പാരി ലൈബ്രറിയെ സംബന്ധിച്ചിടത്തോളം 2024 ഒരു നാഴികക്കല്ലാണ്. പരിരക്ഷിക്കുകയും ശേഖരിക്കുകയും ചെയ്ത വിഭവങ്ങളുടെ എണ്ണത്തിൽ റിക്കാർഡ് നേട്ടമാണ് കൈവരിച്ചത്. നിയമങ്ങളും വകുപ്പുകളും, പുസ്തകങ്ങളും, പ്രമേയങ്ങളും, ഉപന്യാസങ്ങളും, സമാഹാരങ്ങളും, പദസഞ്ചയങ്ങളും, സർക്കാർ റിപ്പോർട്ടുകളും, ലഘുലേഖകളും, സർവേകളും, ലേഖനങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, 2024 മറ്റ് പലതിനേയും കടത്തിവെട്ടുകയും ചെയ്തിരിക്കുന്നു. ഏറ്റവും ചൂട് കൂടിയ 2023-ന്റെ റിക്കാർഡിനെ മറികടന്ന വർഷമായിരുന്നു ഇത്തവണത്തേത്. കാലാവസ്ഥയിലുള്ള വ്യത്യാസം, ദേശാടന വർഗ്ഗങ്ങളെ ബാധിച്ചു. അവയിൽ അഞ്ചിലൊന്ന് ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. ഇന്ത്യയിലെ ഈർപ്പനിലങ്ങൾ - സ്പാംഗ്, ജീൽ, സരോവർ, തലാവ്, താൽ, കോല, ബിൽ, ചെറുവു തുടങ്ങിയ പേരുകളിലറിയപ്പെടുന്നവയെല്ലാം – ഭീഷണിയുടെ നിഴലിലാണ്.
മലിനീകരണവും ചൂടും തമ്മിലുള്ള ബന്ധങ്ങളെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ പ്രത്യേകിച്ചും, പാർട്ടിക്കിൾ മാറ്റർ (അന്തരീക്ഷത്തിലെ ദ്രവ്യങ്ങളും ദ്രാവകവും) മൂലമുള്ള വായുമലിനീകരണം വളരെ കൂടുതലായിരുന്നു. ഇന്ത്യയിൽ അതിന്റെ സാന്ദ്രത ഓരോ ക്യുബിക് മീറ്ററിലും 54.4 മൈക്രോഗ്രാമായിരിക്കുന്നു. ലോകാരോഗ്യസംഘടന നിജപ്പെടുത്തിയ അനുവദനീയമായ അളവിന്റെ 11 ഇരട്ടിയാണത്. ഇതിൽ ഏറ്റവും ഗുരുതരമായ അവസ്ഥ ന്യൂ ദില്ലിയിലാണ്. അവിടെ ഓരോ ക്യുബിക് മീറ്ററിലും 102.1 മൈക്രോഗ്രാമായിരുന്നു വായുമലിനീകരണം. വാഹനസേവനം നടത്തുന്ന ഒരു കമ്പനിയിലെ ഗിഗ് തൊഴിലാളിയുടെ അനുഭവത്തെക്കുറിച്ചുള്ള ഒരു കോമിക് പുസ്തകം പോലും ഈ വിഷയത്തിൽ പുറത്തുവരികയുണ്ടായി







