  വിഷമസ്ഥിതി വിവരിച്ചു.  “മുഴുവൻ  ശ്രദ്ധയും അസാധു  കറൻസികൾ  നിക്ഷേപിക്കുന്നതിലും മാറ്റി നൽകുന്നതിലും ആയതോടെ പൊതു ബാങ്കിങ് പ്രവർത്തനങ്ങൾ നിലച്ചു.  ബാങ്കുകളും  പോസ്റ്റ് ഓഫിസുകളും ഉപയോഗിച്ച് സാധാരണ മട്ടിൽ ജനങ്ങൾ നടത്തിയിരുന്ന  പണമയക്കൽ  രീതികൾ തകർന്നു. ബാങ്കുകളുടെ ഇതര സേവന സംവിധാനങ്ങളും ഇല്ലാതായി. അസാധു നോട്ടുകൾ  സ്വീകരിക്കുക, പകരം നോട്ടുകൾ നൽകുക എന്നതിൽ മാത്രമായി ശ്രദ്ധ.”

“കയ്യിൽ  പണം ഇല്ലാതെ ഞങ്ങൾ എങ്ങനെ മണി ഓർഡറുകൾ അയക്കും/''  ബാപ്പു ദുലായി ചോദിച്ചു.  ആ പതിനൊന്നു പേരിൽ ഓരോരുത്തർക്കും സർക്കാർ അഞ്ഞൂറും ആയിരവും നോട്ടുകൾ അസാധുവാക്കിയതോട് കൂടി ലോകം  കീഴ്മേൽ മറിഞ്ഞു. പുതിയ  രണ്ടായിരം രൂപാ നോട്ടു  അവരെ കുപിതരാക്കുന്നു.

“ആർക്കും  ഇത് വേണ്ട,”പാണ്ട പറയുന്നു.  “ഇത്  ചുക്കിനും  ചുണ്ണാമ്പിനും പറ്റില്ല,” സിംഗ്  കൂട്ടിച്ചേർത്തു. “ഇത്  യഥാർത്ഥ പണം ആണെന്ന് പോലും തോന്നില്ല. ആരും ഇത് സ്വീകരിക്കുന്നില്ല,'' ധീരജ് പറഞ്ഞു. ഒരു ബാങ്കിൽ നിന്നും  ചില പഴയ ചെളിപിടിച്ച  നൂറുരൂപ നോട്ടുകൾ  ധീരജിന്‌  കിട്ടിയിരുന്നു. മുൻപെന്നോ വിതരണം നിർത്തി പിടിച്ചു വച്ചിരുന്നവ വീണ്ടും ഇറക്കിയാണ്. പലരും അവ വാങ്ങാൻ വിസമ്മതിച്ചു. വൃത്തിയുള്ള നോട്ടുകളുമായി വരൻ  കടയുടമകൾ നിർബന്ധിച്ചു.

ഗ്രാമീണ കാൺപൂരിൽ ഔറയയ്ക്കടുത്തു  സന്ദീപ് കുമാറിന്റെ കുടുംബത്തിന് മൂന്ന് ഏക്കറോളം ഭൂമിയുണ്ട്. എന്നാലതിൽ ജീവിക്കുന്നത് ഒരു ഡസൻ ആളുകളാണ്.  “കൃഷി മൊത്തം നശിച്ചു. എങ്കിലും കാർഷിക പ്രവർത്തികൾ ഞങ്ങൾ തുടർന്ന് നടത്തിയിരുന്നു. ഇപ്പോൾ  ആരുടെ കയ്യിലും  പണമില്ല. ചെറിയ നോട്ടുകൾ കിട്ടാനില്ല. വലിയ നോട്ടുകൾ കിട്ടാൻ സാഹചര്യവും ഇല്ല. അഥവാ കിട്ടിയാൽ അവ മാറ്റി എടുക്കാൻ  സാഹചര്യവും ഇല്ല.”

പവർ  ഗ്രിഡ് കോർപ്പറേഷന്റെ  ഒരു  സബ് സ്റ്റേഷൻ നിർമിക്കാൻ ഉള്ള  ദിവസകൂലിക്കാർ  ആണ്  ആ പതിനൊന്നു പേരും.  പൊതുമേഖലാ സ്ഥാപനമാണ്. അത്  നേരിട്ട്  പണിക്കു എടുത്തിരുന്നെങ്കിൽ ഒരുപാട് ഗുണം ഉണ്ടാകുമായിരുന്നു. എന്നാൽ ഈ പൊതു മേഖലാ സ്ഥാപനം  ജോലി കോൺട്രാക്ട്  കൊടുത്തിരിക്കുകയാണ്. വലിയ  ലാഭം എടുത്തുമാറ്റിയ ശേഷമാണ്  കോൺട്രാക്ടർ കൂലി കൊടുക്കുന്നത്. ചുരുങ്ങിയത്  നാല്പത് ശതമാനം എങ്കിലും അയാളുടെ  പോക്കറ്റിൽ പോകുന്നു. ഇപ്പോൾ ആകട്ടെ  കൂലി പണമായല്ല ചെക്ക് ആയാണ് നൽകുന്നത്. കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു.

ഈ കുടിയേറ്റ  തൊഴിലാളികളെ ബാങ്കിലേക്ക് നയിച്ചത് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള  ഒരാളാണ്. കുറേക്കൂടി വിദ്യാഭ്യാസവും ഭാഗ്യവും ഉള്ള ഒരാൾ. ജാർഖണ്ഡിൽ നിന്നുള്ള ആദിവാസിയും പവർ  ഗ്രിഡ് എൻജിനീയറുമായ ഡാനിയേൽ കർക്കേട്ട. ആ തൊഴിലാളികളുടെ കൂട്ടായി അയാളുണ്ട്. വ്യത്യസ്തമായ  സാമൂഹ്യാവസ്ഥയിൽ നിന്നും ആണെങ്കിലും  അവരുടെ അവസ്ഥ  കർക്കേട്ട  മനസ്സിലാക്കുന്നുണ്ട്.  “ഞാനും  ഒരു കുടിയേറ്റ തൊഴിലാളിയാണ്,''അയാൾ ചിരിച്ചു.

ആ മനുഷ്യന്റെ സംരക്ഷണവും പരിചരണവും ലഭിക്കുന്ന ഒരു ശാഖയിൽ വന്നവർ എന്ന നിലയിൽ  അവർ ഭാഗ്യം ചെയ്തവരാണ്.

ഭാഗ്യം ചെയ്തവർ ഇവരാണ്  എങ്കിൽ  യഥാർത്ഥത്തിൽ ഭാഗ്യഹീനരായവരുടെ സ്ഥിതി എന്തായിരിക്കും.

ബീഡ് ജില്ലയിലെ  ഘട്ട്നന്ദൂർ ഗ്രാമത്തിൽ കുടിയേറ്റ തൊഴിലാളികളുടെ  അവസ്ഥ പ്രാദേശിക  സ്വതന്ത്ര പത്രപ്രവർത്തകൻ അമോൽ ജാദവ് കാണിച്ചു തന്നു. “കള്ളപ്പണം കൈവശം ഉണ്ടായിരുന്ന  അന്നാട്ടിലെ  ചില  വൻകിടക്കാർ ഇവരുടെ പേരുകളിൽ  ബാങ്ക് അക്കൗണ്ടുകൾ തുറന്നു. തൊഴിലാളികൾക്കുള്ള  തുച്ചമായ വേതനവും അതെ അക്കൗണ്ടുകളിൽ തന്നെയാണ് നിക്ഷേപിക്കുന്നത്. എന്നാൽ എ ടി എം കാർഡുകൾ  മുതലാളിമാർ പിടിച്ചു വച്ചിരിക്കുന്നു. ചില്ലറ ആനുകൂല്യങ്ങളും ചിലർ കൂട്ടത്തിൽ അനുവദിച്ചു  ബാങ്കിൽ ഇട്ടു കൊടുക്കുന്നുണ്ട്. പക്ഷെ അതിന്റെ നിയന്ത്രണവും അവരുടെ കൈകളിൽ തന്നെയാണ്. വേണം എന്ന് വച്ചാൽ ഉടമകൾക്ക് ആ തുകകളും കൈവശമാക്കാം. അവരാണ് അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത്.''

ചിത്രങ്ങൾ: പി സായ്‌നാഥ്

پی سائی ناتھ ’پیپلز آرکائیو آف رورل انڈیا‘ کے بانی ایڈیٹر ہیں۔ وہ کئی دہائیوں تک دیہی ہندوستان کے رپورٹر رہے اور Everybody Loves a Good Drought اور The Last Heroes: Foot Soldiers of Indian Freedom کے مصنف ہیں۔

کے ذریعہ دیگر اسٹوریز پی۔ سائی ناتھ
Translator : K.A. Shaji

کے اے شاجی کیرالہ میں مقیم ایک صحافی ہیں۔ وہ انسانی حقوق، ماحولیات، ذات، پس ماندہ برادریوں اور معاش پر لکھتے ہیں۔

کے ذریعہ دیگر اسٹوریز K.A. Shaji