വീഡിയോ കാണുക: മാരിയിലെ മസ്ജിദും ശവകുടീരവും

കെട്ടിടനിർമ്മാണ സൈറ്റിലെ പണി കഴിഞ്ഞ് മൂന്ന് ചെറുപ്പക്കാർ മാരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. “15 കൊല്ലം മുമ്പാണത്. ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലെ ആ ഉപേക്ഷിക്കപ്പെട്ട പള്ളിയുടെ മുമ്പിലൂടെ കടന്നുപോവുകയായിരുന്നു. അതിന്റെയകത്ത് കയറി ഒന്ന് കാണണമെന്ന് ഒരു ആകാംക്ഷ തോന്നി”, അവരിലൊരാളായ അജയ് പാസ്-വാൻ പറയുന്നു.

നിലം മുഴുവൻ പൂപ്പൽ പിടിച്ചിരുന്നു. കുറ്റിക്കാടുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു കെട്ടിടം.

“അതിന്റെയകത്തേക്ക് കയറിയപ്പോഴേക്കും ഞങ്ങളുടെ മൂഡ് തന്നെ മാറിപ്പോയി. ഒരുപക്ഷേ ഞങ്ങൾ അകത്തേക്ക് വരണമെന്ന് അള്ളാഹു ആഗ്രഹിച്ചിട്ടുണ്ടാവാം”, 33 വയസ്സുള്ള ആ ദിവസക്കൂലിക്കാരൻ പറയുന്നു.

ആ മൂന്നുപേരും – അജയ് പാസ്‌വാൻ, ബഖോരി ബിന്ദ്, ഗൌതം പ്രസാദ് – ചേർന്ന് അത് വൃത്തിയാക്കാൻ തീരുമാനിച്ചു. “ഞങ്ങൾ കാടൊക്കെ വെട്ടിത്തെളിച്ച് മസ്ജിദ് പെയിന്റ് ചെയ്തു. മോസ്കിന്റെ മുമ്പിലായി ഒരു വലിയ തട്ടും നിർമ്മിച്ചു,” അജയ് പറയുന്നു. സന്ധ്യാവിളക്ക് കത്തിക്കാനും തുടങ്ങി അവർ.

ഒരു ശബ്ദസംവിധാനം സ്ഥാപിച്ച്, പള്ളിയുടെ മകുടത്തിൽ ഒരു ഉച്ചഭാഷിണിയും അവർ വെച്ചു. “ഞങ്ങൾ ആ സൌണ്ട് സിസ്റ്റത്തിലൂടെ ആസാൻ പ്രാർത്ഥന വായിച്ചു”, അജയ് കൂട്ടിച്ചേർത്തു. വൈകാതെ, മാരി ഗ്രാമത്തിൽ, മുസ്ലിങ്ങൾക്കായി അഞ്ചുനേരവും പ്രാർത്ഥനയ്ക്കുള്ള വാങ്ക് വിളി മുഴങ്ങാൻ തുടങ്ങി. ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു ഗ്രാമമാണ് മാരി.

PHOTO • Umesh Kumar Ray
PHOTO • Shreya Katyayini

അജയ് പാസ്വാനും (ഇടത്ത്) മറ്റ് രണ്ട് കൂട്ടുകാരും ചേർന്ന് തങ്ങളുടെ ഗ്രാ‍മത്തിലെ ആ പള്ളിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചു. പള്ളിയിലും ശവകുടീരത്തിലും പ്രാർത്ഥിച്ചതിനുശേഷമാണ് ഗ്രാമത്തിലെ ഏതൊരു ആഘോഷവും – ഹിന്ദുക്കളുടേതുപോലും – പണ്ടുകാലത്ത് തുടങ്ങിയിരുന്നതെന്ന് ഗ്രാമത്തിലെ മുതിർന്നവർ പറയുന്നു

മാരി ഗ്രാമത്തിൽ മുസ്ലിങ്ങളില്ല. എന്നാൽ ആ മസ്ജിദിന്റെയും ശവകുടീരത്തിന്റേയും ചുമതലകൾ, അജയ്, ബഖോരി, ഗൌതം എന്നീ ഹിന്ദു യുവാക്കളുടെ ചുമലിലാണ്.

“ഞങ്ങളുടെ വിശ്വാസം ഈ മസ്ജിദും ശവകുടീരവുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്” ജാനകി പണ്ഡിറ്റ് പറയുന്നു. “65 വർഷങ്ങൾക്ക് മുമ്പ്, വിവാഹിതനായ സമയത്ത്, ആദ്യം ഞാൻ വണങ്ങിയത് ഈ മസ്ജിദിലായിരുന്നു. അതിനുശേഷമാണ് ഞങ്ങളുടെ ദൈവങ്ങളുടെ മുന്നിൽ വണങ്ങിയത്”, 82 വയസ്സുള്ള അദ്ദേഹം പറഞ്ഞു.

പ്രധാന റോഡിൽനിന്ന് നോക്കിയാൽ കാണാൻ കഴിയും പച്ചയും വെള്ളയും പെയിന്റടിച്ച ആ മസ്ജിദ്; ഓരോ കാലവർഷം കഴിയുമ്പോഴും അതിന്റെ നിറം മങ്ങുന്നുണ്ട്. മസ്ജിദിനേയും ശവകുടീരത്തിനേയും ചുറ്റി നാലടി ഉയരമുള്ള ഒരു അതിർത്തിമതിലുണ്ട്. പഴക്കമുള്ള വലിയ മരവാതിൽ കടന്ന് അകത്തുചെന്നാൽ, പള്ളിയുടെ അകത്തളം കാണാം. അവിടെ ഖുർആന്റെ ഹിന്ദി പരിഭാഷയും പ്രാർത്ഥനാരീതികൾ വിശദീകരിക്കുന്ന സച്ചി നമാസ് എന്ന പുസ്തകവും സൂക്ഷിച്ചിട്ടുണ്ട്

“ഗ്രാമത്തിൽനിന്നുള്ള നവവരന്മാർ ആദ്യം മസ്ജിദിലും ശവകുടീരത്തിലും നമസ്കരിച്ചിട്ടുവേണം മറ്റ് ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കാൻ,” വിരമിച്ച സർക്കാർ സ്കൂൾ അദ്ധ്യാപകനായ പണ്ഡിറ്റ് പറയുന്നു. ഗ്രാമത്തിന്റെ പുറത്തുനിന്ന് വിവാഹഘോഷയാത്ര വരുമ്പോൾ “വരനെ ആദ്യം മസ്ജിദിലേക്ക് കൊണ്ടുപോകും. അവിടെ നമസ്കരിച്ചതിനുശേഷമാണ് അയാളെ ഞങ്ങൾ അമ്പലങ്ങളിലേക്ക് കൊണ്ടുപോവുക. ഇതൊരു നിർബന്ധമായ ആചാരമാണ്.” നാട്ടുകാർ ആദ്യം ശവകുടീരത്തിൽ പ്രാർത്ഥന അർപ്പിക്കും. അവരുടെ ആഗ്രഹം സഫലീകരിച്ചാൽ അവർ അതിൽ ഒരു പട്ട് വിരിക്കും.

PHOTO • Shreya Katyayini
PHOTO • Umesh Kumar Ray

മൂന്ന് യുവാക്കളാണ് 15 വർഷം മുമ്പ് മാരിയിലെ മസ്ജിദ് പുതുക്കിയത്. അജയ് പാസ്വാൻ, ബൊഖാരി ബിന്ദ്, ഗൌതം പ്രസാദ് എന്നിവർ. അവർ കാടുകളൊക്കെ വെട്ടിത്തെളിച്ച്, മസ്ജിദ് പെയിന്റ് ചെയ്ത്, ഒരു വലിയ തട്ട് നിർമ്മിച്ച്, സന്ധ്യാവിളക്ക് കത്തിച്ചു. മസ്ജിദിനകത്ത്, ഖുർ‌ആന്റെ (വലത്ത്) ഒരു ഹിന്ദി പരിഭാഷയും, നമാസ് ചെയ്യേണ്ട രീതികൾ വിവരിക്കുന്ന ഒരു പുസ്തകവും സൂക്ഷിച്ചിട്ടുണ്ട്

PHOTO • Shreya Katyayini
PHOTO • Shreya Katyayini

മൂന്ന് നൂറ്റാണ്ട് മുമ്പ്, അറേബ്യയിൽനിന്ന് വന്ന ഹസ്രത്ത് ഇസ്മായിൽ എന്ന സൂഫിവര്യന്റെ ശവകുടീരമാണ് (ഇടത്ത്) ഇതെന്ന് പറയപ്പെടുന്നു. ‘ഞങ്ങളുടെ വിശ്വാസം ഈ മസ്ജിദും ശവകുടീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങൾ അത് സംരക്ഷിക്കുകയും ചെയ്യുന്നു’, വിരമിച്ച സ്കൂൾ അദ്ധ്യാപകനായ ജാനകി പ്ണ്ഡിറ്റ് പറയുന്നു

അമ്പത് വർഷം മുമ്പ്, മാരിയിൽ മുസ്ലിങ്ങളുടെ ഒരു ചെറിയ വിഭാഗമുണ്ടായിരുന്നു. 1981-ലെ കുപ്രസിദ്ധമായ ബിഹാർ ഷറിഫ് വർഗ്ഗീയകലാപത്തിനുശേഷം അവർ ആ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോയി. ഒരു ഏപ്രിൽ മാസത്തിൽ, ഒരു കള്ളുഷോപ്പിൽ‌വെച്ചുണ്ടായ തർക്കത്തിൽനിന്ന് പടർന്ന ആ ഹിന്ദു-മുസ്ലിം കലാപത്തിൽ 80 പേർക്ക് ജീവൻ നഷ്ടമായി.

മാരിയിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിലും, പ്രദേശത്തെ സംഘർഷാവസ്ഥ മുസ്ലിങ്ങളെ വല്ലാതെ ഉലയ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു. ക്രമേണ അവർ അവിടെനിന്ന് മാറി, സമീപത്തായി, മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് താമസമായി.

അന്ന് അജയ് ജനിച്ചിട്ടില്ലായിരുന്നു. അയാൾ പറയുന്നു, “അപ്പോഴാണ് മുസ്ലിങ്ങൾ സ്ഥലം വിട്ടതെന്ന് ആളുകൾ പറയുന്നു. എന്തുകൊണ്ടാണ് അവർ ഗ്രാമം വിട്ടുപോയതെന്നോ, അവിടെ എന്താണ് സംഭവിച്ചതെന്നോ അവർ എന്നോട് പറഞ്ഞില്ല. സംഭവിച്ചത് എന്തുതന്നെയായാലും അത് ശരിയല്ല”, ആ പലായനത്തെക്കുറിച്ചോർത്ത് അയാൾ പറയുന്നു.

പണ്ടത്തെ താമസക്കാരനായ ഷഹാബുദ്ദീൻ അൻ‌സാരി അതിനോട് യോജിക്കുന്നു. “എല്ലാം മാറ്റിമറിച്ച ഒരു കൊടുങ്കാറ്റായിരുന്നു അത്.”

1981-ൽ മാരിയിൽനിന്ന് ഒഴിഞ്ഞുപോയ ഏകദേശം 20 മുസ്ലിം കുടുംബങ്ങളിലൊന്നായിരുന്നു അൻസാരിയുടേത്. “എന്റെ അച്ഛൻ, മുസ്ലിം അൻസാരി അക്കാലത്ത് ഒരു ബീഡിത്തൊഴിലാളിയായിരുന്നു. കലാപം നടന്ന ദിവസം, ബീഡി വാങ്ങാനായി അച്ഛൻ ബിഹാർ ഷെറീഫിൽ പോയതായിരുന്നു. തിരിച്ചുവന്ന് അദ്ദേഹം മാരിയിലെ മുസ്ലിം കുടുംബങ്ങളെ വിവരമറിയിച്ചു,” ഷഹാബുദ്ദീൻ പറയുന്നു.

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

അജയും (ഇടത്ത്) ഷഹാബുദ്ദീൻ അൻസാരിയും (വലത്ത്) മാരിയിൽ. പോസ്റ്റ്മാനായി ജോലി കിട്ടാൻ ഒരു ഹിന്ദു സഹായിച്ചത് ഓർക്കുന്നു ഷഹാബുദ്ദീൻ. മാരിയിൽനിന്ന് ധൃതിയിൽ ഒഴിഞ്ഞുപോകാൻ മുസ്ലിങ്ങണെ പ്രേരിപ്പിച്ച 1981-ലെ കലാപത്തെക്കുറിച്ച് ഷഹാബുദ്ദീൻ പറയുന്നു.‘മാരിയിൽ പോസ്റ്റ്മാനായി ജോലിനോക്കുകയായിരുന്നതുകൊണ്ട്, അന്ന് ഒരു ഹിന്ദു കുടുംബത്തിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങി. പക്ഷേ അച്ഛനേയും അമ്മയേയും ഞാൻ ബിഹാർ ഷറീഫിലേക്ക് മാറ്റി. എന്നന്നേക്കുമായി എല്ലാം മാറ്റിമറിച്ച ഒരു കൊടുങ്കാറ്റായിരുന്നു അത്’

ഇരുപതുകളുടെ പ്രായത്തിൽ ഷഹാബുദ്ദീൻ ഗ്രാമത്തിൽ പോസ്റ്റ്മാനായി ജോലിനോക്കുകയായിരുന്നു. കുടുംബം മാറിത്താമസിച്ചതോടെ, ബിഹാർ ഷെറീഫ് പട്ടണത്തിൽ ഒരു പലചരക്ക് കട നടത്താൻ തുടങ്ങി. മാരിയിൽനിന്ന് ധൃതിപിടിച്ച് ഒഴിഞ്ഞുപോയിട്ടും, “ഗ്രാമത്തിൽ ഒരു വിവേചനവുമുണ്ടായിരുന്നില്ല. ഞങ്ങളെല്ലാം എത്രയോ കാലമായി ഒരുമിച്ച് കഴിയുന്നവരായിരുന്നു. ആർക്കും ആരുമായും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.”

മാരിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ഒരുകാലത്തും ശത്രുതയുണ്ടായിരുന്നിട്ടില്ല. ഇപ്പോഴുമില്ല. “ഞാൻ മാരിയിൽ പോകുമ്പോഴൊക്കെ, ഹിന്ദുക്കൾ എന്നെ അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വിളിക്കും”, മസ്ജിദും ശവകുടീരവും നല്ലരീതിയിൽ പരിപാലിക്കപ്പെടുന്നതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് 62 വയസ്സുള്ള അയാൾ പറയുന്നു.

ബെൻ ബ്ലോക്കിലെ മാരി ഗ്രാമത്തിലെ ജനസംഖ്യ 3,307 ( 2011-ലെ സെൻസസ് ) ആണ്. പിന്നാക്കവിഭാഗങ്ങളും ദളിതുകളുമാണ് അവരിൽ ഭൂരിഭാഗവും. മസ്ജിദിനെ പരിപാലിക്കുന്ന ചെറുപ്പക്കാർ: അജയ് ഒരു ദളിതനാണ്, ബഖോരി ബിന്ദ് ഇ.ബി.സി.യും (എക്സ്ട്രീമിലി ബാക്വേഡ് ക്ലാസ്), ഗൌതം പ്രസാദ് ഒ.ബി.സി.യും (മറ്റ് പിന്നാക്കവിഭാഗം) ആണ്.

ഗംഗാ-ജാമുനി തെഹ്സീബിന്റെ (സംസ്കാര സമന്വയം) മികച്ച ഉദാഹരണമാണ് ഇത്”, മൊഹമ്മദ് ഖാലിദ് ആലം ഭൂട്ടോ പറയുന്നു. പണ്ട് ഗ്രാമത്തിൽ താ‍മസിച്ചിരുന്ന 62 വയസ്സുള്ള അയാൾ, ബിഹാർ ഷറീഫ് പട്ടണത്തിലേക്ക് പോയവരിലൊരാളായിരുന്നു. “മസ്ജിദിന് 200 വർഷം പഴക്കമുണ്ട്. ശവകുടീരത്തിന് അതിൽക്കൂടുതലും,” അയാൾ ചൂണ്ടിക്കാട്ടി.

“അറേബ്യയിൽനിന്ന് മാരി ഗ്രാമത്തിലെത്തിയ ഹസ്രത്ത് ഇസ്മായിൽ എന്ന ഒരു സൂഫി സന്ന്യാസിയുടെ ശവകുടീരമാണ് അതെന്ന് പറയപ്പെടുന്നു. അദ്ദേഹം വരുന്നതിനുമുൻപ്, പലതവണ, ഗ്രാമം, പ്രളയവും കാട്ടുതീയുംപോലുള്ള പ്രകൃതിദുരന്തങ്ങളാൽ നശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഇവിടെ താ‍മസമായതിൽപ്പിന്നെ, പ്രകൃതിദുരന്തങ്ങളൊന്നുമുണ്ടായില്ല. അദ്ദേഹത്തിന്റെ മരണശേഷം ഈ ശവകുടീരം നിർമ്മിക്കപ്പെട്ടു. ഗ്രാമത്തിലെ ഹിന്ദുക്കളും ഇതിൽ ആരാധന നടത്താൻ തുടങ്ങി,” അദ്ദേഹം തുടർന്നു. “ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു.”

PHOTO • Umesh Kumar Ray
PHOTO • Shreya Katyayini

ആസാൻ വാങ്ക് വിളിക്കാൻ അജയും (ഇടത്ത്) കൂട്ടുകാരും ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. തങ്ങളുടെ ശമ്പളത്തിൽനിന്ന് പണമെടുത്ത്, പ്രതിമാസം 8,000 രൂപ അയാൾക്ക് അവർ ശമ്പളം കൊടുക്കുകയും ചെയ്യുന്നു. വലത്ത്: ‘ഗംഗാ-ജാമുനി തെഹ്സീബിന്റെ (സാംസ്കാരിക സമന്വയം) മികച്ച ഉദാഹരണമാണ് ഇത്,’ മുമ്പ്, മാരിയിൽ താമസിച്ചിരുന്ന മൊഹമ്മദ് ഖാലിദ് ആലം ഭൂട്ടോ പറയുന്നു

മൂന്നുവർഷം മുമ്പത്തെ കോവിഡ് 19-ഉം തുടർന്നുണ്ടായ ലോക്ക്ഡൌണും മൂലം, അജയിനും ബഖോരിയ്ക്കും ഗൌതമിനും മാരിയിൽ ജോലി കിട്ടാൻ ബുദ്ധിമുട്ട് നേരിട്ടു. അതിനാൽ അവർ വിവിധ സ്ഥലങ്ങളിലേക്ക് തൊഴിലും താമസവും മാറ്റി. ഗൌതം ഇസ്ലാം‌പുരിൽ (35 കിലോമീറ്റർ അകലെ) ഒരു കോച്ചിംഗ് സെന്റർ നടത്തുന്നു, ചെന്നൈയിൽ ഒരു മേസണായി ജോലി ചെയ്യുകയാണ് ബഖോരി. അജയ് ബിഹാർ ഷെറീഫിലേക്ക് താമസം മാറ്റുകയും ചെയ്തു.

ആ മൂന്നുപേർ സ്ഥലം വിട്ടതോടെ, മസ്ജിദിന്റെ നോക്കിനടപ്പ് ബുദ്ധിമുട്ടിലായി. 2024 ഫെബ്രുവരിയിൽ, പള്ളിയിൽ ആസാൻ നിന്നു. അപ്പോൾ അത് നടത്താൻ അജയ് ഒരു മൊല്ലാക്കയെ ഏർപ്പാടാക്കി. “ദിവസത്തിൽ അഞ്ചുനേരം ആസാൻ അനുഷ്ഠിക്കുക എന്നതാണ് അയാളുടെ ജോലി. ഞങ്ങൾ (മൂന്നുപേർ ചേർന്ന്) 8,000 രൂപ അയാൾക്ക് മാസശമ്പളം നൽകുന്നു. താ‍മസിക്കാൻ ഗ്രാമത്തിൽ ഒരു വീടും ശരിയാക്കിയിട്ടുണ്ട്,” അജയ് പറയുന്നു.

താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പള്ളിയും ശവകുടീരവും സംരക്ഷിക്കുമെന്ന തീരുമാനത്തിലാണ് അജയ്. “എന്റെ കാലശേഷം എന്തുവേണമെങ്കിലുമായിക്കോട്ടെ. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ആ പള്ളിക്ക് എന്തെങ്കിലും കോട്ടം വരുത്താൻ ഞാൻ ആരെയും അനുവദിക്കില്ല.”

ബിഹാറിലെ പാർശ്വവത്കൃതരായ ജനങ്ങൾക്കുവേണ്ടി മുൻപന്തിയിൽനിന്ന് പ്രവർത്തിച്ച ഒരു ട്രേഡ് യൂണിയൻ പ്രവർത്തകന്റെ ഓർമ്മയ്ക്കായുള്ള ഫെല്ലോഷിപ്പിന്റെ സഹായത്തോടെ എഴുതിയ റിപ്പോർട്ടാണിത് .

പരിഭാഷ: രാജീവ് ചേലനാട്ട്

Text : Umesh Kumar Ray

Umesh Kumar Ray is a PARI Fellow (2022). A freelance journalist, he is based in Bihar and covers marginalised communities.

Other stories by Umesh Kumar Ray
Photos and Video : Shreya Katyayini

Shreya Katyayini is a filmmaker and Senior Video Editor at the People's Archive of Rural India. She also illustrates for PARI.

Other stories by Shreya Katyayini
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat