മീനാ മേഹറിന് തിരക്കുള്ള ദിവസങ്ങളാണ്. രാവിലെ 4 മണിക്ക്, സത്പതി എന്ന തന്‍റെ ഗ്രാമത്തിലെ മൊത്തവില്പനച്ചന്തയിലെത്തി ബോട്ടുടമസ്ഥർക്കുവേണ്ടി മീൻ ലേലത്തിലെടുക്കണം. തിരിച്ച് ഒമ്പതുമണിയോടെ വീട്ടിലെത്തി, മീനിൽ ഉപ്പ് പുരട്ടി, വീടിന്‍റെ പിൻഭാഗത്തുള്ള തെർമോകോൾ പെട്ടികളിൽ ഉണങ്ങാൻ ഇട്ടുവെക്കും. ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് വിൽക്കാൻ പാകത്തിൽ. വൈകുന്നേരങ്ങളിൽ, ബസ്സോ മറ്റുള്ളവരുമായി പങ്കിട്ട് യാത്രചെയ്യുന്ന ഓട്ടോറിക്ഷയോ പിടിച്ച് 12 കിലോമീറ്റർ അകലെയുള്ള പാൽഘറിലെ ചില്ലറവില്പനച്ചന്തയിലെത്തി ഉണക്കമീൻ വിൽക്കും. ബാക്കി വല്ലതും വന്നാൽ, സത്പതിയിലെ ചന്തയിൽ കൊണ്ടുവന്ന് അതും വിൽക്കും.

പക്ഷേ ഇപ്പോൾ ബോട്ടുകൾ വളരെ കുറവാണ്. ഉണക്കാനിടുന്ന മീനിന്‍റെ അളവിലും കുറവ് വന്നിരിക്കുന്നു. “മീനൊന്നും ഇല്ല. ഇനി ഞാൻ എന്തെടുത്ത് വിൽക്കും?” കോലി സമുദായക്കാരിയായ (ഓ.ബി.സി. വിഭാഗത്തില്‍ പെടുന്നവർ) 58 വയസ്സുള്ള മീന ചോദിക്കുന്നു. അതിനാൽ ഇപ്പോൾ തൊഴിലിൽ അല്പം വൈവിധ്യം വരുത്തിയിട്ടുണ്ട് മീന. കാലവർഷത്തിനുശേഷം, സത്പതി അങ്ങാടിയിലുള്ള ബോട്ടുടമകളിൽനിന്നോ വ്യാപാരികളിൽനിന്നോ പച്ച മീൻ വാങ്ങി വിറ്റ് സമ്പാദിക്കാൻ ശ്രമിക്കുകയാണ് അവർ. (തന്‍റെ വരുമാനത്തെക്കുറിച്ചുള്ള ഒരു വിവരവും അവർ ഞങ്ങളോട് പങ്ക് വെച്ചില്ല).

കുടുംബത്തിന്‍റെ വരുമാനത്തിലുള്ള കുറവ് നികത്താൻ, അവരുടെ ഭർത്താവ്, 63 വയസ്സുള്ള ഉല്‍ഹാസ് മേഹറിനും അത്യദ്ധ്വാനം ചെയ്യേണ്ടിവരുന്നു. ഒ.എൻ.ജി.സി.യുടെ സർവ്വെ ബോട്ടുകളിൽ ഇപ്പോഴും അയാൾ, തൊഴിലാളിയായും സാമ്പിളുകൾ ശേഖരിക്കുന്നതിനായും പോകാറുണ്ടെങ്കിലും, മുംബൈയിലെ വലിയ മത്സ്യബന്ധനബോട്ടുകളിൽ വർഷത്തിൽ രണ്ടുമാസം മുതൽ 4-6 മാസങ്ങൾ വരെ പണിയെടുക്കാറുണ്ട് ഉല്‍ഹാസ്.

‘ഗോൾഡൻ ബെൽറ്റ്’ എന്നറിയപ്പെടുന്ന ഭാഗത്ത് ഉൾപ്പെടുന്ന തീരദേശഗ്രാമമാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ സത്പതി എന്ന അവരുടെ ഗ്രാമം. മീൻ വളർത്തലിനും, പ്രത്യേകിച്ച് ബോംബിൽ (അഥവാ ബോംബെ ഡക്ക്) എന്ന മത്സ്യയിനത്തിനും പ്രസിദ്ധമാണ് ഗോൾഡൻ ബെൽറ്റിലെ കടൽത്തട്ട്. പക്ഷേ ബോംബിലിന്‍റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു. സത്പതി-ദഹാനു മേഖലയിൽനിന്ന് 1979-ൽ സർവ്വകാല റെക്കാർഡായ 40,065 ടൺ കിട്ടിയിരുന്നത് 2018-ൽ സംസ്ഥാനത്ത് 16,576 ടണ്ണായി കുറഞ്ഞു.

With fewer boats (left) setting sail from Satpati jetty, the Bombay duck catch, dried on these structures (right) has also reduced
PHOTO • Ishita Patil
With fewer boats (left) setting sail from Satpati jetty, the Bombay duck catch, dried on these structures (right) has also reduced
PHOTO • Ishita Patil

ഇടത്ത് : 1944- ൽ സ്ഥാപിച്ച സത്പതി മച്ഛിമാർ വിവിധ കാര്യകാരി സഹകാരി സൻസ്ഥയുടെ യാർഡിൽ നിർമ്മിച്ച ആദ്യത്തെ യന്ത്രവത്കൃത ബോട്ട് . വലത്ത് : മത്സ്യവളർത്തലിന് പേരെടുത്ത ഈ ഗോൾഡൻ ബെൽറ്റിന്‍റെ കടൽത്തട്ടിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞ് വരുന്നു

വ്യവസായ മലിനീകരണത്തിന്‍റെ വർദ്ധനവ്, ട്രാളറുകളും വലിയ വലകളും ഉപയോഗിച്ചുള്ള തീവ്രമായ മത്സ്യബന്ധനരീതികൾ (ചെറുമീനുകളടക്കം മീനുകളെ ഒന്നായി പിടിക്കുന്നതിനാൽ അവയുടെ ലഭ്യത കാലക്രമത്തിൽ കുറയുന്നു) എന്നിങ്ങനെ, കാരണങ്ങൾ നിരവധിയാണ്.

“ഞങ്ങളുടെ കടലിലേക്ക് ട്രോളറുകൾക്ക് പ്രവേശനമില്ല. എങ്കിലും ആരും അവയെ തടയാറില്ല”, മീന പറഞ്ഞു. “മത്സ്യബന്ധനം സമുദായത്തിന്‍റെ തൊഴിലായിരുന്നു. പക്ഷേ ഇപ്പോൾ ആർക്കും ബോട്ടുകൾ വാങ്ങാം. ഈ ബോട്ടുകളാകട്ടെ, ചെറിയ മീനുകളേയും അവയുടെ മുട്ടകളേയും നശിപ്പിക്കുന്നു. ഞങ്ങൾക്ക് ഒന്നും കിട്ടുന്നുമില്ല”.

ഏറെക്കാലമായി, മീൻ വിൽക്കാനുള്ളപ്പോഴെല്ലാം നാട്ടിലെ ബോട്ടുടമസ്ഥർ മീനയേയും മറ്റ് ലേലക്കാരെയും വിളിക്കാറുണ്ടായിരുന്നു. പക്ഷേ നിറയെ മീനുമായി ബോട്ടുകൾ വരുമെന്ന് ഇപ്പോൾ യാതൊരു പ്രതീക്ഷയുമില്ല. പണ്ടൊക്കെ നിറയെ വെളുത്ത ആവോലിയും മുഷിയും ബോംബിലുമൊക്കെയായാണ് ബോട്ടുകൾ വരാറുണ്ടായിരുന്നത്. ഒരു പതിറ്റാണ്ട് മുൻപ് മീന എട്ട് ബോട്ടുകൾവരെ ലേലത്തിന് വിളിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത് വെറും രണ്ടിലൊതുങ്ങി. പല ബോട്ടുടമകളും മത്സ്യബന്ധനം അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു.

“1980-കളിൽ [ബോംബിൽ] മത്സ്യം പിടിക്കാൻ, സത്പതിയിൽ 30-35 ബോട്ടുകളുണ്ടായിരുന്നത്, 2019-മധ്യത്തോടെ വെറും പന്ത്രണ്ടായി കുറഞ്ഞു” എന്ന് നരേന്ദ്ര പാട്ടിൽ പറയുന്നു. ദേശീയ മത്സ്യത്തൊഴിലാളി ഫോറത്തിന്‍റെ പ്രസിഡന്റും സത്പതി മത്സ്യത്തൊഴിലാളി സർവ്വോദയ സഹകരണസംഘത്തിന്‍റെ മുൻ അദ്ധ്യക്ഷനുമാണ് അദ്ദേഹം.

At the cooperative society ice factory (left) buying ice to pack and store the fish (right): Satpati’s fisherwomen say the only support they receive from the co-ops is ice and cold storage space at nominal rates
PHOTO • Ishita Patil
At the cooperative society ice factory (left) buying ice to pack and store the fish (right): Satpati’s fisherwomen say the only support they receive from the co-ops is ice and cold storage space at nominal rates
PHOTO • Ishita Patil

സഹകരണ സംഘത്തിന്‍റെ ഫാക്ടറിയിൽനിന്ന് ( ഇടത്ത് ) മീൻ സൂക്ഷിക്കാനും ശേഖരിക്കാനും ഐസ് വാങ്ങുന്നു ( വലത്ത് ). സഹകരണസംഘത്തിൽനിന്ന് കിട്ടുന്ന ഒരേയൊരു സഹായം ഇതാണെന്ന് സത്പതിയിലെ മത്സ്യത്തൊഴിലാളി സ്ത്രീകൾ പറയുന്നു

സത്പതിയിലെ മത്സ്യബന്ധന സമുദായത്തെ ഒന്നടങ്കം ഇത് സാരമായി ബാധിക്കുന്നു. 2011-ൽ 17,032 ആയിരുന്നു ജനസംഖ്യ (2011 സെൻസസ്). ഇന്നത് 35,000 ആയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തും സഹകരണസംഘങ്ങളും വിലയിരുത്തുന്നു. 1950-ൽ സംസ്ഥാനസർക്കാർ രൂപവത്ക്കരിച്ചതും 2002-ൽ ജില്ലാ പരിഷത്തിന് കൈമാറിയതുമായ പ്രാഥമിക ഫിഷറീസ് സ്കൂളും (കൃത്യമായ പാഠ്യപദ്ധതികളൊക്കെയുള്ള സ്കൂൾ) തകർച്ചയുടെ വക്കിലാണ്. 1954-ൽ പ്രത്യേകമായ കോഴ്സുകളോടെ സ്ഥാപിതമായ മറൈൻ ഫിഷറീസ് ട്രെയിനിങ്ങ് സെന്‍ററും ഇപ്പോൾ പ്രവർത്തിരഹിതമാണ്‌. രണ്ട് ഫിഷറീസ് കോപ്പറേറ്റീവ് സൊസൈറ്റികൾ മാത്രമാണ് ഇപ്പോഴുള്ളത്. ബോട്ടുടമകൾക്കും മത്സ്യക്കയറ്റുമതിക്കാർക്കുമിടയിൽ ഇടനിലക്കാരായി പ്രവർത്തിക്കുകയും, മുക്കുവർക്കും ബോട്ടുടമകൾക്കും വായ്പകളും ഡീസലിനുള്ള സബ്സിഡികളും ശരിയാക്കിക്കൊടുക്കുകയുമാണ് അവയുടെ ചുമതല.

പക്ഷേ ഐസും, മിതമായ നിരക്കിൽ സംഭരണസ്ഥലവുമല്ലാതെ സർക്കാരിൽനിന്നോ സഹകരണസംഘങ്ങളിൽനിന്നോ മറ്റൊരു സഹായവും കിട്ടിയിട്ടില്ലെന്ന് പറയുന്നു സത്പതിയിലെ മുക്കുവസ്ത്രീകൾ.

“എല്ലാ മുക്കുവസ്ത്രീകൾക്കും സർക്കാർ ഏറ്റവും ചുരുങ്ങിയത് 10,000 രൂപയെങ്കിലും കച്ചവടം നടത്താൻ കൊടുക്കണം. മീൻ വാങ്ങാൻ ഞങ്ങളുടെ കൈയ്യിൽ പണമില്ല”, 50 വയസ്സുള്ള അനാമിക പാട്ടീൽ പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ, കുടുംബാംഗങ്ങൾ പിടിച്ചുകൊണ്ടുവരുന്ന മീനായിരുന്നു സ്ത്രീകൾ വിൽക്കാറുണ്ടായിരുന്നത്. പക്ഷേ ഇന്ന് അവരിൽ പലർക്കും മീൻ കിട്ടാൻ കച്ചവടക്കാരെ ആശ്രയിക്കേണ്ടിവരുന്നു. അതിന്, അവ കടമായി കിട്ടാനുള്ള സൗകര്യമോ, വാങ്ങാനാവശ്യമായ മൂലധനമോ വേണം. അതവർക്കില്ല.

സ്വകാര്യ പണമിടപാടുകാരിൽനിന്ന് 20,000 – 30,000 രൂപവരെ കടമെടുത്തവരാണ് പലരും. സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകൾ ഒരു പരിഹാരമല്ല. കാരണം “അതിനായി ഞങ്ങൾക്ക് ആഭരണമോ വീടോ ഭൂമിയോ പണയപ്പെടുത്തേണ്ടിവരും” എന്ന് അനാമിക പറയുന്നു. ഒരു ബോട്ടുടമയിൽനിന്ന് 50,000 രൂപ കടമെടുത്തിട്ടുണ്ട് അവർ.

Left: Negotiating wages with a worker to help her pack the fish stock. Right: Vendors buying wam (eels) and mushi (shark) from boat owners and traders
PHOTO • Ishita Patil
Left: Negotiating wages with a worker to help her pack the fish stock. Right: Vendors buying wam (eels) and mushi (shark) from boat owners and traders
PHOTO • Ishita Patil

ഇടത്ത് : മീൻ‌കെട്ട് പാക്ക് ചെയ്യാൻ ഒരു തൊഴിലാളിയുമായി വിലപേശുന്നു . വലത്ത് : എന്നാലും , ഈ കമ്പുകളില്‍ ഉണക്കാനിടുന്ന ബോംബെ ഡക്ക് മത്സ്യങ്ങളുടെ അളവ് കുറയുകതന്നെയാണ്

മറ്റ് മുക്കുവസ്ത്രീകൾ പൂർണ്ണമായോ ഭാഗികമായോ ഈ വ്യാപാരത്തിൽനിന്ന് പുറത്തേക്ക് പോയിരിക്കുന്നു. “മീനിന്‍റെ എണ്ണത്തിൽ കുറവ് വന്നതോടെ, ഈ ഉണക്കൽ പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്കും വേറെ മാർഗ്ഗങ്ങൾ നോക്കേണ്ടിവന്നു. പലരും പാൽഘറിലെ മഹാരാഷ്ട്ര വ്യവസായവികസന കോർപ്പറേഷനിൽ ജോലിക്ക് പോവുകയാണ് ഇപ്പോൾ. സത്പതി മത്സ്യത്തൊഴിലാളി സർവ്വോദയ സഹകരണസംഘത്തിന്‍റെ അദ്ധ്യക്ഷൻ കേതൻ പാട്ടിൽ പറഞ്ഞു.

“സത്പതിയിൽ ഞങ്ങളുടെ വീടിന്‍റെ അകം മുഴുവൻ ബോംബിൽ മത്സ്യങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ, ഞങ്ങൾ പുറത്താണ് ഉറങ്ങാൻ കിടന്നിരുന്നത്. മീനിന്‍റെ അളവ് കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു. അതോടെയാണ് ഞങ്ങൾ പുറത്തുള്ള ജോലികൾക്ക് പോയിത്തുടങ്ങിയത്”, സ്മിത താരെ പറഞ്ഞു. പാൽഘറിലെ ഒരു മരുന്ന് കമ്പനിയിൽ, 15 വർഷമായി പാക്കിംഗ് പണിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ് അവർ. ആഴ്ചയിൽ ആറ് ദിവസം, ഓരോ ദിവസവും പത്ത് മണിക്കൂർ വീതം ജോലി ചെയ്താൽ, മാസത്തിൽ കഷ്ടിച്ച് 8,000 രൂപ കിട്ടും അവർക്ക്. ഭർത്താവും ഇപ്പോൾ മീൻ പിടിക്കാൻ പോവുന്നില്ല. പാൽഘറിലും ചുറ്റുവട്ടത്തും വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ബാൻഡ് വായിക്കാൻ പോവുകയാണ് അയാൾ.

പാൽഘർ പട്ടണം ഏകദേശം 15 കിലോമീറ്റർ അകലെയാണ്. രാവിലെകളിൽ, ജോലിക്ക് പോകാൻ പ്രദേശത്തെ ബസ്സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന സ്ത്രീകളുടെ നിര കാണാം.

മീനയുടെ പുത്രവധു, 32-കാരിയായ ശുഭാംഗിയും പാൽഘറിലെ ഒരു ഗൃഹോപകരണ യൂണിറ്റിൽ, കൂളറുകളും മിക്സികളും മറ്റ് സാധനങ്ങളും പാക്ക് ചെയ്യുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു. 10 മണിക്കൂർ ഷിഫ്റ്റിന് 240 രൂപയും, 12 മണിക്കൂർ ജോലിക്ക് 320 രൂപയുമാണ് ശമ്പളം. ആഴ്ചയിൽ ആറുദിവസം. വെള്ളിയാഴ്ചയാണ് അവധി ദിവസം. (ശുഭാംഗിയുടെ ഭർത്താവ്, 34-കാരനായ പ്രജ്യോത് ഫിഷറീസ് കോ‍പ്പറേറ്റീവ് സൊസൈറ്റിയിൽ മീനയെ സഹായിക്കുന്നു. സഹകരണസംഘങ്ങളും പ്രതിസന്ധിയിലായതിനാൽ, തന്‍റെ സ്ഥിരജോലി നഷ്ടപ്പെടുമോ എന്ന പേടിയിലാണ് അയാളും.)

Left: The Satpati fish market was shifted from a crowded location to this open space near the jetty during the pandemic to maintain distancing. Right: In many families here, the women have taken up making jewellery on a piece-rate basis to supplement falling incomes
PHOTO • Chand Meher
Left: The Satpati fish market was shifted from a crowded location to this open space near the jetty during the pandemic to maintain distancing. Right: In many families here, the women have taken up making jewellery on a piece-rate basis to supplement falling incomes
PHOTO • Ishita Patil

ഇടത്ത് : സത്പതിയിലെ നിരവധി സ്ത്രീകൾ ഇപ്പോൾ മീൻ‌കച്ചവടം ഉപേക്ഷിച്ചിരിക്കുന്നു . പലരും പാൽഘറിലെ സ്ഥാപനങ്ങളിൽ സംയോജനമേഖലയിലോ ( അസംബ്ലി ലൈൻ ) കരാറെടുത്തുള്ള ആഭരണനിർമ്മാണത്തിലോ പണിയെടുക്കുന്നു . വലത്ത് : മുത്തുകൾ കോർക്കുന്ന പണിയെടുക്കുന്നത് മീനയുടെ കണ്ണുകൾക്ക് സമ്മർദ്ദമുണ്ടാക്കുന്നു

ദിവസത്തിൽ 2-3 മണിക്കൂറുകൾ അവർ മുത്തുകൾ കോർക്കുന്ന ജോലി ചെയ്യുന്നുണ്ട്. ഒരു പാത്രത്തിൽ വെളുത്ത മുത്തുകളും സ്വർണ്ണനിറമുള്ള ലോഹക്കമ്പിയും വട്ടത്തിലുള്ള ഒരു അരിപ്പയും കണ്ണടയും ആണ് അവരുടെ ഉപകരണങ്ങൾ. കമ്പി മുത്തുകളിലൂടെ കടത്തി ഒരു വളയം തീർക്കുകയാണ് ജോലി. ഗ്രാമത്തിലുള്ള ഒരു സ്ത്രീയാണ് ഈ ജോലി അവർക്ക് കരാറെടുത്ത് നൽകുന്നത്. 250 ഗ്രാം വെളുത്ത മുത്തുകൾ കോർക്കണം. ഒരാഴ്ചയെടുക്കും അത് തീർക്കാൻ. അതിൽനിന്ന് 250 രൂപ സമ്പാദിക്കും. പക്ഷേ അതിൽനിന്നുതന്നെ വേണം 100 രൂപ കൊടുത്ത് അസംസ്കൃത സാധനങ്ങൾ വാങ്ങാനും.

മത്സ്യവ്യാപാരത്തിൽനിന്നുള്ള വരുമാനം കുറഞ്ഞതിനുശേഷമാണ് 2019 മധ്യത്തോടെ ഒരു സൗന്ദര്യവർദ്ധക സ്ഥാപനത്തിൽ ഭാരതി മേഹർ ജോലിക്ക് ചേർന്നത്. അതുവരെ, മീൻ ലേലത്തിലെടുക്കുകയും വിൽക്കുകയും ചെയുന്നതിനു പുറമെ, ഭാരതിയും അവരുടെ മരുമകളും മീനയെപ്പോലെ ആഭരണങ്ങൾ ഉണ്ടാക്കുമായിരുന്നു. 43 വയസ്സുള്ള ഭാരതിയുടെ കുടുംബത്തിന് സ്വന്തമായി ഒർ ബോട്ടുമുണ്ട്.

സത്പതിയിലെ മിക്കവരും പുതിയ തൊഴിലിടങ്ങളിലേക്ക് മാറിയെങ്കിലും, പോയ കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ അവരുടെ വർത്തമാനങ്ങളിൽ കടന്നുവരാറുണ്ട്. “കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ, ഞങ്ങളുടെ കുട്ടികളെ ആവോലിയും ബോംബിലുമൊക്കെ ചിത്രം വരച്ച് കാണിച്ചുകൊടുക്കേണ്ടിവരും. ഇവിടെ ബാക്കി ഒന്നും ഉണ്ടാവില്ല”, റിട്ടയർ ചെയ്ത ‘ബെസ്റ്റ്‘ ഡ്രൈവർ ചന്ദ്രകാന്ത് നായിക്ക് പറഞ്ഞു. മരുമകൻ നടത്തുന്ന ഒരു ചെറിയ ബോട്ടിൽ മത്സ്യബന്ധനത്തിന് പോവുന്നുണ്ട് ഇപ്പോൾ നായിക്ക്.

ഗൃഹാതുരത്വംകൊണ്ടുമാത്രം മത്സ്യബന്ധനത്തൊഴിലിൽ നിൽക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ള പലരുമുണ്ട് ഇവിടെ. “കുട്ടികളെ ഞാൻ ബോട്ടിൽ കയറ്റാറില്ല. മീൻ പിടിക്കലുമായി ബന്ധപ്പെട്ട ചെറിയ ജോലിയൊക്കെ ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷേ അവരെ ഞാൻ ബോട്ടിൽ കൊണ്ടുപോകാറില്ല”, 51 വയസ്സുള്ള ജിതേന്ദ്ര തമോരെ പറഞ്ഞു. പൈതൃകമായി കിട്ടിയ ഒരു ബോട്ടിന്‍റെ ഉടമസ്ഥനാണ് അയാൾ. അതുകൂടാതെ, സത്പതിയിൽ ഒരു മത്സ്യവലയുടെ കടയും അയാൾക്കുണ്ട്. നിലനിൽക്കാൻ സഹായിക്കുന്നത് അതാണ്. “കുട്ടികൾക്ക് (20-ഉം 17-ഉം വയസ്സുള്ള ആൺകുട്ടികൾ) വിദ്യാഭ്യാസം കൊടുക്കാൻ സഹായിച്ചത് ആ കച്ചവടമാണ്”, അയാളുടെ ഭാര്യ, 49 വയസ്സുള്ള ജുഹി തമോരെ പറയുന്നു. “പക്ഷേ ഇന്നത്തെ ഞങ്ങളുടെ സ്ഥിതി നോക്കിയാൽ, അവരൊരിക്കലും ഈ തൊഴിലിലേക്ക് വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല”.

ഈ കഥയ്ക്കാവശ്യമായ ചില അഭിമുഖങ്ങൾ നടത്തിയത് 2019- ലായിരുന്നു .

കവർ ചിത്രം : തങ്ങളുടെ പുരുഷന്മാർ കടലിൽ പോകുമ്പോൾ അവരുടെ രക്ഷയ്ക്കും, നല്ല കച്ചവടം ഉണ്ടാവുന്നതിനുംവേണ്ടി, 2020 മാർച്ച് 9-ന് ഹോളി ഉത്സവകാലത്ത്, സാഗരദേവനോട് പ്രാർത്ഥിക്കുന്ന സത്പതിയിലെ സ്ത്രീകൾ. ബോട്ടുകളെയും അവർ അലങ്കരിച്ച് ആരാധിക്കാറുണ്ട്.

പരിഭാഷ: രാജീവ് ചേലനാട്ട്

Ishita Patil

Ishita Patil is a Research Associate at the National Institute of Advanced Studies, Bengaluru.

Other stories by Ishita Patil
Nitya Rao

Nitya Rao is Professor, Gender and Development, University of East Anglia, Norwich, UK. She has worked extensively as a researcher, teacher and advocate in the field of women’s rights, employment and education for over three decades.

Other stories by Nitya Rao
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat