പാതാൾപുരിൽ അവശേഷിക്കുന്ന അവസാനത്തെ ആളാണ് ഉജ്ജ്വൽ ദാസ്. അതായത്, അവസാനത്തെ കുടുംബം

2022 ഒക്ടോബറിൽ ആനകൾ ഉജ്ജ്വൽദാസിന്റെ വീടിന്റെ ചുമരുകൾ ഇടിച്ചുനിരപ്പാക്കി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇത് എട്ടാമത്തെ തവണയാണ്, പാതാൾപുർ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ മൺ‌കൂര ആനകൾ നശിപ്പിക്കുന്നത്.

വിളവെടുപ്പ് കാലമായിരുന്നു. കാലവർഷവും വന്നുകഴിഞ്ഞിരുന്നു. ആഷാഡ, ശ്രാവൺ മാസങ്ങൾ. കുന്നുകളും കാടുകളും കടന്ന്, 200 കിലോമീറ്റർ സഞ്ചരിച്ചാണ് ആനക്കൂട്ടങ്ങൾ മലഞ്ചെരിവിലുള്ള പാതാൾപുർ ഗ്രാമത്തിൽ എത്തിയത്. ആദ്യം അവ, മയൂരാക്ഷി നദിയുടെ കൈവഴിയായ സിദ്ധേശ്വരിയുടെ തീരത്തെത്തി, അല്പനേരം വിശ്രമിച്ചു. അത് ഗ്രാമത്തിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരത്തായിരുന്നു. പിന്നീട്, യാത്ര ചെയ്ത ക്ഷീണത്തോടെ അവർ വിളവെടുപ്പിന് തയ്യാറായി നിന്നിരുന്ന പാടങ്ങളിലേക്ക് കടന്നുവന്നു.

“അവയെ ആട്ടിയോടിക്കാനായി ഞങ്ങൾ ജീവൻ പണയം വെച്ച്, പന്തങ്ങളുമൊക്കെയായി ചെന്നു. ആനകൾ പലതവണ വന്ന് പാടത്ത് വിളഞ്ഞുനിൽക്കുന്ന നെല്ല് നശിപിച്ചിട്ടുണ്ട്. അവ വിളവൊക്കെ തിന്നാൽ, പിന്നെ ഞങ്ങളെന്താണ് ഭക്ഷിക്കുക?”, ചന്ദനയുടേയും ഉജ്ജ്വൽ ദാസിന്റെയും ഇളയ മകൻ പ്രസൻ‌ജിത്ത് ഞങ്ങളോട് ചോദിച്ചു.

നെല്ല് നഷ്ടപ്പെടുന്നതിനെക്കുറിച്ച് മാത്രമല്ല ദാസിന്റെ ആ‍ശങ്ക. തങ്ങളുടെ 14 ബിഗ സ്ഥലത്ത് (8.6 ഏക്കർ) അവർ ഉരുളക്കിഴങ്ങും, വെണ്ടക്കയും വാഴയും തക്കാളിയും മത്തനുമൊക്കെ കൃഷി ചെയ്തിട്ടുണ്ട്.

ഉജ്ജ്വൽ ദാസ് കേവലം ഒരു കൃഷിക്കാരൻ മാത്രമല്ല. സംസ്ഥാനത്തിലെ എല്ലാ ബ്ലോക്കുകളിലും ഏറ്റവും നന്നായി കൃഷി ചെയ്യുന്നവർക്ക് സംസ്ഥാനം നൽകുന്ന കൃഷക് രത്ന പുരസ്കാരം മത്തൻ കൃഷിക്ക് നേടിയ ആളാണ് ഉജ്ജ്വൽ ദാസ്. 2016-ലും 2022-ലും രാജ്നഗർ ബ്ലോക്കിൽ അദ്ദേഹത്തിനാണ് അത് ലഭിച്ചത്. 10,000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും അദ്ദേഹത്തിന് ലഭിച്ചു.

Ujjwal Das holding his Krishak Ratna Certificate. He received this award from the West Bengal government in 2016 and 2022
PHOTO • Sayan Sarkar

കൃഷക് രത്ന പുരസ്കാരവുമായി നിൽക്കുന്ന ഉജ്ജ്വൽ ദാസ്. 2016-ലും 2022-ലും പശ്ചിമ ബംഗാൾ സർക്കാരിൽനിന്ന് ലഭിച്ചതാണ് ഈ പുരസ്കാരം

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള പാതാൾപുരിലാണ് അദ്ദേഹത്തിന്റെ വീട്. നോക്കിയാൽ കാണുന്ന ദൂരത്താണ് ജാർഘണ്ട് സംസ്ഥാനത്തിന്റെ അതിർത്തി. എല്ലാ വർഷവും തീറ്റ തേടി ആനക്കൂട്ടങ്ങൾ ഇവിടേക്കെത്തുന്നു. ആദ്യം അവ, മലകളോട് ചേർന്നുള്ള കാടുകളിൽ കാത്തിരിക്കും. അതിനുശേഷം തൊട്ടടുത്തുള്ള പാടങ്ങളിലേക്ക് ഇറങ്ങും.

പാതാൾപുരാണ് അവർ ആദ്യം എത്തുന്ന ഗ്രാമം. ആനകൾ വന്നതിന്റെ തെളിവ്, പൊട്ടിപ്പൊളിഞ്ഞ്, ഉപേക്ഷിക്കപ്പെട്ട വീടുകളിലും തകർന്ന തുളസിത്തറയിലും, ആൾപ്പാർപ്പില്ലാത്ത മുറ്റങ്ങളിലും കാണാൻ കഴിയും.

12-13 വർഷം മുമ്പ് ആദ്യമായി ആനകൾ ഈ ഗ്രാമത്തിലേക്ക് എത്തുമ്പോൾ, 337 താമസക്കാരുണ്ടായിരുന്നു ഇവിടെ (2011-ലെ സെൻസസ്). അടുത്ത ദശാബ്ദത്തോടെ അത് കുറഞ്ഞുകുറഞ്ഞ് വന്ന്, ഇപ്പോൾ, രാജ്നഗർ ബ്ലോക്കിലെ ഈ ഗ്രാമത്തിൽ ഒരേയൊരു കുടുംബം മാത്രമായി. അവരിപ്പോഴും തങ്ങളുടെ വീടിനെയും ഭൂമിയേയും ആശ്രയിച്ച് കഴിയുന്നു. ആനകളുടെ ആവർത്തിച്ചുള്ള വരവിൽ ഭയചകിതരായി ഗ്രാമീണർ അടുത്തുള്ള സുരി, രാജ്നഗർ, ജോയ്പുർ തുടങ്ങിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും പലായനം ചെയ്തു.

“ശേഷിയുള്ളവരൊക്കെ മറ്റ് ഗ്രാമങ്ങളിലേക്ക് പോയി”, ഉജ്ജ്വൽ ദാസ് പറഞ്ഞു. ഗ്രാമത്തിന്റെ ഒരറ്റത്തുള്ള തന്റെ മൺകൂരയുടെ മുറ്റത്തിരിക്കുകയായിരുന്നു അദ്ദേഹം. “എന്റെ കുടുംബം വലുതാണ്. പോകാൻ ഒരിടവുമില്ല. മറ്റെവിടേക്കെങ്കിലും പോയാൽ ഞങ്ങൾ എന്ത് ഭക്ഷിക്കും?”, 57 വയസ്സുള്ള അദ്ദേഹം ചോദിച്ചു. അവിടെ താമസിച്ചിരുന്ന മറ്റുള്ളവരെപ്പോലെ ഉജ്ജ്വലിന്റെ കുടുംബവും ബൈരാഗി സമുദായത്തിൽ‌പ്പെടുന്നവരാണ്. പശ്ചിമ ബംഗാളിലവർ മറ്റ് പിന്നാക്കജാതികളിൽ (ഒ.ബി.സി) പെടുന്നു.

ആനകളുടെ ചിന്നംവിളി കേൾക്കുമ്പോൾ തങ്ങൾ ഗ്രാമത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള ജൊയ്പുരിലേക്ക് പോവുകയാണ് ചെയ്യുക എന്ന് 53 വയസ്സുള്ള ചന്ദന ദാസ് പറഞ്ഞു. അതിന് പറ്റിയില്ലെങ്കിൽ “ഞങ്ങളെല്ലാവരും വീട്ടിൽ അടച്ചിട്ടിരിക്കും”, അവർ പറഞ്ഞു.

Left: Residents of Patalpur have moved to nearby towns and villages, leaving behind their homes bearing the marks of elephant attacks
PHOTO • Sayan Sarkar
Right: Chandana Das in their kitchen with her grandson
PHOTO • Sayan Sarkar

ഇടത്ത്: പാതാൾപുരിലെ ജനങ്ങൾ, ആനകളുടെ ആക്രമണം നേരിട്ട തങ്ങളുടെ വീടുകളുപേക്ഷിച്ച് അടുത്തുള്ള നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്ക് പോയിക്കഴിഞ്ഞു. വലത്ത്: പേരക്കുട്ടിയോടൊപ്പം അടുക്കളയിൽ നിൽക്കുന്ന ചന്ദന ദാസ്

വേറെയും പ്രശ്നങ്ങളുണ്ടെന്ന് ഗ്രാമത്തിലെ അവശേഷിക്കുന്ന ആ താമസക്കാർ പറഞ്ഞു. ഗംഗ്‌മുരി-ജൊയ്പുർ പഞ്ചായത്തിൽ‌പ്പെടുന്ന ഈ ഗ്രാമത്തിലേക്കുള്ള വഴി  കാടിന്റെ സമീപത്താണ്. തങ്ങൾ ഇവിടെത്തന്നെ തങ്ങാൻ തീരുമാനിച്ചതിന് മറ്റൊരു കാരണം കൂടി ഉണ്ടെന്ന് അവർ പറഞ്ഞു. ആനകളുടെ ആക്രമണം തുടങ്ങിയതിൽ‌പ്പിന്നെ ആരും സ്ഥലം വാങ്ങാൻ താത്പര്യപ്പെടുന്നില്ല. “അതിനാൽ, ഭൂമി വിറ്റ് പോകാൻ അത്ര എളുപ്പമല്ല”, ഉജ്ജ്വൽ പറഞ്ഞു.

കുടുംബത്തിലെ മറ്റ് അംഗങ്ങൾ, ഉജ്ജ്വലിന്റെ ഭാര്യ ചന്ദന ദാസും രണ്ട് ആണ്മക്കൾ ചിരഞ്ജിത്തും പ്രസേൻ‌ജിത്തുമാണ്. 37 വയസ്സുള്ള മകൾ ബൈശാഖി 10 വർഷം മുമ്പ് വിവാഹം കഴിച്ച് പാതാൾപുരിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള സൈന്തിയയിലാണ് താമസം.

27 വയസ്സുള്ള പ്രസേൻ‌ജിത്തിന് സ്വന്തമായി ഒരു മാരുതി കാറുണ്ട്. അത് അടുത്തുള്ള ഗ്രാമങ്ങളിലെ ആളുകൾക്ക് വാടകയ്ക്ക് കൊടുത്ത് മാസത്തിൽ 10,000 രൂപ അയാൾ സമ്പാദിക്കുന്നു. തന്റെ കുടുംബത്തിലെ മറ്റുള്ളവരെപ്പോലെ അയാളും കുടുംബത്തിന്റെ ഭൂമിയിൽ കൃഷി ചെയ്യുന്നു. മഴകൊണ്ട് കൃഷി ചെയ്യുന്ന വിളകൾ. അവയിലൊരു ഭാഗം സ്വന്തമാവശ്യത്തിനായി മാറ്റിവെച്ച് ബാക്കിയുള്ളത്, ഉജ്ജ്വൽ രാജ്നഗറിലെ ഒരു ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു. ആഴ്ചയിൽ രണ്ടുദിവസം, വ്യാഴവും ഞായറുമാണ് ചന്ത നടക്കുന്നത്. ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ അദ്ദേഹം ചിരഞ്ജിത്തിന്റെ മോട്ടോർസൈക്കിളിലോ അല്ലെങ്കിൽ തന്റെ സൈക്കിളിലോ ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽ സഞ്ചരിച്ച് പച്ചക്കറികൾ വിൽക്കുന്നു. നെല്ലും, വീട്ടാവശ്യത്തിനുള്ളത് മാറ്റിവെച്ച്, അദ്ദേഹം വിൽക്കാറുണ്ട്.

“വിളകളോടുള്ള സ്നേഹംമൂലം എനിക്ക് ഇവിടെ നിൽക്കേണ്ടിവരുന്നു. ആനകളുടെ ആക്രമണത്തിന്റെ വേദന സഹിച്ച്”, ഉജ്ജ്വൽ ദാസ് പറഞ്ഞു. ഈ സ്ഥലം വിട്ടുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

'If the elephants eat all the crops, what are we supposed to eat?' asks Prasenjit Das. He is worried that the elephants might ruin their banana grove among other fields
PHOTO • Sayan Sarkar
'If the elephants eat all the crops, what are we supposed to eat?' asks Prasenjit Das. He is worried that the elephants might ruin their banana grove among other fields
PHOTO • Sayan Sarkar

'ആനകൾ വിളകൾ നശിപ്പിച്ചാൽ പിന്നെ ഞങ്ങളെന്ത് തിന്ന് ജീവിക്കും?' പ്രസേൻ‌ജിത്ത് ചോദിക്കുന്നു. ആനകൾ തങ്ങളുടെ വാഴത്തോട്ടവും നശിപ്പിക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു

കാടുകൾ ചുരുങ്ങുന്നതുകൊണ്ടാണ് ആനകൾ കൃഷിഭൂമികളിലേക്ക് എത്തുന്നതെന്ന് രാജ്നഗർ ഹൈസ്കൂളിൽ മുൻ ചരിത്രാദ്ധ്യാപകൻ സന്തോഷ് കർമാകർ സൂചിപ്പിച്ചു. ജാർഘണ്ട് കടന്ന് ആനകൾ എത്തുന്ന പുരുളിയയിലെ ദാൽമ മലനിരകളിൽ പണ്ട് ധാരാളം വൃക്ഷങ്ങളും അവയിൽ നിറച്ചും അവയ്ക്കുള്ള ഭക്ഷണവുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ ആനകൾ ദുരിതത്തിലായിരിക്കുന്നു. അവ തീറ്റയന്വേഷിച്ചാണ് മലകൾ ഉപേക്ഷിച്ച് വരുന്നത്”, കർമാകർ പറഞ്ഞു. ആർഭാടകരമായ റിസോർട്ടുകൾ പണിയുന്നതിനായി കാടുകൾ നശിപ്പിക്കുന്നതും, ആളുകളുടെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യവും മൂലം ആനകളുടെ ആവാസവ്യവസ്ഥ തകരാറിലാവുകയും ഭക്ഷണമില്ലാതാവുകയും ചെയ്തിരിക്കുന്നു.

ഈ വർഷം (2023-ൽ) ഗ്രാമത്തിൽ ആനകളെ കണ്ടിട്ടില്ലെന്ന് പ്രസേൻ‌ജിത്ത് പറഞ്ഞു. എന്നാലും ആശങ്ക ഇല്ലാതാവുന്നില്ല. “ഇനി വന്നാൽ, അവ വാഴത്തോട്ടങ്ങൾ നശിപ്പിക്കും”. അവരുടെ കുടുംബത്തിന് 10 കത യിൽ (0.16 ഏക്കർ) വാഴത്തോട്ടമുണ്ട്.

പശ്ചിമ ബംഗാൾ വനംവകുപ്പിന്റെ ഈ റിപ്പോർട്ടനുസരിച്ച്, “വന്യമൃഗങ്ങളിൽനിന്നുള്ള ആക്രമണത്തിൽ മരണവും പരിക്കും സംഭവിച്ചാലും, വീടോ വിളവോ, കന്നുകാലികളോ നഷ്ടപ്പെട്ടാലും“ കർഷകർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നാല് ബിഗ ഭൂമിക്ക് മാത്രമേ ഉജ്ജ്വൽ ദാസിന് രേഖകളുള്ളു. ബാക്കി സ്ഥലം (10 ബിഗ) അദ്ദേഹത്തിന് തന്റെ പൂർവ്വികരിൽനിന്ന് ലഭിച്ചതാണ്. അതിന് പക്ഷേ അദ്ദേഹത്തിന്റെ പക്കൽ രേഖകളൊന്നുമില്ലാത്തതിനാൽ നഷ്ടപരിഹാരം കിട്ടില്ല. “20,000 – 30,000 രൂപയുടെ നഷ്ടം ആനകൾ വരുത്തിയാലും സർക്കാർ ആകെ നൽകുന്നത് 500 രൂപയ്ക്കും 5,000 രൂപയ്ക്കുമിടയിലുള്ള ചെറിയ തുക മാത്രമാണ്”, ഉജ്ജ്വൽ ദാസ് സൂചിപ്പിച്ചു.

Ujjwal Das, 57, one of the last remaining residents of Patalpur
PHOTO • Sayan Sarkar

പാതാൾപുരിലെ അവശേഷിക്കുന്ന ഒരേയൊരു കുടുംബത്തിലെ 57 വയസ്സായ ഉജ്ജ്വൽ ദാസ്

2015-ൽ രാജ്നഗറിലെ ബ്ലോക്ക് വികസന ഓഫീസറോട്, 5,000 രൂപയുടെ നഷ്ടപരിഹാരത്തിന് അദ്ദേഹം അപേക്ഷിക്കുകയും അത് അനുവദിച്ച് കിട്ടുകയും ചെയ്തിരുന്നു. മൂന്ന് വർഷം കഴിഞ്ഞ്, 2018-ൽ നഷ്ടപരിഹാരമായി, ഒരു പ്രാദേശിക രാഷ്ട്രീയനേതാവിൽനിന്ന് അദ്ദേഹത്തിന് 500 രൂപ ലഭിച്ചു.

ഗ്രാമീണരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി എല്ലാ നടപടികളും എടുക്കുന്നുണ്ടെന്നാണ് പ്രദേശത്തെ വനംവകുപ്പിന്റെ റേഞ്ചറായ കുദ്രാതെ ഖോഡ പറഞ്ഞത്. “ ഐരാവത് എന്ന് പേരുള്ള ഒരു വാഹനമുണ്ട് ഞങ്ങൾക്ക്. ആനകളെ ആട്ടിപ്പായിക്കാൻ ഈ കാറിൽനിന്ന് ഞങ്ങൾ സൈറൺ മുഴക്കാറുണ്ട്. ആനകളെ ശാരീരികമായി ദ്രോഹിക്കാതെ അവയെ ആട്ടിപ്പായിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്”.

നാട്ടുകാരായ ഗജമിത്ര ങ്ങളും വനംവകുപ്പിനുണ്ട്. പാതാൾപുരിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ബഗൻപ്പാരയിൽനിന്നുള്ള അഞ്ച് യുവാക്കളെ ഗജമിത്ര എന്ന പേരിൽ വനംവകുപ്പ് കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ആനകൾ വരുമ്പോൾ വനം വകുപ്പിനെ വിവരമറിയിക്കുന്നത് ഇവരാണ്.

എന്നാൽ പാതാൾപുരിലെ ബാക്കിവന്ന താമസക്കാർ ഇതിനോട് യോജിക്കുന്നില്ല. “ഞങ്ങൾക്ക് വനം വകുപ്പിൽനിന്ന് ഒരു സഹായവും ലഭിക്കാറില്ല”, ചന്ദന ദാസ് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വീടുകളും ശൂന്യമായ വീട്ടുമുറ്റങ്ങളും അവരുടെ നിസ്സഹായതയെ സാക്ഷ്യപ്പെടുത്തുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Sayan Sarkar

Sayan Sarkar is a freelance journalist and contributes to various magazines. He has a graduate degree in Mass Communication from Kazi Nazrul Islam University.

Other stories by Sayan Sarkar
Editor : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

Other stories by Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat