25 വർഷങ്ങളായി ചോബി ശാഹ കടലാസ് പൊതികൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. "ആദ്യം, ഞാൻ ഒരു കത്തി ഉപയോഗിച്ച് ഒരു കടലാസിനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കും. അങ്ങനെ അത് ആറ് കഷണങ്ങളാകും. പിന്നെ അവയിൽ വൃത്താകൃതിയിൽ പശ പുരട്ടും. പിന്നീട് കടലാസിനെ ചതുരാകൃതിയിൽ മടക്കി മറുവശത്തും പശ പുരട്ടും. ഇങ്ങനെയാണ് ഞാൻ പാക്കറ്റുകൾ നിർമ്മിക്കുന്നത്", അവർ പറയുന്നു.
ആദിത്യപൂരിൽ വസിക്കുന്ന ഈ 75 വയസ്സുകാരി തന്റെ രണ്ടുനിലകളുള്ള മൺവീടിന്റെ വരാന്തയിലും മുറ്റത്തും ചിതറിക്കിടക്കുന്ന പഴയ പത്രങ്ങൾക്കിടയിൽ ഇരുന്നുകൊണ്ട് ഞങ്ങളോട് സംസാരിക്കുകയായിരുന്നു.
1998-ൽ ഇവർ ഈ തൊഴിൽ ആരംഭിക്കുമ്പോൾ ഇവരുടെ ഭർത്താവ് ആനന്ദഗോപാൽ ശാഹ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഗ്രാമവാസികളുടെ പശുക്കളെയും ആടുകളെയും പരിപാലിക്കുന്നതിലൂടെ ദിവസേന ഏതാണ്ട് 40-50 രൂപ സമ്പാദിക്കുമായിരുന്നു അദ്ദേഹം. "ഞങ്ങൾ ദരിദ്രരായിരുന്നു", ശൂന്റ്രി സമുദായത്തിൽപ്പെട്ട ചോബി ശാഹ പറയുന്നു. "ഞാൻ ഈ ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചത് കുറച്ച് സമ്പാദിക്കാനും സ്വന്തം വിശപ്പകറ്റാനും വേണ്ടിയാണ്".
അയൽക്കാർ ഉപേക്ഷിച്ച പത്രങ്ങൾ ശേഖരിച്ചുകൊണ്ടാണ് ഇവർ ഈ തൊഴിൽ ആരംഭിച്ചത്. പ്രാദേശിക പലചരക്ക് കടകളിൽനിന്നും തനിക്കു ലഭിച്ചിരുന്ന കടലാസ് പാക്കറ്റുകൾ നോക്കിയാണ് അവ എങ്ങനെ നിർമ്മിക്കാമെന്ന് ഇവർ സ്വയം പഠിച്ചത്. "ഞാൻ ഈ ജോലി തിരഞ്ഞെടുക്കുന്നതിന് കാരണം ഇതിനാവശ്യമായ എല്ലാ സാമഗ്രികളും എളുപ്പത്തിൽ ലഭിക്കുമെന്നതിനാലും, എനിക്ക് വീട്ടിൽ ഇരുന്ന് ഇത് ചെയ്യാൻ സാധിക്കുമെന്നതിനാലുമാണ്", അവർ വിശദീകരിക്കുന്നു. "ആദ്യകാലത്തു ഞാൻ സാവധാനത്തിലായിരുന്നു ഇത് ചെയ്തിരുന്നത്, ഒരു പാക്കറ്റ് നിർമ്മിക്കാൻ എനിക്ക് 25 മുതൽ 30 മിനിറ്റുവരെ വേണ്ടിവരുമായിരുന്നു", ചോബി കൂട്ടിച്ചേർക്കുന്നു.
"ഒരു ദിവസത്തിൽ എനിക്ക് വെറും ഒരു കിലോ (പാക്കറ്റുകൾ) മാത്രമേ നിർമ്മിക്കാൻ സാധിക്കുമായിരുന്നുള്ളൂ", അവർ തുടരുന്നു.
ഭോൽപൂരിലെ 8-9 പലചരക്ക് കടകളിലേക്കും പ്രാദേശിക പലഹാരങ്ങളായ ചോപ്പ് , ഘുഗ്നി മുതലായവ വിൽക്കുന്ന ചെറിയ ഭക്ഷണശാലകളിലേക്കുമാണ് അവർ പാക്കറ്റുകൾ എത്തിച്ചിരുന്നത്. ഇതിനായി ബിർഭും ജില്ലയിലുള്ള ഭോൽപൂർ-ശ്രീനികേതൻ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന തന്റെ ഗ്രാമത്തിൽനിന്നും രണ്ടാഴ്ച കൂടുമ്പോൾ അവർ ബസ് യാത്ര നടത്തിയിരുന്നു. കാലുകളിലെ വേദനമൂലം "ഇനി ഭോൽപൂരിലേക്ക് പോകാൻ എനിക്ക് കഴിയില്ല", എന്നവർ പറയുന്നു. പകരം, ഗ്രാമത്തിലെ ചുരുക്കം ചില കടകളിലേക്ക് മാത്രം പാക്കറ്റുകൾ എത്തിക്കുകയാണ്.
ആദ്യകാലങ്ങളിൽ - അതായത് രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് - അവർക്ക് പത്രങ്ങൾ സൌജന്യമായി ലഭിക്കുമായിരുന്നു. പക്ഷെ, അന്ന് പത്രങ്ങൾക്ക് അധികം വിലയില്ലാതിരുന്നതിനാൽ അവ കൊണ്ട് നിർമ്മിക്കുന്ന പാക്കറ്റുകൾക്കും കാര്യമായി പണം ലഭിക്കുമായിരുന്നില്ല. "ഞാൻ (ഇപ്പോൾ) ഒരു കിലോയ്ക്ക് 35 രൂപ എന്ന നിരക്കിൽ പത്രങ്ങൾ വാങ്ങുകയാണ്", ചോബി പറയുന്നു.
2004-ൽ തന്റെ 56-ആം വയസ്സിൽ അവർക്ക് അവരുടെ ഭർത്താവിനെ നഷ്ടപ്പെട്ടു. വിവാഹിതരായ അവരുടെ മൂന്ന് ആൺമക്കളും തങ്ങളുടേതായ ചെറുകിട വ്യാപാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. വീടിന്റെ ഒരു ഭാഗത്ത് ചോബിയും മറുഭാഗത്ത് ഇളയ മകൻ സുകുമാറും കുടുംബവും താമസിക്കുന്നു. അവരുടെ രണ്ട് മൂത്ത ആൺമക്കൾ ആറ് കിലോമീറ്റർ അകലെയുള്ള ഭോൽപൂർ പട്ടണത്തിലാണ് താമസിക്കുന്നത്.
അയൽക്കാർ ഉപേക്ഷിച്ച പത്രങ്ങൾ ശേഖരിച്ചുകൊണ്ടാണ് ചോബി ശാഹ അവരുടെ തൊഴിൽ ആരംഭിച്ചത്. പ്രാദേശിക പലചരക്ക് കടകളിൽനിന്നും തനിക്ക് ലഭിച്ചിരുന്ന കടലാസ് പൊതികൾ നോക്കിയാണ് അവ എങ്ങനെ നിർമ്മിക്കാമെന്ന് ഇവർ സ്വയം പഠിച്ചെടുത്തത്
അവരുടെ ഒരു ദിവസം അതിരാവിലെ 6 മണിക്ക് ആരംഭിക്കുന്നു. "രാവിലെ ഉണർന്നാൽ, എന്റെ സ്വന്തം ജോലികൾ ചെയ്തതിനുശേഷം ഏകദേശം ഒമ്പതുമണിക്ക് കടലാസ്സുകൾ മുറിക്കാൻ തുടങ്ങും", അവർ പറയുന്നു. പാചകം ചെയ്തു ഉച്ചഭക്ഷണം കഴിച്ചതിനുശേഷം കുറച്ചുനേരം അവർ വിശ്രമിക്കുന്നു.
വൈകുന്നേരം അവൾ ഗ്രാമത്തിലെ മറ്റ് സ്ത്രീകളുമായി സംസാരിക്കാൻ പുറത്തു പോകും. തിരിച്ചുവന്നതിനുശേഷം, അവൾ വീണ്ടും കടലാസ്സുകളിൽ പശ പുരട്ടി പാക്കറ്റുകൾ നിർമ്മിക്കാൻ തുടങ്ങും. പാക്കറ്റുകൾ നിർമ്മിക്കാൻ അവർക്ക് ദിവസത്തിൽ ഒരു നിശ്ചിത സമയമൊന്നുമില്ല. "എനിക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാൻ അത് ചെയ്യുന്നു", അവർ പറയുന്നു. പലപ്പോഴും, വീട്ടുജോലികൾക്കിടയിലാണ് ജോലിയിലെ ചില ഭാഗങ്ങൾ അവർ ചെയ്യുന്നത്.
ഉദാഹരണത്തിന്, പാചകം ചെയ്യുന്നതിനിടെ ചിലപ്പോൾ അവർ പശ പുരട്ടിയ കടലാസ്സുകൾ വരാന്തയിലും മുറ്റത്തും ഉണങ്ങാനിടും. "പശ പുരട്ടിക്കഴിഞ്ഞാൽ, ഉണങ്ങാനായി അവ വെയിലിൽ വിരിക്കുന്നു. ഉണങ്ങിക്കഴിഞ്ഞാൽ, അവയെ പകുതിയായി മടക്കുകയും, തൂക്കിയതിനുശേഷം കെട്ടുകയും പിന്നീട് കടകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു ".
റേഷൻകടകളിൽനിന്ന് ലഭിക്കുന്ന മാവ് ചൂടാക്കി ചോബി തനിക്കാവശ്യമായ പശ സ്വയം നിർമ്മിക്കുന്നു.
"ആഴ്ചയിൽ രണ്ടുതവണ, മൊത്തം ഒരു കിലോഗ്രാം ഭാരമുള്ള പാക്കറ്റുകൾ കടകളിൽ എത്തിക്കണം", അവർ പറയുന്നു. കടകളെല്ലാംതന്നെ അവരുടെ വീട്ടിൽനിന്നും 600 മീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്നതിനാൽ കാൽനടയായിട്ടാണ് യാത്ര. "ഒരു കിലോ ഭാരം വരുന്ന 220 പൊതികൾ ഞാൻ ഉണ്ടാക്കും", കിലോയ്ക്ക് 60 രൂപയെന്ന നിരക്കിൽ പ്രതിമാസം ഏകദേശം 900-1,000 രൂപ അവർക്ക് ഇതിൽനിന്ന് ലഭിക്കുന്നു.
എന്നാൽ ചോബിയുടെ പാക്കറ്റുനിർമ്മാണദിനങ്ങൾ ഇനി എണ്ണപ്പെട്ടവയാകാം: "ആളുകൾ ഇപ്പോൾ പത്രങ്ങൾ വായിക്കാറില്ല. അവർ അവരുടെ ടിവികളിലും മൊബൈലുകളിലും വാർത്തകൾ കാണുന്നു. അതിനാൽ, (പാക്കറ്റുകൾ നിർമ്മിക്കാൻ) പത്രങ്ങൾ അധികം ലഭ്യമല്ല”.
വീഡിയോ നിർമ്മാണത്തിൽ സഹായിച്ചതിന് ടിഷ്യ ഘോഷിന് നന്ദി പറയാൻ രചയിതാവ് ആഗ്രഹിക്കുന്നു
പരിഭാഷ: വിശാലാക്ഷി ശശികല (വൃന്ദ)