82-ാം വയസ്സിൽ ആരിഫ എല്ലാം കണ്ടു കഴിഞ്ഞു. ആധാർ കാർഡ് പ്രകാരം അവർ ജനിച്ചത് 1938 ജനുവരി ഒന്നിനാണ്. അത് കൃത്യമാണോയെന്ന് ആരിഫയ്ക്കറിയില്ല. പക്ഷെ 20 വയസ്സുകഴിഞ്ഞ റിസ്വാൻ ഖാൻ എന്നയാളുടെ രണ്ടാം ഭാര്യയായി ഹരിയാനയിലെ നൂഹ് ജില്ലയിലെ ബിവാൻ ഗ്രാമത്തിലേക്ക് 16-ാo വയസ്സിൽ എത്തി എന്നുള്ള കാര്യം അവർ ഓർമ്മിക്കുന്നു. "എന്‍റെ മൂത്ത സഹോദരിയും [റിസ്വാന്‍റെ ആദ്യ ഭാര്യ] ആറ് മക്കളും വിഭജനത്തെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിനെത്തുടർന്ന് എന്‍റെ അമ്മ എന്നെ റിസ്വാന് വിവാഹം കഴിച്ചു കൊടുത്തു”, ആരിഫ ഓർമ്മിക്കുന്നു (അവരുടെ യഥാർത്ഥ പേരല്ല).
മേവ് മുസ്ലീങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകരുതെന്ന് പറയാനായി മഹാത്മാ ഗാന്ധി മേവാതിലെ ഗ്രാമം സന്ദർശിച്ചതിനെക്കുറിച്ച് അവർക്ക് മങ്ങിയ ഓർമ്മയുണ്ട്. ഗാന്ധി നൂഹിലെ ഘാസേഡ ഗ്രാമം സന്ദർശിച്ചതിന്‍റെ ഓർമ്മ മേവാത് ദിവസമെന്ന പേരിൽ എല്ലാ ഡിസംബർ 19-നും ഹരിയാനയിലെ മേവ് മുസ്ലീങ്ങൾ ആചരിക്കുന്നു (2006 വരെ നൂഹിനെ മേവാത് എന്നു വിളിച്ചിരുന്നു).
റിസ്വാനെ എന്തുകൊണ്ട് വിവാഹം കഴിക്കണം എന്ന് ആരിഫയുടെ അമ്മ ആവശ്യപ്പെടുകയും വിശദീകരിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള ഓർമ്മ കുറച്ചുകൂടി വ്യക്തമാണ്. "അയാൾക്ക് ഒന്നും അവശേഷിക്കുന്നില്ല, എന്‍റെ അമ്മ പറഞ്ഞു. മേരി മാം നെ മുഝ്സെ ദിയാ ഫിർ [എന്‍റെയമ്മ പിന്നെ എന്നെ അദ്ദേഹത്തിനു നൽകി]", ബിവാൻ എങ്ങനെ തനിക്ക് വീടായി എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആരിഫ പറഞ്ഞു. തന്‍റെ ഗ്രാമമായ രേഠോഡയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാറിയാണ് ബിവാൻ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വികസന സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവയാണ് ജില്ലയിലെ രണ്ട് സ്ഥലങ്ങളും.
ദേശീയ തലസ്ഥാനത്തുനിന്ന് 80 കിലോമീറ്റർ അകലെ ഫിറോസ്പൂർ ഝിർക ബ്ലോക്കിലുള്ള ബിവാൻ സ്ഥിതി ചെയ്യുന്നത് ഹരിയാന രാജസ്ഥാൻ അതിർത്തിയായ അരാവലി മലനിരകളുടെ താഴ്വരയിലാണ്. ഡൽഹിയിൽ നിന്നും നൂഹിലേക്കുള്ള റോഡ് കടന്നു പോകുന്നത് തെക്കൻ ഹരിയാനയിലെ ഗുരുഗ്രാമിലൂടെയാണ്. പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുള്ള ഒരു സാമ്പത്തിക വ്യവസായിക കേന്ദ്രമാണ് ഗുരുഗ്രാം. രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള 44-ാമത്തെ ജില്ലയും അതുതന്നെയാണ്. ഇവിടുത്തെ പച്ചപ്പുള്ള പാടങ്ങളും വരണ്ടുകിടക്കുന്ന കുന്നുകളും ദുർബലമായ അടിസ്ഥാന സൗകര്യങ്ങളും ജലക്ഷാമവും ആരിഫയെപ്പോലുള്ള നിരവധി പേരുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നു.
ഹരിയാനയുടെ ഈ ഭാഗത്തും സമീപത്തുള്ള രാജസ്ഥാനിലെ ചില ഭാഗങ്ങളിലുമാണ് മേവ് മുസ്ലിം സമുദായം ജീവിക്കുന്നത്. നൂഹ് ജില്ലയിലെ ജനസംഖ്യയുടെ 79.2 ശതമാനവും മുസ്ലീങ്ങളാണ് ( 2011 സെൻസസ് )
1970’കളിൽ ആരിഫയുടെ ഭർത്താവ് റിസ്വാൻഖനികളിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ആരിഫയുടെ ലോകം മലകൾക്കിടയിലുള്ള പരിധിയിലൊതുങ്ങി. ബിവാനിൽ നിന്ന് നടക്കാൻ പറ്റുന്ന ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഖനികൾ മണ്ണ്, കല്ല്, സിലിക്ക എന്നിവയുടേതായിരുന്നു. അങ്ങനെ ആരിഫയുടെ പ്രധാന ജോലി വെള്ളം ശേഖരിക്കുക എന്നതായി. 22 വർഷങ്ങൾക്കു മുൻപ് റിസ്വാൻ മരിച്ചപ്പോൾ ആരിഫ തന്‍റെയും 8 മക്കളുടെയും ചിലവുകൾക്കായി പാടങ്ങളിൽ പണിയെടുക്കാൻ തുടങ്ങി. പ്രതിദിനം 10-20 രൂപയായിരുന്നു അന്ന് കൂലി. "ഞങ്ങളുടെ ആളുകൾ പറയുന്നത് നിങ്ങൾക്ക് പറ്റുന്നത്ര കുട്ടികൾ ഉണ്ടാവട്ടെ, അള്ളാ അവർക്ക് നൽകും എന്നാണ്”, അവർ കൂട്ടിച്ചേർത്തു.
അവരുടെ 4 പെൺമക്കൾ വിവാഹിതരായി വിവിധ ഗ്രാമങ്ങളിൽ താമസിക്കുന്നു. അവരിൽ മൂന്നുപേർ കർഷകകളാണ്. ഒരാൾ സ്വകാര്യ കൃഷിയിടത്തിൽ പണിയെടുക്കുന്നു. ആരിഫ തന്‍റെ ഒറ്റമുറിവീട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്നു. അവരുടെ ഏറ്റവും മൂത്ത മകന് 12 കുട്ടികളുണ്ട്. തന്നെപ്പോലെതന്നെ തന്‍റെ മരുമക്കളാരും ഒരു തരത്തിലുള്ള ഗർഭ നിരോധന മാർഗ്ഗങ്ങളും ഉപയോഗിച്ചിട്ടില്ലെന്ന് ആരിഫ പറഞ്ഞു. "12 മക്കൾക്കു ശേഷം അത് തനിയെ നിലച്ചു”, ആരിഫ പറഞ്ഞു. "ഗർഭ നിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ഞങ്ങളുടെ മതത്തിൽ ഒരു കുറ്റമായി കാണുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.
റിസ്വാൻ പ്രായാധിക്യംകൊണ്ട് മരിച്ചപ്പോൾ മേവാത് ജില്ലയിലെ നിരവധി സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരെ ക്ഷയരോഗം മൂലം നഷ്ടപ്പെട്ടു. ബിവാനിലെ 957 താമസക്കാർകൂടി ടി.ബി. മൂലം മരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവരിൽപ്പെട്ടതാണ് ബഹാറിന്‍റെ ഭർത്താവ് ഡാനിഷ് (രണ്ടുപേരുടെയും യഥാർത്ഥ പേരല്ല). 40 വർഷങ്ങളായി ബിവാനിൽ ബഹാര്‍ താമസിക്കുന്ന വീട്ടിൽവച്ച് ക്ഷയരോഗംമൂലം ആരോഗ്യം ക്ഷയിച്ച് 2014-ൽ ഭർത്താവ് മരിച്ചത് അവർ കണ്ടതാണ്. "അദ്ദേഹത്തിന് നെഞ്ച് വേദനയുണ്ടായിരുന്നു. പലപ്പോഴും ചുമയ്ക്കുമ്പോൾ രക്തം വരുമായിരുന്നു”, അവർ ഓർമ്മിച്ചു. ഏകദേശം 60 വയസ്സുള്ള ബഹാറിനും, അടുത്ത വീടുകളിൽ താമസിക്കുന്ന അവരുടെ രണ്ട് സഹോദരിമാർക്കും അതേവർഷം ടി.ബി.മൂലം. ഭർത്താക്കന്മാരെ നഷ്ടപ്പെട്ടു. "അങ്ങനെ സംഭവിക്കുന്നത് ഞങ്ങളുടെ വിധിയാണെന്നാണ് ആളുകൾ പറയുന്നത്. പക്ഷെ മലകളെയാണ് ഞങ്ങള്‍ ഇതിന് കുറ്റപ്പെടുത്തുന്നത്. ഈ മലകളാണ് ഞങ്ങളെ നശിപ്പിച്ചത്.”
(2002-ൽ ഫരീദാബാദിലും സമീപ പ്രദേശങ്ങളിലും വൻതോതിലുള്ള നശീകരണങ്ങൾ ഉണ്ടായതിനെത്തുടർന്ന് സുപ്രീം കോടതി ഹരിയാനയിൽ ഖനി പ്രവർത്തനങ്ങൾ നിരോധിച്ചു. സുപ്രീം കോടതിയുടെ നിരോധനം പ്രകൃതിക്ക് സംഭവിക്കുന്ന ദോഷവുമായി മാത്രം ബന്ധപ്പെടുന്നു. ഇത് ടി.ബി.യെക്കുറിച്ച് ഒന്നും പറയുന്നില്ല. ആഖ്യാനപരമായ വിവരണങ്ങളും ചില റിപ്പോർട്ടുകളും മാത്രമാണ് രണ്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്).
ജില്ല ഭരണ സിരാകേന്ദ്രത്തിൽ ബിവാനോട് വളരെ ചേർന്ന്, 7 കിലോമീറ്റർ അകലെ,സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ (പി.എച്.സി.) ജീവനക്കാരനായ പവൻകുമാർ ക്ഷയരോഗവുമായി ബന്ധപ്പെട്ട് 2019-ൽ വായിസ് എന്ന 45-കാരന്‍ മരിച്ചത് രേഖപ്പെടുത്തിയിരിക്കുന്നത് കാണിച്ചുതന്നു. രേഖകൾ പ്രകാരം ബിവാനിലെ മറ്റ് ഏഴ് പേർക്കുകൂടി ടി.ബി. അസുഖമുണ്ട്. "കൂടുതൽപേർ ഉണ്ടാകാം, പലരും ഇവിടുത്തെ പി.എച്.സി. സന്ദർശിക്കാത്തതുകൊണ്ടാണ്”, കുമാർ കൂട്ടിച്ചേർത്തു.
40-കാരിയായ ഫായിസയെ വായിസ് വിവാഹം കഴിച്ചിരുന്നു (അവരുടെ യഥാർത്ഥ പേരല്ല). "നൗഗാംവയിൽ ഒരു തൊഴിലും ലഭ്യമല്ല”, രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ തന്‍റെ ഗ്രാമത്തെക്കുറിച്ച് അവർ ഞങ്ങളോട് പറഞ്ഞു. “ഖനികളെക്കുറിച്ച് അറിഞ്ഞതിനു ശേഷം എന്‍റെ ഭർത്താവ് ബിവാനിലേക്ക് നീങ്ങി. ഒരുവർഷത്തിനു ശേഷം ഞാനുമദ്ദേഹത്തോടൊപ്പം നീങ്ങി. ഞങ്ങളവിടെ വീടുണ്ടാക്കി.” ഫായിസ 12 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മാസം തികയാതെ പ്രസവിച്ചതുകൊണ്ട് നാല് കുഞ്ഞുങ്ങൾ മരിച്ചു. "ഒരാൾ കഷ്ടിച്ച് ഇരിക്കാന്‍ പഠിച്ചതേയുള്ളൂ. എനിക്ക് മറ്റൊരുകുട്ടി കൂടിയുണ്ടായിരുന്നു”, അവർ പറഞ്ഞു.
പ്രതിമാസം 1,800 രൂപ വീതം ലഭിക്കുന്ന വിധവ പെൻഷൻ കൊണ്ടാണ് അവരും ആരിഫയും കഴിഞ്ഞുകൂടുന്നത്. അവർക്ക് വല്ലപ്പോഴുമാണ് ജോലി ലഭിക്കുന്നത്. "ജോലി ചോദിച്ചാൽ നിങ്ങൾക്ക് വയ്യെന്ന് ഞങ്ങളോട് പറയും. അവർ പറയും ഇത് 40 കിലോ ഉണ്ട്. കൈസെ ഉഠായേഗി യെ? [എങ്ങനെ ഇത് നിങ്ങൾ ഉയർത്തും?]”, എല്ലായ്പ്പോഴും കേൾക്കുന്ന നിന്ദാ വാക്കുകൾ അനുകരിച്ചുകൊണ്ട് 66 കാരിയായ വിധവ ഹാദിയ പറഞ്ഞു [അവരുടെ യഥാർത്ഥ പേരല്ല]. അതുകൊണ്ട് പെൻഷൻ കിട്ടുന്നതെല്ലാം കൂട്ടിവയ്ക്കുന്നു. നൂഹിലെ പി.എച്.സി.യിലേക്ക് പോകുന്നതിന് ഓട്ടോറിക്ഷാ കൂലി 10 രൂപയാണ്. അതുകൊണ്ട് ഏറ്റവും അടിസ്ഥാന മെഡിക്കൽ ആവശ്യങ്ങൾക്കുപോലും മുഴുവൻ ദൂരവും ഇരുവശത്തേക്കും നടന്ന് പണം ലാഭിക്കുന്നു.
കുട്ടിയായിരുന്ന ഹാദിയ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. അമ്മ ജോലിചെയ്തിരുന്ന ഹരിയാനയിലെ സോനീപതിലെ പാടങ്ങളാണ് തന്നെ എല്ലാം പഠിപ്പിച്ചതെന്ന് എന്ന് അവർ പറഞ്ഞു. 15 വയസുള്ളപ്പോൾ അവരെ ഫാഹിദിന് വിവാഹം കഴിച്ചുകൊടുത്തു. ഫാഹിദ് അരാവലി മലകളിലെ ഖനികളിൽ പണിയെടുക്കാൻ തുടങ്ങിയപ്പോൾ ഹാദിയയുടെ ഭർതൃമാതാവ് അവൾക്ക് പാടത്തെ കളകൾ നീക്കുന്നതിനായി ഒരു ഖുർപ (മുറിക്കാനുള്ള ഒരുപകരണം) നൽകി.
ഫാഹിദ് 2005-ൽ ക്ഷയരോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് ഹാദിയയുടെ ജീവിതം പാടത്ത് പണിയെടുക്കുക, കടം വാങ്ങുക, അത് തിരിച്ചടയ്ക്കുക എന്നത് മാത്രമായി മാറി. "ഞാൻ പകൽ പാട :ങ്ങളിൽ പണിയെടുത്ത് രാത്രിയിൽ കുട്ടികളെ നോക്കുന്നു. ഫകീർനി ജൈസി ഹാലത് ഹോ ഗയീ ഥീ [എന്‍റെ ജീവിതം ഒരു സന്യാസിയുടേതുപോലെ ചുരുങ്ങി]
"വിവാഹശേഷം ഒരുവർഷത്തിനകം ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകി. ഓരോ രണ്ടോ മൂന്നോ വർഷങ്ങൾ കൂടിയപ്പോൾ ബാക്കിയുള്ള കുട്ടികളും ഉണ്ടായി. പഹ്ലെ ക ശുദ്ദ് സമാനാ ഥാ [നേരത്തെ എല്ലാം ശുദ്ധമായിരുന്നു]”, പ്രത്യുത്പാദനപരമായ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയെയും പ്രത്യുൽപാദനപരമായ ഇടപെടലുകളെക്കുറിച്ച് തന്‍റെ കാലത്ത് അവബോധമില്ലാതിരുന്നതിനെയും പരാമർശശിച്ചു കൊണ്ട് 4 പെൺകുട്ടികളുടെയും 4 ആൺകുട്ടികളുടെയും മാതാവായ ഹാദിയ പറഞ്ഞു.
നൂഹിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ (സി.എച്.സി.) സീനിയർ മെഡിക്കൽ ഓഫീസറായ ഗോവിന്ദ് ശരണും ആ കാലത്തെപ്പറ്റി ഓർമ്മിക്കുന്നു. 30 വർഷങ്ങൾക്കു മുമ്പ് താൻ സി.എച്.സി. യിൽ ജോലി ചെയ്യാൻ ആരംഭിക്കുമ്പോൾ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കാൻ ആളുകൾക്ക് മടിയായിരുന്നു. ഇപ്പോൾ കാര്യങ്ങൾ തികച്ചും അങ്ങനെയല്ല. "നേരത്തെ ഞങ്ങൾ കുടുംബാസൂത്രണത്തെക്കുറിച്ച് പറയുമ്പോൾ കുടുംബങ്ങൾ ദേഷ്യപ്പെടുമായിരുന്നു. മേവ് സമുദായത്തിൽ ഇപ്പോൾ കോപ്പർ-റ്റി ഉപയോഗിക്കുന്നതിനുള്ള തീരുമാനങ്ങളെടുക്കുന്നത് പലപ്പോഴും ദമ്പതികളാണ്. പക്ഷെ ഇപ്പോഴും അത് കുടുംബത്തിലെ മുതിർന്നവരിൽ നിന്നും ഒളിച്ചുവയ്ക്കാൻ അവർ താല്പര്യപ്പെടുന്നു. പലപ്പോഴും സ്ത്രീകൾ പറയാറുണ്ട് ഇത് അവരുടെ ഭർത്താക്കന്മാരുടെ അമ്മമാരോട് പറയരുതെന്ന്”, ശരൺ കൂട്ടിച്ചേർത്തു.
ദേശീയ കുടുംബാരോഗ്യ സർവ്വേ-4 ( 2015-16) അനുസരിച്ച് നൂഹ് ജില്ലയിലെ (ഗ്രാമപ്രദേശങ്ങൾ) 15 മുതൽ 49 വയസ്സുവരെ പ്രായമുള്ള, നിലവിൽ വിവാഹിതരായിട്ടുള്ള, സ്ത്രീകളിൽ 13.5 ശതമാനം പേരാണ് ഏതെങ്കിലും തരത്തിലുള്ള കുടുംബാസൂത്രണ മാർഗങ്ങൾ ഉപയോഗിക്കുന്നത്. നൂഹ് ജില്ലയിലെ ആകെ പ്രത്യുല്പാദന നിരക്ക് (Total Fertility Rate – TFR) 4.9 ആണ് (2011 സെൻസസ് അനുസരിച്ച്). ഹരിയാന സംസ്ഥാനത്തിന്‍റെ 2.1 -മായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഉയർന്നതാണ്. നൂഹ് ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളിലെ 15 മുതൽ 49 വയസ്സു വരെ പ്രായമുള്ള സ്ത്രീകളിൽ 33.6 ശതമാനം മാത്രമാണ് സാക്ഷരരായിട്ടുള്ളവർ. 20 മുതൽ 24 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിൽ ഏതാണ്ട് 40 ശതമാനം പേർ 18 വയസ്സിന് മുൻപ് വിവാഹിതരായവരാണ്. 36.7 ശതമാനം സ്ത്രീകൾ മാത്രമേ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രസവിച്ചിട്ടുള്ളൂ.
നൂഹ് ജില്ലയുടെ ഗ്രാമപ്രദേശങ്ങളിലെ കഷ്ടിച്ച് 1.2 ശതമാനം വരുന്ന സ്ത്രീകൾ മാത്രമാണ് കോപ്പർ-റ്റി പോലെയുള്ള ഇൻട്രായൂട്ടറൈൻ മാർഗങ്ങൾ ഉപയോഗിക്കുന്നത്. "ഒരാളുടെ ശരീരത്തിൽ അത്തരം വസ്തുക്കൾ നിക്ഷേപിക്കുന്നത് തങ്ങളുടെ മതത്തിന് എതിരാണെന്നാണ് എല്ലായ്പ്പോഴും അവർ പറയുന്നത്”, നൂഹ് പി.എച്.സി.യിലെ പ്രസവ ശുശ്രൂഷ സഹായിയായ (Auxiliary Nurse Midwife - ANM) സുനിതദേവി പറഞ്ഞു.
എങ്കിലും എൻ.എഫ്.എച്ച്.എസ്.- 4 ചൂണ്ടിക്കാണിക്കുന്നത് കുടുബാസൂത്രണത്തിന്‍റെ ഭാഗമായി നേടാൻ കഴിഞ്ഞിട്ടില്ലാത്ത ആവശ്യങ്ങൾ (അതായത് ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാതെ ജനനങ്ങൾക്കിടയിൽ ഇടവേളകൾ എടുത്ത് പ്രസവം നീട്ടിവയ്ക്കണമെന്നോ പ്രസവം നിർത്തണമെന്നോ അഥവാ പരിമിതപ്പെടുത്തണമെന്നോ ആഗ്രഹിക്കുന്ന സ്ത്രീകൾ) മെച്ചപ്പെട്ട തലത്തിൽ ഉയർന്നു നിൽക്കുന്നുവെന്നാണ് – അതായത് ഗ്രാമപ്രദേശങ്ങളിൽ 29.4 ശതമാനം.
"സാമൂഹ്യ സാമ്പത്തിക കാരണങ്ങളാൽ, അതായത് നൂഹിൽ മുസ്ലീങ്ങളാണ് ഭൂരിപക്ഷം എന്നുള്ളതുകൊണ്ട്, കുടുംബാസൂത്രണ മാർഗങ്ങളോടുള്ള താല്പര്യം എല്ലായ്പ്പോഴും കുറവായിരുന്നു. അതുകൊണ്ടാണ് കുടുബാസൂത്രണത്തിന്‍റെ ഭാഗമായി നേടാൻ കഴിഞ്ഞിട്ടില്ലാത്ത ആവശ്യങ്ങൾ പ്രദേശത്ത് അധികമാകുന്നത്. സാംസ്കാരിക ഘടകങ്ങൾക്ക് ഒരു പങ്കുവഹിക്കാനുണ്ട്. അവർ ഞങ്ങളോട് പറയുന്നത് ബച്ചേ തോ അള്ളാ കി ദേൻ ഹേ [കുട്ടികൾ ദൈവത്തിന്‍റെ ദാനമാണ്] എന്നാണ്”, ഹരിയാനയിലെ കുടുംബക്ഷേമ മെഡിക്കൽ ഓഫീസറായ ഡോ. രുചി പറഞ്ഞു [പേരിന്‍റെ ആദ്യഭാഗം മാത്രമാണ് അവർ ഉപയോഗിക്കുന്നത്]. "ഭർത്താവ് സഹകരിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ മാത്രമേ ഒരു ഭാര്യ സ്ഥിരമായി ഗുളികകൾ കഴിക്കുകയുള്ളൂ. കോപ്പർ-റ്റി-ക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. എന്നിരിക്കിലും കുത്തി വയ്ക്കാവുന്ന ഗർഭനിരോധനോപാധിയായ അന്തരയുടെ വരവിനെത്തുടർന്ന് അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഈയൊരു പ്രത്യേക രീതിയിൽ പുരുഷ ഇടപെടലുകൾ ഇല്ല. ഒരു സ്ത്രീക്ക് ആരോഗ്യകേന്ദ്രം സന്ദർശിച്ച് ഡോസ് നേടാവുന്നതേയുള്ളൂ.
കുത്തി വയ്ക്കാവുന്ന ഗർഭനിരോധനോപാധിയായ അന്തര ഒറ്റ ഡോസ് കൊണ്ട് മൂന്നുമാസത്തേക്ക് സംരക്ഷണം നൽകുകയും ഇത് ഹരിയാനയിൽ ജനകീയമാവുകയും ചെയ്തു. 2017-ൽ ആദ്യമായി കുത്തിവയ്ക്കാവുന്ന ഗർഭനിരോധനോപാധികൾ രാജ്യത്ത് സ്വീകരിച്ച സംസ്ഥാനം ഹരിയാനയാണ്. ഒരു വാർത്ത റിപ്പോർട്ട് പറയുന്ന പ്രകാരം അന്നുമുതൽ 16,000-ത്തിലധികം സ്ത്രീകൾ ഇത് ഉപയോഗിച്ചിട്ടുണ്ട്. ഇത് 2018-19-ൽ വകുപ്പ് ലക്ഷ്യമിട്ട 18,000-ന്‍റെ 92.11 ശതമാനം വരും.
കുത്തി വയ്ക്കാവുന്ന ഗർഭനിരോധനോപാധികൾ മതപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സന്ദേഹങ്ങൾക്ക് പരിഹാരമാകുമ്പോൾ മറ്റു ചില ഘടകങ്ങൾ കുടുംബാസൂത്രണ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിന് പിന്നോട്ടടിയാവുന്നു, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളുടെയിടയിൽ. ആരോഗ്യരക്ഷാ ദായകരുടെ ഉദാസീനമായ നിലപാടുകളും ആരോഗ്യരക്ഷാ കേന്ദ്രങ്ങളിലെ നീണ്ട കാത്തിരിപ്പും ഗർഭനിരോധനോപാധികളുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ സജീവമായി നേടുന്നതിൽ നിന്നും സ്ത്രീകളെ തടയുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനായി മുംബൈയിൽ നിന്നുള്ള സി.ഇ.എച്.എ.റ്റി. (സെന്‍റർ ഫോർ എൻക്വയറി ഇൻറ്റു ഹെൽത്ത് ആൻഡ് അലൈഡ് തീംസ്) 2013-ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്, വർഗ്ഗാടിസ്ഥാനത്തിൽ എല്ലാ സ്ത്രീകളുടെയും കാര്യത്തിൽ വിവേചനം നിലനിൽക്കുന്നുണ്ടെങ്കിലും, മുസ്ലീം സ്ത്രീകളാണ് അത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നതെന്നാണ്. കുടുംബാസൂത്രണ കാര്യങ്ങളിലുള്ള തിരഞ്ഞെടുപ്പ്, തങ്ങളുടെ സമുദായങ്ങളെക്കുറിച്ചുള്ള നിഷേധ പരാമർശങ്ങൾ, പ്രസവ മുറികളിൽ ഇകഴ്ത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ എന്നീ രീതികളിലാണ് മുസ്ലിം സ്ത്രീകൾ വിവേചനം അനുഭവിക്കുന്നത്.
ഗർഭനിരോധനോപാധികളുടെ തിരഞ്ഞെടുപ്പു സാദ്ധ്യതകളുടെ കാര്യത്തിൽ ഒരുപാട് സർക്കാർ പദ്ധതികളെപ്പറ്റി കാര്യമായി പറയുന്നുണ്ടെങ്കിലും ആരോഗ്യദായകരാണ് പൊതുവെ എല്ലാ സ്ത്രീകളുടെയും കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് എന്നതാണ് വിഷയം. മുസ്ലിം സമുദായത്തിൽ പെട്ട സ്ത്രീകൾ നേരിടുന്ന നിയന്ത്രണങ്ങളെപ്പറ്റിയും അവർക്ക് അനുയോജ്യമായ ഗർഭനിരോധനോപാധികളെക്കുറിച്ച് അവരോട് സംസാരിക്കുന്നതിനെപ്പറ്റിയും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്”, സി.ഇ.എച്.എ.റ്റി.യുടെ കോ-ഓർഡിനേറ്ററായ സംഗീത രേഗെ പറഞ്ഞു.
കുടുബാസൂത്രണത്തിന്‍റെ ഭാഗമായി നേടാൻ കഴിഞ്ഞിട്ടില്ലാത്ത ആവശ്യങ്ങൾ നൂഹിൽ ഉയർന്നതായിട്ടുപോലും എൻ.എഫ്.എച്.എസ്.-4 (2015-16) ചൂണ്ടിക്കാണിക്കുന്നത് പ്രദേശങ്ങളിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത സ്ത്രീകളിലെ 7.3 ശതമാനം പേരെയും കുടുംബാസൂത്രണങ്ങളെപ്പറ്റി സംസാരിക്കാൻ ആരോഗ്യ പ്രവർത്തകർ സമീപിച്ചിട്ടില്ല എന്നാണ്.
കഴിഞ്ഞ പത്തു വർഷങ്ങളായി ബിവാനിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകയായ 28-കാരി സുമൻ പറഞ്ഞത് കുടുംബാസൂത്രണങ്ങളെപ്പറ്റി സ്ത്രീകളുടെ മനസ്സിലുള്ളത് പറയാനും അവരുടെ തീരുമാനങ്ങൾ അറിയിക്കാനും താൻ അവരെ അനുവദിക്കുന്നു എന്നാണ്. പ്രദേശത്തെ മോശമായ അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യരക്ഷ ലഭ്യമാക്കുന്നതിൽ വലിയ തടസ്സമാണെന്ന് സുമൻ പറഞ്ഞു. ഇത് എല്ലാ സ്ത്രീകളെയും ബാധിക്കുന്നു, പ്രായമുള്ളവരെ കൂടുതലായും.
"നൂഹിലെ പി.എച്.സി.യിലെത്താൻ ഒരു മുച്ചക്രം ലഭിക്കാൻ ഞങ്ങൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു”, സുമൻ പറഞ്ഞു. "എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആരോഗ്യ കേന്ദ്രം സന്ദർശിക്കുന്ന കാര്യം ഒരാളെ പറഞ്ഞു മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടാണ്, പിന്നെയല്ലേ കുടുംബാസൂത്രണത്തിന്‍റെ കാര്യം. നടപ്പ് അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ യഥാർത്ഥത്തിൽ നിസ്സഹായതയാണ്.”
ദശകങ്ങളായി ഇവിടെ ഇങ്ങനെയാണ്. താൻ ഇവിടെ ജീവിക്കാൻ തുടങ്ങിയ നാല്പതിലധികം വർഷങ്ങളായി ഈ ഗ്രാമത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ബഹാർ പറഞ്ഞു. അവരുടെ മക്കളിൽ ഏഴ് പേർ പ്രായം തികയാതെ ജനിച്ചത് കാരണം മരിച്ചുപോയി. അതുകഴിഞ്ഞുണ്ടായ ആറുപേർ ജീവിച്ചിരിക്കുന്നു. “ആ സമയത്ത് ഇവിടെ ആശുപത്രികൾ ഉണ്ടായിരുന്നില്ല”, അവർ പറഞ്ഞു. "കൂടാതെ ഇപ്പോഴും ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ആരോഗ്യകേന്ദ്രമില്ല.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത് എഴുതുക .
പരിഭാഷ:റെന്നിമോന്‍ കെ. സി.