“ഗരാവോ ജാവോ രാജ് കെ, കാം ഹോഗാ ഗജ്ജ് കെ [വയർ നിറച്ച് ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നും പുറപ്പെടുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ ദൗത്യത്തിൽ വിജയിയ്ക്കും].”
ഇതാണ് ഷാജഹാൻപൂരിൽ ലാങ്ങർ [ജാതി-മത-ലിംഗ-സാമ്പത്തിക ഭേദമെന്യേ ആവശ്യക്കാര്‍ക്കൊക്കെ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന സാമൂഹ്യ അടുക്കളയ്ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ സമാനമായി ഗുരുദ്വാരകള്‍/സിഖുകാര്‍ ഒരുക്കുന്ന ഒരു സംവിധാനമാണ് ലാങ്ങര്‍ ] നടത്തുന്ന ബിലാവൽ സിംഗിന്റെ ലളിതമായ ത്വശാസ്ത്രം. “വിശപ്പുള്ള പതിഷേധക്കാരെയാണ് ഈ സർക്കാർ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്”, പഞ്ചാബിയിൽ അദ്ദേഹം തുടർന്നു. “ആവശ്യത്തിന് ഭക്ഷണം കഴിയ്ക്കുന്ന പ്രതിഷേധക്കാരെ അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നു നമുക്കു കാണാം”.
രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലെ ആർബി ഗ്രാമത്തിൽ നിന്നുള്ള 32-കാരനായ ബിലാവലും അദ്ദേഹത്തിന്റെ 30-കാരനായ കസിൻ റഷ്വീന്ദർ സിംഗും ഡെൽഹിയ്ക്ക് തെക്ക് ഏകദേശം 120 കി.മീ. മാറി രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ തമ്പടിച്ചിരിയ്ക്കുന്ന ആയിരക്കണക്കിന് പ്രതിഷേധക്കാരിൽ നിന്നുള്ളവരാണ്.
പ്രധാനമായും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകരും നിരവധി കർഷക യൂണിയനുകളും ഈ വർഷം സെപ്റ്റംബറിൽ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ച മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ 26 മുതൽ ഡൽഹിയ്ക്കകത്തും പരിസര പ്രദേശങ്ങളിലും കുത്തിയിരിപ്പ് സമരത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന സൈറ്റുകളിലൊന്നാണിത്.
ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ തിടുക്കപ്പെടുകയും ചെയ്തു. ഈ നിയമങ്ങളെ കർഷകർ തങ്ങളുടെ ഉപജീവനത്തിന് വിനാശകരമായി കാണുന്നത്, എന്തുകൊണ്ടെന്നാൽ അവ വൻകിട കോർപ്പറേറ്റുകൾക്ക് കൂടുതൽ ഇടം ലഭിയ്ക്കാൻ അവസരമൊരുക്കുകയും അവയ്ക്ക് കർഷകരുടെയും കൃഷിക്കാരുടെയും മേൽ വലിയ അധികാരം ഉണ്ടാകാൻ കാരണമാവുക പോലും ചെയ്യും. മിനിമം താങ്ങ് വില, കാർഷികോൽപ്പന്ന വിപണന കമ്മിറ്റികൾ, സംസ്ഥാന സംഭരണം, അതിലപ്പുറം എന്തെങ്കിലും ഉണ്ടെങ്കില്‍ അതുള്‍പ്പെടെ കർഷകർക്ക് പ്രധാനമായും താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.
വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം , കാര്‍ഷിക ഉത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം , അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ അടിത്തറ തോണ്ടിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്നും വിമർശിയ്ക്കപ്പെടുന്നു.
“ഡിസംബർ മൂന്നാം വാരം മുതൽ ഞങ്ങൾ ഇവിടെ ലാങ്ങർ നടത്തുന്നു”, അന്നത്തെ ദിവസത്തേയ്ക്ക് ഉണ്ടാക്കിയ ഖാദി, പൂരി എന്നിവ നിറച്ച വലിയ പാത്രങ്ങൾക്കടുത്തിരുന്നു കൊണ്ട് ബിലാവൽ പറയുന്നു. “ഇതിന് മുമ്പ് ഞങ്ങൾ (പടിഞ്ഞാറൻ ഡൽഹിയിലെ) തിക്രി അതിർത്തിയിൽ ആയിരുന്നു”.
ഇതിന് കൂടുതൽ സഹായം ആവശ്യമുണ്ടെന്നു തോന്നിയപ്പോൾ ബിലാവലും റഷ്വീന്ദറും അവരുടെ അടിത്തറ ഷാജഹാൻപൂരിലേയ്ക്ക് മാറ്റി. ഒത്തുകൂടിയിരിയ്ക്കുന്ന സമരക്കാർക്ക് താരതമ്യേന മികച്ച വിഭവങ്ങൾ ലഭ്യമാക്കിയിട്ടുള്ള കുറച്ചുകൂടി വലിയ സൈറ്റുകളാണ് തിക്രിയും സിംഗുവും.
ഷാജഹാൻപൂരിൽ ഇപ്പോൾ അഞ്ച് ലാങ്ങറുകളാണ് പ്രവർത്തിയ്ക്കുന്നത്. അവയിൽ ഭൂരിഭാഗവും മറ്റു സൈറ്റുകളിൽ നിന്നും ഇങ്ങോട്ട് എത്തിച്ചിട്ടുള്ളതാണ്. “കൃഷി ഞങ്ങളുടെ മതമാണ്”, ബിലാവല്‍ പറയുന്നു. “ആളുകളെ ഊട്ടാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. കർഷകരും ഗുരുദ്വാരകളും [ഭക്ഷണം ഉണ്ടാക്കാനുള്ള] വകകൾ നൽകുന്നു”.
ഗോതമ്പ്, നെല്ല്, കടുക്, ചന, പരുത്തി എന്നിവയൊക്കെ കൃഷി ചെയ്യുന്ന 40 ഏക്കറുകൾ വീതം കൈവശമുള്ള ഈ ഈ കസിന് സഹോദരന്മാര് കാർഷിക നിയമങ്ങളെ തീക്ഷ്ണമായി എതിർക്കുന്നു- അവർ രേഖകൾ പഠിയ്ക്കുക മാത്രമല്ല സ്വന്തം അനുഭവങ്ങളിൽ നിന്നുകൂടി സംസാരിയ്ക്കുന്നു. വിവാദമായ നിയമങ്ങളില്‍ ഒന്ന്
കരാർ കൃഷി
യെക്കുറിച്ചുള്ളതും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കരാറിൽ ഏർപ്പെടുന്ന വലിയ കോർപ്പറേഷനുകളുടെ താൽപ്പര്യം സംരക്ഷിയ്ക്കുന്നതുമാണ്. ബിലാവലിന് ഇതേക്കുറിച്ച് കുറേ കാര്യങ്ങൾ അറിയാം.
2019 നവംബറിൽ അദ്ദേഹം പെപ്സികോയുമായി ബാർലി കൃഷി ചെയ്യുന്നതിനുള്ള ഒരു കരാറിൽ ഏർപ്പെടുകയും കമ്പനിയിൽ നിന്നും വിളകൾക്കു വേണ്ടിയുള്ള വിത്തുകൾ എത്തിയ്ക്കുകയും ചെയ്തു. “ക്വിന്റലിന് 1525 രൂപ നിരക്കിൽ അവ സംഭരിയ്ക്കാമെന്ന് അവർ എന്നോട് വാഗ്ദാനം ചെയ്യുകയും ചെയ്തു”, ബിലാവാൽ പറയുന്നു. “പക്ഷേ ഞാൻ വിളവ് എടുത്തപ്പോൾ (ഏതാണ്ട് 2020 ഏപ്രിലിൽ) ഗുണമേന്മ പോര, കൂടുതൽ സാമ്പിളുകൾ കാണണം എന്നൊക്കെ പറഞ്ഞ് അവർ എന്നെ രണ്ടു മാസം ഓടിച്ചു”.
ലോക്ക്ഡൗൺ കാരണം കുടിയ്ക്കുന്നത് കുറഞ്ഞതുകൊണ്ട് ബാർലി സ്റ്റോക്ക് ചെയ്യുന്നത് കമ്പനി കുറച്ചു എന്ന് ബിലാവൽ വിശ്വസിയ്ക്കുന്നു. “അതുകൊണ്ട് പെപ്സികോ അവർ പറഞ്ഞതിൽ നിന്നും പിൻവാങ്ങി”, അദ്ദേഹം പറയുന്നു. 2020 ജൂണിൽ പാദംപൂർ മണ്ടിയിലെ (തന്റെ ഗ്രാമം സ്ഥിതി ചെയ്യുന്ന താലൂക്ക്) തുറന്ന വിപണിൽ ക്വിന്റലിന് 1100 രൂപ നിരക്കിൽ ബാര്‍ലി വിൽക്കുന്നതിലേയ്ക്ക് ബിലാവൽ എത്തി.
താൻ വിളവെടുത്ത 250 ക്വിന്റൽ ബാർലി വിറ്റപ്പോൾ താൻ കണക്കു കൂട്ടിയതിലും 415 രൂപ വീതം ക്വിന്റലിന് കുറവായിരുന്നതു കൊണ്ട് ഒരു ലക്ഷം രൂപയാണ് ബിലാവലിന് നഷ്ടം വന്നത്. “ഏത് സാഹചര്യത്തിലും പരിഹാരം കാണുന്നതിനുള്ള സംവിധാനം അപര്യാപ്തമാണ്”, അദ്ദേഹം പറയുന്നു. “ഈ ബിൽ (പുതിയ നിയമം) അത് കൂടുതൽ മോശമാക്കുന്നു”.
“മഹാത്മാ ഗാന്ധിയും സർദാർ പട്ടേലും 1917-ൽ ബീഹാറിൽ നീലം കർഷകർക്കു വേണ്ടി പോരാടിയപ്പോൾ അവരും കരാർ കൃഷിയുടെ ഒരു രൂപത്തെ എതിർക്കുകയായിരുന്നു”, ചരിത്രത്തിൽ നിന്നും ചൂണ്ടിക്കാണിച്ചുക്കൊണ്ട് റഷ്വീന്ദർ പറയുന്നു. “മോദി രണ്ടു പേരെയും തന്റെ പ്രസംഗങ്ങളിൽ ഉദ്ധരിയ്ക്കുന്നു”, അദ്ദേഹം പറയുന്നു.
റഷ്വീന്ദര്‍ വേറെയും പാഠങ്ങള്‍ ചൂണ്ടിക്കാണിയ്ക്കുന്നു. “സ്വകാര്യവൽക്കരണത്തിനു ശേഷം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും എന്തു സംഭവിച്ചു?” അദ്ദേഹം ചോദിയ്ക്കുന്നു. “ഇന്ന് സർക്കാർ വിദ്യാലയങ്ങളുടെയും ആശുപത്രികയുടെയും അവസ്ഥ ഭീകരമാണ്. ആഭ്യന്തര മന്ത്രിയ്ക്ക് അസുഖം വന്നപ്പോൾ അദ്ദേഹവും സ്വകാര്യ ആശുപത്രിയിൽ പോയി. കൃഷിയെ സ്വകാര്യവത്കരിയ്ക്കുമ്പോൾ രാഷ്ട്രം അതിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിപ്പോവുകയാണ്.”
1999-2000-ൽ ബൊളീവിയയിൽ ജലവുമായി ബന്ധപ്പെട്ട് കലാപം ഉണ്ടാകാൻ കാരണം ജലവിതരണം സ്വകാര്യവത്കരിച്ചതു കൊണ്ടാണെന്ന ബൊളീവിയൻ ജല പ്രതിസന്ധിയെ ഉദാഹരിച്ചു കൊണ്ട് തന്റെ അഭിപ്രായത്തെ റഷ്വീന്ദർ വിശാലമാക്കുന്നു. “സ്വകാര്യവത്കരണം ഒരു പരിഹാരമല്ല”, അദ്ദേഹം പറയുന്നു. “ഈ സർക്കാർ പറഞ്ഞു കൊണ്ടിരിയ്ക്കുന്നത് കർഷകർ തെറ്റായി നയിയ്ക്കപ്പെടുന്നു എന്നാണ്. പക്ഷേ ഞങ്ങൾക്ക് കാര്യങ്ങൾ നന്നായി അറിയാം. നിങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നില്ലെങ്കില്‍ ഈ ലോകം നിങ്ങളെ തിന്നും.”
പുതിയ നിയമങ്ങളെക്കുറിച്ചുള്ള കർഷകരുടെ ഉത്കണ്ഠകൾക്കും അമർഷങ്ങൾക്കും ഇടയിലും റഷ്വീന്ദറിന്റെയും ബിലാവലിന്റെയും ലാങ്ങറിനെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധ സ്ഥലത്ത് കര്‍ഷകരുടെ ഐക്യം ഉള്ളതുകൊണ്ടു തന്നെ എല്ലായ്പ്പോഴും ഒരു ഉത്സവ പ്രതീതിയാണുള്ളത്. ചില കർഷകർ ഉച്ചത്തിൽ ട്രാക്ടറുകൾ പ്രവർത്തിപ്പിച്ചു കൊണ്ട് പഞ്ചാബി ഗാനങ്ങൾ ആലപിയ്ക്കുന്നു. മറ്റുള്ളവർ പ്രധാനമന്ത്രി നരേന്ദ്രാ മോഡിയെക്കുറിച്ചുള്ള പാരഡി ഗാനങ്ങൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. “ഞങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങൾ കളയാനാണ് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത്”, ബിലാവൽ വ്യക്തമാക്കുന്നു. “കർഷകർ ഇവിടെ കൂടിയിരിയ്ക്കുന്നത് സമരം ചെയ്യാനാണ്.” “ഓരോ ദിവസം കഴിയുന്തോറും ഇവിടെ കൂടിയിരിയ്ക്കുന്ന കർഷകർ ഈ സമരത്തെക്കുറിച്ച് കൂടുതൽ നിശ്ചയ ദാർഢ്യം ഉള്ളവർ ആവുകയേയുള്ളൂ”, റഷ്വീന്ദർ കൂട്ടിച്ചേർക്കുന്നു.
ഈ കസിന് സഹോദരന്മാരുടെ ലാങ്ങറിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ മാറി 54-കാരനായ ഗുരുദീപ് സിംഗ് വലിയൊരു പാത്രത്തിൽ റൊട്ടി ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു. അദ്ദേഹവും ഇങ്ങോട്ടു മാറുന്നതിനു മുമ്പ് തിക്രിയിൽ ഒരു ലാങ്ങർ നടത്തിയിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ മണ്ടോത്ത് തെഹ്സീലിൽ ഉള്ള അൽഫൂക്കേ ഗ്രാമത്തിൽ 40 ഏക്കർ കൈവശമുള്ള അദ്ദേഹം പുതിയ മൂന്നു നിയമങ്ങളും കർഷകർക്കുള്ള മരണ വാറന്റാണെന്നു പറയുന്നു. “ഞാൻ അരിയും ഗോതമ്പും കൃഷി ചെയ്യുന്നു”, അദ്ദേഹം പറയുന്നു. “എം.എസ്.പി. (മിനിമം താങ്ങു വില) ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതില്ലെങ്കിൽ ഞങ്ങൾ തീരും.”
പ്രക്ഷോഭം തുടങ്ങിയ ദിവസം മുതൽ ഗുരുദീപ് വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. “നവംബർ 26-ാം തീയതി ഞാൻ പോന്നതാണ്”, അദ്ദേഹം പറയുന്നു. “ഒരു മാസത്തിലധികമായി ഞാൻ എന്റെ ഭാര്യയേയോ കുട്ടികളേയോ കണ്ടിട്ടില്ല. അവർ എന്നെ വീഡിയോ കോൾ ചെയ്യുകയും വീട്ടിലേയ്ക്ക് തിരിച്ചു ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.“
എന്നിരിയ്ക്കിലും ഗുരുദീപ് മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്. നിയമങ്ങൾ പിൻവലിയ്ക്കുന്നതു വരെ അദ്ദേഹം പോകില്ല. “ഞാൻ അവരോട് (കുടുംബാംഗങ്ങളോട്) ഒരു മാല വാങ്ങാൻ ആവശ്യപ്പെട്ടിരിയ്ക്കുന്നു”, അദ്ദേഹം പറയുന്നു. “ഈ നിയമങ്ങൾ പിൻവലിയ്ക്കുകയാണെങ്കിൽ ഞാൻ തിരികെ ചെല്ലുമ്പോൾ അതെന്നെ അണിയിയ്ക്കുക. ഞാൻ ഇവിടെക്കിടന്ന് മരിയ്ക്കുകയാണെങ്കിൽ അതെന്റെ ഫോട്ടോയിൽ ചാർത്തുക.”
പരിഭാഷ: ഡോ. റെന്നിമോന്‍ കെ. സി.