“ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട ഞങ്ങളെപ്പോലുള്ളവർക്ക് ജനകീയ ഹോട്ടൽ വലിയ സഹായമാണ്”, തിരുവനന്തപുരത്തെ എം.ജി. റോഡിനടുത്തുള്ള വില്‍പനശാലയിൽ ഉച്ചഭക്ഷണപ്പൊതി വാങ്ങാനായി കാത്തു നിൽക്കുമ്പോൾ ആർ. രാജു പറഞ്ഞു.

ആശാരിപ്പണി ചെയ്യുന്ന 55-കാരനായ രാജു ഒരുമാസമായി എല്ലാ ദിവസവും 3 കിലോമീറ്റർ സൈക്കിൾ ചവിട്ടി ജനകീയ ഹോട്ടലിലെത്തി 20 രൂപയ്ക്ക് ഉച്ചഭക്ഷണം വാങ്ങുന്നു. ചോറിന്‍റെ കൂടെ അച്ചാർ, മൂന്നുകൂട്ടം കറികൾ, പച്ചക്കറി കൊണ്ടുള്ള ഒരു തോരൻ എന്നിവചേര്‍ന്ന ഭക്ഷണം "വളരെ മികച്ചതാണ്” എന്ന് അദ്ദേഹം പറഞ്ഞു.

“അവര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് ആശങ്കയായി”, രാജു കൂട്ടിച്ചേര്‍ത്തു. അന്നുമുതല്‍ അദ്ദേഹത്തിന് ജോലിയൊന്നുമില്ല. “എന്‍റെ കൈയില്‍ കുറച്ച് പണമേ ഉണ്ടായിരുന്നുള്ളൂ, രണ്ട് മാസത്തേക്ക് ഭക്ഷണം വാങ്ങാന്‍ പറ്റുമെന്ന് ഞാന്‍ കരുതിയില്ല. ഇവിടുത്തെ ഭക്ഷണത്തിന് എനിക്ക് വെറും 500 രൂപയേ ആകുന്നുള്ളൂ.”

കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന ടി. കെ. രവീന്ദ്രനും ഈ ദിവസങ്ങളില്‍ ജനകീയ ഹോട്ടലിലെ താങ്ങാന്‍ പറ്റുന്ന വിലയ്ക്കുള്ള ഭക്ഷണമാണ്‌ കഴിച്ചത്. എം. ജി. റോഡില്‍നിന്നും 3 കിലോമീറ്റര്‍ മാറി പേട്ടഭാഗത്ത് ഒരു വാടകവീട്ടില്‍ ഒറ്റയ്ക്കാണ് രവീന്ദ്രന്‍ താമസിക്കുന്നത്. അദ്ദേഹം ഓഫീസ് കാന്‍റീനില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം കഴിച്ചിരുന്നത്. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് കുറച്ചുദിവസംമുന്‍പ് സംസ്ഥാനസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കാന്‍റീൻ മാര്‍ച്ച് 23 മുതല്‍ പൂട്ടി. “മറ്റ് റെസ്റ്റോറന്‍റുകളില്‍ വളരെ വിലക്കൂടുതലാണ്. ഡെലിവറി ചാര്‍ജ് പോലും വളരെക്കൂടുതലാണ്”, രവീന്ദ്രന്‍ പറഞ്ഞു. 70 കിലോമീറ്റര്‍ അകലെയുള്ള കൊല്ലത്തുനിന്നുമാണ് രണ്ടുകൊല്ലം മുന്‍പ് അദ്ദേഹം ഈ നഗരത്തില്‍ എത്തിയത്.

അദ്ദേഹവും രാജുവും സന്ദര്‍ശിച്ച ജനകീയ വില്‍പനശാലയിൽ 10 സ്ത്രീകളുടെ ഒരുസംഘം ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. എല്ലാദിവസവും ഏകദേശം 500 പേര്‍ക്കുള്ള ഉച്ചഭക്ഷണം അവര്‍ പാചകംചെയ്ത് പൊതിയാക്കുന്നു - പ്ലാസ്റ്റിക് ആവരണമുള്ള കടലാസില്‍ ചോറും, തൂവിപ്പോകാതിരിക്കാനായി സില്‍വര്‍ ഫോയില്‍ കൂടുകളില്‍ കറികളും. പൊതിമാത്രം വിതരണം ചെയ്യുന്ന അവരുടെ ജനകീയ ഹോട്ടല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മണിമുതല്‍ വയ്കുന്നേരം 5 മണിവരെ ഉച്ചഭക്ഷണം നല്‍കുന്നു.

Kudumbashree members in the Janakeeya Hotel near Thiruvananthapuram's M.G. Road cook and pack about 500 takeaway meals every day
PHOTO • Gokul G.K.
Kudumbashree members in the Janakeeya Hotel near Thiruvananthapuram's M.G. Road cook and pack about 500 takeaway meals every day
PHOTO • Gokul G.K.

തിരുവനന്തപുരം എം.ജി. റോഡിനടുത്തുള്ള ജനകീയ ഹോട്ടലിലെ കുടുംബശ്രീ അംഗങ്ങള്‍ ഏകദേശം 500 പേര്‍ക്കുള്ള ഭക്ഷണപ്പൊതി എല്ലാദിവസവും തയ്യാറാക്കുന്നു

“ഞങ്ങള്‍ രാവിലെ 7 മണിക്ക് ഇവിടെത്തി അപ്പോള്‍ത്തന്നെ ജോലി ചെയ്യാന്‍ ആരംഭിക്കും. 10 മണിയോടെ പാചകം പൂര്‍ത്തിയാക്കി ഉടന്‍തന്നെ പൊതിയാക്കാനും തുടങ്ങും. അടുക്കള പൂട്ടിയശേഷം തലേദിവസംതന്നെ പച്ചക്കറികള്‍ അരിഞ്ഞുവച്ചിട്ടുണ്ടാവും”, വില്‍പനശാലയിലെ ദൈനംദിന കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കെ. സരോജം പറഞ്ഞു. “ഞാന്‍ മിക്കവാറും പാചകത്തിനാണ് സഹായിക്കുന്നത്. ഇവിടെയുള്ള ഓരോരുത്തര്‍ക്കും ജോലി വിഭജിച്ചു നല്‍കിയിട്ടുണ്ട്.”

സരോജവും അവരുടെ സംഘത്തിലുള്ള മറ്റ് സ്ത്രീകളും കുടുംബശ്രീ അംഗങ്ങളാണ്. വനിതാസംഘങ്ങളുടെ സംസ്ഥാനവ്യാപക കൂട്ടായ്മയായ കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് (Kerala State Poverty Eradication Mission) നല്‍കിയിരിക്കുന്ന പേരാണ് കുടുംബശ്രീ. ഇതിന്‍റെ അംഗങ്ങള്‍ ‘കുടുംബശ്രീ ഹോട്ടലുകള്‍’ എന്ന് പൊതുവെ അറിയപ്പെടുന്ന 417 ജനകീയ വില്‍പനശാലകൾ (2020 മെയ് 26 വരെയുള്ള കണക്കനുസരിച്ച്) സംസ്ഥാനത്തുടനീളം പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

“1998-ലാണ് ഈ കൂട്ടായ്മ ആരംഭിച്ചത്. ലഘുനിക്ഷേപം (micro-financing), കൃഷി, സ്ത്രീശാക്തീകരണം, ആദിവാസി സമുദായങ്ങള്‍ക്കു വേണ്ടിയുള്ള വികസനപദ്ധതികള്‍ എന്നിവയൊക്കെ ഇതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. ഭക്ഷ്യസുരക്ഷ, തൊഴില്‍, ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സി കൂടിയാണ് കുടുംബശ്രീ.

കേരളത്തിലെ കുടുംബശ്രീ മിഷനും തദ്ദേശ ഭരണകൂടങ്ങളും സംയുക്തമായാണ് സബ്സിഡി നിരക്കിലുള്ള ഈ ഭക്ഷണപരിപാടി ആരംഭിച്ചത്. മൂന്ന് മുറികളുള്ള (അടുക്കള, ഭക്ഷണപ്പൊതി തയ്യാറാക്കാനുള്ള ഹാള്‍, ഭക്ഷണം നല്‍കുന്നതിനുള്ള കൗണ്ടര്‍) എം.ജി. റോഡിലെ വിൽപനശാല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തെ 22 ജനകീയ ഹോട്ടലുകളില്‍ ഒന്നാണിത്.

എല്ലാദിവസവും ഉച്ചകഴിഞ്ഞ് 2 മണിയോടെ ഭക്ഷണപ്പൊതി വാങ്ങാന്‍ വരുന്നവരുടെ നല്ല തിരക്കാവും വിൽപനശാലയിൽ. കോവിഡ്-19 ലോക്ക്ഡൗണ്‍ മൂലം ഹോസ്റ്റലില്‍ അകപ്പെട്ടുപോയ വിദ്യാർത്ഥികൾ, മെഡിക്കൽ സഹായികൾ, സെക്യൂരിറ്റി ഗാർഡുകൾ, ആംബുലൻസ് ഡ്രൈവർമാർ, അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ എന്നിവരും അതുപോലുള്ളവരുമാണ് വിൽപനശാലയിൽ എത്തുക. “ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടവരായിരിക്കും ഞങ്ങളുടെ മിക്ക ഉപഭോക്താക്കളും”, കുടംബശ്രീ മിഷന്‍റെ ജില്ല കോഓര്‍ഡിനേറ്ററായ ഡോ. കെ. ആര്‍. ഷൈജു പറഞ്ഞു.

The lunch parcels, priced Rs. 20, are stacked on the counter. They are mostly bought by people left with barely any income in the lockdown
PHOTO • Gokul G.K.
The lunch parcels, priced Rs. 20, are stacked on the counter. They are mostly bought by people left with barely any income in the lockdown
PHOTO • Gokul G.K.

ഭക്ഷണപ്പൊതികള്‍ കൗണ്ടറില്‍ അടുക്കിവച്ചിരിക്കുന്നു. ഒരെണ്ണത്തിന് 20 രൂപയാണ് വില. ലോക്ക്ഡൗണ്‍ സമയത്ത് കാര്യമായി വരുമാനമൊന്നുമില്ലാത്തവരാണ് മിക്കവാറും അവ വാങ്ങുന്നത്

കവാടത്തിലുള്ള കൗണ്ടറിലാണ് തയ്യാറാക്കിയ ഭക്ഷണപ്പൊതികള്‍ വച്ചിരിക്കുന്നത്. മുഖാവരണവും കൈയുറകളും ധരിച്ച ഒരു ഒരു കുടുംബശ്രീ പ്രവര്‍ത്തകയാണ് പണംവാങ്ങി പൊതി കൈമാറുന്നത്. “ആളുകള്‍ വരി നില്‍ക്കുമ്പോള്‍ പോലും സാമൂഹ്യഅകല ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുന്നു”, വില്‍പനശാല നടത്തുന്ന കുടുംബശ്രീ സംഘത്തിലെ ഒരംഗമായ എസ്. ലക്ഷ്മി പറഞ്ഞു.

4.5 ദശലക്ഷം വരുന്ന കുടുംബശ്രീ അംഗങ്ങളില്‍ പെടുന്നവരാണ് ലക്ഷ്മിയും സരോജവും. അയല്‍ക്കൂട്ടങ്ങളിലൂടെയാണ് (Neighbourhood Groups - NHGs) അവരെ സംഘടിപ്പിക്കുന്നത്. കേരളത്തിലെ 77 ലക്ഷം കുടുംബങ്ങളുടെ 60 ശതമാനത്തിലെ ഓരോന്നില്‍നിന്നും ഒരംഗമെങ്കിലും ഈ കൂട്ടായ്മയുമായി ബന്ധമുള്ളവരാണ്.

ഓരോ ജനകീയ വിൽപനശാലയും നടത്തുന്നത് ഒരു അയല്‍ക്കൂട്ടമാണ്. എം.ജി. റോഡിലെ വിൽപനശാല നടത്തുന്ന സംഘം നഗരത്തില്‍നിന്നും 5 കിലോമീറ്റര്‍ മാറി കുറിയാതിയിലെ അയല്‍ക്കൂട്ടത്തില്‍ നിന്നുള്ളവരാണ്. 500-ഓളം ഭക്ഷണപ്പൊതികള്‍ അവര്‍ എല്ലാദിവസവും ഉണ്ടാക്കുന്നു. കട അടയ്ക്കുന്നതിനു മുമ്പുതന്നെ അവ തീരുന്നു. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഭക്ഷണം നേരത്തെ തീര്‍ന്നുപോകുന്നതെന്ന് സരോജം പറഞ്ഞു. “ചിലപ്പോള്‍ അഞ്ചോ ആറോ പൊതികള്‍ ബാക്കിയാവുന്നു, അത് ഞങ്ങള്‍ വീട്ടില്‍ കൊണ്ടുപോകും.”

ഏപ്രില്‍ 8-ന് എം.ജി.റോഡിലെ വില്‍പനശാലയുടെ പ്രവര്‍ത്തനം തുടങ്ങിയത് എ. രാജീവിന് അനുഗ്രഹമായി. രാവിലെ 8 മണിമുതല്‍ വയ്കുന്നേരം 5 മണിവരെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഒരു പിക്കപ്പ് വാനില്‍ ആശുപത്രികളിലേക്കും മെഡിക്കല്‍ സ്റ്റോറുകളിലേക്കും മരുന്നുകള്‍ എത്തിച്ചുനല്‍കുകയാണ് ഈ 28-കാരന്‍ ചെയ്യുന്നത്. “ഒരു റെസ്റ്റോറന്‍റ് പോലും തുറക്കാഞ്ഞതിനാല്‍ ലോക്ക്ഡൗണിന്‍റെ ആദ്യത്തെ ഒരാഴ്ച വളരെ ബുദ്ധിമുട്ടായിരുന്നു. എന്‍റെയമ്മ നേരത്തെയെഴുന്നേറ്റാണ് എനിക്കുള്ള ഉച്ചഭക്ഷണമുണ്ടാക്കുന്നത്”, അദ്ദേഹം പറഞ്ഞു. “ഞാന്‍ സാധനങ്ങള്‍ എത്തിക്കുന്നത് മിക്കവാറും ഈ പ്രദേശത്താകയാല്‍ ഈ വില്‍പനശാലയെനിക്ക് വളരെയടുത്താണ്‌. ഏതാണ്ട് 500 രൂപയ്ക്ക് ഒരുമാസത്തെ ഊണ് എനിക്ക് ലഭിക്കും. ലോക്ക്ഡൗണിനുശേഷവും അവരിത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളെപ്പോലുള്ള ഒരുപാടുപേരെ ഇത് സഹായിക്കും.”

Left: Rice is packed in coated paper. Right: A. Rajeev with his meal packets. 'I hope they will continue even after the lockdown'
PHOTO • Gokul G.K.
Left: Rice is packed in coated paper. Right: A. Rajeev with his meal packets. 'I hope they will continue even after the lockdown'
PHOTO • Gokul G.K.

ഇടത്: പ്ലാസ്റ്റിക് ആവരണമുള്ള കടലാസില്‍ ചോറ് പൊതിയുന്നു. വലത്: എ. രാജീവ് തന്‍റെ ഭക്ഷണപ്പൊതികളുമായി. ‘ ലോക്ക്ഡൗണിനുശേഷവും അവരിത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’

ജനകീയ ഭക്ഷണം കൃഷ്ണകുമാറിനും അദ്ദേഹത്തിന്‍റെ വരുമാനത്തെമാത്രം ആശ്രയിച്ചു കഴിയുന്ന പ്രായമായ മാതാപിതാക്കള്‍ക്കും ഗുണപ്രദമാണ്. നഗരത്തിന്‍റെ തെക്ക് ഭാഗത്ത് ശ്രീവരാഹം പ്രദേശത്താണ് ഈ കുടുംബം ജീവിക്കുന്നത്. “ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കുമായി ഞാനെല്ലാദിവസവും രണ്ട് പാക്കറ്റ് ഭക്ഷണം വാങ്ങുന്നു”, അദ്ദേഹം പറഞ്ഞു. “ഞായറാഴ്ചകളില്‍ ദോശപോലെ എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കുകയോ, അല്ലെങ്കില്‍ ഒരു പാക്കറ്റ് ഓട്സ് തിളപ്പിക്കുകയോ ചെയ്യുന്നു.”

ലോക്ക്ഡൗണിനുമുമ്പ്, പണിയുള്ള ദിവസങ്ങളില്‍, 800 രൂപ ദിവസക്കൂലിക്ക് ഒരു കരാറുകാരന്‍റെ കൂടെ കുമാര്‍ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. മാസം ഏതാണ്ട് 16,000 രൂപ ഉണ്ടാക്കുമായിരുന്നു. “കഴിഞ്ഞ 2 മാസങ്ങളില്‍ [ഏപ്രില്‍, മെയ്] കോണ്‍ട്രാക്ടര്‍ എനിക്ക് ഒരു മാസത്തെ പാതിവേതനം നല്‍കി. അവര്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് കേള്‍ക്കുന്നു. എനിക്കറിയില്ല എത്രകാലം അദ്ദേഹത്തിന് ഇങ്ങനെ തന്നുകൊണ്ടിരിക്കാന്‍ പറ്റുമെന്ന്”, കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്‍റെ ദാരിദ്ര്യരഹിത കേരള പദ്ധതിയുടെ ഭാഗമായാണ് 2020 ആദ്യം കുടുംബശ്രീ ഹോട്ടലുകള്‍ തുറന്നത്. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ്‌ ഐസക് ഫെബ്രുവരി 7-ന് തന്‍റെ ബജറ്റവതരണ പ്രസംഗത്തിലാണ് ഹോട്ടലുകളെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ചത്.

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പട്ടണത്തില്‍ ഫെബ്രുവരി 29-നാണ് ആദ്യത്തെ വില്‍പനശാല തുറന്നത്. ദേശീയതലത്തിൽ ലോക്ക്ഡൗണ്‍ നീട്ടിയതായി മാര്‍ച്ച് 24-ന് പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൂടുതല്‍ ഹോട്ടലുകള്‍ തുറക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തി. മെയ് 26-ഓടെ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ മൊത്തത്തില്‍ 9.5 ലക്ഷം ഭക്ഷണപ്പൊതികള്‍ വിറ്റു -  ഓരോ പൊതിയും 20 രൂപയ്ക്ക്.

കുടുംബശ്രീ നിരവധി സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ കാന്‍റീനും നടത്തുന്നുണ്ട്. ജനകീയ വിൽപനശാല തുടങ്ങുന്നതിനു മുന്‍പ് ഇതിലെ അംഗങ്ങള്‍ ഇത്തരത്തില്‍ ബൃഹത്തായ രീതിയില്‍ ഒരു സംരംഭവും നടത്തിയിരുന്നില്ല. ഈ ആശയത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ താന്‍ സംശയാലുവായിരുന്നുവെന്ന കാര്യം സരോജം സമ്മതിക്കുന്നു. ഒരു ഭക്ഷണശാലയുടെ മേൽനോട്ടം വഹിക്കുന്നതു പോകട്ടെ, അങ്ങനൊന്ന് നടത്തിപ്പോലും അവർക്ക് പരിചയമില്ല.

Left and centre: K. Sarojam and S. Lekshmi. We had never run anything of this scale,' says Sarojam. Right: The packets are almost over by 3 p.m.
PHOTO • Gokul G.K.
Left and centre: K. Sarojam and S. Lekshmi. We had never run anything of this scale,' says Sarojam. Right: The packets are almost over by 3 p.m.
PHOTO • Gokul G.K.
Left and centre: K. Sarojam and S. Lekshmi. We had never run anything of this scale,' says Sarojam. Right: The packets are almost over by 3 p.m.
PHOTO • Gokul G.K.

ഇടതും മദ്ധ്യത്തിലും : കെ. സരോജവും എസ്. ലക്ഷ്മിയും . ‘ ഇത്രയും ബൃഹത്തായ ഒരെണ്ണം ഞങ്ങൾ ഒരിക്കലും നടത്തിയിട്ടില്ല ’, സരോജം പറയുന്നു. വലത്: 3 മണിയോടെ പൊതികൾ മിക്കവാറും തീരും

യോഗങ്ങൾ സംഘടിപ്പിക്കുക, വായ്പകളുടെ കാര്യങ്ങൾ നോക്കുക, കുറയാതി അയൽക്കൂട്ട അംഗങ്ങളുടെ സംരഭങ്ങൾക്ക് (സോപ്പ്, അച്ചാറുകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെയൊക്കെ നിര്‍മ്മാണം) പിന്തുണ നൽകുക എന്നിവയൊക്കെയായിരുന്നു അയൽക്കൂട്ടത്തിന്‍റെ പ്രസിഡന്‍റെന്ന നിലയിൽ കഴിഞ്ഞ കാലങ്ങളിൽ സരോജത്തിന്‍റെ ജോലി. "ഇത്രയും ബൃഹത്തായ ഒരെണ്ണം ഞങ്ങൾ ഒരിക്കലും നടത്തിയിട്ടില്ല. ഇത് നന്നായി നടത്താൻ പറ്റുമെന്ന് എനിക്കുപ്പില്ലായിരുന്നു”, അവർ പറഞ്ഞു.

കുടുംബശ്രീ മിഷൻ തുടക്കത്തിൽ നൽകിയ ധനസഹായം ഉപയോഗിച്ചാണ് കുറിയാതി അയൽക്കൂട്ടം ജനകീയ വിൽപനശാല തുടങ്ങിയത്. കേരള സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പാണ് അരിയും പച്ചക്കറികളും മറ്റു സാധനങ്ങളുമൊക്കെ സബ്സിഡി നിരക്കിൽ നൽകുന്നത്. വാടക, ഫർണിച്ചർ എന്നിവയുമായി ബന്ധപ്പെട്ട ചിലവുകളൊക്കെ തിരുവനന്തപുരം കോർപ്പറേഷനാണ് നോക്കുന്നത്. വിൽക്കുന്ന ഓരോ ഊണിനും അയൽക്കൂട്ടാംഗങ്ങൾക്ക്  കുടുംബശ്രീ മിഷൻ 10 രൂപ വീതം സബ്സിഡി നൽകുന്നു. "എല്ലാ സബ്സിഡികളോടും കൂടെ (കുടുംബശ്രീയുടെ 10 രൂപ സബ്സിഡി ഒഴികെ) ഒരു ഭക്ഷണപ്പൊതിക്ക് ഏതാണ്ട് 20 രൂപയ്ക്ക് കുറച്ചുമുകളിൽ മാത്രമെ ചിലവ് വരൂ", സരോജം പറഞ്ഞു.

വിൽക്കുന്ന ഓരോ പൊതിക്കും അയൽക്കൂട്ടത്തിന് 10 രൂപവീതം ലഭിക്കുമെന്ന് ഷൈജു പറഞ്ഞു. വിൽപനശാല നടത്തുന്ന പത്തംഗങ്ങൾക്കിടയിൽ വരുമാനം തുല്യമായി വീതം വയ്ക്കുമെന്ന് സരോജം പറഞ്ഞു.

തങ്ങളുടെ വില്‍പനശാല വിജയിക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല. "ആളുകൾ ഞങ്ങളെക്കുറിച്ച് നല്ലകാര്യങ്ങൾ പറയുന്നത് ഞങ്ങളിൽ സന്തോഷമുണ്ടാക്കുന്നു. മടിച്ചാണെങ്കിലും ഇതുമായി മുന്നോട്ടു പോകാൻ ഞങ്ങള്‍ തീരുമാനിച്ചു. ചെയ്ത കാര്യത്തിൽ ഇപ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.”

ഉച്ചകഴിഞ്ഞ് 3 മണിയാകുന്നതോടെ എം.ജി. റോഡിലെ വില്‍പനശാലയുടെ മുന്നിലെ വരി ചെറുതാകാൻ തുടങ്ങും. മുഴുവന്‍ സ്ത്രീകളും ചേര്‍ന്ന് അടുക്കള വൃത്തിയാക്കാനും അടുത്ത ദിവസത്തേക്കുള്ള പച്ചക്കറി അരിയാനും തുടങ്ങും.

തൊട്ടടുത്ത് സൈക്കിളുമായി നിന്ന രാജു തന്‍റെ പൊതിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: "ഈ സ്ത്രീകൾ ആരേയും വിശന്നിരിക്കാൻ അനുവദിക്കില്ല.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Gokul G.K.

Gokul G.K. is a freelance journalist based in Thiruvananthapuram, Kerala.

Other stories by Gokul G.K.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.